ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം

വേറെ ഉദാഹരണം:

72. ഏഷണിക്കാരനാം പാമ്പിൻ
വിഷം വിഷമെത്രയും
കടിക്കുമൊരുവൻ കാതിൽ
മുടിയും മറ്റൊരാളുടൻ -സ്വ


10. വിഭാവന
കാര്യം കാരണമെന്ന്യേതാൻ
വരുന്നതു വിഭാവന:
മന്ദനു കാശുകിട്ടീടിൽ
മദ്യപിക്കാതെ മത്തനാം 55

പ്രസിദ്ധകാരണം കൂടാതെ തന്നെ കാര്യമുണ്ടാകുന്നതു് വിഭാവന. വേറെ ഉദാഹരണം:

73. പ്രിയാശ്ലേഷം വിട്ടെൻ തനുവിതു ചടയ്ക്കട്ടെ മിഴിയി-
ന്നിയന്നോട്ടേ കണ്ണീരവളെയിഹ കാണാഞ്ഞതുവശാൽ
വിയോഗം കൂടാതാമൃഗമിഴിയുമായ്ക്കാലമനിശം
നയിക്കും നീയെന്തിനുടനിഹ തപിക്കുന്നു മനമേ! -മാളവികാഗ്നിമിത്രം

വിഭാവനയ്ക്കു് ആറുമാതിരി ഭേദങ്ങൾ കുവാലയാനന്ദത്തിൽ കാണുന്നുണ്ടെങ്കിലും അവ സാമാന്യലക്ഷണാക്രാന്തങ്ങളാകയാൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.*


11. വിശേഷോക്തി
വിശേഷോക്തി ജനിയ്ക്കാകിൽ
കാര്യം ഹേതുവിരിക്കവേ :
കുറഞ്ഞില്ല ഹൃദി സ്നേഹം
സ്മരദീപം ജ്വലിക്കിലും 56

വിഭാവനയ്ക്കു് വിപരീതം 'വിശേഷോക്തി'. ലക്ഷ്യത്തിൽ, ദീപം ജ്വലിക്കുമ്പോൾ സ്നേഹത്തിനു് (എണ്ണയ്ക്കു്) ക്ഷയം വരേണ്ടതാണു്. അതില്ലെന്നു വർണ്ണിച്ചിരിക്കയാൽ, വിശേഷോക്തി. എണ്ണ എന്നും പ്രേമം എന്നും സ്നേഹപദത്തിൽ ശ്ലേഷം. വേറെ ഉദാഹരണം:


*കാരണാഭാവത്തിന്നു കാര്യസിദ്ധി പറഞ്ഞുകഴിഞ്ഞു. ഇനി അകാരണം. വിരുദ്ധ കാരണം, പ്രതിബദ്ധകാരണം, അസമഗ്രകാരണം ഇവയിൽ നിന്നു കാര്യങ്ങൾ ജനിക്കുന്നതും വിഭാവനകൾ തന്നെ. കാര്യത്തിൽനിന്നു കാരണം ജനിക്കുന്ന വിചിത്രമായൊരു വിഭാവനയാണു് ആറാമത്തേതു്. അതിനുദാഹരണം:

കുന്നിന്മേൽ വള്ളിയുണ്ടാകാം;
കുന്നുണ്ടാകില്ല വള്ളിമേൽ;
എന്നാലോ രണ്ടു കുന്നല്ലോ
പൊങ്ങീ സൗവർണ്ണ വള്ളിമേൽ.

സുന്ദരികളുടെ ശരീരത്തിനു വള്ളി ഉപമാനമാണു്. സ്തനങ്ങൾക്കു കുന്നും. ഇവിടെ രൂപകാതിശയോക്തിയും ഉണ്ടു്.

പദ്യം 73. അഗ്നിമിത്രന്റെ സ്വഗതം. പ്രിയാശ്ലേഷം വിട്ടു് - പ്രിയയെ (മാളവികയെ) ആശ്ലേഷിക്കാൻ കിട്ടായ്കകൊണ്ടു്. മൃഗമിഴി - സുന്ദരി. അനിശം - എല്ലായ്പ്പോഴും. തനു ചടയ്ക്കാനും മിഴി കണ്ണീരിയലാനും കാരണമുണ്ടു്. എന്നാൽ നായികയുമായി ഒരിക്കലും വിയോഗമില്ലാത്ത മനസ്സെന്തിനു തപിച്ചു എന്നു വിഭാവന.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_41&oldid=82154" എന്ന താളിൽനിന്ന് ശേഖരിച്ചത്