ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


ഇവിടെ ദാനത്താൽ ധനപുഷ്ടികെട്ട നൃപൻ പ്രകൃതം. ചാണക്കല്ലിലുരച്ച രത്നം മുതലായവ അപ്രകൃതങ്ങൾ. ഇവയ്ക്കെല്ലാം കാർശ്യം കൊണ്ടു് പ്രകാശിക്കുക എന്ന ഒരേ ധർമ്മത്തിൽ അന്വയം കൊണ്ടു് അന്യോന്യസാദൃശ്യത്തിനു പ്രതീതി വരുന്നു. വേറെ ഉദാഹരണം :

48. താപസന്മാരുടെയും വാഹിനിമാരുടെയും
ശോഭ തേടീടും മഹാത്മാക്കൾ വംശത്തിന്റെയും
ഉത്ഭവസ്ഥാനമന്വേഷിക്കേണ്ട... -ഭാരതം

അനേകത്തിനു് ഏകധർമ്മാന്വയം വരുന്നിടത്തു് അനേകമെന്നു പറയുന്നതു് (1) പ്രകൃതങ്ങൾ മാത്രം ചേർന്നിട്ടുള്ളതു് (2) അപ്രകൃതം മാത്രം ചേർന്നിട്ടുള്ളതു് (3) രണ്ടും കൂടി കലർന്നുള്ളതു് എന്നു് മൂന്നു വിധത്തിൽ സംഭവിക്കാം. ആ മൂന്നു വിധവും ലക്ഷണവാക്യത്തിൽ വിവക്ഷിതം തന്നെ. എന്നാൽ ചില ആലങ്കാരികന്മാർ ഉദാഹരിച്ച പ്രകാരം പ്രകൃതാപ്രകൃതങ്ങളുടെ അനേകങ്ങൾക്കുള്ള ഏകധർമ്മാന്വയത്തിനു മാത്രമേ ‘ദീപകം’ എന്ന പേർ കൊടുക്കുന്നുള്ളൂ. പ്രകൃതങ്ങൾക്കു മാത്രമോ അപ്രകൃതങ്ങൾക്കു മാത്രമോ വരുന്നതിനു് ‘തുല്യയോഗിത’ എന്നൊരു പുതിയ പേർ കൽ‌പ്പിക്കുന്നു.* ലക്ഷണത്തിലെ പ്രധാനാംശങ്ങൾക്കു് ഭേദമില്ലാത്തതിനാൽ ആ വിഭാഗം ഇവിടെ സ്വീകരിച്ചിട്ടില്ല. പ്രകൃതങ്ങൾക്കു് മാത്രം വരുന്നതിനു് ഉദാഹരണം :

49. കുമുദകുലമുലൂകവും മയങ്ങീ
കമലവനം കവിചിത്തവും തെളിഞ്ഞൂ
പ്രമദകൾമുഖമിന്ദുവും വിളർത്തൂ
തിമിരഭരാവൃതി മഞ്ഞുമങ്ങു മാഞ്ഞൂ. -സ്വ

ഇതിൽ നാലു പാദത്തിലും ഓരോ ഉദാഹരണം കാൺക. പ്രഭാതവർണ്ണനം പ്രകൃതമാകയാൽ കുമുദകുലാദികളെല്ലാം പ്രകൃതങ്ങൾ തന്നെ. അപ്രകൃതങ്ങൾ മാത്രമായുള്ളതിന് :

50. തുമ്പിക്കരത്തിനിഹ തോലിനു കട്ടികൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലും
ആകാരമൊത്തളവിലും ലഭിയാതെപോയീ
അന്വംഗി തന്റെ തുടകൾക്കുപമാനഭാവം ! - കുമാരസംഭവം

ഇവിടെ നായികാവർണ്ണനത്തിൽ അപ്രകൃതങ്ങളായ തുമ്പിക്കരത്തിനും രംഭാദ്രുമത്തിനും ‘ഉപമാനഭാവാലാഭം’ എന്ന ഏകധർമ്മത്തിൽ അന്വയം.

മറിച്ചനേകം ക്രിയകൾ
ക്കേകകാരകയോഗവും
വന്നാൽ ദീപകമായീടു-
മെന്നു ചൊല്ലുന്നിതേ ചിലർ 40
കീർത്തികേൾക്കാം പണം നേടാ-
മാർത്തി തീർക്കാം രമിച്ചിടാം;
വിദ്വാന്മാരാം നരന്മാർക്കു
വിദ്യയാലെന്തു ദുർല്ലഭം? 41

*ധർമ്മൈക്യം വർണ്ണവസ്തുക്കൾ,-
ക്കവർണ്യങ്ങൾക്കു മാത്രമോ
ചൊന്നാലുണ്ടാമലങ്കാരം
തുല്യയോഗിതയായിടും (കുവാലയാനന്ദം)

പദ്യം 49. കാമകേളീസന്ദർഭം കഴിഞ്ഞുപോയത്തിലുള്ള നിരാശ പ്രമദകളുടെ വിളർച്ചയ്ക്കു കാരണം. 'പ്രമദ' സാഭിപ്രായപദം. തിമിരഭരാവൃതി = കുറ്റിരുട്ടിന്റെ ആവരണം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_31&oldid=81950" എന്ന താളിൽനിന്ന് ശേഖരിച്ചത്