ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
ചന്തംപൂണ്ടുല്ലസിക്കും മഹിത ഗുണ! ഭവാൻ സിന്ധുവിന്നൊപ്പമത്രേ!
കിന്തു ശ്രീമൻ, ഭവാനിൽ ക്ഷിതിവര! നിലയില്ലായ്കയെന്നുള്ളതില്ല. - ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാൻ

ഉദാസീനത്തിനു വേറെ ഉദാഹരണം :

37. മുഷ്ടിവിടാ മുട്ടുകിലും
ഒട്ടേറെ മുഷിഞ്ഞു കോശമതിൽ വാസം
കൃപണകൃപാണങ്ങൾക്ക-
ങ്ങേർപ്പെടുമാകാരമൊന്നുതാൻ ഭേദം. -സ്വ

പദാർത്ഥഗതമായ സാമ്യത്തെ ഉപജീവിച്ചുവരുന്ന അലങ്കാരങ്ങളായിരുന്നു ഇതേ വരെ പ്രസ്താവിച്ചവ; ഇനി വാക്യാർത്ഥഗതമായ ഔപ‌മ്യത്തെ ആസ്പദമാക്കി പ്രവർത്തിക്കുന്നവയെ എടുക്കുന്നു. ഉപമാവാചകപദങ്ങളെ പ്രയോഗിച്ചിട്ടു് സാധാരണധർമ്മത്തെ ഒരിടത്തു മാത്രം നിർദ്ദേശിച്ചാൽ ‘ഉപമ‘. ഉപമാവാചകം പ്രയോഗിക്കാതെ സാധാരണധർമ്മത്തെ ഒരെടത്തു മാത്രം പറയുന്നതു 'ദീപകം’. ഒരേ സാധാരണധർമ്മത്തെ വാചകപദം കൂടാതെ ഉപമേയവാക്യത്തിലും ഉപമാനവാക്യത്തിലും പര്യായങ്ങളെക്കൊണ്ടു് നിർദ്ദേശിച്ചാൽ ‘പ്രതിവസ്തൂപമ’. വാചകപദം കൂടാതെ ഉപമാനോപമേയവാക്യങ്ങളിൽ സാധാരണധർമ്മത്തെ ബിംബപ്രതിബിംബഭാവം കൊണ്ടു് രണ്ടാക്കി നിർദ്ദേശിച്ചാൽ ‘ദൃഷ്ടാന്തം’ എന്നു് അലങ്കാരങ്ങൾക്കു തങ്ങളിൽ ഭേദം. അവയിൽ പ്രതിവസ്തൂപമയ്ക്കു ലക്ഷണം:


12. പ്രതിവസ്തൂപമ
വർണ്ണ്യാവർണ്ണ്യവാക്യങ്ങൾ-
ക്കൊന്നാം ധർമ്മത്തെവേറേയായു്
നിർദ്ദേശിച്ചാലലങ്കാരം
പ്രതിവസ്തൂപമാഭിധം: 33
ശ്രീവഞ്ചിഭൂപനുള്ളപ്പോൾ
ശ്രീമാനപരനെന്തിനു്?
കാര്യമെന്തിഹ ദീപത്താൽ
കതിരോൻ കാന്തി ചിന്തവേ? 34

ഒരേ സാധാരണധർമ്മത്തെ ഉപമാനവാക്യത്തിലും ഉപമേയ വാക്യത്തിലും ആവർത്തിച്ചാൽ ‘പ്രതിവസ്തൂപമ’ പ്രതിവസ്തു ഓരോ വാക്യാർത്ഥത്തിലും ഉപമ എന്നു സംജ്ഞയ്ക്കു് അർത്ഥയോജന. ഉദാഹരണത്തിൽ പൂർവാർദ്ധം ഉപമേയവാക്യം, ഉത്തരാർദ്ധം ഉപമാനവാക്യം. അവ രണ്ടിലുമുള്ള നിഷ്ഫലത്വമെന്ന സാധാരണ ധർമ്മം ‘എന്തിനു്, ‘കാര്യമെന്തു്’ എന്ന പര്യായങ്ങളാൽ ആവർത്തിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം :


പദ്യം 36. വഞ്ചിരാജസ്തുതി. മുരമഥനൻ = വിഷ്ണു. തിരുവിതാംകൂർ രാജാക്കന്മാർ വിഷ്ണുഭക്തന്മാരാണല്ലോ. നാട്ടാർ രസം = നാട്ടാരുടെ (പ്രജകളുടെ) രസം. (സന്തോഷം); നാട്ടിലെ ആറുകളിലുള്ള വെള്ളം എന്നും. വേല = ജോലി; തീരം എന്നും. നിലയില്ലായ്ക = അന്തസ്സുവിട്ടുള്ള പെരുമാറ്റം എന്നു് രാജപക്ഷത്തിൽ; ആഴക്കൂടുതൽ എന്നു് സമുദ്രപക്ഷത്തിൽ.

പദ്യം 37. ലൂബ്ധു കാണിക്കുന്നവനെ ആക്ഷേപിക്കുന്നു. മുഷ്ടി വിടാ = കൈക്കുള്ളിൽ മുറുകെപ്പിടിച്ചിരിക്കുന്ന സാമ്പാദ്യത്തെ ചെലവഴിക്കുന്നില്ല; പിടിവിട്ടു പോകുന്നില്ല എന്നും. മുട്ടുകിലും = എത്രമാത്രം മുട്ടുണ്ടായാലും; എങ്ങനെയെല്ലാം മുട്ടിയാലും എന്നും. കോശം = ഭണ്ഡാരം; ഉറ എന്നും. ഒട്ടേറെ മുഷിഞ്ഞു് = ആരോടും അപ്രസന്നനായി; മലിനമായി എന്നും.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_26&oldid=82134" എന്ന താളിൽനിന്ന് ശേഖരിച്ചത്