സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സൗന്ദര്യപൂജ
[ 43 ]

സൌന്ദര്യപൂജ

മുല്ലകൾ പൂക്കലാൽ സാരിയുലച്ചുല-
ച്ചു,ല്ലസൽസുസ്മിതേ, നീയണഞ്ഞു;
അല്ലല്ല, വിൺനീലച്ചില്ലിലാ, വെൺമേഘ-
ത്തെല്ലി, ലലിഞ്ഞയേ നീ മറഞ്ഞു!
ഒറ്റയ്ക്കൊരൊറ്റ നിമേഷമേ, കഷ്ടമേ,
പറ്റിയതുള്ളു, നിൻദർശനം മേ!
എന്നിട്ടും, നിന്നെ നീയായല്ല കണ്ടതെൻ-
മുന്നിൽ ഞാൻ-നിൻനിഴലായിരുന്നു!

പൈങ്കിളിപ്പാട്ടിലെ,ൻചുറ്റിലും, നിൻകഴൽ-
ത്തങ്കച്ചിലമ്പൊലി സംക്രമിക്കെ,
ഉജ്ജ്വലേ, നിന്നാഗമോത്സവോൽക്കണ്ഠയാ-
ലുദ്ദ്വേലിതോൾക്കളസ്പന്ദനായ് ഞാൻ!
ചുറ്റുമുഴറിയെൻചഞ്ചലദൃഷ്ടിക-
ളൊറ്റനോക്കൊന്നു നിൻമൂർത്തി കാണ്മാൻ!
അസ്വീകൃതാകൃതയായ് നില്പതെന്തയേ
മൽസ്വപ്നമേഖലയ്ക്കപ്പുറം നീ?

പ്രത്യഹമെത്തിച്ചു നിൻനെടുവീർപ്പുകൾ
പ്രത്യുഷസ്സൂനങ്ങളെന്നരികിൽ.
നിശ്ശബ്ദമോതി നിൻസന്ദേശവാക്യങ്ങൾ
നിസ്തുലതാരകൾ നീലവിണ്ണിൽ.
നീമാത്രമെന്നിട്ടും, നീയായിട്ടെത്തീലെൻ
നീറും മനസ്സിലമൃതൊഴുക്കാൻ!
എങ്കിലും, നിന്മഹാസാന്നിധ്യസായൂജ്യം
സങ്കല്പം സ്വായത്തമാക്കിയെന്നിൽ!

ഭാവനയ്ക്കുണ്ട ,തിൻ സ്വന്തമായിട്ടൊരു
ഭാഷയും ഭാസുരശൈലികളും;
അപ്രമേയാനഘസൌന്ദര്യചിത്രണ-
മപ്രാപ്യമാണിന്നവയ്ക്കുപോലും!

[ 44 ]

യുക്തിതൻ, ബുദ്ധിതൻ, വാസ്തവികത്വമ-
ല്ലുത്തേജിതമാം വികാരസത്യം.
വസ്തുസ്ഥിതികൾതന്നർത്ഥവലയത്തി-
ലെത്തിനില്ക്കാത്തൊരുച്ഛൃംഖലത്വം
ഉണ്ടതിൻ വ്യാപാരയാനത്തി,ലായതു
കണ്ടിടാൻ കണ്ണുകൾ വേറേ വേണം.
യുക്തിമണലാൽ കയറുപിരിക്കുവാൻ,
ബുദ്ധിവൻപാറ പിഴിഞ്ഞെടുക്കാൻ,
വൈഭവഗർവ്വത്തിൽ യത്നിച്ചു യത്നിച്ചു
വയ്യെന്നൊടുവിൽപ്പകച്ചുനില്ർക്കെ,
ദൂരത്തധിക്ഷിപ്തമായ് മുഖം താഴ്ത്തി നി-
ന്നാരാൽക്കരയും വികാരമെത്തി,
ഇല്ലായ്മയിങ്കൽനിന്നായിരമായിരം
സ്വർല്ലോകരംഗങ്ങളാചരിപ്പൂ!
എന്തിലും മീതെയാമങ്ങോട്ടുയരുവാൻ
ചിന്തകൾക്കൊക്കെച്ചിറകു വേണം!

സത്യസൗന്ദര്യമേ , നിൻഭക്തദാസൻ ഞാൻ
യുക്തിതൻദൃഷ്ടിയിൽ ഭ്രാന്തനായി!
നിത്യപ്രകാശമേ, നിന്നിലലികയാൽ
ബുദ്ധിതൻദൃഷ്ടിയിൽ ഭ്രാന്തനായി ഞാൻ!
കല്ലെറിയുന്നു വിളർത്ത പരിഹാസ-
പ്പൊള്ളച്ചിരികൾതൻപേക്കൂത്തുകൾ!
ഭ്രാന്തൻ ഞാൻ, ഭ്രാന്തൻ ഞാൻ, ഹന്ത, സൌന്ദര്യമേ
താന്തനാമെന്നെ നീ ഭ്രാന്തനാക്കി!
എങ്കിലും നീയെനിക്കേകുമിഭ്രാന്തിനാ-
ലെൻകരൾ കോൾമയിൽക്കൊൾവിതെന്നും.

ഈ നിർവൃതിക്കൊള്ളലുന്മാദമാണെങ്കിൽ
ഞാനെന്നുമുന്മാദിയായിടാവൂ!