ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


നാനാലോകപ്രദീപപ്രഭതടവിടുമിപ്പത്മിനീപ്രാണനാഥൻ
താനും മാനം വെടിഞ്ഞച്ചരമശിഖരിയിൽ ചെന്നിതാ ചേർന്നിടുന്നൂ -കവി സഭാരഞ്ജനം

ഇവിടെ മാനം കൈവിടുക എന്നതിനെ ബഹുമാനം ഇല്ലാതാവുക എന്നും ആകാശത്തിൽ നിന്നും മറയുക എന്നും ശ്ലേഷം കൊണ്ടു് രണ്ടർത്ഥം; അതുപോലെ വാരുണീ സേവ എന്നതിനു് മദ്യം സേവിക്കുക, പശ്ചിമദിക്കിനെ സേവിക്കുക എന്നു് ശ്ലേഷത്താൽ രണ്ടർത്ഥം. സൂര്യനു് വാരുണീ സേവ (പശ്ചിമദിക് സേവ) എന്നുള്ള സംഗതി വാരുണീസേവ ( മദ്യസേവ) ആർക്കും മാനഹാനിയെ വരുത്തുമെന്നുള്ള ഉപദേശത്തിനു് ഉദാഹരണമായി തീരുന്നു. വേറെ ഉദാഹരണം :

46. ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതോ
മാണിക്യപ്രഭനേതി സൂര്യനരുണം മുൻപിട്ടുയർന്നേകതഃ
കാണിച്ചീവ്യസനോദയങ്ങളൊരുമിച്ചിദ്ദിവ്യതേജോദ്വയേ
പ്രാണിക്കാത്മദശാന്തരേഷു നിയമം ധാതാവു ചെയ്യുന്നിതേ - ഭാഷാശാകുന്തളം

ഇവിടെ വിധി ഒരേ കാലത്തിൽ ചന്ദ്രനു് അസ്തമയത്തെയും സൂര്യനു് ഉദയത്തെയും കൽ‌പ്പിക്കുന്നതുകൊണ്ടു് ലോകത്തിൽ ഒരുവനു വിപത്തു വരുമ്പോൾ മറ്റൊരുവനു സമ്പത്തും ഉണ്ടാവും എന്നു് ജനങ്ങൾക്കു കാണിച്ചുകൊടുക്കുന്നതിനായി കവി സമർത്ഥിക്കുന്നു. സൂക്ഷ്മമാലോചിക്കുമ്പോൾ ഈ മൂന്നാമതു പറഞ്ഞ നിദർശന ഗമ്യോൽപ്രേക്ഷതന്നെ എന്നു വന്നുകൂടും രണ്ടാമതു പറഞ്ഞതിനെ ജയദേവമതപ്രകാരം ‘ലളിതോപമ’ എന്നോ ഉപമാപ്രകരണത്തിന്റെ ഒടുവിൽ പറഞ്ഞ ‘ലക്ഷിതോപമ’കളുടെ ഒരു വകഭേദമെന്നോ ഗണിക്കാവുന്നതാകയാൽ നിദർശനയ്ക്കു് ആദ്യം പറഞ്ഞ ഒരു പ്രകാരമേ ഉള്ളൂ എന്നു സംക്ഷേപം.


15. ദീപകം
അനേകമേകധർമ്മത്തി-
ലന്വയിപ്പതു ദീപകം:
മദംകൊണ്ടാനശോഭിക്കു-
മൌദാര്യം കൊണ്ടു ഭൂപതി. 39

അനേകം വസ്തുക്കൾക്കു് ഒരേ ധർമ്മത്തിൽ അന്വയംകൽ‌പ്പിക്കുന്നതു് ‘ദീപകം’. എമ്പ്രാന്റെ വിളക്കത്തു വാര്യന്റെ അത്താഴം എന്ന രീതിയിൽ പ്രകൃതത്തിന്റെ ഉപയോഗത്തിനായി പറയുന്ന ധർമ്മം അപ്രകൃതത്തിനുകൂടി ഉപയോഗപ്പെടുന്നു എന്നു അർത്ഥയോജന കൽ‌പ്പിച്ചു് ‘ദീപം പോലത്തേതു് ദീപകം’ എന്നു സംജ്ഞ ചെയ്യപ്പെട്ടിരിക്കുന്നു. രാജവർണ്ണന രൂപമായ ലക്ഷ്യത്തിൽ ഔദാര്യം കൊണ്ടു് ഭൂപതി ശോഭിക്കും എന്ന പ്രകൃതവാക്യത്തിലെ ശോഭിക്കും എന്ന ക്രിയാപദം മദം കൊണ്ടാന ( ശോഭിക്കും) എന്നു് അപ്രകൃതവാക്യത്തിനു കൂടി ഉപകരിക്കുന്നു. പ്രകൃതാപ്രകൃതങ്ങൾക്കു രണ്ടിനും ധർമ്മം ഈ വിധം സാധാരണമായി തീർന്നതുകൊണ്ടു് അവയ്ക്കു തമ്മിൽ സാമ്യം ഗമ്യമായിത്തീരുന്നു. വേറെ ഉദാഹരണം :

47. ചാണക്കല്ലിലുരച്ച രത്ന,മമരിൽ പുണ്ണേറ്റ വീരൻ, മദ-
ക്ഷീണൻ കുംഭികുലോത്തമൻ, കര തെളിഞ്ഞീടും ശരന്നിംനഗാ,
മീനാങ്കാർദ്ദിതയായ മങ്ക, കലയായ് ശേഷിച്ച ദോഷാകരൻ,
ദാനത്താൽ ധനപുഷ്ടി കെട്ട നൃപനും കാർശ്യാൽ പ്രകാശിക്കുമേ - സ്വ

പദ്യം 46. മാണിക്യപ്രഭൻ സൂര്യൻ അരുണം മുന്നിട്ടുയർന്നു് ഏകതഃ എതി എന്നു രണ്ടാംപാദത്തിൽ അന്വയം. മാണിക്യപ്രഭയുള്ള സൂര്യൻ അരുണനെ മുമ്പിൽ നിർത്തി ഒരുവശേ (ഉയർന്നു) വരുന്നു എന്നു് അർത്ഥയോജന.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_30&oldid=82148" എന്ന താളിൽനിന്ന് ശേഖരിച്ചത്