മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനേഴ്


"വിരഹം മേ മർമ്മദാരണം,
അതിലേറെ നല്ലൂ മാരണം, അതിദാരുണം '
' കുടിലമതികളുടെ കുസൃതികൾ കളവാൻ
നിടിലനയനനൊരു തടവിഹ നഹി നഹി ."

മ്പിയുടെ നാലു കെട്ടിൽ നിന്ന് ചെമ്പകശ്ശേരിയിലേക്കു പോന്നതിന്റെ ശേഷം തങ്കത്തിന്റേയും മറ്റും സ്ഥിതികളെക്കുറിച്ചും തന്റെ അറിവിൽ ഉൾപ്പെട്ടിട്ടുള്ള സംഗതികളെ സംബന്ധിച്ചും പര്യാലോചന ചെയ്യുന്നതിനല്ലാതെ നിദ്രാസുഖം അനുഭവിക്കുന്നതിന് സുഭദ്രയുടെ ഉത്സാഹശക്തി അവളെ അനുവദിച്ചില്ല. ' പ്രേതമോ ? ഭയംകൊണ്ട് അങ്ങനെ തോന്നിയതോ ? എന്നാൽ ആൾ ആരാണ് ? കരിയിലയുടെ ഇളക്കം കൊണ്ട് ഭയപ്പെടുന്ന ആളല്ല തമ്പിയദ്ദേഹം . അതുമല്ലാതെ ആഭരണങ്ങളെ ഒരാൾ കൈക്കലാക്കിക്കൊണ്ടുപോയിരിക്കണം .അതാരാണ് ? അദ്ദേഹമല്ല. ഇവിടത്തെ വേലക്കാർ ആരുമല്ല. ഓരോന്നിന്റെ മുഖവും ഞാൻ വേണ്ടതുപോലെ പരിശോധിച്ചു . സാധുക്കൾ അറിഞ്ഞതല്ല . ആശാൻ മാത്രം പതറുന്നു. മൂപ്പനെ ഇളക്കി പുറത്തു ചാടിക്കാം. ഓ! സുന്ദരയ്യൻ കൂടി ഉണ്ടായിരുന്നല്ലോ. ഭാര്യയ്ക്കു കൊടുക്കാൻ ആഭരണങ്ങൾ വേണ്ടിയിരുന്നിരിക്കും.അയാളെ കണ്ടാൽ തമ്പിയദ്ദേഹത്തിന് പ്രേതശങ്ക തോന്നുമോ ? ഇല്ല. പിന്നെ ആരാണ് ? വരട്ടെ - പ്രേതമെന്നു വിചാരിക്കപ്പെട്ടതും മോഷ്ടിച്ചതും രണ്ടാളായിരിക്കുമോ ? അങ്ങനെ വരാം. അങ്ങനെയാണെങ്കിൽ കള്ളൻ പട്ടര്. എന്നാലും പ്രേതം ആരാണ് ? എങ്ങനെ അകത്തു കടന്നു ? എന്തിനായിട്ടു വന്നു ? ദുഷ്ടനല്ല. മോഷ്ടിക്കയും ചെയ്കയില്ല . അനന്തപത്മനാഭൻ തന്നെയോ ? എന്നാൽ തങ്കം ഭാഗ്യവതി. ഏയ്, അതിമോഹം! അങ്ങനെയാണെങ്കിൽ ഒളിച്ചുകാണണമോ? അല്ലെങ്കിൽ ഛായ എങ്ങിനെ തോന്നിച്ചു? ഛായ ശരിയായിരുന്നിരിക്കാം. അതാണ്- അങ്ങനെയാവട്ടെ -ആ രൂപത്തെക്കണ്ടുണ്ടായ ഭയത്തിൽ നിന്നാണ് തങ്കത്തിന് ഈ രോഗമുണ്ടായത്. പ്രേതം തന്നെ ആയിരിക്കാം. അബദ്ധം! എന്നാൽ അന്നു ശരീരമെവിടെപ്പോയി? മരിച്ചിട്ടില്ല-എങ്കിൽ എവിടെ? തങ്കത്തിന്റെ സ്ഥിതി മഹാകഷ്ടം തന്നെ. രണ്ടിലൊന്നു നിശ്ചയം. ഒന്നുകിൽ മരിച്ചുപോയി ; ഇല്ലെങ്കിൽ ഇങ്ങോട്ടുള്ള സ്‌നേഹമില്ലാതായി. ഇവൾ ഇതാ മരിക്കയും ചെയ്യുന്നു. എന്താണു ചെയ്യേണ്ടത്? വല്ല ദിവ്യശക്തിയുമുണ്ടെങ്കിൽ തങ്കത്തിനെ നല്ല സ്ഥിതിയിലാക്കാമായിരുന്നു. എന്നാൽ എന്റെ സ്ഥിതി തന്നെ നന്നാക്കരുതോ ? എന്റെ സ്ഥിതി നന്നാക്കിയാലെത്ര നന്നാകും? കഷ്ടം! പുരുഷന്മാരുടെ സ്‌നേഹം എത്ര നിസ്സാരമായിട്ടുള്ളത്! ഇവർക്ക് അധികബുദ്ധിയും കാര്യജ്ഞാനവുമുണ്ടെന്ന് നാട്യമുണ്ട്. എന്തിന് ഓരോന്നു പേ പറയുന്നു? മരിക്കുന്നുമില്ലല്ലോ ഭഗവാനേ! എന്തിനു മരിക്കുന്നു? ഈശ്വരന്റെ മതം പോലെ നടക്കട്ടെ. ദുഷ്‌പേരുകൾ കേട്ടെങ്കിലും പാപം നീങ്ങട്ടെ. ഒരു മോഹം സാധിക്കണമെന്നുണ്ട്. സാദ്ധ്യമാകാൻ പത്മനാഭൻ സഹായിക്കണം. എന്റെ ഭർത്താവായിരുന്ന ആളെ ഒന്നുകൂടി കണ്ടിട്ട് ജീവൻ പോകണം. അമ്മയ്ക്കും മകൾക്കും ഒന്നുപോലെ ഭർത്താവിന്റെ ഹേതുവാൽ കഷ്ടത അനുഭവിക്കാനാണല്ലോ സംഗതി . ' ' അമ്മ ' എന്നുള്ള നാമം തന്റെ മനോവിചാരങ്ങളിൽ ഉൾപ്പെട്ടപ്പോൾ സുഭദ്രയുടെ ആത്മഗതങ്ങൾക്ക് നിലയുണ്ടായി. ഏകദേശം രണ്ടു നാഴികയോളം കണ്ണുനീർകൊണ്ട് ഉപധാനാദികൾ തണുപ്പിച്ചു. അനന്തരം ' എന്തെല്ലാം അനുഭവിക്കണം ! നടക്കുന്നു പ്രപഞ്ചം. കഴികയില്ല കരയാനും മറ്റും. ' എന്നിങ്ങനെയുള്ള ഓരോ വിചാരങ്ങൾ മനസ്സിൽ വ്യാപരിച്ചുകൊണ്ടിരുന്നതിനാലാണ് ഉറക്കത്തിനു സംഗതിയാകാത്തത്. നേരം വെളുത്തപ്പോൾ എഴുന്നേറ്റ് ഗൃഹം ചുറ്റി ഒന്നു പരിശോധിച്ചു. ഈ പരിശോധനയ്ക്കിടയിൽ അടിച്ചുവാരിയതായ ചപ്പിന്റെ ശേഖരത്തിൽ കിടന്ന ഒരു ലേഖനം കണ്ടുകിട്ടിയതിനെ മടിയിലാക്കിക്കൊണ്ട് അറപ്പുരയ്ക്കകത്തു കടന്നു. അറപ്പുര വലിയകെട്ടിന്റെ കിഴക്കേ വരാന്തയിൽ നിന്ന് വലിയ പുരയ്ക്കടിയിലുള്ളതായ കല്ലറയിലേക്ക് ഒരു വാതിൽ ഉള്ളത് തുറന്നിരിക്കുന്നതിനെ നല്ലവണ്ണം പരിശോധന കഴിച്ചുകൊണ്ട് ആയുധപ്പുരയിൽ ആശാന്റെ സമീപത്തു ചെന്നു. ശങ്കുആശാന് സുഭദ്രയെക്കുറിച്ചു നല്ല അഭിപ്രായമല്ലെന്നുള്ള വിവരം ആ സ്ത്രീക്കും മനസ്സിലായിട്ടുണ്ട്. അതിനാൽ ആശാനെ കുറിച്ച് തനിക്കു വളരെ ബഹുമതിയുണ്ടെന്ന് അയാളെ ബോദ്ധ്യപ്പെടുത്തി, ഉപായം കൊണ്ട് വൃദ്ധനിൽ നിന്നു ഗ്രഹിക്കേണ്ട സംഗതിയെ വമിപ്പിക്കണമെന്നുള്ള നിശ്ചയത്തോടുകൂടി, ' എന്താണമ്മാവാ ? അമ്മാവൻ തന്നെ ഭാഗ്യവാൻ. ഇത്ര നേരത്തേ ഉണർന്നല്ലോ. അമ്മാവന് വയസ്സിപ്പോൾ നാല്പത്തി-? ' എന്ന് അത്യാദരവോടുകൂടി ചോദിച്ചു. സുഭദ്രയുടെ സഹവാസം ആശാന് ഒരിക്കലും സന്തോഷപ്രദമായിരുന്നില്ലെങ്കിലും ' അമ്മാവൻ ' എന്നുള്ള പദവും ഒടുവിലത്തെ ആശാനെ ചെറുപ്പമാക്കിയുള്ള ചോദ്യവും പിംഗളയുടെ തപസ്സിനാലുണ്ടായതിലും ശീഘ്രമായും അധികമായുമുള്ള ഫലത്തെ ജനിപ്പിച്ചു. മുമ്പോട്ട് നീണ്ട് അകത്തോട്ടു വളഞ്ഞിട്ടുള്ള താടി വിടുർത്തി ചിരിച്ചുകൊണ്ടും കരുണയോടുകൂടി സുഭദ്രയെ നോക്കീട്ടും 'നാൽപ്പത്തിയേഴോ എട്ടോ തന്നെ കുഞ്ഞേ, ' എന്നുത്തരം പറഞ്ഞു. ' പ്രത്യക്ഷമായി ഇനി സംസാരിക്കാം. പാടേ ഒന്നിളക്കി മറിക്കണം . അപ്പോൾ പുറത്തു ചാടും. അനുകൂലമായ ഉത്തരമായിരിക്കുമോ എന്തോ ? ' എന്നിങ്ങനെ വിചാരിച്ചുകൊണ്ട് ' ഇവിടെക്കേറി മോഷ്ടിച്ചതാരാണ് ? പറയണം ' എന്നു സുഭദ്ര ഗൗരവത്തോടുകൂടി ചോദിച്ചു. ചില ചെറുമുൾച്ചെടികൾ വാടിച്ചായുംപോലെ ആശാന്റെ മുഖം വാടിയിരുണ്ടു.

സുഭദ്ര : 'സത്യം പറയണം, മടിക്കണ്ട. ഓഹോ ! ആശാന് ഈ വീട്ടുകാരെക്കുറിച്ചുള്ള കൂറ് ഇങ്ങനെയാണോ ? ഉചിതം വേണം മനുഷ്യരായാൽ. വെറുതെ ചോറു തിന്നു മുടിച്ചാൽ മാത്രം പോരാ. ആശാനെ ബഹുയോഗ്യനെന്ന് വിചാരിച്ചതു പോയി, കാര്യം തിരിഞ്ഞിരിക്കുന്നത് ഇങ്ങനെയാണോ ? ഇന്നലത്തെ വിറയലും ആശാന്റെ സവാരികളും ആരും കണ്ടില്ലെന്നായിരിക്കും. ആയുധപ്പുരസൂക്ഷിപ്പുകാര് ഈയിടെ തേവർ തന്നെ ഭണ്ഡാരം മുറിക്കുന്ന സമ്പ്രദായം പഠിച്ചിരിക്കയാണ്. '

ആശാൻ മങ്ങി, ശരീരമാസകലം വിയർത്ത്, കിടുകിടെ വിറച്ചുതുടങ്ങി. കണ്ണിൽ അശ്രുക്കളും നിറഞ്ഞു. തൊണ്ട വിറച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു : ' ഞാൻ-ഞാൻ കണ്ടതോ കേട്ടതോ ? നാക്കിൽപ്പടച്ചതൊക്കെ കേപ്പിൻ. ആർക്കെന്തു ശേതം? '

സുഭദ്ര : ' ചെമ്പകത്തെ ഉരുട്ടി അയയ്ക്കാമെന്നോ? വലിയ നിലവറയുടെ പടിഞ്ഞാറേ വാതിൽ ഇന്നും തുറന്നു കിടക്കുന്നു. അതിന്റെ പൂട്ട് അകത്താണ്. '

ആശാൻ : ' വേണ്ടതും വേണ്ടാത്തതും പിള്ളയ്ക്കു കേട്ടിട്ട് ഇപ്പം എന്തു വേണം ? ഞാൻ കേറി മോട്ടിച്ചെന്നോ കൊണ്ടരണത് ? '

സുഭദ്ര : 'ചോദിക്കുന്നതിന് ഉത്തരം പറയണം. നാലാന്നാൾ രാത്രി ഈ ആയുധപ്പുരയുടെ താക്കോൽ ആശാന്റെ പക്കൽത്തന്നെ ഇരുന്നോ? '

ഈ ചോദ്യം കേട്ടപ്പോൾ സുഭദ്ര സംഗതി മുഴുവൻ ഗ്രഹിച്ചുകൊണ്ടു ചോദിക്കുകയാണെന്ന് ആശാനു നിശ്ചയമായെങ്കിലും ഒന്നുകൂടി ഒഴിഞ്ഞുനോക്കുക എന്നുള്ള വിചാരത്തോടുകൂടി 'പെണ്ണുങ്ങൾക്ക് ഇതിലൊക്കെ എന്തരാണു കാര്യം? തർവാഥിയെപ്പോലെ അല്ലയോ ശോദ്യങ്ങള് ! 'എന്നു പറഞ്ഞു.

സുഭദ്ര : വരണം, ആണുങ്ങളെക്കൊണ്ടു ചോദിപ്പിക്കാം. മൂത്ത പിള്ളമ്മാവന്റെ അടുത്തു പോകാം. '

ആശാൻ : 'വേണ്ട പിള്ളേ, എന്തരു വേണോ പറയാം. എന്നെ ഇട്ടലമാറടിക്കാതിൻ, ചീവനെയുംകൊണ്ട് പാട്ടിക്കു കെടന്നോട്ട് .'

സുഭദ്ര : ' അങ്ങനെ- സത്യം പറഞ്ഞേക്കണം. അന്ന് ഇവിടെ വിശേഷിച്ച് ആരുണ്ടായിരുന്നു ? അയാൾ അറപ്പുരയ്ക്കകത്ത് കടന്നതെങ്ങനെ ? ആശാൻ ഓടി നടന്നിട്ട് എന്തു സാധിച്ചു ? '

ആശാൻ : ' പൊന്നുകുഞ്ഞേ, ഒള്ളതു പറയാം. മുടിഞ്ഞുപോണ കാലത്തിന്, എന്തരു പറയണത് ? അവന്റെ തലയിൽ ഇടിവീഴാൻ വന്നുകേറി ഒള്ളതൊക്കെ മോട്ടിച്ച്, എന്റെ കുഞ്ഞിനേയും ചതിച്ച്, മാവാവി ഇപ്പേരും കേപ്പിച്ചു,-ഞാൻ മോട്ടിച്ചെന്ന്. ' ഇത്രയും പറഞ്ഞിട്ടു പണ്ട് ശ്രീപരമേശ്വരൻ ദേവകളോടും മറ്റും കയർത്ത് കഠിന തപോനിഷ്ഠയിൽ സ്ഥിതി ചെയ്തതുപോലെ ആശാൻ പഞ്ചേന്ദ്രിയങ്ങളേയും അടക്കി, വൈരാഗ്യം അവലംബിച്ച് മൗനിയായി ഇരുന്നു. ആശാന്റെ സമാധിലംഘംനത്തിനായി സുഭദ്ര തന്റെ കൂർത്തുമൂർത്തുള്ള വാക്കുകളാകുന്ന പുഷ്പശരങ്ങൾ പ്രയോഗിച്ചു. 'ശരി, ശരി, വെറുതെയാണോ അപവാദങ്ങൾ ഉണ്ടായത് ? മോഷ്ടിച്ചവനെ ആശാൻ അറിയുമെന്ന് ഇപ്പോൾ സമ്മതിച്ചല്ലോ. ഇത്രയും അറിഞ്ഞതുമതി. ശേഷം രണ്ടു നാഴികയ്ക്കത്തു ഞാൻ അറിഞ്ഞേക്കാം. യോഗ്യൻ! യോഗ്യൻ ! (ഹാസ്യമായി ഓരോ വാക്ക് നെഞ്ചത്തു തറയ്ക്കും വണ്ണം) പരമയോഗ്യൻ ! ഹ- തങ്കത്തിനോട് ഇങ്ങനെ ചെയ്ത ആളിനെത്തന്നെ ഈ വീടിന്റെ കാരണവരാക്കി വച്ചിരിക്കുന്നല്ലോ. നാൽപ്പതു കാശിസ്‌നാ- '

'കാശി ' എന്നുള്ള വാക്കായപ്പോൾ ആശാന്റെ സിദ്ധാന്തത്തിന് വല്ല ദിവ്യമന്ത്രവും പ്രയോഗിക്കപ്പെട്ടതുപോലെ ഭംഗം വന്നു. ' ആ ' എന്ന് ഒന്ന് അലറിക്കൊണ്ട് ' തപ്പരവി തപ്പരവി കെഴട്ടുകെഴവന്റടുത്തല്ലയോ മല്ലു വെട്ടാൻ വന്നു കേറീരിക്കണത് ' എന്നു ലോകത്തോടൊരു അപവാര്യ ആയിട്ടുപറഞ്ഞു.

സുഭദ്ര : അലറണം ; തുള്ളിയാൽ ആരു വകവയ്ക്കും? സുന്ദരയ്യനും ആശാനുമായി ഭേദമെന്താണ് ? ഞാൻ പറയാനുള്ളടത്തു പോയി പറയാം. വെറുതെ ആരാനോടും ശണ്ഠ പിടിക്കുന്നതെന്തിന് ? ' എന്നു പറഞ്ഞുകൊണ്ട് ആയുധപ്പുരയ്ക്കു പുറത്തിറങ്ങാൻ ഭാവിച്ചു. കോപിച്ചും ശാസിച്ചും ആക്ഷേപിച്ചും ഭയപ്പെടുത്തിയും ശണ്ഠ തുടങ്ങിയിട്ടും കുലുങ്ങാതെ ഇരുന്ന ആശാൻ സുഭദ്ര പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ വൃദ്ധന്റെ പ്രായത്തിന് ഏറ്റവും ആശ്ചര്യപ്പെടേണ്ടതായ വേഗത്തിൽ എഴുന്നേറ്റ് സുഭദ്രയെ തടഞ്ഞു നിറുത്തി 'അ-കു-കു- കുഞ്ഞിനെപ്പോലെ നല്ല കുഞ്ഞ് ആരൊണ്ട് ? എക്കൊരു കുറച്ചിലു വന്നുപോയി. വെളീപ്പറയൂല്ലെങ്കിൽ എല്ലാം പറയാം. ചത്ത് കരിപറക്കണ കഴുവേറി പോണവഴിക്ക് പുല്ലുപോലും കുരുക്കൂല്ല. '

സുഭദ്ര : ' എന്നോടു പറയുന്ന സ്വകാര്യം ഭദ്രം തന്നെ. '

ആശാൻ : 'നല്ല പിള്ള -നല്ല പിള്ള. അന്ന് എക്കൊരു കിയുമത്ത് പറ്റി. ഒരു കാശിവാതി ആ മഴേത്തും കാറ്റത്തും വന്ന് ഇവിടെ കേറി. ചെറുപ്പം. ഒരിക്കലോ മറ്റോ കണ്ടിട്ടുമൊണ്ട്. എക്കൊരു ദശാവു തോന്നിയത്. അവന് വേതാന്തങ്ങളും ചാത്രങ്ങളും യോഹമൊറകളും പച്ചവെള്ളം കുഞ്ഞേ പച്ചവെള്ളം. ഈ വേതാന്തപ്പരിഷകളെ ഒണ്ടല്ലോ കുടിക്കണ വെള്ളത്തിപ്പോലും വിച്വതിച്ചൂട. മുന്തി അറുക്കണ കാക്രോടമ്മാര്! എന്റെ കുഞ്ഞ് വെളിയിപ്പറയരുതേ. എന്റെ ചെമ്മാന്ത്രത്തിലും ഇങ്ങനെയൊള്ള പോക്കണക്കേട് പറ്റീട്ടില്ല.'

ആശാൻ മനസ്സിളക്കി സത്യം പറയുന്നത് വല്ല ചോദ്യത്താലോ മറ്റോ തടസ്സപ്പെടുത്തിയാൽ സാരമായ സംഗതികളേയോ അറിവുള്ള വൃത്താന്തം മുഴവനേയുമോ മറച്ചേക്കുമെന്നുള്ള ശങ്കകൊണ്ട് സുഭദ്ര കേമനായ ഒരു പോലീസുദ്യോഗസ്ഥനെപ്പോലെ ഞെളിഞ്ഞ്, കുറ്റസമ്മതം ഉജാറായി കേൾക്കുന്ന നാട്യത്തിൽ നിൽക്കയായിരുന്നു. രണ്ടാമതും കള്ളക്കുതിരകളെപ്പോലെ പുറകോട്ട് അടിവെച്ചു തുടങ്ങിയതു കണ്ട് ആശാനു ധൈര്യം വരത്തക്കവണ്ണം സുഭദ്ര ഒരു സത്യവും ചെയ്തുകൊടുത്തു.

ആശാൻ: ' മതി, അതുമതി. ഇനി എല്ലാം പറയാം. ആ മഴയത്ത് ഞാൻ എന്തരു ചെയ്യും കുഞ്ഞേ? എന്റെ ഏഴരാണ്ടച്ചനിക്ക് അവന്റെ പൊക്കണത്തീന്ന് അവൻ എന്തരോ എടുത്തു തിന്നു. വാശുവിനു കൊള്ളാമെന്നു പറഞ്ഞു. തന്യാഥി അല്ലയോ? എന്റെ കെരവപ്പിഴയ്ക്ക് മുടിഞ്ഞുപോവാനക്കൊണ്ട് ഞാനും ഇത്തിരി ഒരെള്ളോളം വാങ്ങിച്ചു തിന്നു. കുഞ്ഞു ചിരിക്കണു. വെളിയി-അയ്യോ! പൊയിലച്ചാതം എറങ്ങിയാക്കൂടെയും പഞ്ചിപ്പാലറുതി എക്ക് വെളിയെലുടുക്കും. അന്നു തിന്നെന്നേ ഒള്ളു. പിന്നെ ചെവിത്തയുമില്ല ചെമ്മണ്ടയുമില്ല. നേരം വെളുത്തതു മാത്രം അറിഞ്ഞു. അവൻ- ആ വെട്ട തൊറന്നുപോണ ഈനാഞ്ചാത്ത-അവൻ തന്നെ മോട്ടിച്ചത്. എന്റെ ചെല്ലപ്പിള്ളയെ മായപ്പൊടി ഇട്ടു മയക്കിയാണു നാക്കില്ലാതെ ആക്കിയത്. കേപ്പിൻ കുഞ്ഞേ; ഇതാണ്ടെ, ഈ കാണുന്ന ഉള്ളറയിലെ താക്കോല് എന്റെ തലയ്ക്കൽ വച്ചിരുന്നു. നേരം വെളുത്തു നോക്കിയപ്പം അതൊണ്ടു പൂട്ടിലിരിക്കുന്നു. അവൻ-നാരായണ! അവന്റെ വേതാന്തങ്ങള് മുടിഞ്ഞുപോണേ പഹവാനേ! '

കാശിവാസി എന്നു പറയപ്പെട്ട ആൾ അറപ്പുരയ്ക്കകത്തു കടന്നു എന്നും മോഷ്ടിച്ചു എന്നും ആശാന്റെ തെളിവിനാൽ സുഭദ്രയ്ക്കു ബോദ്ധ്യം വന്നു. കുറച്ചുനേരം ആലോചിച്ചു നിന്നിട്ട് ആശാൻ ഉണരുന്നതിനു മുമ്പേ പൊയ്ക്കളഞ്ഞോ? ' എന്നു ചോദിച്ചു.

ആശാൻ: ' പിന്നേ! മോട്ടിച്ചതുംകൊണ്ട് ഇവിടെ നിക്കുമോ ? '

സുഭദ്ര : ' ആശാൻ ഇതിനു മുമ്പിൽ അയാളെ കണ്ടിട്ടുണ്ടോ? '

ആശാൻ : ' ഒണ്ട്-ഇല്ലെ വഴിയില് ഒരു തന്ത്യയ്ക്കു നിക്കണതു കണ്ടു. '

സുഭദ്ര : ' ഈ വീട്ടിൽ ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും ആശാനോടു ചോദിക്കയോ പറകയോ ചെയ്‌തോ ? '

ആശാൻ : ' യേങ്‌ഹേ, ഒരു വാക്കുപോലും ഇല്ല.'

സുഭദ്ര : ' ചെറുപ്പമോ, അതോ ? '

ആശാൻ : ' ചെറുപ്പം-എരട്ടക്കരളുവച്ച ഒറ്റയാനെപ്പോലെ പീപ്പന്നിമാടൻ. '

സുഭദ്ര : ' നിറം ? '

ആശാൻ : ' അകം പോലെ പൊറവും കറുപ്പ്. ചാമ്പപ്പറയനേ ചാമ്പപ്പറയൻ ! കണ്ണും കാലും കറുത്ത എന്തൊരുത്തൻ. വെട്ടിക്കുരുതികഴിച്ചൂടണം. അതാ !'

സുഭദ്ര : (ആത്മഗതം) ' എന്നാൽ തമ്പിയദ്ദേഹം കണ്ട ആളായിരിക്കാൻ വഴിയില്ല. പ്രേതമാകുമ്പോൾ പക്ഷേ കറുക്കുമോ? ആർക്കറിയാം? ' (പ്രകാശം) ' അവനെ കണ്ടിട്ട് വല്ലോരുടേയും ഛായ ആശാനു തോന്നിയോ ? '

ആശാൻ : (ആലോചിച്ചിട്ട്) ' പറയാം. ഒരു ക്‌നാവുപോലെ തോന്നുന്നു. പിന്നെ, നമ്മുടെ-ഛീ, അതല്ല. ഒണ്ടെങ്കില്, വാക്കുകേട്ടാൽ നമ്മുടെ-അതുമല്ല. '

സുഭദ്ര : (ആത്മഗതം) 'ആശാനു പരിചയമുള്ള സ്വരൂപവും സ്വരവും ആണ്; സംശയമില്ല. ആരായിരിക്കാം ? അതു തീർച്ചയായെങ്കിൽ മതി. മോഷ്ടിക്കാൻ കടന്ന ആളാണെങ്കിൽ തമ്പിയദ്ദേഹത്ത തടുക്കുമോ ? അതുമല്ലാതെ ഈ വീട്ടിന്റെ കിടപ്പെല്ലാം അറിഞ്ഞ ആളാണ്. എന്തു മഠയി ഞാൻ ! കഴക്കൂട്ടത്തു ചേട്ടനാണ്; അതാണ് യോഗത്തിലെ ദേഷ്യമെല്ലാം. ആഭരണങ്ങൾ എടുത്തു കൈക്കലാക്കി എന്നേയുള്ളു, ഇവരെ ഭയപ്പെടുത്താൻ. ഇപ്പോൾ തങ്കത്തിന് ഇങ്ങനെ വന്നതുകൊണ്ട് വല്ലാതെയുമുണ്ട്. അതാണ് തങ്കത്തിന്റെ ദീനചികിത്സയ്ക്ക് എല്ലാ ചെലവും താൻ ചെയ്തുകൊള്ളാമെന്നു പറഞ്ഞത്. ' (പ്രകാശം) ' ഇന്നലെയും മറ്റും ആശാൻ ചുറ്റി നടന്നത് എവിടെയാണ്?'

ആശാൻ : ' അവനെ തപ്പിരവി നടന്നു.'

സുഭദ്ര : ' എന്നിട്ടു കണ്ടോ ? '

ആശാൻ : ' ഇന്നലെ തൂരെ വച്ചു കണ്ടു. ലവിടെ ഇല്ലെപ്പട്ടാണിപ്പേട്ടയില്. '

സുഭദ്ര : ' തീർച്ചയാണോ ? അയാളെത്തന്നെ എന്നു നിശ്ചയമുണ്ടോ ? '

ആശാൻ : ' ഇതു കുഞ്ഞു തന്നെ എങ്കില് , കണ്ടത് അവനെത്തന്നെ. '

സുഭദ്ര : ' ആവനെത്തന്നെയാണു കണ്ടതെങ്കിൽ ആശാൻ ഇന്നും ഒന്നു പോയന്വേഷിക്കണം. ആശാനെ അവൻ കണ്ടോ ? '

ആശാൻ : 'കണ്ടു ; എന്നെ മിഴുമിഴാ നോക്കി . '

സുഭദ്ര : (ആത്മഗതം) 'കഴക്കൂട്ടത്തു ചേട്ടനല്ല ' (പ്രകാശം) ' ആശാൻ കണ്ടിരിക്കുന്ന സ്ഥിതിക്ക് മോഷ്ടിച്ചത് അവനാണെങ്കിൽ ഇനി അവിടെ കാണുകയില്ല. അവിടെ ഉണ്ടോ എന്നു നോക്കിക്കൊണ്ടു വരണം. ആശാൻ തന്നെ പോകണം . '

ആശാൻ :'ആ നീശക്കൂട്ടത്തില് എക്കു വയ്യ പോവാൻ. '

സുഭദ്ര : (ആത്മഗതം ) ' ആശാനെ ഉറക്കാൻ കൊടുത്ത മരുന്നു പോലെ എന്തോ തങ്കത്തിനെ ഉറക്കാനും കൊടുത്തു. എന്നിട്ടായിരിക്കാം മോഷ്ടിച്ചത്. എന്നാൽ വിദ്വാനെ തമ്പിയദ്ദേഹവും ആശാനും കണ്ടിരിക്കുന്ന സ്ഥിതിക്ക് കടന്നുകളയേണ്ടതല്ലായിരുന്നോ ? ആശാൻ കാണുക തന്നെ വേണം. മറ്റുള്ളവരെ അയച്ചുകൂടാ. അന്യൻ ഈ അറപ്പുരയ്ക്കകത്തു കടന്നു ; പട്ടാണി ആണ് ; തങ്കത്തിനെ മയക്കി എന്നൊക്കെ വന്നാൽ വലിയ കുറച്ചിൽ ! പാടില്ല ; എന്നെപ്പറയുന്ന ആളുകൾ വല്ലതും സംഗതി പിടികിട്ടിയാൽ തങ്കത്തിനേയും ദുഷിക്കും. വേണ്ട, മറ്റാരും വേണ്ട; ആശാൻ തന്നെ പോണം. കഞ്ചാവിന്റെ കഥ പുറത്തു വരുമെന്നു ഭയന്ന് ഒന്നും പുറത്തു പറകയില്ല.' (പ്രകാശം) ' ആശാൻ ഇങ്ങനെ തർക്കം പറയരുത്. തങ്കത്തിന്റെ ദണ്ഡം ഒന്നു രണ്ടു ദിവസം കൊണ്ട് ഞാൻ ഭേദമാക്കിത്തരാം. '

ആശാൻ : 'പൊന്നു തന്നെ കെട്ടിത്തന്നാലും ഇല്ല. തിരുമുകത്തെപ്പിള്ളേടെ കാര്യത്തിപ്പോലെ എക്കു വയ്യ അടിച്ചോണ്ടു നടപ്പാൻ. '

സുഭദ്ര : ' കഞ്ചാവും കറുപ്പും തിന്നാൻ കഴിയുമോ ? '

ആശാൻ : ' അതാണ്ടെ, പറഞ്ഞതേ എക്കു വെന; ഞാൻ പോവാം പിള്ളേ, പോവൂലാന്നു പറഞ്ഞോ വല്ലോരും ? '

സുഭദ്ര : 'പോയി ആളിന്റെ തരം, നിറം, വയസ്സ് ഇത്രയും നിശ്ചയപ്പെടുത്തി വരണം. ഒന്നുമില്ലെങ്കിൽ കണ്ടിട്ടു വന്നാൽ മതി . തരമുണ്ടെങ്കിൽ തങ്കത്തിന്റെ ദീനസംഗതി , മോഷണക്കാര്യം ഇതുകളും പറഞ്ഞുകേൾപ്പിക്കണം. '

ആശാൻ : 'ഒരു വാക്കു തപ്പൂല്ല. ലതു തിന്നത് ഇനിയെങ്കിലും മിണ്ടല്ലേ. '

സുഭദ്ര : 'ഞാനോ, ഒരു കാലം-ആശാൻ ഇത്ര സംശയിക്കുന്നതെന്തിന് ? '

ആശാൻ : ' കുഞ്ഞു പറയൂല്ല ; എക്കറിയാം. ഒരു മിടാന്തുവെള്ളപ്പഴിഞ്ഞിവെള്ളവും മോന്തിക്കൊണ്ട് ഇതാ നടന്നു. '

സുഭദ്ര : ' അവനോട് കാര്യങ്ങൾ പറയുമ്പോൾ കേട്ടാലുണ്ടാകുന്ന മുഖഭാവങ്ങൾ കൂടി നോക്കിക്കൊള്ളണം. '

ആശാൻ : ' അതൊക്കെ എക്കറിയാം. ഒന്നും പറഞ്ഞു തരണ്ട. '

സുഭദ്ര : ' മിടുക്കനല്ലയോ ! ഞാൻ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയണം. '

ആശാൻ : ' പള്ളിപ്പിള്ളരെപ്പോലെ. ' അബദ്ധത്തിൽ ലഹരിപദാർത്ഥം ഭക്ഷിച്ചുപോയതു ഗോപ്യമായി വച്ചുകൊള്ളണമെന്നു പിന്നെയും അപേക്ഷിച്ചിട്ട് ആശാൻ ആയുധപ്പുര പൂട്ടിക്കൊണ്ട് വടക്കേകെട്ടിലേക്കു യാത്രയായി.

സുഭദ്ര : ' മഹാശുദ്ധൻ ! കള്ളിൽ കുളിച്ചു വഴിയിൽ ഉറങ്ങുന്നവർക്ക് ഈ അഭിമാനം വല്ലതുമുണ്ടോ ? അറിയാതെ വന്ന അബദ്ധത്തെ പുറത്താക്കാൻ മടിച്ച് തനിക്ക് എത്രയും പ്രിയമുള്ള ആളിനു നേരിട്ടിരിക്കുന്ന ആപത്തിനു മോചനം വരുത്താൻ അവശ്യം അറിയേണ്ടതായ സംഗതികളെയും മറച്ചുകൊണ്ട് ഭ്രാന്തനെപ്പോലെ ഒന്നും പാടില്ലാതെ ഉഴലുന്നു; ആട്ടെ ഈ എഴുത്തിനെ വായിക്ക തന്നെ. '

എന്നിങ്ങനെ വിചാരിച്ചുകൊണ്ട് താൻ മുമ്പിൽ കണ്ടുപിടിച്ച എഴുത്തിനെ എടുത്ത് രണ്ടു മൂന്ന് ആവൃത്തി വായിച്ചു. ' എന്തു കൃത്രിമം ! എന്തു കള്ളം ! കഷ്ടം ! കഷ്ടം ! ഇത് എല്ലാം അദ്ദേഹം വിശ്വസിച്ചല്ലോ ! അദ്ദേഹം കീർത്തിമാനാണെങ്കിലും ശുദ്ധനാണ്. അല്ലേ, ഈ വ്യാജം അറിവാൻ പാടില്ലാത്ത ആളായിപ്പോയല്ലോ. തിരുമുഖത്തെ അദ്ദേഹം ഈ രാജ്യത്തിന് ഒരു രത്‌നമാണുപോലും. മഹാബുദ്ധിമാൻ, സമർത്ഥൻ, തമ്പുരാക്കന്മാരുടെ കൺമണി, വലിയ സർവ്വാധിയും ആയിരുന്നു. സുന്ദരം പട്ടരുടെ തിരുക്കിൽ പെട്ടപ്പോൾ മഹാമോശം! അദ്ദേഹം ഈ കള്ളം വിശ്വസിച്ച സ്ഥിതിക്ക്, ഈ എഴുത്തിനെ തങ്കം വിശ്വസിച്ചു എന്നു വിചാരിക്കുന്നതിൽ എന്താണ് ആശ്ചര്യം ? വിശ്വസിക്കുന്നില്ലെന്ന് അമ്മയോടു പറഞ്ഞത് ആത്മവഞ്ചനയുടെ ഒരു വകഭേദം; അത്രേയുള്ളു. ഇതു വിശ്വസിച്ച് വ്യസനിച്ചിരിക്കുമ്പോൾ തമ്പിയദ്ദേഹത്തിനെക്കൊണ്ടു ചാടിച്ച അമ്മ എന്തു ദുർമോഹിയാണ്. ' ഇപ്രകാരം ആലോചിച്ച് എഴുത്തിനെ പൂർവ്വസ്ഥിതിയിൽ ഒളിച്ചുകൊണ്ട് അറപ്പുരയിലേക്കു ചെന്നു.

പത്തു നാഴിക പുലർച്ച ആയപ്പോൾ മുതൽ സുഭദ്ര ആശാന്റെ വരവ് നോക്കിത്തുടങ്ങി. അധികം താമസിക്കുന്നതിനാൽ എന്തോ വിഷേഷസംഗതിയുണ്ടെന്ന് ആ സ്ത്രീക്കു നിശ്ചയമായി. ഉച്ചതിരിഞ്ഞു തുടങ്ങിയപ്പോൽ ആശാൻ വാടി വിയർത്തു ക്ഷീണിച്ചു തിരിച്ചെത്തി. ആയുധപ്പുരയ്ക്കകത്തു കടന്നു കിടപ്പായി. സുഭദ്ര ക്ഷണത്തിൽ മുമ്പിലെത്തി. 'കണ്ടോ ആശാനേ?' എന്നു ചോദ്യംചെയ്തു. ആശാൻ 'കണ്ടു, കണ്ടു ' എന്ന് ഉന്മേഷത്തോടുകൂടി പറഞ്ഞു.

സുഭദ്ര: 'സംസാരിച്ചോ?'

ആശാൻ : 'ഓഹോ!ഞാൻ പെയ്യാ ചുമ്മാ വരുമെന്നോ ?'

സുഭദ്ര: 'അതുണ്ടോ ! ആശാൻ ഏതു കേമൻ ! സാധാരണ മനുഷ്യരേയും ആശാനേയും സാമ്യം കൂട്ടാമോ? പറയണം. നടന്ന കഥയെല്ലാം ഭാരതംപോലെ വിസ്തരിച്ചു പറയണം.'

ആശാൻ :'പിന്നെ ഒണ്ടല്ലോ-ഇവിടുന്ന് അവിടെച്ചെന്നപ്പോഴൊണ്ടല്ലോ, ഒരു പട പട്ടാണിത്തുലുക്കമ്മാര്. ഓരോരുത്തരു മുക്കിട്ടകേറി നിക്കണു, കാണാനും കൊള്ളാനും. ഞാൻ ഒരു വഴിയേ ചെന്ന് അങ്ങു കേറിയപ്പം ഒരു കൊച്ചുപിള്ളത്തുലുക്കൻ വന്ന്' ' ഇങ്ങനെ, അവിടെ പെണ്ണുങ്ങളിരിക്കണിടം' എന്നു പറഞ്ഞു വിളിച്ചു. ഞാൻ അവന്റെ ്ടുത്തുചെന്ന് 'കാശിവാതി എവിടെ? ' എന്നു ചോദിച്ചു. എന്തിനെന്ന് അവൻ. 'കണ്ടാലക്കൊണ്ടു പറയാ ' മെന്നു ഞാൻ. അവൻ തു്പപായി ആണുപോലും. നമ്മുടെ മൊഴി അവനേ അറിയാവൂ. കിളിപ്പിള്ളപോലെ വാക്ക്. ഹ-അവൻ അകത്തുചെന്ന് കാശിവാതിയെ ഒടുക്കം പറഞ്ഞയച്ചു. കുഞ്ഞേ, ഞാനൊന്നു പറയാം. കെഴവനു പറ്റിയതെല്ലാം പറ്റി. മോട്ടിച്ചത് അവനല്ല. ഈ കാര്യം പറഞ്ഞപ്പംതന്നെ അവൻ കരഞ്ഞു തുമിച്ചു പൊടിച്ചു കളഞ്ഞു. തോഴമൊണ്ട്, അവനാണെനന്ു പറഞ്ഞാല്കകൊണ്ട്. നല്ലപിള്ള അവനും. നല്ല കറുപ്പുതന്നെ.'

സുഭദ്ര: ( ആത്മഗതം)'ഒന്നുകിൽ വലിയ കള്ളൻ. അല്ലെങ്കിൽ യദൃച്ഛയാ ഇവിടെ വന്നു. മോഷ്ടിച്ചതു വേറേ ആൾ. നിറം കറുപ്പാകകൊണ്ട് എന്റെ ഊഹം തെറ്റാണ്. കരഞ്ഞതെന്തിന്?തൻരെ മേൽ കള്ളം ആരോപിക്കപ്പെട്ടതുകൊണ്ടോ?അത്ര സാധുശീനലനോ?അല്ല. എന്തോ ഉണ്ട്.'(പ്രകാശം)'ദീനത്തിന്റെ സംഗതിയും പറഞ്ഞോ ?'

ആശാൻ: 'പറഞ്ഞു പറഞ്ഞു. അതു കേട്ടപ്പം അവൻ അങ്ങു കൊച്ചുങ്ങളെപ്പോലെ ഏങ്ങിക്കരഞ്ഞു. ഉടനെ എക്കും കണ്ണിക്കൂടെയും മൂക്കിക്കൂടെയും കുടുകുടാ എടുത്തിട്ടു പിള്ളെ. '(മുമ്പിലത്തെ അദ്ധ്യായത്തിൽ വിവരിച്ചതുപോലെ മുഹമ്മദീയൻ ഭക്ഷണത്തിനിരിക്കുന്നതിനിടയിൽ നടന്ന സംതിയാണിത്. ) 'നല്ല മനുക്ഷേരെക്കുറിച്ച് ദശാവുള്ളവൻ. ആ തു്പപായിയേ-അവൻ ന്നൈത്തടവി, കൈപിടിച്ചു മുറുക്കി കുലുക്കി. നല്ല മൂക്കിക്കണ്ണാടി വേണമോ എന്നു കേട്ടു. കുഞ്ഞേ, നമ്മുടെ ആളുകളുക്കേ ഈ വലിപ്പങ്ങളും മറ്റുമൊള്ളു. തുപ്പായി ഇട്ടിരിക്കണത് പൊന്നുടു്പപ്. എന്നിട്ട് എന്നെ ഇങ്ങനെ ഒക്കെ ചെയ്തില്ലയോ. അവന്റെ മീശ മുറുക്കി വച്ചേക്കണു കുഞ്ഞേ, കുരകരുക്കോറി നിക്കുണു. എൻരെ പാവങ്ങളും കണ്ട് അവനും കരഞ്ഞു. ഇല്ല, അവനും ചു്മമാ എള്ളോളം കരഞ്ഞപോലെ എക്കു തോന്നി. എന്തിനു വന്നെന്ന് അവൻ കേട്ടു. കാശിവാതിയെ കണ്ടാലേ പറയൂന്ന് ഒരേ പിടി പിടി്ചചോണ്ടു ഞാൻ .പിന്നെ അവൻ അകത്തുപോയി. നിന്നുനിന്നു കാലും തളർന്നു. കാശി വാതിയെക്കണ്ടപ്പം തളർച്ച തീർന്നു.'

സുഭദ്ര: (ആത്മഗതം )'വിഷമിച്ചു ഇക്കഥ കേട്ട്. ഒന്നു നിശ്ചയമാണ്. ഇവരിൽ ആർക്കോ ഈ വീട്ടിനെക്കുറിച്ച് അറിവുണ്ട്. അല്ലെങ്കിൽ മോഷ്ടിക്കുവാൻ വന്നിരിക്കുന്ന കൂട്ടമാണ്. എല്ലാം അന്വേഷിച്ചറിഞ്ഞിട്ടുണ്ട്.(പ്രകാശം) 'ദ്വിഭാഷിയെ രണ്ടാമതു കണ്ടോ ആശാനേ ?'

ആശാൻ : 'ഇല്ല. അവന്റെ എള്ളുംപൂമുക്കു കാണാൻ എക്കിപ്പവും കൊതി.'

സുഭദ്ര: 'അയാൾ കരഞ്ഞോ?നല്ലതിന്മണ്ണം ഓർമ്മിച്ചുനോക്കണം.'

ആശാൻ : 'ഛീ!ഛീ! അവൻ മല വന്നു വിഴുന്നാലും അനങ്ങൂല്ല. എന്നെക്കണ്ടപ്പം മാത്രം, എന്തോ ഒന്നിത്തിരി വല്ലാതെ ആയി. പിന്നെ ഒന്നുകൂടി-അവന്റെ കൈ എന്റെ മേത്തു വച്ചപ്പം എന്തരു ചൂട്! രാപ്പനിയുള്ള കൂട്ടമാണ്. വെള്ളമില്ലാത്ത രാച്യക്കാറല്ലേ? '

സുഭദ്ര: 'ആശാനേ കണ്ടപ്പോൽ വ്യസനിക്കാൻ സംഗതി എന്ത്? അയാൾക്കു ഭ്രാന്തായിരുന്നോ?'

ആശാൻ : 'സത്യം പറയാം. അവനെക്കണ്ടപ്പം ഞാൻ കരഞ്ഞു പോയി. ചത്തവരു തിരിച്ചുവന്നോ എന്നെക്കു തോന്നി. '

ഈ വാക്കുകൾ കേട്ട് സുഭദ്ര ഞെട്ടി, അരനാഴിക നേരം മിണ്ടാതെ നിന്നു. (ആത്മഗതം): 'ഇനി സംശയിക്കാനില്ല. കാശിവാസിയെ ഇവിടെ അയച്ചത് ദ്വിഭാഷിയാണ്. ജാതി മാറിപ്പോയി. ആഭരണങ്ങളേയും കൊണ്ടുപോയി. ഒരു ഓർമ്മയ്ക്കായി തട്ടിച്ചു. കഷ്ടമായി ആകപ്പാടെ. എന്തിനു തിരക്കുന്നു? ആദ്യമേയുള്ള എന്റെ സംശയം ഇപ്പോൾ സ്ഥിരപ്പെട്ടു. രണ്ടാമത്തെ സംശയവും ശരിയായിരിക്കുന്നു. ഇനി അന്വേഷിക്കേണ്ട. ചികിത്സിച്ചാൽ മതി. പോയതെല്ലാം പോട്ടെ. ഇപ്പോൾ ഉള്ള വിശ്വാസത്തോടുകൂടിത്തന്നെ എല്ലാവരും ഇരിക്കട്ടെ. തമ്പിഅദ്ദേഹത്തിന് ആളിന്റെ ഛായ ശരിയായി തോന്നിയതിന്റെ കാര്യവും മനസ്സിലായി. ദ്വിഭാഷികൂടി വന്നിരുന്നു. ആയാളാണ് അകത്തു കടന്നത്. കണ്ടാൽ ആൾ അറിയുമെന്നു വിചാരിച്ച് ആശാന്റെ മുമ്പിൽ മാത്രം ചെന്നില്ല.'(പ്രകാശം)'പിന്നെ എന്തെല്ലാമായിരുന്നു ആശാനേ ? ദ്വിഭാഷിമേത്തൻ ബൗദ്ധനാണ്. എവിടുന്നു വന്നവനോ? നമുക്ക് അവന്റെ കാര്യമൊന്നും അറിയേണ്ട. അവർ പറഞ്ഞതെല്ലാം പറയണം.'

ആശാൻ : 'കുഞ്ഞ് എല്ലാം അറിഞ്ഞതുപോലെ കേക്കുണു. നാരായണ!അടുത്തു വരിൻ-പപ്പനാവ!രാമ !രാമ!എന്തരു കാലമോ?കലി മുറ്റിയാലും ഇങങനെ വരുമോ? '

സുഭദ്ര: 'എന്താണാശാനേ ? പറയണം?'

ആശാൻ : 'കാശിവാതി ഒരു കാര്യം പറഞ്ഞു. ഒരു പട്ടര് അവിടെ നിന്നു നഞ്ചു വാങ്ങിച്ചോണ്ടു പോന്നെന്ന്. നഞ്ചല്ലപോലും കൊടുത്തത്.ചെവന്ന മത്താപ്പുപൊടിയേ കൊടുത്തുള്ളുപോലും. തങ്കത്തിനു വെഴം കൊടുക്കാനാണ്. വെളിയിലാരെ അടുത്തും പറയരുതെന്നും പറഞ്ഞു. ' (യുവാരജാവിനു കടുക്കാനാണെന്നു ഹക്കിം ഊഹിച്ച വിഷമാണിത്). 'തമ്പിഅങ്ങത്തെ അവിടുന്ന് എന്തരു കൊണ്ടന്നാലും തൊടരുത് ' എന്ന് അവൻതന്നെ പറഞ്ഞു.'

ഈ വാക്കുകൾ കേട്ടപ്പോൾ സുഭദ്രയുടെ കായദൈർഘ്യം ഒന്നു വർദ്ധിച്ചു. മുഖം ശോണമായി ശോബിച്ച്, പുരികങ്ങൾ വ്കരമായി ത്മമിലിടഞ്ഞു. ദന്തംകൊണ്ട് അധരത്തെ കടിച്ചമർത്തുകയാൽ ആ ഭാഗത്തുനിന്നും രക്തം പ്രവഹിക്കുന്നുവോ എന്നു തോന്നിച്ചു. ദേഹം ആസകലം ഒന്നു വിറച്ചു. സ്ത്രീകൾക്ക് സഹജമല്ലാതുള്ള ആകൃതിഭേദത്തോടും രൗദ്രപ്രഭയോടും കോപചേഷ്ടകളോടും സുഭജദ്ര നിന്നതുകണ്ട്. കേസരിയെക്കണ്ട ജംബൂകനെപ്പോലെ നടുങ്ങി, വിറയലോടുകൂടി വൃദ്ധൻ പുറകോട്ടു മാറിത്തുടങ്ങി. ആശാൻരെ സംഭ്രമംകണ്ട് സുഭദ്രയുടെ കോപം ശാന്തമായി.

സുഭദ്ര: 'ആരാണു വിഷം വാങ്ങിയത് ?'

ആശാൻ : 'ആ കാക്കക്കൊറവൻ ചൊടലമാടൻ ചുന്തരം അണ്ണാവി. '

സുഭദ്ര: 'വിഷം വേണമെന്നു ചോദിച്ചോ? '

ആസാൻ :'എന്നാണു കാസിവാതി പറഞ്ഞത്. അതു പറഞ്ഞ ഥിതിക്ക്, അവൻതന്നെയോ എന്തോ മോട്ടിച്ചതും? '

സുഭദ്ര: 'അവരാരുമല്ല. ആശാൻ പരിഭ്രമിക്കേണ്ട. ഈ സംഗതികൾ ഒന്നും ആരോടും പറയരുത്. '

ആശാൻ : 'കുഞ്ഞിനാണെയില്ല. എന്റെ മോയത്തനവും.'

സുഭദ്ര: 'അതിനക്കുറിച്ചു പേടിവേണ്ട. ആശാൻ പോയി ഉണ്ണണം. '

'പപ്പനാവൻ സഹായം ' എന്നു പറഞ്ഞുകൊണ്ട് ആശാൻ നടന്നു. ഈ സൊല്ല ഒഴിഞ്ഞാൽ മതി എന്നേ ആശാനു വിചാരമുണ്ടായിരുന്നുള്ളു. ആശാൻ വടിയും ഊന്നി പോകുന്നതിനിടയ്ക്ക് തന്റെ അപേക്ഷയെ പല പ്രാവശ്യം ആവർത്തിക്ക ഉണ്ടായി. ആശാൻ മുമ്പിൽനിന്നു മറഞ്ഞപ്പോൾ സുഭദ്ര പെട്ടെന്നു നിലത്തിരുന്നു. മുഖത്തിലെ ഗാംഭീര്യങ്ങൾ മറഞ്ഞ്, ആലസ്യത്തോടുകൂടി, തന്റെ ഹൃദയമാർദ്ദവത്തെ സ്ഫുടീകരിക്കുമാറ് ഖിന്നത കലർന്ന്, ഫാലം കരത്താൽ താങ്ങിക്കൊണ്ട്, കുറച്ചുനേരം ഇരുന്നു. പിന്നീട് എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നുതുടങ്ങി. 'വിഷം തങ്കത്തിനല്ല, ഈ എനിക്കാണ് . തരട്ടെ എന്നുവയ്ക്കുകയോ? ഈ ജന്തു മരിച്ചാൽ ആർക്കെന്തു ചേതം? എങ്കിലും വെറുതെ ജീവനാശം വരുത്തുന്നതെന്തിന്? അതുമല്ലാതെ ഇവരുടെ കൈയാൽ മരിക്കയോ?ഇവരെ ഒന്നു പഠിപ്പിക്കാതെ വിടുകയോ ? ഒരിക്കലും പാടില്ല. എന്റെ ഹൃദയത്തിൽ കത്തുന്ന തീ ബ്രാഹ്മണനാമത്തെ ധരിക്കുന്ന ആ നീചൻ അറിയുന്നുണ്ടോ? മറ്റേ വഞ്ചകൻ തമ്പിപ്രഭു അറിയുന്നുണ്ടോ? ലോകർ അറിയുന്നുണ്ടോ? എന്റെ ഭർത്താവുതന്നെ അറിയുന്നുണ്ടോ? വ്യാജയെഴുത്തുണ്ടാക്കി പട്ടരും 'അങ്ങുന്നു' മായി ഞങ്ങളെ വേർപെടുത്തി, എന്നെ അനാഥയാക്കി; അവരുടെ ഹിതങ്ങൾക്കു വഴിപ്പെടാതിരുന്നതിന് എന്നെ അവർ കഠിനമായി വ്യസനിപ്പിച്ചു; ഇപ്പോൾ ഇതാ കൊല്ലുന്നതിനും തുടങ്ങുന്നു. തമ്പി സിംഹാസനത്തിൽ കയറി ഭരിക്കുന്നതും പട്ടർ മന്ത്രിപ്പട്ടം വഹിക്കുന്നതും ഒന്നു കാണട്ടെ. വരട്ടെ ചാകാൻ. പക്ഷേ, അമ്മാവൻ അറിഞ്ഞാൽ എന്തു ചെയ്യുമോ? അതു വിചാരിച്ചു ഭീരുവാകയോ? പാടില്ല. 'ഇപ്രകാരമെല്ലാം ആലോചിച്ചുകൊണ്ട്, ഉടനേതന്നെ കാർത്ത്യായനിഅമ്മയോട് അനുമതിയും വാങ്ങി, സുഭദ്ര ഭൃത്യന്മാരോടൊന്നിച്ച് തന്റെ ഗൃഹത്തിലേക്കു പോകയും ചെയ്തു.