ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം ഒൻപത്

ഈ കാലത്ത് സ്വാമി കൂടെക്കൂടെ കുറ്റാലം, പാപനാശം മുതലായ തീർഥസ്ഥലങ്ങളിൽ പോയി വിശ്രമിച്ചിരുന്നു. 1079-ാമാണ്ട് സ്വാമി വർക്കല ഇപ്പോൾ ശിവഗിരി മഠം സ്ഥാപിച്ചിരുക്കുന്ന കുന്നിനു സമീപം ഒരു ദിക്കിൽ പതിവായി ചെന്നിരിക്കുകയും ഒരു കുടിലുകെട്ടി അതിൽ കുറേനാൾ താമസിക്കുകയും ചെയ്തിരുന്നു. അതിനു ചുറ്റും വഴുതിന, പയർ, കത്തിരി, വെണ്ട മുതലായ സസ്യങ്ങൾ കൃഷി ചെയ്യിക്കയും ചെയ്തുകൊണ്ടിരുന്നു. ആ കൃഷിസ്ഥലത്തിന്റെ തെക്കു വശത്തായി ഒരു കുന്നുണ്ടായിരുന്നത് ആരുടേയും പേരിൽ പതിഞ്ഞിട്ടില്ലെന്നു മനസിലാവുകയാൽ തന്റെ ഇരുപ്പു സ്വാമി ക്രമേണ ആ സ്ഥലത്തേക്കു മാറ്റി. കുന്നിന്റെ മുകളിൽ ഒരു പർണ്ണശാല കെട്ടി മിക്കവാറും സ്ഥിരമായി തന്നെ താമസിച്ചു എന്നു പറയാം.

മുൻപ് അരുവിപ്പുറത്ത് എന്ന പോലെ പലസ്ഥലത്തുനിന്നും ജനങ്ങൾ അവിടെ വന്നുകൂടാൻ തുടങ്ങി. കുന്നിന്റെ മുകളിൽ സ്വാമിയുടെ പർണ്ണശാല ഇരുന്ന സ്ഥലത്താണ് ഇപ്പോൾ ശിവപ്രതിഷ്ഠ ചെയ്തിരിക്കുന്നത്. ഇവിടേയും സ്വാമി ക്രമേണ മഠങ്ങളും ക്ഷേത്രങ്ങളും കെട്ടാൻ ആരംഭിച്ചു. കുന്നു തന്റെ പേരിൽ പതിപ്പിക്കുകയും ദാനമായും മറ്റും കിട്ടിയ സമീപത്തുള്ള സ്ഥലങ്ങൾ അതോടു ചേർക്കുകയും സ്ഥലത്തിനു ശിവഗിരി എന്നു പേർകൊടുക്കുകയും ചെയ്തു. ഈ കൊല്ലം ആദ്യമാണ് സിവിൽ കോടതികളിൽ ഹാജരാകേണ്ട നിർബന്ധത്തിൽ നിന്നു സ്വാമിയെ എസ്. എൻ. ഡി. പി യോഗത്തിന്റെ അദ്ധ്യക്ഷന്റേയും സമുദായ ഗുരുവിന്റെയും നിലയിൽ തിരുവിതാംകൂർ ഗവണ്മെന്റിൽ നിന്നും ഒഴിവാക്കിയത്.

1080 ധനുമാസത്തിൽ എസ്. എൻ. ഡി. പി യോഗത്തിന്റെ രണ്ടാമത്തെ വാർഷികയോഗം ഒരു വ്യവസായ പ്രദർശനത്തോടുകൂടി കൊല്ലത്തുവച്ചു നടന്നു. യോഗത്തിന്റെ സ്ഥിരം പ്രസിഡണ്ടിന്റെ നിലയിൽ അലംകരിക്കപ്പെട്ട ഒരു ക്യാബിൻബോട്ടിൽ സ്വാമിയെ ശിവഗിരിയിൽ നിന്നു കൊല്ലത്തേക്കു കൊണ്ടുപോകുവാൻ ജനങ്ങൾ ഉത്സാഹപൂർവ്വമായ ഒരുക്കം കൂട്ടി. പ്രകൃത്യാ ആഡംബരവിമുഖനായ സ്വാമി ആ ബോട്ടിൽ കയറിപ്പോകാതെ തൽക്കാലം ജനങ്ങൾക്ക് വലിയ ആശാഭംഗത്തെയാണ് ഉണ്ടാക്കിയതെങ്കിലും ആ മഹായോഗം കൂടിയിരുന്ന സന്ദർഭത്തിൽ തന്റെ അപ്രതീക്ഷിതമായ സാന്നിദ്ധ്യത്താൽ സഭയെ അലങ്കരിക്കുകയും ജനങ്ങളെ സവിശേഷം സന്തോഷിപ്പിക്കുകയും ചെയ്തു.