മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
എന്റെ കൗശലം




[ 15 ]

എന്റെ കൗലശം
(ഒരു ജപ്പാൻകവിത--കോക്കിനോമോട്ടോ-നോ-ഹിറ്റൊമാറോ)

ശോണിമവീശിയ പൂങ്കവിൾക്കൂമ്പുമായ്
സായാഹ്നസന്ധ്യ വന്നെത്തിടുമ്പോൾ;
സ്ഫീതാനുമോദമെൻ പൂമണിമച്ചിന്റെ
വാതായനം തുറന്നിട്ടിടും ഞാൻ.
രാഗമധുരമാമോരോ കിനാവിലും
മാമകപാർശ്വത്തിലെത്തുമെന്നായ്
സമ്മതം നല്കിയിട്ടുള്ളൊരെൻ ദേവനെ-
പ്പിന്നെ, ഞാൻ സാദരം കാത്തിരിക്കും!

അല്ലിൽ, പടിപ്പുരവാതില്ക്കലെത്തുവാൻ
തെല്ലൊരു കൗശലം ഞാനെടുത്തു.
"ചേലിൽ, മുളകളാൽ മുറ്റത്തു നിർമ്മിച്ച
'വേലി' ഞാൻ ചെന്നൊന്നു നോക്കിടട്ടേ!"
ഏവം കഥിച്ചെഴുനേറ്റു ഞാനങ്കണ-
ഭൂവിലേക്കാമന്ദമാഗമിച്ചു.
എന്നാ,ലെൻ നാഥ, ഞാനങ്ങനെ ചെയ്തതു
നിന്നെക്കണ്ടെത്തുവാനായിരുന്നു!...

--ഫെബ്രുവരി 1933



"https://ml.wikisource.org/w/index.php?title=മയൂഖമാല/എന്റെ_കൗശലം&oldid=38842" എന്ന താളിൽനിന്ന് ശേഖരിച്ചത്