മയൂഖമാല/കാമുകൻ
< മയൂഖമാല
←പൂക്കാരി | മയൂഖമാല രചന: കാമുകൻ |
അവളുടെ സൗന്ദര്യം→ |
[ 4 ] കാമുകൻ
(ഒരു ജർമ്മൻകവിതㅡഹീനോ)
അഴലുമാനന്ദവുമേകിയേകി-
യണയുന്നു പോകുന്നു വത്സരങ്ങൾ;
അടിയുന്നു പട്ടടക്കാടുതോറു-
മനുദിനമായിരം മാനസങ്ങൾ.
അതുവിധം നശ്വരമല്ലയെന്നാ-
ലനഘാനുരാഗമതൊന്നുമാത്രം!
ഒരുദിനം മാത്രംㅡഒരിക്കൽമാത്രം
ഭവതിയെക്കാണാൻ കഴിഞ്ഞുവെങ്കിൽㅡ
തവഹസിതാർദ്രമാമാനനം ക-
ണ്ടിവനു മരിക്കാൻ കഴിഞ്ഞുവെങ്കിൽㅡ
അമലേ, ഞാനാനന്ദതുന്ദിലനാ-
യരുളീടും നിന്നോടന്നിപ്രകാരം:
"അവനിയിലിന്നോളം നിന്നെ മാത്ര-
മനുരാഗാരാധനചെയ്തു, നാഥേ!"
--ജൂലൈ 1934