മലയാളശാകുന്തളം/ഒന്നാം അങ്കം
←പ്രസ്താവന | മലയാളശാകുന്തളം ഒന്നാം അങ്കം |
രണ്ടാം അങ്കം→ |
[അനന്തരം തേരിൽക്കയറി. കൈയ്യിൽ കുലച്ച വില്ലുമായി മാനിനെ പിൻതുടർന്നുകൊണ്ടു രാജാവും കൂടെ സൂതനും പ്രവേശിക്കുന്നു.]
സൂതൻ : (രാജാവിനായും മാനിനേയും നോക്കീട്ട്) തിരുമേനീ,
<poem>
ഇക്കിഷ്ണസാരമതിലങ്ങു, കുലച്ച ചാപം
കൈക്കൊണ്ടീടുന്നൊരു ഭവാനിലുമിങ്ങു ദൃഷ്ടി
ചേർത്തീടവേ മുഖമൃഗാനുഗനാം പിനാകി
പ്രത്യക്ഷനായി വിലസുന്നതു കൺറ്റിടുന്നേൻ .
രാജാവ് : സൂത, ഈ മാൻ നമ്മെ വളരെദൂരം ആകർഷിച്ചുകളഞ്ഞു. ഇതാകട്ടെ ഇപ്പോഴും,
പിന്നിട്ടെഴുത്തുന്ന തേരിൽഗ്ഗളമഴകിൽ വള -
ച്ചിട്ടു നോട്ടങ്ങൾ ചേർത്തും,
പിൻഭാഗം മിക്കവാറും ശരവരവു ഭയ -
ന്നുള്ളിലേക്കായ്ച്ചുളിച്ചും,
വക്ത്രം വീർത്തൂർന്നുവീഴുന്നൊരു തൃണകബളം
മാർഗ്ഗമദ്ധ്യേ പൊഴിച്ചും
പാർത്താലും പാഞ്ഞീടുന്നൂ നേടിയ കുതികളാൽ
ഭൂവിലേക്കാൾ നഭസ്സിൽ.
നാം പിന്തുടർന്നുകൊണ്ടുതന്നെയിരുന്നിട്ടും ഇതു പിന്നെ സൂക്ഷിച്ചു നോക്കേണ്ട ദൂരത്തിലായിത്തീർന്നതെങ്ങനെ?
സൂതൻ : ഭൂമിക്ക് നിരപ്പില്ലെന്നുകണ്ടു ഞാൻ കടിഞ്ഞാൺ മുറുക്കുകയാൽ തേരിന്റെ വേഗം കുറഞ്ഞു; അതിനാലാണ് ഈ മാൻ ദൂരത്തിലായിത്തീർന്നത്. ഇപ്പോൾ രഥം സമഭൂമിയിൽ എത്തുകയാൽ ഇനി തിരുമേനിയുടെ ശരത്തിനു ദൂരത്തായി വരികയില്ല.
രാജാവ് : എന്നാൽ കടിഞ്ഞാൺ അയച്ചുവിടൂ.
സൂതൻ : കല്പനപോലെ. (രഥവേഗം നടിച്ചിട്ട്) തിരുമേനീ, തൃക്കൺപാർത്താലും, തൃക്കൺപാർത്താലും!
തഞ്ചത്തിൽക്കടിഞ്ഞാണയച്ചുവിടവേ
മുന്നാഞ്ഞുടൻ ചാമര -
ത്തുഞ്ചങ്ങൾക്കൊരനക്കമെന്നി ചെവിയും
കൂർപ്പിച്ചിതാ വാജികൾ
അഞ്ചാതെ കുതികൊണ്ടീടുന്നു മൃഗവേ -
ഗാസൂയയാലെന്നപോൽ
തൻ ചാരത്തണയാതെ തൻ ഖുരപുടോ -
ദ്ധൂതം രജോരാജിയും.
രാജാവ് : ശരി തന്നെ. കുതിരകളുടെ വേഗം സൂര്യാശ്വങ്ങൾക്കും ഇന്ദ്രാശ്വങ്ങൾക്കും ഉപരി ആയിരിക്കുന്നു. എന്തെന്നാൽ,
നോട്ടത്തിൽച്ചെറുതായ് നിനപ്പതുടനേ
തോന്നുന്നു വമ്പിച്ചതായ്,
നേരോർത്താലിടവിട്ടു നില്പതു നിക -
ന്നീടുന്നിതൊന്നിച്ചപോൽ;
വക്രിച്ചുള്ളോരു വസ്തു ദൃഷ്ടിയിൽ നിവർ -
ന്നീടുന്നു, വേഗ്ഗത്തിനാൽ!
പക്കത്തില്ലൊരു കാണിനേരവുമെനി -
ക്കൊന്നെങ്കിലും ദൂരെയും.
സൂത, ഇതിനെക്കൊല്ലുന്നതു നോക്കിക്കൊള്ളു. (ശരം തൊടുക്കുന്നു).
[അണിയറയിൽ] അല്ലയോ മഹാരാജാവേ, ഇതാശ്രമമൃഗമാണ്. കൊല്ലരുതേ, കൊല്ലരുതേ!
സൂതൻ : (വാക്കുകേട്ട വഴി നോക്കീട്ട്) ഈ കൃഷ്ണമൃഗം തിരുമേനിയുടെ ശരത്തിന് എത്തത്തക്കവിധം സമീപിച്ചപ്പോഴേക്കും മദ്ധ്യേ തടസ്സത്തിനു തപസ്വികൾ വന്നു ചേർന്നിരിക്കുന്നു.
രാജാവ് : (സംഭ്രമത്തോടെ) എന്നാൽ കടിഞ്ഞാൺ മുറിക്കിക്കൊള്ളു.
സൂതൻ : അങ്ങനെതന്നെ. (തേർ നിറുത്തുന്നു)
[അനന്തരം രണ്ടു ശിഷ്യന്മാരോടുകൂടി വൈഖാനസൻ പ്രവേശിക്കുന്നു.]
വൈഖാനസൻ : (കൈയുയർത്തിയിട്ട്) രാജാവേ, ഇത് ആശ്രമമൃഗമാണ്; കൊല്ലരുതേ, കൊല്ലരുതേ!
തൊടുത്ത ശസ്ത്രമതിനാലടക്കുക നരേശ്വര, ആർത്തത്രാണത്തിനാണസ്ത്രം വീഴ്ത്താനല്ലൊരദോഷിയിൽ.
രാജാവ് : അസ്ത്രമിതാ പിൻവലിച്ചിരിക്കുന്നു. (അതിൻപ്രകാരം ചെയ്യുന്നു.)
വൈഖാനസൻ : പുരുവംശപ്രദീപഭൂതനായ അങ്ങയ്ക്ക് ഇതു യുക്തമത്രേ.
ചേരും പുരുകുലംതന്നിൽ പിറന്നൊരു ഭവാനിത്. തനിക്ക് ചേർന്ന തനയൻ ജനിക്കും ചക്രവർത്തിയായ്.
ശിഷ്യന്മാർ : (കൈയുയർത്തിക്കൊണ്ട്) അങ്ങേക്കു ചക്രവർത്തിയായ പുത്രൻ ജനിക്കട്ടെ!
രാജാവ് : (വണങ്ങിക്കൊണ്ട്) ഞാൻ അനുഗ്രഹീതനായി.
വൈഖാനസൻ : രാജാവേ, ഞങ്ങൾ ചമത പറിക്കാൻ വന്നവരാണ്; ഇതാ മാലിനിനദിയുടെ കരയ്ക്കായിട്ട് കുലപതിയായ കണ്വന്റെ ആശ്രമം കാനുന്നു. വേറെ ജ്ലിത്തിരക്കില്ലെങ്കിൽ അവിടെച്ചെന്ന് അതിഥിസത്കാരം സ്വീകരിക്കണം.
അത്രതന്നെയുമല്ല ---
ഉടജങ്ങളിലൊരു തടവും കൂടാതെ നടന്നീടും ക്രിയകൾ നോക്കി ഞാണിൻ കിണമേറ്റ കരം ക്ഷോണി ഭരിക്കുന്നോരൂർജ്ജിതവുമറിയാം.
രാജാവ് : കുലപതി അവിടെത്തന്നെ ഉണ്ടോ?
വൈഖാനസൻ : അദ്ദേഹം അതിഥിസത്കാരത്തിനു പുത്രിയായ ശകുന്തളയെ പറഞ്ഞേല്പിച്ചിട്ട് അവളുടെ ഗ്രഹപ്പിഴയ്ക്ക് ശാന്തിചെയ്യുന്നതിനായി സോമതീർത്ഥത്തിലേക്ക് ഇപ്പോഴാണ് പോയത്.
രാജാവ് : ആകട്ടെ, അവളെത്തന്നെ ചെന്നു കാണാം. അവൾ എന്റെ ഭക്തി അറിഞ്ഞ്, മഹർഷി വരുമ്പോൾ ഉണർത്തിച്ചുകൊള്ളും.
വൈഖാനസൻ : ഞങ്ങൾ എന്നാൽ പോകുന്നു. (ശിഷ്യന്മാരോടുകൂടി പോയി.)
രാജാവ് : സൂതാ, കുതിരകളെ വിടൂ; പുണ്യാശ്രമദർശനംചെയ്ത് അത്മശുദ്ധിവരുത്താം.
സൂതൻ : കല്പനപോലെ. (പിന്നെയും രഥവേഗം നടിക്കുന്നു.)
രാജാവ് : (ചുറ്റും നോക്കിയിട്ട്) ഇതു തപോവനത്തിന്റെ സങ്കേതമാണെന്നു പറയാതെതന്നെ അറിയാം.
സൂതൻ : അതെങ്ങനെ ?
രാജാവ് : താൻ കാണുന്നില്ലയോ? ഇവിടെയാകട്ടെ,
പോടിൽപ്പാർത്ത ശുകം പൊഴിച്ച വരിനെ - ല്ലുണ്ടിമ്മരങ്ങൾക്കു കീ - ഴോ,ടക്കായ്കളിടിച്ചൊരെണ്ണമയമി - ങ്ങേല്‌ക്കുന്നുതേ പാറകൾ; ഓടീടാതെ മൃഗങ്ങൾ തേരൊലി പൊറു - ത്തീടുന്നു നിശ്ശങ്കമായ്; പാടുണ്ടാറ്റുകരയ്ക്കു വല്‌ക്കലജലം വാർന്നിട്ടിതാ കാണ്മതും.
സൂതൻ : എല്ലാം യോജിക്കുന്നു.
രാജാവ് : (സ്വല്പദൂരം ചെന്നിട്ട്) സൂത, തപോവനവാസികൾക്ക് അസൗകര്യത്തിനിടയാകരുത്; രഥം ഇവിടെത്തന്നെ നിറുത്തൂ; ഞാൻ ഇറങ്ങിക്കളയാം.
സൂതൻ : തേർ ഇതാ നിറുത്തിയിരിക്കുന്നു. തിരുമേനി താഴെ എഴുന്നള്ളാം.
രാജാവ് : (ഇറങ്ങിയിട്ട്) സൂത, വിനീതവേഷത്തോടുകൂടി വേണമല്ലോ, തപോവനങ്ങളിൽ പ്രവേശിക്കാൻ. ഇതാ വാങ്ങിക്കൊള്ളൂ. (വില്ലും ആഭരണവും സൂതന്റെ കയ്യിൽ കോടുത്തിട്ട്) ഞാൻ ആശ്രമവാസികളെ സന്ദർശിച്ചു മടങ്ങുമ്പോഴേക്കും കുതിരകളെ നനച്ചു കൊണ്ടുവരൂ.
സൂതൻ : കല്പനപോലെ. (പോയി).
രാജാവ് : (ചുറ്റിനടന്നിട്ട്) ഇതാ ആശ്രമദ്വാരം; അകത്തേക്കു കടക്കാം. (കടന്ന് ശുഭസകുനം ഉണ്ടായതായി നടിച്ചുകൊണ്ട്.)
ഈ ആശ്രമം ഹന്ത: ശമപ്രധാനം; കയ്യോ തുടിക്കുന്നിതു; കാര്യമെന്തോ? ഇങ്ങെന്തിനല്ലെങ്കിൽ വിശങ്ക? തങ്ങാ - തെങ്ങും വരാനുള്ളതു വന്നുചേരും.
[അണിയറയിൽ]
ഇങ്ങോട്ടു വരുവിൻ തോഴിമാരേ!
രാജാവ്: (ചെവിയോത്തിട്ട്) ഏ, ഇതാ തോട്ടത്തിനു തെക്കുവശം ആരോ സംസാരിക്കുന്നതുപോലെ തോന്നുന്നല്ലോ! അങ്ങോട്ടു ചെല്ലാം. (ചുറ്റി നടന്നു നോക്കീട്ട്) ആ! മുനികന്യകമാർ പ്രായത്തിനുചേർന്ന കുടങ്ങളിൽ വെള്ളമെടുത്തുകൊണ്ടു തൈമരങ്ങൾ നനയ്ക്കാൻ ഇങ്ങോട്ടു വരികയാണ്. (സൂക്ഷിച്ചു നോക്കീട്ട്) ആശ്ചര്യം! ഇവരെക്കാണ്മാൻ നല്ല കൗതുകമുണ്ട്.
ഉടലതിനവരോധകാമ്യമാമീ വടിവുടജത്തിൽ വസിപ്പവർക്കു വന്നാൽ ഉപവനലതകൾക്കു മാനഭങ്ഗം വിപിനലതോന്നതിമൂലമുദ്ഭവിച്ചു.
ഈ തണലത്തേക്കു മാറി കാത്തുനിൽക്കാം. (നോക്കിക്കൊണ്ടു നിൽക്കുന്നു.)
[മുൻപറഞ്ഞ ഭാവത്തിൽ ശകുന്തളയും രണ്ടു സഖിമാരും പ്രവേശിക്കുന്നു.]
ശകുന്തള : ഇങ്ങോട്ടു വരുവിൻ തോഴിമാരേ!
അനസൂയ: ശകുന്തളേ, താതകശ്യപനു നിന്നേക്കാൾ അധികം സ്നേഹം ഈ വൃക്ഷങ്ങളെ ആണെന്നു തോന്നുന്നു. അദ്ദേഹം മുല്ലപ്പൂപോലെ കോമളയായ നിന്നെ ഇതുകളെ നനയ്ക്കാൻ നിയോഗിക്കുന്നുവല്ലോ.
ശകുന്തള : അച്ഛൻറെ കല്പന മാത്രമല്ല, എനിക്കും ഇവയോടു സഹോദരസ്നേഹമുണ്ട്. (വൃക്ഷങ്ങളെ നനയ്ക്കുന്നു)
രാജാവ് : ഏ? ഇവളാണോ ആ കണ്വപുത്രിയായ ശകുന്തള? കാശ്യപഭഗവാൻ കുറേ ആലോചനയില്ലാത്ത ആൾതന്നെ . അദ്ദേഹം ഇവളെ ആശ്രമധർമ്മങ്ങൾക്കു നിയോഗിക്കുന്നുവല്ലോ.
വപുസ്സിതവ്യാജമനോജ്ഞതാസ്പദം തപിസ്സിനായ്ത്തള്ളിവിടുന്ന മാമുനി ശ്രമിക്കുമിന്ദീവരപത്രധാരയാൽ ശമീലതാച്ചേദനവും നടത്തുവാൻ.
ആകട്ടെ; ഈ മരങ്ങളുടെ മറവിൽ നിന്നുതന്നെ ഇവരുടെ സ്വൈര്യസല്ലാപം കേൾക്കാം. (അപ്രകാരം ചെയ്യുന്നു.)
ശകുന്തള : തോഴീ, അനസൂയേ, പ്രിയംവദ എൻറെ വല്‌കലം വളരെ മുറുക്കിക്കളഞ്ഞു; എനിക്ക് അസ്വാധീനമായിരിക്കുന്നു. ഇതൊന്ന് അയച്ചു കെട്ടൂ.
അനസൂയ : അങ്ങനെതന്നെ (അയച്ചു കെട്ടുന്നു)
പ്രിയംവദ : (ചിരിച്ചുകൊണ്ട്) ഇസ്സംഗതിയിൽ നിമിഷംതോറും കുചവിജ്ര്യംഭിതത്തിനു ഹേതുവായ സ്വന്തം യൗവ്വനത്തെയാണു നീ പഴിക്കേണ്ടത്.
രാജാവ് : ഇവളുടെ ശരീരത്തിന് ഈ വല്‌ക്കലം ഒട്ടും യോജിക്കുന്നതല്ലെന്നു സമ്മതിച്ചേ തീരൂ: എന്നാൽ ഇതും അവൾക്ക് ഒരലങ്കാരമാകുന്നില്ലെന്നില്ല.
കരിഞ്ചണ്ടിച്ചാർത്തും കമലമലരിൽ കാന്തികരമാം; കറുത്താണെന്നങ്കക്കുറി കുറുവിനാമോ വിധുവിന്; പ്രകാശം ചേർക്കുന്നു മരവുരിയുമെട്ടേറെയിവളിൽ പ്രകൃത്യാ ചേലാർന്നൊരുടലിനഴകേകാത്തതെതുതാൻ ?
ശകുന്തള : (മുന്നോട്ടു നോക്കീട്ട്) കാറ്റടിച്ചിളകുന്ന തളിരുകൾകൊണ്ട് ഇലഞ്ഞിത്തൈ എന്നെ പരിഭ്രമിച്ചു കൈകാട്ടി വിളിക്കുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് ഞാൻ അങ്ങോട്ടു ചെന്ന് അതിനെ ആദരിക്കട്ടെ. (അങ്ങോട്ടു ചെല്ലുന്നു)
പ്രിയംവദ : തോഴി ശകുന്തളേ, നീ ക്ഷണനേരം അവിടത്തന്നെ നില്‌ക്കണേ! നിന്നെക്കൊണ്ട് ഈ വൃക്ഷത്തിന് ഒരു വള്ളി ചുറ്റിയ ശോഭയുണ്ടാകുന്നു.
ശകുന്തള : ഇതുകൊണ്ടാണല്ലോ നീ പ്രിയംവദയായത്.
രാജാവ് : പ്രിയം അല്ല; സത്യമാണ് പ്രിയംവദ പറഞ്ഞത്. ഇവൾക്കാകട്ടെ,
ചെന്തളിരിനൊപ്പമധുരം; ചെറുശാഖകളോടിടഞ്ഞിടുന്നു ഭുജം; പൂമലർ പോലെ മനോജ്ഞം പൂമേനിയതിൽത്തികഞ്ഞ താരുണ്യം.
പ്രിയംവദ : തോഴി, ശകുന്തളേ, തേന്മാവിൽ തനിയെ പടർന്ന് അതിന്റെ സ്വയംവരവധുവായിതീർന്ന മുല്ല ഇതാ നിൽക്കുന്നു. വനജ്യാത്സ്ന എന്നു വിളിക്കാറുള്ള ഇതിനെ മറന്നുപോയോ?
ശകുന്തള : എന്നാൽ, ഞാൻ എന്നെയും മറക്കും. (അടുത്തുചെന്ന് ലതയെ നോക്കീട്ട്) തോഴീ, നല്ല സമയത്താണ് ഈ വള്ളിയും വൃക്ഷവും ഇണചേർന്നത്; പുതുതായി പൂത്തിരിക്കുന്നതുകൊണ്ട് വനജ്യോത്സ്നയ്ക്ക് യൗവ്വനം തികഞ്ഞിരിക്കുന്നു. തളിർത്തതുകൊണ്ട് തേന്മാവിനും ഉപഭോഗയോഗ്യമായ അവസ്ഥ വന്നിരിക്കുന്നു. (നോക്കിക്കൊണ്ട് നിൽക്കുന്നു.)
പ്രിയംവദ : (പുഞ്ചിരിയോടെ) അനസൂയേ, ശകുന്തള ഈ വനജ്യോത്സ്നയെ കൊണ്ടുപിടിച്ചു നോക്കുന്നതിൻറെ കാര്യം മനസ്സിലായോ?
അനസൂയ : ഇല്ലല്ലോ, പറയൂ; പറയൂ;
പ്രിയംവദ : വനജ്യോത്സ്ന അനുരൂപനായ വൃക്ഷത്തോടുചേർന്നതുപോലെ തനിക്കും അനുരൂപനായ വരനെ ലഭിച്ചാൽ കൊള്ളാമായിരുന്നു എന്നുള്ള മോഹമാണ്.
ശകുന്തള : ഇതു നിൻറെ മനസ്സിലെ ആഗ്രഹമാണ്. (നനയ്ക്കുന്നു)
രാജാവ് : ഇവൾ കുലപതിക്ക് അന്യജാതിസ്ത്രീയിൽ പിറന്നവളാണെന്നുവന്നെങ്കിൽ എത്ര നന്നായിരുന്നു! അല്ലെങ്കിൽ സംശയിക്കേണ്ടതില്ല.
രാജന്യനർഹയിവൾ നിശ്ചയം; അല്ലയായ്കിൽ രഞ്ജിക്കയില്ലിവളിലെന്റെ മനം വിനീതം; സത്തർക്ക് സംശയനിവാരണയിൽ പ്രമാണം സത്യസ്വരൂപഹൃദയപ്രതിപത്തിയത്രേ
എങ്കിലും ഇവളെപ്പറ്റിയുള്ള വസ്തുതകൾ അറിയണം.
ശകുന്തള : (സംഭ്രമത്തോടൂകൂടി) അയ്യോ! വെള്ളമൊഴിച്ചപ്പോൾ മുല്ലയിൽ നിന്ന് ഇളകിപ്പുറപ്പെട്ട വണ്ട് ഇതാ എൻറെ മുഖത്തിനുനേരെ പായുന്നു. (വണ്ടിന്റെ ഉപദ്രവം നടിക്കുന്നു)
രാജാവ് : (ആഗ്രഹത്തോടെ നോക്കീട്ട്, വണ്ടിനോടായിട്ട്)
തൊട്ടീടും മൃദുമെയ്യിൽ നീ,യിവളുടൻ ഞെട്ടിക്കടാക്ഷിച്ചിടും; മുട്ടിക്കാതിനടുത്തുചെന്ന് മുരളും തൻ കാര്യമോതുംവിധം; വീശിക്കൈ കുടയുമ്പോഴെത്തി നുകരും സത്തായ ബിംബാധരം മോശംപറ്റി നമുക്കു തത്ത്വമറിവാൻ കാത്തിട്ടു; തീതാൻ കൃതി.
ശകുന്തള : ഈ ചണ്ടി വിട്ടൊഴിയുന്നില്ലല്ലോ. ഞാൻതന്നെ മാരിപ്പോയേക്കാം. (മാറിനിന്നു ചുറ്റി നോക്കീട്ട്) എന്തൊരു കഷ്ടം! ഇങ്ങോട്ടും വരുന്നല്ലോ. തുണയ്ക്കനേ തോഴിമാരേ!
സഖിമാർ : (പുഞ്ചിരിയോടെ) ഞങ്ങളാണോ തുണയ്ക്കുന്നതിന് ? ദുഷ്ഷന്തനെ വിളിച്ച് മുറവിളികൂട്ടു; രാജാവത്രെ തപോവനങ്ങളെ രക്ഷിക്കേണ്ടത്.
രാജാവ് : (ഇതാണ് നേരിട്ട് ചെല്ലാനുള്ള അവസരം) പേടിക്കേണ്ട പേടിക്കേണ്ട.... (എന്നു പാതി പറഞ്ഞു നിർത്തീട്ടു വിചാരം) രാജാവെന്നുള്ള സംഗതി വെളിപ്പെട്ടുപോകുമല്ലോ; ആകട്ടെ, ഇങ്ങനെ പറയാം.
ശകുന്തള : ഈ ദുഷ്ടൻ വിട്ടുപോകുന്നില്ല. ഞാൻ വേറൊരിടത്തേക്കു പൊയ്ക്കളയാം. (മാറിനിന്ന് ഉഴറിക്കൊണ്ട്) എന്നിട്ടും പിന്തുടരുന്നുണ്ടല്ലോ.
രാജാവ് : (വേഗത്തിൽ അടുത്ത് ചെന്നിട്ട്)
ആരിവൻ, ഖലരെ നിഗ്രഹിക്കുമെ - പ്പൗരവൻ നൃപതി നാടുവാഴവേ, ഭീരുവാകിയ തപസ്വികന്യയിൽ സൈര്യവൃത്തി തുടരുന്നു ധൃഷ്ടനായ് ?
(എല്ലാവരും രാജാവിനെക്കണ്ട് അല്പം സംഭ്രമിക്കുന്നു)
അനസൂയ : അത്യാപത്തൊന്നുമില്ല. ഞങ്ങളുടെ ഈ പ്രിയസഖി വണ്ടിൻറെ ശല്യം കൊണ്ട് അല്പമൊന്ന് പേടിച്ചുവശായി എന്നേയുള്ളൂ. (ശകുന്തളയെ ചൂണ്ടിക്കാണിക്കുന്നു.)
രാജാവ് : (ശകുന്തളയുടെ നേരെതിരിഞ്ഞ്) തപസ്സു വേണ്ടുംവണ്ണം നടക്കുന്നുണ്ടല്ലോ ? (ശകുന്തള പരിഭ്രമിച്ച് മിണ്ടാതെ നിൽക്കുന്നു.)
അനസൂയ : ഉണ്ട്, ഇന്ന് വിശേഷിച്ചും വിശിഷ്ടനായ അതിഥിയെ ലഭിക്കകൊണ്ട്. സഖി ശകുതളേ, ആശ്രമത്തിൽച്ചെന്നു ഫലങ്ങളും പൂജാ സാമാനങ്ങളും എടുത്തുകൊണ്ടുവരൂ. പാദ്യത്തിന് ഈ വെള്ളം തന്നെ മതിയാകും.
രാജാവ് : ഇരിക്കട്ടേ, നിങ്ങളുടെ ഈ പ്രിയവാക്കുകൊണ്ടുതന്നെ എനിക്ക് അതിഥിസത്കാരം സിദ്ധിച്ചുകഴിഞ്ഞു.
അനസൂയ : എന്നാൽ, ആര്യൻ , തണലും തണുപ്പുമുള്ള ഈ പാലച്ചുവട്ടിലെ തറയിലിരുന്നു സ്വല്പനേരം വിശ്രമിക്കണം.
രാജാവ് : നിങ്ങളും ജോലിചെയ്തു ക്ഷീണിച്ചിരിക്കുകയാണല്ലോ !
അനസൂയ : തോഴി, ശകുന്തളേ, അതിഥിയെ ശുശ്രൂഷിക്കേണ്ടത് നമ്മുടെ ധർമ്മമാണല്ലോ; വരൂ, നമുക്കും ഇരിക്കാം. (എല്ലാവരും ഇരിക്കുന്നു)
ശകുന്തള : (വിചാരം) എന്താണിത്? ഇദ്ദേഹത്തിനെ കണ്ടമാത്രയിൽ തപാവനവിരോധി’യായ വികാരം എൻറെ മനസ്സിൽ കടന്നുകൂടിയല്ലോ.
രാജാവ് : (എല്ലാവരേയും നോക്കീട്ട്) കൊള്ളാം, ആകൃതിയിലും വയസ്സിലും ഉള്ള പൊരുത്തംകൊണ്ടു നിങ്ങളുടെ സഖ്യം വളരെ രമണിയമായിരിക്കുന്നു.
പ്രിയംവദ : (സ്വകാര്യമായിട്ട്) അനസൂയേ, ഇദ്ദേഹം ആരായിരിക്കും? കണ്ടാൽ കോമളനും ഗംഭീരനുമായിരിക്കുന്നു. സരസമായും പ്രിയമായും സംസാരിക്കുന്നുമുണ്ട്. ഏതോ ഒരു പ്രഭുവാണ് എന്നു തോന്നുന്നു. എന്നാൽ നല്ല ദാക്ഷിണ്യവുമുണ്ട്.
അനസൂയ : തോഴി, ഇതിൽ എനിക്കും കൗതുകമുണ്ട്; ചോദിച്ചുകളയാം. (വെളിവായിട്ട്) ആര്യൻറെ മധുരമായ സംഭാഷണം കേട്ടു ഞാൻ ധൈര്യപ്പെടുകയാൽ ശങ്കവിട്ടു ചോദിച്ചുകൊള്ളുന്നു. ഏതൊരു രാജർഷിവംശത്തെയാണ് ആര്യൻ അലങ്കരിക്കുന്നത്? ഏത് ദേശക്കാർക്കാണ് ഇപ്പോൽ ആര്യൻറെ വേർപാടുകൊണ്ട് ഉത്കണ്ഠപ്പെടേണ്ടിവന്നിരിക്കുന്നത്? എന്തു സംഗതിവശാലായിരിക്കുമോ ഈ കോമളനായ ശരീരത്തെ തപോവനസഞ്ചാരക്ലേശത്തിനു പാത്രമാക്കിത്തീർക്കുന്നത്?
ശകുന്തള : (വിചാരം) മനസ്സേ! ബദ്ധപ്പെടേണ്ട; നീ ആലോചിക്കുന്നതുതന്നെ അതോ അനസൂയ ചോദിക്കുന്നു.
രാജാവ് : (വിചാരം) എന്താണിവിടെ ഇപ്പോൾ വേണ്ടത്? എൻറെ വാസ്തവം സ്പഷ്ടമാകരുത്; ആളുമാറിപ്പറയാതെ കഴിക്കയും വേണം. ആകട്ടെ. ഇവളോടിങ്ങനെ പറയാം. (വെളിവായിട്ട്) ഭദ്രേ, പൂരുവംശരാജാവ് ധർമ്മാധികാരിയായി നിയമിച്ചിട്ടുള്ള ആളാണ് ഞാൻ; ക്രിയകൾ വിഘ്നം കൂടാതെ നടക്കുന്നോ എന്നു നോക്കുന്നതിനായിട്ടാണ് ഈ ധർമ്മാരണ്യത്തിൽ വന്നത്.
അനസൂയ : ഇപ്പോൾ ധർമ്മചാരികൾക്കു നാഥനുണ്ടായി.
(ശകുന്തള ശൃംഗാരലജ്ജ നടിക്കുന്നു)
സഖിമാർ : (രാജാവിന്റേയും ശകുതളയുടേയും ഭാവം കണ്ടിട്ടു സ്വകാര്യമായി) തോഴി, ശകുന്തളേ, അച്ഛൻ ഇന്നിവിടെ ഉണ്ടായിരുന്നെങ്കിൽ..........
ശകുന്തള : (കോപം നടിച്ചിട്ട്) എന്നാലന്താ ?
സഖിമാർ : തൻറെ ജീവിതസർവ്വസ്വവും കൊടുത്ത് ഈ വിശിഷ്ടനായ അതിഥിയെ തൃപ്തിപ്പെടുത്തുമായിരുന്നു.
ശകുതള : പോകുവിൻ, നിങ്ങൾ എന്തോ മനസ്സിൽ വച്ചുകൊണ്ട് പറകയാണ്; നിങ്ങളുടെ വാക്ക് എനിക്ക് കേൾക്കണ്ട.
രാജാവ് : ഞാനും നിങ്ങളുടെ സഖിയെക്കുറിച്ച് അല്പം ചോദിച്ചുകൊള്ളട്ടെ?
അനസൂയ : ആര്യ , ഈ അപേക്ഷ ഞങ്ങൾക്ക് ഒരു അനുഗ്രഹം ആണല്ലോ.
രാജാവ് : കാശ്യപഭഗവാൻ നിത്യബ്രഹ്മചാരി എന്നു പ്രസിദ്ധമാണ്; നിങ്ങളുടെ ഈ സഖി അദ്ദേഹത്തിന്റെ പുത്രിയാണെന്നും പറയുന്നു; ഇതെങ്ങനെയാണ്?
അനസൂയ : ആര്യൻ കേട്ടുകൊണ്ടാലും. കുശികഗോത്രത്തിൽ വിശ്വാമിത്രൻ എന്നു പേരായി മാഹാപ്രഭാവനായ ഒരു രാജർഷിയുണ്ടല്ലോ.
രാജാവ് : ഉണ്ട്. കേട്ടിട്ടുണ്ട്.
അനസൂയ : അദ്ദേഹത്തിൽനിന്നാണ് ഞങ്ങളുടെ പ്രിയസഖിയുടെ ഉത്പത്തി. അദ്ദേഹം ഉപേക്ഷിക്കനിമിത്തം എടുത്തുവളർത്തുകയാൽ കാശ്യപൻ ഇവളുടെ അച്ഛനായി.
രാജാവ് : ഉപേക്ഷിക്കുക എന്ന വാക്ക് എനിക്ക് കൗതുകം ജനിപ്പിക്കുന്നു. ആദ്യം മുതൽ കേട്ടാൽക്കൊള്ളാം.
അനസൂയ : ആര്യൻ കേട്ടുകൊണ്ടാലും, പണ്ട് ആ രാജർഷി ഉഗ്രമായി തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോൾ ദേവന്മാർ എന്തോ ശങ്കിച്ചിട്ട് മേനക എന്ന അപ്സരസ്ത്രീയെ തപസ്സു മുടക്കുവാനായി പറഞ്ഞയച്ചു.
രാജാവ് : ശരി, മറ്റുള്ളവരുടെ തപസ്സിനെക്കുറിച്ച് ദേവന്മാർക്കു ശങ്ക പതിവുണ്ട്. എന്നിട്ടോ?
അനസൂയ : അനതരം വസന്തകാലത്തിൻറെ മൂർദ്ധന്യത്തിൽ മനസ്സു മയക്കുന്ന അവളുടെ ആകൃതി കണ്ടിട്ട്... (ഇത്രത്തോളമായപ്പോൾ ലജ്ജകൊണ്ടു നിർത്തുന്നു.)
രാജാവ് : ശേഷം മനസ്സിലായി, ആകക്കൂടെ അപ്സരസ്ത്രീയിൽ ജനിച്ചവളാണിവൾ?
അനസൂയ : അതെ.
രാജാവ് : യോജിക്കുന്നു.
മനുഷ്യസ്ത്രീയിലുണ്ടാകാ മനോജ്ഞം രൂപമീവിധം മിന്നിച്ചിന്നുന്ന തേജസ്സു മന്നിടത്തിലുദിക്കുമോ?
(ശകുതള തലതാഴ്ത്തി നിൽക്കുന്നു.)
രാജാവ് : (വിചാരം) എനിക്ക് ആശയ്ക്ക് വകകിട്ടി; എന്നാൽ, സഖി വരപ്രാർത്ഥനയുള്ളതായി നേരമ്പോക്കു പറഞ്ഞതോർത്തിട്ട് എൻറെ മനസ്സു ശങ്കിച്ച് അധൈര്യപ്പെടുന്നുമുണ്ട്.
പ്രിയംവദ : (ശകുന്തളയെ നോക്കീട്ട് പുഞ്ചിരി തൂകീട്ടും, രാജാവിൻറെനേരെ തിരിഞ്ഞും) ആര്യന് ഇനിയും എന്തോ പറയാനുള്ളതുപോലെ തോന്നുന്നല്ലോ ?
(ശകുന്തള സഖിയെ ചൂണ്ടുവിരൽ കാട്ടി ശാസിക്കുന്നു.)
രാജാവ് : ഭവതിക്ക് തോന്നിയത് ശരിതന്നെ. സച്ചരിത കേൾക്കുന്നതിലുള്ള ആഗ്രഹം നിമിത്തം നമുക്ക് വേറെ ചിലതുകൂടി ചോദിച്ചാൽക്കൊള്ളാമെന്നുണ്ട്.
പ്രിയംവദ ; മടിക്കേണ്ട; തപസ്വി ജനങ്ങളോടു തടവുകൂടാതെ ചോദിക്കാമല്ലോ.
രാജാവ് : നിങ്ങളുടെ സഖിയെപ്പറ്റി ഇത്രയുംകൂടി അറിയണമെന്നുണ്ട്.
വൈഖാനസവ്രതമനങ്ഗകലാവിരോധി വേൾക്കുംവരേയ്ക്കിവൾ വഹിക്കണമെന്നുതാനോ? എന്നേയ്ക്കുമേ മദിരലോചനസാമ്യസഖ്യം ചിന്നും മൃഗീകുലമൊടുത്തു വസിക്കയെന്നോ.
പ്രിയംവദ : ധർമ്മാചരണത്തിൽപ്പോലും ഈയുള്ളവർക്ക് സ്വാതന്ത്ര്യമില്ല. അച്ഛനാകട്ടെ, ഇവളെ അനുരൂപനായ വരനു നൽകണമെന്നണു സങ്കല്പം.
രാജാവ് : ഈ സങ്കല്പം സാധിക്കാത്തതല്ല. (വിചാരം)
മനമേ, ഇനി ആശപൂണ്ടുകൊള്ളാം, വെറുതേ സംശയമെന്നു തീർച്ചവന്നു; കനലെന്നു നിനച്ചതിക്കത്തിൽ പെരുമാറാൻ കഴിവുള്ള രത്നമത്രേ.
ശകുന്തള : (കോപത്തോടുകൂടെ) അനസൂയേ, ഞാൻ പോകുന്നു.
അനസൂയ : എന്തിനായിട്ട് ?
ശകുന്തള : ഈ പ്രിയംവദ അസംബന്ധം സംസാരിക്കുന്നത് ആര്യഗൗതമിയോടു ചെന്നറിയിക്കാൻ.
അനസൂയ : തോഴി, വിശിഷ്ടനായ ഈ അതിഥിയെ സത്കരിക്കാതെ തോന്നിയതുപോലെ പൊയ്ക്കളായുന്നതു യുക്തമല്ല. (ശകുന്തള ഒന്നും മിണ്ടാതെ പുറപ്പെടുന്നു.)
രാജാവ് : (വിചാരം) പോകയാണോ? (പിടിച്ചുനിറുത്താൻ കരുതി വീണ്ടും മനസ്സുറപ്പിച്ചിട്ടു വിചരം) ആശ്ചര്യം ! കാമികൾ, മനസ്സു പ്രവർത്തിച്ചാൽ അതനുസരിച്ച് ദേഹവും പ്രവർത്തിച്ചതുപോലെ, വിചാരിച്ചുപോകുന്നു. എനിക്കാകട്ടെ,
കന്യകാനുഗമനത്തിനുദ്യമം വന്നതാശു വിനയം വലിക്കയാൽ നീങ്ങിയില്ലൊരടിപോലുമിങ്ങുനി - ന്നെങ്കിലും നിനവു, പോയി വന്നതായ്!
പ്രിയംവദ : (ശകുന്തളയെ തടുത്തിട്ട്) തോഴി, നീ പൊയ്ക്കൂടാ.
ശകുന്തള ; (പുരികം ചുളിച്ചുകൊണ്ട്) എന്തുകൊണ്ട് ?
പ്രിയംവദ : ഞാൻ നിനക്കുവേണ്ടി രണ്ടു വൃക്ഷം നനച്ചിട്ടുണ്ട്. വരൂ! ആ കടാം വീട്ടൂ! എന്നിട്ടു പോകാം. (പിടിച്ചുനിറുത്തുന്നു.)
രാജാവ് : ഭദ്രേ, വൃക്ഷങ്ങൾ നനച്ചിട്ടുതന്നെ ഈ മാന്യകന്യക തളർന്നതായിക്കാണുന്നു; എന്നാൾ, ഇവൾക്ക് -
ഉള്ളംകൈകൾ ചുകന്നു; തോളുകൾ തളർ - ന്നീടുന്നു കുംഭം വഹി - ച്ചുള്ളിൽത്തിങ്ങനെ വീർപ്പിനാൽ കുതി തുടർ - ന്നീടുന്നു വക്ഷഃസ്ഥലം കൊള്ളാഞ്ഞാസ്യമതിൽ ശ്രമാംബുവിസരം പൂങ്കർണ്ണികാഗ്രങ്ങളിൽ തുള്ളുന്നു ചിതറുന്നു കൂന്തലുമൊരേ കൈകൊണ്ടു ബന്ധിക്കയാൽ.
അതിനാൾ ഇവളുടെ കടം ഞാൻ വീട്ടാം. (മോതിരം ഊരി നീട്ടുന്നു. സഖിമാർ നാമമുദ്ര കൊത്തിയിരിക്കുന്നതു വായിച്ചിട്ട് അന്യോന്യം നോക്കുന്നു.)
രാജാവ് : നമ്മെക്കുറിച്ച് നിങ്ങൾ അന്യഥാ ശങ്കിക്കേണ്ട. ഇതു രാജാവിന്റെ വകയായി കിട്ടീട്ടുള്ളതാണ്.
പ്രിയംവദ : എന്നാൽ, ഈ മോതിരം വിരലിൽനിന്നു വേർപെടുത്തുന്നതു ശരിയല്ല. ആര്യന്റെ വാക്കുകൊണ്ടുതന്നെ ഇവളുടെ കടം വീടി. (പുഞ്ചിരിയോടെ) തോഴി ശകുന്തളേ, ദയാലുവായ ആര്യൻ, അല്ലെങ്കിൽ മഹാരാജാവ്, നിന്റെ കടം വീട്ടി; ഇനി പോകാം.
ശകുന്തള : (വിചാരം) എനിക്ക് കഴിയുമായിരുന്നു എങ്കിൽ (വെളിവായി) നീ ആരാണ് പോകാനും നിൽക്കാനും പറവാൻ?
രാജാവ് : (ശകുന്തളയെ നോക്കി വിചാരം) നമുക്ക് അങ്ങോട്ടു തോന്നുന്നതു പോലെ ഇവൾക്ക് ഇങ്ങോട്ടും ഉണ്ടയിക്കാനുമോ ? അല്ലെങ്കിൽ ശങ്കിക്കാനില്ല. എനിക്ക് മനോരാജ്യത്തിനു ധാരാളം വകയുണ്ട്.
എൻ വാക്കിനോടിവൾ കലർന്നുരിയാടുകില്ലി - ങ്ങെന്നാലുമെൻ മൊഴികളിൽ ചെവി നൽകീടുന്നു; എന്നാഭിമുഖ്യമതൊഴിക്കിലുമെന്തു ഹാനി ? പിന്നെങ്ങുമല്ലധികനേരമിവൾക്കു നോട്ടം.
[ആകാശത്തിൽ] അല്ലയോ താപസന്മാരേ, തപോവനമൃഗങ്ങളെ രക്ഷിക്കുന്നതിനു ജാഗ്രതയായിരിപ്പിൻ; ദുഷ്ഷന്തമഹാരാജാവു വേട്ടയാടി അടുത്തുവന്നിരിക്കുന്നു. ഇതാ നോക്കുവിൻ -
തുരഗഖുരജമായ രേണുപുഞ്ജം മരവുരി തോരയിടും മരങ്ങളിന്മേൽ ചരമഗിരി ചരാർക്കകാന്തിയോടേ, ശലഭകുലങ്ങൾകണക്കണഞ്ഞിടുന്നു.
അത്രതന്നെയുമല്ല
കൊമ്പാൽ പോംവഴി, കുത്തിവീഴ്ത്തിന മര - ക്കാലിന്റെ വമ്പിച്ചതാം കൊമ്പും താങ്ങി; നടയ്ക്കിടയ്ക്കുടനുട - ക്കീടും പടർപ്പോടിതാ, മുൻപിൽക്കണ്ടു രഥം, വിരണ്ടു, വഴിയേ ഭേദിച്ചു മാൻകൂട്ടവും കൊമ്പൻ പാഞ്ഞുവരുന്നു നമ്മുടെ തപോ - വിഘ്നം വപുസ്സാർന്നതോ?
[എല്ലാവരും ചെവികൊടുത്തു കേട്ട് കുറഞ്ഞൊന്നു സംഭ്രമിക്കുന്നു.]
രാജാവ് : (വിചാരം) ഏ ! ശല്യമായി. പൗരന്മാർ നമ്മെ അന്വേഷിച്ച് തപോവനത്തിൽക്കടന്നു ലഹള കൂട്ടുന്നു; ആകട്ടെ, പോയിട്ടു മടങ്ങിവരാം.
സഖിമാർ : ആര്യ, ഈ കാട്ടാനയുടെ സങ്ഗതികേട്ടു ഞങ്ങൾക്കു ഭയമായിരിക്കുന്നു; പർണ്ണശാലയിലേയ്ക്കു പോകുന്നതു ഞങ്ങളെ അനുവദിക്കണം.
രാജാവ് : നിങ്ങൾ ഒട്ടും പരിഭ്രമിക്കേണ്ട, പോകുവിൻ; ഞാനും ആശ്രമപീഡ വരാത്തവിധം വേണ്ട ഏർപ്പാടുചെയ്യാൻ ശ്രമിക്കാം.
[എല്ലാവരും എഴുന്നേൽക്കുന്നു.]
സഖിമാർ : ആര്യ, അതിഥിസത്കരംചെയ്യാത്ത ആര്യനെ ഇനിയും കാണണമെന്നപേക്ഷയോടുകൂടി ഞങ്ങൾ വിട്ടുപിരിയുന്നു.
രാജാവ് : അങ്ങനെ വിചാരിക്കരുത്; നിങ്ങളുടെ ദർശനംകൊണ്ടുതന്നെ എനിക്ക് സത്കാരം സിദ്ധിച്ചു. [ശകുന്തള താമസത്തിനു കാരണമുണ്ടാക്കി. രാജാവിനെ നോക്കിക്കൊണ്ടു സഖിമാരൊന്നിച്ചു പോയി.]
രാജാവ് : എനിക്കു നഗരത്തിലേയ്ക്കു പോകുന്നതിന് ഉത്സാഹം കുറഞ്ഞിരിക്കുന്നു. അങ്ങോട്ടുചെന്നു പരിവാരങ്ങളെ തേറ്റിപ്പിടിച്ചു തപോവനത്തിനടുത്തുള്ള വല്ലേടത്തും താവളം ഉറപ്പിക്കാം. ശകുന്തളയെപ്പറ്റിയുള്ള വിചാരം പിന്വലിക്കുന്നതു സാദ്ധ്യമല്ല. എനിക്കാകട്ടെ,
മുന്നോട്ടു നീങ്ങുന്നു ജഡം ശരീരം, പിന്നോട്ടു പായുന്നു മനസ്സനീശം, ഭിന്നിച്ച കാറ്റത്തു നയിച്ചിടുമ്പോൾ ചിന്നും കൊടിക്കുള്ളൊരു കൂറപോലെ ‘
[പോയി.]