ശതമുഖരാമായണം (കിളിപ്പാട്ട്)
ഒന്നാം‌പാദം


[ 1 ]


ഒന്നാം‌പാദം


രാമ! രാമാത്മാരാമ! ശ്രീരാമ! രമാപതെ!
രാമ! രാജേന്ദ്ര! രാമ! രാജീവവിലോചന !
രാമ! തേ പാദാംബുജം വാഴ്ക മാനസേ മമ;
രാമ! രാഘവ! തവ ചരണം ശരണം മേ.
ശ്രീരാമചരിതവും പാടിസ്സഞ്ചരിക്കുന്ന
ശാരികപ്പൈതലേ! നീ ചൊല്ലണമെന്നോടിപ്പോൾ
സാകേതപതിയായ ഭഗവാൻ പത്മേക്ഷണൻ
രാഘവൻതിരുവടിവിജയം ബഹുവിധം.
ഭാഗവതന്മാൎക്കാനന്ദാമൃതോദയം പരം
യോഗീന്ദ്രന്മാൎക്കു മനോമോഹനം; കേൾപുണ്ടു ഞാൻ.
രാകേന്ദുമുഖിയായ ജാനകീവിജയം നീ
ശോകനാശനം പറഞ്ഞീടണമിനിയിപ്പോൾ.
ഭോഗിനായകഭോഗശയനശക്തിയായ
യോഗമായാദേവിതൻ വിജയം വിമോഹനം.
സാക്ഷാൽ ശ്രീനാരായണപ്രകൃതിവിലാസങ്ങൾ
മോക്ഷസാധനങ്ങളിൽ മുഖ്യമെന്നല്ലോ ചൊൽവൂ.
കേൾക്കയിലത്യാഗ്രഹമുണ്ടെനിക്കിനിയതു
കാൽക്ഷണകാലം കളഞ്ഞീടാതെ ചൊല്ലീടെടോ."
ശാരികപ്പൈതലതുകേട്ടളവുരചെയ്താൾ;
താരകബ്രഹ്മശക്തിവിജയം കേട്ടുകൊൾവിൻ.
 എങ്കിലോ ശതാനന്ദനാകിയ മഹാമുനി
പങ്കജാസനപുത്രനാകിയ വസിഷ്ഠനെ
വന്ദിച്ചുഭക്തിയോടേ ചോദിച്ചു വിനീതനായ്:-
"വന്നിതാനന്ദം രാമചരിതംകേട്ടമൂലം.
നിന്തിരുവടി കനിഞ്ഞരുളിച്ചെയ്തീടണം
സന്തുഷ്ടാത്മനാ സീതാവിജയം മനോഹരം".

[ 2 ]

ഇങ്ങനേ ശതാനന്ദൻതന്നുടേ ചോദ്യംകേട്ടു
തിങ്ങീടും പ്രീതിയോടേ വസിഷ്ഠനരുൾചെയ്തു
മംഗലപ്രദം സീതാവിജയം പൂൎണ്ണാനന്ദം
സംഗനാശനകരം കൈവല്യപ്രദമല്ലോ.
കൊന്നിതു ദശാനനൻതന്നെ രാഘവൻ പിന്നെ-
ക്കൊന്നിതു ശതാനനൻതന്നെയും സീതാദേവി.
വന്നിതാനന്ദമതുകാരണം പ്രപഞ്ചത്തി-
ന്നിന്നതു കേട്ടുകൊൾക ചൊല്ലുവൻ ചുരുക്കിഞാൻ.
 പങ്‌ക്തിസ്യന്ദനനൃപനന്ദനനായ രാമൻ
പങ്‌ക്തികന്ധരൻതന്നെക്കൊന്നതിനനന്തരം
ഭാനുനന്ദനമുഖ്യവാനരപ്പടയോടും
ജാനകീദേവിയോടും ലക്ഷ്മണനോടുംകൂടി
ഭക്തനാം നക്തഞ്ചരശ്രേഷ്ഠനാം വിഭീഷണൻ
ശക്തനാം ജഗൽപ്രാണപുത്രനഞ്ജനാപുത്രൻ
തന്നോടും ലഘുതരം പുഷ്പകംകരയേറി
ച്ചെന്നയോദ്ധ്യയുംപുക്കു വസിച്ചു സന്തുഷ്ടനായ്
അഭിഷേകവും കഴിഞ്ഞാസ്ഥാനത്തിങ്കലാമ്മാ-
റഭിമാനേന വസിഷ്ഠാദിതാപസരോടും
രത്നശോഭിതമായ സുവൎണ്ണസിംഹാസനേ
പത്നിയേ-വാമോത്സംഗേ ചേൎത്തിരുന്നരുളുമ്പോൾ
അംഭോജേക്ഷണനോടു രാക്ഷസോൽപത്തിയെല്ലാം
കംഭസംഭവനരുൾചെയ്തു കേട്ടൊരുശേഷം
രാവണവൃത്താന്തവും തൽസുതൻ മേഘനാദൻ
ദേവേന്ദ്രൻതന്നെപ്പോരിൽ ബന്ധിച്ച ശൌൎയ്യങ്ങളും
കേട്ടുവിസ്മയം പൂണ്ടു മരുവീടിനനേരം
കേട്ടിതു മേൽഭാഗത്തു നിന്നശരീരിവാക്യം.
"എത്രയുംപരാക്രമിയാകിയ ദശാസ്യനേ
യുദ്ധേ നീ വധിച്ചതുകൊണ്ടു സന്തോഷിക്കേണ്ട
ത്രൈലോക്യഭയങ്കരനാകിയ ശതമുഖൻ;
പൌലസ്ത്യനവനുടെ കാൽനഖത്തിനുപോരാ!
ശോകഭീതികളേതുംകൂടാതേ സുഖിച്ചവൻ
ശാകദ്വീപത്തിൻമദ്ധ്യേ വാഴുന്നിതനാരതം.
ദധിസാഗരപരിവേഷ്ടിതമായാപുരേ

[ 3 ]

യുധി ദേവാദികളാലവധ്യനായിട്ടവൻ
അമരാരാതിശ്രേഷ്ഠനാകിയ ശതാനനൻ
സമരേ ജയിക്കണം നിന്നയെന്നാകാംക്ഷയാ
സന്തതംവസിക്കുന്നിതിപ്പൊഴു"മെന്നവാക്യ-
മന്തരീക്ഷത്തിങ്കൽ നിന്നാശുകേൾക്കായനേരം
അത്ഭുതാകുലചിത്തനാകിയ രഘുവരൻ
അപ്പോഴേ കുംഭോത്ഭവൻതന്നോടു ചോദ്യംചെയ്തു.
"എന്തൊരത്ഭുതമശരീരിതന്നുടേ വാക്യം
നിന്തിരുവടിയരുൾചെയ്യണം പരമാൎത്ഥം"
രാമചന്ദ്രോക്തികേട്ടു കുംഭസംഭവൻ പര-
മാമോദപൂൎവമരുൾചെയ്തിതു വഴിപോലെ.