മലയാളശാകുന്തളം
രചന:എ.ആർ._രാജരാജവർമ്മ
രണ്ടാം അങ്കം

[അനന്തരം വിഷാദഭാവത്തിൽ വിദൂഷകൻ പ്രവേശിക്കുന്നു,]

വിദൂഷകൻ: (ദീർഘശ്വാസം വിട്ടുകൊണ്ടു്) ഈ വേട്ടക്കാരൻ രാജാവിന്റെ തോഴരായിരുന്നു് എനിക്കു മതിയും കൊതിയും തീർന്നു. 'ഇതാ, ഒരു മാൻ! അതാ, ഒരു പന്നി! അതാ, ഒരു കടുവാ' എന്നു പറഞ്ഞു വേനൽകൊണ്ടു തണൽ കുറയുന്ന വനനിരകളിൽ നട്ടുച്ചയ്ക്കുപോലും ഒരു കാട്ടിൽനിന്നും മറ്റൊരു കാട്ടിലേക്കു് ഓടും. ഇലകൾ വീണു് അഴുകി കയ്പും ചവർപ്പുമുള്ള കാട്ടുപുഴയിലെ ചൂടുവെള്ളമാണു കുടിക്കുന്നതു്. ആഹാരം അധികവും ചുട്ടമാംസംതന്നെ; കാലനിയമവുമില്ല. കുതിരകളുടെ പിന്നാലെ ഓടിയോടി തുടകൾ അനക്കാൻ വയ്യാതായിത്തീർന്ന എനിക്കു് രാത്രിയിൽപ്പോലും നേരേ ഉറങ്ങാൻ സാധിക്കുന്നില്ല. പിന്നീടു പുലർച്ചയ്ക്കു വളരെമുമ്പുതന്നെ നായാടിപരിഷകൾ തേവിടിയാമക്കൾ ഇറങ്ങി കാടുതെളിക്കുന്ന ലഹളകൊണ്ടു ഞാൻ ഉണർന്നുപോകുന്നു. ഇത്ര എല്ലാംകൊണ്ടും അനർത്ഥം ഒഴിഞ്ഞില്ല. ഇപ്പോൾ കൂനിന്മേൽ കുരു പുറപ്പെട്ടിരിക്കുന്നു. ഇന്നലെ ഒപ്പം എത്താൻ കഴിയാതെ ഞാൻ പിന്നിലായിപ്പോയപ്പോൾ അദ്ദേഹം ഒരു മാനിനെ ഓടിച്ചു ചെന്നു തപോവനത്തിൽക്കയറി എന്റെ വയറ്റിന്റെ കഷ്ടകാലംകൊണ്ടു ശകുന്തള എന്നൊരു താപസകന്യകയെക്കണ്ടു വശായി. ഇപ്പോൾ നഗരത്തിലേക്കു മടങ്ങുന്നതിന്റെ കഥപോലും മിണ്ടുന്നില്ല. ഇന്നലെ രാത്രിമുഴുവൻ അവളെത്തന്നെ ചിന്തിച്ചു കണ്ണടയ്ക്കാതെ നേരവും വെളുപ്പിച്ചു. വേറെ എന്താണു ഗതി? അദ്ദേഹത്തിന്റെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞോ എന്നു നോക്കാം. (ചുറ്റിനടന്നു നോക്കീട്ടു് കാട്ടുപൂക്കളുംചൂടി വില്ലും എടുത്തുകൊണ്ടു ചുറ്റിനില്ക്കുന്ന യവനസ്ത്രീകളുടെ കൂട്ടവുമായിട്ടു തോഴരിതാ ഇങ്ങോട്ടു തന്നെ വരുന്നു. ആകട്ടെ, അങ്ഗഭങ്ഗംകൊണ്ടു് അസ്വാധീനം നടിച്ചു നില്ക്കാം. അങ്ങനെയെങ്കിലും അല്പം വിശ്രമം കിട്ടിയെങ്കിലോ? (എന്നു ദണ്ഡകാഷ്ഠമവലംബിച്ചു നില്ക്കുന്നു.)

(മുൻചൊന്ന പരിവാരങ്ങളോടുകൂടി രാജാവു പ്രവേശിക്കുന്നു.)

രാജാവു്

പ്രിയതമയെ ലഭിപ്പാൻ യാഗമുണ്ടെങ്കിലുണ്ടാം;
സ്വയമവളുടെ ഭാവം പാർത്തു ഹൃത്താലാശ്വസിപ്പൂ;
സ്മരവിരുതു ഫലിച്ചില്ലെങ്കിലും ചാരിതാർത്ഥ്യം
കരളിനരുളുമന്യോന്യാനുരാഗാവബോധം. 1
(പുഞ്ചിരി തൂകീട്ടു്) തന്റെ അഭിപ്രായത്തിനൊത്തു താൻ കാമിക്കുന്ന ആളുകളുടെ മനോഗതം വ്യാഖ്യാനിച്ചിട്ടു കാമിജനത്തിനു് ഈ വിധമാണു ചതിപിണയുന്നതു്.

പ്രേമം പൂണ്ടു പതിച്ചു ദൃഷ്ടി പുറമെ
  നോക്കുമ്പൊഴാണെങ്കിലും;
പോയീ മെല്ലെ വിലാസമൂലമതുപോൽ
  ശ്രോണീഭരത്താലവൾ;
നില്ലെന്നങ്ങു മറുത്തുചൊന്ന സഖിയോ-
  ടീർഷ്യാകുലം ചൊല്ലിയെ-
ന്നെല്ലാം മത്പരമാണുപോലു;മെതുമേ
  കാമിക്കഹോ! സ്വർത്ഥമാം.

വിദൂഷകൻ: (ആ നില്പിൽത്തന്നെ നിന്നുകൊണ്ടു്) എനിക്കു കൈ നീട്ടാൻ വയ്യ; വാക്കുകൊണ്ടു് ആചാരംചെയ്യാം: തോഴർക്കു വിജയം!

രാജാവു്: (പുഞ്ചിരിയിട്ടിട്ടു്) അസ്വാധീനം എന്താണു്?

വിദൂഷകൻ: തോഴരെന്താ, കണ്ണുംകുത്തി കണ്ണീരിന്റെ കാരണം ചോദിക്കുന്നതു്?

രാജാവു്: മനസ്സിലായില്ല.

വിദൂഷകൻ: തോഴരേ, ആറ്റുവഞ്ചി, കൂനന്റെ മട്ടു കാട്ടുന്നതു് എന്തുകൊണ്ടാണു്? തന്റെ സാമർത്ഥ്യംകൊണ്ടോ നദീവേഗംകൊണ്ടോ?

രാജാവു്: അതിനു കാരണം നദീവേഗമാണു്.

വിദൂഷകൻ: ഇതിനു തോഴരും.

രാജാവു്: അതെങ്ങനെ?

വിദൂഷകൻ: രാജ്യകാര്യങ്ങളുപേക്ഷിച്ചു് ഈമട്ടിൽ കൊടുങ്കാട്ടിൽ കിടന്നു കാട്ടാളവൃത്തി അനുഷ്ഠിക്കണമെന്നാണല്ലോ അങ്ങേയ്ക്കു്. എനിക്കു ദിവസംപ്രതി ദുഷ്ടജന്തുക്കളെ ഓടിച്ചു സന്ധിബന്ധം ഉലഞ്ഞു ദേഹംകൊണ്ടു് ഒന്നും വയ്യാതായി. അതിനാൽ മനസ്സുണ്ടായിട്ടു തോഴർ ഇന്നൊരു ദിവസമെങ്കിലും എന്നെ വിശ്രമിക്കാൻ അനുവദിക്കണം.

രാജാവു്: (വിചാരം) ഇയാൾ ഇങ്ങനെ പറയുന്നു; എനിക്കും കണ്വപുത്രിയെ ഓർത്തിട്ടു വേട്ടയ്ക്കു മനസ്സു പ്രവർത്തിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ,
ഞാണേറ്റിയസ്ത്രവുണച്ചു, തൊടുത്തു ചാപ,-
മേണങ്ങൾ നേർക്കിനി വലിപ്പതെനിക്കശക്യം;
ചേലാർന്ന ദൃഷ്ടി ദയിതയ്ക്കൊരുമിച്ചു വാണു
ചൊല്ലിക്കൊടുത്തതിവരായ് വരുമെന്നു തോന്നും.

വിദൂഷകൻ: (രാജാവിന്റെ മുഖത്തു നോക്കീട്ടു്) അവിടുന്നു് എന്തോ മനസ്സിൽവെച്ചു തനിയേ പിറുപിറുക്കയാണു്; ഞാൻ കാട്ടിൽക്കിടന്നു മുറവിളികൂട്ടിയതേ ഉള്ളു.

രാജാവു്: (പുഞ്ചിരിയോടുകൂടി) മറ്റൊന്നുമല്ല; ബന്ധുവാക്യമതിക്രമിച്ചുകൂടെന്നു് ആലോചിച്ചുറയ്ക്കയായിരുന്നു.

വിദൂഷകൻ: അവിടുന്നു ദീർഘായുസ്സായിരിക്കണം! (പോകാൻ ഭാവിക്കുന്നു.)

രാജാവു്: നില്ക്കൂ. തോഴരേ, ഞാൻ മുഴുവൻ പറഞ്ഞുകഴിഞ്ഞില്ല.

വിദൂഷകൻ: തിരുമനസ്സുകൊണ്ടു് അരുളിച്ചെയ്യണം.

രാജാവു്: വിശ്രമിച്ചതിനുശേഷം, പ്രയാസമില്ലാത്ത ഒരു കാര്യത്തിൽ അങ്ങു് എനിക്കു സഹായിക്കണം.

വിദൂഷകൻ: കൊഴുക്കട്ട ഉടച്ചു മിഴുങ്ങുന്നതിലാണോ?

രാജാവു്: വരട്ടെ; ഇന്നതിലെന്നു പറയാം.

വിദൂഷകൻ: എന്നാൽ, ഞാൻ നില്ക്കാം.

രാജാവു്: ആരവിടെ?

ദ്വാരപാലൻ: (പ്രവേശിച്ചു വന്ദിച്ചിട്ടു്) കല്പന കാക്കുന്നു.

രാജാവു്: രൈവതക, സേനാപതിയെ വിളിച്ചുകൊണ്ടു വരൂ!

ദ്വാരപാലൻ: ഇറാൻ! (പോയി സേനാപതിയുമൊന്നിച്ചു തിരിയെ പ്രവേശിച്ചിട്ടു്) ഇതാ കല്പന കൊടുക്കാൻ തിടുക്കത്തോടെ തമ്പുരാൻ ഇങ്ങോട്ടുതന്നെ തൃക്കൺപാർത്തുകൊണ്ടു് എഴുന്നള്ളിയിരിക്കുന്നു; ആര്യൻ അടുത്തു ചെല്ലണം.

സേനാപതി: (രാജാവിനെ നോക്കിയിട്ടു്) നായാട്ടിനു ചില ദോഷങ്ങളുണ്ടെങ്കിലും സ്വാമിക്കതു ഗുണത്തിനായിത്തന്നെ തീർന്നിരിക്കുന്നു. ഈ തിരുമേനിക്കാകട്ടെ,

ഉടലതിദൃഢം നിത്യം വില്ലാണ്ടിടുന്നൊരു വേലയാൽ;
കൊടിയവെയിലത്തോടാമൊട്ടും വിയർപ്പണയാതെതാൻ;
ചടവു തെളിയാ വ്യായാമംകൊണ്ടുദിച്ചൊരു കാന്തിയാൽ
അടവിയിലെഴും കൊമ്പന്നൊപ്പം കൊഴുത്തിതു സത്ത്വവും.

(അടുത്തു ചെന്നിട്ടു്) സ്വാമിക്കു വിജയം. കാട്ടിൽ മൃഗങ്ങളെ തെളിക്കൂട്ടിക്കഴിഞ്ഞു; എഴുന്നള്ളാൻ താമസമെന്തു്?

രാജാവു്: നായാട്ടുകൊണ്ടുള്ള തരക്കേടുകൾ ചൂണ്ടിക്കാണിച്ചു് മാഢവ്യൻ എനിക്കു് ഉത്സാഹഭങ്ഗംചെയ്തിരിക്കുന്നു.

സേനാപതി: (വിദൂഷകനോടു സ്വകാര്യമായിട്ടു്) സ്നേഹിതാ, അങ്ങു പിടിച്ച പിടി വിടാതെ മുറുക്കിക്കൊള്ളണം; ഞാൻ സ്വാമിയുടെ തിരുവുള്ളത്തിനു ചേർന്നു് ഉണർത്തിക്കാൻപോകുന്നു. (വെളിവായിട്ടു്) ഈ മൂർഖൻ വല്ലതും പുലമ്പിക്കൊള്ളട്ടെ. ഇവിടെ തിരുമേനിതന്നെ ഒരു ദൃഷ്ടാന്തമാണല്ലോ.

നേർക്കും മേദസ്സൊരുങ്ങീട്ടുദര;മുടൽ വഴ-
  ങ്ങീട്ടു മെയ്യായമുണ്ടാം;
നോക്കാം നാല്ക്കാലികൾക്കും ഭയവുമരിശവും
  കൊണ്ടെഴും ഭാവഭേദം;
കിട്ടും വില്ലാളിവീരർക്കിഷ്ടഗുണമിളകും
  ലാക്കിലേല്പിച്ചു മെച്ചം;
വേട്ടയ്ക്കോതുന്നു ദോഷം വെറുതെ; ഇതു കണ-
  ക്കില്ല വേറെ വിനോദം.

വിദൂഷകൻ: തിരുമനസ്സിൽ പ്രകൃതിഭേഏദം ഉണ്ടായിരുന്നതു മാറി. താൻ കാടുനീളെ അലഞ്ഞു് മനുഷ്യരുടെ മൂക്കിൽ പാടിക്കടിക്കുന്ന വല്ല കിഴട്ടുകരടിയുടേയും വായിൽച്ചെന്നു വീഴും.
രാജാവു്: ഭദ്രസേനാ, ആശ്രമസമീപത്തിലാണല്ലോ നമ്മുടെ താമസം; അതുകൊണ്ടു തന്റെ അഭിപ്രായം ഞാൻ അഭിനന്ദിക്കുന്നില്ല. ഇന്നേദിവസമാകട്ടേ,

നീരിൽ പോത്തുകൾ കൊമ്പുലച്ചു കളിയാ-
 ടീടട്ടെ കേടെന്നിയേ;
സാരംഗം തണലിൽക്കിടന്നയവിറ-
 ക്കീടട്ടെ കൂട്ടത്തൊടേ;
സ്വൈരം സൂകരപങ്ക്തി മുസ്തകൾ കഴി-
 ക്കട്ടേ തടാകങ്ങളിൽ;
ചേരാതേ ഗുണബന്ധനം നടു നിവ-
 ർത്തീടട്ടെയെൻ വില്ലിതും.

സേനാപതി: തിരുമനസ്സിലെ ഇഷ്ടം.

രാജാവു്: അതിനാൽ കാടുതെളിക്കാൻ പോയിട്ടുള്ളവരെ തിരികെ വിളിച്ചുകളയൂ; തപോവനവാസികൾക്കു് ഉപദ്രവത്തിനിടയാകാതെ പടയാളികളേയും തടയണം. നോക്കൂ,

ദൃഷ്ടത്തിങ്കൽ പ്രശമധനരാം
 താപസന്മാരിലേറ്റ
ധൃഷ്ടം തേജസ്സതിനിഭൃതമാ-
 യുണ്ടു വർത്തിച്ചിടുന്നു;
കാട്ടും പെട്ടെന്നവരതു പരൻ
 തന്റെ തേജസ്സിനോടായ്
മുട്ടുന്നേരം, കുളുർമകലരും
 സൂര്യകാന്തം കണക്കേ.
വിദൂഷകൻ: തന്റെ ഉത്സാഹമെല്ലാം കുന്തമായി.
(സേനാപതി പോയി)

രാജാവു്: (പരിവാരങ്ങളെ നോക്കീട്ടു്) നിങ്ങൾ നായാട്ടുവേഷം മാറ്റിക്കൊൾവിൻ. രൈവതക, നീയും നിന്റെ ജോലിക്കു പൊയ്ക്കൊള്ളുക.

പരിവാരങ്ങൾ: കല്പന (പോയി.)

വിദൂഷകൻ: തോഴർ, ഈച്ചകളെ എല്ലാം ആട്ടി ഓടിച്ചു; ഇനി വള്ളിപ്പടർപ്പുകൊണ്ടു മേൽക്കെട്ടി കെട്ടിയിട്ടുള്ള ഈ പാറയിന്മേൽ എഴുന്നെള്ളിയിരിക്കാം; ഞാനും ഒന്നിരുന്നു സുഖിക്കട്ടെ!

രാജാവു്: മുമ്പിൽ നടക്കൂ!

വിദൂഷകൻ: എഴുന്നള്ളാം.
(രണ്ടുപേരും ചുറ്റിനടന്നു് ഇരിക്കുന്നു.)

രാജാവു്: മാഢവ്യ, തന്റെ കണ്ണിനു സാഫല്യം സിദ്ധിച്ചില്ല. കാണേണ്ടതു താൻ കണ്ടില്ലല്ലോ.

വിദൂഷകൻ: തിരുമേനി എന്റെ മുമ്പിൽ ഉണ്ടല്ലോ.

രാജാവു്: എല്ലാവർക്കും അവനവന്റേതു നല്ലതെന്നു തോന്നും. ഞാനാകട്ടെ, ആശ്രമത്തിന്നലങ്കാരഭൂതയായ ആ ശകുന്തളയെപ്പറ്റിയാണു് പറഞ്ഞതു്.

വിദൂഷകൻ: (വിചാരം) ഇദ്ദേഹത്തിനു് അവസരം കൊടുത്തുകൂടാ. (വെളിവായിട്ടു്) തോഴരേ, താപസകന്യകയെ ആഗ്രഹിക്കുക അങ്ങേയ്ക്കു ശരിയല്ല.

രാജാവു്: സഖേ, വർജ്ജിക്കേണ്ട വസ്തുക്കളിൽ പൗരവന്മാരുടെ മനസ്സു പ്രവർത്തിക്കയില്ല.

അപ്പെൺകിടാവു കുശികാത്മജനപ്സരസ്സി-
 ലുത്പന്നനായ മകളാണ,വർപക്കൽനിന്നും
പില്പാടെരിക്കിനുടെ കമ്പതിൽ വീണ മല്ലീ-
 പുഷ്പംകണക്കിവളണഞ്ഞിതു കണ്വഹസ്തം

വിദൂഷകൻ: (ചിരിച്ചിട്ടു്) പേരീന്തൽപ്പഴം തിന്നു ചെടിച്ചവന്നു് വാളൻപുളിയിൽ രുചി തോന്നുന്നതുപോലെയാണു് സ്ത്രീരത്നങ്ങളെ അഭിഭവിപ്പിക്കുന്ന അങ്ങയുടെ ഈ ആഗ്രഹം.

രാജാവു്: താനവളെക്കണ്ടില്ല; അതാണിങ്ങനെ പറയുന്നതു്.

വിദൂഷകൻ: എന്നാൽ അവളുടെ രൂപലാവണ്യം കേമം തന്നെ ആയിരിക്കണം; അങ്ങേയ്ക്കുകൂടി അതു വിസ്മയം ജനിപ്പിച്ചല്ലോ.

രാജാവു്: തോഴരേ, ചുരുക്കിപ്പറഞ്ഞുകളയാം.

ചിത്രത്തിലാദ്യമെഴുതീട്ടുയിൽ ചേർത്തതാമോ?
 ചിത്തത്തിൽവെച്ചഴകുചേർത്തു രചിച്ചതാമോ?
ബ്രഹ്മപ്രഭാവവുമവൾക്കെഴുമാ വപുസ്സു-
മോർമ്മിക്കിലീയൊരബലാമണിസൃഷ്ടി വേറെ.

വിദൂഷകൻ: അങ്ങനെയാണെങ്കിൽ സുന്ദരിമാർക്കെല്ലാം മാനഭങ്ഗത്തിനിടയായല്ലോ.

രാജാവു്: ഇതുംകൂടി എന്റെ വിചാരത്തിലുണ്ടു്.

മൂക്കിൽച്ചേർക്കാത്ത പുഷ്പം; നഖവിദലനമേൽ-
 ക്കാത്ത പുത്തൻ പ്രവാളം
മെയ്യിൽച്ചാർത്താത്ത രത്നം; രസനയതിലണ-
 യ്ക്കാത്തതായുള്ള പൂന്തേൻ;
പൂർണ്ണം പുണ്യത്തിനുള്ളോരുപചിതഫലവും-
 താനവൾക്കുള്ള രൂപം;
പാർത്തില്ലീ, ഞാനെവന്നോ, വിധിയിതനുഭവി-
 ക്കുന്നതിന്നേകിടുന്നൂ?

വിദൂഷകൻ: എന്നാൽ തോഴർ ഉടനെതന്നെ ചെന്നു് അവരളെ രക്ഷപ്പെടുത്തണം; ഓടലെണ്ണ തടകി തല മിനുക്കുന്ന വല്ല വനവാസിയുടേയും കൈയിൽ അകപ്പെടാൻ ഇടയാകരുതു്.

രാജാവു്: ആ മാന്യകന്യക പരാധീനയാണു്! അച്ഛൻ അവിടെ ഇല്ലതാനും.

വിദൂഷകൻ: ആകട്ടെ, അങ്ങേപ്പേരിൽ അവളുടെ നോട്ടം എങ്ങനെ ആയിരുന്നു?

രാജാവു്: താപസകന്യകമാർക്കു സത്വേതന്നെ പ്രഗല്ഭത കുറയും; അങ്ങനെയാണെങ്കിലും,

ഞാൻ നോക്കുമപ്പൊഴുതു ദൃ,അടികൾ പിൻവലിച്ചാൾ;
 അന്യം നിമിത്തമുളവാക്കി ഹസിച്ചുകൊണ്ടാൾ;
മര്യാദയോർത്തു വെളിവായ്ത്തെളിച്ചുമില്ല;
 മാരന്റെ ചേഷ്ടയവളൊട്ടു മറച്ചുമില്ല.

വിദൂഷകൻ: അങ്ങേക്കണ്ടമാത്രയിൽ വന്നു മടിയിൽ കയറിയില്ല, ഇല്ലേ?

രാജാവു്: തങ്ങളിൽ പിരിയുന്ന സമയത്താകട്ടെ, ലജ്ജ ഇരുന്നിട്ടും അവൾ വേണ്ടുംവണ്ണം ഭാവം വെളിപ്പെടുത്തുകയുണ്ടായി; എങ്ങനെയെന്നാൽ,

കൊണ്ടൽവേണിയൊരു രണ്ടുനാലടി നടന്നതി-
 ല്ലതിനുമുമ്പുതാൻ
കൊണ്ടു ദർഭമുന കാലിലെന്നു വെറുതെ ന-
 ടിച്ചു നിലകൊണ്ടുതേ;
കണ്ഠവും ബത! തിരിച്ചുനോക്കിയവൾ വല്ക്കലാ-
 ഞ്ചലമിലച്ചലിൽ-
ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചി-
 ടുന്ന കപടത്തൊടേ.

വിദൂഷകൻ: എന്നാൽ, കഴിച്ചുകൂട്ടാം; പൊതിച്ചോറെങ്കിലുമായല്ലോ; തപസ്വികൾക്കു് ഇനി ഉപദ്രവങ്ങളൊന്നും വരികയില്ല.

രാജാവു്: തോഴരേ, തപസ്വികളിൽ ചിലർ എന്നെ കണ്ടറിയുകയുണ്ടായി. ആലോചിക്കൂ. ഇനി എന്തു കാരണം പറഞ്ഞാണു് നാം ആശ്രമത്തിൽക്കടന്നുകൂടുക?

വിദൂഷകൻ: മറ്റെന്താണു് കാരണം വേണ്ടതു്! അങ്ങു രാജാവല്ലേ? താപസപ്പരിഷകളോടു വരിനെല്ലിന്റെ ആറിൽ ഒന്നു കരം തരാൻ പറയണം.

രാജാവു്: പോകൂ! മടയ! തപസ്വികൾ തരുന്ന കരം വേറെയാണു്; അതിനു രത്നരാശികളേക്കാൾ ഞാൻ വിലയും വയ്ക്കുന്നുണ്ടു്. നോക്കൂ,

നാട്ടിലെ പ്രജകൾ നല്കിയും ഫലം
നഷ്ടമാകുമൊരുനാൾ നൃപർക്കഹോ!
കാട്ടിലുള്ള മുനിവർഗ്ഗമോ തപ-
ഷ്ഷഷ്ഠഭാഗമരുളുന്നു ശാശ്വതം.

(അണിയറയിൽ)
ഞങ്ങളുടെ കാര്യം സാധിച്ചു.

രാജാവു്: (ചെവിയോർത്തിട്ടു്) ധീരശാന്തമായ സ്വരം കൊണ്ടു തപസ്വികളാണെന്നു തോന്നുന്നു.

ദ്വാരപാലകൻ: (പ്രവേശിച്ചിട്ടു്) തമ്പുരാനു വിജയം! രണ്ടു മഹർഷികുമാരന്മാർ വന്നു കാത്തുനില്ക്കുന്നു.

രാജാവു്: എന്നാൽ, ഉടൻതന്നെ, അവരെ കൂട്ടിക്കൊണ്ടു വരൂ.

ദ്വാരപാലകൻ: ഇതാ, കൂട്ടിക്കൊണ്ടുവന്നു. (പോയി മഹർഷിമാരൊന്നിച്ചു പ്രവേശിച്ചിട്ടു്) ഇതാ, ഇതിലേ വരാം.

ഒന്നാമൻ: ഇദ്ദേഹം തേജസ്വിയാണെങ്കിലും കാഴ്ചയ്ക്കു സൗമ്യനായിരിക്കുന്നു. അല്ലെങ്കിൽ ഇതു യോജിക്കുന്നതുതന്നെ. ഈ രാജാവിന്നു് ഋഷികളെക്കാൾ വളരെ ഭേദമൊന്നുമില്ലല്ലോ.

ഇപ്പുണ്യാത്മാവിനും തൻ വസതി സുഖദമാ-
 മാശ്രമത്തിങ്കലത്രേ;
കെല്പോടിപ്പാർത്തലം കാത്തിവനുമുരുതപം
 സംഭരിക്കുന്നു നിത്യം;
ഇപ്പോഴും വാഴ്ത്തുമാറുണ്ടിവനെ മുനിപദംകൊ-
 ണ്ടു വിദ്യാധരന്മാർ
ചൊല്പൊങ്ങും രാജശബ്ദത്തെയുമുപപദമായ്
 ചേർപ്പതൊന്നേ വിശേഷം.

രണ്ടാമൻ: ഗൗതമ, ഇദ്ദേഹമല്ലേ ഇന്ദ്രന്റെ സഖാവായ ദുഷ്ഷന്തൻ?

ഒന്നാമൻ: അതെ.

രണ്ടാമൻ: എന്നാൽ,

അക്ഷീണായതപീനമാം ഭുജയുഗം-
 കൊണ്ടബ്ധിപര്യന്തമാ-
മിക്ഷോണീതലമാകെയേകനിവനും
 ശാസിപ്പതാശ്ചര്യമോ?
ഇന്നേരം സുരസംഹതിക്കരിജയാശാ-
 ലംബനം രണ്ടുതാൻ;
ഒന്നിദ്ധന്വി കുലച്ച ചാപ,മപരം
 ജംഭാരിദംഭോളിയും.

മഹർഷികുമാരന്മാർ: (അടുത്തു ചെന്നു്) രാജാവിനു വിജയം!

രാജാവു്: (എഴുന്നേറ്റിട്ടു്) ഭവാന്മാർക്കു് അഭിവാദനം!

മഹർഷിമാർ: അങ്ങേയ്ക്കു ശ്രേയസ്സു്. (ഫലങ്ങൾ കൊണ്ടു ചെന്നു കൊടുക്കുന്നു.)

രാജാവു്: (വണക്കത്തോടുകൂടി വാങ്ങീട്ടു്) കല്പന കേൾക്കാൻ ആഗ്രഹിക്കുന്നു.

മഹർഷിമാർ: അങ്ങിവിടെ താമസിക്കുന്നതായി ആശ്രമവാസികൾക്കു് അറിവുകിട്ടി; അതിനാൽ അവർ അങ്ങേ അടുക്കൽ അപേക്ഷിക്കുന്നു.

രാജാവു്: എന്താണവരുടെ കല്പന?

മഹർഷികൾ: കുലപതി കണ്വൻ ഇവിടെ ഇല്ലാത്തതുകൊണ്ടു് രാക്ഷസന്മാർ ഞങ്ങൾക്കു യാഗവിഘ്നം ചെയ്യുന്നു. അതിനാൽ, രക്ഷയ്ക്കായിട്ടു് ഏതാനും ദിവസം സാരഥിയുമൊന്നിച്ചു ഭവാൻ ആശ്രമത്തെ അലങ്കരിക്കണം എന്നു്.

രാജാവു്: എനിക്കു് അനുഗ്രഹമായി.

വിദൂഷകൻ: (സ്വകാര്യമായിട്ടു്) ഈ അപേക്ഷ അങ്ങേയ്ക്കനുകൂലംതന്നെ.

രാജാവു്: (പുഞ്ചിരിയിട്ടിട്ടു്) രൈവതക, സാരഥിയോടു് തേരും വില്ലും ഒരുക്കാൻ പറയൂ.

ദ്വാരപാലൻ: തമ്പുരാന്റെ കല്പന. (പോയി.)

മഹർഷികൾ: (സന്തോഷത്തോടെ)

യുക്തം പൂർവ്വികവർത്മാവിൽ വർത്തിക്കുന്ന ഭവാനിതു്;
 ആർത്തത്രാണമഹാസത്രം കാത്തിരിപ്പവർ പൗരവർ.

രാജാവു്: മുമ്പേ എഴുന്നെള്ളാം; ഞാൻ ഇതാ, പിന്നാലെ വന്നുകഴിഞ്ഞു.

മഹർഷികൾ: രാജാവിനു വിജയം! (പോയി.)

രാജാവു്: മാഢവ്യ, തനിക്കു ശകുന്തളയെക്കാണ്മാൻ കൗതുകമുണ്ടോ?

വിദൂഷകൻ: ആദ്യം കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇപ്പോൾ ഈ രാക്ഷസവൃത്താന്തം കേട്ടതിൽപ്പിന്നെ ഒരു തുള്ളിപോലും ശേഷിച്ചിട്ടില്ല.

രാജാവു്: ഭയപ്പെടേണ്ട, താൻ എന്റെ അടുക്കൽ അല്ലേ നില്ക്കാൻ പോകുന്നതു്?

വിദൂഷകൻ: എന്നാൽ എനിക്കു രാക്ഷസഭയമില്ല.

ദ്വാരപാലൻ: (പ്രവേശിച്ചിട്ടു്) ഇതാ, പള്ളിത്തേരു് ഒരുക്കിനിർത്തിയിരിക്കുന്നു; വിജയത്തിന്നായി എഴുന്നള്ളാം. എന്നാൽ രാജധാനിയിൽനിന്നു് അമ്മത്തമ്പുരാക്കന്മാർ കല്പിച്ചയച്ച വർത്തമാനം അറിയിക്കുന്നതിനു് കരഭകൻ വന്നിട്ടുണ്ടു്.

രാജാവു്: (ആദരവോടുകൂടി) അമ്മമാർ പറഞ്ഞയച്ചിട്ടോ?

ദ്വാരപാലൻ: ഇറാൻ! അതെ.

രാജാവു്: എന്നാൽ, കൂട്ടിക്കൊണ്ടുവരൂ.

ദ്വാരപാലൻ: ഇറാൻ. (പോയി, കരഭകൻ ഒന്നിച്ചു പ്രവേശിച്ചു) ഇതാ, എഴുന്നെള്ളിയിരിക്കുന്നു; അങ്ങോട്ടു ചെല്ലൂ.

കരഭകൻ: തമ്പുരാനു വിജയം! അമ്മത്തമ്പുരാക്കന്മാർ കല്പിച്ചയച്ചിരിക്കുന്നു, "ഇന്നേക്കു നാലാംദിവസം ഞങ്ങൾക്കു വ്രതം കാലംകൂടുന്നു; അന്നത്തേയ്ക്കു് ഉണ്ണി ഇവിടെ എത്തേണ്ടതു് അത്യാവശ്യമാണു്" എന്നു്.

രാജാവു്: ഒരിടത്തു തപസ്വികാര്യം. മറ്റൊരിടത്തു് അമ്മമാരുടെ കല്പന; രണ്ടും അതിക്രമിച്ചുകൂടാ; ഇവിടെ എന്തു ഞാൻ ചെയ്യേണ്ടു?

വിദൂഷകൻ: ത്രിശങ്കുവിനെപ്പോലെ നമുക്കു നില്ക്കണം.

രാജാവു്: തോഴരേ, കളിയല്ല, സത്യമായിട്ടു ഞാൻ കുഴങ്ങി വശായി.

ഭിന്നിച്ച കൃത്യദ്വയമങ്ങുമിങ്ങു-
മൊന്നിച്ചു ചെയ്യാൻ കഴിയായ്കമൂലം
കുന്നിൽത്തടഞ്ഞാൽ പുഴയെന്നപോലെ
മന്ദിച്ചു രണ്ടായ്പ്പിരിയുന്നു ചിത്തം.

(ആലോചിച്ചിട്ടു്) തോഴരേ, അമ്മമാർ അങ്ങേ പുത്രനായിട്ടാണു് സ്വീകരിച്ചിരിക്കുന്നതു്. അതിനാൽ അങ്ങു് ഇവിടെനിന്നു് മടങ്ങി തപസ്വികാര്യത്തിൽ എനിക്കുള്ള ബദ്ധപ്പാടു് അറിയിച്ചു് അവർക്കു് പുത്രകാര്യം അനുഷ്ഠിക്കണം.

വിദൂഷകൻ: എനിക്കു രാക്ഷസന്മാരെ ഭയമാണെന്നു മാത്രം വിചാരിച്ചുപോകരുതു്.

രാജാവു്: ഐ! എങ്ങേപ്പറ്റി അങ്ങനെ ശങ്കിക്കാനിടയില്ലല്ലോ.

വിദൂഷകൻ: എന്നാൽ, മഹാരാജാവിന്റെ അനുജനെപ്പോലെതന്നെ എന്നെ പറഞ്ഞയയ്ക്കണം.

രാജാവു്: തപോവനവാസികൾക്കു ശല്യത്തിനിടകൂടാതെ കഴിക്കണമല്ലോ. പരിവാരങ്ങളെയെല്ലാം അങ്ങേ ഒരുമിച്ചു് അയച്ചുകളയാം.

വിദൂഷകൻ: എന്നാൽ, ഞാനിന്നു യുവരാജാവായിച്ചമഞ്ഞു.

രാജാവു്: (വിചാരം) ഇയാളൊരു വിടുവായനാണു്; എന്റെ ഇപ്പോഴത്തെ മനോരാജ്യങ്ങൾ അന്തഃപുരത്തിൽച്ചെന്നു പ്രസ്താവിച്ചു എന്നുവരാം. ഇരിക്കട്ടെ, ഇയാളോടിങ്ങനെ പറയാം. (വിദൂഷകനെ കൈയ്ക്കു പിടിച്ചുകൊണ്ടു് വെളിവായി) തോഴരേ, മഹർഷിമാരിലുള്ള ഗൗരവം വിചാരിച്ചാണു് ഞാൻ ആശ്രമത്തിലേക്കു പോകുന്നതു്; തപസ്വികന്യകയുടെ പേരിൽ പരമാർത്ഥമായിട്ടും എനിക്കു അനുരാഗം ഒന്നും ഇല്ല. നോക്കൂ

സ്മരകഥയറിയാതെ മാൻകിടാങ്ങൾ-
ക്കരികിൽ വളർന്നവൾ ഞാനുമെങ്ങനെചേരും?
അരുളി കളിവചസ്സു തോഴരേ, ഞാൻ;
കരുതരുതായതു കാര്യമായ് ബ്ഭവാനും.

വിദൂഷകൻ: അങ്ങനെതന്നെ.
(എല്ലാവരും പോയി.)