ശ്രീ നാരായണ ഗുരു/അദ്ധ്യായം പതിനൊന്ന്

ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം പതിനൊന്ന്

പിന്നെ രണ്ടു കൊല്ലത്തക്ക് (83-ാമാണ്ടുവരെ) സ്വാമിമിക്കവാറും ശിവഗിരിയിൽ തന്നെ വിശ്രമിക്കയായിരുന്നു. ഈ കാലത്താണ് സ്വാമി അവിടത്തെ പഴയമഠത്തിന്റെ പണിപൂർത്തിയാക്കുകയും ഒരു സംസ്കൃതപാഠശാല ഏർപ്പെടുത്തുകയും മറ്റും ചെയ്തത്. ചീഫ് ജസ്റ്റീസ് സദാശിവയ്യർ മുതലായ പല മഹത്തുക്കളും ഈ അവസരത്തിൽ സ്വാമിയെ ചെന്നു സന്ദർശിച്ചു തൃപ്തിപ്പെട്ടിട്ടുണ്ട്. സ്വജനങ്ങളിൽ വടക്കും തെക്കുമുള്ള പലപ്രധാന യോഗ്യന്മാരും ഈ അവസരത്തിൽ കൂടെക്കൂടെ അവിടെ വന്നു സ്വാമിയെ സന്ദർശിച്ചുകൊണ്ടിരുന്നു. ക്രമേണ ശിവഗിരി മഠത്തിൽ ഒരു പൊതുക്ഷേത്രവും ഒരു ഉയർന്നതരം സംസ്കൃതവിദ്യാമന്ദിരവും സ്ഥാപിക്കണമെന്നും ശിവഗിരി മഠത്തെ തന്റെ മതസംബന്ധമായ സ്ഥാപനങ്ങളുടെ തലസ്ഥാനമാക്കണമെന്നും ഉള്ള അഭിപ്രായത്തെ സ്വാമി വെളിപ്പെടുത്തി. 1083 ചിങ്ങം 13-ാ൦ തിയതി സ്വാമി പരസ്യമായി ഇതിലേക്ക് സ്വജങ്ങളിൽ നിന്നും ധനസഹായം അപേക്ഷിച്ച് ഒരു ചെറിയ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി.

ഈ സമയത്ത് തലശ്ശേരിയിൽ സ്വജങ്ങളുടെ വക ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയായി കൊണ്ടിരുന്നു. കോഴിക്കോട്ടും ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള ആലോചനകൾ എല്ലാം കഴിച്ച് അതിന്റെ പ്രാരംഭക്രിയകൾക്ക് ഒരുക്കം കൂട്ടിക്കൊണ്ടിരുന്നു. അതു സംബന്ധിച്ചു സ്വാമിയെ അവിടത്തേക്കു ക്ഷണിപ്പാൻ മ. രാ. രാ. കല്ലിങ്കൽ രാരിച്ചൻ മൂപ്പൻ മുതലായ മാന്യന്മാർ ശിവഗിരിയിൽ വന്നിരുന്നു. അവരെ എല്ലാം മുൻകൂട്ടി മടക്കി അയച്ചിട്ട്, സ്വാമി 1088 തുലാം 24-ാ൦ തിയതി രാത്രി ഏതാനും അനുയായികളുമായി യാത്രപുറപ്പെട്ടു. കൂടെയുള്ളവർ നിർബന്ധിക്കയാലാണ് താൻ പുറപ്പെടുന്നതെന്നും ഉള്ളിൽ അശേഷം ഉത്സാഹം തോന്നുന്നില്ലെന്നും മറ്റും പറഞ്ഞു യാത്രാരംഭത്തിൽ സ്വാമി വളരെ മടിച്ചു. 27-ാ൦ തിയതി വൈകുന്നേരം ആലുവായിൽ എത്തി. പിറ്റേദിവസത്തെ മെയിൽ വണ്ടിയിൽ കോഴിക്കോട്ടേക്കു പോവാൻ വിചാരിച്ചുകൊണ്ട് പരിജന സഹിതം രാത്രി തീവണ്ടി സ്റ്റേഷനുസമീപം ഒരു കെട്ടിടത്തിൽ താമസിച്ചു. ആ കെട്ടിടം ഇപ്പോൾ ആലുവാ അദ്വൈതാശ്രമം വക ഒരു മഠമാക്കിയിരിക്കയാണ്. രാത്രി 12 മണിക്കു സ്വാമിക്കു അവിടെ വച്ച് അതിസാരത്തിന്റെ ലക്ഷണം ആരംഭിച്ചു. ഒരു മണിക്കൂർ കഴിഞ്ഞു ഛർദ്ദികൂടി തുടങ്ങുകയും ഭയങ്കരമായ വിഷൂചികയാണെന്നു വെളിപ്പെടുത്തുകയും ചെയ്തു. ആരംഭം മുതൽ തന്നെ സ്ഥലത്തെ അപ്പാത്തിക്കിരിയെക്കൊണ്ട് ഇംഗ്ലീഷ് ചികിത്സ വളരെ ജാഗ്രതയോടെ ചെയ്യിക്കയും സകലവിധമായ ശുശ്രൂഷകളും യാതൊരു ന്യൂനതയും കൂടാതെ കൂടെയുള്ളവർ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ദീനം ഭയങ്കരമാംവിധം വർദ്ധിച്ചു കൊണ്ടുതന്നെയിരുന്നു. പിറ്റേദിവസം പകൽ 12 മണിയോടു കൂടി പ്രജ്ഞ അശേഷം കെടുകയും നാഡി നിന്നുപോകയും ശരീരം തണുത്തുമരവിച്ച്പോകുകയും ചെയ്തു. ഇതിനിടയിൽ കൂടെയുണ്ടായിരുന്ന ശിഷ്യന്മാരിൽ 'കൊച്ചുമായിററ്റി' ആശാൻ എന്ന ഒരാൾക്കുകൂടി ദീനം ആരംഭിച്ച് അദ്ദേഹം മരിച്ചു കഴിഞ്ഞിരുന്നു. ഡോക്ടറുടെ അഭിപ്രായം അദ്ദേഹത്തിന്റെ സുഖക്കേടു ശമിക്കുമെന്നും സ്വാമിയുടെത് അസാധ്യം എന്നും ആയിരുന്നു. ഈ സമയത്ത് കോഴിക്കോട്ടുതീവണ്ടിയാഫീസിലും സമീപപ്രദേശങ്ങളിലും മെയിൽ വണ്ടിയിൽ സ്വാമി വന്നിറങ്ങുന്നതു കാണ്മാനും എതിരേൽക്കാനുമായി കൂടിയിരുന്ന പുരുഷാരത്തിനു കണക്കില്ലായിരുന്നു. ആലുവായിൽ സ്വാമിയുടെ സകലശുശ്രൂഷകളും അവസാനിപ്പിച്ചു കണ്ണീർവാർത്തുകൊണ്ട് വിഷണ്ണന്മാരായി നിൽക്കുന്ന ശിഷ്യന്മാരുടെയും പരിജനങ്ങളുടേയും ഈ സമയത്തെ ഹൃദയസ്ഥിതി പറഞ്ഞറിയിപ്പാൻ കഴിയാത്തതായിരുന്നു.