യേശുവിന്റെ അന്ത്യയാത്ര (സരസകാവ്യം)

രചന:മാണിക്കോത്ത് രാമുണ്ണിനായർ (1923)
[ 9 ]

യേശുവിന്റെ അന്ത്യയാത്ര

നട്ടുച്ച-തീക്കനലിലിട്ടൊരു ലോഹപിണ്ഡം-
പോലിജ്ജഹത്തഹഹ! തീമയമായ് ജ്വലിപ്പൂ!
പാതയ്ക്കുമേൽ ബഹുജനങ്ങൾ നിറഞ്ഞു കുക്കി-
യാർക്കുന്ന ഘോഷമുയരുന്നു വിയത്തിലെങ്ങും.

ചീറ്റുന്ന കാറ്റടിയൊടൊത്തു സമുദ്രവീചി-
ജാലം ധരിത്രിയിതു മുക്കിടുവാൻ മുതിർന്നോ!
കാർമേഘമാലകളടുത്തിടചേർന്നു മുട്ടി
വിദ്യുത്തിളക്കിയലറിക്കളിയാടിടുന്നോ?

പെട്ടെന്നിതെന്തു കഥയൊച്ച നിലച്ചു; മർത്ത്യ-
ക്കൂട്ടം പിരിഞ്ഞിരുവശത്തുമൊതുങ്ങി നിൽപ്പൂ!
കാണാ,യതിന്നു നടുവിൽ ജനശൂന്യവീഥീ-
രേഖാവിഭാഗമിതു സാമ്പ്രതമെന്തിനാവാം?

അങ്ങാട്ടു നോക്കുവി, നമന്ദമൊരാൾത്തിരക്കു
മുന്നോട്ടടുത്തു വരവു,ണ്ടവരാരുവാൻ പോൽ?
മൂന്നുണ്ടു മുന്നണിയിലാളുക,ളായവർക്കു
പിമ്പേ നടപ്പു ചിലരായുധജാലമേന്തി.

ഏറ്റം കനം പെരുകിടും കുരിശൊന്നു താങ്ങി-
ക്കൊണ്ടാണു മൂവരവർതൻ വരവായതിങ്കൽ
മദ്ധ്യേ നടക്കുമവനോ ബത! ക്രിസ്തുദേവൻ;
മറ്റേവർ മാനസമിരുണ്ടൊരു വഞ്ചകന്മാർ.

കാളാംബുദദാവലിയിൽ മിന്നിടുമോഷധീശൻ,
ദുർഗ്ഗന്ധപങ്കമതിലാണ്ട സരോജപുഷ്പം,
മുൾക്കാട്ടിൽ വീണ നവമല്ലിക, രാഹുവക്ത്ര-
മുൾപ്പുക്കെഴുന്ന ദിനനായകദീപ്തബിംബം.

ചാപല്യമേറിയ കുരങ്ങുകൾ തച്ചുടയ്ക്കും
മാണിക്യരത്നം- മിവയോടു സമാനശോഭം
ആ മാന്യയാഗി, നരരക്തപിപാസയാർന്ന
രക്ഷസ്സുകൾക്കിടയിലോ ശിവനേ! ചരിപ്പു! (യുഗ്മകം)

കല്ലേറിടും വഴികളേ! മൃദൂപട്ടുമെത്ത-
പോലാകുവിൻ! ദിനമണേ! ക്ഷണമസ്തമിക്കു!
അല്ലെങ്കിലാ ത്രിഭുവനൈകപിതാവിനുള്ളോ-
രോമൽക്കിടാവിനുടെ ചേവടി നോവുമല്ലോ!

       സഞ്ജയന്റെ കവിതകൾ / 48

[ 10 ]

സ്വർഗ്ഗീയസൗരഭമിയെന്ന നവപ്രസൂന-
മാല്യം ധരിപ്പതിനു തീർത്ത ചുമൽത്തടത്തിൽ
ഭാരം പെരുത്ത കുരിശോ പരമേശ! കാണ്മൂ!
പോത്തിന്നുചേർന്ന നുകമേണകിശോരകന്നോ?

ആ ശാന്തഭാസ്സുടയ ദിവ്യശിരസ്സിലയ്യോ!
മുൾത്തൊപ്പി ചേർത്ത നരരാക്ഷസഹസ്തമേതോ?
കേടറ്റ വാരിജസുമത്തിലിരിമ്പു സൂചി-
യാഴ്ത്തിത്തറയ്ക്കുവതിനേതു പുമാനൊരുങ്ങും?

""ദൈവം ദയാത്മക നവന്റെ കിടാങ്ങളാണീ
നാമൊക്കെ യെന്നു നിജശിഷ്യരൊടോതിയെന്നോ?
ഈ വന്ദ്യനിൽപ്പരർ ചുമത്തിയ കുറ്റ,മേറ്റം
പൂന്തേൻ പൊഴിച്ചതൊരു താമരതന്റെ തെറ്റോ?"

മൈതാനമെത്തി, പുരുഷാരമടുത്തുകൂടി;
വേഗത്തിലാക്കുരിശു മുന്നുമെടുത്തു നാട്ടി;
പെട്ടെന്നു വാനിലൊരു മേഘപടം നിവർത്തി-
യക്കർമ്മസാക്ഷിയതിനുള്ളിലൊളിച്ചു വാണു.

മാലോകമേ! തിരുമുഖത്തൊരു നോക്കു നോക്കിൻ!
എന്തെന്തു കാണ്മതവിടെ-ബ്ഭയലേശമുണ്ടോ?
മേല്പോട്ടു തെല്ലിമ വിടർന്നു വിടുന്ന നോട്ടം,
ക്രോധം നിരാശയിവ ചേർന്നുയരുന്നതുണ്ടോ?

ഇല്ലില്ല-ശാന്തികരുണാപരിപൂർണ്ണമാകു-
മാ ലോചനങ്ങളിലവയ്ക്കധിവാസമില്ല;
പാറയ്ക്കുതക്കൊരു മനസ്സുമലിഞ്ഞു പോകും-
മട്ടാ മഹായതിവരൻ പുനരേവമോതി:

"ഹേ! താതപാദ! ജഗദീശ! കൃപാപയോധേ!
വിജ്ഞാനമറ്റൊരിവർ ചെയ്യുമകൃത്യമെല്ലാം
നീതാൻ പൊറുക്കുക! വിഭോ! മമ ജീവരക്ത-
മിപ്പാരിടം കഴുകി നന്മ വരുത്തിടട്ടെ!"

പിന്നോട്ടു വാങ്ങൂ മനമേ! മതി-യപ്പുറത്തു
നോക്കേണ്ട; തൂലിക, മടങ്ങിയടങ്ങിടട്ടേ!
സായാഹ്നവേളയിൽ നഭസ്സിൽ നവീനമാകും
നക്ഷത്രമൊന്നുയരു,മായതു നോക്കി നില്ക്കാം.
(കവനകൗമുദി, പുസ്തകം 18, ലക്കം 5, 1098 കുംഭം, 1923)

സഞ്ജയന്റെ കവിതകൾ / 49

"https://ml.wikisource.org/w/index.php?title=യേശുവിന്റെ_അന്ത്യയാത്ര&oldid=68302" എന്ന താളിൽനിന്ന് ശേഖരിച്ചത്