മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനഞ്ച്
←അദ്ധ്യായം പതിനാല് | മാർത്താണ്ഡവർമ്മ രചന: അദ്ധ്യായം പതിനഞ്ച് |
അദ്ധ്യായം പതിനാറ്→ |
“ | "ധന്യേ, മാനിനി,നീ മമ സദനേ താനേ വന്നതിനാൽ ശശിവദനേ, മന്യേ മാമതിധന്യം ഭുവനേ മദകളകളഹംസാഞ്ചിതേ ഗമനേ." |
” |
ചെമ്പകശ്ശേരിയിൽ താമസിച്ച രാത്രിക്ക് അടുത്തദിവസം തമ്പിയുടെ സ്ഥിതി ആശ്ചര്യകരമായിട്ടുള്ളതായിരുന്നു. അദ്ദേഹത്തെ കാണുന്നതിനായി ചെന്ന ചില പ്രഭുക്കന്മാരുടെ ഉദ്ദേശ്യം സാധിക്കുന്നതിന് അവസരം കൊടുക്കാൻ വേണ്ടിടത്തോളം മനസ്സന്തോഷസമാധാനാങ്ങൾ അദ്ദേഹത്തിനില്ലായിരുന്നു. 'എന്തു മായം!' എന്നിങ്ങനെ പറഞ്ഞുകൊണ്ടും അടുത്തുചെന്നവരോടു വൃഥാ കയർത്തും അങ്ങോട്ടും ഇങ്ങോട്ടും നടന്നും തന്നെ ദിവസം കഴിച്ചുകൂട്ടി. സുന്ദരയ്യൻ ചെമ്പകശ്ശേറിയിൽ പോയി മടങ്ങിച്ചെന്ന് പാറുക്കുട്ടിയുടെ സ്ഥിതിയെക്കുറിച്ചു ധരിപ്പിക്കുന്നതിന് ആരംഭിച്ചപ്പോൾ 'മേനാവു കൊണ്ടരട്ടെ-നിൽക്കൂ-വേണ്ട-എനിക്കൊന്നും കാണുകയും കേൾക്കുകയും വേണ്ട.എന്നോടൊന്നും പറയണ്ട-പൊയ്‌ക്കൊള്ളു' എന്ന് അതിദീനനായി പറഞ്ഞു. ഈ വാക്കുകൾ കേട്ട് സുന്ദരയ്യൻ ഇപ്രകാരം പറഞ്ഞ്, അദ്ദേഹത്തെ സമാധാനപ്പെടുത്തുന്നതിനു ശ്രമം ചെയ്തു:'പോനാലും പോട്ടും അങ്കത്തെ; നൂറ്റിലെ ഒന്നു താനേ. ഇന്ത ഊരിലെ പൊണ്ടികൾക്കു പഞ്ചമാ? ഇതെന്ന കൂത്ത്!ഇന്ത അവസരത്തിലെയാ ിന്ത പെൺകൂത്തെല്ലാം!-ശി-ശി, ഇതാഹാത്. '
തമ്പിയുടെ മനസ്സിനെ പീഡിപ്പിക്കുന്ന സംഗതി അറിയാതെ പറയപ്പെട്ട സ്വാന്തനവചനങ്ങൾ ഫലസിദ്ധിക്ക് ഉപയുക്തമായിരുന്നില്ല. സുന്ദരയ്യന്റെ പക്കൽനിന്നും ഒരു സംഗതി തമ്പിക്കും, തമ്പിയുടെ പക്കൽനിന്നും മറ്റൊരു സംഗതി സുന്ദരയ്യനും ഗ്രഹിക്കാനുണ്ടായിരുന്നതിനാൽ അവരവരുടെ ഉദ്ദേശലാഭത്തിന് അനുരൂപമായുള്ള മാർഗ്ഗങ്ങൾ ആലോചിച്ചുകൊണ്ടു രണ്ടുപേരും അൽപനേരം മിണ്ടാതെ നിന്നു.
സുന്ദരയ്യൻ: (ആത്മഗതം )'നേരെ കേട്ടാക്കൽ ശൊല്ലാത്-പാർപ്പോം' (പ്രകാശം )'അങ്കത്തെ, ഇപ്പടി കൊഴന്തയാട്ടം അഴവും കിഴവും-'
തമ്പി: 'അഴവും കിഴവും !ആരാണെടാ കരയുന്നത്? ഭ്രാന്തു പറഞ്ഞാൽ അനുഭവമുണ്ട്. (ആത്മഗതം )കള്ളമേ പറയുകയുള്ളു. പക്ഷേ ഇതിൽ കള്ളം പറഞ്ഞിട്ടു കാര്യമില്ലല്ലോ.ചോദിച്ചേക്കാം.അങ്ങനെയല്ല; സമ്പ്രദായത്തിലാകുകയാണു നന്ന്. അല്ലെങ്കിൽ ഇങ്ങോട്ടും നേരെ ചില ചോദ്യങ്ങൾ തുടങ്ങും.(പ്രകാശം)'എന്തു കൂർക്കമായിരുന്നെടോ ഇന്നലെ? ആ വീട്ടിനെ വലിച്ചു മണ്ടയിൽ കേറ്റുമെന്നെനിക്കു തോന്നി. ശപ്പനെ ഒരിടത്തും കൊണ്ടുപൊയ്ക്കൂടാ. മഹാ കുംഭകർണ്ണൻ!'
സുന്ദരയ്യൻ : (ആത്മഗതം)'ആഹാ! അപ്പടി ശാടട്ടും. സുന്തരത്തൂടെ കൊണത്തെ തെരിയാതാക്കും. '(പ്രകാശം)'അങ്കത്തെ, കണ്ണെ മൂടിനതിൽ പിറക് എന്ന തൂക്കം!ഭേഷാനമഴൈ!(ചിരിച്ചുകൊണ്ട്) അങ്കത്തെ തൂങ്കലെ പോലിരിക്കേ.'
തമ്പി: (തന്റ താൽപര്യത്തിന് അനുസരണമായുള്ള മറുപടി കേട്ടതുകൊണ്ട്, അതിന്റെ വക്താവിനെ ജനനാൽത്തന്നെ ബാധിച്ചിട്ടുള്ള കാപട്യത്തെക്കുറിച്ച് അധികം ആലോചിക്കാതെ സന്തോഷത്തോടുകൂടി) 'ഒന്നു ചോദിക്കുമ്പോൾ അതിന്റെ ഉത്തരവും ഇങ്ങോട്ടൊരു ചോദ്യവും !പിള്ളർക്കും പട്ടർക്കും എളു്പപം കൊടുത്തുകൂടെന്നുള്ള ചൊല്ല്, അറിഞ്ഞു പറഞ്ഞതാണ്. അധികപ്രസംഗം കേറി മുറ്റിപ്പോയി. പോയി കുടമൺപിള്ളയുടെ വീട്ടിൽ പോകാൻ തയ്യാറാകൂ.'
സുന്ദരയ്യൻ: 'അതല്ല അങ്കത്തെ-അങ്കത്തെ നേത്തയ്ക്ക് തൂങ്കലെ-ഇന്നേക്കു മുഖത്തിലെ ഒരിതും കാണറത്-അങ്കെ ആരോ കളവാണ്ടും ഇരുക്ക്... '
തമ്പി: 'ഗജപോക്കിരി!എന്താണു സൂചിപ്പിക്കുന്നത്?നാം മോഷ്ടിച്ചെന്നോ?ആരു സംശയിക്കും നമ്മെ?തങ്കത്തിന്റെ വ്യാധിയെക്കുറിച്ചു നാം വ്യസനിക്കുന്നു. അതിനെക്കുറിച്ചു ചോദിക്കാൻ ആരുണ്ട്?കരുതി സംസാരിക്കൂ.ഫോ, മറയത്തു പോ. '(സുന്ദരയ്യൻ താൻ പറഞ്ഞതിന്റെ താൽപര്യത്തെ വ്യാഖ്യാനിച്ചു സമാധാനസഹിതം പറയുന്നതിന് ഒരുമ്പെടുകയാൽ) 'വേണ്ട, എനിക്കൊന്നും കേൾക്കണ്ട. വല്ലതും പറഞ്ഞാൽ നാക്കുപുറത്ത്. ശ്രീപത്മനാഭൻ തമ്പിയാണിത്. നടപുറത്ത്. '
സുന്ദരയ്യൻ തല താഴ്ത്തിക്കൊണ്ടു പുറത്തിറങ്ങിപ്പോയി. തന്റെ വാക്കുകളുടെ ഗൗരവത്തെ ഓർത്തു സന്തുഷ്ടനായി തമ്പി അൽപനേരത്തേക്കു തന്റെ മനോവേദനയെ മറന്നു നിന്നു. തമ്പിക്ക് അന്നത്തെ രാത്രി നിദ്ര ഉണ്ടായില്ലെന്നുതന്നെ പറയാം.സുന്ദരയ്യൻ അടുത്തില്ലാതിരുന്നതിനാലും,മുമ്പിലത്തെ രാത്രി തനിക്കു ലബ്ധമായ ഒരു ഭയങ്കരദർശനം ഓർത്തുണ്ടായഭയംകൊണ്ടും, എട്ടുവീട്ടിൽപിള്ളമാരുടെ സംഘവിധി എങ്ങനെയായി വരുമെന്നുള്ള സംശയംകൊണ്ടും,മനസ്സിന് അതിരില്ലാത്ത ചാഞ്ചല്യങ്ങൾ ഉണ്ടായിരുന്നതിനാൽ നിദ്രയിൽ അഭിരുചിയില്ലാതെ തന്റെ ധൂളിമെത്തമേൽ കിടന്നുരുണ്ടു പാതിരാത്രി കഴിച്ചു.അർദ്ധരാത്രിയായിട്ടും സുന്ദരയ്യനെ കാണാത്തതിനാൽ തമ്പിയുടെ മനഃക്ലേശം വർദ്ധിച്ചു.എന്നാൽ തന്റെ നിലയനത്തിൽ കാവലായി കിടപ്പുള്ള അനേകഭടന്മാരിൽ ഒരുവനെയെങ്കിലും സുന്ദരയ്യനെ തിരക്കിവരുന്നതിനു നിയോഗിക്കാൻ തമ്പിയുടെ അന്നത്തെ ഭീരുത്വം അനുവദിച്ചില്ല.താംബൂലാദി ചതുഷ്ടയം അനവധി ചെലവാക്കിയും,ഭൃത്യജനങ്ങളെക്കൊണ്ടു വീശിച്ചും കാൽ തിരുമിച്ചും,ശേഷം രാത്രിയും രാത്രിയും കഴിച്ചുകൂട്ടി.രാവിലെ സുന്ദരയ്യന്റെ പ്രേതം എന്നു തോന്നിക്കുംവിധം, വിളറി കണ്ണുകൾ കുഴിഞ്ഞുതാണും, ഭയത്താലോ തൻരെ നേത്രങ്ങൾ വർഷിച്ച ജലംകൊണ്ടോ മറ്റോ വസ്ത്രം നനഞ്ഞതിനാലുണ്ടായ ശൈത്യത്താലോ, താടിവിറച്ച്, ദന്തങ്ങൾ തമ്മിൽ തകൃതിയായി താളംപിടിച്ചും,മുട്ടുകൾ ത്മമിൽ മുട്ടിയും, കാൽ, കരം എന്നിവ വിറച്ചും, ഒരു സത്വം തമ്പിയുടെ മുമ്പിൽ പ്രത്യക്ഷമായി. വിളറിയതിനാൽ ആളിന്റെ സൗന്ദര്യവും, എന്തോ സംഗതിവശാൽ മുഖത്തിന്റെ പുഷ്ടിയും കുറച്ചൊന്നു കൂടീട്ടുണ്ട്. ഇപ്രകാരമെല്ലാം വന്നതിന്റെ കാരണം വായനക്കാർക്ക് അറിവുള്ളതാണല്ലോ. കിള്ളിയാറ്റിന്റെ തീരപ്രദേശത്തെ ശഷ്പപങ്കാദികളായുള്ള വിവിധസാധനനിർമ്മിതമായ ശയ്യിൽനിന്ന് എഴു്‌നനേറ്റ്, അർദ്ധസ്‌നാനവും കഴിച്ച്, തന്റെ സ്വാമിയുടെ സന്നിധിയിൽ സുന്ദരയ്യൻ പ്രവേശിപ്പിച്ചിരിക്കുന്നതാണ്. ഈ വിധം വിശേഷാകൃതിയിൽ കാണപ്പെട്ട പുരുഷൻ തന്റെ സേവകനായ സുന്ദരയ്യനാണെന്നു തമ്പിക്കു ബോദ്ധ്യപ്പെട്ടപ്പോൾ മെത്തയിൽനിന്ന് 'എട്ടുവീടർ ചതിച്ചോ ?'എന്നു ചോദ്യം ചെയ്തകൊണ്ട് ചാടിയെഴുന്നേറ്റു.
സുന്ദരയ്യൻ: (ഗദ്ഗദത്തോടും കണ്ണുനീരോടും )'ഇ-ഇ-ഹില്ലെ.ഹതെല്ലാം-സു-സുമാർ.'
തമ്പി: (തന്റെ കാര്യം സാദ്ധ്യമായെന്നറിഞ്ഞതിനാൽ സുന്ദരയ്യന്റെ അവസ്ഥയെക്കുറിച്ച് അനുികമ്പ തോന്നിത്തുടങ്ങീട്ട്)'അതെങ്ങനെയും പോട്ടെ-എന്റെ സുന്ദരത്തിനും വല്ല രോഗവും പിടിപെട്ടിരിക്കുന്നോ ?പറയൂ, എന്തു കഷ്ടം!'
സുന്ദരയ്യൻ: 'പൊന്നങ്കത്തെ, കാപ്പാത്തവേണം. ഇന്ത ഊരിലെ ഇരുന്നതും പോതും. അങ്കത്തയുടെതൃപ്പാദത്തെ ആശ്രയിച്ചതും പോതും.അങ്കത്തെ മഹാബലിയാട്ടം ശക്രവർത്തിയാക ഇരും. ഒമ്മുടെ ദാസൻ ഇതോ പോറേൻ. '
ഇങ്ങനെ പറഞ്ഞുകൊണ്ടു യാത്രയ്ക്ക് അനുവാദത്തിനായി തമ്പിയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്‌കരിച്ചു നിലത്തു കിടന്നുകൊണ്ട്, മഹാപ്രാകൃതനായി കരഞ്ഞുതുടങ്ങി. സംഗതിയുടെ ഗ്രാഹ്യം ഇല്ലാതിരുന്നതിനാൽ ശരിയായ സമാധാനം പറവാൻ കഴിയാതെ തമ്പി ബുദ്ധികുഴങ്ങി അൽപനേരം നിന്നുപോയി. അനന്തരം വാൽസല്യത്തോടുകൂടി രണ്ടു കരങ്ങൾകൊണ്ടും സുന്ദരയ്യനെ താങ്ങി എഴുന്നേൽപിച്ചു തലോടി ആശ്വസിപ്പിച്ചു. തമ്പിയുടെ ശുശ്രൂഷകൊണ്ട് സുന്ദരയ്യന്റെ സംഭ്രമവ്യസനങ്ങൾക്കു ശാന്തി വന്നു.ഒടുവിൽ, കുടമൺപിള്ളയുടെ വീട്ടിൽ നടന്ന ആലോചനകളെയും, മടങ്ങി വരുന്ന വഴിക്ക് യുവാരാജാവിന്റെ പരിവാരങ്ങളിൽ പത്തിരുപതുപേർ തന്നെ കൊല്ലാൻ ശ്രമിച്ചു എന്നും, അവരിൽ ചിലരെ നിഗ്രഹിച്ചിട്ട് ഒടുംവഴിക്ക് പാദംതെറ്റി കിള്ളിയാറ്റിൽ വീണുപോയെന്നും, ഈശ്വരസഹായംകൊണ്ടു നീന്തി ഒരു കരപറ്റിയെന്നും മറ്റും മഹാവ്യാജങ്ങളെയും ബ്രാഹ്മണൻ തമ്പിയെ ഗ്രഹിപ്പിച്ചു. ആലോചനകളുടെ തീർച്ച കേട്ടു സന്തോഷവും ശത്രുഭടന്മാരുടെ കൃത്യത്തെ ഓർത്തു കോപവും ഇടകലർന്ന് 'സുന്ദരം, കുറച്ചു ക്ഷമിച്ചോളൂ, അനുഭവിപ്പിച്ചേക്കാം.ഞാനുള്ളപ്പോൾ താൻഎങ്ങും പോകണ്ട. താൻ പോകുകേ ? എന്നാൽ ഈ ഞാനും പുറകേ ഉണ്ട്' എന്നുപറഞ്ഞു തന്റെ ആശ്രിതനെ ഭക്തവത്സലനായ തമ്പി ആശ്വസിപ്പിച്ചു.
അന്നുരാത്രി തമ്പി നേരത്തെ നിദ്രയ്ക്കാരംഭിച്ചിരിക്കുന്നു. സുന്ദരയ്യൻ താമസിപ്പിക്കുന്നതുകൊണ്ടുള്ള നീരസം തനിക്ക് ഇത്രയെന്നില്ല. ബ്രാഹ്മണനോടു തമ്പി ഇങ്ങനെ പറയുന്നു;'താനും ഇന്നലെ ഉറങ്ങീട്ടില്ലല്ലോ ?'
സുന്ദരയ്യൻ: 'അതുക്കെന്ന ?അങ്കത്തയുടെ കാര്യത്തേക്കു പോനാൽ തൂക്കമേത് കീക്കമേത്?'
തമ്പി: 'എടോ തന്റെ വാക്‌സാമർത്ഥ്യം കുറച്ചല്ല. രക്ഷാപുരുഷസ്ഥാനം എന്റെ പട്ടിക്കു വേണം. അങ്ങനെ സമ്മതിക്കാത്തതു നന്ന്. '
സുന്ദരയ്യൻ : 'എന്നുടെ വാക്‌സാമർത്ഥ്യമോ ? അങ്കത്തെയുടെ യശസ്സിനാലെ സാധിക്കറത്. '
തമ്പി: 'സുന്ദരം, എനിക്ക് ഒരപേക്ഷ കൂടിയുണ്ട്. തങ്കത്തിന്റെ സ്ഥിതി ഒന്നുകൂടി അന്വേഷിച്ചുവരണം. വല്ല ഹോമമോ മറ്റോ കഴിച്ച് ഒന്നുഴിഞ്ഞുപറിച്ചു കളയാൻ പറയണം. '
സുന്ദരയ്യൻ: 'പയത്തുക്ക് അപ്പടിത്താൻ വേണം. '
തമ്പി: 'ശരിയാണ്. പറയാതിരിക്കരുത്. ഭയംകൊണ്ടാണ് ഇതെല്ലാം വന്നതെന്നു തോന്നുന്നു. '
സുന്ദരയ്യൻ: 'ആയിരുക്കലാം. പയത്തുക്കു ശങ്കതി ഇല്ലെയേ. '
തമ്പി: 'നമുക്കറിയാമോ?വല്ലതുമുണ്ടായിരിക്കാം.'
സുന്ദരയ്യൻ :'അങ്കത്തെ കണ്ടതിലെ - '
തമ്പി: (ആലോചിക്കാതെ ) 'എപ്പഴെടോ ?'
സുന്ദരയ്യൻ: 'രെണ്ടാമത്. '
തമ്പി: 'താനുറങ്ങീല്ല.അവലക്ഷണം, കള്ളം പറഞ്ഞു. '
സുന്ദരയ്യൻ : 'ഊഹത്തെ വൈത്തു കേൾക്കിറേൻ; അവളവുതാൻ. '
തമ്പി: 'രണാടമതും ഞാൻ അകത്തു പോയെന്ന് ഊഹിക്കാൻ ഒരു സംഗതിയും ഇല്ല. തന്റെ മനോരാജ്യമാണ്. എനിക്ക് ഉലഌൽ ഒരു തീ ആയിരിക്കുന്നു. അവള വെിചാരിക്കുമ്പോൽ സഹിക്കുന്നില്ല. അവളെക്കൂടാതെ എനിക്കു രാജ്യവും വേണ്ട, ഒന്നും വേണ്ട, പോയേച്ചു വരൂ. അധികം താമസിക്കരുത്. '
'ഉത്തരവ് ' എന്നു പറഞ്ഞുകൊണ്ട് സുന്ദരയ്യൻ നടന്നു തുടങ്ങി. 'ദണ്ണം വാശിയാക്കുന്നവർക്ക് രണ്ടുകൈയ്ക്കും വീരശങ്ങലയും അറുപത്തിനാലു പദവിയും ഉണ്ടെന്നു പറഞ്ഞേക്കൂ, ' എന്നു തമ്പി കിടന്നിടത്തുനിന്നു നീങ്ങാതെ ഉറക്കെ ഉത്തരവുകൂടി കൊടുത്തു. 'ഉത്തരവ് ' എന്നു പുറത്തുനിന്നു സുന്ദരയ്യൻ മൂളുകയും ചെയ്തു. സുന്ദരയ്യൻ പുറത്തേക്കു നടകൊള്ളുന്നതിനിടയിൽ അദ്ദേഹത്തിന്റെ മനോവിചാരങ്ങൾ ഇങ്ങനെ ആയിരുന്നു: 'നടന്തതെ മുച്ചൂടും തെരിയാവടിക്കു ശുന്തരം അടങ്കുവനാ? ഉശിർ പോനാലും ഇവരെ വിടുവനാ? ശുന്തരംകയ്യിലെ അന്ു രെണ്ടിരുക്ക്. ഒരേ വാക്കാലെ കുടമൺ കിടമൺ പയകളെല്ലാം തിരിഞ്ച് ഇവരെ കടിച്ചിഴുപ്പാരെ.' ചെമ്പകശ്ശേരിയിലേക്കു പോവാൻ തുടങ്ങിയ സുന്ദരയ്യന് ഇരുട്ടു കണ്ടപ്പോൽ പൂർവ്വരാത്രിയിലെ ദർശനം ഓർമ്മവന്ന് ഭയത്തോടുകൂടി തമ്പിയുടെ നാലുകെട്ടിൽ ഒരു കോണിൽ ഒളിച്ചിരുപ്പായി.
സുന്ദരയ്യൻ പുറത്തിറങ്ങിയതിൻരെ ശേഷം പാറുക്കുട്ടിയെ ഭാര്യയായി സ്വീകരിച്ചാലുള്ള പരമാനന്ദത്തെയും രാജാവായാലുള്ള പദവിയേയും സ്മരിച്ചുകൊണ്ട് തമ്പി സ്വപ്‌നാവസ്ഥയിൽ ലയിച്ചു. എന്നാൽ, ഈ അവസ്ഥയ്ക്കു ക്ഷണംകൊണ്ടു ഭംഗം വന്നു. തന്റെ മുറിക്കകത്ത് ഒരു ശബ്ദംകേട്ട് തമ്പി ഞെട്ടി എഴുന്നേറ്റു. തന്റെ മുമ്പിൽ ഒരു സ്ത്രീ നിൽക്കുന്നതായി കണ്ടു. തന്റെ നേത്രങ്ങളെത്തന്നെ തമ്പിക്കു വിശ്വസിക്കാൻ പാടില്ലാതെയായി. കണ്ണുകൾ തിരുമ്മിയിട്ടു പി്‌നനെയും സൂക്ഷിച്ചുനോക്കി. കുങ്കുമച്ഛായ കലർന്നുള്ള കവിൾത്തടങ്ങളുടെ ഇടയിലായി കാണപ്പെട്ട ദന്തങ്ങളുടെ ശോഭ തന്റെ അന്തരംഗത്തേയും പ്രശോഭിപ്പിച്ചു. നേത്രങ്ങളിലും മറ്റും കോപലാഞ്ഛനകൾ ഉണ്ടായിരുന്നെങ്കിലും അഗ്രോന്നതമായുള്ള ശോണാധരത്തിൽ ചെറുപുഞ്ചിരി കളിയാടുന്നുണ്ട്. തമ്പിയുടെ സന്തോഷപാരവശ്യം വർണ്ണിക്കുക അശക്യമാണ്. ആനന്ദക്കടലിൽ മുങ്ങി തിരമാലാകളിൽ നീന്തി കൈകാൽ കുഴഹ്ങി, ഒരുവിധത്തിൽ മെത്തയിൽനിന്നു താഴത്തിറങ്ങി ശയ്യ തട്ടി ശരിയാക്കീട്ട് 'വരാം, ഇരിക്കാം. സേവിച്ചാൽ സ്ത്രീകളെത്തന്നെ സോവിക്കണം. പരമേശ്വരനെപ്പോലെ ആദ്യം ബുദ്ധിമുട്ടിക്കും. ഒടുവിൽ താനേ പ്രസാദിക്കും. ഇത്ര ദയ ഉണ്ടായല്ലോ ചെമ്പകത്തിന്. ആശ്ചര്യം! ഇങ്ങോട്ടുതന്നെ പോന്നല്ലോ. ധൈര്യം, മഹാധൈര്യം!അമ്മാവൻ അറിഞ്ഞിട്ടില്ലല്ലോ? ' എന്നു കുശലപ്രശ്‌നം ചെയ്തു.
ആഗതയായ സ്ത്രീ കുടമൺപിള്ളയുടെ അനന്തരവൾ സുഭദ്രയായിരുന്നു. ഈ സ്ത്രീയും തമ്പിയും പരസ്പരം കണ്ടിട്ട് ഏഴെട്ടുകൊല്ലമായിട്ടുണ്ട്. ഇവർ ത്മമിലുള്ള പരിചയത്തിന്റെ സ്ഥിതിയും മറ്റും ഇവരുടെ സംവാദത്താൽ അറിയാവുന്നതാണ്. തമ്പിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ സുഭദ്ര മിണ്ടാതെ നിന്നിട്ട് 'നേർവഴിക്കു പോയാൽ കാര്യം സാധിക്കയില്ല ' എന്നുള്ള വിചാരത്തോടുകൂടി തമ്പിയുടെ മനസ്സിൽ പ്രതിഷ്ഠിതമായിട്ടുള്ള പാറുക്കുട്ടിയുടെ വിഗ്രഹത്തെ അദ്ദേഹത്തിന്റെ പ്രേമമായുള്ള നാളത്തിൽനിന്ന് ഉദ്ധൂതമാക്കുന്നതായ ഒരു പുഞ്ചിരിയോടുകൂടി, 'അവിടുത്തെക്കണ്ടിട്ടു വളരെക്കാലമായി. പഴയ ബന്ധുക്കളെ കാണാൻ കൊതി തോന്നിയതിനെക്കുറിച്ച് അതിശയിക്കാനുണ്ടോ?ഇങ്ങോട്ടു പോന്നു എന്ന് അമ്മാവൻതന്നെ അറിഞ്ഞാലെന്ത് ? '
തമ്പി: 'അറിഞ്ഞിരിക്കില്ല; തീർച്ചയാണ്. അമ്മാവന്റെ കണ്ണിൽ മണ്ണിടാൻ ചെമ്പകത്തിന് മിടുക്കുണ്ട്. ആട്ടെ, വരൂ; ഈ കട്ടിലിൽ കേറി ഇരിക്ക തന്നെ; മടിക്കേണ്ട. വന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസ്സിലായി. ഇന്നലത്തെ ആലോചനകൾ എന്തായിരുന്നുവെന്നു ചെമ്പകം അറിഞ്ഞു; ഇനിസേവകൂടുക എന്നു നിശ്ചയിച്ചു. ആട്ടെ, എന്നാലും എനിക്കു വിരോധമില്ല. അപ്പോൾ എന്നെക്കുറിച്ചല്ല എന്റെ കിരീടത്തെക്കുറിച്ചാണ് ചെമ്പകത്തിനു സ്‌നേഹം എന്നു തോന്നുന്നു. പോട്ടെ, എന്തായാലും എന്റെ അപേക്ഷ സാധിക്കുമല്ലോ. വരൂ, ചെമ്പകം;എന്തിനാണീ ലജ്ജയൊക്കെ? '
ഇങ്ങനെ പറഞ്ഞുകൊണ്ട് സുങദ്രയെ പിടിച്ച് മഞ്ചത്തിന്മേൽ ആരോഹണം ചെയ്യിക്കാനായി തമ്പി ആ സ്ത്രീയുടെ അടുത്തണഞ്ഞു. എന്നാൽ ആ സ്ത്രീയുമായുള്ള തന്റെ പൂർവ്വപരിചയങ്ങളെ ഓർത്തതിൽ അപ്രകാരം ചെയ്യുന്നതിനു തമ്പിക്കു ധൈര്യമുണ്ടായില്ല.
സുഭദ്ര:( മധുരമായി) 'അവിടുത്തെ കട്ടിലിൽഇരിക്കാൻ വേറേ ആളുണ്ട്. ആ ഭാഗ്യം എനിക്കു വേണ്ട; തങ്കത്തിനാണതു വിധിച്ചിരിക്കുന്നത്. '
തമ്പി: ( ക്ഷീരംകൊണ്ടു തന്നെ അഭിഷേചിച്ചതുപോലെ ഉള്ളിൽ പരമസന്തോഷത്തോടുകൂടി) 'ഫൂ-കാട്ടുപോത്ത്!രസം അവളുടെ വഴിക്കേ പോയിട്ടില്ല. മണമില്ലാത്ത പൂവിനേയും കപ്പില്ലാത്ത കല്ലിനേയും ഗുണമറിയാത്തവർ അണിയും. തങ്കം കിടക്കുന്ന കിടപ്പെവിടെ?ചെമ്പകം എവിടെ?എന്റെ ഈ ഓമനച്ചെമ്പകം!'എന്നു പറഞ്ഞുകൊണ്ടു സുഭദ്രയെ ആലിംഗനം ചെയ്യുന്നതിനായി തന്റെ കൈ ഉയർത്തി.
സുഭദ്ര: 'വരട്ടെ, അവിടുന്ന് ഇരുന്നു സംസാരിക്കണം. '
തമ്പി: 'ചെമ്പകം ഇരിക്കാതെ ഞാനിരിക്കയോ?ഒരു കാലം ഇല്ല.പത്മനാഭ!എന്തുകാലം വെറുതെ കളഞ്ഞു!ചെമ്പകത്തിൻരെ കഠിനഹൃദയം !ഇരുമ്പും വജ്ര്വും തോറ്റുപോകും. ഇന്നുതന്നേ സ്ത്രീകളുടെ സ്വഭാവഗുണങ്ങളെ ഞാൻ അറിയുന്നുള്ളു. ചെമ്പകം ഇരു്‌നനാൽ ഞാനുമിരിക്കാം. വരൂ, ഓമനേ, മടി എന്തിന്?' തമ്പി ഇപ്രകാരം പറഞ്ഞുകൊണ്ട് സന്തോഷോൽക്കർഷത്താൽ മദോന്മത്തനായി സകല കഥയും മറന്ന്, സുഭദ്രയുടെ അരികിൽ വീണ്ടും അണഞ്ഞ്, ഒരു ഗാഢാശ്‌ളേഷത്തിന് ഒരുമ്പെട്ടു.
സുങദ്ര: (പുറകോട്ടു മാറിനിന്നുകൊണ്ട് )'എന്തു കഥയാണിത്?മനുഷ്യർക്കിങ്ങനെ ഒരു ഭര്മമുണ്ടോ?അച്ഛനു ചികിത്സയ്ക്കു നല്ല വൈദ്യന്മാർ വന്നിട്ടുണ്ടല്ലോ.ഒരു തളം- '
തമ്പി: 'ഹ ഹ ഹ ഹ!എനിക്കു ഭ്രാന്തെന്നോ?അതിനു കാരണം ആര്? ഈ നിൽക്കുന്ന എന്റെ പൊന്നു തങ്കം. '
സുഭദ്ര: 'അങ്ങനെ-അതാ വന്നു മനസ്സിലിരിപ്പ്. ഈ നാട്യങ്ങൾ എന്തിന്? അവിടുത്തേക്കു സ്‌നേഹം തങ്കത്തിനെയാണ്. '
തമ്പി: (തുള്ളിച്ചാടി പുരമുറിയിൽ ചുറ്റും നടനംചെയ്തുകൊണ്ട് )'അതാ ചാടി പെണ്ണുങ്ങളുടെ അസൂയ! അങ്ങനെ വരട്ടെ. അമ്പോ!ചെമ്പകത്തിനും ഈ ദുശ്ശീലമുണ്ടോ?എന്നെ സ്‌നേഹമുണ്ട്. ഇല്ലെങ്കിൽ അസൂയ എന്തിന് ? '
സുഭദ്ര: (തമ്പി വലയിൽപ്പെട്ടു എന്ന് നിശ്ചയമായിട്ട് ) 'ഇത്രയൊക്കെ ചാടേണ്ട. ഇങ്ങൊരസൂയയും ഇല്ല. വെറുതെ ഈ വലിയ ഭാവങ്ങളെന്തിനാണ് ?'
തമ്പി: 'ഹേയി!ഇല്ല, ഒട്ടുമില്ല. ചെമ്പകം ദേഷ്യപ്പെടാതെ. ഞാൻചെമ്പകശ്ശേരിയിൽ പോയത് ആ മൂത്തപിള്ളയെ നമ്മുടെ പാർശ്വത്തിൽ ആക്കാനാണ്, മറ്റൊന്നിനുമല്ല.'
സുഭദ്ര: 'എന്നാൽ തങ്കത്തിനെ കാണണമെന്നുണ്ടോ ?'
തമ്പി:'ഹേ!ഇതു വലിയ വഴക്കായല്ലോ. അല്ലേ, നല്ല പെണ്ണുങ്ങളെ വെറുതെ കാണാൻ കിട്ടിയാൽ വിടുന്നതാരാണ്?'
സുഭദ്ര: 'അവിടെ താമസിച്ചതോ?'
തമ്പി: (സുഭദ്രയുടെ മാത്സര്യത്തെ ഒന്നുകൂടി വർദ്ധിപ്പിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി )'തങ്കത്തിനെ ഒന്നുകൂടി കാണാൻതന്നെ. '
സുഭദ്ര:'പച്ചക്കൊതിയൻ!നാണമില്ലല്ലോ ഇങ്ങനെ വിളിച്ചു പറയാൻ.'
തമ്പി:'നല്ല അഭിപ്രായം!പെണ്ണുങ്ങളെക്കാണുന്നതു കുറച്ചിലോ?'
സുഭദ്ര:'കണ്ടു!മൂക്കിലിടിക്കും ചെന്നുകേരിയാൽ. എന്തോ അവർക്കു ദയതോന്നി ഒരിക്കൽ കാണാൻ സമ്മതിച്ചു.പിന്നെയും കണ്ടുപോലും!തണ്ടിനറ്റമില്ല.'
തമ്പി: 'പോടീ പോ; നീ എന്തറിഞ്ഞു?എല്ലാരും നിന്നെപ്പോലെ കമ്പിളികളാണെന്നു വിചാരിച്ചോ?കാര്യക്കുട്ടികൾ വഴിയുംതെളിച്ച് വിളക്കും വച്ചുതന്നു. ആ പെണ്ണുമാത്രം ശവം.'
സുഭദ്ര: 'ചെമ്പകശ്ശേരിക്കാർ ഒരുകാലം ആ മാതിരിക്കാരല്ല. കള്ളം പറവാൻ അവിടുത്തേക്കു മാത്രം പ്രത്യേകം പിടിപാടുണ്ടെന്നു തോന്നുന്നു.'
തമ്പി: 'നല്ല മാതിരിക്കാരെങ്കിൽത്തന്നെ ഞാൻ വിട്ടേക്കുമോ?നമ്മുടെ കയ്യിലില്ലയോ വിദ്യകൾ?'
സുഭദ്ര: (ആത്മഗതം)'ഞാൻ ശംശയിച്ചപോലെതന്നെ. ഇദ്ദേഹം എന്തോ ക്ഷുദ്രപ്രയോഗം ചെയ്തു' (പ്രകാശം )'ബഹുസാമർത്ഥ്യം!എങ്കിലും ആ രാത്രിതന്നെ പിന്നെയും കണ്ടുകളഞ്ഞല്ലോ!ആറുമറിഞ്ഞിട്ടില്ല. അതാണ് അതിലെ രസികത്വം!'
തമ്പി: 'ഉറക്കംതൂങ്ങി സുന്ദരത്തിനേയും മറികടന്നു ചെന്നു കണ്ടു. '
സുഭദ്ര: 'മരായദക്കാരൻതന്നെ!വല്ലോരും കമ്ടിരുന്നെങ്കിൽ പൂജ്യം എല്ലാം വെളിയിലായേനെ. അതു ഭാഗ്യമായിപ്പോയി, ആരും കാണാത്തത്.?തങ്കം എന്തു പറഞ്ഞു?'
ഭയംകൊണ്ടോ, ശേഷം കഥയെ സുഭദ്രയോടു പറവാൻ മടിതോന്നിയതിനാലോ സംഭാഷണഗതി മാറ്റുന്നതിനായി തമ്പി ഇങ്ങനെ പറഞ്ഞു:
'ചെമ്പകം, ഇരിക്കാതെ എന്തു നിലയാണിത്?ഒന്നുമ മുറുക്കൂ.കേട്ടുകാണുമല്ലോ. അച്ഛന് ആലസ്യം കലശല്. നിന്റെ അമ്മാവൻ-'
സുഭദ്ര: 'തങ്കം എന്തു സംസാരിച്ചുഎന്നു ഞാൻ കേൾക്കുന്നത് ശരിയല്ലതന്നെ. വേണ്ട-ഞാനിതാ പോണു. '
തമ്പി:(ധൃതിയിൽ) 'പോകാതെ. തങ്കത്തിനെ രണ്ടാമതു കണ്ടു എന്നു പറഞ്ഞതു കള്ളമാണ്. '
സുഭദ്ര: 'ഇപ്പറഞ്ഞതാണു കള്ളം. നിങ്ങളുടെ സ്വകാര്യങ്ങൾ ഒന്നും എനിക്കു കേൾക്കണ്ട. അവിടുന്ന് എന്നെ പത്തു വയസ്സുമുതൽക്ക് ഉരുട്ടിത്തുടങ്ങി. ഞാൻ അങ്ങയുടെ മിരട്ടിൽ ഉൾ്പ്പെട്ടില്ല. എന്നെ ഒരാൾ സംബന്ധം ചെയ്തു. അങ്ങേടെയും അങ്ങേടെ മന്ത്രി സുന്ദരയ്യന്റേയും കൃത്രിമംകൊണ്ട് അദ്ദേഹം വീടും കുടിയുംവിട്ട് ഓടിപ്പോയി. ഇതൊന്നും ഞാൻ അറിഞ്ഞില്ലെന്നാണോ ഭാവം? പിന്നെയും അങ്ങ് അടുത്തുകൂടി എന്നെ പൊന്നുകൊണ്ട് മൂടാമെന്നും മറ്റും പറഞ്ഞു. എന്നിട്ടും ഞാൻ വശപ്പെട്ടില്ല. അങ്ങനെയുള്ള ഞാൻ-തടുക്കേണ്ട, മുഴുവനും പറഞ്ഞുകൊള്ളട്ടെ-ഇന്നു താനേ ഇവിടെ വന്നപ്പോൽ എന്റെ അവസ്ഥ പോയി; അങ്ങയ്ക്കും അങ്ങയുടെ തങ്കത്തിനും അവസ്ഥ കൂടുകയും ചെയത്ു. മതി അങ്ങുന്നേ, മതി. '
'അങ്ങുന്ന് ' എന്നുള്ള ബഹുമാനസൂചകമായുള്ള പദം സുഭദ്രയുടെ നാവിൽനിന്നു പുറപ്പെട്ടതുകേട്ട് തമ്പിക്കുണ്ടായ സന്തോഷം സുഭദ്രയുടെ ആഗമനസമയത്തുണ്ടായതിലും ശതഗുണം വലുതായിരുന്നു. തമ്പിയോടുള്ള പ്രഭാഷണങ്ങളിൽ അദ്ദേഹത്തിന്റെ പിതാവിന്റെ സകല പ്രജകളും-സ്ത്രീകളും പുരുഷന്മാരും-'അങ്ങുന്ന് ' എന്നുള്ള ബഹുമാനവചനത്തെ ഉപയോഗിക്കാരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആവിധമുള്ള അവസ്ഥയ്ക്ക് അർഹതയില്ലെന്നുള്ള ആക്ഷേപത്തെ ആസ്പദമാക്കി, സുഭദ്ര തന്റെ സംഭാഷണങ്ങളിൽആ പദത്തെ ഉപയോഗിക്കാതെ വന്നിരുന്നു. എല്ലാ അങ്ങത്തമാർക്കും സാധാരണയായി 'അങ്ങുന്ന് ' എന്നുള്ള പദം കർണ്ണപീയൂഷമാണ്. വിശേഷിച്ചും സുഭദ്ര തന്റെ ഗർവ്വങ്ങൾ തിരിസ്‌കരിച്ച് ഈ പദം ഉപയോഗിച്ചതാണെന്ന് തമ്പിക്കു മനസ്സിലായപ്പോൾ അദ്ദേഹത്തിൻരെ സർവ്വസ്വവും സുഭദ്രയ്ക്കായി അട്ടിപ്പേറെഴുതി പാദകാണിക്കയായി സമർപ്പിക്കുന്നതിനും അദ്ദേഹം സന്നദ്ധനായി. 'ഛേ-ചെമ്പകം, കഠിനവാക്കു പറയാതെ. നിന്റെ വിശേഷഗുണങ്ങൾ എന്നെപ്പോലെ ആരറിഞ്ഞിരിക്കുന്നു? എല്ലാം നിന്നോടു പറയാം. പൊന്നെ, നീ ഭയപ്പെടുമെന്നു വിചാരിച്ചാണ് ഞാൻ മുഴുവനും പറയാത്തത്. പറഞ്ഞേ തീരുവോ? '
സുഭദ്ര: 'മനസ്സാണെങ്കിൽ പറയണം. അടിയോ പിടിയോ ഉണ്ടോ ഇതിന്? നിർബന്ധിക്കാൻ എനിക്കെന്തവകാശം?പണ്ടേതന്നെ അങ്ങത്തെ ശത്രു; ലോകർ വേറേവിധം വിചാരിക്കുന്നെങ്കിലും-'
തമ്പി: 'ലോകർ!ശവങ്ങളെക്കൊണ്ട് ചുട്. എന്തു പറഞ്ഞു?ചെമ്പകത്തിന് എന്നോടു ചോദിക്കാൻ അവകാശമില്ലെന്നോ?എന്നാലിന്നീ ഞാനുമില്ല. ചെമ്പകത്തിന്റെ മനസ്സിനു വെളിവില്ല. കാര്യം അങ്ങനെയാണ്. ഞാനൊന്നും ഒളിക്കുന്നില്ല. അറപ്പുരയിൽ രണ്ടാമതും പോയി; ഉള്ളതു തന്നെ. പക്ഷേ, ആഭാസനെന്നു വിചാരിക്കകരുതെന്നെ. സത്യം ഇങ്ങനെ ആയിരുന്നു. തങ്കത്തിന്റെ സൈന്ദര്യത്തിനും ഒരു വിശേഷഗുണമൊക്കെയുണ്ട്. എനിക്കു കണ്ടിട്ട് കുറച്ചു ഭ്രമം തോ്‌നനീലെന്നുമില്ല. എന്നാൽ രണ്ടാമതും കാണമണെന്നു ഞാൻ വിചാരിച്ചിരു്‌നനില്ല.അച്ഛനാണെ ഇല്ല. ഉറങ്ങിത്തുടങ്ങിയപ്പോൾ എന്തു ശഗക്തിയാണെന്നറിഞ്ഞില്ല, എന്നെ ഉണർത്തി. ഞാൻ എഴീച്ചു. എനിക്ക് അവളുടെ അടുത്ത് സ്വാതന്ത്യമായി ചെല്ലുന്നതിന് അവകാശമുണ്ടെന്ന് എങ്ങനെയോ തോന്നിപ്പോയി. അല്ലെന്നു വിചാരിക്കുന്നുണ്ടോ? ഞാൻ പറയുന്നതു പത്മനാഭനാണെ സത്യമാണ്.'
സുഭദ്ര: 'ആയിരിക്കാം. അന്തസ്സുള്ളവർക്ക് അങ്ങനെ ഒക്കെ ബുദ്ധിക്ക് പകർച്ചകൾ വരും. ഒന്നല്ലല്ലോ ആലോചിക്കേണ്ട കാര്യം. ശേഷവും കേൾക്കട്ടെ.'
തമ്പി: 'ചെമ്പക്തതിന് എന്നെക്കുറിച്ച് സ്‌നേഹമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ അങ്ങനെ വരില്ലായിരുന്നു. '
സുഭദ്ര: (മുഷിഞ്ഞ നാട്യത്തോടുകൂടി )'ഇത്ര സമ്പ്രദായക്കാറനോ അങ്ങുന്ന് ?'
തമ്പി: 'സമ്പ്രദായമല്ല; പറയാം. ഞാൻ അകത്തു ചെന്നു. തങ്കം ഉറങ്ങുകയായിരുന്നു. '
സുഭദ്ര: 'മുഖം കണ്ടോ ?'
തമ്പി: 'കണ്ടു. '
സുഭദ്ര: 'സ്വസ്ഥമായുറങ്ങുന്നെന്നാണോ തോന്നിയത് ?'
തമ്പി: 'അതെതെ. അപ്പോൽ ദീനം തുടങ്ങിയിട്ടില്ലായിരുന്നു. ഞാൻ ഉണർത്താനായി കൈനീട്ടി. അപ്പോൾ-അയ്യോ! ചെമ്പകം-എന്നെപ്പിടിച്ചോ-തല ചുറ്റിക്കൊണ്ടു വരുന്നു. '
സുഭദ്ര: (ദേഷ്യത്തോടുകൂടി )'തല ചുറ്റുന്നതു സുന്ദരയ്യന്റെ മരുന്നു സേവിച്ചതുകൊണ്ടായിരിക്കാം. '
തമ്പി: (ആശ്ചര്യം നടിച്ചുകൊണ്ട് )'ഇതാരു പറഞ്ഞു നിന്നോട്?സുന്ദരയ്യന്റെ മരുന്നോ?ഞാൻ സേവിക്കയോ?ഇങ്ങനെയാണിതാ അപവാദങ്ങൾ ഉണ്ടാകുന്നത്. ആളുകൾക്ക് എന്തും പറയാമെന്നുതന്നെ.'
സുഭദ്ര: 'അങ്ങു ഗണപതികൊണ്ടു നേരം വെളുപ്പിക്കും. '
തമ്പി:'ദേഷ്യപ്പെടാതെ. ്ന്നത്തെ കഥ വിചാരിക്കുമ്പോൾ ഉടൽ തളരുന്നു. തങ്കം പാതിവ്രത്യമുള്ളവളാണ്, സംശയമില്ല. '(തമ്പി തൻരെ കട്ടിലിന്മേൽ ചാരിക്കൊള്ളുന്നു.)'ആ വിളക്കൊന്നു തെളിക്കൂ ചെമ്പകം. '(സുഭദ്ര അപ്രകാരം ചെയ്തു.' ആ കതകും അടച്ചേക്കൂ '(സുഭദ്ര സംശയിച്ചു.)
'വേണ്ട, ചെമ്പകം എൻരെ അടുത്തുണ്ടല്ലോ. ചെമ്പകം തങ്കത്തിനെ തൊടാൻ തുടങ്ങിയപ്പോൾ ഒരു-' (അപസ്മാര ഉപദ്രവം ഉള്ളതുപോലെ ചില ചലനങ്ങൾ തമ്പിയുടെ ശരീരത്തിനുണ്ടായി. കണ്ഠത്തിൽ കഫം നിറഞ്ഞുതിങ്ങിയതുപോലെ സ്വരം അസ്പഷ്ടമായും തീർന്നു.)
സുഭദ്ര: 'ഒരു എന്താണ്?പറയരുതോ?ബാധഉപദ്രവം പുരുഷന്മാർക്ക് ഞാനിന്ന് ആദ്യം കാണുകയാണ്.'
ഈ വാക്കുകൾ കത്തുന്ന തീയിൽ തൈലവർഷം ചെയ്തതുപോലെ തമ്പിയുടെ സംഭ്രമങ്ങളെ വർദ്ധിപ്പിച്ചു.
തമ്പി: 'എങ്ങനെയോ ഒരാൾ ആ സമയത്ത് എന്റെ അടുത്തെത്തി. '
സുഭദ്ര: 'ആരായിരുന്നു?മൂത്തപിള്ളമ്മാവനോ?'
തമ്പി: 'അല്ല.'
സുഭദ്ര: 'കഴക്കൂട്ടത്തു ചേട്ടനോ?'
തമ്പി: 'അവരാരുമല്ല. വേറെ. '
സുഭദ്ര: 'അവിടുത്തെ ശത്രുവോ ?'
തമ്പി:'എന്തു പറഞ്ഞു?-ചെമ്പകം എല്ലാം അറിഞ്ഞുകൊണ്ട് ചോദിക്കയാണ്. '
സുഭദ്ര: 'അവിടുത്തെ പരിഭര്മം കണ്ട് ഇളയതന്ുരാൻ തിരുമേനി ആയിരിക്കുമെന്ന് ഊഹിച്ചതാണ്. '
തമ്പി:'തിരുമേനി!അദ്ദേഹമല്ല. എന്റെ മറ്റേ ശത്രു.'
മഹാധൈര്യവതിയായ സുഭദ്രയും 'അയ്യോ ' എന്നു സ്വബോധരഹിതമായി വിളിച്ചുപോയി. 'ആരങ്ങുന്നെ?വെളിവായിപ്പറയണം.'
തമ്പി: 'ചെമ്പകം ഇപ്പോൾ വിചാരിച്ച ആൾതന്നെ. അതിനെപ്പറ്റി സംസാരിക്കണ്ട. എന്റെ അകം വേകുന്നു. '
സുഭദ്ര: 'തിരുമുഖത്തെ-?'
തമ്പി: 'അ-അ-അവൻ തന്നെ. അതു പോട്ടെ. വേറേ കാരപ്യം ചോദിക്ക്. '
സുഭദ്ര: (കുറച്ചുനേരം ആലോചനയോടുകൂടി നിന്നിട്ട് )'ഈ പറഞ്ഞതു സത്യമാണോ അങ്ങുന്നേ?'
തമ്പി: 'എന്നാണെ, നിന്നാണെ, ഈ ദീപത്താണ സത്യം. '
സുഭദ്ര: 'അങ്ങുന്നു തങ്കത്തിനെ തൊട്ടില്ലയോ ?'
തമ്പി: 'ഇല്ല. '
സുഭദ്ര: 'ഒന്നുകൂടി ചോദിക്കട്ടെ. വല്ല മരുന്നോ മന്ത്രമോ വിദ്യയോ അങ്ങുന്നു പ്രയോഗിച്ചോ?'
തമ്പി: 'ഹെയ്!ഒരു വസ്തു ഉണ്ടായില്ല.'
സുഭദ്ര: 'ആഭരണങ്ങളുടെ കഥ കേട്ടോ ?'
തമ്പി: 'കേട്ടു. ഞാൻ കണ്ടതും കേട്ടതുമല്ല. ആക്പപാടെ എനിക്ക് ഉറക്കം പോലുമില്ല.'
സുഭദ്ര: 'അങ്ങുന്നു കണ്ടത് അനന്തപത്മനാഭനെത്തന്നെയോ ?'
തമ്പി: 'അവന്റെ പ്-പ്-പൃ-പ്രേതം. ആ മഹാപാപി ഇലയതമ്പുരാൻ ചെയ്ത ചെലവ്. സേവ മുഴുത്തപ്പോൾ ഉയിരോടെ സ്വർഗ്ഗത്തയച്ചു.'
സുഭദ്ര: 'കേട്ടു ഇളയതമ്പുരാനാണു കൊന്നതെന്ന്. വെറുതെ യക്ഷിയെന്നല്ലാവരും പറഞ്ഞു. അങ്ങത്തേയും ചിലർ സംശയിച്ചു. '
തമ്പി: 'ചെമ്പകത്ത്ിനു കിട്ടാത്ത വർത്തമാനം ഒന്നുമില്ല. '
സുഭദ്ര: 'അങ്ങത്തേക്ക് പ്രതത്തെക്കണ്ട് ഭയം ഉണ്ടായില്ലയോ?'
തമ്പി: 'നാരായണ!എന്നെ തൊട്ടു എന്ന് എന്ന് എനിക്ക ഓർമ്മയുണ്ട്. പിന്നെ സുന്ദരം ഉണർത്തിയതും ഓർമ്മയുണ്ട്. അതു വെളുക്കാറായപ്പോളായിരുന്നു.'
സുഭദ്ര: 'പട്ടരുറങ്ങിക്കിടന്നോ ഉണർന്നുകിടന്നോ ?'
തമ്പി: 'ആദ്യം ഉറങ്ങിക്കിടന്നു. പിന്നത്തെക്കാര്യം എനിക്കരിഞ്ഞുകൂടാ.'
സുഭദ്ര: 'പടിഞ്ഞാറെക്കതകു തുറന്നു കിടന്നോ? '
തമ്പി: 'ഇല്ല. മഴ കലശലായിരുന്നു. ഒരു പ്രാണി അപ്പോൽ സഞ്ചരിക്കൂല്ല. '
സുഭദ്ര: (ഇദ്ദേഹം പിഴച്ചതല്ല. അന്വേഷണം വേറെതന്നെ ചെയ്യണം എന്നു നിശ്ചയിച്ചുകൊണ്ട് )'ഞാൻ പോണു. കിടന്നുറങ്ങണം. '
തമ്പി: 'എന്നെ ഈ സ്ഥിതിയൽ വിട്ടിട്ടോ ?'
സുഭദ്ര: "ഈ സ്ഥിതിയിൽ വിടുന്നില്ല. കുറച്ചു ഗുണദോഷം പറഞ്ഞു തരാം. ഞാൻ വെറുതെ വന്നതാകരുതല്ലൊ. കേട്ടുകൊള്ളണം."
തമ്പി: "എനിക്കൊന്നും കേൾക്കണ്ട. ഒന്നു പാടിയാൽ പക്ഷേ, കേൾക്കാം."
സുഭദ്ര: "പാടാൻ ശിവകാമിയുണ്ട്. ഗുണദോഷിക്കാനും ഒരു ബന്ധു വേണമല്ലോ? അതിനു ഞാൻ."
തമ്പി: "നീ എന്നെ വെറുതെ വഞ്ചിക്കാൻ വരികയായിരുന്നോ?"
സുഭദ്ര: "നല്ല ഉപദേശം തരുന്നത് വഞ്ചനയാണെങ്കിൽ വഞ്ചിക്കാൻ തന്നെ."
തമ്പി: "എന്നെക്കൊണ്ട് എല്ലാം പറയിച്ചിട്ട് ഇതെന്തു മാതിരി?"
സുഭദ്ര: "അതിന്റെ പ്രതിഫലം ഇതാ. അങ്ങു വെറുതെ ആളുകളെ കൊല്ലിക്കാൻ തുടങ്ങരുത്."
തമ്പി: "ഇന്നലത്തെ ആലോചന അറിഞ്ഞു എന്ന് ഇപ്പോൾ തീർച്ചയായി. അതു പറയാനാണു നീ വന്നത്."
സുഭദ്ര: "വലിയ ദോഷം തന്നെ ഞാൻ ചെയ്യുന്നത്."
തമ്പി: (ദേഷ്യത്തോടുകൂടി) "നിന്റെ വെളുത്ത തൊലി കണ്ട് എന്റെ മതി മറന്നു പോയിട്ടില്ല."
സുഭദ്ര: "പട്ടം കെട്ടീട്ട് ഈ ദേഷ്യം ആകാം."
തമ്പി: "പട്ടം കെട്ടുകയില്ലെന്നോ?"
സുഭദ്ര: "ഇല്ലതന്നെ. അമ്മാവൻ മുതൽപ്പേരാൽ ഒന്നും സാദ്ധ്യമാകയില്ല. പണ്ടത്തെക്കാലമൊക്കെപ്പോയി."
തമ്പി: "കുടികൾക്കും ഇളയതമ്പുരാനോടു വിരോധമാണല്ലോ."
സുഭദ്ര: "അവിടുത്തേക്കു വിരോധമുണ്ടെന്നു കാണുകകൊണ്ടും അവിടത്തെ അച്ഛൻ തിരുമേനി ജീവിച്ചിരിക്കുന്നതുകൊണ്ടും ആ കക്ഷിയിൽ ആളുകൾ ചേരുന്നില്ല. ഇന്നു നാടു നീങ്ങട്ടെ; അങ്ങേ എല്ലാവരും ചാണകത്തിനു സമമാക്കിക്കളയും. ഇവിടത്തെ ആളുകളുടെ സ്ഥിതി അറിയാതെ വെറുതെ ചാടുന്നല്ലോ."
തമ്പി: "മധുരപ്പടയെ ഞാൻ കൈവശപ്പെടുത്തും."
സുഭദ്ര: "അങ്ങേക്കു പണമോ?"
തമ്പി: "എന്റെ മുതൽ സകലതും പോട്ടെ."
സുഭദ്ര: "രണ്ടു മാസത്തേക്കു കാണും. മധുരപ്പടയെ ഇങ്ങോട്ടു ചേർക്കാൻ വിചാരിക്കേണ്ട. അവരുടെ നാഥന്മാർ അറിഞ്ഞാൽ ഉടനെ തിരിച്ചു വിളിക്കും. അല്ലെങ്കിൽ രാജ്യത്തിന്റെ നാഥന്മാരെ സഹായിക്കാൻ ചട്ടം കെട്ടും. ഇപ്പോഴത്തെ അവരുടെ പിണക്കം ആ ദിക്കിൽ അറിഞ്ഞു കാണുകയില്ല."
തമ്പി: "അവർ തിരുമുഖത്തു പിള്ളയെ വിട്ടു പോകൂല്ല."
സുഭദ്ര: "അദ്ദേഹം അങ്ങത്തെ ഭാഗത്താണോ?"
തമ്പി: "സംശയമോ? അയാൾതന്നെയാണ് എല്ലാം തിരക്കി കൊലപാതകസംഗതി കൊച്ചുതമ്പുരാന്റെ തലയിൽ സ്ഥാപിച്ചത്. പത്മനാഭപുരത്തുവച്ച് എന്നെ വന്നു കണ്ടു."
സുഭദ്ര: "അങ്ങത്തെ തടഞ്ഞ പ്രേതം അവിടെച്ചെന്ന് അദ്ദേഹത്തിനേയും കണ്ടാലോ?"
തമ്പി: (വല്ലാതെ ആയി) "എന്നാൽ എനിക്കു ബഹു അനുകൂലം."
സുഭദ്ര: "വേൽക്കാരൻ വേലുക്കുറുപ്പിനെ സാക്ഷിയാക്കണം. എന്നാൽ പക്ഷേ, അനുകൂലമാകും."
ഇങ്ങനെ പ്രതികൂലാർത്ഥമായും ഹാസ്യമായൂം സുഭദ്ര പറഞ്ഞ വാക്കുകൾ കേട്ട് തമ്പി അതിപരവശനായി. തനിക്ക് അത്യന്തം ആപൽക്കരമായ ഒരു സംഗതി ഗ്രഹിച്ചിരിക്കുന്ന ഇവളെ സംശയം കൂടാതെ ഈ അവസരത്തിൽ ഒടുക്കേണ്ടതാനെന്നു നിശ്ചയിച്ചും അതിലേക്കു 'വേലുവും ഇല്ലല്ലോ' എന്നു വിചാരിച്ചുകൊണ്ടും തന്റെ തലയണയ്ക്കടിയിൽനിന്ന് സ്വർണ്ണപ്പിടിയോടു കൂടിയതായ ഒരു ചെറിയ കഠാരി എടുത്ത് ഓങ്ങി സുഭദ്രയുടെ മാറത്തു കുത്താനായി അടുത്തു. നിന്നിരുന്ന സ്ഥാനത്തുനിന്ന് ഒരു രേഖ അളവുപോലും നീങ്ങാതെ സുഭദ്ര ഇഗ്ങ്നനെ പറഞ്ഞു: "കുത്തണം, മടിക്കേണ്ട; ശൂരന്മാർക്ക് ഉചിതമാണിത്. ഒന്നിനെ മറയ്ക്കാൻ മറ്റൊന്ന്; അത്രയല്ലെ ഉള്ളു. സാരമില്ല. എത്ര പുഴുക്കളെ നാം ദിവസം ചവിട്ടിക്കൊല്ലുന്നു. അതുപോലെതന്നെ. കൈ പിൻവലിക്കുന്നോ? ക്ഷത്രിയനാകാൻ പോകുന്ന അവിടുത്തേക്ക് ആയുധം പിൻവലിക്കുന്നത് ഉചിതമോ? അല്ലേ - എങ്ങോട്ടു മാറുന്നു? സത്യമില്ല, മാനമില്ല, മര്യാദയില്ല, മനുഷ്യരെക്കുറിച്ച് ദയയില്ല. എന്നിട്ട് രാജ്യം കൊതിക്കുന്നു. കോഴിയെ വളർത്താൻ കുറുക്കന്റെ കൈയിൽ ഏല്പിക്കുന്നത്പോലെ ആകും അങ്ങേ രാജാവാക്കിയാൽ. എന്തിനു പല്ലു കടിച്ചുകൊണ്ടു തുള്ളുന്നു?"
തമ്പി: (ആയുധം പിൻവലിച്ചിട്ട്) "ചെമ്പകം, ക്ഷമിക്ക് - ഇപ്പോൾ, എന്റെ ആഗ്രഹങ്ങൾ സാധിക്കാൻ പോകുന്ന ഈ കാലത്ത്, വിപരീതമായി നില്ക്കാതെ, ചതിക്കാതെ, മാനം കെടുക്കാതെ-"
സുഭദ്ര: "മറ്റുള്ളവർക്കു ദോഷമില്ലെങ്കിൽ ഞാൻ ഒന്നിനും തുടങ്ങുകയില്ല. വിശേഷിച്ചും തങ്കത്തിനെ ഇനി ഒരു വിധത്തിലും ഉപദ്രവിക്കരുത്."
തമ്പി: "ഇല്ല - എല്ലാം നിന്റെ മനസ്സുപോലെ നടക്കാം."
"എന്നാൽ അങ്ങയ്ക്കു നന്ന്" എന്നു പറഞ്ഞുകൊണ്ടു സുഭദ്ര തമ്പിയുടെ മുമ്പിൽനിന്നു മറഞ്ഞു. തമ്പി ക്ഷീണിച്ചു വിയർത്ത് "എന്തെല്ലാം വരുത്തിവയ്ക്കുന്നോ ശനി! എന്തു സൗന്ദര്യമോ!" എന്നെല്ലാം ആലോചിച്ചുകൊണ്ടു കുറച്ചുനേരം കിടന്നു. പിന്നീട് "ആരവിടെ?" എന്നു തന്റെ ഭൃത്യരെ വിളിച്ചു. സുന്ദരയ്യൻ മുമ്പിൽ എന്ത്തി. തമ്പിയും സുഭദ്രയും തമ്മിൽ സംസാരിച്ചതിൽ ഒരക്ഷരം തെറ്റാതെ സകലതും ഈ ബ്രാഹ്മണൻ പതുങ്ങിനിന്നു കേട്ടിരിക്കുന്നു.
തമ്പി: (ചിരിച്ചും കൊണ്ട്) "നമ്മുടെ ചെമ്പകം ഇവിടെ വന്നിരുന്നു. കണ്ടോ താൻ?"
സുന്ദരയ്യൻ: "ഇംകയാ? ഉള്ളതുതാനോ അങ്കത്തെ?"
തമ്പി: "സത്യമെടോ. കാര്യം വെടിപ്പല്ല. അവൾ വേണ്ടാത്തതൊക്കെ അറിഞ്ഞിരിക്കുന്നു. നമ്മെ കണക്കറ്റു ശകാരിക്കുകയും ചെയ്തു."
സുന്ദരയ്യൻ: "സ്ഥാനേ സ്ഥിതസ്യ പത്മസ്യഹ-"
തമ്പി: ('ആ!' എന്നലറിക്കൊണ്ട്) "പത്തു ലക്ഷം ഉരു ആയി. സ്ഥാനേ സ്ഥിതസ്യഹാ - മണ്ണാങ്കട്ടിഹീ! മിണ്ടാതിരിക്കൂ."
ഇവരുടെ സംവാദം ഏകദേശം നാലഞ്ചു നാഴികനേരം ഉണ്ടായിരുന്നു. ഒടുവിൽ തമ്പി ഇങ്ങനെ പറയുകയുണ്ടായി: "ആട്ടെ, മനസ്സുപോലെ ചെയ്യൂ. മഹാ കഷ്ടമാണ്. [18] എന്തുചെയ്യാം? പക്ഷേ, രാമനാമഠം മുതലായവർക്കു സംശയം പോലും ജനിക്കരുത്."