ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം രണ്ട്

സ്വാമിയെ വിദ്യാരംഭം ചെയ്യിച്ചത് കേൾവിപ്പെട്ട ചെമ്പഴന്തിപ്പിള്ളമാരുടെ തറവാട്ടിലെ അന്നത്തെ കാരണവരാണ്. അദ്ദേഹം ഒരു നല്ല ജ്യോത്സനും സ്ഥലത്തെ പാർവ്വത്യകാരനുമായിരുന്നു. അക്ഷരാഭ്യാസവും അന്നത്തെ ഉൾനാട്ടിലെ രീതി അനുസരിച്ച് സിദ്ധരൂപം, ബാല പ്രബോധനം, അമരം മുതലായ ബാലപാഠങ്ങളും കഴിഞ്ഞശേഷം, സ്വദേശത്ത് ഉയർന്നതരം പഠിത്തത്തിനു സൗകര്യം ഇല്ലാതിരുന്നതിനാൽ സ്വാമിക്കു പഠിപ്പു മതിയാക്കേണ്ടിവന്നു.

കുടുംബത്തിലെ പ്രധാനജോലി കൃഷിയായിരുന്നു. സ്വാമി തന്റെ പ്രായത്തിനനുസരിച്ച് അതിൽ സഹായിക്കയും അടുത്ത കാട്ടുപ്രദേശങ്ങളിൽ കന്നു കാലികളെ മേച്ചുകൊണ്ടു കുറേ നാൾ കഴിക്കുകയും ചെയ്തിരുന്നു. മദ്ധ്യാഹ്നകാലത്ത് വൃക്ഷങ്ങളുടെ തണലുകളിൽ പശുക്കൾ മേഞ്ഞു നില്ക്കുമ്പോൾ സ്വാമി ഇലകൾ നിറഞ്ഞ മരക്കൊമ്പുകളിൽ കയറിയിരുന്നു നീലവർണ്ണമായ ആകാശത്തെ നോക്കി മനോരാജ്യം ചെയ്യുകയും സംസ്കൃതപദ്യങ്ങൾ ഉരുവിട്ടു പഠിക്കയും ചെയ്ക പതിവായിരുന്നു.

സസ്യങ്ങൾ കൃഷിചെയ്തുണ്ടാക്കുന്നതിൽ സ്വാമിക്ക് വലിയ വാസനയായിരുന്നു. തന്നത്താൻ വെറ്റിലക്കൊടി നട്ടു നനച്ചു വളർത്തിയുട്ടുള്ളതിനെപ്പറ്റി പലപ്പോഴും സ്വാമി പറഞ്ഞു രസിക്കാറുണ്ട്. ബാല്യം കഴിയുന്നതിനു മുമ്പുതന്നെ സ്വാമി ഒരു വലിയ സാത്വികനും ഭക്തനുമാണെന്നു ജനങ്ങൾ അറിഞ്ഞു കഴിഞ്ഞു.

21-ാമത്തെ വയസ്സിൽ, അതായത് 1053-ൽ, സ്വാമി സംസ്കൃതം പഠിപ്പാനായി, കരുനാഗപ്പള്ളി താലൂക്കിൽ പുതുപ്പള്ളി കുമ്മംപള്ളിൽ രാമൻപിള്ള ആശാൻ അവർകളുടെ അടുക്കലേക്കു പോയി. അവിടെ വാരണപ്പള്ളി എന്ന പ്രസിദ്ധ കുടുംബത്തിലാണ് സ്വാമി താമസിച്ചിരുന്നത്.

കഴിഞ്ഞുപോയ തിരുവനന്തപുരം പെരുനെല്ലി കൃഷ്ണൻവൈദ്യർ, വെളുത്തേരി കേശവൻ വൈദ്യർ മുതലായി പലേ യോഗ്യന്മാരും സഹാധ്യായികളായിരുന്നു. ഈ സഹപാഠികളുടെയും അവിടെ ഉണ്ടായിരുന്ന മറ്റു ചെറുപ്പക്കാരുടെയും സഹവാസത്തിനേക്കാൾ സ്വാമി അധികം ഇഷ്ടപ്പെട്ടിരുന്നത് ഏകാദശി മുതലായ വൃതങ്ങൾ അനുഷ്ഠിച്ചും പുരാണങ്ങൾ വായിച്ചും ദിവസം കഴിച്ചിരുന്ന അവിടത്തെ വൃദ്ധന്മാരുടെയും വൃദ്ധകളുടെയും സാഹചര്യത്തെ ആയിരുന്നു. ഉറക്കത്തിൽ പോലും ഈശ്വരനാമങ്ങളും മന്ത്രങ്ങളും സ്വാമിയുടെ മുഖത്തുനിന്നും സ്വതേ പുറപ്പെടുന്നതായി പലരും കേട്ടിട്ടുണ്ട്. സ്വാമിയുടെ ഈശ്വരഭക്തിയേയും സാത്വികമായ സ്വഭാവവിശേഷത്തേയും പറ്റി പല കഥകളും ആ സ്ഥലത്തുള്ളവർ ഇന്നും ഭക്തിബഹുമാനപൂർവ്വം പറഞ്ഞുവരുന്നുണ്ട്. ഗജേന്ദ്രമോക്ഷം കഥയെ വാരണപ്പള്ളി തറവാട്ടിലെ കാരണവരുടെ ആവശ്യപ്രകരം സ്വാമി ഒരു വഞ്ചിപ്പാട്ടായി അവിടെവച്ചു എഴുതിയത് ഇപ്പോഴും അവിടത്തുകാരിൽ ചിലർ പാടി കേൾക്കാറുണ്ട്. സ്വാമിയുടെ ഇഷ്ടദേവത അപ്പോൾ വിഷ്ണുവായിരുന്നു. ബാലകൃഷ്ണനെ പലപ്പോഴും മുൻപിൽ കൂത്താടുന്നതായി സ്വാമി പ്രത്യക്ഷത്തിൽ കണ്ടിട്ടുണ്ടത്രേ. സംസ്കൃതത്തിൽ പല വിഷ്ണുസ്തോത്രങ്ങളും സ്വാമി അന്ന് എഴുതിയിട്ടുണ്ടായിരുന്നു.

സ്വാമിയുടെ ബുദ്ധിയും ഓർമ്മയും വലിയ ശക്തിയുള്ളവയായിരുന്നു. ഒരിക്കൽ വായിച്ച പുസ്തകങ്ങളേയോ കേട്ട വിഷയത്തേയോ മറക്കുക പതിവില്ലായിരുന്നു. രണ്ടുകൊല്ലത്തിനുള്ളിൽ കാവ്യനാടകാലംകാരങ്ങളിൽ നല്ല വ്യുത്പത്തി സമ്പാദിച്ച് ഗുരു ദക്ഷിണകഴിഞ്ഞ് അവിടത്തെ പഠിത്തം അവസാനിപ്പിച്ചു. ഗുരുനാഥനായ രാമൻപിള്ള ആശാൻ അവർകൾക്ക് എല്ലാ ശിഷ്യന്മാരിലും വച്ച് സാത്വികനായസ്വാമിയിൽ സ്നേഹവിശേഷം ഉണ്ടായിരുന്നു. വാരണപ്പള്ളിയിൽ നിന്നും മടങ്ങിപ്പോരാൻ ഒരുങ്ങുമ്പോൾ ഒരു കഠിനമായ രക്താതിസാരം ആരംഭിച്ച്തിനാൽ സ്വദേശത്തിൽ നിന്ന് ആളുകൾചെന്ന് സ്വാമിയെ കൊണ്ടുപോരുകയാണുണ്ടായത്. സ്ഥലം വിടുമ്പോൾ രോഗത്തിന്റെ കാഠിന്യത്താൽ സ്വാമിക്കു പ്രജ്ഞയില്ലായിരുന്നു. സ്വാമിയുടെ ആ സ്ഥിതിയിലുള്ള വേർപാടിൽ കരയാത്തവരായി അന്നു അവിടെ ആരും ഉണ്ടായിരുന്നില്ല.