മൗനഗാനം/ആറ്റുവക്കിൽ
< മൗനഗാനം
←കൈത്തിരി | മൗനഗാനം രചന: ആറ്റുവക്കിൽ |
ആയിഷ→ |
[ 17 ]
ആറ്റുവക്കിൽ
നിർമ്മലേ, നിമ്നഗേ, നില്ക്കു,കപ്പൊൻമല-
രുമ്മവെച്ചെങ്ങു നീ കൊണ്ടുപോയി ?
കല്ലോലക്കൈകളിൽത്താലോലമാടിയെൻ-
ചെല്ലത്തെച്ചൊല്ക നീയെന്തു ചെയ്തു ?
അന്തിമസന്ദേശം വല്ലതും ചൊല്ലിയാ-
ച്ചെന്തളിർമെയ്യാളൊളിച്ചിരിക്കാം !
പച്ചച്ചെടികളേ, നിങ്ങളതു കണ്ടി-
ട്ടുത്തരമൊന്നുമുരച്ചതില്ലേ ?
അന്തിമയങ്ങുമ്പോ,ളംബരം പൂക്കുമ്പോ-
ളന്തിമലരി ചിരിച്ചിടുമ്പോൾ ,
ഇത്തടിനീതടം കൈവിട്ടു പോകുവാ-
നെത്ര മടിച്ചീലന്നുത്തമേ, നീ?
വന്നെത്തുകില്ലിനി വാനത്തു ചെന്ന നീ
മന്നിതു വീണ്ടും മധുരമാക്കാൻ !
എന്തിനു പിന്നെ ഞാൻ കാക്കുവതന്നത്തെ-
സന്തോഷരംഗങ്ങൾ മാഞ്ഞുവല്ലോ !
വന്നിടാം നിൻപിമ്പേ വൈകിടാതീ ഞാനും
മന്നിനെന്തെൻനിഴൽ മാഞ്ഞുപോയാൽ ?