ഭാഷാഭൂഷണം/പേജ് 38
←പേജ് 37 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 39→ |
- അയോഗം ചൊല്ക യോഗത്തി-
- ലസംബന്ധാതിശയോക്തിയാം; *
- ത്വല്പാദസേവയുള്ളപ്പോൾ
- കല്പപാദപമല്പമാം. 49
ഉദാഹരണം :
- 65. മൽക്കളേബരമതിൽക്കുളിച്ചധികമൊക്കുമീയഴകതൊക്കെയും
- മുഷ്കുവിട്ടുടനടുക്കൽവന്നു നിജദൃക്കിലാക്കിടുകിലർക്കനും
- ഉൽക്കടൻ മദനനോർക്കിലശ്വി ശശി ശക്രനെന്നിവരതൊക്കെയും
- തക്കമോടഹഹ! വെക്കമോടി മലപുക്കിടാതെ തല പൊക്കിടാ. - വെണ്മണിമഹൻ
- അഭേദം കാര്യഹേതുക്കൾ-
- ക്കെങ്കിലോ ഹേതുവാമത് :
- മുക്കണ്ണൻതൻ പുണ്യമാകും
- മൈക്കണ്ണി തുണ ചെയ്യണം 50
കാര്യകാരണങ്ങൾക്കു് അഭേദം ചെയ്യുന്നതു് ‘ഹേത്വതിശയോക്തി”: ഉപമാനോപമേയങ്ങൾക്കായാൽ രൂപകം; ഉപമേയത്തിനു പകരം ഉപമാനത്തെ നിർദ്ദേശിക്ക രൂപാകാതിശയോക്തി; എന്നു് മൂന്നലങ്കാരങ്ങൾക്കും തങ്ങളിൽ ഭേദം. പ്രകൃതോദാഹരണത്തിൽ മുക്കണ്ണനു് പുണ്യത്താൽ ലഭിച്ച ദേവി പുണ്യരൂപമായിത്തന്നെ കൽപ്പിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം :
- 66. പുരികുഴൽ നികരത്തിൽ പൂനിലാവിന്റെ വിത്തും
- പുരികലതയിലോമൽകാമസാമ്രാജ്യസത്തും
- പരിചിനൊടു ധരിക്കും പർവതാധീശനുള്ള-
- പ്പരമസുകൃതവല്ലിക്കെപ്പോഴും കൂപ്പിടുന്നേൻ. - ച. രവിവർമ്മകോയിത്തമ്പുരാൻ
വേറെയും ഉദാഹരണം :
- 67. അമ്പത്തൊന്നക്ഷരാളീകലിതതനുലതേ ! വേദമാകുന്ന ശാഖി-
- ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
- ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
- സമ്പത്തേ! കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരീ വിശ്വനാഥേ! - മഹിഷമംഗലം.
*അയോഗാതിശയോക്തി -അസംബന്ധാതിശയോക്തി.
†'ഹേതു' എന്നും ഈ അലങ്കാരത്തിനു് പേരുണ്ടു്.
പദ്യം 65. കാമതിലകം ഭാണത്തിലെ വിടനായകന്റെ വാക്യം; സ്വശരീരസൗന്ദര്യപ്രശംസ. അശ്വി - അശ്വിനികളിൽ ഒരുവൻ. (അശ്വിനികൾ അതിസുന്ദരന്മാരെന്നു പുരാണസങ്കല്പം). അർക്കാദികൾക്കു് മലകയറാതെയും തലപൊക്കാമെന്നിരിക്കേ തല പൊക്കുകയില്ലെന്നു് അസംബന്ധാതിശയോക്തി.
പദ്യം 66. പർവ്വതാധീശനു സുകൃതത്താൽ ലഭിച്ച ദേവി. - പാർവ്വതി. സുകൃതം ഹേതു, ദേവി കാര്യം. അവയ്ക്കു് അഭേദം.
പദ്യം 67. നൈഷധംചമ്പുവിലെ മംഗളാചാരണം. വലയാധീശ്വരി - തിരുവളങ്ങാട്ടു ഭഗവതി. (ഊരാകത്തമ്മ). ചെമ്പൊൽത്താർബാണൻ - കാമദേവൻ. ചെമ്പൊൽ .....ശമനൻ - ശിവൻ. ചെമ്പൊൽ ..... ലക്ഷ്മീ സമ്പത്താൽ ലഭിച്ച ദേവി. (പാർവ്വതി). സൗഭാഗ്യലക്ഷ്മീസമ്പത്തു് ഹേതു, പാർവ്വതി കാര്യം. അവയ്ക്കു അഭേദം