ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


77. സൽക്കീർത്തിക്കായ് വലഞ്ഞും പലപല വലുതാം ജോലിയാർന്നും മഹാന്മാർ
വായ്ക്കും ലോകാപവാദത്താൽ ഭയമോടുമനിശം പാർത്തിടുന്നാർത്തിയോടെ
സൽക്കർമ്മം ദുഷ്കർമ്മം ദ്വയമതിലിളകീടാതെയും ബോധമെന്ന്യേ
യുക്തായുക്തങ്ങളോർക്കാതെയുമമരുമൊരമരപ്രാകൃതൻ തന്നെ ധന്യൻ. - കെ.സി. കേശവപിള്ള (സുഭാഷിതം)

ഇത്യാദി ശ്ളോകത്തെ ഉദാഹരിക്കയും ചെയ്യുന്നു. എന്നാൽ ഇതിന്റെ വിഷയം വ്യാഘാതത്താലും വ്യാജസ്തുതിയാലും ആക്രാന്തമാകുന്നതാണു്.


13. വിരോധാഭാസം
വിരോധം തോന്നുമാറുക്തി
വിരോധാഭാസമായിടും :
ഹന്ത ! ചന്ദ്രമുഖിക്കിന്നു
ചെന്തീയായതു ചന്ദനം. 59

വാസ്തവത്തിൽ വിരോധമില്ലെങ്കിലും പ്രഥമശ്രവണത്തിൽ വിരോധം തോന്നുന്നപ്രകാരം പറയുന്നതു് വിരോധാഭാസം. വിരോധം ജാതിക്രിയാഗുണദ്രവ്യങ്ങൾ എന്നു നാലു പദാർത്ഥങ്ങൾക്കു് തങ്ങളോടും പരസ്പരവും വരാവുന്നതിനാൽ ഈ അലങ്കാരത്തിൽ ചില ഭേദങ്ങളൂണ്ടാകും . (a) ജാതിക്ക് (1) ജാതിയോട് (2) ഗുണത്തോട് (3) ദ്രവ്യത്തോട് (4) ക്രിയയോട്; (b) ഗുണത്തിനു് (1) ഗുണത്തോടു് (2) ദ്രവ്യത്തോടു് (3) ക്രിയയോടു്; (c) ക്രിയയ്ക്ക് (1) ക്രിയയോടു് (2) ദ്രവ്യത്തോടു്; (d) ദ്രവ്യത്തിനു ദ്രവ്യത്തോടു് എന്നു പത്തുഭേദങ്ങളെ ഉള്ളൂ എന്നു് ‘അലങ്കാരകൗമുദി‘യിൽ സമർത്ഥിക്കപ്പെട്ടിരിക്കുന്നു.

ഉദാഹരണത്തിൽ ചന്ദനത്തെ ചെന്തീയാക്കിയതുകൊണ്ടു് ജാതിക്കു ജാതിയോടു വിരോധം; വിരാഹാവസ്ഥയിലെ പ്രതീതി എന്നു പരിഹാരം. ഏതാനും ചില ഭേദങ്ങൾക്കു് ഉദാഹരണം :

78. ഉത്തമപുരുഷന്മാരുടെ
ചിത്തം വജ്രത്തിലും തുലോം കഠിനം
നാൽത്താരിലും മൃദുതരം
സത്യസ്ഥിതി പാർക്കിലാർക്കറിയാം? -ഉ. രാ. ച.

ഇവിടെ ഗുണങ്ങൾക്കു തങ്ങളിൽ വിരോധം വിഷയഭേദേന വരുന്നതെന്നു സമാധാനം.

79. രാവിന്നീശങ്കലും നൽപ്രണയികളിലുമാനന്ദമില്ലായ്കയാലുൾ-
ത്താവും താപത്തെയേറ്റം ധൃതിയെഴുമിവനും സ്പഷ്ടമാക്കുന്നു പാരം;
ഞാവൽപ്പൂപോലെ ജാത്യാ ലസിതമപി പരം പാണ്ഡുവായ് മുഗ്ധമായ്ത്തൻ
മൈ വല്ലാതേ ചടയ്ക്കുന്നിതു, പുനരിവനോ രമ്യനാകുന്നുതാനും. -മാലതീമാധവം

ഇവിടെ ധീരനായിരിക്കേ അന്തസ്താപത്തെ പ്രകാശിപ്പിക്കുന്നു എന്നു പറകയാൽ ഗുണത്തിനു് ക്രിയയോടു വിരോധം.


പദ്യം 77. സൽക്കീർത്തി, ഉന്നതപദവി മുതലായവയ്ക്കുവേണ്ടി മഹാത്മാക്കൾ കഷ്ടപ്പെടുന്നു. പ്രകൃതന്മാരാകട്ടെ സദാസച്ചിന്തയില്ലാതെ സുഖമായി ജീവിക്കുന്നു എന്നു് ഗുണ-ദോഷങ്ങളെ മറിച്ചിട്ടിരിക്കുന്നു.

പദ്യം 79. മാധവന്റെ മദനാവസ്ഥയെപ്പറ്റി കാമന്ദകി എന്ന മാലതീധാത്രിയുടെ വാക്യം. രാവിന്നീശൻ (ചന്ദ്രൻ), പ്രണയി (സ്നേഹിതൻ) ഇവയിലൊന്നും സന്തോഷം കണ്ടെത്താനാവുന്നില്ല. ധൃതി - ധൈര്യം, പാണ്ഡു - വിളറിയതു്.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_43&oldid=82156" എന്ന താളിൽനിന്ന് ശേഖരിച്ചത്