ശ്രീ
വിക്രമോർവ്വശീയം
(നാടകം)
കാളിദാസൻ
വിവർത്തകൻ
എം.എൻ.പിഷാരോടി

ഒന്നാമങ്കം, പ്രസ്താവന.തിരുത്തുക

വിണ്ണും മണ്ണും രണ്ടും വ്യാപിച്ചിരിപ്പവനേകപുമാൻ

തിണ്ണമിത്ഥം വേദാന്തങ്ങൾ വർണ്ണിപ്പതാരേ ?
ഈശ്വരനെന്നുള്ള നന്യവിഷയമാം ശബ്ദമാരിൽ
ശാശ്വതമാം മാറു സാർത്ഥാക്ഷരമാകുന്നു ?
ഉള്ളിലാരെ നിയമിതപ്രാണപഞ്ചകന്മാരായി-
പ്രോല്ലസിക്കും മുമുക്ഷുക്കളൻവേഷിക്കുന്നു ?
സുസ്ഥിരമാം ഭക്തിയോഗം കൊണ്ടുമാത്രം സുലഭന-
ബ്ഭർഗ്ഗൻ സ്ഥാണു നി:ശ്രേസ്സുനിങ്ങൾക്കേകട്ടെ!


                
(നാന്ദ്യന്തത്തിൽ)

സൂത്രധാരൻ:-- അതിവിസ്തരം നിഷ് പ്രയോജനമാണു. (അണിയറയിലേക്കു നോക്കീട്ട്) മാരിഷ ! ഒന്നിങ്ങട്ടു വരൂ !

(പ്രവേശിച്ചിട്ട്)

പാരിപാർശ്വകൻ :--ഭാവ ! ഞാനിതാ വന്നു.

സൂത്ര:-- മാരിഷ ! ഈ പരിഷത്ത് പൂർവ്വന്മാരായ കവികളുടെ പ്രബന്ധങ്ങൾ കണ്ടിട്ടുള്ളവരാണു. ഞാനിവിടെവെച്ചു കാളിദാസനാൽ വിരചിതമായ ഒരു പുതിയ ത്രോടകത്തെ അഭിനയിപ്പിക്കാൻ ആശിക്കുന്നു. അതുകൊണ്ടു നടന്മാരോടു തങ്ങളുടെ പാഠങ്ങളിൽ ശ്രദ്ധാലു ക്കളായിരിക്കണമെന്നു പോയിപ്പറയൂ !

പാരി:-- ഭവാൻ കല്പിക്കും പോലെ (പോയി)

സൂത്ര:‌-- ഞാനിപ്പോൾ അഭിജാതന്മാരും വിദഗ്ദ്ധന്മാരും പൂജ്യന്മാരുമായ നിങ്ങളെ അറിയിക്കുന്നു.(നമസ്ക്കരിച്ചിട്ട്)

2.


പ്രണയമുള്ളോരിലെഴും ദാക്ഷിണ്യത്താ,-

ലഥവാ സദ്വസ്തുപുരുഷവർഗ്ഗത്തിൽ
ബഹുമാനത്തിനാൽ, ജനങ്ങളേ ! ശ്രദ്ധ-
യൊടു കാളിദാസകൃതിയിതു കേൾപ്പിൻ !

(അണിയറയിൽ)


ആര്യ ! രക്ഷിച്ചാലും രക്ഷിച്ചാലും ! അങ്ങു ദേവപക്ഷപാതിയാണല്ലൊ ; അങ്ങയ്ക്കു ആകാശത്തിൽ സഞ്ചരിക്കാനുള്ള കഴിവുമുണ്ട്.

സൂത്ര:‌-- (ചെവികൊടുത്ത്) ആഹാ ! എന്താണിത്, എന്റെ വിജ്ഞാപനം കഴിഞ്ഞ ഉടനെതന്നെ കുരരികളുടേതെന്നപോലെ ആർത്തകളുടെ ശബ്ദം ആകാശത്തുനിന്നു കേൽക്കുന്നു ?

3.


കുസുമരസത്താലേ മദിച്ചവണ്ടിൻ-

നിരകളുടെ മോഹന ശബ്ദമാണോ,
പരഭൃതസംകൂജന നാദമാണോ
പരിചിലിതാ കേൽക്കുമിദ്ധീരശബ്ദം ?
സുരഗണസംസേവിതമാകും വിണ്ണിൽ,
കളമധുരമായീടുമക്ഷരത്തിൽ
ലളിതപദം കിന്നരനാരിമാർകൾ
മുതിരുകയോ പാടുവാൻ ചുറ്റുനിന്നും ?(ആലോചിച്ച്) ശരി, മനസ്സിലായി.

4.


സരസഖനാകും മുനിയുടെ തുട-

യ്ക്കകത്തുനിന്നുണ്ടായൊരസ്സുരസ്ത്രീയെ,
മുരയ്ക്കു കൈലാസേശ്വരനെസ്സേവിച്ചു
മടങ്ങിടും പൊഴു, തമരശത്രുക്കൾ
പകുതിമാർഗ്ഗത്തിൽ പിടിച്ചുകൊണ്ടുപോ,-
യതുകൊണ്ടപ്സരോഗണം ദയനീയം
കരയുകയോ ;-ണക്കരച്ചിലാണല്ലൊ
ശ്രവിച്ചീടുന്നൊരിക്കരുണമാം ശബ്ദം

(പോയി)

പ്രസ്താവന കഴിഞ്ഞു.

ഒന്നാമങ്കംതിരുത്തുക

(അപ്സരസ്സുകൾ പ്രവേശിക്കുന്നു)


അപ്സരസ്സുകൾ:-- ആര്യ! രക്ഷിച്ചാലും, രക്ഷിച്ചാലും! അങ്ങു ദേവപക്ഷപാതിയാണല്ലൊ ; അങ്ങയ്ക്കു ആകാശത്തിൽ സഞ്ചരിക്കുവാനുള്ള കഴിവുമുണ്ട്.(രാജാവും രഥത്തോടെ സൂതനും പെട്ടെന്ന് തിരശ്ശീല നീക്കി പ്രവേശിക്കുന്നു)

രാജാവ്:-- കരയരുത്, കരയരുത് ! സൂര്യസേവനം കഴിഞ്ഞു മടങ്ങുന്ന പുരൂരവസ്സാണു ഞാൻ. എന്റെ അടുക്കൽ വന്നു, ഏതിൽനിന്നാണു ഭവതികളെ രക്ഷിക്കേണ്ടതെന്നു എന്നോടു പറയുക !

രംഭ:--അസുരാവലേപത്തിൽനിന്ന്.

രാജാ:--എന്ത്, വീണ്ടും അസുരാവലേപം ഭവതികൾക്കപരാധം ചെയ്തുവോ ?

രംഭ:-- മഹാരാജാവ് കേട്ടാലും ! വിശിഷ്ടമായ തപസ്സാചരിക്കുന്നൊരാൾക്കുനേരെ മഹേന്ദ്രന്നുള്ള സുകുമാരമായ ഒരായുധവും, രൂപഗർവ്വിത യായ ഗൗരിയെ തിരസ്കരിക്കത്തക്ക ഒരു സൗന്ദര്യസങ്കേതവും, സൃഷ്ടിയ്ക്കൊരലങ്കാരവുമായ ഞങ്ങളുടെ പ്രിയസഖി ഉർവ്വശിയെ, കുബേര ഭവനത്തിൽനിന്നു മടങ്ങിവരുമ്പോൾ, ഏതോ ഒരു ദാനവൻ മര്യാദകെട്ടനിലയിൽ, ചിത്രലേഖയോടു കൂടി ബലാൽക്കാരേണ പിടിച്ചുകൊണ്ടു പോയി.

രാജാ:-- ആ അവിവേകി ഏതു ദിഗ് വിഭാത്തേയ്ക്കാണു പോയതെന്നു അറിയുമോ ?

അപ്സ:-- വടക്കുകിഴക്കുഭാഗത്തേയ്ക്ക്.

രാജാ:-- എന്നാലിനി വിഷാദിക്കാതിരിക്കൂ ! നിങ്ങളുടെ സഖിയെ തിരിച്ചുകൊണ്ടുവരുവാൻ ഞാൻ ശ്രമിക്കാം.

അപ്സ:-- സോമവംശത്തിൽ പിറന്നൊരാൾക്കുചിതമാണു ഈ വാക്ക്.

രാജാ:-- പിന്നെ, ഭവതികൾ എന്നെ കാത്തുനിൽക്കുന്നതെവിടെയായിരിക്കും ?

അപ്സ:-- ആ ഹേമകൂടശിഖരത്തിൽ.

രാജാ:-- സൂത, വടക്ക്കിഴക്കു ഭാഗത്തേയ്ക്കു കുതിരകളെ തെളിച്ചോടിക്കുക !

സൂത:-- ആയുഷ്മാൻ ആജ്ഞാപിക്കുന്നതുപോലെ (പറഞ്ഞതുപോലെ പ്രവർത്തിക്കുന്നു.)

രാജാ:-- (രഥവേഗത്തെ അനുസ്മരിച്ചുകൊണ്ട്) നല്ലത്, നല്ലത് ! ഈ രഥവേഗം മുൻ കൂട്ടി പുറപ്പെട്ട വൈനതേയനെപ്പോലും സമീപിക്കാൻ പോരുന്നതാണ; അതുകൊണ്ട് ദേവേന്ദ്രന്റെ ആ അപകാരിയെ തീർച്ചയായും എനിക്കു ചെന്നു പിടികൂടാം.

5.


പൊടിഞ്ഞു പോയുള്ള ഘനങ്ങളെൻ രഥ-

പദവിയിൽ മുന്നിൽ പൊടിയായ് പൊങ്ങുന്നു;
അപരമാമരാവലിയുണ്ടാക്കുന്നി-
തരാന്തരങ്ങളിൽ രഥചക്രഭ്രമം;
ഹയശിരോപരി നിബന്ധിച്ചുള്ളോരു
നെടും വെൺചാമരം പരം രയത്തിനാൽ
ഇളകാതെ പരിലസിച്ചിടുന്നു, കാൺ,-
കൊരു ചിത്രത്തിങ്കൽ വരച്ചതുപോലെ;
രഥമദ്ധ്യത്തിലും രഥപാർശ്വത്തിലും
കൊടിമരങ്ങളിൽ വിലസും കൂറകൾ
രഥവേഗത്തിനാലുയർന്നു ശക്തമാ-
മനിലനാൽ സുനിശ്ചലം നിലക്കൊൾവൂ

(രഥത്തോടൊപ്പം രാജാവും സൂതനും പോകുന്നു)


സഹജന്യ: ദാ, രാജർഷി പോയ്ക്കഴിഞ്ഞു. അതുകൊണ്ട്, നമുക്കിനി മുൻപറഞ്ഞ പ്രദേശത്തേയ്ക്കു പോകാം.

മേനക:-- സഖി, അങ്ങിനെയാവട്ടെ ! (ഹേമന്ത കൂടശിഖരത്തിൽ കയറുന്നതായി നടിക്കുന്നു).

രംഭ:-- ആ രാജർഷി നമ്മുടെ ഹൃദയശല്യത്തെ പറിച്ചെടുക്കുമോ ?

മേനക:-- സഖി, നീ സംശയിക്കാതിരിക്കൂ !

രംഭ:-- ദാനവന്മാർ ദുർജ്ജയന്മാരാണല്ലോ !

മേനക:-- യുദ്ധമുണ്ടാക്കുമ്പോൾ മഹേന്ദ്രൻ പോലും മധ്യമലോലത്തിൽനിന്നു സബഹുമാനം കൂട്ടിക്കൊണ്ടുവന്നു, ദേവന്മാർക്കു വിജയം നേടാൻ അദ്ദേഹത്തെത്തന്നെ സേനാമുഖത്തിൽ നിർത്തുന്നു.

രംഭ:-- എല്ലാം കൊണ്ടും അദ്ദേഹം വിജയിയാകട്ടെ !

മേനക:-- സഖികളെ ! സമാശ്വസിച്ചാലും, സമാശ്വസിച്ചാലും ! അതാ, ആ രാജർഷിയുടെ ഹരിണചിഹ്നമുള്ള കൊടിക്കൂറയോടുകൂടിയ, സോമദത്തമായ രഥം കാണുന്നു ! കാര്യം നേടാതെ അദ്ദേഹം മടങ്ങിവരുമോ എന്ന് ഞാൻ സംശയിക്കുന്നില്ല.

(ശുഭലക്ഷണം കണ്ടതായി നടിച്ചു, നോക്കിനിൽക്കുന്നു)


(രഥാരൂഢനായ രാജാവും സൂതനും പ്രവേശിക്കുന്നു ; ഭയം കൊണ്ടടച്ച കണ്ണുകളോടെ ചിത്രലേഖയുടെ കൈകളാൽ താങ്ങപ്പെട്ട നിലയിൽ ഉർവ്വശിയും)


ചിത്രലേഖ:-- സഖീ ! സമാശ്വസിക്കൂ !

രാജാ:-- സുന്ദരീ ! സമാശ്വസിക്കൂ !

6.


അകന്നുപോയ് ഭീരു ! സുരരുടെ ശത്രു-

നികരത്തിൽ നിന്നുമുദിതമാം ഭയം;
ത്രിലോകരക്ഷയ്ക്കും കഴിവുറ്റതല്ലൊ
സുരേശനാം വജ്രിയ്ക്കുടയ മാഹാത്മ്യം;
അതുകൊണ്ടു, തുറന്നിടുക നീ നിന്റെ
വിശാലമായിടും വിലോചനങ്ങളെ ;
നിശീഥിനിയുടെ യവസാനത്തിങ്കൽ
നളിനി തൻപങ്കേരുഹങ്ങളെപ്പോലെ !

ചിത്ര:-- അയ്യോ ! ഉച്ഛ്വസിതങ്ങൾ കൊണ്ടു മാത്രം ജീവിച്ചിരിക്കുന്നുവെന്നു കരുതാവുന്ന ഇവൾക്കു ഇനിയും ബോധം വീണില്ലല്ലൊ !

രാജാ:-- നിന്റെ ഈ സഖി അത്രയുമധികം ഭയപ്പെട്ടുപോയിരുന്നു. എങ്കിലും,

7.


മന്ദാരപ്പൂമാല കണിപ്പൂ മുറ്റീടു-

മിന്നാർതന്റെ ഹൃദയകമ്പം;
പേർത്തും ത്രസിക്കുന്നു നോക്കു ! പ്രവൃദ്ധമാ-
മിക്കുചയുഗ്മത്തിൻ മദ്ധ്യത്തിങ്കൽ

ചിത്ര:-- (സകരുണം) സഖി ഉർവ്വശി ! ധൈര്യപ്പെടൂ ! നീ അപ്സരസ്സല്ലെന്നു തോന്നിപ്പിക്കുന്നു.

8.
രാജാ:-


ഇപ്പോഴും പൂവുപോൽ കോമളമാ-

മിപ്പെണ്മണിയുടെയുൾക്കളത്തെ
മുറ്റും ഭയകമ്പം വിട്ടതില്ലെ-
ന്നുൽഘോഴിച്ചീടുന്നു, വല്ലമട്ടും
ഇക്കുചയുഗ്മത്തിൻ മദ്ധ്യദേശ-
ത്തുച്ഛ്വസിച്ചീടുന്നോരംബരാന്തം.

(ഉർവ്വശിയ്ക്കു ബോധം വീഴുന്നു)


രാജാ:-- (സഹർഷം) ചിത്രലേഖേ ! ഭാഗ്യംകൊണ്ടു നിണക്കിപ്പോൾ സന്തോഷിക്കാം നിന്റെ പ്രിയസഖി സ്വാസ്ഥ്യം പ്രാപിച്ചിരിക്കുന്നു. നോക്കു !

9.


ശശധരൻ വന്നുദിച്ചീടും നേര-

മിരുൾവിട്ടുപോയ നിശയെപ്പോലെ,
അധികമാം ധൂമമകന്ന നേരം
നിശയിലെ ഹോമാഗ്നിജ്വാലപോലെ,
വരതനുവാമിവൾ ശോഭിക്കുന്നു
വിരവിലന്തർമ്മോഹം വിട്ടീടുമ്പോൾ;
തടപാതം കൊണ്ടു കലുഷയായ
ത്രിപഥഗപോലെയിമ്മോഹനാംഗി
ഇത,വീണ്ടുമാഹാ ! തെളിഞ്ഞീടുന്നെ-
ന്നനുമാനിക്കുന്നു ഞാൻ മാനസത്തിൽ

ചിത്ര:-- സഖി ഉർവ്വശി ! വിശ്വാസം കൊള്ളൂ ! ആപത്തിൽ പെട്ടവരിൽ അനുകമ്പ നിറഞ്ഞ മഹാരാജാവ് ദേവശത്രുക്കളായ ദാനവന്മാരെ ഹതാശന്മാരാക്കി ആട്ടിയോടിച്ചു.

ഉർവ്വശി:-- (കണ്ണുകൾ തുറന്നിട്ട്) പ്രഭാവദർശിയായ മഹേന്ദ്രനാൽ ഞാൻ അനുഗ്രഹിക്കപെട്ടുവെന്നോ ?

ചിത്ര:-- മഹേന്ദ്രനാലല്ല, മഹേന്ദ്രനോടു തുല്യം പ്രഭാവമുള്ളവനും രാജർഷിയുമായ പുരൂരവസ്സാൽ.

ഉർവ്വശി:-- (രാജാവിനെനോക്കീട്ട്, ആത്മഗതം) ദാനവേന്ദ്രനിൽ നിന്നുണ്ടായ ഭയം എനിക്കുപകാരത്തിനായി.

രാജാ:-- (ഉർവ്വശിയെ നോക്കീട്ട്, ആത്മഗതം) ശ്രീനാരായണഋഷിയെ തങ്ങളിൽ അഭിലാഷം കൊള്ളിക്കാൻ ശ്രമിച്ചിരുന്ന അപ്സരസ്സുകളെല്ലാം അവിടുത്തെ ഊരുവിൽനിന്നുണ്ടായ ഇവളെക്കണ്ടു നാണംകെട്ടുപോയത് യുക്തം തന്നെ. എന്തെന്നാൽ,

 
10.


ഇന്നാരീരത്നത്തിൻ നിർമ്മാണകർമ്മത്തിൽ

നിർണ്ണയം കാന്തിപ്രഭനാം ചന്ദ്രൻ
സ്രഷ്ടാവാ;--യല്ലെങ്കിൽ, ശൃംഗാരമൂർത്തിയാം
ശിഷ്ടന്മദനൻ, പൂവാളും മാസം
നിശ്ചയമീരണ്ടുപേരിലൊരാൾതന്നെ
സ്രഷ്ടാവായെന്നു നിനച്ചീടുന്നേൻ;
വേദാഭ്യാസത്താൽ ജഡനായ് സുഖഭോഗ-
വ്യാവൃത്ത കൗതൂഹലനുമായി
സ്രഷ്ടാവാമപ്പുരാണൻ മുനിയെങ്ങിനെ
സൃഷ്ടിക്കാൻ ശക്തനായ് ത്തീർന്നീടുന്നു,
മൂലോകമോഹന മോഹനമാകുമി-
പ്പൂമെയ് യെഴുന്നോരിത്തൈമങ്കയെ ?


ഉർവ്വശി:-- സ്ഖി ചിത്രലേഖ ! സഖീജനങ്ങൾ എവിടെയാണു ?

ചിത്ര:-- സഖി, അഭയമേകിയ മഹാരാജാവിന്നറിയാം.

രാജാ:-- (ഉർവ്വശിയെ നോക്കീട്ട്) സഖീജനങ്ങൾ വലിയ വിഷാദത്തിൽ പെട്ടിരിക്കയാണു, ഭവതി നോക്കു !

 
11.


സഫലനേത്രനാമാരുടെ മുമ്പിൽ നീ

സുമുഖി ! വന്നുപെടുന്നു യദൃച്ഛയാ
ഒരു തവണയെന്നാലു, മവൻപിന്നെ
ഭവതിയില്ലാഞ്ഞാലുൽക്കണ്ഠിതനാകും ;
സരസസൗഹൃദമാകും സഖീജനം
പരിതപിപ്പതിൽ പെന്നെന്തൊരാശ്ചര്യം ?

ഉർവ്വശി:-- (ആത്മഗതം) അവിടുത്തെ വാക്ക് അമൃതായിരിക്കുന്നു, അഥവാ ചന്ദ്രനിൽനിന്നു അമൃതു പൊഴിയുന്നതിലെന്താണൊരശ്ചര്യം ? (പ്രകാശം) അതുകൊണ്ടുതന്നെയാണു എന്റെ ഹൃദയം അവരെ കാണാൻ വെമ്പുന്നത്.

രാജാ:-- (കൈകൊണ്ട് ചൂണ്ടിക്കൊണ്ട്)

 
12.


ഹേമകൂടത്തിൽ വന്നിരിക്കുന്നൊരി-

ത്താവകസഖീവൃന്ദം സുശോഭനെ !
സാഭിലാഷം നിരീക്ഷിപ്പു നിന്മുഖം ;
ലോകമുത്സുകനേത്രങ്ങളോടൊപ്പം
രാഹുവക്ത്ര വിമോചിതനായൊര-
ശ്ശോഭകൂടുന്ന ചന്ദ്രനെപ്പോലവെ.

(ഉർവ്വശി സാഭിലാഷം നോക്കുന്നു)

ചിത്ര:-- സഖി ! നീയെന്താണീ നോക്കുന്നത് ?

ഉർവ്വശി:-- ഞാൻ സമദു:ഖിതരെ കണ്ണുകളാൽ പാനം ചെയ്യുന്നു.

ചിത്ര:-- സഖി ! ആരെ ?

ഉർവ്വശി:-- പ്രണയിജനങ്ങളെത്തന്നെ.

രംഭ:-- (സഹർഷം നോക്കീട്ട്) സഖി ! ചിത്രലേഖയോടൊപ്പം പ്രിയസഖിയായ ഉർവ്വശിയെ കൂടെക്കൂട്ടിക്കൊണ്ടു, വിശാഖാസഹിതനായ ഭഗവാൻ സോമനെന്നപോലെ, രാജർഷിയിതാ അടുത്തെത്തിക്കഴിഞ്ഞു.

മേനക:-- (അഭിനന്ദിച്ചുകൊണ്ട്) നമുക്കു പ്രിയപ്പെട്ട രണ്ടുപേരും ഇതാ അടുത്തെത്തി. പ്രിയസഖി ആപത്തിൽനിന്നു സുരക്ഷിതയായി ; ഈ രാജർഷ്മിക്കു ശരീരത്തിൽ മുറിവൊന്നും പറ്റീട്ടില്ലെന്നു കാണുന്നു.

സഹജന്യ:-- സഖി, ആ ദാനവൻ ദുർജ്ജയനാണെന്നു നീ പറയുന്നതു യുക്തമായിരിക്കുന്നു !

രാജാ:-- സൂത ! ഇതാണു ആ ശൈലശിഖരം രഥം ഇറക്കുക !

സൂതൻ:-- ആയുഷ്മാന്റെ ആജ്ഞപോലെ. (അങ്ങിനെ ചെയ്യുന്നു.)

(ഉർവ്വശി രഥം താഴുമ്പോൾ ക്ഷോഭം നടിച്ചുകൊണ്ടു പേടിയോടെ രാജാവിനെ അവലംബിക്കുന്നു)

രാജാ:-- (സ്വാഗതം) ഈ ലോകത്തിൽ എന്റെ ജന്മം സഫലമായി.

13.


രഥമിളകിയെന്നുടലീയായത-

മിഴിയുടെയുടലൊടു തൊട്ടുനിൽക്കെ,
സരോമകണ്ടകമുടലെനി;-യ്ക്കെന്നിൽ
മനസിജനുടലെടുത്തിടുകയായ്.

ഉർവ്വശി:-- സഖി! നീ കുറച്ചങ്ങട്ടു നീങ്ങിയിരിക്കൂ!

ചിത്ര:-- ഞാനതിനു ശക്തയല്ല.

രംഭ:-- പ്രിയകാരിയായ രാജർഷിയെ നമുക്കു ചെന്നു സ്വാഗതം ചെയ്തു അഭിനന്ദിക്കാം. (എല്ലാവരും അടുത്തു ചെല്ലുന്നു)

രാജാ:-- സൂത! രഥം നിർത്തുക !

14.


സുഭ്രു വാമിവളിപ്പോൾ സമുത്സുക,-

യുത്സുകരാം സഖികളുമായിതാ,
ആർത്തവശ്രീ ലതകളോടെന്നപോ-
ലൊത്തുകൂടുന്നു വീണ്ടും നിരാപദം.

(സൂതൻ രഥം നിർത്തുന്നു)


അപ്സ:-- ഭാഗ്യത്താൽ മഹാരാജാവു വിജയംകൊണ്ട് വർദ്ധിക്കുന്നു.

രാജാ:-- ഭവതികൾ സഖീസമാഗമം കൊണ്ടും.

ഉർവ്വശി:-- (ചിത്രലേഖയുടെ കൈപിടിച്ചുകൊണ്ടു രഥത്തിൽനിന്നിറങ്ങീട്ട്) സഖികളെ ! എന്നെ ഗാഢമായി കെട്ടിപ്പിടിക്കൂ ! സഖീജനങ്ങളെ വിണ്ടും കാണുമെന്നൊരാശ്വാസം എനിക്കുണ്ടായിരുന്നില്ല.

(സഖികൾ കെട്ടിപ്പിടിക്കുന്നു)


മേനക:-- (സാശ്വാസം) മഹാരാജാവു ഭൂമിയെ അനേകം കല്പങ്ങളോളം പാലിക്കട്ടെ !

സൂതൻ:-- ആയുഷ്മൻ, കിഴക്കേദിക്കിൽ നിന്നെന്തോ, വേഗത്തിലോടുന്ന ഒരു രഥത്തിന്റെ ശബ്ദം കേൽക്കുന്നു.

15.


തപ്തകാഞ്ചനത്തോൾ വളയുള്ളൊരാൾ

നോക്കി,താ! വിണ്ണിൽനിന്നിങ്ങിറങ്ങുന്നു,
വെക്കമിമ്മലമേലൊരു മിന്നലോ-
ടൊത്ത കാർകൊണ്ടലെന്ന കണക്കിനെ.

അപ്സ:-- (നോക്കീട്ട്) ഓ, ചിത്രരഥൻ !

(ചിത്രരഥൻ പ്രവേശിക്കുന്നു)


ചിത്രരഥൻ:-- (രാജാവിനെക്കണ്ട് ബഹുമാനത്തോടെ) ഭാഗ്യത്താൽ മഹേന്ദ്രന്നൊരുപകാരം ചെയ്യാൻ കഴിവുണ്ടായ വിക്രമമഹിമാവാൽ ഭവാൻ വർദ്ധിക്കുന്നു.

രാജാ:-- ആഹാ ! ഗന്ധർവ്വരാജാവോ ? (രഥത്തിൽ നിന്നിരങ്ങീട്ട്) പ്രിയസുഹൃത്തിന്നു സ്വാഗതം !(അന്യോന്യം കൈകളെ സ്പർശിക്കുന്നു)

ചിത്രരഥൻ:-- വയസ്യ കേശിയെന്ന ദാനവൻ ഉർവ്വശിയെ പിടിച്ചുകൊണ്ടുപോയെന്നു നാരദനിൽനിന്നറിഞ്ഞ ശതക്രതു അവളെ വീണ്ടു കൊണ്ടുവരുവാൻ ഗന്ധർവ്വസേനയെ നിയോഗിച്ചു.വഴിക്കുവെച്ചു ഞാൻ ചാരന്മാരിൽനിന്നു അങ്ങയുടെ വിജയവിവരം കേട്ടു, ഇതാ അങ്ങയെക്കാണാൻ ഇവിടെ വന്നിരിക്കയാണു. ഉർവ്വശിയോടൊപ്പം ഭവാൻ എന്റെ കൂടെവന്നു തന്നെക്കാണണമെന്നു മഘവാവാശിക്കുന്നു. ഭവാൻ മഹേന്ദ്രന്നു ചെയ്തിട്ടുള്ള പ്രിയം മഹത്തായിരിക്കുന്നു. നോക്കു !

16.


നാരായണൻപണ്ടു നൽകിനാൻ ദേവേന്ദ്ര-

ന്നീരാമാരത്നത്തെ പ്രീതിപൂർവ്വം;
ദൈത്യകരത്തിൽനിന്നിപ്പോൾ നീ വീണ്ടെടു-
ത്തസ്സുഹൃത്തിന്നതു നൽകി വീണ്ടും.രാജാ:-- സഖെ ! അങ്ങിനെയല്ല.
17.


മഘവാവിൻ കൂട്ടുകാർ ദേവശത്രു-

നിരയെ ജയിക്കുന്നുവെന്നതോർത്താൽ,
കുലിശധരനാമവന്റെ വീര്യ-
മികവുകൊണ്ടാണു, വിവാദമില്ല:
മലകളിലുള്ള ഗുഹകൾക്കുള്ളിൽ
പരിചിൽ കടന്നു പ്രതിദ്ധ്വനിക്കും
ഹരിയുടെ ഘോരമാം ഗർജ്ജനങ്ങൾ
ദ്വിരദവർഗ്ഗത്തെ നിഹനിക്കുന്നു.

ചിത്രരഥൻ:-- നിങ്ങളുടെ വാക്കുകൾ ഭംഗിയായിട്ടുണ്ട്. അനഹങ്കാരം വിക്രമാലങ്കാരമാണല്ലൊ.

രാജാ:-- സഖെ ! എനിക്കിപ്പോൾ ശതക്രതുവെ വന്നുകാണുവാൻ അവസരമില്ല. അതുകൊണ്ടു, നിങ്ങൾതന്നെ അത്രഭവതിയെ പ്രഭുവിന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു പോവുക !

ചിത്രരഥൻ:-- ഭവാന്റെ ഇഷ്ടം പോലെ ഭവതികൾ ഇതിലെ, ഇതിലെ ! (എല്ലാവരും പുറപ്പെടുന്നു)

ഉർവ്വശി:-- (ജനാന്തികം) സഖിചിത്രലേഖേ ! ഉപകാരിയായ രാജർഷിയോടു യാത്രപറയുവാൻ എനിക്കു കഴിവില്ല. അതുകൊണ്ടു നീതന്നെ എന്റെ മുഖമായിരിക്കൂ !

ചിത്ര:-- (രാജാവിനെ സമീപിച്ചു) മഹാരാജാവേ ! ഉർവ്വശി അറിയിക്കുന്നു--മഹാരാജാവിന്റെ അനുവാദത്തോടുകൂടി, മഹാരാജാവിന്റെ കീർത്തിയെ, പ്രിയസഖിയെയെന്നപോലെ, സുരലോകത്തേയ്ക്കു കൊണ്ടുപോകാൻ ഞാനിച്ഛിക്കുന്നു.

രാജാ:-- എന്നാൽ, പോകൂ ! വീണ്ടും കാണാനിടവരട്ടെ !

(ഗന്ധർവ്വനോടൊപ്പം എല്ലാവരും ആകാശത്തിലേക്കുയരുന്നതായി നടിയ്ക്കുന്നു)


ഉർവ്വശി:-- (ഉല്പതനഭംഗം നടിച്ചുകൊണ്ട്) അയ്യോ ! എന്റെ ഈ ഒരിഴമുത്തുമാല, വൈജയിന്തിക, ലതാവിടപത്തിലതാ കുടുങ്ങിപ്പോയി ! സഖിചിത്രലേഖേ, ഇതൊന്നു വിടർത്തിത്തരു.

ചിത്ര:-- (നോക്കിച്ചിരിച്ചുകൊണ്ട്) ഓ, അതു വല്ലാതെ കുടുങ്ങിക്കിടക്കുന്നു ; വിടർത്തുക അശക്യമാണു.

ഉർവ്വശി:-- പരിഹാസം പോകട്ടെ ! ഇതൊന്നിപ്പോൾ മോചിപ്പിച്ചു തരൂ !

ചിത്ര:-- നോക്കട്ടെ, മോചിപ്പിക്കാൻ പ്രയാസമുണ്ടെന്നാണെനിക്കു തോന്നുന്നത്, എങ്കിലും ഞാനിപ്പോൾ ശ്രമിച്ചുനോക്കാം.

ഉർവ്വശി:-- (ചിരിച്ചുകൊണ്ട്) പ്രിയസഖീ ! നിന്റെയീവചനം സ്മരണയിലിരിക്കട്ടെ !

രാജാ:-- (സ്വഗതം)

18.


ലതേ പ്രിയമാണിന്നെനിയ്ക്കു നീ ചെയ്തു,

ക്ഷണമിവൾക്കു നീ വഴിമുടക്കയാൽ;
പകുതി തന്മുഖം തിരിച്ചിതാ, വീണ്ടു-
മപാംഗനേത്രയാൾ കടാക്ഷിച്ചീടുന്നു

(ചിത്രലേഖ മോചിപ്പിക്കുന്നു. ഉർവ്വശി രാജാവിനെ നോക്കിക്കൊണ്ടു സനി:ശ്വാസം ഉയർന്നുപോകുന്ന സഖീജനത്തെ വീക്ഷിക്കുന്നു.)

സൂതൻ:-- ആയുഷ്മൻ !

19.


വിണ്ണവർനാഥന്നുപകാരം ചെയ്തോരു

ദണ്ഡ്യരാം ദൈത്യരെയംബുധിയിൽ
കൊണ്ടെറിഞ്ഞിങ്ങിതാ വായവ്യമാമസ്ത്രം
നിന്നുടെ തൂണീരത്തിങ്കലിപ്പോൾ,
ചെമ്മെ മഹോരഗം തന്നുടെ രന്ധ്രത്തി-
ലെന്നപോൽ, വന്നുപവേശിച്ചല്ലൊ.

രാജാ:-- രഥമിങ്ങടുത്തു നിർത്തൂ ! ഞാൻ കയറട്ടെ !

(സൂതൻ അനുസരിക്കുന്നു. രാജാവു രഥത്തെ ആരോഹണം ചെയ്യുന്നു)

ഉർവ്വശി:-- (സസ്പൃഹം രാജാവിനെ നോക്കിക്കൊണ്ട്) ഉപകാരിയായ ഇദ്ദേഹത്തെ ഞാനിനി വീണ്ടും കാണുമോ ? (ഗന്ധർവ്വനോടും സഖികളോടുംകൂടി പോയി)

രാജാ:-- (ഉർവ്വശിപോയ വഴിയെ നോക്കിക്കൊണ്ടു) കഷ്ടം- ! ദുർലഭാഭിലാഷിയാണു മദനൻ.

20.


തൻപിതാവിൻ നികേതമാം മദ്ധ്യമ-

വിണ്ടലത്തിലേയ്ക്കുല്പതിച്ചീടവെ,
എൻ ശരീരത്തിൽനിന്നെൻ മനസ്സിനെ-
സ്സുന്ദരീരത്നമാമിസ്സുരാംഗന,
ഖണ്ഡിതാഗ്രമായീടുന്ന താമര-
ത്തണ്ടിൽനിന്നുമത്താമരനൂലിനെ
ധന്യയാം രാജഹംസികണക്കിനെ,
സാം പ്രതം സമാകർഷണം ചെയ്യുന്നു.

(രണ്ടുപേരും പോയി)


ഒന്നാമങ്കം കഴിഞ്ഞു.

രണ്ടാമങ്കംതിരുത്തുക

(വിദൂഷകൻ പ്രവേശിക്കുന്നു)


വിദൂ:-- എന്താണത്, ആരാണത്?--പരമാന്നം കൊണ്ടു നിമന്ത്രിണകനെന്നപോലെ, രാജരഹസ്യം കൊണ്ടു പൊട്ടിത്തെറിക്കാറായ ഞാൻ ജനങ്ങളോടു അതിനെപ്പറ്റിപ്പറയാതെ, നാവടക്കിവെക്കാൻ വല്ലാതെ ക്ലേശിക്കുന്നു. ധർമ്മാസനാസീനനായ ആ രാജാവു ഇവിടെയ്ക്കു വരുന്നതുവരെ ആൾക്കൂട്ടമില്ലാത്ത ഈ ദേവച്ഛന്ദകപ്രാസാദത്തിൽ കയറിക്കിടക്കട്ടെ! (ചുറ്റിനടന്നു പ്രാസാദത്തിൽ കയറി' കൈകളിൽ മുഖം മറച്ചിരിക്കുന്നു)

(ചേടി പ്രവേശിക്കുന്നു)


ചേടി:-- ദേവി കാശിരാജപുത്രി എന്നോടു ആജ്ഞാപിച്ചിരിക്കുന്നു, "നിപുണികെ! സൂര്യഭഗവാന്റെ ആരാധന കഴിഞ്ഞു മടങ്ങിയശേഷം, മഹാരാജാവെന്തോ ശൂന്യഹൃദയനായിക്കാണപ്പെടുന്നു; അതുകൊണ്ടു, നീ പോയി ആര്യമാണവകനിൽനിന്നു അദ്ദേഹത്തിന്റെ ഉൽക്കണ്ഠയ്ക്കു കാരണമെന്തെന്നറിയണം, എന്നിങ്ങിനെ. ആ ദുഷ്ടബ്രാഹ്മണനെ ഞാനെങ്ങിനെയാണു വഞ്ചിക്കേണ്ടത്? പക്ഷെ, ഇതു പരമാർത്ഥമാണു. തൃണാഗ്രലഗ്നമായ ഹിമജലമെന്നപോലെ, അയാളിൽ ആ രാജരഹസ്യം അധികനാളുകളോളം ഒതുങ്ങിയിരിക്കയില്ല. അതുകൊണ്ടു, ഞാനിപ്പോൾ അയാളെ അൻവേഷിക്കട്ടെ! (ചുറ്റിനടന്നുനോക്കീട്ട്) ആഹാ! ആലേഖ്യവാനരനെന്നപോലെ, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആര്യമാണവകൻ നിശ്ചലമായതാ ഇരിക്കുന്നു. ഞാനയാളുടെ അടുക്കലേക്കു ചെല്ലട്ടെ" (അടുത്തുചെന്നു) ആര്യ ഞാൻ വന്ദിക്കുന്നു.

വിദൂ:-- ഭവതിക്കു സ്വസ്തി ഭവിക്കട്ടെ! (ആത്മഗതം) ഈ ദുഷ്ടചേടികയെക്കണ്ടിട്ടു, ആ രാജരഹസ്യം ഹൃദയം ഭേദിച്ചു പുറത്തേയ്ക്കു വരുമ്പോലെ തോന്നുന്നു. (കുറച്ചൊന്നു മുഖം മൂടിക്കൊണ്ടു,) (പ്രകാശം) നിപുണികെ! സംഗീതവ്യാപാരം കൈവിട്ടു എങ്ങോട്ടാണു നിന്റെ പുറപ്പാട്?

ചേടി:-- ദേവിയുടെ ആവശ്യപ്രകാരം ആര്യനെ കാണാൻ തന്നെ.

വിദൂ:-- തത്ര ഭവതി എന്താജ്ഞാപിക്കുന്നു?

ചേടി:-- ദേവി പറയുന്നു-ആര്യന്നു എന്റെ പേരിൽ ദാക്ഷിണ്യമില്ല; അനുചിതവേദനയും ദു:ഖിതയുമായ എന്നെ നോക്കുന്നേയില്ല.

വിദൂ:-- നിപുണികേ! പ്രിയവയസ്യൻ തത്രഭവതിക്കു പ്രതികൂലമായെന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ ?

ചേടി:-- ആർ നിമിത്തം ഭർത്താവുൽക്കണ്ഠിതനാണോ, അവരുടെ പേർചൊല്ലി അവിടുന്നു ദേവിയെ വിളിക്കുകയുണ്ടായി.

വിദൂ:-- (സ്വഗതം) എന്ത് തന്നത്താൻ വയസ്യനായ അവിടുന്നു രഹസ്യഭേദനം ചെയ്തുവോ? ഇനിയെന്തിന്നു ഈ ബ്രാഹ്മണനായ ഞാൻ നാവടക്കാൻ ക്ലേശിക്കണം? (പ്രകാശം) അവിടുന്നു ഉർവ്വശീനാമധേയം കൊണ്ടു ദേവിയെ വിളിച്ചുവോ ?

ചേടി:-- ആര്യ! ആ ഉർവ്വശി ആരാണു?

വിദൂ:-- ഉർവ്വശിയെന്നൊരപ്സരസ്സുണ്ട്. അവളെ കണ്ടതുകൊണ്ടു ഉന്മാദിതനായ അവിടുന്നു ദേവിയെ മാത്രമല്ല ക്ലേശിപ്പിക്കുന്നത്; ബ്രാഹ്മണനായ എന്നേയും അശിതവ്യവിമുഖനാക്കിക്കണക്കറ്റു ക്ലേശിപ്പിക്കുന്നു.

ചേടി:-- (സ്വഗതം) ഭർത്താവിന്റെ രഹസ്യദുർഗ്ഗത്തെ ഭേദിക്കാൻ എനിക്കു കഴിഞ്ഞു. അതുകൊണ്ടു, ഞാൻ ചെന്നു ദേവിയോടിതിനെ അറിയിക്കട്ടെ!

(പുറപ്പെടുന്നു)


വിദൂ:-- നിപുണികെ! ഞാൻ പറഞ്ഞതായി കാശിരാജകുമാരിയെ അറിയിക്കുക:- ഈ മൃഗതൃഷ്ണികയിൽനിന്നു വയസ്യനെ പിന്തിരിപ്പിക്കാൻ കിണഞ്ഞദ്ധ്വാനിച്ചു, മടുത്തു ഭവതിയുടെ മുഖകമലമൊന്നു കാണുന്നുവെങ്കിൽ , ഒരു സമയം അവിടുന്നു പിന്തിരിഞ്ഞേക്കും.

ചേടി:-- ആര്യൻ ആജ്ഞാപിക്കുന്നതുപോലെ.

(പോയി)
(വൈതാളികൻ, അണിയറയിൽ വെച്ച്)

1.


ആലോകാന്താൽ പ്രജകൾക്കെഴും തമോ-

വ്യാപാരത്തെ പ്രതിഹനിച്ചീടും നീ
ആരാലാദിത്യനോടു തുല്യോദ്യോഗ-
നാണധികാര കാര്യത്തിൽ നിർണ്ണയം;
വ്യോമമദ്ധ്യത്തിൽ വിശ്രമിപ്പൂ മാത്ര-
നേരമേകനനജ്ജ്യോതിഷ്ക്കുലപതി;
ദേവ: വിശ്രമമേല്പൂ പകലിന്റെ-
യാറാം കാലത്തിൽ കർമ്മരതൻ നീയും,

വിദൂ:-- (ചെവികൊടുത്ത്) ധർമ്മാസന സമുത്ഥിതനായ ആ പ്രിയവയസ്യൻ ഇങ്ങോട്ടുതന്നെ വരുന്നുണ്ട്. ഞാനിപ്പോൾ അദ്ദേഹത്തിന്റെ അടുക്കലേക്കു ചെല്ലട്ടെ.

(പോയി)
പ്രവേശനം കഴിഞ്ഞു
--------------


(ഉൽക്കണ്ഠിതനായ രാജാവും വിദൂഷകനും പ്രവേശിക്കുന്നു)


രാജാ:--

2.


അവന്ധ്യപാത്രാം ശത്താലംഗജൻ

തെളിച്ചമാർഗ്ഗമൊത്തൊരെൻ ഹൃദയത്തിൽ
സുരലോക മനോഹരിയാകുമവൾ
പ്രവേശിച്ചു കണ്ട നിമിഷത്തിൽ തന്നെ.

വിദൂ:-- തത്ര ഭവതി കാശിരാജപുത്രി ദു:ഖിതായായിരിക്കുന്നു.

രാജാ:-- (നോക്കീട്ട്) ആ രഹസ്യനിക്ഷേപത്തെ ഭവാൻ സംരക്ഷിക്കുന്നുണ്ടല്ലൊ?

വിദൂ:-- (ആത്മഗതം) ദാസി നിപുണികയാൽ ഞാൻ വഞ്ചിതനായി. അല്ലെങ്കിൽ, വയസ്യൻ ഇങ്ങിനെ ചോദിക്കുമോ?

രാജാ:-- ഭവാൻ മൗനം ദീക്ഷിക്കുന്നതെന്തേ?

വിദൂ:-- ഭവാനുപോലും പ്രതിവചനം ലഭിക്കാതിരിക്കത്തക്കവണ്ണം ഞാനിങ്ങിനെ എന്റെ നാവിനെ നിയന്ത്രിച്ചിരിക്കുന്നു.

രാജാ:-- യുക്തമായി. ഇനി ഏതു വിധത്തിൽ നമുക്കു കുറച്ചൊന്നു വിനോദിക്കാം?

വിദൂ:-- മഹാനസത്തിലേക്കു പോകാം.

രാജാ:-- അവിടെയെന്തുണ്ട്?

വിദൂ:-- അവിടെ സംഭരിച്ച പഞ്ചവിധമായ ഭക്ഷണപദാർത്ഥങ്ങളെ സംയോജിപ്പിച്ചുണ്ടാക്കുന്ന ഭക്ഷ്യങ്ങളെ കണ്ടുകൊണ്ട് നമുക്കുൽക്കണ്ഠയെ ഇല്ലാതാക്കാൻ ശ്രമിക്കാം.

രാജാ:-- അവിടെ ഇഷ്ടപദാർത്ഥങ്ങളുള്ളതു കൊണ്ട് ഭവാനും സന്തോഷിക്കാം. ദുല്ലഭ പ്രാർത്ഥനനായ ഞാനെങ്ങിനെയാണു അവിടുത്തെ തന്നെത്താൻ വിനോദിപ്പിക്കേണ്ടത്?

വിദൂ:-- തത്ര ഭവതി ഉർവ്വശി ഭവാനേയും കാണുകയുണ്ടായിട്ടുണ്ടല്ലോ?

രാജാ:-- സമീചീനുമായ രൂപസൗഭാഗ്യത്തിന്നു അവളിലുള്ള പക്ഷപാതം അലൗകികമാണു.

വിദൂ:-- ഇങ്ങിനെ പിറുപിറുക്കുന്ന ഭവാൻ എനിക്കു കൗതുകം വർദ്ധിപ്പിക്കുന്നു. തത്ര ഭവതി ഉർവ്വശി രൂപസൗഭാഗ്യം കൊണ്ടു, ഞാൻ വൈരൂപ്യം കൊണ്ടെന്നപോലെ അദ്വിതീയയാണോ?

രാജാ:-- മാണവക, അവളെ പ്രത്യവയം വർണ്ണിക്കുക, അശക്യമാണെന്നറിഞ്ഞുകൊള്ളുക! അതുകൊണ്ടു സംക്ഷേപിച്ചു കേൾക്കൂ!

വിദൂ:-- ശരി, ഞാൻ സശ്രദ്ധനാണു.

രാജാ:--

3.


ഭൂഷണങ്ങൾക്കു ഭൂഷ, കളഭാദി-

ലേപനങ്ങൾക്കൊരഗ്ര്യമാം ലേപനം ;
നൂനം നല്ലപമാനത്തിൻ പ്രത്യുപ-
മാനമെൻസഖേ!-യദ്ദേവിതൻ ഗാത്രം.

വിദൂ:-- അതുകൊണ്ടാണിപ്പോൾ ദിവ്യരസാഭിലാഷിയായ അങ്ങുന്നു ചാതകവ്രതമെടുത്തത്. എന്നാൽ, ഭവാനിപ്പോൾ എങ്ങോട്ടേയ്ക്കാണു പുറപ്പെട്ടിട്ടുള്ളത് ?

രാജാ:-- ഉത്സുകന്നു വിവിക്തപ്രദേശമല്ലാതെ, മറ്റൊരു ശരണമില്ല. അതുകൊണ്ടു ഭവാൻ പ്രമദവനത്തിലേക്കു വഴികാണിക്കൂ!

വിദൂ:-- (ആത്മഗതം) മറ്റുഗതിയെന്ത് ? (പ്രകാശം) ഭവാൻ ഇതിലെ,ഇതിലെ!

(ചുറ്റിനടക്കുന്നു.)


വിദൂ:-- പ്രമദവന പരിസരമാണിത്. ആ ഗന്തുകനായ ദക്ഷിണമാരുതൻ ഭവാനെ പ്രണമിച്ചുകൊണ്ട്, ഇതാ എതിരെ വരുന്നു.

രാജാ:-- (നോക്കീട്ട്) ഈ വായുവിന്നു ആ വിശേഷണം സമുചിതമായിട്ടുണ്ട്. ഇതാ,

4.


പിച്ചകവള്ളിയെത്തേനിൽകുളിപ്പിച്ചും,

സ്വച്ഛന്ദം മുല്ലയെച്ചാാഞ്ചാടിച്ചും,
വാസന്തസൗഭാഗ്യം കൂട്ടുമിത്തൈക്കാറ്റു
സ്നേഹദാക്ഷിണ്യങ്ങളാർന്നമൂലം,
നല്ലോരുകാമിയായെൻ മാനസത്തിങ്ക-
ലുല്ലസിച്ചീടുന്നു മുഗ്ദ്ധഭാവൻ.

വിദൂ:-- കാറ്റിനെക്കുറിച്ചുള്ള ഈ ഭാവന ഉചിതമായിട്ടുണ്ട്. (ചുറ്റി നടക്കുന്നു) ഇതാ പ്രമദവനം ഭവാൻ പ്രവേശിച്ചാലും.

രാജാ:-- (ഖേദം നടിച്ചുകൊണ്ട്) വയസ്യ! എന്റെ ഈ ഉദ്യാനപ്രവേശം ആപൽ പ്രതീകാരമായിട്ടാണല്ലൊ മനസ്സുകൊണ്ട് കല്പിച്ചിട്ടുള്ളത്. അതു വിപരീതമായിക്കാണുന്നു.

5.


ഒഴുക്കിൽപെട്ടൊലിച്ചിടുന്നവന്നു നി-

ൎഭരംബലംവേണ്ടും മുറിച്ചുനീന്തൽ പോൽ,
പ്രവേശിക്കുമെനിക്കുപവനമിതു
കൊടുംദു:ഖശാന്തിക്കുതകുകയില്ല.

വിദൂ:-- എങ്ങിനെ?

രാജാ:--

6.


മലയവാതോന്മീലിതാ പാണ്ഡുപത്ര-

മുപവനചൂത നികരമിങ്ങിതാ,
തളിൎക്കുവാൻ തുടങ്ങിടുന്നതേയുള്ളൂ;
ശരി,യെന്നാൽ, കുശീലനാം പഞ്ചബാണൻ
അസുലഭവസ്തുക്കൊതിയിൽ നിന്നും, ദു-
ൎന്നിവാരമാമെന്റെ മനസ്സിനെയിപ്പോൾ,
അവയെക്കൊണ്ടു ഹാ! പരിക്ഷീണിപ്പിപ്പൂ
സ്വവൈഭവത്തിന്റെ ഗണപതിക്കയ്യായ്!

വിദൂ:-- ഭവാൻ ഈ പരിദേവനം നിർത്തുക! അചിരേണ ഇഷ്ടസമ്പാദനം സാധിപ്പിക്കുന്ന അനംഗൻ തന്നെ നിങ്ങൾക്കു സഹായമാകും. രാജാ:-- ബ്രാഹ്മണവചനത്തെ ഞാൻ കൈക്കൊള്ളുന്നു.

(ചുറ്റിനടക്കുന്നു)


വിദൂ:-- ഈ പ്രമദവനത്തിന്റെ വസന്താരംഭ സൂചിതമായ അഭിരാമത്വം വീക്ഷിച്ചാലും! രാജാ:-- ഞാനിപ്പോൾ പ്രതിപദം അതു കാണുന്നുണ്ട്. ഇവിടെ. <poem> 7.


മുന്നിലോ സ്ത്രീനഖപാടലമായീടും

മന്ദാരം; പാർശ്വങ്ങൾ രണ്ടിടത്തും ശ്യാമമായുൽക്കൃഷ്ടാരക്തതാ സുന്ദര- ശോഭാവലയിതാകാരമായി പൂവിടാൻ വെമ്പലാർന്നീടുന്ന രമ്യമാം ബാലാശോകങ്ങ;-ഇടുത്തുതന്നെ മാവിൽ പുതുതാകും പൂക്കുല, പൂമ്പൊടി ലേശം കലർന്നു കപിശശോഭം; മുഗ്ദ്ധത്തത്വത്തിന്റേയും യൗവ്വനത്തിന്റേയും മദ്ധ്യേ മധുശ്രീ സഖേ ലസിപ്പൂ!
"https://ml.wikisource.org/w/index.php?title=വിക്രമോർവശീയം&oldid=137599" എന്ന താളിൽനിന്ന് ശേഖരിച്ചത്