ഭാഷാഭൂഷണം/പേജ് 44
←പേജ് 43 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 45→ |
- 80. കവിൾ വിളറി വരണ്ടോരാനനത്തേ വഹിപ്പോ-
- രിവളിലുമഴകേറ്റം പ്രജ്ജ്വലിക്കുന്നു ചിത്രം;
- ഭുവി സഹജമനോജ്ഞത്വം വിളങ്ങും ജനത്തി-
- ന്നവികലരുചിയെക്കാമാർത്തിയും ചേർത്തിടുന്നു. -മാലതീമാധവം
ഇവിടെ മനസ്സിനെ രമിപ്പിക്കുകയും ക്ഷോഭിപ്പിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞിരിക്കയാൽ ക്രിയയ്ക്കു ക്രിയയോടു് വിരോധം; വിഷയഭേദേന സമാധാനം.
വിരോധാഭാസം ശ്ലേഷമൂലമായി വരുന്നതിനു് അധികം ചമൽക്കാരം ഉണ്ടായിരിക്കും. എങ്ങനെ:
- 81. നിന്തിരുവടിയുടെ പാദാംബുജരജസാ-
- ഹന്ത! ചിന്തിക്കിലഹോ ! വിരജനായേഷ ഞാൻ. -രുക്മിണീസ്വയംവരം കഥകളി.
ഇവിടെ രജസ്സുകൊണ്ടു് രജസ്സില്ലാത്തവനായി എന്നു വിരോധം.; പാദാംബുജരാഗസ്പർശത്താൽ രജോഗുണമലം പോയി എന്നു പരിഹാരം. വേറെ ഉദാഹരണം:
- 82. ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമൻ കറുപ്പും ഗളേ
- പാർത്താൽ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ! പിന്നെയും
- തോലെന്ന്യേ തുണിയില്ല തെല്ലുമരയിൽ കേളേറ്റുമാനൂരെഴും
- പോറ്റീ! നിന്റെ ചരിത്രമത്ഭുതമഹോ! ഭർഗ്ഗായ തുഭ്യം നമഃ -രവിവർമ്മൻ തമ്പി.
ഇവിടെ വിശേഷപ്പെട്ട വെളുത്തവസ്ത്രവും മുറിയായുള്ള സോമനും കരിമ്പടവും അടയാളമിട്ടതായി എട്ടിലധികം കരയൻമുണ്ടുകളും എല്ലാമുണ്ടെങ്കിലും അരയിൽ തുണിയില്ല എന്നു വിരോധം.*; ശിരസ്സിൽ ഗംഗയും ചന്ദ്രക്കലയുമുണ്ടു്. കഴുത്തിൽ കറുപ്പു്. ആയുധങ്ങൾ ധരിച്ച കൈകൾ എട്ടിലധികം ഉണ്ടു്. - എന്നു പരിഹാരം. ഈ വിധത്തിൽ വിരോധാഭാസം ശ്ലേഷമൂലാലങ്കാരങ്ങളിൽ ചേരേണ്ടതെന്നു പ്രത്യേകിച്ചു് ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ.
- സംഭാവനയതുണ്ടായാ -
- ലിതുണ്ടാമെന്ന കല്പന;
- ശേഷനായെങ്കിൽ വർണ്ണിപ്പേൻ
- ശേഷിക്കാതെ ഭവൽഗുണം. 60
ഒരുകാര്യം സിദ്ധിക്കുന്നപക്ഷം മറ്റൊരുകാര്യം സിദ്ധിക്കുമെന്നു് ഊഹം ചെയ്യുന്നതു് 'സംഭാവന'. ലക്ഷ്യത്തിൽ നിന്റെ ഗുണങ്ങളെ നിശ്ശേഷം വർണ്ണിക്കുന്നതു് ഞാൻ ആദിശേഷനാകുന്നപക്ഷം സാധിക്കുമെന്നു പറകയാൽ ലക്ഷണാനുഗതി. വേറെ ഉദാഹരണം.
- 83. ചേലൊത്ത പുഷ്പമൊരു ചെന്തളിരിൽ പതിച്ചാ-
- ലല്ലെങ്കിൽ മുത്തുമണി നല്പവിഴത്തിൽ വെച്ചാൽ
- തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
- ചുണ്ടിൽ പരക്കുമൊരു പുഞ്ചിരിയോടെതിർക്കും. -കുമാരസംഭവം
80. കാമന്ദകീ വചനം, മാലതിയെക്കുറിച്ചു്. സഹജ.....ത്തിനു കാമാർത്തിയും അവികലരുചിയെ ചേർത്തിടുന്നു എന്നു് ഉത്തരാർദ്ധത്തിൽ അന്വയം. വിളർച്ചകൊണ്ടും വറൾച്ചകൊണ്ടും മനസ്സിനെ ക്ഷോഭിപ്പിക്കുകയും സഹജമനോജ്ഞത്വം കൊണ്ടു് രമിപ്പിക്കുകയും ചെയ്യുന്നു എന്നു വ്യഞ്ജിപ്പിച്ചിരിക്കുന്നു.
*സോമൻ = വേഷ്ടിമുണ്ടു്. ശിവൻ ദിഗംബരനെന്നു് പുരാണം.