മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ബാഷ്പധാര




[ 16 ]

ബാഷ്പധാര
(ഒരു ജർമ്മൻകവിത--ഷില്ലർ)

ലോലമേചകമേഘമാലകൾ
നീലവാനിൽ നിറയുന്നു!....
ഗർജ്ജനംചെയ്‌വു ഘോരഘോരമായ്
പച്ചക്കാടുകളൊക്കെയും!-
വാരിരാശിതൻ തീരഭൂവിലാ-
വാരിജാക്ഷിയലയുന്നു!
കല്ലിൽവന്നലച്ചീടുന്നു തുംഗ-
കല്ലോലച്ചുരുളോരോന്നായ്.
ഹാ, നിശയിലെക്കൂരിരുളിലാ-
ക്കോമളാംഗിതൻ രോദനം
സംക്രമിപ്പു പരിസരങ്ങളിൽ
തങ്കുമേകാന്ത വായുവിൽ!
ദുസ്സഹാതങ്കപൂരിതം, കഷ്ട-
മസ്സുമാംഗിതൻ മാനസം!

നീറിടുകയാണെന്മനമയ്യോ-
ലോകമിന്നിത്ര ശൂന്യമോ?
ഇല്ലെനിക്കിനി മോഹിപ്പാനില്ലീ-
മന്നിടംതന്നിലൊന്നുമേ.
ലോകനായകാ, നിൻകിടാവിനെ
വേഗമങ്ങു വിളിക്കണേ!
ഇന്നോളം മന്നിൽ ജീവിച്ചേനിവൻ
ധന്യധന്യനായ് സ്നേഹിച്ചേൻ,
പോരും-നാളേക്കു സജ്ജമാക്കുകെൻ
മാരണാംബരം തോഴരേ

---മാർച്ച് 1933



"https://ml.wikisource.org/w/index.php?title=മയൂഖമാല/ബാഷ്പധാര&oldid=38820" എന്ന താളിൽനിന്ന് ശേഖരിച്ചത്