ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം ഒന്ന്

തിരുവനന്തപുരത്തു നിന്നു മൂന്നുനാഴിക വടക്കാണ് പ്രസിദ്ധമായ ഉള്ളൂർ സുബ്രഹ്മണ്യക്ഷേത്രം. അവിടെ നിന്നു രണ്ടു നാഴിക വടക്കു കിഴക്കായി പോയാൽ ചെമ്പഴന്തി എന്ന ചരിത്രപ്രസിദ്ധമായ പഴയ ഗ്രാമമാണ്. അവിടെ ഒരു പുരാതനമായ ഈഴവ കുടുംബത്തിൽ കൊല്ലവർഷം 1032-ാമാണ്ടു ചിങ്ങമാസത്തിൽ ചതയം നക്ഷത്രത്തിൽ സ്വാമി ജനിച്ചു. മാതാപിതാക്കന്മാർ സദ്-വൃത്തിയും ഈശ്വരഭക്തിയും ഉള്ളവർ ആയിരുന്നു. അച്ഛൻ മാടനാശാൻ എന്ന ഒരു അദ്ധ്യാപകനും, അമ്മാവൻ കൃഷ്ണൻ വൈദ്യൻ എന്ന ഒരു ചികിത്സകനും ആയിരുന്നു.

സ്വാമിക്കു മൂന്നു സഹോദരിമാർ ഉണ്ടായിരുന്നു. സ്വാമി കുട്ടിക്കാലത്തിൽ ശാന്തനായിരുന്നില്ല. ചൊടിപ്പുള്ള ഒരു കുട്ടിയായിരുന്നു. ചില സംഗതികളിൽ ഒരു വിധം വികൃതിയായിരുന്നു എന്നു കൂടിപ്പറയാം.

വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്തു ഭക്ഷിച്ചു കളയുന്നതിൽ കുട്ടി അസാമാന്യമായ കൗതുകം കാണിച്ചു.

'താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും' എന്നു പറയുകയും തന്റെ ആ അകൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ എങ്ങനെയെങ്കിലും ആ ബാലൻ തോല്പിക്കുകയും ചെയ്യും. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ട് കുളിക്കാതെ അടുക്കളയിൽ കടന്ന് സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷന്മാരെയും തൊട്ട് അശുദ്ധമാക്കുന്നതു കുട്ടിക്കു രസകരമായ ഒരു വിനോദമായിരുന്നു.

ബുദ്ധിമാനും സുന്ദരനും തറവാട്ടിലെ ഏകപുത്രനുമായ കുട്ടിയെ ആ വക കുറ്റങ്ങൾക്ക് മാതാപിതാക്കന്മാർ തല്ലിയിട്ടില്ല.