മാർത്താണ്ഡവർമ്മ/അദ്ധ്യായം ഇരുപത്തിനാല്‌

മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം_ഇരുപത്തിനാല്‌


"പുത്രിക്കുള്ളൊരു സദ്‌ഗുണങ്ങളഖിലം കേ--
ട്ടിട്ടു സന്തുഷ്ടനായ്
ഗാത്രം ഞെട്ടിവിറച്ചു മുങ്ങിയധികം
പൊങ്ങുന്ന ബാഷ്പത്തിലും."

"പ്പൂ നീ ഇവിടെ നിൽക്കണം.തങ്കം ഭ്രാന്തനേയും മറ്റും ഇന്ന് വിടും.വിടുകയാണെങ്കിൽ അവരുടെ പുറകെ നീ എത്തി അവർ പറയുന്നതും എങ്ങോട്ടു പോകുന്നു എന്നുള്ളതും അറിഞ്ഞ് എന്നോട് വന്ന് പറയണം." ഈ വിധമായ ഒരു ആജ്ഞ ഗൂഢമായി കൊടുത്തതിന്റെ ശേഷം സുഭദ്ര ചെമ്പകശ്ശേരിയിൽ നിന്നു വേഗത്തിൽ തന്റെ ഭവനത്തിൽ എത്തി.

അവിടെ കഴക്കൂട്ടം പിള്ളയൊഴിച്ച് മറ്റുള്ള എട്ടുവീട്ടിൽ പിള്ളമാരും ചില ജന്മിമാരും ഗൃഹസ്ഥന്മാരും ,വിശേഷിച്ചും ചെമ്പകശ്ശേരിയിലെ മൂത്ത പിള്ളയും സുന്ദരയ്യനും അഗ്രാസനത്തിൽ വലിയ തമ്പിയും ഉപാദ്ധ്യക്ഷനായി ശ്രീരാമൻ തമ്പി അങ്ങുന്നും കൂടി ഇരുന്ന് ചില ആലോചനകൾ നടത്തുന്നു.എട്ടുവീട്ടിൽ പിള്ളമാരും ജന്മിമാരും അനുജൻ തമ്പിയും മറ്റും കുടമൺ പിള്ളയുടെ നിയമസ്ഥാനത്ത്, പാണ്ഡവ ദൂതനായ യദുകുലനാഥനെ കണ്ട ദുര്യോധനനെപ്പോലെ ഉൽക്കടമായ മദം പൂണ്ട് ഇരിക്കുന്ന , വലിയ തമ്പിയെചുറ്റി ഓഛാനിച്ച് നിൽക്കുന്നു. വേൽക്കാരെ സംബന്ധിച്ച് യുവരാജാവ് കൊടുത്ത കല്പന തമ്പി അറിഞ്ഞ ഉടനെത്തന്നെ വേൽക്കാരെ വരുത്തി ആയുധങ്ങൾ വയ്പിച്ച് സകലരോടും അവരവരുടെ ഗൃഹത്തിലേയ്ക്ക് പോകുന്നതിനു നിയോഗിച്ചു.നാഞ്ചിനാട്ടിൽ നിന്നു മറവർ മുതലായി അഞ്ഞൂറോളം ജനങ്ങളെ ചേർത്തുകൊണ്ട് തന്റെ അനുജൻ അതിന് ഒരു നാഴികക്കുമുൻപ് വന്നുചേർന്നിരുന്നതിനാൽ ഇങ്ങനെയുള്ള ഏർപ്പാട് ചെയ്യുന്നതിന്ന് തമ്പിക്ക് ഏതും സംശയമുണ്ടായില്ല.വേൽക്കാരെ പിരിച്ചയച്ചതിന്റെശേഷം അനുജനോടും ചെമ്പകശ്ശേരി മൂത്തപിള്ളയോടുമൊരുമിച്ച് തമ്പി കുടമൺപിള്ളയുടെ വീട്ടിലേക്ക് യാത്രയായി.അക്കഥ പപ്പു പറഞ്ഞറികയാൽ , സുഭദ്രയും അവിടെ എത്തി.ആലോചനകൾ അധികം നേരത്തേക്കുണ്ടായിരുന്നില്ല.ചെമ്പകശ്ശേരി മൂത്തപിള്ള മുതലായ ഭീരുക്കൾ മാത്രം തിരുമുഖത്തുപിള്ള വരുന്നതുവരെ യാതൊരു കൃത്യവും നടത്തിക്കൂടുന്നതല്ലെന്ന് അഭിപ്രായപ്പെട്ടു.എന്നാൽ തമ്പിമാർ മേലിൽ അരനാഴിക പോലും ക്ഷമിക്കുന്നതല്ലെന്ന് ശപഥം ചെയ്കയാൽ , ആ രാത്രികൊണ്ട് രാജ്യക്ഷേമത്തിനത്യാവശ്യകമായിട്ടുള്ള ഒരു കൃത്യത്തെ നടത്തിക്കൊള്ളൂമാറ് , അധികം പേർ സമ്മതിച്ചു.ഓരോരുത്തർ അജബലി മുതലായ നേർച്ചകളും നേർന്ന് ക്രിയയ്ക്ക് ആരംഭിച്ചു.

ഇതിനിടയിൽ യുവരാജാവ് തന്റെ ദിനാന്തകൃത്യങ്ങളിൽ അന്ന് അനുഷ്ഠിക്കാവുന്നവയെ കഴിച്ചിട്ട് പള്ളിയറയിൽ പ്രവേശിച്ചപ്പോൾ , പരമേശ്വരൻപിള്ള അകത്തുകടന്ന് മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവരിൽ നാലുപേർ മുഖം കാണിക്കാൻ വന്നിരിക്കുന്നു എന്നറിയിച്ചു.യുവരാജാവ് സന്തോഷത്തോടുകൂടി അവരെ വിളിക്കുന്നതിന്നു കല്പിച്ചു.ഇവർ തിരുമുമ്പിൽ പ്രവേശിച്ചപ്പോൾ അവരെ ആദരപൂർ‌വം കടാക്ഷിച്ചിട്ട്, "അമ്മാവനെ കാണാൻ കഴിഞ്ഞോ?" എന്ന് ചോദിച്ചു.അത് സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭടന്മാരിൽ വെങ്ങാനൂർപിള്ളയുടെ സേനയാൽ പരാജിതന്മാരാക്കപ്പെട്ടതിൽ ശേഷിച്ചവരായി നൂറിലധികം ആളുകൾ പശ്ചിമമാർഗമായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞില്ലെങ്കിൽ നിസ്സംശയമായി എട്ടുവീട്ടിൽ‌പിള്ളമാരുടേയും അവരുടെ പാർശ്വത്തിലുള്ളവരുടേയും ഗൃഹങ്ങളെ ചതിയാൽ ഭസ്മമാക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഭടന്മാർ മണക്കാട്ട് പഠാണിപ്പാളയത്തിനടുത്ത് താമസിക്കുന്നു എന്നും അറിയിച്ചു.ഈ വർത്തമാനം കേട്ടുണ്ടായ സന്തോഷത്തോടുകൂടി ,കുറുപ്പിന്റെ സ്ഥിതി ഓർത്ത് ആരും അദ്ദേഹത്തെ നിഗ്രഹിക്കുന്നതല്ലെന്നും അദ്ദേഹത്തിനെ ബന്ധനത്തിൽ നിന്ന് വിടുവിക്കാൻ ശ്രമിക്കയല്ലാതെ അവിവേകങ്ങൾ ഒന്നും പ്രവർത്തിക്കരുതെന്നും കല്പിച്ചിട്ട് യുവരാജാവ് ഇങ്ങനെ ഒരു ചോദ്യം ചെയ്തു."കുറുപ്പ് നമുക്ക് വേണ്ടി ആളുകളെ ചേർക്കാൻ പോയതിൽ ഒന്നും സാധിച്ചില്ല ഇല്ലേ"

കൃഷ്ണക്കുറുപ്പ്:- "അമ്മാവൻ കല്പനപ്രകാരം തിരുമുഖത്ത്‌പിള്ളയെ കൊല്ലാൻ ശ്രമിച്ചു എന്ന് ആ ദിക്കുകളിലെല്ലാം ഒരു കഥ പരന്നിരിക്കുന്നു.എന്ന് മാത്രമല്ല, ഭൂതപ്പാണ്ടിയിൽ ചെന്നപ്പോൾ ദളവാഅദ്ദേഹം അമ്മാവന്റെ വാക്കുകളെ വിശ്വസിക്കാതെ അപമാനിച്ചയക്കുകയും ചെയ്തു."

യുവരാജാവ്:- "എന്താശ്ചര്യം! അതെങ്ങനെ സംഭവിച്ചു?(വിപരീതാർത്ഥമായി)നമ്മേ സഹായിച്ചുതുടങ്ങിയ അന്നുമുതൽ കുറുപ്പിനു വലുതായ ശ്രേയസ്സുതന്നെ!"

കൃഷ്ണക്കുറുപ്പ്:- "ആക്ഷേപമായി അങ്ങനെ കല്പിക്കേണ്ട .ശ്രേയസ്സുതന്നെ എന്നാണ് അടിയങ്ങൾ പഴയമനസ്സിൽ വിചാരിക്കുന്നത്."

യുവരാജാവ്:- "എന്റെ മനസ്സിനു സമാധാനം വരുന്നില്ലല്ലോ"

കൃഷ്ണക്കുറുപ്പ്:- "അമ്മാവനാകട്ടെ,അടിയങ്ങൾക്കാകട്ടെ, തൃപ്പാദത്തിലേക്കുവേണ്ടി ചെയ്ത ശ്രമങ്ങളിൽ വന്നിട്ടുള്ള യാതൊരു നഷ്ടത്തിനേയും അപമാനത്തിനേയും കുറിച്ച് വ്യസനമില്ല."

യുവരാജാവ്:-" നിങ്ങളെപ്പോലെ വേറൊരു കുടുംബവും എന്നെ സ്നേഹിച്ചും സഹായിച്ചും വന്നു.തിരുമുഖത്തുപിള്ളയെക്കുറിച്ചാണു ഞാൻ പറയുന്നത്.അദ്ദേഹത്തിനും വലുതായ ഒരു വ്യസനം വന്നുകൂടി.കിളിമാനൂർ ജ്യേഷ്ഠന്റെ കഥ കേട്ടിരിക്കുമല്ലോ.ആകപ്പാടെ നമ്മെ സഹായിക്കാൻ ആളുകൾ ദുർ‌ലഭമാകും.ആട്ടെ, നിങ്ങൾ നാളെ രാവിലെ ഇവിടെ വന്ന് രാമയ്യനെ കാണണം.വേണ്ടതെല്ലാം അയാളോട് ആലോചിച്ച് നടത്തണം."

"കല്പന" എന്നുപറഞ്ഞുകൊണ്ട് മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവൻ തിരുമുമ്പിൽ നിന്ന് പുറപ്പെട്ടു.യുവരാജാവ് നിദ്രയ്ക്കാരംഭിച്ച് ,കുറച്ചുനേരം ചിന്താഗ്രസ്ഥനായി കിടന്നിട്ട് പരമേശ്വരൻപിള്ളയെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: പരമേശ്വരാ,ഈ ആപത്തുകൾ ഒഴിഞ്ഞ് പ്രജകളേ ക്ഷേമത്തോടും സമാധാനത്തോടും ഭരിക്കാൻ സംഗതി വരുന്ന അന്ന്, എന്റെ രാജ്യവും കിരീടവും കുടുംബവും ശ്രീ പദ്മനാഭന്റെ അധീനത്തിലാക്കി അവിടുത്തെ ദാസനായി ഞാൻ രാജ്യഭരണം തൃപ്പടിയിൽ നിന്ന് ഏൾക്കുന്നുണ്ട്.ശ്രീ പദ്‌മനാഭൻ തന്നെ നമ്മെയും കുടുംബത്തേയും പ്രജകളേയും രാജ്യത്തേയും സർ‌വദാ കരുണയോടുകൂടി രക്ഷിക്കണം."

മാർത്താണ്ഡവർമ്മ യുവരാജാവിന്റെ ഹൃദയപൂർ‌വമായുള്ള ഈ പ്രാർത്ഥനയും എട്ടുവീട്ടിൽപിള്ളമാരുടെ നേർച്ചകളും ഏകദേശം ഒരേ മുഹൂർത്തത്തിലായിരുന്നു.ഇപ്രകാരം,തന്നെയുംതന്റെ സർ‌വസ്വത്തേയും അഖിലലോകസൃഷ്ടിരക്ഷാഭരണകർത്താവായ സത്യസ്വരൂപങ്കൽ സമർപ്പണം ചെയ്തതിന്റെശേഷം, അതിബുദ്ധിമാനും ഗംഭീരനുമായിരുന്നു എങ്കിലും ,പ്രായത്തിന് പരിപക്വതയും അതിനാൽ ബുദ്ധിക്ക് പുരുഷാഹങ്കാരവും പൂർ‌ണ്ണമായി പ്രാപിക്കാതെ ഇരുന്ന ആ യുവാവായ രാജകുമാരൻ മനശ്ചാഞ്ചല്യങ്ങൾ നീങ്ങി നിദ്രയ്ക്കാരംഭിച്ച്, ക്ഷണേന നിർബാധമായുള്ള സുഖനിദ്രയിൽ ആയി.എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ പരമേശ്വരൻപിള്ളയുടെ ഝടിതിയിലുള്ള വിളികളാൽ യുവരാജാവ് സുഷുപ്തിസദൃശ്യമായ നിദ്രയിൽ നിന്നുണർത്തപ്പെട്ടു. യുവരാജാവ് ഉണർന്നുനോക്കിയപ്പോൾ പരമേശ്വരൻപിള്ളയെക്കൂടാതെ മറ്റൊരാളേയും പള്ളിയറയ്ക്കകത്ത് കാണുകകൊണ്ടും ആ ആൾ നിരുപമതേജസ്സോടുകൂടിയ ഒരു പ്രൗഢയായ സ്ത്രീ ആയിരുന്നതിനാലും അദ്ദേഹം ആശ്ചര്യത്തോടുകൂടി എഴുനേറ്റ് ആദരവോടുകൂടി "ആരാണ്" എന്ന് ചോദിച്ചു.സ്ത്രീകളോടുള്ള പരിചയവും മധുരമായും ലളിതമായും ഉള്ള സംഭാഷണത്തിൽ പടുത്വവും ആ യുവാരാജാവിന് തുലോം കുറഞ്ഞിരുന്നതിനാൽ, ഈ സന്ദർഭത്തിൽ അദ്ദേഹത്തിനു വലുതായ പരുങ്ങൽ ഉണ്ടായി എന്ന് മാത്രമല്ല, "ആരാണ്" എന്ന് ചോദിച്ചതിന്റെ ശേഷം ബുദ്ധി കേവലം വിചാരശൂന്യമായി ഭവിച്ചപോലെ തോന്നുകയും ചെയ്തു.യുവരാജാവിന്റെ കുഴക്കിനെക്കണ്ട് മനസാ അദ്ദേഹത്തെ അഭിനന്ദിച്ചും, തന്റെ ആ പ്രവൃത്തിയിൽ അതുവരെ തോന്നിയിരുന്ന സംശയങ്ങളെ അകറ്റിയും ,തന്റെ ജന്മഭൂമിയായ രാജ്യത്തിനും തദ്ദേശീയർക്കും യുവരാജാവുമൂലം ഉദിച്ചിരിക്കുന്ന ഭാഗ്യദശ ഓർത്ത് സന്തോഷിച്ചും സുഭദ്ര ഏറ്റവും വിനീതയായി ലജ്ജാദിഗോഷ്ടികൾ കൂടാതെ."കുടമൺപോറ്റിയുടെ അനന്തരവൾ കിടാത്തിയാണ്" എന്നറിയിച്ചു.ഈ വാക്കുകൾ കേട്ടപ്പോൾ അതുവരെ സോദരഭാവത്തിൽ ആദരപൂർ‌വമായി സുഭദ്രയ്ക്ക് അഭിമുഖനായി നിന്നിരുന്ന യുവരാജാവ് നീരസഛായയുടെ പ്രവേശനാരംഭം കൊണ്ട് കലുഷമായ തന്റെ മുഖം തിരിച്ചിട്ട് അല്പനേരം ആലോചനയോടു നിന്നു.അനന്തരം "കുടമൺപിള്ള എന്റെ ശത്രുവാണല്ലോ.പിന്നെ അനന്തരവൾക്കിവിടെ കാര്യം എന്താണ്?" എന്നു ചോദിച്ചു.

സുഭദ്ര: "തിരുമനസ്സിലെ അമ്മാവൻ തിരുമേനിയ്ക്ക് തിരുമനസ്സിനെക്കുറിച്ച് അതിസ്നേഹമായിരുന്നല്ലോ.അവിടത്തെ മക്കൾ ശത്രുക്കളായും ഇരിക്കുന്നില്ലേ? സംബന്ധം കൊണ്ട് അവരവർക്കുള്ള ഗുണവിചാരങ്ങൾ നഷ്ടമാകുന്നതല്ല.തിരുമേനിക്കു വലുതായ ഒരു ആപത്തടുത്തിരിക്കുന്നു."

യുവരാജാവ്(ആത്മഗതം):"ഇവൾ ഇത്ര വാഗ്മിയെന്നു ഞാൻ കേട്ടിരുന്നില്ല.തമ്പിയോടുള്ള സഖ്യം നിലപ്പിച്ചിട്ട് എന്നോടാകാമെന്നായിരിക്കും വിചാരം."(പ്രകാശം)"ബന്ധുവായി വന്നിരിക്കയാണെങ്കിൽ സന്തോഷമായി.എന്നാൽ നിങ്ങളുടേയും എന്റേയും സ്ഥിതിയ്ക്ക് ഈ അകാലത്ത് ഇങ്ങോട്ട് നിശ്ചയിച്ച യാത്ര വേണ്ടിയില്ലായിരുന്നു.മറ്റൊരാളെ അയച്ചാലും സംഗതി എന്നെ ഗ്രഹിപ്പിക്കാമായിരുന്നല്ലോ?"

സുഭദ്ര(ആത്മഗതം) "ഇദ്ദേഹത്തിന്റെ പ്രാണരക്ഷക്കായി വന്ന എന്നെ ഇദ്ദേഹം 5 വന്ധകിയാണെന്നു സംശയിക്കുന്നു."(പ്രകാശം)"തിരുമേനി,അമ്മതമ്പുരാട്ടിയേയും കൊച്ചുതമ്പുരാൻ തിരുമനസ്സിലേയും ക്ഷണത്തിൽ ഇവിടുന്ന് എഴുന്നെള്ളിക്കണം. തർക്കങ്ങളും സംശയങ്ങളും സ്വസ്ഥമായിരിക്കാനുള്ള കാലം വന്നിട്ടാകാം."

യുവരാജാവ്:(തമ്പിക്കനുകൂലമായി തന്നെ ആപത്തിൽ ചാടിക്കാനാണ്സുഭദ്രയുടെ ശ്രമം എന്ന് തോന്നുകയാൽ )" അമ്മാവൻ നാടുനീങ്ങിയിരിക്കുമ്പോൾ ഇവിടുന്ന് മാറുന്നത് യുക്തമല്ലല്ലോ"

സുഭദ്ര: "ആപത്തിനു ന്യായമുണ്ടോ?"

യുവരാജാവ്:"ആപത്തുണ്ടെന്ന് എനിക്ക് ബോധ്യം വരണ്ടെ?"

സുഭദ്ര:"ഇതിൽ ബോധ്യം വരാൻ അടിയൻ എന്തു തെളിവാണ് തരുന്നത്?താമസിച്ചാൽ പിന്നീട് നിവൃത്തിയില്ലാതെ ആകും.അമ്മാവനും തമ്പിയദ്ദേഹവും ആയിരത്തോളം ആളുകളും ഓരോ വഴിയ്കായി ഇങ്ങോട്ട് പുറപ്പെടുന്നുണ്ട്."

യുവരാജാവ്:"സംഗതി ലഘുവായുള്ളതല്ലല്ലൊ. ഇതിൽ കുടമൺപോറ്റിയുടെ അനന്തരവളും ,6തമ്പിയുടെ‌ - ആകപ്പാടെ ഇത് കൃത്രിമമല്ലെന്ന് ഞാൻ എങ്ങനെ വിശ്വസിക്കുന്നു?"

സുഭദ്ര:" കല്പിക്കാൻ തുടങ്ങിയതിനെ ഭേദപ്പെടുത്തേണ്ടതില്ലായിരുന്നു. തിരുമേനി, സൂചകം അടിയനു മനസ്സിലായി. ഒന്ന് ഇപ്പോൾ അടിയനും പഴവുള്ളത്തിൽ ഉറപ്പായി.തിരുമേനിയെ സഹായിക്കാൻ ആലോചിക്കുന്നവർക്ക് അനുഭവം മനസ്താപമല്ലാതെ വേറൊന്നില്ല."

തന്റെ മനസ്സിനെ സദാ വ്യാകുലപ്പെടുത്തുന്നതായും മൂന്നു നാലു നാഴികയ്ക്കു മുമ്പിൽ താൻ തന്നെ ഉച്ചരിച്ചതായും ഉള്ള ഒരഭിപ്രായം തന്നെ സുഭദ്രയുടെ നാവിൽ നിന്നും മാനഹാനിയാലുണ്ടായ മന:പൂർ‌വമായുള്ള വിഷാദസ്വരത്തിൽ പുറപ്പെട്ടതുകേട്ടപ്പോൾ , യുവരാജാവ് സർപ്പദംശനം ഏറ്റാലെന്നതുപോലെ ഒന്നു ഞെട്ടി.ഈ അഭിപ്രായത്തെ ധൈര്യസമേതം തന്റെ മുമ്പിൽ നിന്ന് നിർ‌വ്യാജമാണെന്നല്ലാതെ വിശ്വസിക്കാൻ പാടില്ലാത്തതായ വ്യസനത്തോടുകൂടി പറയുന്നവൾ മിഥ്യാവാദിനി ആയിരിക്കയില്ലെന്ന് യുവരാജാവിനു തോന്നുകയാൽ "ശരി തന്നെയാണ്,എന്നാൽ ഈ കാലത്തിന്റെ വിശേഷസ്ഥിതിയിൽ ഞങ്ങൾക്കു ബോധ്യം വരാതെ എങ്ങനെ വിശ്വസിക്കുന്നു എന്നാണ് സംശയം."എന്നു പറഞ്ഞു.

സുഭദ്ര:" ഈ കല്പന ന്യായമാണ്. എന്നാൽ അടിയൻ തന്നെ വിടകൊണ്ടതിന്റെ കാരണം അനുഭവം കൊണ്ടറിയാം.ബന്ധുവാനണെന്നതിലേയ്ക്ക് , തിരുമനസ്സിനെ വേലുക്കുറുപ്പ് അപായപ്പെടുത്താൻ തുടങ്ങിയ രാത്രി അടിയൻ ഒരെഴുത്ത് തിരുമനസ്സിലേക്കയച്ചിട്ടുണ്ടായിരുന്നു.അത് തൃക്കൈയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ --"

യുവരാജാവ്"മനസ്സിലായി, ഞാൻ ക്ഷണിക്കാൻ തുടങ്ങിയ അബദ്ധത്തെ ക്ഷമിക്കണം."

അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കുടമൺപിള്ളയും പരിവാരങ്ങളും തമ്പിമാരും കൊട്ടാരത്തിനകത്ത് കടന്ന് യുവരാജാവിനെ തിരയുന്നു.ചില പള്ളിയറക്കാർ മുതലായവരെ അല്ലാതെ യുവരാജാവിനേയും മറ്റും കാൺ‌മാനില്ല. ഈ പള്ളിയറക്കാരെ ഓരോ വിധമായ ഹേമങ്ങൾ ചെയ്തിട്ടും അവർ യുവരാജാവ് മുതലായവർ എങ്ങോട്ട് പോയെന്നു പറയുന്നില്ല.തമ്പിമാർ ഊരിപ്പിടിച്ചിരിക്കുന്ന ഖഡ്ഗങ്ങളെ വീശിക്കൊണ്ട് ഓരോ മുറിയും തളവും മച്ചും കിണറും വൃക്ഷങ്ങളുടെ മറവും പ്രതേകം പരിശോധിക്കുന്നു. ഇതിനിടയിൽ സുഭദ്ര തന്റെ ഭൃത്യഭാവത്തിലൂള്ള നാലുപേരോടൊരുമിച്ച് തന്റെ ഗൃഹത്തിലേയ്ക്ക് തിരിച്ചു.വഴിയിൽ വച്ച് ഒരുവനോട് ചിലത് സ്വകാര്യമായി പറഞ്ഞ് അവനെ പിരിച്ചയച്ചു.ശേഷമുള്ള 7മൂന്നുപേരോടൊരുമിച്ച് പോകും വഴിയ്ക്ക് നാഞ്ചിനാട്ടുകാരാൽ തടുക്കപ്പെട്ടു."ആരത്" എന്ന് തലവനായ ശ്രീരാമൻ തമ്പി ചോദിച്ചതിന് "ഞാൻ തന്നെ കൊച്ചങ്ങുന്നേ --- ചെമ്പകം. പോയി തല കൊണ്ടരണം" എന്ന് സുഭദ്ര അനുഗ്രഹത്തോടുകൂടി ഉത്തരം പറഞ്ഞു."തേവിടിശ്ശി! ചെമ്പകശ്ശേരീന്ന് വരുന്നതായിരിക്കാം. പോ. പോ . ചെമ്പകത്തിനു വഴിമാറിക്കൊടുക്കിൻ" എന്ന് തമ്പി ഉത്തരവ് കൊടുത്തു."ഈ വിധമുള്ള തടസ്സങ്ങളെ നിവർത്തിക്കാനാണ് അടിയൻ തന്നെ വിടകൊണ്ടത്" എന്ന് മന്ത്രിച്ചുകൊണ്ട് സുഭദ്ര ആടിക്കുഴഞ്ഞ് കൂടെയുള്ളവരോടൊരുമിച്ച് തിരിച്ചു.തന്നോടുകൂടെയുണ്ടായിരുന്നവരെ പെരുവഴിയിലുള്ള ആൽത്തറയിൽ നിറുത്തീട്ട് തന്റെ ഭവനത്തിലേയ്ക്ക് പോയി, ഏകദേശം അരനാഴിക കഴിഞ്ഞ് ആയുധപാണികളും ഓരോ ചുമടുവഹിക്കുന്നവരുമായ നാലഞ്ചാളോടൊരുമിച്ച് സുഭദ്ര ആൽത്തറയുടെ ചുവട്ടിൽ എത്തി, "ഇനി എഴുന്നെള്ളാം.രാത്രികൊണ്ടുതന്നെ വെങ്ങാനൂർ കടക്കണം.ഇവരെക്കണ്ടാൽ എട്ടുവീട്ടുകാർ തടുക്കയില്ല" എന്ന് പറഞ്ഞു.അപ്പോൾ"ആരത്" എന്നുള്ള ചോദ്യത്തോടുകൂടി കിഴക്ക് നിന്നു വന്ന ഒരാൾ ആ സ്ഥലത്ത് ആവിർഭവിച്ചു. അന്യനെ കണ്ടിട്ട് സുഭദ്ര അല്പം മാറിനിന്നു.സുഭദ്രയെ സൂക്ഷിച്ച് നോക്കീട്ട് അന്യൻ തന്റെ ഉള്ളിൽ കത്തിയ കോപാഗ്നിയുടെ തൈക്ഷ്ണ്യം സഹിക്കാൻ പാടില്ലാതെ "നിനക്ക് ഈ വഴിയിൽ ഈ അസമയത്തെന്തുകാര്യം?" എന്ന് ചോദിച്ചു."നീ" എന്നുള്ള പദപ്രയോഗംകേട്ടുണ്ടായ നീരസത്തോടുകൂടിയെങ്കിലും സുഭദ്ര" എന്റെ വീട്ടിന്റെ മുമ്പിൽ നിൽക്കുകയാണ് " എന്നുമാത്രം പറഞ്ഞു.

അന്യൻ:(സ്നേഹകോപങ്ങളുടെ വിപരീതാകർഷണങ്ങളാൽ ചഞ്ചലഹൃദയനായി എങ്കിലും ലേശവും ഗാംഭീര്യലോപം കൂടാതെ )"ഇവർ ആരെല്ലാമാണ്?"

സുഭദ്ര: "എന്റെ കുടിയാന്മാരും വീട്ടിൽ പാർക്കുന്നവരും മറ്റുമാണ്"

അന്യൻ:" നിന്റെ കുടിയാന്മാര്! അവരെ ഒന്ന് കാണട്ടെ"ഇങ്ങനെ പറഞ്ഞുകൊണ്ട് അന്യൻ ഓരോരുത്തന്റെ അടുത്തുചെന്ന് മുഖപരിശോധന ചെയ്തുതുടങ്ങി.ഒരുവന്റെ അടുത്തുചെന്നപ്പോൾ "ഇവൻ നിന്റെ കുടിയാൻ തന്നെയാണ്; ശരി ശരി .(അടുത്ത ആളെ നോക്കീട്ട്) "തോർത്തും കട്ടിമുണ്ടും 8 കുട്ടിയ്ക്ക് നല്ലതിന്മണ്ണം ചേരുന്നുണ്ട്. അടുത്ത ആൾ -- ഹാ! ഞാൻ വിചാരിച്ചതുപോലെ തന്നെ."

അന്യനും ഒടുക്കം മുഖപരിശോധന കഴിക്കപ്പെട്ട ആളും പരസ്പരം അറികയാൽ രണ്ടുപേരും മുഖാമുഖം നോക്കി മിണ്ടാതെ നിന്നു. ശ്രീ പത്മനാഭൻ തമ്പിയെ പത്മനാഭപുരം നഗരത്തിൽ വച്ചു രാത്രിയിൽ ചെന്നുകണ്ട അന്യനായ ഇദ്ദേഹം തന്റെ മുമ്പിൽ കാണപ്പെട്ട യുവാവിനെ ദഹിപ്പിക്കുമാറുള്ള കോപത്തോടുകൂടി ഹാസ്യമായി , "ഇത്രയുംകൂടി കാണണമെന്ന് വിധിച്ചിരിന്നു." എന്ന് ശാസനീയനായ ശിഷ്യനോട് ഉത്തമനായ ഗുരു എന്നപോലെ പറഞ്ഞു.തന്റെ ഒരു ഉപേക്ഷ നിമിത്തം ഹൃദയത്തെ പീഢിപ്പിച്ചിരുന്ന വ്യസനം ഉള്ളിലിരിക്കെ ഈ വാക്കുകൾ കേൾക്കയാൽ ചില സംശയങ്ങളും ഉള്ളിലുദിച്ചു എങ്കിലും, യുവാവായ യുവരാജാവ് , ലൗകീകാനുസാരിയായ 9 ഭഗവാൻ പണ്ട് പുത്രശോകാർത്തനായ ബ്രാഹ്മണന്റെ ദുർഭാഷണങ്ങൾ കേട്ടിട്ടും ക്ഷമാപരനായിരുന്ന പോലെ, ശാന്തത ആശ്രയിച്ചുകൊണ്ട്, "എന്താണ് തിരുമുഖത്തുപിള്ള ദേഷ്യപ്പെടുന്നത്? ഞാൻ അയച്ച എഴുത്തുകൾക്ക് മറുപടിപോലും അയക്കാതെ, എന്നെ കണ്ടപ്പോൾ ആക്ഷേപവാക്കുകൾ കൊണ്ട് സൽക്കരിക്കുന്നത്കാലഭേദം തന്നെ അല്ലേ" എന്നരുളിചെയ്തു.

'തിരുമുഖത്തുപിള്ള' എന്ന നാമത്തെകേട്ടപ്പോൾ സുഭദ്രയുടെ നീരസം പാതിനീങ്ങി.യുവരാജാവിനോടുകൂടി ഉണ്ടായിരുന്ന രാമയ്യനും പരമേശ്വരൻ പിള്ളയും അതിനുമുമ്പിൽതന്നെ അദ്ദേഹത്തെ അറിഞ്ഞിരുന്നു.

തിരുമുഖത്തുപിള്ള:"അടിയന്റെ ആക്ഷേപവാക്കുകളെ ക്ഷമിക്കണം.മുഖം കാണിക്കുന്നതിനായി അടിയൻ വിടകൊണ്ടതാണ്.അത് കഴിഞ്ഞു.ഇനി കുപ്പപ്പാട്ടിലേയ്ക്ക് തിരിച്ചുവിടകൊള്ളുന്നതിനു കല്പനയുണ്ടാകണം."

യുവരാജാവ്:" എന്തുകഥയാണിത്? ഞാൻ അപേക്ഷിച്ചിട്ടല്ലേ താൻ വന്നത്?എന്നിട്ട് കാണുമുമ്പേ യാത്രയ്ക്ക് ഭാവമായോ?മനുഷർ ഇങ്ങനെ 10 ഭേദപ്പെടാറുണ്ടോ?"

തിരുമുഖത്തുപിള്ള:" ഭേദപ്പെട്ടിട്ടുണ്ടെങ്കിലും കല്പിച്ച് ആശ്ചര്യപ്പെടാനില്ലല്ലോ?"

യുവരാജാവ്:" ആശ്ചര്യപ്പെടുന്നില്ല,വ്യസനിക്കുന്നതേയുള്ളൂ"

തിരുമുഖത്തുപിള്ള: " അടിയനോളമുണ്ടോ?"

യുവരാജാവ്: " താൻ ഭാഗ്യവാൻ, എന്തിനാണ് വ്യസനിക്കുന്നത്?"

തിരുമുഖത്തുപിള്ള: " രണ്ടുവർഷം കൊണ്ടുണ്ടായ ഭേദങ്ങളെ വിചാരിച്ചുതന്നെ.ഇന്നിങ്ങനെ കാണാൻ സംഗതിയും വന്നല്ലോ?തിരുമേനിയോളം അടിയൻ സമചിത്തനായിട്ടില്ല."

യുവരാജാവ്: " പറവാനുള്ളത് നേരെ പറയൂ.വ്യഥാ താമസിച്ചാൽ എന്നെ തനിക്ക് രക്ഷിക്കാൻ കഴിവില്ലാത്ത സ്ഥിതിയിലാകും.കുടമൺപിള്ളയും മറ്റും എന്നെ തിരക്കി പുറപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തിരിച്ചുവരും."

തിരുമുഖത്തുപിള്ള:" അടിയനാൽ കഴിവില്ലെങ്കിലും ഇവളാൽ കഴിയുമല്ലോ.കോട്ടാർ മുതലായ ദിക്കുകളിൽ പോയാൽ ഇതിലും വലുതായ സഹായങ്ങൾ ചെയ്‌വാൻ ആളുകൾ കാണും."

യുവരാജാവ്: " എന്താണ് താൻ പറയുന്നത്?"

തിരുമുഖത്തുപിള്ള: " അടിയൻ വിടകൊണ്ടുപോകാൻ കല്പന തരണം. തിരുമേനിയെ സഹായിക്കാൻ ആറുവീട്ടുകാർ വന്നിട്ടുണ്ട്.അടിയനെ താമസിപ്പിച്ചാൽ കല്പിച്ച് വ്യസനിക്കും."

യുവരാജാവ്: " കോട്ടാറ്റ് എന്നെ സഹായിക്കാനാരാണ്?"

തിരുമുഖത്തുപിള്ള: " തിരുമേനീ, അവിവേകം ചെറുപ്പകാലത്ത് എല്ലാവർക്കും സഹജമാണ്.മന:പൂർ‌വമായിട്ടുള്ള വ്യാജം ഒരു കാലത്തും ക്ഷമിക്കാൻ പാടുള്ളതല്ല. കോട്ടാറ്റുള്ള പരിചയത്തെ ഉപേക്ഷിച്ചു എന്ന് വരുമോ?"

യുവരാജാവ്: " ആരോടുള്ള പരിചയം എന്ന് പറയൂ"

തിരുമുഖത്തുപിള്ള: " ദാസിമാരുമായുള്ള പരിചയം."

യുവരാജാവ്: " കഷ്ടം! താൻ ഈ വിധം പറഞ്ഞുതുടങ്ങിയോ?മര്യാദയും മറ്റും എനിക്കുപദേശിച്ചുതന്ന ഗുരുവല്ലേ താൻ?"

തിരുമുഖത്തുപിള്ള: " പ്രവൃത്തിയിൽ സത്യലംഘനവും ദുഷ്ടതയും അടിയൻ ഉപദേശിച്ചിട്ടില്ലല്ലോ?"

യുവരാജാവ്: " എന്തുവാക്കുകളാണിത്? താൻ അമ്മാവനോടുകൂടി തൃശ്ശിനാപ്പിള്ളിയ്ക്ക് പോയിരുന്നതിനിടയ്ക്ക് തനിക്കുണ്ടായ വ്യസനത്തെ സംബന്ധിച്ച് ഞാൻ മിണ്ടാതിരുന്നു എന്നൊരു കുറ്റമല്ലാതെ മറ്റെന്താണ് ഞാനൊരധർമ്മം പ്രവർത്തിച്ചിട്ടുള്ളത്? എന്നെ ഈ ആളുകൾ ഓടിച്ചിട്ട് വട്ടം തിരിക്കുക ആയിരുന്നതിനാൽ അതിനെപ്പറ്റി തനിക്ക് ഒരെഴുത്ത് പോലും അയയ്ക്കാൻ ഇടവരാത്തതാണ്."

തിരുമുഖത്തുപിള്ള:" ഈ വാക്കുകളിൽ ഉള്ള മാധുര്യത്തോളം ഹൃദയത്തിൽ മാർദ്ദവവും ഉണ്ടായിരുന്നുവെങ്കിൽ , ഇന്ന് അടിയൻ ഈ വിധം ഉണർത്തിക്കാൻ ഇടവരുമായിരുന്നോ?"

യുവരാജാവ്: " കാലം വൃഥാ പോകുന്നു.ഇങ്ങനെ സൂചകങ്ങളായി ഓരോ ദുരുക്തികൾ പറയുന്നതിനേക്കാൾ ഉള്ളിലുള്ളതിനെ സ്പഷ്ടമായി പറഞ്ഞാൽ ഞാൻ സമാധാനം പറയാം."

തിരുമുഖത്തുപിള്ള: 'കൽപന. തൃപ്പാദത്തിൽ സമർപ്പിക്കപ്പെട്ട അടിയന്റെ മകൻ കിടാത്തനെ എന്തുചെയ്തു ?'

യുവരാജാവ്: 'ഞങ്ങൾ ഒരുമിച്ച് നാഗർകോവിലിൽ താമസ്സിച്ചിരുന്നപ്പോൾ അവൻ അമ്മയെ കാണുന്നതിനായി പോയി. അന്നു പോകണ്ട എന്നു ഞാൻ തടുത്തു. അമ്മയ്ക്കു സുഖക്കേടാണെന്നു വർത്തമാനം കിട്ടിയിരിക്കുന്ന എന്നു പറകയാൽ ഞാൻ അനുവദിച്ചു. അന്നുമുതൽ എന്നെ ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ ശത്രുക്കൽ സ്മമതിച്ചിട്ടില്ല. ഒന്നും അനേവഷിക്കാനും ഇടവന്നിട്ടില്ല. കള്ളിയങ്കാടു മുതലായ സ്ഥലങ്ങളിലെ കഥകൾ കേട്ടിരിക്കുമല്ലോ?'

തിരുമുഖത്തുപിള്ള: 'കഥകൾ അടിയൻ പലതും കേട്ടിട്ടുണ്ട്. അതിൽ ഒന്ന് തിരുമനസ്സിൽ അറിയിക്കാം. തിരുമേനിയുടെ അമ്മാവൻതിരുമനസ്സുകൊണ്ടും അടിയൻമുതൽപ്പേരും തൃശ്ശിനാപ്പള്ളിയിലേക്കു പട്ടാളത്തെകൊണ്ടുവരാൻ പോയപ്പോൾ തിരുമേനി സ്വാതന്ത്യങ്ങളും പ്രായവിശേഷത്തിനടുത്തതായ ചില സേവകളും തുടങ്ങി. അവിടുത്തെ നടപടികൾ കണ്ട്, അടിയന്റെ മകനും നാനാവിധങ്ങൾ ആരംഭിച്ചു.'

യുവരാജാവ്: 'നാരായണ! എന്നെ ശകാരിച്ചുകൊള്ളൂ. മരിച്ചവരെ വൃഥാ ദുഷിക്കാതിരിക്കൂ.'

തിരുമുഖത്തുപിള്ള : 'ആഹാ! കഥ മനസ്സിലായി, എന്റെ തിരുമേനിക്ക്. ഞാൻ അറിഞ്ഞിട്ടില്ലെന്നു വിചാരിക്കേണ്. ഈശ്വരൻ സത്യസ്വരൂപാണ്. കളവു നീളെ നിൽക്കുമോ തിരുമേനീ? അടിയന്റെ മകനെ നിർദ്ദയനായി കേവലം പെരുവഴിപ്പിണമായ ഒരു വ്യഭിചാരിണിമൂലം കൽപ്പിച്ചു കൊന്നതിനെ വിചാരിക്കുമ്പോൾ, തിരുമേനീ, അടിയന്റെ ആത്മാവിനെപ്പോലും അടിയനു വിശ്വാസം തോന്നുന്നില്ല. '

പ്രകൃത്യാ സ്വാത്മാഭിമാനിയായുള്ള യുവരാജാവ് മേൽപ്രകാരമുള്ള വചനങ്ങളുടെ ശ്രവണത്താൽ ഭിന്നപൗരുഷനായി. തന്റെ മാതുലന്മാരുടെ സത്യതത്പരനായുള്ള മന്ത്രിശ്രേഷ്ഠൻ, ദുഷ്‌പ്രേഷകന്മാരൽ വഞ്ചിതനായിരിക്കുന്നു എന്നുള്ള സമാധാനംകൊണ്ടു കോപം അടക്കി എങ്കിലും അംഗങ്ങൾ തളർന്നു പരവശനായി. പരമേശ്വരൻപിള്ളയും രാമയ്യനും ഈ കഥ പൗരന്മാരുടെ ലഹള കഴിഞ്ഞു കേട്ടു എങ്കിലും യുവരാജാവിനെ ഗ്രഹിപ്പിക്കുന്നതിന് അവർക്കു ധൈര്യമുണ്ടായിരുന്നില്ല. ഇവരും വിഷണ്ണരായി നിൽക്കുന്നതിനിടയിൽ യുവരാജാവു തിരുമുഖത്തുപിള്ളയോട് ഇങ്ങനെ ചോദിച്ചു: 'അനന്തപത്മനാഭനെ ഞാൻ കൊന്നു എന്നു താൻ വിശ്വസിക്കുന്നോ ?'

തിരുമുഖത്തുപിള്ള : 'അടിയൻ, യദൃച്ഛയാ ഒരു കോടാങ്കി അടിയന്റെ കുപ്പപ്പാട്ടിൽ വിടകൊണ്ടിരുന്നു. അവൻ ദേവീപ്രസാദത്താൽ അടിയന്റെ സ്ഥിതി സകലതും പരമാർത്ഥമായി പറഞ്ഞു. ഒടുവിൽ അനന്തപത്മനാഭന്റെ മരണം രാജകരത്താൽ സംഭവിച്ചതാണെന്നും തിരിഞ്ഞു. അതുകൊണ്ട് അടിയൻ തൃപ്തിപ്പെട്ടില്ല. അടിയൻ ഒരു അഞ്ജനക്കാരനെ വരുത്തി നോക്കിച്ചു. അതിലും തൃക്കൈയാൽ കൊല്ലപ്പെട്ടതാണെന്നു തെളിഞ്ഞു. എന്നിട്ടും അടിയൻ വിശ്വസിച്ചില്ല. ഈയിടെ കാലക്കുട്ടി അവിടെ വിടകൊണ്ടിരുന്നു- '

യുവരാജാവ്: 'എന്റെ എഴുത്തോടുകൂടിയാണ് അവൻ വന്നിരുന്നത്.'

തിരുമുഖത്തുപിള്ള: 'എഴുത്തു്‌ണ്ടെങ്കിൽ അവൻ തരുമായിരുന്നു. '

പരമേശ്വരൻപിള്ള: 'ഇപ്പോൾഅടിയൻ അറിയിച്ചത് ഒത്തോ? പറഞ്ഞില്ലയോ കാലക്കുട്ടി ചതിക്കുമെന്ന്. ഇനി എന്തെങ്കിലും കൽപിച്ച് ഇദ്ദേഹം ചലമ്പുന്നതു കേട്ടുനിന്നു നേരം വെളുപ്പിക്കാതെ എഴുന്നള്ളണം. '

രാമയ്യൻ : 'മിണ്ടാതിരിക്കൂ പരമേശ്വരൻപിള്ളേ. അദ്ദേഹം അടുത്തുനിൽക്കുമ്പോൾ തിരുമേനിക്ക് ആപത്തില്ല. ശൂദ്ധഗതികൾകൊണ്ട് ആസംബന്ധം പറയാതിരിക്കൂ.'

തിരുമുഖത്തുപിള്ള : 'രാമയ്യൻ, അങ്ങ് ഒന്നും അറിഞ്ഞിട്ടില്ല. ഈ പരമേശ്വരൻപിള്ളയ്ക്ക ദേഷ്യം ഉണ്ടാവാൻ സംഗതിയുണ്ട്. ഐ കൊലയ്ക്കു സഹായിച്ചതിന് അനന്തപത്മനാഭന്റെ വാളും പരിചയും അവന് സമ്മാനം കിട്ടീട്ടുണ്ട്.'

പരമേശ്വരൻപിള്ള : 'അയ്യ! ഒരു പാണ്ടിക്കുറവൻ കൊണ്ടന്നതിനെ കൽപിച്ചു വാങ്ങി എനിക്കു തന്നതു കൊലയ്ക്കു കൈക്കൂലിപോലും! അമ്പട ബുദ്ധി!'

തിരുമുഖത്തുപിള്ള: 'അങ്ങനെ ആയിരിക്കട്ടെ. നിങ്ങളെല്ലാം തിരുമനസ്സിലേക്ക് അനുകൂലമായി പറയേണ്ടവരാണ്. ദാസിയോടു ചുള്ളിയിൽ മാർത്താണ്ഡനും ഞാനും പോയി ചോദിച്ചു. അവൾ സത്യം മുഴുവൻ പറഞ്ഞു. '

യുവരാജാവ്:'ശ്രീപത്മനാഭാ! ഈ അപവാദങ്ങൾ കേൾക്കാറായോ? തിരുമുഖത്തുപിള്ളേ, താൻ എന്നെ പത്തൊമ്പതു വയസ്സുവരെ ഈ ദുഷ്ടരുടെ കൈയിൽ പെടാതെ സൂക്ഷിച്ചതിനു തനിക്ക് എന്റെ ജീവന് അവകാശമുണ്ട്. കൊന്നുകൊള്ളൂ. ഇല്ലാത്ത ഒരു സംഗതിക്ക് തെളിവു തരാൻ പ്രയാസമാണ്. തന്റെ കൈയാൽ മരിക്കുന്നതു പൂർണ്ണസമ്മതംതന്നെ.'

സുഭദ്ര: 'തിരുമേനീ, ഇത്ര വ്യസനിക്കുന്നതെന്തിന്? ഇദ്ദേഹത്തിനെ സുന്ദരയ്യൻ മുതൽപേർകൂടി ഒരു വലയിൽ അകപ്പെടുത്തിയിരിക്കയാണ്. അനന്തപത്മനാഭനെ വേലുക്കുറുപ്പാണു കൊന്നത്. കാരണം തിരുമേനിയോടു തമ്പിഅദ്ദേഹത്തിനുള്ള ദേഷ്യമെന്നാണു തോന്നുന്നത്.'

തിരുമുഖത്തുപിള്ള :'എന്നോടു കളിക്കാതെ വീട്ടിൽ പോകുന്നതാണ് നിനക്കു നല്ലത്. തമ്പി അദ്ദേഹത്തോടും മുഷിഞ്ഞ്-ഇപ്പോൾ- '

സുഭദ്ര: 'ഈ തിരുമേനിയെ ശകാരിച്ചതുപോലെ എന്നെ ശകാരിക്കരുത്. നിങ്ങൾ പരസ്പരം ഓരോ സഹായങ്ങൾകൊണ്ടും മറ്റും കടപ്പെട്ടിട്ടുള്ളവരാണ്. അതുകൊണ്ട് പരസ്പരം ശാസിപ്പാനും അവകാശം ഉണ്ടായിരിക്കും. ഞാൻ അന്യഥാ ഉള്ള ഒരു സ്ത്രീയാണ്. അത് ആലോചിച്ചുവേണം എന്നോടു കയർക്കുന്നത്.'

തിരുമുഖത്തുപിള്ള : 'നിന്റെ ഉ--ദ്ഭ-ത്തിനെക്കാൾ-എന്നെക്കൊണ്ട് അധികം സംസാരിക്കാതെ. '

യുവരാജാവ്: 'തിരുമുഖത്തുപിള്ളേ, ശകാരിക്കരുതിവളെ. ഇവൾ എന്റെ പ്രാണരക്ഷ ചെയ്തവളാണ്. ഇതാ മധുരപ്പടയ്ക്കു കൊടു്കകാൻ വേണ്ട ദ്രവ്യവും തന്നിരിക്കുന്നു. നിങ്ങൾക്ക് ആർക്കും ഈ ദയ ഉണ്ടായില്ല. '

തിരുമുഖത്തുപിള്ള : 'സ്‌നേഹമുള്ളവർ ഇതിലധികവും ചെയ്യും. '

യുവരാജാവ്: 'ഇന്ന് ആദ്യമായി ഇവളെ ഞാൻ കണ്ടതാണ്. അതുകൊണ്ട് അന്യഥാ സംശയിക്കരുത്. '

തിരുമുഖത്തുപിള്ള:' ഈ കളവ് ആർക്കു ബോദ്ധ്യമാകും? ആരാനും തന്റെ അമ്മയ്ക്കു കൊടുത്ത മുതലിനെ ഒരു വേദനയും കൂടാതെ തന്റെ കുടുംബശത്രുവിനു കൊടുക്കുന്ന ഇവളെ, കൽപിച്ച് ആദ്യം കണ്ടതാണെന്നു വിശ്വസിക്കാൻ ഭ്രാന്തന്മാർ വേണം.'

സുഭദ്ര:(കോപത്തോടും വ്യസനത്തോടും)'ആ കൂട്ടത്തിലില്ലെന്നു വിശ്വസിക്കാനും ബഹുപ്രയാസം. നിരപരാധിയായ എന്റെ ജനനത്തെ അപമാനിക്കാൻ തോന്നിയ അങ്ങ്- '

തിരുമുഖത്തുപിള്ള: 'നിൽക്ക്-ഭ്രാന്തു പറയാതെ. '

സുഭദ്ര: 'അതു നന്നായി ! സുന്ദരയ്യന്റെ ഇഷ്ടനായ കോടാങ്കിയും അൽപനായ കാലക്കുട്ടിയും അരയ്ക്കാൽ രാശിക്കു മാനം വിൽക്കുന്ന ദാസിയും പറഞ്ഞതെല്ലാം സത്യമെന്നും ഈ തിരുമേനി കൽപിക്കുന്നത് അസത്യമെന്നും പറയുന്ന ആൾ എന്നോടു ഭ്രാന്തു പറയരുതെന്ന് ഉപദേശിക്കുന്നത് എന്തു ന്യായമാണ്?'

തിരുമുഖത്തുപിള്ളയുടെ വാചാലത്വം സുഭദ്രയുടെ യുക്തിയുക്തമായിട്ടുള്ള സൂചകങ്ങളാൽ നഷ്ടമാക്കപ്പെട്ടു എങ്കിലും ആലോചിച്ചു പറയുന്നു എന്നു വരരുതെന്നുള്ള കരുതലോടുകൂടി വേഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ആട്ടെ, എന്നെയും കൊല്ലിക്കാൻ ഈ തിരുമേനി ശ്രമിച്ചു. അതിലേക്കു ഞാൻത്‌നനെയാണ് സാക്ഷി. ഭ്രാന്തന്റെ സാക്ഷ്യമാകകൊണ്ട്-'

സുഭദ്ര: 'അക്കരായം ഞാൻതന്നെ പറയാം. അവിടുന്നു പത്മനാഭപുരത്തുവച്ച് വലിയതമ്പി അദ്ദേഹത്തിനെ കണ്ടെന്ന് കാലക്കുട്ടി ആ കൊട്ടാരത്തിലുണ്ടായിരുന്നു. അവിടുന്നു പോയതിന്റെ ശേഷം ചില വേൽക്കാരെ വേൽവയ്പിച്ച്, മാങ്കോയിക്കൽവക ആൾക്കാർ എന്നു തോ്‌നനിക്കാൻവേണ്ടി വാൾ ധരിപ്പിച്ച് അവിടുത്തെ പുറകെ അയച്ചു. അതും ഈ തിരുമേനിയുടെ പേരിൽ കലുഷം ഉറപ്പാക്കാൻ വേണ്ടി സുന്ദരയ്യൻ എടുത്ത വിദ്യയായിരുന്നു. വേൽക്കാരെ അവിടുന്ന് അറിയുമെന്നുള്ള പേടിയാൽ അവർ അധികം എതിർത്തുനിൽക്കാതെ തോൽപ്പിക്കപ്പെട്ടതുപോലെ ഓടിക്കളഞ്ഞു. വാൾ ധരിച്ചിരുന്നതുകൊണ്ടും മറ്റും സുന്ദരയ്യൻ ഉദ്ദേശിച്ചതുപോലെതന്നെ അവരെ മാങ്കോയിക്കൽ വാൾക്കാരാണെന്ന് അവിടുന്നും വിചാരിച്ചുകൊണ്ടു. ഇങ്ങനെയാണ് ഇതിന്റെ സത്യം.'

തിരുമുഖത്തുപിള്ള: 'ഈ സംഗതികൾ എല്ലാം ശരിതന്നെയാണ്. കൽപിച്ചു ചെയ്യിച്ച കൃത്യം ആകകൊണ്ട് വിവരങ്ങൾ അവിടുന്ന് അറിഞ്ഞ് നീ പറയുന്നതല്ലെന്നു ഞാൻ എങ്ങനെ വിശ്വസിക്കും ?'

സുഭദ്ര: 'മനസ്സാണെങ്കിൽ വിശ്വസിച്ചാൽ മതി. മകന്റെ കഥ മുഴുവൻ കേൾക്കണം. അനന്തപത്മനാഭനെ കൊന്ന ഉടനെ വേലുക്കുറുപ്പിനുംമറ്റും പരിഭ്രമം ഉണ്ടായി ആ സ്ഥലത്തുനിന്ന് ഓടിക്കളഞ്ഞു. കുറച്ചു കഴിഞ്ഞ് ധൈര്യമുണ്ടായപ്പോൽ പിന്നെയും ആ സ്ഥലത്തു ചെന്നു. അപ്പോൾ പ്രേതത്തെ കാണ്മാനില്ലായിരുന്നു. അവിടെക്കിടന്നിരുന്ന ആയുധങ്ങളും തലക്കെട്ടും എല്ലാം എടുത്ത് വേലുക്കുറുപ്പ് രാമനാമഠംചേട്ടന്റെ കൈയിൽ എത്തിച്ചു. പിന്നീട് വീളും പരിചയും സുന്ദരയ്യൻ തട്ടിച്ചുകൊണ്ടുപോയി.ആ കോടാങ്കി മുഖാന്തിരം തിരുമേനിക്കു വിറ്റു. ഇങ്ങനെയാണ് പരമാർത്ഥം. ഇതൊന്നും കൽപിച്ചറിഞ്ഞിട്ടില്ല. '

പരമേശ്വരൻപിള്ള: 'പെണ്ണുങ്ങളുടെ ബുദ്ധി ആണുങ്ങൾക്കില്ലാതെ പോയല്ലോ! '

തിരുമുഖത്തുപിള്ള : 'എന്നാൽ തലക്കെട്ട് രാമനാമഠത്തിന്റെ കൈയിൽ കാണുമല്ലോ? അതു കാണിച്ചുതന്നാൽ ഞാൻ മറിച്ചു വിശ്വസിക്കാം.'

സുഭദ്ര: 'തലക്കെട്ട് എൻ്റെ കൈയിലുണ്ട്. '

തിരുമുഖത്തുപിള്ള: 'ദ്രോഹി!മഹാപാപി! നിൻ്റെ അനുജനെ കൊന്ന പാപികൾക്ക് നീ ഇത്രത്തോളം അനുകൂലമായോ? പഞ്ചപാതകീ, നീ തന്നെ കൊല്ലിച്ചതല്ലെന്ന് എൻ്റെ മനസ്സ് എങ്ങനെ വിശ്വസിക്കും?' എന്നിങ്ങനെ രോഷാകുലനായി പറഞ്ഞുകൊണ്ട് അദ്ദേഹം സുഭദ്രയുടെ ഭുജങ്ങളിൽ കൈകൊടുത്തു കരുണകൂടാതെ ഞെരിച്ചുതുടങ്ങി.

സുഭദ്ര: :' എൻ്റെ അനുജനോ! എന്നെ കൊല്ലരുത്. പരമാർത്ഥം പറയണം. എൻ്റെ അനുജനായതെങ്ങനെ?'

തിരുമുഖത്തുപിള്ള: 'കഷ്ടം!ഇനി അതും അറിയണമെന്നോ! ഉള്ളിടത്തോളം മനസ്സമാധാനത്തോടുകൂടി ഇരിക്ക്-പോ-'

സുഭദ്ര: 'തിരമേനീ, ഇദ്ദേഹത്തിൻ്റെ മകൻ മരിച്ചിട്ടില്ലെന്നു കൽപിക്കണം; സംശയിക്കേണ്ട. അടിയൻ അതിനു തെളിവുകൊടുക്കാം.'

ആകാശത്തുനിന്നും കോടി ഭാസ്‌കരതേജസ്സോടുകൂടി സാക്ഷാൽ മഹാവിഷ്ണുതന്നെ പ്രത്യക്ഷനായി രണ്ടുപേരെയും കനകാഭിഷേകവും അമൃതാഭിഷേകവും ചെയ്താൽപ്പോലും ഉണ്ടാകാത്തതായ ഒരു സന്തോഷംകൊണ്ട് പ്രത്യക്തിക്ക് ശക്തരല്ലാതായി ചമഞ്ഞുനിൽക്കുന്നവരിൽ, യുവരാജാവിൻ്റെ വിഷണ്ണതയും തിരുമുഖത്തുപിള്ളയുടെ കോപവ്യസനങ്ങളും നീങ്ങി, രണ്ടുപേരും ആശ്ചര്യസംശയസംയുക്തചിത്തരായി.

തിരുമുുഖത്തുപിള്ള : 'കുഞ്ഞേ, ഞാൻ അവൻ്റെ അച്ഛനാണ്. എൻ്റെ മനസ്സിൽ വെറുതെയുള്ള മോഹം ഉദിപ്പിച്ചാൽ പാപമുണ്ട്. നീ പറഞ്ഞതു സത്യമാണോ?'

സുഭദ്ര: 'പരമധർ്മമിഷ്ഠനായുള്ള ഈ തിരുമേനിയെ അതിരില്ലാത്ത അപവാദങ്ങൾകൊണ്ടു മൂടിയതിലും ദുരിതമാണോ ?'

തിരുമുഖത്തുപിള്ള: 'അയ്യോ! നീ കളവാണോ പറഞ്ഞത് ?'

യുവരാജാവ്: 'ഇവൾ കാര്യമില്ലാതെ കളവു പറയുമെന്നു ശങ്കിക്കേണ്ട. അനന്തപത്മനാഭൻ മരിച്ചിട്ടില്ലെന്നു നിശ്ചയമായിരിക്കണം. '

തിരുമുഖത്തുപിള്ള: 'സത്യമാണോ സുഭദ്രേ?'

സുഭദ്ര: 'എൻ്റെ അനുജനായ അനന്തപത്മനാഭൻ മരിച്ചിട്ടില്ല. '

തിരുമുഖത്തുപിള്ള: 'അവൻ മരിച്ച വ്യസനംകൊണ്ടു മരിക്കാറായിക്കിടക്കുന്ന അവന്റെ അമ്മയെ വിചാരിച്ചെങ്കിലും കളവു പറയാതെ. '

സുഭദ്ര: 'എൻ്റെ മരിച്ച അമ്മയുടെ മാനത്തെ രക്ഷിക്കാനെങ്കിലും അനന്തപത്മനാഭൻ എന്റെ അനുജനായത് എങ്ങനെ എന്നു പറയണം.'

തിരുമുഖത്തുപിള്ള : 'നിന്റെ അമ്മാവനാണല്ലോ അതിനെ മറച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സത്യത്തെ ഞാൻ എങ്ങനെ അനാദരിക്കും?'

സുബദ്ര: 'ന്യായവിരുദ്ധമായ ഒരു വിവാഹമായിരുന്നെങ്കിൽ മാത്രമേ അമ്മാവന്റെ ഹിതത്തെ വിചാരിക്കാനുള്ളു. '

തിരുമുഖത്തുപിള്ള : 'നിന്റെ അച്ഛൻ ന്യായമായി വേണ്ട ആളുകളുടെ അറിവോടുകൂടിയാണു സംബന്ധംചെയ്തത്. നാടുനീങ്ങിയ തിരുമേനി, കഴക്കൂട്ടത്തുപിള്ള മുതലായവർ സാക്ഷിയും ഉണ്ടായിരുന്നു. എന്നാൽ രാജസേവകനായ എന്നോടുള്ള വിരോധംകൊണ്ടും- '

സുഭദ്ര:(കണ്ണുനീരോടുകൂടി ) 'എന്റെ അച്ഛൻ ആരെന്നു പറയണം. ശേഷം എനിക്കു കേൾക്കാൻ ധൈര്യമില്ല. '

തിരുമുഖത്തുപിള്ള : 'മകളേ, നിന്റെ അച്ഛൻ നിർദ്ദയനായ ഞാൻ തന്നെ. '

ഈ വാക്കുകളാൽ സുഭദ്രയുടേയോ യുവരാജാവിന്റേയോ ആരുടെ മനസ്സാണ് അധികം ശീതളമാക്കപ്പെട്ടതെന്നു പറവാൻ കഴിയുന്നതല്ല. തന്റെ മാതാവിന്റെ നാമത്തിനുണ്ടായിരുന്ന ദുഷ്‌കീർത്തിയും തന്റെ നിരന്തരമായ മനഃക്ലേശവും നീങ്ങുകയും നാട്ടിലെ പ്രജകളിൽ നടുനായകമായുള്ള ഒരാളാണു തൻ്റെ ജന്മഹേതുവെന്നു സ്ഥാപിക്കപ്പെടുകയും ചെയ്കയാൽ, സുഭദ്ര തന്റെ പരിശ്രമങ്ങൾ മിക്കവാറും സഫലമായി എന്ന് ഓർത്ത് ആശ്വസിച്ചും തന്റെ കരങ്ങൾ ഗ്രഹിച്ചുകൊണ്ടുനിൽക്കുന്ന പിതാവിന്റെ സ്പർശനസുഖത്തിൽ മുഴുകിയും നിന്നു. തന്നെ സഹായിക്കാൻ ഭയരഹിതയായും നിസ്തുലമഹാമനസ്‌കതയോടും പുറപ്പെടുകയും ആൾ, ദ്രവ്യം, ആലോചന ഈ മൂന്നു വകകൾകൊണ്ട് ലേശവും ലുബ്ധികൂടാതെയും പൂർണ്ണമനസ്സോടും സഹായിക്കയും ചെയ്ത ഒരാൾക്ക് ആ ശ്രമത്തിനിടയിൽത്തന്നെ വലുതായ സന്തോഷം ഉണ്ടായതുകൊണ്ട് യുവരാജാവും അത്യന്തം സന്തുഷ്ടനായി. യൗവനകാലത്തെ ചരിത്രങ്ങളും തന്റെ ആദ്യപരിഗ്രഹത്തിന്റെ മൃതിയെയും ഓർത്ത് അതിവ്യസനത്തോടും പ്രഥമസന്താനത്തിന്റെ സാന്നിദ്ധ്യത്താൽ പരമാനന്ദത്തോടും അന്നത്തെ സന്താനദ്വയലാഭം ഓർത്ത് ആനന്ദപരവനായും തിരുമുഖത്തുപിള്ളയും നിന്ന. രാമയ്യൻ, സുഭദ്രയുടെ ഭൃത്യന്മാർ മുതലായവർ സന്തോഷത്താൽ പരസ്പരം ഓരോന്നു പറഞ്ഞുതുടങ്ങി. ഇവരുടെ നിർവ്യജമായുള്ള സന്തോഷം അവർക്കു പരിചയമുള്ളതായ സുഭദ്രയുടെ മനോഗുണങ്ങളെ സാക്ഷീകരിച്ചതിനാൽ, തിരുമുഖത്തുപിള്ളയും യുവരാജാവും അവരുടെ സ്വാതന്ത്യത്തെക്കുറിച്ചു സന്തോഷിച്ചതേയുള്ളു.'

തിരുമുഖത്തുപിള്ള : 'മകളേ, നീയും അനന്തപത്മനാഭനും എനിക്കു ലേശവും ഭേദമില്ല. നിന്റെ അമ്മാവനാണു നമ്മെ വേർപെടുത്തിയത്. എങ്കിലും എന്റെ സ്‌നേഹത്തിന് ഒരുവിധത്തിലും കുറവു വന്നിട്ടില്ല. '

തിരുമുഖത്തുപിള്ള: (ആനന്ദബാഷ്പം ചൊരിഞ്ഞുകൊണ്ട്) 'അച്ഛാ, ഇപ്പോൾ തിരുമേനിക്കു കൊടുത്ത ഈ ദ്രവ്യവും ഞാൻഅനുഭവിക്കുന്ന സകല വസ്തുക്കളും ഈ നിൽക്കുന്ന കുടിയാന്മാരും എന്റെ അച്ഛൻമൂലം എന്റെ അധീനതയിലായതാണെന്ന് എനിക്കരിയാം. അങ്ങനെയുള്ള അച്ഛനെ ഒരിക്കലും മനസ്സുകൊണ്ട് ഞാൻ അനാദരിച്ചിട്ടില്ല. സർവദാ ഭക്തിയോടെ സ്മരിച്ചിട്ടേ ഉള്ളു. എന്നാൽ, അമ്മയുടെ വിഗ്രഹംപോലെ അച്ചന്റെ വിഗ്രഹവും സങ്കൽപംകൊണ്ടേ പരിചയമുണ്ടായിരുന്നുള്ളു. ഞാൻ അറിയാതെ പറഞ്ഞ വാക്കുകളെ അച്ഛൻ ക്ഷമിക്കണം. ഇനി ഒരാളോടും ഞാൻ ഇങ്ങനെ സ്ത്രീസ്വഭാവം വിട്ടു സംസാരിക്കയില്ല. അനന്തപത്മനാഭൻ മണക്കാട്ടു പഠാണിപ്പേട്ടയിൽ ഉണ്ട്. ജാതിഭേദം വന്നിട്ടില്ല. അവിടെ എന്തോ ഒരു അകപ്പാടുണ്ട്. തിരുമേനിയും അച്ഛനുംകൂടി അവിടെ ചെന്നാൽ അതിനു നിവൃത്തിയുണ്ടാകും. മാങ്കോയിക്കൽകുറുപ്പദ്ദേഹവും അവിടെയുണ്ട്. അനന്തപത്മനാഭനെ ഉടനെ ചെമ്പകശ്ശേരിയിൽ അയയ്ക്കണം. താമസിച്ചാൽ തങ്കം ചാകും.'

മാങ്കോയിക്കൽക്കുറുപ്പിനെക്കുറിച്ചു കേട്ട സന്തോഷവർത്തമാനത്തെ സംബന്ധിച്ചു യുവരാജാവിനാകട്ടെ, പുത്രന്റെ കഥയെക്കുറിച്ച് തിരുമുഖത്തു പിള്ളയ്ക്കാകട്ടെ, വല്ലതും പറവാൻ തരംകിട്ടാതെ പടിഞ്ഞാറുനിന്ന് ഒരു മുഴക്കം കേട്ടുതുടങ്ങി.

സുഭദ്ര : 'അമ്മാവനും മറ്റും വരുന്നു. എന്റെ മുറിക്കകത്ത് ഇരിക്കാം. ക്ഷണത്തിൽ പോകാം. '

തിരുമുഖത്തുപിള്ള : 'കൽപിച്ച് അവിടെ എഴുന്നള്ളിയിരിക്കണം. നീയും പോ. വെടികൾ കേൾക്കുന്നുണ്ട് അതാ, പോരിന്റെ കോലാഹലങ്ങളാണല്ലോ കേൾക്കുന്നത്.'

സുഭദ്ര: 'അതാ അച്ഛാ, അവർ അടുത്തുവരുന്നു. വേഗം വീട്ടിലെത്താം. '

യുവാരാജവ്: 'തമ്പിമാർ ത്മമിൽ തിരിഞ്ഞുവോ?'

തിരുമുഖത്തുപിള്ള: 'അതോ എട്ടുവീട്ടുകാരും തമ്പിമാരും പിണങ്ങിയോ ?'

സുഭദ്ര: 'തിരുമേനീ, അമ്മാവനു വയസ്സുകാലമാണ്. '

യുവരാജാവ്: 'ശരിയാണ്. തിരുമുഖത്തുപിള്ളേ, അയാൾ ചാകാതെ നാം രക്ഷിക്കണം. '

സുഭദ്ര: 'എന്തു ലഹളയാണിത് !എന്തു വെടികൾ!തിരുമേനിക്കു അച്ഛനും ആയുധങ്ങൾ ഇല്ലല്ലോ?'

യുവരാജാവ്: 'എന്റെ അരുവാളുണ്ട്; അതുമതി. '

തിരുമുഖത്തുപിള്ള : 'എനിക്കു വടിവാളും ഉണ്ട്. സുഭദ്ര പോ. ഞങ്ങൾ ആറു വീട്ടുകാരോടും ആളുകളോടും ചേർന്ന് പടിഞ്ഞാറോട്ടു തിരിക്കാം.

സുഭദ്ര: 'തിരുമേനീ, കഴിവതും കൊല അരുത്. '

യുവരാജാവ്: 'സുഭദ്രയുടെ മനസ്സ് എങ്ങനെയെന്നാലങ്ങനെ. '

സുഭദ്രയും ഭൃത്യരും ഭവനത്തിലേക്കും, യുവരാജാവും തിരുമുഖത്തുപിള്ളയും കിഴക്കോട്ടും നടന്നു. വഴിക്കു തിരുമുഖത്തുപിള്ള ഇങ്ങനെ അറിയിച്ചു:'അവർ കരമനയാറ്റിന്റെ പടിഞ്ഞാറേക്കര ഉണ്ട്. അടിയൻ രാമനാമഠത്തിനെ കണ്ടു വർത്തമാനങ്ങൾ ചോദിക്കാൻ പുറപ്പെടുക ആയിരുന്നു. അയാളാണു പ്രമാണിയായി നിൽക്കുന്നതെന്ന് ചുള്ളിയിൽ മാർത്താണ്ഡൻ പറഞ്ഞറിഞ്ഞു. '


  • ഞെരിച്ചിട്ടോണ്ട്