ശ്രീ നാരായണ ഗുരു/അദ്ധ്യായം പത്ത്
←അദ്ധ്യായം ഒൻപത് | ശ്രീ നാരായണ ഗുരു രചന: അദ്ധ്യായം പത്ത് |
അദ്ധ്യായം പതിനൊന്ന്→ |
സ്വാമിയുടെ പേർ മുൻപുതന്നെ മലബാറിൽ ശ്രുതിപ്പെട്ടിരുന്നു. അതുകൊണ്ടും ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സമുദായ സംബന്ധമായ പ്രവർത്തികൾ നിമിത്തവും അവിടുത്തെ സ്വജനങ്ങൾക്കു സ്വാമിയെ സംബന്ധിച്ച സംഗതികളിൽ പൂർവധികമായ ശ്രദ്ധയും ബഹുമാനവും ഉണ്ടായി. 1081-ാമാണ്ടു തലശ്ശേരിയിൽ സ്വജനങ്ങളുടെ ആരാധനയ്ക്കായി സ്വാമിയെക്കൊണ്ട് ഒരു ക്ഷേത്രം പ്രതിഷ്ഠിപ്പിക്കണമെന്നു ചിലരുടെ ഇടയിൽ ഒരു ആലോചന ഉണ്ടായി. ആ ആണ്ടു കുംഭമാസത്തിൽ അരുവിപ്പുറത്തെ ശിവരാത്രി കഴിഞ്ഞു സ്വാമി തിരുവിതാംകൂറിൽ കോട്ടയം മുതലായ സ്ഥലങ്ങളിൽ സഞ്ചരിക്കയും അവിടെ കുമരകം ഈഴവസമാജം വക ഒരു ക്ഷേത്രത്തിന്റെ പ്രാരംഭകൃത്യം നടത്തുകയും ആ പ്രദേശങ്ങളിൽ ഈഴവരുടെ വകയായി ഉണ്ടായിരുന്ന അനേകം പുരാതന ദുർഗ്ഗാക്ഷേത്രങ്ങളിലെ ജന്തുഹിംസ നിർത്തൽ ചെയ്കയും ചെയ്തു. സ്വാമി ആ സ്ഥലത്ത് ഈ യാത്ര ചെയ്തത് ആദ്യമായിട്ടായിരുന്നു. ഈ യാത്രയിൽ അവിടെ രോഗപീഡിതരായും മറ്റും അനേകം ആളുകൾ വന്നു കൂടിയിരുന്നു. അപ്പോൾ ചില അത്ഭുതസംഭവങ്ങൾ നടന്നതായി അറിയുന്നു. കോട്ടയത്തു നിന്നും സ്വാമി പെരിങ്ങോട്ടുകരയ്ക്കു പോയി. അവിടെ അതിനു മുൻപു തന്നെ ഒരു ക്ഷേത്രവും മഠവും ആരംഭിക്കയും അവയുടെ ഉപയോഗത്തിനായി ഏതാനും സ്വത്തുകൾ സ്വാമിയുടെ പേർക്കു ദാനമായി എഴുതിവാങ്ങുകയും ചെയ്തിരുന്നു. അവിടെ താമസിക്കുമ്പോൾ തലശ്ശേരിയിൽ നിന്നും സ്വജങ്ങളിൽ ചില മാന്യന്മാർ വന്നു സ്വാമിയെ ക്ഷണിച്ചു അങ്ങോട്ടു കൂട്ടിക്കൊണ്ടു പോയി. അവിടത്തെ തിയരിൽ ചിലർ ബ്രഹ്മസമാജത്തിൽ ചേർന്നിരുന്നതുകൊണ്ട് ദീർഘകാലമായി അവരുടെ ഇടയിൽ ഉണ്ടായിരുന്ന കക്ഷിവഴക്കുകൾ സ്വാമി പരഞ്ഞുതീർത്ത് അവരിൽ ഐക്യമത്യം വർദ്ധിപ്പിച്ചു. ഈ ആദ്യത്തെ യാത്രയിൽ തന്നെ സ്വാമി വടക്കെ മലബാറിലുള്ള സ്വജങ്ങളുടെ മുഴുവൻ ഭക്തിക്കും ബഹുമാനത്തിനും സ്നേഹത്തിനും പാത്രമായിത്തീരുകയും തലശ്ശേരി ജഗന്നഥക്ഷേത്രത്തിനു സ്ഥലം നിശ്ചയിച്ചു കുറ്റി തറയ്ക്കുകയും ചെയ്തു. മടക്കത്തിൽ കോഴിക്കോട്ട് ഒന്നു രണ്ടു ദിവസം താമസിക്കയും പെരിങ്ങോട്ടുകര, പറവൂർ ഈ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്തു മീനമാസ മദ്ധ്യത്തോടു കൂടി ശിവഗിരിയിൽ വന്നു ചേരുകയും ചെയ്തു. ഈ യാത്രയിൽ പറവൂർ മുതലായ സ്ഥലങ്ങളിൽ പഴയ താലികെട്ടു നിർത്തൽ ചെയ്യുവാനും പുതിയ വിവാഹരീതി പ്രചാരപ്പെടുത്താനും സ്വാമി ഏർപ്പാടു ചെയ്തു.