മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ആയിഷ




[ 18 ]

ആയിഷ

വാതിൽ തുറക്കൂ ചരിത്രമേ, മുന്നിലാ
വാടാവളക്കൊന്നു കണ്ടുകൊള്ളട്ടെ ഞാൻ.

ആരാലതാ കിളർന്നാളിപ്പടരുന്നു
ഘോരമുകിലപ്രതാപദാവാനലൻ.
ആദരാലക്ബറിൻ സാർവ്വഭൌമത്വമാ-
മാതപത്രത്തിനലുക്കിട്ടനാകുലം

ക്ഷേമങ്ങളെപ്പുണർന്നുല്ലസിച്ചീടുന്നു
സാമന്തരാജരജപുത്രവംശജർ.
മാനത്തുപോലും പരിമളംവീശുന്നു
മാനസിംഹൻതൻ പുകൾക്കുളിർപ്പൂവുകൾ !

ആഹവദേവത ഹർഷപ്രമത്തയായ്
കാഹളമൂതിച്ചരിക്കുന്നു നീളവേ,
കുങ്കുമം ചാർത്തുന്നിതുത്തരഭാരത-
മങ്കതന്മാറത്തു ചെന്നിണച്ചാലുകൾ !
അഷ്ടാശകളിലും മൂടുന്നു മേല്ക്കുമേ-
ലശ്വപാദോഗ്രപ്രപാതോത്ഥധൂളികൾ !
ധൂപം വമിക്കയായ് പട്ടാണിമാരുടെ
കോപാഗ്നികാളും പ്രതീകാരപർവ്വതം !

ആരിതുസ്മാനോ, മഹാത്മൻ, ഭവാനെന്തു
കാരണമിത്ര പരവശനാകുവാൻ ?
തോരാതെ തോരാതെ കണ്ണീർപൊഴികയോ
ധീരാഗ്രിമനാം ഭവാന്റെ നേത്രങ്ങളിൽ ?
ആ ഗളത്തിങ്കൽ സ്വയം ജയലക്ഷ്മികൾ
ആഗമിച്ചിട്ടതില്ലെത്ര പൂമാലകൾ ?
ആ വിരിമാറിൽത്തലചായ്ച്ചുറങ്ങിയി-
ല്ലാവേഗപൂർവകമെത്ര യശസ്സുകൾ ?
ആവിർഭവിച്ചതില്ലെത്ര മിന്നൽപ്പിണ-
രാവലങ്കയ്യിലെ വാൾത്തലച്ചീറ്റലിൽ ?

വന്നണയുന്നു ഭവൽസമീപത്തൊരു
മിന്നല,ല്ലാരിതാ, രായിഷാദേവിയോ ?
എന്തിനിസ്സംഭ്രമം കൂമ്പിയ നിന്മുഖ-
ച്ചെന്താരു വീണ്ടും വിടർന്നതെന്തത്ഭുതം ?
സേനാപതേ, ഭവൽപ്രാണനാളത്തിലൊ-
രാനന്ദഗാനം പതഞ്ഞു പൊങ്ങുന്നുവോ ?
സോദര പാരം വിളർത്തൊരാ നെറ്റിയിൽ
സ്വേദകണങ്ങൾ പൊടിഞ്ഞുതിരുന്നുവോ ?
ഏതോ സുരഭിലസ്വപ്നങ്ങളെ സ്വയം
ചേതന ചെന്നു ചെന്നുമ്മവയ്ക്കുന്നുവോ ?
ഒറ്റഞൊടിയിലെന്തന്തരം- ഹാ , ഭവ-
ദ്ദു:ഖത്തിനാസ്പതമിത്തങ്കരശ്മിയോ ?

[ 19 ]

ആയിഷേ , നിൻപദം പൂജിക്കുവാൻ നിന-
ക്കായുരന്ത്യംവരേക്കുണ്ടൊരാരാധകൻ !
ജീവിതസിദ്ധികളൊക്കെ നിൻ ചെന്തളിർ-
ച്ചേവടിച്ചോട്ടിൽവെച്ചർച്ചനചെയ്യുവാൻ
ആശിച്ചു ഹാ, നിന്നനുമതിക്കായ് മന-
ക്ലേശം സഹിച്ചും മരുവുകയാണവൻ.
ഇത്രനാൾ നിന്നെത്തപസ്സുചെയ്തിട്ടുമെ-
ന്തപ്രാപ്യയായ് നിന്നകന്നു മാറുന്നു നീ ?

പൂമണിമേടയിലാളിയോടൊത്തു നീ-
യോമനസ്വപ്നങ്ങൾ കണ്ടന്നുറങ്ങവേ ,
ജാതരൂപോജ്ജ്വലമക്കുളിർമേനിയിൽ
ജാതോന്മദം സുഖനിദ്ര ചെയ്തങ്ങനെ
കാലപാശംപോലെ ചുറ്റിപ്പിണഞ്ഞൊര-
ക്കാളസർപ്പത്തിനെക്കണ്ടു വിഭ്രാന്തനായ് ,
ജീവനെപ്പോലും പണയപ്പെടുത്തി നിൻ
ജീവരക്ഷയ്ക്കന്നൊരുങ്ങിയോനാണവൻ
ഒറ്റനിമേഷം കഴിഞ്ഞെങ്കിൽ നിൻ ജഡം
പട്ടടച്ചാമ്പലായ്ത്തീർന്നേനെ നിഷ്ഫലം !
കഷ്ടമെന്നിട്ടും യഥാർത്ഥമറിഞ്ഞിടാ-
തൊട്ടല്ല , ഭർത്സിച്ചിതപ്പുണ്യവാനേ നീ !
എന്തും സഹിക്കാൻ , നിനക്കുവേണ്ടി സ്വയ-
മെന്തും സഹിക്കാ,നൊരുങ്ങിയക്കാമുകൻ !

ആർത്തിരമ്പീടും ജലപ്രവാഹത്തിൽ നീ-
യാർത്തയായ് താണുമറഞ്ഞൊരാ വേളയിൽ ,
ആത്തവേഗം ചാടി നീന്തിത്തുടിച്ചുവ-
ന്നാർദ്രനവൻ നിന്നെ രക്ഷിച്ചു പിന്നെയും !
മറ്റാർക്കും കാണും മനോഹരി,നിന്നൊടീ-
മട്ടിലൊരുജ്ജ്വലാനർഘരാഗോദയം ?
കഷ്ടം, പ്രതിഫലമെന്താണിവയ്ക്കൊരു
പട്ടുപോൽ നേർത്ത സഹോദരസൌഹൃദം
അർപ്പണംചെയ്തു നിൻ പ്രേമാർദ്രമാനസ-
മപ്രാപ്യനാമപരന്നു നീ നിർദ്ദയം.
നീയറിയുന്നോ നിയതമൊരാത്മാവു
നീറി നീറിക്കൊണ്ടിരിക്കുന്ന വാസ്തവം ?
ഇപ്രേമവിഹ്വലനുൾക്കാമ്പിലേന്തുന്നു
തപ്തമാമേതോ വിഷാദാഗ്നിപർവ്വതം.
ഒന്നിച്ചു ബാല്യംമുതല്ക്കൊരേ മേടയിൽ-
ത്തന്നെ ജനിച്ചു കളിച്ചു വളർന്നവർ

[ 20 ]

താവകസന്നിധാനത്തിലൊരായിരം
ദേവലോകങ്ങളൊരുമിച്ചു കാണുവോൻ
നിൻകടക്കണ്ണിൽ നിരുപമമാമൊരു
സങ്കല്പനിർവൃതി കാണാൻ കഴിയുവോൻ
നിന്നെയല്ലാതീനിമിഷംവരേക്കുമൊ-
രന്യാംഗനയെ മനസ്സിലോർക്കാത്തവൻ
ഏതുമവനിൽക്കരുണയില്ലാതെ നീ-
യേവമവനെപ്പരിത്യജിക്കുന്നുവോ ?

ക്രുദ്ധനായെത്തീ, ജഗത്സിംഹനക്കൊടും-
യുദ്ധാങ്കണത്തിൽ പരാക്രമമൂർത്തിയായ്
കല്പാന്തകാലാഗ്നിപോൽപ്പറന്നെത്തുന്നി-
തപ്പൊഴേക്കുസ്മാനുമാ രണവേദിയിൽ

18-1-1938

(അപൂർണ്ണം)


30.
എന്നെയോർത്തോർത്തു കേഴുകയാണാ-
ക്കണ്മണി കഷ്ടമിപ്പൊഴും.
ഇല്ലവളുടെ ജീവിതത്തിങ്ക-
ലല്ലലറ്റൊരു മാത്രയും.
ദുർവിധിയവൾക്കേകിയെന്തിനോ
സർവ്വനേരവും സങ്കടം.
മുഗ്ദ്ധമാലതീലോലസൂനംപോൽ
ശുദ്ധമായൊരാ മാനസം
ചിന്തയിൽ വെന്തിടുന്നതോർക്കുമ്പോൾ
നൊന്തിടുന്നിതെൻ ചിത്തവും.
സന്തതമേവം സന്തപിക്കുവാ-
നെന്തിനു കൂട്ടിമുട്ടി നാം ?
കണ്ണുനീർക്കടലിങ്കൽ ഞങ്ങളെ-
ക്കർമ്മബന്ധമേ മുക്കി നീ.



"https://ml.wikisource.org/w/index.php?title=മൗനഗാനം/ആയിഷ&oldid=38726" എന്ന താളിൽനിന്ന് ശേഖരിച്ചത്