സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ഗുരുപൂജ
[ 72 ]

ഗുരുപൂജ *

മൊട്ടിട്ടുനില്ക്കും മധുരസ്മൃതികൾതൻ
പുഷ്ടപ്രസന്നമാം പൂങ്കാവനികയിൽ ,
സല്ലാപലോലരായ് ഞങ്ങൾതൻ ചിന്തക-
ളുല്ലാസപൂർവമുലാത്തുന്നവേളയിൽ ,
സ്ഫീതാനുമോദമവയെത്തഴുകുന്നി-
തേതോ വിശുദ്ധമാം വാത്സല്യസൌരഭം !
കോരിത്തരിക്കുന്നു പെട്ടെന്നു, സൌഹൃദം
ചോരുന്ന ഞങ്ങൾതൻപിഞ്ചുമനസ്സുകൾ.
മുഗ്ദ്ധവിനീതപ്രണാമോപഹാരങ്ങ-
ളർപ്പിച്ചുകൊണ്ട,വ നില്പൂ നിരാകുലം !

അല്ലെങ്കിലും ഗുരോ , വിസ്മരിച്ചീടാവ-
തല്ലവിടുത്തെസ്സനാതനസേവനം.
മാനസന്തോറും വിടർന്നു വിളങ്ങുന്നു
മായാതതിന്റെ മഹനീയമുദ്രകൾ !
നിശ്ചയ,മിക്കലാശാലതലത്തിലെ-
ത്തുച്ഛമാമോരോ മണൽത്തരികൂടിയും ,
എന്നെന്നുമോർക്കും കൃതഞ്ജതാപൂർത്തിയിൽ-
പ്പുണ്യാഢ്യമാം ഭവൽസാഹചര്യോത്സവം !
സംഗീതസാന്ദ്രമാമോരോ മനോഹര-
സങ്കല്പമങ്ങയെപ്പൂജിക്കുമെപ്പോഴും !

തുഞ്ചനെപ്പെറ്റൊരപ്പുണ്യക്ഷിതിയിലെ-
പ്പഞ്ചാരമണ്ണിൽപ്പുലർന്ന മന്ദാരമേ ,
സൽക്കാവ്യലക്ഷ്മിയാലെമ്മട്ടനാരത-
സൽക്കൃതമായിസ്സമുല്ലസിക്കില്ലനീ !
നിർമ്മഗ്നമാകുന്നു നിർമ്മലപ്രജ്ഞകൾ
നിന്നനവദ്യപരിമളധാരയിൽ.
താവക 'കാവ്യോപഹാര' പുഷ്പങ്ങളിൽ
താവിത്തുളുമ്പും മരന്ദകണികകൾ
നിത്യം നുകർന്നു പറന്നു മുരളുന്നു
മത്തഹൃദയമധുപകദംബകം !

ഇമ്പം വളർത്തുമാറാൺപൂവിടുന്നൊര-
ക്കുമ്പളവല്ലി കണ്ടാനന്ദലോലയായ്
നില്പൂ , മനസ്സിന്റെ മുൻപിലൊ,രുജ്ജ്വ-
സ്വപ്നമെന്നോണ , മാ' ഗ്രാമീണകന്യക' !

  • ഉദ്യോഗകാലാവധി കഴിഞ്ഞു പെൻഷൻപറ്റി പിരിഞ്ഞ ശ്രീമാൻ കുറ്റിപ്പുറത്ത് കേശവൻനായരവർകൾക്ക് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനീവിദ്യാർത്ഥികൾ നല്കിയ സൽക്കാരംസംബന്ധിച്ചു സമ്മേളിച്ച മഹായോഗത്തിൽ അദ്ദേഹത്തിനു സമർപ്പിച്ചത്.
[ 73 ]

ഭാവമധുരവും ശാന്തവുമാം ഭവ-
ജ്ജീവിതശുദ്ധിതൻകണ്ണാടിയാണവൾ!
കാണുന്നു ഞങ്ങളവളിലൂടങ്ങതൻ-
പ്രാണനാളത്തിൻപ്രതിഫലനങ്ങളെ!
വാസനച്ചായമൊരിക്കലും വറ്റാത്ത
വാരുറ്റ തൂലികേ, വെല്‌ക നീ മേല്ക്കുമേൽ!

വേദനിക്കുന്നു, ഹൃദയ,മയ്യോ, ഭവാൻ
വേർപെട്ടു ഞങ്ങളെപ്പോകുന്ന ചിന്തയാൽ!
ഇറ്റിറ്റുവീഴുമിക്കണ്ണുനീർത്തുള്ളിക-
ളൊപ്പുവാൻപോലും കഴിയാത്തമാതിരി,
നിശ്ചേഷ്ടരായ് തവ പാദാന്തികത്തിങ്കൽ
നില്ക്കുന്നു ഞങ്ങളിക്കൂപ്പുകൈമൊട്ടുമായ്!

ജീവിതത്തിന്റെ പരുത്ത വശങ്ങളെ-
ബ്ഭൂവിലെതിരിടാൻ പോകുന്ന ഞങ്ങളെ,
മുന്നിൽക്കുനിച്ച ശിരസ്സിലാശംസകൾ
ചിന്നി,യവിടുന്നനുഗ്രഹിക്കേണമേ!

കാലദേശങ്ങൾ കടന്നു മൺകൂടുകൾ
കാണാതെയങ്ങിങ്ങകന്നുപോമെങ്കിലും,
പ്രാണനും പ്രാണനുമൊന്നുചേർന്നെപ്പോഴും
വീണവായിക്കുമൊരേകാന്തശാന്തിയിൽ!
അസ്സമാശ്വാസം തരുന്ന തൂവാലയാ-
ലശ്രുകണങ്ങൾ തുടയ്ക്കുന്നു ഞങ്ങളും!
കൃത്യബാഹുല്യം കരണ്ടെടുത്തു, കഷ്ട-
മിത്രയും കാലം ഭവൽസുഖജീവിതം.
ഒന്നിനിയെങ്കിലും വിശ്രമിക്കട്ട,തൊ-
രുന്നതശാന്തിതൻശീതളച്ഛായയിൽ!

ഓടക്കുഴലുമായായുരാരോഗ്യങ്ങ-
ളാടിക്കുഴഞ്ഞണഞ്ഞാത്തകൗതൂഹലം
സംഗീതപീയൂഷധാരയിൽ മുക്കിട-
ട്ട,ങ്ങതന്നാദർശമോഹനജീവിതം!
ആദരപൂർവ്വക,മങ്ങയ്ക്കു നിത്യവു-
മാതിത്ഥ്യമേകട്ടെ, സൗഭാഗ്യസീമകൾ!
ആലസ്യമറ്റിനിക്കാവ്യാംബികയ്ക്കു പൂ-
മാലയോരോന്നു തൊടുത്തുകൊണ്ടങ്ങനെ,
ലാലസിച്ചാലും, മഹാകവേ, മേൽക്കുമേൽ
ചേലിലങ്ങയ്ക്കു ഭവിക്കട്ടെ മംഗളം!

--ഫെബ്രുവരി, 1938
"https://ml.wikisource.org/w/index.php?title=സങ്കല്പകാന്തി/ഗുരുപൂജ&oldid=37598" എന്ന താളിൽനിന്ന് ശേഖരിച്ചത്