ഭാഷാഭൂഷണം/പേജ് 39
←പേജ് 38 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 40→ |
ധർമ്മധർമ്മികൾക്കു് അഭേദാധ്യവസായം ചെയ്യുന്നതിനു് ധർമ്മാതിശയോക്തിയെന്നു പേരിടാം. ഉപമാനോപമേയത്വമൊഴിച്ചുള്ള മറ്റു സംബന്ധങ്ങൾക്കു് സാദ്ധ്യവസായ ലക്ഷണകൊണ്ടു്* ചെയ്യുന്ന അഭേദാരോപമെല്ലാം അതിശയോക്തി തന്നെ. ഭേദത്തിങ്കലഭേദത്തിനു് വേറെയും വൈചിത്ര്യങ്ങളുണ്ടു്.
- ഉല്ലേഖമൊന്നിനെ തന്നെ
- പലതായ് നിനയ്ക്കുകിൽ
- കാമനെന്നിവനെ സ്ത്രീകൾ
- കാലനെന്നോർത്തു വൈരികൾ 51
പല ഗുണങ്ങളുള്ള ഒരു വസ്തുവിനെ അവയിലോരോന്നിനെ പ്രമാണിച്ചു് ഓരോന്നാക്കി കല്പിക്കുന്നതു 'ഉല്ലേഖം'. ലക്ഷ്യത്തിൽ സൗന്ദര്യപരാക്രമയുക്തനായ നായകനെ സ്ത്രീകൾ സൗന്ദര്യം പ്രമാണിച്ചു കാമനായിട്ടും ശത്രുക്കൾ പരാക്രമം പ്രമാണിച്ചു കാലനായിട്ടും ഗണിച്ചതായി പറയപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം:
- 68. മല്ലന്മാർക്കിടിവാൾ, ജനത്തിനരചൻ, മീനാങ്കണേണാക്ഷിമാർ-
- ക്കില്ലത്തിൽ സഖി, വല്ലവർ,ക്കരി ഖലർ,ക്കന്നന്ദനോ നന്ദനൻ;
- കാലൻ കംസനു, ദേഹികൾക്കിഹ വിരാൾ, ജ്ഞാനിക്കു തത്ത്വംപരം
- മൂല വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ. -സ്വ
- കാര്യഹേതുക്കളൊന്നിച്ചാ-
- ലക്രമാതിശയോക്തിയാം
- വർഷം തുടർന്നു പാന്ഥസ്ത്രീ
- മിഴിയും മുകിലും സമം. 52
ഇവിടെ മുകിൽ വർഷിക്കുന്നതാണു് ↑പാന്ഥസ്ത്രീകൾക്കു് കരയുവാനുള്ള കാരണം. ഇതു രണ്ടും ഒന്നിച്ചു് നടന്നതായി വർണ്ണിച്ചിരിക്കുന്നു. വേറെ ഉദാഹരണം:
*160 -ാം കാരിക (വ്യാഖ്യാനം) 3-ാമതു് എന്നു തുടങ്ങുന്ന ഖണ്ഡിക നോക്കുക.
പദ്യം 68. കംസസദസ്സിലേക്കു കയറിച്ചെന്ന കൃഷ്ണൻ വർണ്ണ്യം. ഇതിൽ ഇടിവാൾ, മീനാങ്കൻ, കാലൻ മൂലം എന്നിവ രൂപകസ്പൃഷ്ടം. ശേഷം ശുദ്ധം. കാരികയിലെ ഉദാഹരണത്തിലും കാലൻ, കാമൻ ഇവ രൂപകസ്പൃഷ്ടം. കേവലശുദ്ധമായും ഉല്ലേഖം വരാം.
- പ്രിയനെന്നിവനെഗ്ഗോപികൾ
- ശിശുവെന്നായ് വൃദ്ധ,രീഷനെന്നമരർ;
- വനാരായണനെന്നോർത്താർ
- ഭക്തർ, പരബ്രഹ്മമെന്നു യോഗികളും. - സാ. ദർപ്പണം
ഈ ഉദാഹരണങ്ങളെല്ലാം ഗ്രഹീതൃഭേദത്താൽ സംഭവിക്കുന്ന ഉല്ലേഖങ്ങൾ. വിഷയഭേദത്താലും ഈ അലങ്കാരം വരാം. ഉദാഹരണം:
- കണ്ടാൽ ശരിക്കും കടലിന്മകൾ, നാവിളക്കി-
- ക്കൊണ്ടാൽ സരസ്വതി, കൃപാണിയെടുത്തു വന്നാൽ
- വണ്ടാറണിക്കുഴലി ദുർഗ്ഗ,യിവണ്ണമാരും
- കൊണ്ടാടുമാറു പലമട്ടു രസിച്ചിരുന്നു.
↑ദൂരദേശഗമനം ചെയ്യുന്ന (പാന്ഥൻ) നായകന്റെ വിരഹിണിയായ ഭാര്യ.