മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
എന്റെ ദേവിയോട്




[ 22 ]

എന്റെ ദേവിയോട്

(ഒരു ഇംഗ്ലീഷ് കവിത - കോളറിഡ്ജ്)

"രു ചുംബനം നാഥേ!" -ചൊല്ലി നിശ്വസിച്ചേൻ ഞാൻ
പരുഷം നിൻവാക്യമീയർത്ഥന, നിരസിച്ചു!
എന്തിനായ് ത്യജിപ്പതീക്കുറ്റമറ്റതാം ഭാഗ്യ-
മെന്തൊരു ചുംബനത്തിലാപത്തിനൊളിക്കാമോ?

ആ മലഞ്ചെരുവിങ്കലദൃഷ്ടമലയുവോൻ
തൂമയിലണഞ്ഞീടും വാരുണസമീരണൻ
സുപ്രഭാതാരംഭത്തിൽ, സന്ധ്യതൻ സമാപ്തിയിൽ
പൊൽപനീരലരിന്റെ സൗരഭം നുകരുന്നു;
ഹാനിപറ്റാത്തോരവൾതന്നുടെ ചുറ്റും പറ്റി-
യാനന്ദനിശ്വാസംപൂണ്ടായവൻ നൃത്തംചെയ്‌വൂ.
സുവനാനിലബാലലോലപക്ഷത്തിൽ, ബല-
മവൾതൻ, തേനോലുന്ന ചുംബനം തളിക്കുന്നു.
അനുരാഗത്താൽ പനിനീർമലരിതളിങ്ക-
ലവനോ തൂമഞ്ഞിന്റെ മിന്നിച്ച ചിതറുന്നു.
നാണത്താ,ലതാ കാണ്ക, തൻ തലകുനിച്ചവൾ
ശോണവർണ്ണമാം ഛായ നീളവേ വീശീടുന്നു.

ആ രമ്യാധരോഷ്ഠങ്ങൾ, വിരിയുന്നതാം പനിനീർ-
ത്താരിന്റെ വിജയത്തിൻ ഭേരികൾ മറയ്ക്കുന്നു!
ഹാ, മനോഹരേ, ശുഭേ, തെളിയിച്ചാലും നീയി-
പ്രേമനിശ്വാസത്തിനെയവതൻ വികാരത്തെ !
നീ മന്ത്രിച്ചതാം 'ഇല്ല' പൂർണ്ണമോദം ഞാൻ കേട്ടേ-
നാ മന്ത്രസ്ഥിതമായോ'രില്ല'-യില്ലതിനർത്ഥം !
മധുഭാഷിണി, മന്ദമന്ദം നീയരുളിയ
'മധുരക്കള'വതു സമ്മതം ദ്യോതിപ്പിപ്പു!
എന്തെന്നാലച്ചെഞ്ചൊടി രണ്ടിലുമുദിപ്പതു -
ണ്ടഞ്ചിതമാകുമൊരു പൂമന്ദഹാസാങ്കുരം
അല്പലജ്ജമായീടുമപ്രിയോക്തിയാൽ പ്രേരി-
പ്പിപ്പു നീ, 'യാനന്ദ'ത്തെയാമന്ദം കുതികൊൾവാൻ !....

-------മെയ് 1933




"https://ml.wikisource.org/w/index.php?title=മയൂഖമാല/എന്റെ_ദേവിയോട്&oldid=38835" എന്ന താളിൽനിന്ന് ശേഖരിച്ചത്