മലയാളശാകുന്തളം
രചന:എ.ആർ. രാജരാജവർമ്മ
മൂന്നാം അങ്കം

വിഷ്കംഭം

[അനന്തരം ദർഭയെടുത്തുകൊണ്ട് യജമാനശിഷ്യൻ പ്രവേശിക്കുന്നു]

ശിഷ്യൻ : അമ്പ! ദുഷ്ഷന്തമഹാരാജാവ് മഹാനുഭാവൻ‌തന്നെ. അദ്ദേഹം ആശ്രമത്തിൽ പ്രവേശിച്ചമാത്രയിൽ ഞങ്ങൾക്കു കർമ്മവിഘ്നങ്ങളെല്ലാം നീങ്ങിയിരിക്കുന്നു. <poem>

             ഉഗ്രഹുംകൃതികണക്കു വില്ലിൽനി - 
             നുദ്ഗമിച്ച ഗുണഘോഷമൊന്നുതാൻ
             ഭഗ്നമാക്കി മഖവിഘ്നമൊക്കവേ
             മാർഗ്ഗണം വിടുകിലെന്തഹോ! കഥ?

ഇനി വേദിസംസ്തരണത്തിനുള്ള ഈ ദർഭപ്പുല്ല് ഋത്വിക്കുകൾക്ക് കൊണ്ടുചെന്നു കൊടുക്കാം. (ചുറ്റ് നടന്നുനോക്കി ആകാശത്തിൽ ലക്ഷ്യം ബന്ധിച്ച്) പ്രിയംവദേ, ആർക്കാണ് ഈ രാമച്ചം അരച്ചതും ഇലകളയാത്ത താമരവളയങ്ങളും കൊണ്ടുപോകുന്നത്? {കേട്ടതായി നടിച്ച്) എന്തുപറയുന്നു.? വെയിൽ കൊള്ളുകയാൽ ശകുന്തളയ്ക്കു വളരെ സുഖക്കേടായിരിക്കുന്നു; അവളുടെ ഉഷ്ണശാന്തിക്കായിട്ട് എന്നോ? എന്നാൽ, ശീതോപചാരങ്ങൾ ജാഗ്രതയായി ചെയ്യണം; അവൾ കുലപതിയുടെ പ്രാണനാണ്; ഞാനും അവൾക്കു യാഗതീർത്ഥം ഗൗതമിവശം കൊടുത്തയയ്ക്കാം. (പോയി)

അങ്കാരംഭം [അനന്തരം കാമുകാവസ്ഥയിലിരിക്കുന്ന രാജാവ് പ്രവേശിക്കുന്നു]

രാജാവ് : (നെടുവീർപ്പിട്ടിട്ട്)

     അറിവേൻ തപഃപ്രഭാവം
     പരവതിയക്കന്യയെന്നുമോർക്കുന്നേൻ;
     കരളോ പിന്നിവളിൽത്താൻ
     പിരിയാനരുതാതെ പതിയുന്നു.

(കാമപീഡ നടിച്ചുകൊണ്ട്) മന്മഥഭഗവാനേ, അങ്ങും ചന്ദ്രനും വിശ്വസ്ത വേഷം കെട്ടിക്കൊണ്ട് കാമിജനങ്ങളെ ചതിക്കുന്നുവല്ലോ. എങ്ങനെയെന്നാൽ,

     സ്മര,കുസുമശരൻ നീ ഇന്ദുശീതാം‌ശുവെന്നും,
     പറവതു പൊളിയെന്നേ മദ്വിധന്മാർ ധരിപ്പൂ;
     എരികനൽ പനിതന്നിൽ ചേർത്തിവൻ പൂനിലാവാൽ - 
     ച്ചൊരിയു;മരിയ വജ്രം‌പോലെ പൂവമ്പു നീയും

(ഖേദഭാവത്തോടെ ചുറ്റി നടന്നിട്ട്) ഇപ്പോളത്തെ യാഗകർമ്മങ്ങൾ അവസാനിക്കയാൽ സദസ്യന്മാർ എന്നെ വിശ്രമിക്കാൻ അനുവദിച്ചിരിക്കുന്നു; ഇനി ഇവിടെ ഇരുന്ന് എന്തു വിനോദംകൊണ്ടാണു മുഷിച്ചൽ തീർക്കേണ്ടത്? (നെടുവീർപ്പിട്ടിട്ട്) പ്രിയയെച്ചെന്നു കാണുകയല്ലാതെ വേറൊരു ഗതിയും കാണുന്നില്ല. അവളെത്തന്നെ കണ്ടുപിടിക്കാൻ നോക്കാം. (സൂര്യനെ നോക്കീട്ട്) ഈ വെയിൽ കടുക്കുന്ന ഉച്ചസമയത്ത് ശകുന്തള സഖിമാരുമൊന്നിച്ച് മാലിനീതീരത്തിലെ വള്ളിക്കുടിലുകളിലാണ്‌ ഇരിക്കുക പതിവ്; അങ്ങോട്ടുതന്നെ പൊയ്ക്കളയാം. (ചുറ്റിനടന്ൻ സ്പർശസുഖം നടിച്ചിട്ട്) ഇവിടം നല്ല കാറ്റുള്ള പ്രദേശമാണല്ലോ!

     തരമുണ്ടു, മാലിനിയിലെ - 
     ച്ചെറുശീകരവും സരോഗസൗരഭ്യവും
     ചൊരിയുന്നതെന്നലിവിടെ
     സ്മരതാപമിയന്ന മേനിമേല്പ്പുണരാൻ.

(പിന്നെയും ചുറ്റിനടന്നു നോക്കീട്ട്) ആറ്റുവഞ്ചിക്കു നടുക്കുള്ള ഈ ലതാമണ്ഡപത്തിലായിരിക്കണം, ശകുന്തള. എന്തുകൊണ്ടെന്നാൽ,

     മുൻഭാഗമൊട്ടുയർന്നും
     പിൻഭാഗം ജഘനഭാരനതംആയും
     ചേവടികളുണ്ടു കാണ്മാ - 
     നവിടെപ്പുതുതായ്പ്പതിഞ്ഞു വെണ്മണലിൽ.

ഈ മരക്കാലുകളുടെ ഇടയിൽക്കൂടി നോക്കാം. (അങ്ങനെ ചെയ്തിട്ട്) ആവൂ ! കണ്ണിന്‌ ആനന്ദമായി ; ഇതാ, എന്റെ പ്രിയതമ പാറപ്പുറത്ത് പൂമെത്ത വിരിച്ചു കിടക്കുന്നു. സഖിമാർ അടുത്തിരുന്നു ശുശ്രൂഷിക്കുന്നുമുണ്ട്. ആകട്ടെ, ഇവരുടെ സ്വൈര്യസംഭാഷണം കേൾക്കാം. (നോക്കിക്കൊണ്ട് നിൽക്കുന്നു)

[അനന്തരം മുൻചൊന്നമട്ടിൽ സഖിമാരും ശകുന്തളയും പ്രവേശിക്കുന്നു]

സഖിമാർ : (ശകുന്തളയെ വീശിക്കൊണ്ട് സ്നേഹത്തോടുകൂടി) തോഴി ശകുന്തളേ, ഈ താമരയിലകൊണ്ടു വീശീട്ട് നിനക്കു സുഖം തോന്നുന്നുണ്ടോ?

ശകുന്തള : തോഴിമാർ എന്നെ വീശുന്നുണ്ടോ? (സഖിമാർ വിഷാദത്തോടെ അന്യോന്യം നോക്കുന്നു.)

രാജാവ് : ശകുന്തളയുടെ സുഖക്കേടു ബലപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നു ; ഇതു വെയിൽനിമിത്തമോ അതോ മന്മഥൻനിമിത്തമോ ? രണ്ടുപ്രകാരവും എനിക്കു തോന്നുന്നുണ്ട്. (സൂക്ഷിച്ചുനോക്കീട്ട്) അല്ലെങ്കിൽ സംശയിക്കാനില്ല,

    കൈത്തണ്ടിൽ ശ്ലഥമാം മൃണാളവളയം,
           മാറത്തു രാമച്ചവും
    ചാർത്തീട്ടുള്ളൊരു മേനിയെത്ര സുഭഗം
          താപാർത്തമാണെങ്കിലും
    തോന്നാം ഗ്രീഷ്മജവും സ്മരോദ്ഭവവുമാം
          സന്താപമിങ്ങൊന്നുപോ -
    ലെന്നാലങ്ഗനമാരിലാതപരുജ -
          യ്ക്കിക്കാന്തി കാണായ്‌വരാ .

പ്രിയംവദ : (സ്വകാര്യമായി) അനസൂയേ, ആ രാജർഷിയെ ആദ്യമായിക്കണ്ടതുമുതൽ ശകുന്തളയ്ക്ക് ഒരു മനോരാജ്യത്തിന്റെ മട്ടു കാണുന്നുണ്ട്. അതുനിമിത്തംതന്നെ ആയിരിക്കുമോ ഈ സുഖക്കേട് ?

അനസൂയ : എനിക്കും സംശയമുണ്ട്. ഇരിക്കട്ടെ, ചോദിക്കാം. (വെളിവായിട്ട്) തോഴീ, നിന്നോടൊരു സങ്ഗതി ചോദിക്കേണ്ടിയിരിക്കുന്നു. നിനക്കു താപം കുറെ അധികം കാണുന്നല്ലോ.

ശകുന്തള : (കിടക്കയിൽനിന്നു പാതി എഴുനേറ്റിട്ട്) സഖീ ! നീ എന്താണു പറയാൻ വിചാരിക്കുന്നത് ?

അനസൂയ : തോഴി ശകുന്തളേ, മന്മഥവൃത്താന്തത്തെപ്പറ്റി ഒന്നും ഞങ്ങൾക്കു നല്ല രൂപമില്ല ; എന്നാൽ ഇതിഹാസങ്ങളിൽ കാമിജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഏതുവിധം കേട്ടിട്ടുണ്ടോ അതുവിധം ഒരവസ്ഥ നിനക്കു കാണുന്നു. പറയൂ ! നിന്റെ ഈ സന്താപത്തിനു കാരണമെന്താണ്‌ ? രോഗം ശരിയായറിയാതെ ചികിത്സയരുതല്ലോ.

രാജാവ് : എന്റെ ഊഹംതന്നെ അനസൂയയ്ക്കും ഉണ്ടായി ; എനിക്കു സ്വാർത്ഥംകൊണ്ടൂ തോന്നിയതല്ല.

ശകുന്തള : (വിചാരം) എന്റെ മനോരഥം പുറത്താകരുതെന്ന് എനിക്കു വലിയ നിർബന്ധമുണ്ട്; ഇവരോടുപോലും തുറന്നു പറഞ്ഞുകളയാൻ എനിക്കു മനസ്സുവരുന്നില്ല.

പ്രിയം‌വദ : തോഴി, ഇവൾ പറയുന്നതു ശരിയാണ്‌. നിന്റെ സുഖക്കേട് നീ എന്താണ്‌ വകവയ്ക്കാത്തത്? ദിവസം‌പ്രതി നിനക്കു ക്ഷീണം വർദ്ധിക്കുന്നുവല്ലോ; ലാവണ്യംകൊണ്ടുള്ള കാന്തിവിശേഷം മാത്രം പോയിട്ടില്ലെന്നേയുള്ളു.

രാജാവ് : പ്രിയം‌വദ പറഞ്ഞതു പരമാർത്ഥംതന്നെ.

     ഒട്ടി ഹന്ത! കവിൾത്തടം കുചമതിൽ -
           ക്കാഠിന്യമസ്പഷ്ടമായ്,
     തട്ടി വാട്ടമരയ്ക്ക; തോളുകൾ തുലോം
           താഴ്ന്നു; വിളർത്തൂനിറം;
     കോട്ടം മന്മഥനാലണഞ്ഞിടുകിലും
           തന്വങ്ഗി രമ്യാങ്ഗിതാൻ
     കോടക്കാറ്റടിയേറ്റു വെള്ളില കൊഴി -
           ഞ്ഞിട്ടുള്ള വാസന്തിപോൽ.

ശകുന്തള : തോഴി, മറ്റാരോടു ഞാൻ പറയേണ്ടു ? പക്ഷേ, നിങ്ങളെ എനിക്കു ശ്രമപ്പെടുത്തേണ്ടിവരുന്നു.

സഖിമാർ : അതിനാൽതന്നെയാണു നിർബന്ധം. പങ്കുകൊള്ളുന്ന സ്നേഹിതരിൽ വീതിച്ചുതീർന്നാൽ ദുഃഖത്തിന്റെ തീവ്രതയ്ക്കു കുറവുവരണമല്ലോ.

രാജാവ് : ഉൾക്കേടെന്തന്ന ചോദ്യം സൗഖവുമസുഖവും

             പങ്കുകൊള്ളുന്നൊരാൾതാൻ
             സോത്കണ്ഠം ചെയ്കയാലച്ചടുലമിഴി കഥി -
             ക്കാതിരിക്കില്ല തത്ത്വം.
             നോക്കീട്ടുണ്ടാസ്ഥയോടേ പലകുറിയിവളീ - 
             യെന്നെയെന്നലുമയ്യോ !
             തത്കാലത്തേക്കിളക്കം കരളിനിവളുര -
             യ്ക്കുന്നതെന്തെന്നു കേൾപ്പാൻ.

ശകുന്തള : സഖി, തപോവനത്തിന് രക്ഷിതാവായ ആ രാജർഷിയെ എന്ന് എനിക്ക് കാണാൻ ഇടയായോ, അന്നുമുതൽ അദ്ദേഹത്തിന്റെ പേരിലുള്ള അഭിലാഷംക്ണ്ടു ഞാൻ ഈ അവസ്ഥയിലായി.

രാജാവ് : (സന്ത്ഷത്തോടെ) കേൾക്കേണ്ടതു കേട്ടു.)

            സന്താപമേകാനുമകറ്റുവാനും 
            ചെന്താർശരൻ താനൊരു ഹേതുവായി;
            ഇക്കണ്ട ലൊകത്തിനു വർഷമേകാൻ
            കാർക്ണ്ടെഴും വാസരമെന്നപോലെ.

ശകുന്തള : അതുകൊണ്ടു നിങ്ങൾക്കു സമ്മതമാണെങ്കിൽ ആ രാജർഷിക്ക് എന്റെ പേരിൽ ദയ തോന്നത്തക്കവണ്ണം പ്രവർത്തിക്കണം; അല്ലാത്തപക്ഷം, താമസിയാതെ നിങ്ങൾക്ക് എന്റെ ഉദകക്രിയ ചെയ്യേണ്ടിവരും.

രാജാവ് : സംശയം തീർത്തുതന്നെ പറഞ്ഞു.

പ്രിയം‌വദ : (സ്വകാര്യമായിട്ട്) അനസൂയേ, ഇവൾക്കു കാമാവസ്ഥ മൂർച്ഛിച്ചുകഴിഞ്ഞു; ഇനി കാലതാമസം പാടില്ല. ഇവളുടെ അഭിലാഷം പ്രവർത്തിച്ചത് പൂരുവംശത്തിനലങ്കാരഭൂതനായ ആളിലുമാണല്ലോ. അതിനാൽ നാം അതിനെ അഭിനന്ദിക്കണം.

അനസൂയ : (സ്വകാര്യമായിട്ട്) നീ പറഞ്ഞതു ശരിതന്നെ. (വെളിവായിട്ട്) ഭാഗ്യവശാൽ ഉചിതമായിട്ടുതന്നെയാണു നിനക്ക് ആഗ്രഹം തോന്നിയത്. മാഹാനദി സമുദ്രത്തിലല്ലാതെ ചെന്നുചേരുമോ ?

പ്രിയം‌വദ : തളിർത്തിരിക്കുന്ന മുല്ലവള്ളിയെ തേന്മാവല്ലാതെ കൈക്കൊള്ളുമോ ?

രാജാവ് : വിശാഖാനക്ഷത്രം രണ്ടും ചന്ദ്രലേഖയെ അനുവർത്തിക്കുന്നതിൽ ആശ്ചര്യം വലതുമുണ്ടോ?

അനസൂയ : സഖിയുടെ മനോരഥം താമസിയാതെയും ഗൂഡമായും സാധിക്കുന്നതിന് എന്താണുപായം ?

പ്രിയം‌വദ : ഗൂഡമെന്ന സംഗതിയിൽ ആലോചിപ്പാനുണ്ട്; ശീഘ്രമെന്നത് എളുതാണ്.

അനസൂയ : അതെങ്ങനെ ?

പ്രിയം‌വദ : ആ രാജർഷി ഇവളെ സ്നേഹഭാവത്തോടെ നോക്കിക്കൊണ്ട് അഭിലാഷം സൂചിപ്പിക്കാറുണ്ട്. ഈയിടെ അദ്ദേഹത്തിന് ഉറക്കച്ചടവും കാണുന്നു.

രാജാവ് : ശരി! എന്റെ അവസ്ഥ ഇങ്ങനെതന്നെ ആയിത്തീർന്നിരിക്കുന്നു.

           കൈത്തണ്ടിൽച്ചേർത്ത ഗഡ്ഗംവഴിയിരവുകളിൽ 
           പാരമുഷ്ണിച്ച കണ്ണീ - 
           രുൾത്താപത്താലൊലിച്ചിട്ടൊളിതെളിവുകുറ -
           ഞ്ഞുള്ള രത്നങ്ങളോടെ
           സ്വസ്ഥാനംവിട്ടു തട്ടാതരിയഗുണകിണ -
           ഗ്രന്ഥിയിൽപ്പോലുമൂരി -
           പ്പേർത്തും താഴുന്ന തങ്കത്തരിവള മുകളിൽ -
          ച്ചേർത്തിടുന്നേൻ സദാ ഞാൻ.

പ്രിയം‌വദ : (ആലോചിച്ചിട്ട്) എന്നാൽ അദ്ദേഹത്തിനൊരു കാമലേഖനം എഴുതുക. അതു ഞാൻ പൂവിൽ പൊതിഞ്ഞു പ്രസാദം കൊടുക്കുന്ന കൂട്ടത്തിൽ അദ്ദേഹത്തിന്റെ കൈയിൽ എത്തിക്കാം.

അനസൂയ : എനിക്കു നന്നേ ബോധിച്ചു. നല്ല ഉപായം; ഒരു പ്രയാസവുമില്ല. ശകുന്തളയ്ക്കെന്താണഭിപ്രായം ?

ശകുന്തള : നിങ്ങളുടെ തീർച്ചയിൽ എനിക്ക് മറിച്ചുണ്ടോ ?

പ്രിയം‌വദ : എന്നാൽ, തന്റെ സ്ഥിതി കാണിച്ച് ഒരു ലളിതമായ ശ്ലോകം ഉണ്ടാക്കാൻ ആലോചിക്കൂ !

ശകുന്തള : ആലോചിക്കാം ; എന്നാൽ അദ്ദേഹം തള്ളിക്കളഞ്ഞാലോ എന്നു പേടിച്ച് എന്റെ മനസ്സു പിടിയ്ക്കുന്നു.

രാജാവ് : ഊഹിക്കുന്നീ നിരസനമെവൻ

            ചെയ്‌വതായ്ക്കാതരേ ! നീ
            മോഹിച്ചായാളിഹ ഭവതിയെ - 
            ത്താനിതാ കാത്തുനില്പൂ
            ആശിച്ചാൽ ശ്രീയൊരുവനു ലഭി -
            ച്ചെന്നുമില്ലെന്നുമാവാം;
            താനാശിച്ചാലൊരുവനെയവൻ
            ശ്രീക്കു ദുർല്ലഭ്യനാമോ ?

സഖിമാർ : നിന്റെ ഗുണങ്ങളെ നീ അവമാനിക്കുകയാണ് ! ശരീരസുഖത്തിനുള്ള ശരച്ചന്ദ്രികയെ ആരെങ്കിലും മുണ്ടിന്റെ തുമ്പുകൊണ്ടു മറയ്ക്കുമോ ?

ശകുന്തള : (പുഞ്ചിരിയോടെ) നിങ്ങളുടെ വരുതിപോലെയാവാം (ഇരുന്നാലോചിക്കുന്നു.)

രാജാവ് : ഇമ ചിമ്മുന്നതിനുകൂടി മറന്നു ഞാൻ എന്റെ പ്രിയതമയെ നോക്കുന്നത് ഒട്ടും അസ്ഥാനത്തിലല്ല. എന്തെന്നാൽ,

             കളഭാഷിണി ചില്ലിയൊന്നുയർത്തീ -
             ട്ടുളവാക്കാനൊരു പദ്യമോർത്തിടുമ്പോൽ
             പുളകോദ്ഗമമിക്കവിൾത്തടത്തിൽ
             തെളിയിക്കുന്നിതു ഹന്ത ! രാഗമെന്നിൽ.

ശകുന്തള : ഞാൻ ശ്ലോകം ആലോചിച്ചുവച്ചിരിക്കുന്നു. എഴുത്തുസമാനമൊന്നും ഇവിടെ ഇല്ലല്ലോ.

പ്രിയം‌വദ : കിളിയുടെ വയറുപോലെ മിനുസമായ ഈ താമരയിലയിൽ നഖം കൊണ്ടെഴുതാം.

ശകുന്തള : (പറഞ്ഞതുപോലെ ചെയ്തിട്ട്) തോഴിമാരേ, അർത്ഥം യോജിച്ചുവോ എന്ന്നു നോക്കുവിൻ !

സഖിമാർ : ഞങ്ങൾ ശ്രദ്ധിച്ചുകേൾക്കാം.

സകുന്തള : (വായിക്കുന്നു.)

             നിന്നുടെ ചിത്തമറിഞ്ഞി -
             ല്ലെന്മനമോ മാരദേവനിരവുപകൽ
             നിർദ്ദയ, നീറ്റുന്നു തുലോ
             നിങ്കൽച്ചേരും, മനോരഥം‌മൂലം.

രാജാവ് : (ത്ധടിതി അടുത്തുചെന്ന്)

            നിന്നെക്കാശാംഗി, മദനൻ ബത! നീറ്റിടുന്നു;
            പിന്നെന്നെയോ സപദി ചുട്ടുപൊടിച്ചീടുന്നു;
            ചന്ദ്രന്നു വാസരകൃതം ക്ലമമെത്രമാത്രം
            കുന്നിക്കുമത്രവരികില കുമുദ്വിതിക്ക്.

സഖിമാർ : (രാജാവിനെക്കണ്ടു സന്തോഷത്തോടെ എഴുന്നേറ്റ്) കൈയോടെ ഫലിച്ച സഹിയുടെ മനോരഥത്തിനു സ്വാഗതം !

(ശകുന്തള എഴുന്നേൽക്കാൻ ഭാവിക്കുന്നു.)

രാജാവ് : വേണ്ട! വേണ്ട! ശ്രമപ്പെടരുത്.

             വിലുളിതവിസവാസനയേ -
             റ്റലർമെത്തയിലെസ്സുമങ്ങളും പറ്റി
             സ്ഫുടതാപമായ്ത്തളരുമീ -
              യുടൽകൊണ്ടുപചാരമാചരിക്കരുതേ.

അനസൂയ : ഈ പാറയുടെ ഒരു ഭാഗത്തിരുന്നു തോഴർ അതിനെ അലങ്കരിക്കണം.

(രാജാവ് ഇരിക്കുന്നു. ശകുന്തള ലജ്ജിക്കുന്നു.)

പ്രിയം‌വദ : നിങ്ങൾക്ക് രൺറ്റുപേർക്കും അന്യോന്യാനുരാഗം പ്രത്യക്ഷമാണ്‌. സഖീസ്നേഹമാകട്ടെ, എന്നെക്കൊണ്ട് പിഷ്ടപേഷം ചെയ്യിക്കുന്നു.

രാജാവ് : ഭദ്രേ, ഇതു തടുക്കാവതല്ല. പറവാൻ തോന്നുന്നതു പറയാഞ്ഞാൽ പശ്ചാപത്തിനിടവരും.

പ്രിയം‌വദ : പ്രജകളിൽ ഒരാൾക്ക് ഒരാപത്തു നേരിട്ടാൽ അതു തീർത്തു രക്ഷിക്കയത്രേ നിങ്ങളുടെ ധർമ്മം.

രാജാവ് : ഇതിനേക്കാൾ ഉപരി മറ്റൊന്നും ഇല്ല.

പ്രിയം‌വദ : എന്നാൽ, അങ്ങുനിമിത്തമായി ഞങ്ങളുടെ ഈ പ്രിയസഖിയെ മന്മഥഭഗവാൻ ഈ അവസ്ഥയിലാക്കിയിരിക്കുന്നു; ഇവളെ അങ്രഹിച്ചു പ്രാണരക്ഷ ചെയ്യണം.

രാജാവ് : ഭദ്രേ, ഈ പ്രാർത്ഥന ഇരുഭാഗക്കാർക്കും ഒന്നുപോലെയത്രേ! എല്ലാംകൊണ്ടും എനിക് അനുഗ്രഹമായി.

രാജാവ് : അനന്യഗതിയെന്മനസ്സിതു മറിച്ചു ശങ്കിക്കൊലാ;

            നിനയ്ക്കുക നിനക്കിരിപ്പനിശമെന്റെ ഹൃത്തിങ്കലേ;
            അനന്യജശരങ്ങളാൽ നിഹതനായൊരീയെന്നെ നീ
            പുനശ്ച നിഹനിക്കൊലാ പഴിചമച്ചുരച്ചീവിധം.

അനസൂയ : സഖേ, രാജാക്കന്മാർക്കും ഭാര്യമാർ അസ്ംഖ്യം ഉണ്ട്. എന്നാണ്‌ കേള്വി.; ഞങ്ങളുടെ ഈ തോഴിയെപ്പറ്റി ബന്ധുജനങ്ങൾക്കു ശ്ചിക്കാനിടവരാത്തവിധത്തിൽ അങ്ങു നിർവ്വഹിക്കണം.

രാജാവ് : ഭദ്രേ, എന്തിനേറെപ്പറയുന്നു?

            കളത്രമെത്രയായാലും കുലത്തിന്നൂന്നു രണ്ടുതാൻ ;
            ഒന്നബ്ധികാഞ്ചിയാമൂഴി, മറ്റതീയുറ്റത്ഴിയും

സഖിമാർ : ഞങ്ങൾക്കു തൃപ്തിയായി.

പ്രിയം‌വദ : (ചുറ്റി നോക്കിക്കൊണ്ട്) അനസൂയേ , ഇതാ ഈ മാൻകുട്ടി അങ്ങോട്ടും ഇങ്ങോട്ടും തനിയെ അന്ധാളിച്ചുനോക്കുന്നു. തള്ളയെ കാണാഞ്ഞിട്ടായിരിക്കണം. വരൂ നമുക്ക് അതിനെ തള്ളയുടെ അടുക്കൽ കൊൺറ്റുചെന്നു വിടാം.

(രണ്ടുപേരും പോകുന്നു.)

ശകുന്തള : എനിക്കു തുണയില്ലല്ലോ; ആരെങ്കിലും ഒരാൾ പോയാൽ മതി.

സഖിമാർ : ഭൂമിയൊട്ടുക്ക് തുണയായുള്ള ആളാല്ലയോ നിന്റെ അടുക്കൽ ഉള്ളത്? (പോയി.)

ശകുന്തള : അല്ലാ, പൊയ്ക്കളഞ്ഞോ?

രാജാവ് : പരിഭ്രമിക്കേണ്ട! ശുശ്രൂഷയ്ക്കു വേണ്ടുന്ന ആൾ അടുത്തുതന്നെ ഉണ്ട്.

             നീർത്തുള്ളിയാർന്ന കുളിർകാറ്റെഴുമാലനട്ടം
             ചാർത്തേണമോ സുഖദമാം നളിനീദളത്താൽ ?
            ചെന്താരിനൊത്ത ചരണം മടിയിൽ കരേറ്റി -
            ച്ചിത്തത്തിനൊത്ത കരഭോരു, തലോടനോ ഞാൻ.

ശകുന്തള: മാന്യന്മാരെക്കൊൺറ്റു വിടുപണി എടുപ്പിച്ചിട്ടുള്ള കുറ്റം എനിക്കു വന്നുകൂടാ. (എഴുന്നേറ്റു പോകാൻ ഭാവിക്കുന്നു.)

രാജാവ് : സുന്ദരീ, വെയിലാറീട്ടില്ല. നിന്റെ ശരീരസ്ഥിതിയും ഈവിധം ഇരിക്കുന്നു.

            മലർമെത്ത വെടിഞ്ഞു, മാറിടം നീ
            കമലത്തിൻ ദളപാളികൊൺറ്റു മൂടി,
            തിയിൽമെത്തിടുമങ്ഗകങ്ങളോടേ
            വെയിലത്തങ്ങു ഗമിക്ക യുക്തമാണോ 

(തടഞ്ഞുനിറുത്തുന്നു.)

ശകുന്തള : പൗരവ, മര്യാദ ലംഘിക്കരുത്; കാമപാരവശ്യം ഇരുന്നാലും എന്റെ ആത്മാവ് എനിക്കു സ്വാധീനമല്ല.

രാജാവ് : ഭയശീലേ, ഗുരുജനങ്ങളെ ഓർത്തു നീ ഭയപ്പെടേണ്ട. സങ്ഗതിയെറിയുമ്പോൾ ധർമ്മജ്ഞനായ കുലപതി നിറ്റെ പേരിൽ ഒരു തെറ്റും ആരോപിക്കയില്ല. അത്രതന്നെയുമല്ല,

           ഗാന്ധർവ്വമായുൾല വിവാഹബന്ധം
           സന്ധിച്ച രാജർഷി കുമാരിമാരെ
           പണ്ടുള്ള നാളും നിജബന്ധുവർഗ്ഗം
           കൊണ്ടാടിയെന്നായ്പ്പല കേൾവിയുണ്ട്.

ശകുന്തള : ആകട്ടെ, ഇപ്പോൾ എന്നെ വിടണം. സഖിമാരോടു ഞാൻ ഒരിക്കൽക്കൂടി ചോദിച്ചുകൊള്ളട്ടെ!

രാജാവ് : എന്നാൽ വിട്ടയയ്ക്കാം.

ശകുന്തള : എപ്പോൾ ?

രാജാവ് : മധുരൂഷിതമാം പുതു പ്രസൂനം

             വിധുരൻ ഭൃങ്ഗകിശോരനെന്നപോലെ
             അവരിക്ഷതചാരുശോഭനേ, നി -
             ന്നധരം ഞാൻ സദയം നുകർന്നുതീർന്നാൽ.

(മുഖം ഉയർത്താൻ ഭാവിക്കുന്നു.) (ശകുന്തള മുഖം തിരിച്ചുകലയുന്നു.)


[അണിയറയിൽ] ചക്രവാകീ, കൂട്ടുപിരിയാൻ ഒരുങ്ങിക്കൊള്ളൂ; രാത്രി അടുത്തുവരുന്നു.

ശകുന്തള : (സംഭ്രമത്തോടുകൂടി) പൗരവ, സംശയമില്ല. എന്റെ ദേഹസ്ഥിതി അന്വേഷിക്കാൻ ആര്യഗൗതമി ഇങ്ങോട്ടുതന്നെ വരികയാണ്; ഈ വൃക്ഷത്തിനിടയിൽ മറഞ്ഞുനിൽക്കണം.

രാജാവ് : അങ്ങനെതന്നെ (മറഞ്ഞുനിൽക്കുന്നു)

[ അന്തന്തരം ജലപാത്രം എടുത്തുംകൊണ്ട് ഗൗതമിയും ഒന്നിച്ചു സഖിമാരും പ്രവേശിക്കുന്നു.]

സഖിമാർ ; അമ്മേ, ഇതാ, ഇങ്ങനെ വരാം.

ഗൗതമി : (ശകുന്തളയുടെ അടുക്കൽച്ചെന്ന്) കുഞ്ഞേ, നിനക്കു സുഖക്കേടിനു കുറവുണ്ടോ?

ശകുന്തള : ഭേദമുണ്ട്.

ഗൗതമി : ഈ തീർത്ഥംകൊണ്ടു നല്ല വാശിയാകും. (ശകുന്തളയുടെ തലയിൽ തീർത്ഥം തളിച്ചിട്ട്) കുഞ്ഞേ, നേരം സന്ധ്യയാകാറായി; വരൂ! ആശ്രമത്തിലേക്കുതന്നെ പോകാം. (പുറപ്പെടുന്നു.)

ശകുന്തള : (വിചാരം) മനസ്സേ, ആഗ്രഹം സാധിക്കുന്നതിന് അവസരം തനിയെ വന്നുചേർന്നപ്പോൽ നിനക്കു ഭയംകൊണ്ടു സങ്കോചമായിരുന്നു; അതു തെറ്റിയതിന്റെശേഷം ഇപ്പോൾ പശ്ചാത്തപിക്കുന്നതെന്തിന്? (ഒന്നുരണ്ടടി നടന്നു തിരിഞ്ഞുനിന്നിട്ട്, വെളിവായി) താപശാന്തിക്കുപകരിച്ച വള്ളിക്കുടിലേ, നിന്നോടു തത്കാലം ഞാൻ യാത്രചോദിക്കുന്നു; താമസിയതെ കാണാം. (മറ്റുള്ളവരൊന്നിച്ച് ദുഃഖഭാവത്തോടെ പോയി.)

രാജാവ് : (മുൻ‌നിന്നിടത്തു ചെന്നു നെടുവീർപ്പുവിട്ട്) ആഗ്രഹിച്ച കാര്യം സാധിക്കുന്നതിൽ എങ്ങനെയെല്ലാം വിഘ്നം വന്നു ചേരുന്നു! എനികാകട്ടെ,

            വിരൽക്കൊണ്ടധരം മറച്ചു, ചേലൊ -
            ടരുതേ എന്നുരചെയ്ത്, വക്ത്രപദ്മം
            തരളാക്ഷി തിരിച്ചതൊന്നുയർത്താൻ
            തരമായി; നുകരാൻ കഴിഞ്ഞതില്ല.

ഇനി എങ്ങോട്ടാണു പോകേണ്ടത്? അല്ലെങ്കിൽ പ്രിയതമയ്ക്കു വിശ്രമസ്ഥാനമായിരുന്ന ഈ വള്ളിക്കുടിലിൽത്തന്നെ കുറേനേരംകൂടി ഇരിക്കാം. (എല്ലായിറ്റത്തും ചുറ്റിനോക്കിയിട്ട്)

           ഇക്കല്ലിൽ പുഷ്പതല്പം ദയിതതമ കിട -
                  ന്നിട്ടു കേടാന്നതത്രേ,
           ശുഷ്കം പദ്മച്ചേദം പിന്നിതു നഖലിപിയേ -
                  റ്റൊരു നൽകാമലേഖം
           അക്കൈത്തണ്ടിങ്കൽനിന്നൂർന്നൊരു ബിസവളയാ -
                 ണിക്കിടക്കുന്നതെന്നും
           നോക്കുമ്പോൾ ഞാനശക്തൻ വിടുവതിനിവിടം
                 ശൂന്യമെന്നാലുമിപ്പോൾ.

[ആകാശത്തിൽ]

അല്ലയോ രാജാവേ !

            സ്വൈര്യം സന്ധ്യയ്ക്കു വേണ്ടുന്നൊരു സവനവിധി -
                  ക്കായൊരുങ്ങിത്തുടങ്ങു -
            നേരം ഹോമാഗ്നികുണ്ഡപ്രകരഭരിതമാം
                  യാഗശാലാന്തരത്തിൽ,
            പാരം ചെമ്പിച്ചു സന്ധ്യാജലധരനിരപോൽ
                  രൂപഭേദങ്ങളോടേ
            ഘോരം രാത്രിഞ്ചരന്മാരുടെ നിഴൽനികരം
                  സഞ്ചരിക്കുന്നു ചാരേ.

രാജാവ് : ഇതാ ഞാൻ വന്നുകഴിഞ്ഞു.

(പോയി)