സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
ആഖ്യാനം


രു സംഗതി നടന്നതായി പ്രസ്താവിക്കുന്നതിനു പൊതുവെ ചെയ്ത പേരാകുന്നു ‘ആഖ്യാനം’ എന്നത്. കഥാകഥനം ആണ് ആഖ്യാനത്തിന്റെ സ്വഭാവം. ചെറുപ്പകാലങ്ങളിൽ നമ്മെ ഉറക്കുന്നതിനുവേണ്ടി അമ്മമാർ പറയുന്ന കഥകൾക്കും നാടകങ്ങളിലും ആഖ്യായികകളിലും മഹാകവികൾ കെട്ടിച്ചേർക്കുന്ന കഥകൾക്കും മാഡ്ധ്യ്യേ പലത്അരത്തിലും കഥകളുണ്ട്. (1) അതിബാല്യത്തിൽ ശിശുക്കൾക്കു കേട്ടു രസിക്കാനുള്ള ധാത്രീകഥകൾ, (2) കൌമാരാവസ്ഥയിൽ കുട്ടികൾക്കു വായിച്ചു രസിക്കേണ്ടുന്ന യക്ഷിക്കഥകൾ (3) പ്രൌഢന്മാർക്ക് ആലോചിച്ചു രസിക്കത്തക്ക ആഖ്യായികകളും നാടകങ്ങളും, പക്ഷിമൃഗാദി തിര്യക്ജന്തുക്കളിൽ മനുഷ്യധർമ്മമാരോപിച്ച് അവയെ പാത്രങ്ങളാക്കി കെട്ടിച്ചമയ്ക്കുന്ന കഥകൾക്ക് നീതികഥകൾ എന്നു പറയുന്നു. കഥ പറഞ്ഞു രസിപ്പിക്കുന്നതോടുകൂടി കുട്ടികൾക്കു സദാചാരോപദേശം ചെയ്യണമെന്നുള്ള ഉദ്ദേശത്തിൻപേരിൽ രചിക്കുന്നതാകയാൽ നീതികഥകൾക്കെല്ലാം ഒരു സാരം, അല്ലെങ്കിൽ സദുപദേശം ഉണ്ടായിരിക്കണം. ചാണക്യസൂത്രം, ഹിതോപദേശം, ഈസോപ്പുകഥകൾ ഇത്യാദികൾ നീതികഥകളാകുന്നു. ഭാരതം, പാണ്ഡവന്മാരുടെ കഥ; അതിൽ പ്രസംഗവശാൽ എഴുതിയിട്ടുള്ള നളൻ ശകുന്തള മുതലായവരുടെ കഥകൾക്ക് ഉപാഖ്യാനം എന്നു പേർ പറയാറുണ്ട്. ഒരു പ്രധാനകഥയിൽ അംഗമായിട്ടു നിൽക്കുന്ന കഥ ഉപകഥ. ഉപാഖ്യാനങ്ങളിൽ മിക്കതും പുരാണങ്ങളിലെ ഉപകഥകളാകുന്നു. റിപ്പോർട്ട് അല്ലെങ്കിൽ അന്വാഖ്യാനം, പത്രങ്ങളിലെ സ്ഥലചെയ്തികൾ, ദേശവൃത്താന്തങ്ങൾ ഇത്യാദികളും ആഖ്യാനത്തിന്റെ വകഭേദങ്ങൾ തന്നെ.

ഉദാഹരണങ്ങൾ :

ധാത്രീകഥ തിരുത്തുക

ഒരു മണ്ണാങ്കട്ടയും ഒരു കരിയിലയും കൂടി കാശിക്കു പുറപ്പെട്ടു. കുറച്ചുവഴി ചെന്നപ്പോൾ ഒരു കാറ്റു വന്നു. അപ്പോൾ മണ്ണാങ്കട്ട കരിയിലയുടെ മീതെ ഇരുന്നു കൂട്ടുകാരനെ രക്ഷിച്ചു. പിന്നെയും അവർ യാത്ര തുടർന്നപ്പോൾ ഒരു മഴ വന്നു. ഇത്തവണ കരിയില മണ്ണാങ്കട്ടയെ മൂടിയിരുന്ന് അതിനെ രക്ഷിച്ചു. പിന്നെയും അവർ കുറെക്കൂടി വഴിപോയപ്പോൾ ഒരു കാറ്റും മഴയും കൂടി വന്നു. മണ്ണാങ്കട്ട അലിഞ്ഞുപോയി. കരിയിലയങ്ങു പറന്നും‌പോയി. ഇങ്ങനെ ഒരു കഥ.

പോലീസുകാരൻ ജയിച്ചു തിരുത്തുക

വാതുപിടിച്ചാൽ തോൽ‌പ്പിക്കാൻ അസാദ്ധ്യമായ ഒരു പോലീസുകാരനുണ്ടായിരുന്നു. അവനെ കൊല്ലത്തുനിന്നും കോട്ടയത്തേക്കു മാറ്റിയപ്പോൾ കൊല്ലം ഇൻസ്പെക്ടർ കോട്ടയത്തെ ഇൻസ്പെക്ടർക്ക് ആ പോലീസുകാരൻ ബഹുസമർത്ഥനാണെന്നും വാതുവെച്ചാൽ അവനെ ജയിക്കുവാൻ ആർക്കും തന്നെ പ്രയാസമാണെന്നും എഴുതി അയച്ചിരുന്നു. ഒരുദിവസം അവൻ കോട്ടയം ഇൻസ്പെക്ടരെ കാണാൻ ചെന്നപ്പോൾ അദ്ദേഹം അയാളോട് ‘എന്താ ഇവിടെ വന്നതില്പിന്നെ വാതിൽ ഒന്നും ജയിച്ചില്ലേ’ എന്നു ചോദിച്ചു. ‘ജയിപ്പാനൊന്നും പ്രയാസമില്ല. പക്ഷെ, വേണ്ടെന്നുവച്ചു മിണ്ടാതിരുന്നതാണ്’ എന്ന് അവൻ ഉത്തരം പറഞ്ഞു. ‘ആകട്ടെ എന്നോടു വല്ലതും വാതുവെച്ചു നേടാൻ കഴിയുമോ?’ എന്ന് ഇൻസ്പെക്ടർ ചോദിച്ചു. ‘കഴിയും’ എന്നു പോലീസുകാരൻ മറുപടിയും പറഞ്ഞു. രണ്ടു റുപ്പിക വീതം വാതു നിശ്ചയിച്ച് ഇൻസ്പെക്ടരുടെ തോളിൽനിന്നു രണ്ടംഗുലം താഴെ ‘ഒരു കറുത്ത കല ഉണ്ട്’ എന്നു പോലീസുകാരനും ‘ഇല്ലെ’ന്ന് ഇൻസ്പെക്ടരും വാദിച്ചു. ഉടൻ തന്നെ പോലീസുകാരനോടു ജയിക്കണം എന്ന വാശിയിന്മേൽ ഇൻസ്പെക്ടർ ഉടുപ്പഴിച്ചു ശരീരം കാണിച്ചു. പറഞ്ഞതുപോലെ കല കാണാത്തതിനാൽ ആ വാതിൽ പോലീസുകാരനു ജയം കിട്ടിയില്ലെങ്കിലും അതിനേക്കാൾ വലുതായ ഒരു വീരവാദത്തിൽ അപ്പോൾത്തന്നെ അയാൾക്കു ജയം കിട്ടി. എന്തെന്നാൽ ‘താൻ ഇൻസ്പെക്ടരെ ഒന്നാമതായി കാണുന്ന ദിവസം എല്ലാവരുടേയും മുമ്പിൽ‌വെച്ച് അദ്ദേഹത്തിനെക്കൊണ്ട് അദ്ദേഹത്തിന്റെ ഉടുപ്പഴിപ്പിക്കാം’ എന്നു പന്ത്രണ്ടു രൂപ കരാറിന്മേൽ അയാളുടെ ചങ്ങാതിമാരോടു മുമ്പുതന്നെ അയാൾ ഒരു വാതു നിശ്ചയിച്ചിരുന്നു. അതിൽ ജയിച്ചതുകൊണ്ട് ചങ്ങാതിമാരോടു പന്ത്രണ്ടു രൂപാ വാങ്ങിച്ച് അതിൽ രണ്ടുരൂപാ ഇൻസ്പെക്ടർക്കു കൊടുത്തു. ബാക്കി പത്തുരൂപ ചേപ്പിൽ ഇട്ടുകൊണ്ടു പോകുകയും ചെയ്തു.

---വിനോദമാലിക


തേനനും കുഞ്ഞനും തിരുത്തുക

മലബാർ ജില്ലയിൽ കടത്തനാട് എന്ന ദിക്കിൽ ‘തച്ചോളി’ത്തറവാട്ടിൽ 18 വയസ്സു പ്രായമുള്ള ‘തേനൻ’ എന്നൊരാളുണ്ടായിരുന്നു. അയാളുടെ ബാല്യകാലത്തിൽത്തന്നെ ആ തറവാട്ടുവക അധികാരങ്ങൾ എല്ലാം അരിയാരിക്കോവിലകത്തെ തമ്പുരാൻ അടക്കിയിരുന്നു. അക്കാലത്ത് ഒരു മനുഷ്യന്റെ ശ്രേയസ്സ് അയാളുടെ യുദ്ധസാമർഥ്യത്തെ അവലംബിച്ചിരുന്നതുകൊണ്ട് തേനൻ‌നായർ തുളുനാട്ടിൽച്ചെന്ന് ആയുധാഭ്യാസം പൂർത്തിവരുത്തണമെന്നു നിശ്ചയിച്ചു. താൻ നാട്ടിലില്ലാത്തപ്പോൾ തന്റെ അനുജനായ കുഞ്ഞനെ ശത്രുക്കൾ നിഗ്രഹിച്ചേക്കുമെന്നുള്ള ഭയംകൊണ്ട് അവനെ പുറത്തുവിടരുതെന്നു കാരണവരോടും ഉടപ്പിറന്നവളോടും പ്രത്യേകം പറഞ്ഞു; കുഞ്ഞനു, ക്ഷാമം കൊണ്ടുള്ള വിലക്കൂടുതലും മറ്റും നോക്കാതെ, ശരിയായി ഭക്ഷണാദികൾ കൊടുത്തു രക്ഷിക്കുന്നതിനു സഹോദരിയോട് ഏർപ്പാടും ചെയ്തു.

തേനൻ നായർ വാളും പരിചയും എടുത്തുകൊണ്ടു വീട്ടിൽനിന്നു പുറപ്പെട്ടു. അടുത്തുള്ള തന്റെ ഭാര്യവീട്ടിലും ചെന്ന് കുഞ്ഞനെപ്പറ്റി പ്രത്യേകം അന്വേഷിക്കുന്നതിന്നു ചട്ടംകെട്ടി, അയാൾ തുളുനാട്ടിലെത്തി. തുളുനാടൻ‌വിദ്യ പഠിച്ചുതുടങ്ങി. ഈ കാര്യങ്ങൾ എല്ലാം മുൻ‌പറഞ്ഞ തമ്പുരാൻ അറിഞ്ഞു. തമ്പുരാനു കുഞ്ഞനെ കാണണമെന്നു തോന്നി. കുഞ്ഞനെ കോവിലകത്തേക്കു കൊണ്ടുചെല്ലുന്നതിനായി നാലു നായന്മാരെ അയച്ചു. തേനൻ ഇല്ലാത്തപ്പോൾ കുഞ്ഞനെ ശരിയായി രക്ഷിക്കുന്നതിന് ആരുമില്ലല്ലോ എന്നു വിചാരിച്ചിട്ടായിരിക്കാം തമ്പുരാനു പെട്ടെന്ന് ഇത്ര വാത്സല്യം തോന്നിയത്. ഈ കാലത്ത് തമ്പുരാൻ തച്ചൊള്ളിവീട്ടുകാരോടു പ്രത്യേകം സ്നേഹം ഭാവിച്ചുവന്നിരുന്നു. തേനന്റെ ഉടപ്പിറന്നവളെ സംബന്ധം ചെയ്താൽ കൊള്ളാമെന്നും തമ്പുരാൻ കുറച്ചുമുമ്പ് കാരണവരെ അറിയിച്ചിട്ടുണ്ടായിരുന്നു. പ്രധാന നായർ തറവാടുകളിലൊന്നിലും തമ്പുരാക്കന്മാരെക്കൊണ്ടോ, നമ്പൂതിരിമാരെക്കൊണ്ടോ സംബന്ധം ചെയ്യിക്കുക അക്കാലത്തു പതിവുണ്ടായിരുന്നില്ല. തങ്ങളുടെ ശക്തി ക്ഷയിച്ചുപോയതിനാലാണു തമ്പുരാന് ഇപ്രകാരം ഒരഭിപ്രായം പുറപ്പെടുവിക്കാൻ തന്നെ ധൈര്യമുണ്ടായതെന്നു മനസ്സിലായപ്പോൾ വയസ്സൻ വളരെ വ്യസനിച്ചു; എങ്കിലും തങ്ങളുടെ തൽക്കാലസ്ഥിക്കു തമ്പുരാനെ ദേഷ്യപ്പെടുത്തരുതല്ലോ എന്നുവിചാരിച്ച്, ‘തേനൻ വന്നിട്ട് ആലോചിക്കാം’ എന്നു പറഞ്ഞയച്ചു. കാര്യം ഇങ്ങനെയൊക്കെ ഇരുന്നതുകൊണ്ട് കുഞ്ഞനെ കൊണ്ടുചെല്ലാനായി നായന്മാർ വന്നപ്പോൾ കാരണവർ യാതൊരു ചതിയുമുണ്ടാകുമെന്നു സംശയിച്ചില്ല. ബാലനായ കുഞ്ഞനെ വധിക്കത്തക്കവണ്ണം നീചത്വം തമ്പുരാനുണ്ടായിരിക്കയില്ലെന്നായിരുന്നു വയസ്സന്റെ വിശ്വാസം. കുഞ്ഞനോടു കോവിലകത്തു പോയി വരാൻ പറഞ്ഞു. കുഞ്ഞൻ വാളും പരിചയും എടുക്കാൻ ഭാവിച്ചപ്പോൾ ‘കോവിലകത്തു പോകുമ്പോൾ ആയുധം വേണ്ട’ എന്നു കാരണവർ പറഞ്ഞു. ബാലൻ നായന്മാരുടെ കൂടെ കോവിലകത്തേക്കു പുറപ്പെട്ടു; കുഞ്ഞൻ എത്തിയ ഉടനെ തമ്പുരാൻ വളരെ സന്തോഷം ഭാവിച്ചു. വീട്ടുകാര്യങ്ങളെല്ലാം ചോദിച്ചിട്ടു താൻ പുതുതായി ഒരു കല്ലറ പണികഴിപ്പിച്ചിട്ടുണ്ടെന്നും അതു ചെന്നു നോക്കണമെന്നും തമ്പുരാൻ പറഞ്ഞു. കുഞ്ഞൻ കല്ലറയ്ക്കകത്തു കടന്ന ഉടനെ വാതിൽ അടച്ചു കളഞ്ഞു. തന്റെ സ്ഥിതി മനസ്സിലായ ഉടനെ ആ കുട്ടിക്ക് വലുതായ വ്യസനം ഉണ്ടായി. വളരെ നേരം കിടന്നിട്ടും ഭക്ഷണം കൊടുക്കുന്നതിനുപോലും ആരെയും കണ്ടില്ല. ഇങ്ങനെ രണ്ടുദിവസം കഴിഞ്ഞു. മൂന്നാം ദിവസം അവശനായിക്കിടന്നു വ്യസനിക്കുമ്പോൾ ഒരു കാലൊച്ച കേട്ടു. തന്റെ ജ്യേഷ്ഠത്തിയമ്മയാണെന്നു കുഞ്ഞനു എങ്ങനെയോ തോന്നി. “ആരാണത് എന്റെ ഏട്ടത്തിയമ്മയല്ലേ?” എന്നു ചോദിച്ചു. വാസ്തവത്തിൽ അത് തേനന്റെ ഭാര്യയായ ചീരുക്കുട്ടിയമ്മതന്നെ ആയിരുന്നു. ആ സ്ത്രീ കോവിലകത്തെ കുളത്തിൽ കുളിക്കാൻ പോകുമ്പോഴാണ് കുഞ്ഞന്റെ ശബ്ദം കേട്ടത്.

ചീരു : അതു കുഞ്ഞനല്ലേ? ഇത് ആരു ചതിച്ച ചതിയാണെന്റെ കുട്ടീ!

കുഞ്ഞൻ : ‘തമ്പുരാൻ ചതിച്ചത്. വെള്ളം‌പോലും കുടിക്കാതെ രണ്ടുദിവസമായി ഞാനിവിടെ കിടക്കുന്നു. എന്റെ അവസാനം അടുത്തു. വരാനുള്ളതിനെ തടുക്കാൻ കഴിയില്ലല്ലോ. വീട്ടിലാരോടും ഇപ്പോൾ പറയേണ്ട. താമസിയാതെ എല്ലാവരും അറിയും. ഏട്ടൻ വന്നിട്ടു ചോദിച്ചുകൊള്ളും.

ചീരു : ഒരു നിവൃത്തിയുണ്ടെങ്കിൽ ഇന്നു നിന്നെ ഇവിടുന്നു കൊണ്ടുപോകും. എന്റെ കുട്ടീ, നിനക്ക് ഇങ്ങനെ വന്നല്ലോ.

ജ്യേഷ്ഠത്തിയമ്മ ഒന്നു മുങ്ങീട്ടു തോർത്താതെതന്നെ കാവിൽഭഗവതിയായ പരദേവതയുടെ സന്നിധാനത്തിലെത്തി ഇങ്ങനെ പ്രാർത്ഥിച്ചു: ‘തറവാടു രക്ഷിച്ചു പോരുന്ന പൊന്നമ്മേ! ഞാൻ കാവൂട്ടും പാട്ടും കഴിച്ച് അമ്പലത്തിന്റെ മണ്ണോടു നീക്കി പൊന്നോടും ഇടീക്കാം ഇന്നു പതിനെട്ടാം നാഴികയ്ക്കകം തച്ചൊള്ളിത്തേനൻ ഇവിടെ എത്തണമേ.’ തന്റെ ഭവനത്തിൽ എത്തി ആരോടും ഒന്നും മിണ്ടാതെ അറ തുറന്ന് ഈറനോടെ തറയിൽ കമഴ്ന്നുകിടന്നു. തേനൻ ദൂരത്തിലായതുകൊണ്ട് അയാളെ ആളയച്ചുവരുത്തുന്നതിനുമുമ്പ് കുഞ്ഞൻ മരിച്ചുപോകുമെന്നു വിചാരിച്ചിട്ടായിരിക്കാം ചീരുക്കുട്ടിയമ്മ ഭഗവതിയുടെ സഹായം മാത്രം ആശ്രയിച്ചിരുന്നത്. എങ്കിലും ദൈവസഹായത്തിൽ പൂർണ്ണവിശ്വാസം ഇല്ലായിരുന്നെങ്കിൽ ആളയയ്ക്കാതിരിയ്ക്കില്ലായിരുന്നു.

തേനൻ നായർ ആ ദിവസം രാത്രി തുളുനാട്ടിൽ അയാൾ താമസിക്കുന്ന വീട്ടിൽ ഊണും കഴിഞ്ഞു കിടന്ന് ഒന്നു മയങ്ങിയപ്പോൾ ആരോ മുമ്പിൽ വന്നു നിൽക്കുന്നതായി തോന്നി; ‘നീ വേഗത്തിൽ പോകണം; ഇന്നു പോയില്ലെങ്കിൽ തമ്പുരാൻ കുഞ്ഞനെ കൊല്ലും.’ ഇതു കേട്ടപ്പോൾ തേനൻ ഞെട്ടിയുണർന്ന് വെറും സ്വപ്നമാണെന്നു വിചാരിച്ച് വീണ്ടും കണ്ണടച്ചു. ഉറക്കം തുടങ്ങിയ ഉടനെ നല്ലതായി നാലട് കൊണ്ടു. ഉടനെ വാളും പരിചയുമെടുത്ത് ആരോടും യാത്രയും പറയാതെ പാഞ്ഞുതുടങ്ങി. കൊടുങ്കാറ്റത്തു പഞ്ഞി പറക്കുന്നതുപോലെ തേനൻ പതിനഞ്ചുനാഴികകൊണ്ട് തൊണ്ണൂറുനാഴിക വഴി കടന്ന് രാത്രി പതിനെട്ടാംനാഴികയ്ക്ക് കാവിൽ പുളിക്കൽ‌പ്പടിയിലെത്തി വിളിച്ചു. ചീരുക്കുട്ടിയമ്മ ശബ്ദം കേട്ടു എങ്കിലും സ്ഥാനത്തിൽനിന്ന് എഴുന്നേറ്റില്ല. തേനൻ പടിവാതിൽ കയറിച്ചാ‍ടി ഭാര്യ കിടക്കുന്ന മുറിയുടെ വാതുക്കൽ എത്തി വിളിച്ചു. കുഞ്ഞന്റെ വർത്തമാനം കേട്ടയുടനെ തേനൻ കോവിലകത്തേക്കു നടന്ന് കല്ലറവാതുക്കൽ എത്തി. കാലൊച്ച കേട്ട ഉടനെ കുഞ്ഞൻ ‘അതെന്റെ ഏട്ടനല്ലെ?’ എന്നു ചോദിച്ചു. ‘ഞാനാണ്, ഞാനാണ്, എന്റെ ഉണ്ണീ! വാതുക്കൽ നിന്നു മാറി ഒരു മൂല പറ്റി നിന്നോ’ എന്നു പറഞ്ഞിട്ട് തേനൻ ഏഴടി പിന്നോക്കംവച്ച് പിന്നെ മൂന്നടി മുമ്പോട്ടുപോയിട്ട് കല്ലറവാതുക്കൽ ഒരു ചവിട്ടുകൊടുത്തു. വാതിൽ പൊളിഞ്ഞുവീണു. തേനൻ അകത്തുകടന്ന് കുഞ്ഞനെ എടുത്തു തന്റെ ദേഹത്തോടണച്ചു. തന്റെ കൂടെ ഓടി എത്തിയ ഒരു സഹോദരനോടുകൂടെ അനുജനെ ഉടനേ കാവിൽ പുളിക്കലേക്ക് അയച്ചു. ‘എനിക്കു തമ്പുരാനെ ഒന്നു നോക്കണം’ എന്നുപറഞ്ഞുകൊണ്ട് തേനൻ അകത്തേക്കു കയറി. തടുത്ത കാവൽക്കാരെയെല്ലാം തോൽ‌പ്പിച്ചു. പള്ളിയറവാതിൽ ചവിട്ടിപ്പൊളിച്ചു.

തമ്പുരാൻ : അതാരാണു?

തേനൻ : തച്ചൊള്ളിത്തേനൻ.

‘എടാ കാലാ’ നീ ഇവിടെ എങ്ങനെ എത്തി?’ എന്നും പറഞ്ഞുകൊണ്ട് തമ്പുരാൻ അടുത്തിരുന്ന വാളും പരിചയും എടുത്തുകൊണ്ട് പുറത്തുചാടി. എന്നാൽ തമ്പുരാന്റെ സാമർഥ്യമൊന്നും തേനനോടു പറ്റിയില്ല. യുദ്ധത്തിനിടയ്ക്ക് തേനൻ അനായാസേന തമ്പുരാനെ തട്ടി താഴെ വീഴ്ത്തി. വീഴുന്ന വഴിക്ക് ഒരു വെട്ടും കൊടുത്തു. തമ്പുരാൻ കഴുത്തറ്റു ഭൂമിയിൽ വീണു. അതിൽ‌പ്പിന്നെ തച്ചൊള്ളിത്തറവാട്ടിന്റെ ശക്തി വേഗത്തിൽ വർദ്ധിച്ചു.

----തച്ചൊള്ളിക്കഥ.


ഉപാഖ്യാനം : നളോപാഖ്യാനം തിരുത്തുക

പണ്ട്‌‌ നിഷധരാജ്യത്തു വീരസേനപുത്രനായിട്ട് നളൻ എന്നൊരു രാജാവുണ്ടായി. അദ്ദേഹം വീര്യത്തിലെന്നപോലെ രൂപസൌന്ദര്യത്തിലും അദ്വിതീയനായിത്തീർന്നു. അക്കാലത്ത് വിദർഭരാജ്യത്തിന്റെ അധിപതിയായ ഭീമരാജാവിന് ദമൻ എന്ന മഹർഷിയുടെ വരപ്രസാദത്താൽ ലഭിച്ച ദമൻ, ദാന്തൻ, ദമനൻ, ദമയന്തി എന്ന പുത്രരിൽ ദമയന്തി എന്ന പുത്രി, നളൻ പുരുഷരിൽ എന്നപോലെ സ്ത്രീകളിൽ രൂപലാവണ്യംകൊണ്ടു ലോകപ്രസിദ്ധയായി ചമഞ്ഞു. ദമയന്തീനളന്മാർക്ക് അന്യോന്യഗുണശ്രവണത്താൽ ബാല്യത്തിൽത്തന്നെ പാരോക്ഷാനുരാഗമുളവായി. അഭിലാഷവിപ്രലംഭദശയിൽ നളൻ വിരഹാസഹനായിട്ട് ഒരു ദിവസം ഉദ്യാനത്തിൽ വിജനവാസം ചെയ്യുമ്പോൾ ക്രീഡാതടാകത്തിന്റെ കരയിൽ ക്രീഡിക്കുന്ന സുവർണ്ണഹംസങ്ങളെക്കണ്ട് കൌതുകം തോന്നിയിട്ട് അതിൽ ഒന്നിനെ ഉറങ്ങുന്ന സമയം കടന്നുപിടിച്ചു; അരയന്നം ഉടൻ ഉണർന്നു വിലപിച്ചപ്പോൾ വിടുകയും ചെയ്തു. രാജാവിന്റെ ദയാശീലം കണ്ട് ഹംസം താൻ ഒരു പ്രത്യുപകാരമായി ദമയന്തിയോടു ദൂതു പറയാം എന്ന് ഏറ്റ് ഉടൻ കുണ്ഡിനപുരിയിൽ ചെന്ന് ദമയന്തിയുടെ അടുക്കൽ നളനെ വർണ്ണിച്ച്, അവൾ മനസ്സുകൊണ്ടു നളനെ വരിക്കുന്ന വിവരം മടങ്ങിവന്നു പറയുകയും ചെയ്തു.

താമസിയാതെ കന്യകയുടെ യൌവനാരംഭം കണ്ട് ഭീമരാജാവ് ദമയന്തിക്കു സ്വയംവരം നിശ്ചയിച്ച്, രാജാക്കന്മാരെ ക്ഷണിക്കാൻ ദൂതമാരെ അയച്ചു. ഈ ഘട്ടത്തിൽ പർവ്വതമുനിയോടുകൂടി ശ്രീനാരദൻ സ്വർഗ്ഗത്തു ചെന്നപ്പോൾ പ്രസംഗവശാൽ പ്രസ്താവിച്ച ദമയന്തിയുടെ അസാധാരണഗുണഗണങ്ങളെ കേട്ടു കൌതുകം പൂണ്ട് ഇന്ദ്രാഗ്നിയമവരുണന്മാരാകുന്ന ദിക്പാലകരും സ്വയംവരത്തിനായി പുറപ്പെട്ടു. അവർ വഴിയിൽ‌വച്ചു നളനെ കണ്ടെത്തി, ദമയന്തീകാമുകനായ ആ രാജാവിനെത്തന്നെ ദമയന്തിയുടെ അടുക്കൽ ദൂതിനയച്ചു. അർത്ഥികളുടെ സ്വഭാവം അറിയും‌മുമ്പേ വാഗ്ദാനം ചെയ്തുപോകയാൽ ധർമ്മപാശാബദ്ധനായ നളൻ ഇന്ദ്രാദികളുടെ പ്രതാപത്താൽ അദൃശ്യമൂർത്തിയായിട്ട് യാതൊരു പ്രതിബന്ധവും കൂടാതെ കന്യാന്തഃപുരത്തിൽ പ്രവേശിച്ച് അവളോട് ഇന്ദ്രാദികളുടെ പ്രാർത്ഥനയെ അറിയിച്ചു. തന്റെ വരനായ നളൻ അന്യന്റെ ദൂതനായി വന്നതിനാൽ ദമയന്തി വ്യസനിക്കയും നളൻ അവളുടെ ചോദ്യങ്ങൾക്കെല്ലാത്തിനും സമാധാനം പറയുകയും ചെയ്തു. ഒടുവിൽ ദമയന്തി, എന്നാൽ “ഇന്ദ്രാദികളും സ്വയംവരസമയത്തിൽ വരട്ടെ; അവരുടെ സമക്ഷം തന്നെ ഞാൻ അങ്ങയെ വരിച്ചുകൊള്ളാം” എന്ന് ഒരു തീരുമാനം പറഞ്ഞു. ഈ വിവരമെല്ലാം നളൻ മടങ്ങിവന്ന് ഇന്ദ്രാദികളെ ഗ്രഹിപ്പിക്കുകയും ചെയ്തു.

അനന്തരം നാനാദേശാധിപതികളായ രാജാക്കന്മാരാൽ അലംകൃതമായ സ്വയംവരമണ്ഡപത്തിൽ പ്രവേശിച്ച ദമയന്തി, ചൂണ്ടിക്കാണിക്കപ്പെട്ട ഓരോരോ രാജാക്കന്മാരേയും ഉപേക്ഷിച്ച്, നളസമീപത്തിൽ എത്തിയപ്പോൾ അവിടെ നളന്റെ ആകൃതിയിൽ അഞ്ചുപേർ ഇരിക്കുന്നതുകണ്ടു കുഴങ്ങിവശായി. ഇതികർത്തവ്യതാമൂഢയായ ദമയന്തി ദേവന്മാരെ മനസ്സുകൊണ്ടു ശരണം പ്രാപിച്ചു. താൻ ഹൃദയം കൊണ്ടു വരിച്ചുപോയ വരനെ കാണിച്ചുതരാൻ പ്രാർഥിച്ചതനുസരിച്ച് അവർ തങ്ങളുടെ ദേഹചിഹ്നങ്ങളെ പ്രകാ‍ശിപ്പിച്ചു; ദമയന്തി നളനെ തിരിച്ചറിഞ്ഞു മാലയിട്ടു വരിക്കയും ചെയ്തു. ദേവന്മാർ പ്രസാദിച്ചു നളന് ഓരോരുത്തരും ഈരണ്ടുവരം വീതം കൊടുത്ത് അന്തർദ്ധാനം ചെയ്തു. ഇതെല്ലാം കണ്ടു വിസ്മയിച്ച് രാജാക്കന്മാർ കലഹിക്കാതെ പിരിയുകയും ചെയ്തു. നളൻ വിവാഹം കഴിഞ്ഞു സ്വരാജ്യത്തു ചെന്നു ദമയന്തിയുമൊരുമിച്ചു ചിരപ്രാർത്ഥിതങ്ങളായ സുഖങ്ങളെ യഥേഷ്ടം അനുഭവിച്ചു സുഖിച്ചുവാണു. അനേകം യാഗാദികർമ്മങ്ങളും ചെയ്ത് ദമയന്തിയുമൊരുമിച്ചു വാഴുമ്പോൾ നളന് ഇന്ദ്രസേനൻ എന്നൊരു പുത്രനും ഇന്ദ്രസേനാ എന്നൊരു പുത്രിയും ഉളവായി.

ഇന്ദ്രാദികൾ സ്വയംവരം കഴിഞ്ഞു സ്വർഗ്ഗത്തേക്കു മടങ്ങുമ്പോൾ വഴിമദ്ധ്യേ ദ്വാപരനോടുകൂടി കലി വരുന്നതുകണ്ടു. എവിടേക്കായി പുറപ്പെട്ടുവെന്നു ദേവന്മാർ ചോദിച്ചതിനു കലി, ‘സ്വയംവരത്തിൽ ദമയന്തിയെ വരിക്കാൻ’ എന്നുത്തരം പറഞ്ഞപ്പോൾ, ദേവന്മാർ നടന്ന വിവരമെല്ലാം പറഞ്ഞ് ധാർമ്മികനായ നളനെ ദ്രോഹിപ്പാൻ വിചാരിക്കുന്നവർക്ക് അധഃപതനം വരുമെന്നു കലിയെ വിലക്കീട്ടു പോകുകയും ചെയ്തു. കലി കോപം സഹിക്കാതെ ദ്വാപരനുമായി ആലോചിച്ച് നളനെ ദമയന്തിയുടെ അടുക്കൽനിന്നു പിരിക്കണമെന്നു സത്യവും ചെയ്തു. നിഷധരാജ്യത്തിലേക്കു പുറപ്പെട്ടു. പന്ത്രണ്ടുവർഷം അവിടെ കാത്തിരുന്നതിനുശേഷം അവസരം നോക്കി കലി നളനെ ആവേശിച്ചു. അനന്തരം നളന്റെ അനുജനായ പുഷ്കരൻ കലിപ്രേരിതനായിട്ട് നളനെ ചൂതുപൊരുതാൻ വന്നു വിളിച്ചു. ദ്യൂതത്തിൽ വൃഷഭവേഷനായ കലിയായിരുന്നു പുഷ്കരനു പണയമായിട്ട്; ദ്വാപരൻ അക്ഷങ്ങളിലും അധിവാസം ചെയ്തു. നളൻ തന്റെ നാടും നഗരവുമെല്ലാം മുറയ്ക്കു പണയംവച്ചു തോറ്റുകൊണ്ടുവന്നു. ഈ വിധം അഞ്ചാറുമാസം അവർക്ക് ദ്യൂതം നടന്നു. വിവരമറിഞ്ഞു മന്ത്രിമാരും നഗരവാസികളും ബന്ധുക്കളുമെല്ലാവരും രണ്ടുപ്രാവശ്യം ഉപദേശം ചെയ്യാൻ വന്നിട്ടും നളൻ ഒന്നും കൂട്ടാക്കാതെ ചൂതുകളി തന്നെ തുടർന്ന് സർവ്വസ്വവും നശിപ്പിച്ച് ഏകവസ്ത്രശേഷനായിട്ടു കലാശിച്ചു.

ഇതിനിടയിൽ ദമയന്തി നളന്റെ പരാജയം കണ്ടു കരുതലോടുകൂടി പുത്രനേയും പുത്രിയേയും വാർഷ്ണേയനെന്ന നളസാരഥിയെ ഏൽ‌പ്പിച്ച് കുണ്ഡിനപുരത്തിലേക്കയച്ചു. വാർഷ്ണേയൻ അവരെ അവിടെ കൊണ്ടുചെന്നുവിട്ടിട്ട് വ്യസനിച്ചു നടന്ന്, ഒടുവിൽ അയോദ്ധ്യാപതിയായ ഋതുപർണ്ണരാജാവിന്റെ സൂതനായി വാഴുകയും ചെയ്തു.

സർവ്വസ്വവും തട്ടിപ്പറിച്ചിട്ട്, ഇനി ഭൈമിയല്ലാതെ തനിക്കു പണയത്തിനെന്തുണ്ടെന്ന് പുഷ്കരൻ പരിഹാസമായി ചോദിച്ചപ്പോൾ നളൻ വ്യസനാക്രാന്തനായിട്ട് ദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങളും അഴിച്ചുകൊടുത്തിട്ട് ഏകവസ്ത്രനായി കാട്ടിലേക്കു പുറപ്പെട്ടു. പതിവ്രതയായ ദമയന്തിയും ഭർത്താവിനെ പിന്തുടർന്നു. വഴിയിൽ‌വെച്ച് ദുഷ്ടനായ കലി കപടം ചെയ്ത് നളന്റെ വസ്ത്രവും കൂടി അപഹരിച്ചു. ഒരേ വസ്ത്രംകൊണ്ടു രണ്ടുപേരും ദേഹം മറച്ച് രാത്രിയിൽ ഒരു വനമണ്ഡപത്തിൽ ചെന്നു കിടന്നു. ഭൈമി തളർച്ചകൊണ്ടുറങ്ങി. നളൻ വിചാരമഗ്നയായിട്ടാലോചന തുടങ്ങി: ‘കൂടെ കൊണ്ടുനടന്നാൽ ഇവൾ വലയും; പിരിഞ്ഞു പോയാൽ പിതൃഗൃഹത്തിലോ മറ്റോ പോയി രക്ഷപ്പെട്ടു എന്നുവരാം; ധർമ്മരക്ഷിതയായ ഇവൾക്കു വഴിയിൽ അപായം ഒന്നും വരാനും ഇടയില്ല.’ ഇങ്ങനെ ഉറച്ച് ആദിത്യാദിദേവന്മാരോട് അവളെ രക്ഷിക്കാൻ പ്രാർത്ഥിച്ചിട്ട് വസ്ത്രം മുറിച്ചുകൊണ്ടു വിട്ടുപോകുകയും ചെയ്തു.

ദമയന്തി ഉണർന്നുനോക്കുമ്പോൾ നളനെ കാണ്മാനില്ല. ആ വൻ കാട്ടിൽ അവൾ വിലപിച്ചുകൊണ്ടും ഭർത്താവിനെ ആവേശിച്ച ഭൂതത്തെ ശപിച്ചുകൊണ്ടും തേടിനടന്നു. അപ്പോൾ ഒരു പെരുമ്പാമ്പ് കാലിൽ പിടിയും കൂടി. എന്നിട്ടും അവൾ നളനെത്തന്നെ വിളിച്ചുകരഞ്ഞു. അതുകേട്ട് ഒരു കാട്ടാളൻ വന്നു കണ്ട് പാമ്പിനെക്കൊന്ന് അവളെ രക്ഷപ്പെടുത്തി. എന്നാൽ അവൻ അവളിൽ ബലാൽക്കാരമായി അധർമ്മം പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ അവനെ അവൾക്കു ശപിക്കേണ്ടതായും വന്നുകൂടി. “നളനൊഴികെ ഒരു പുരുഷനെ ഞാൻ മനസ്സുകൊണ്ടുപോലും സ്പർശിച്ചിട്ടില്ലെങ്കിൽ ഇവൻ മരിച്ചുവീഴട്ടെ’ എന്ന് ആ പതിവ്രത പറകയും ആ ദുഷ്ടൻ ശവമായി വീഴുകയും ഒന്നിച്ചുകഴിഞ്ഞു. ഈവക പലേ അനർത്ഥങ്ങളും സംഭവിച്ചു; എങ്കിലും ചാരിത്രരക്ഷിതയായ അവൾ അപായം ഒന്നും കൂടാതെ ഒരു ധാർമ്മികനായ സാർത്ഥവാഹന്റെ സഹായത്തോടുകൂടി ചേദിരാജ്യത്തു ചെന്നെത്തി. അവിടെ നഗരവീഥിയിൽ കച്ചവടക്കാരുടെ ഇടയിൽക്കൂടി സഞ്ചരിച്ച ദമയന്തിയെ അങ്ങാടിപ്പിള്ളർ ചുറ്റിക്കൂടി പരിഹസിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നത്, ആ രാജ്യത്തെ രാജാവായ സുബാഹുവിന്റെ മാതാവ് മാളികയിൽനിന്നു നോക്കിക്കണ്ടിട്ട് അവളെ ആളയച്ചുവരുത്തി സൈരന്ധ്രിയുടെ നിലയിൽ സ്വപുത്രിയായ സുനന്ദയുടെ സഖിയാക്കി താമസിപ്പിച്ചു. രാജമാതാവിനോട് ഭൈമി സംഗതികളെല്ലാം സാമാന്യരീത്യാ അല്ലാതെ താൻ ഭീമപുത്രിയെന്നും, നളമഹിഷിയെന്നും കുറിപ്പെടുത്തിപ്പറയുകയുണ്ടായില്ല.

നളനാകട്ടെ, ഭൈമിയേയും ഉപേക്ഷിച്ചു കാട്ടിൽ ചുറ്റിനടക്കുമ്പോൾ കാട്ടുതീയുടെ നടുക്കുനിന്നും ഒരാൾ തന്റെ പേരുവിളിച്ചു നിലവിളിക്കുന്നതു കേട്ട് അടുത്തുചെന്ന് വിളിച്ചതു കാർക്കോടകനായ നാഗരാജാവാണെന്നറിഞ്ഞ് അവനെ കാട്ടുതീയിൽനിന്നും രക്ഷപ്പെടുത്തി. കൃതജ്ഞനായ കാർക്കോടകൻ നളനെ കടിക്കയാണു ചെയ്തത്. സർപ്പദ്മ്ശത്താൽ നളൻ വിരൂപനായിത്തീർന്നു. നാഗരാജൻ പിന്നീടു തന്റെ ദംശം നളനെ ആവേശിച്ചിരിക്കുന്ന ദുഷ്ടഭൂതത്തെ ബാധിക്കാനാണെന്നും, വൈരൂപ്യം തൽക്കാലം ജനങ്ങൾ കണ്ടറിയാതിരിപ്പാൻ ഉപകരിക്കുമെന്നും, തന്നെ സ്മരിച്ചുംകൊണ്ട് താൻ കൊടുത്ത വസ്ത്രയുഗ്മത്തിൽ ഒന്നുടുത്താൽ സ്വന്തരൂപം വീണ്ടും പ്രാപിക്കാമെന്നും നളനെ ആശ്വസിപ്പിച്ച്, വരങ്ങളും കൊടുത്ത്, ബാഹുകസംജ്ഞനായ സൂതനെന്നു പറഞ്ഞ് ഋതുപർണ്ണനെ പോയി സേവിച്ചാൽ അക്ഷഹൃദയവിദ്യ അറിയാനും അതുനിമിത്തം ഭൂതാവേശം നീങ്ങി ദമയന്തീസംഗമം ലഭിക്കാനും ഇടയാകുമെന്ന് ഉപദേശിക്കയും ചെയ്തിട്ട് അന്തർദ്ധാനം ചെയ്തു. അതും‌പ്രകാരം നളൻ കോസലത്തിലെത്തി ഋതുപർണ്ണസൂതനായി വാഴുകയും ചെയ്തു.

ഇങ്ങനെ ദമയന്തിയും നളനും വേഷം മാറി ചേദിപുരിയിലും കോസലത്തിലും വസിക്കുമ്പോൾ നളന്റെ രാജ്യഭ്രംശം കേട്ട് ഭീമരാജാവ് ഭൈമീനളന്മാരെ തിരയാനായി അയച്ച ബ്രാഹ്മണരിൽ സുദേവനെന്നു പേരായ ഒരുവൻ ചേദിപുരിയിൽ ഭൈമിയെ കണ്ടെത്തി. പിന്നീട് സൈരന്ധ്രി തന്റെ സ്വസൃപുത്രിയായ ഭൈമിയാണെന്നറിഞ്ഞ് അനുശോചിച്ചു രാജമാതാവിന്റെ അനുമതിയോടുകൂടി ദമയന്തി രഥമേറി കുണ്ഡിനത്തിൽ പിതൃസമീപത്തിൽ ചെന്നു താമസിച്ചു. അവിടെനിന്നു സകലദിക്കുകളിലും നളനെ അന്വേഷിക്കാൻ ബ്രാഹ്മണരെ നിയോഗിച്ചു. ഇങ്ങനെ അന്വേഷണം നടത്തിയതിൽ പർണ്ണാദൻ എന്നൊരു ബ്രാഹ്മണൻ മുഖേന നളൻ ഋതുപർണ്ണസാരഥിയായി താമസിക്കുന്നതായി ഒരു തുമ്പുകിട്ടി.

ഈവിധം അങ്കുരിച്ച പ്രത്യാശയോടെ ഭൈമി അച്ഛനെ വിവരമറിയിക്കാതെ സുദേവൻ എന്ന ബ്രാഹ്മണനെ വരുത്തി മാതൃസന്നിധിയിൽ‌വെച്ച് ഇപ്രകാരം സന്ദേശിച്ചു: “അങ്ങ് ഒരു വഴിയാത്രക്കാരന്റെ നിലയിൽ അയോദ്ധ്യയിൽ ചെന്ന് നളൻ ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്ന് അറിഞ്ഞില്ല; ദമയന്തിക്കു പുനർവ്വിവാഹം നടക്കുന്നു; നാളെയാണ് സ്വയംവരം; അതിലേക്കു രാജാക്കന്മാരെല്ലാം പോകുന്നു” എന്നു പറയണം. സുദേവൻ അതുപ്രകാരം ആചരിക്കുകയും ചെയ്തു.

പണ്ടുതന്നെ ഭൈമീകാമുകനായിരുന്ന ഋതുപർണ്ണൻ ഉടൻ‌തന്നെ ബാഹുകനെക്കൊണ്ടു തേർതെളിപ്പിച്ച് നിർദ്ദിഷ്ടസമയത്തിനു മുമ്പു കുണ്ഡിനത്തിലെത്തി. വഴിയിൽ‌വെച്ച് നളന്റെ അശ്വഹൃദയവിദ്യാപ്രയോഗം കണു സന്തോഷിച്ച് അയോദ്ധ്യാപതി സൂതന് അക്ഷഹൃദയം ഉപദേശിക്കയുണ്ടായി. ഇതോടുകൂടി കലിബാധ ഒഴിഞ്ഞു എങ്കിലും നളൻ വേഷഭേദം ചെയ്യാതെതന്നെ തേർ തെളിച്ചുകൊണ്ടുപോയി.

അയോദ്ധ്യാധിപതി വന്നിരിക്കുന്ന വിവരം കേട്ട് ഭീമരാജാവു ചെന്നെതിരേറ്റ് അതിഥിയെ സൽക്കരിച്ചു. എന്നാൽ സ്വയംവരത്തിന്റെ വട്ടം ഒന്നും കാണാഞ്ഞു ഭഗ്നാശനായ ഋതുപർണ്ണനോട് ഇത്ര ദൂരത്തുനിന്നും ഇത്ര ബദ്ധപ്പെട്ടു വന്നതിന്റെ കാരണം ഭീമരാജാവു ചോദിച്ചതിന്, സൌഹാർദ്ദം കൊണ്ടു സന്ദർശിപ്പാൻ വന്നതേയുള്ളു എന്നല്ലാതെ ഉത്തരമൊന്നുമില്ലായിരുന്നു. ഭൈമിയാകട്ടെ, പരിചിതമായ നളന്റെ രഥഘോഷം കേട്ട് ഭർത്താവിന്റെ ആഗമനം കാത്തുകൊണ്ടുനിന്നു. രഥം അടുത്തുവന്നപ്പോൾ അഭിജ്ഞാതന്മാരായ ഋതുപർണ്ണനും വാർഷ്ണേയനും കൂടാതെ വിരൂപനായ ബാഹുകൻ മാത്രമേ അതിലുള്ളു. ഭൈമി നിരാശപ്പെട്ട് ഒരുവേള സ്വസാരഥിയായിരുന്ന വാർഷ്ണേയനേയും നളൻ അശ്വഹൃദയം അഭ്യസിപ്പിച്ചിരിക്കുമോ എന്നും മറ്റും പല ആലോചനകളും തുടങ്ങി. ഏതായാലും ബാഹുകനെ ഒന്നു പരീക്ഷിക്കണമെന്നുറച്ച് കേശിനി എന്നൊരു ദൂതിയെ അവന്റെ അടുക്കൽ അയച്ച്, പർണ്ണാദൻ പറഞ്ഞത് വാസ്തവമാണെന്നും മനസ്സിലാക്കി; അതിനു പുറമേ അവൻ ചെയ്ത പാകവിദ്യ പരിശോധിച്ച്, പുത്രനേയും പുത്രിയേയും അടുക്കൽ അയച്ചുനോക്കി; അവൻ മർദ്ദിച്ചാൽ പുഷ്പങ്ങൾ വാടുന്നില്ലെന്നു കണ്ടറിഞ്ഞു; എന്നുവേണ്ട സകലപരീക്ഷകളും കഴിച്ചു; ഒടുവിൽ ഭൈമി അമ്മയുടെ അനുമതികയോടുകൂടെ ബാഹുകനെ ആളയച്ചു വരുത്തി സ്വയമേവ ചോദ്യങ്ങൾചെയ്തു നളന്റെ വാസ്തവം വെളിപ്പെടുത്തി. അനന്തരം ബാഷ്പാകുലയായ ഭൈമി തന്റെ പ്രവൃത്തിയുടെ ഉദ്ദേശ്യമെല്ലാം നളനെ ബോധ്യപ്പെടുത്തി, പാതിവ്രത്യനിഷ്ഠയെപ്പറ്റി ലോകസാക്ഷികളായ ദേവന്മാരെക്കൊണ്ട് ആണയിട്ടപ്പോൾ വായുഭഗവാൻ,

“രാജൻ! ശീലനിധി: സ്ഫിതോ ദമയന്ത്യാസ്സുരക്ഷിതഃ

സാക്ഷിണോ രക്ഷിണോശ്ചാസ്യ വയം ത്രീൻ പരിവത്സരാൻ “

എന്ന അശരീരിവാക്കുകൊണ്ട് അവളുടെ വാക്കിനെ സ്ഥിരപ്പെടുത്തി. ആകാശത്തിൽ പുഷ്പവൃഷ്ടി മുതലായതുണ്ടായി. സന്തുഷ്ടനായ നളൻ കാർക്കോടകനെ സ്മരിച്ചുകൊണ്ട് തദ്ദത്തമായ വസ്ത്രം ധരിച്ചു സ്വന്തരൂപം പ്രാപിച്ചിട്ടു തപസ്വിനിയായ ഭൈമിയെ ആലിംഗനംചെയ്തു.

പിറ്റേന്നാൾ രാവിലെ ദമ്പതിമാർ പുത്രന്മാരോടുകൂടി ഭീമരാജാവിനെ ചെന്നു കണ്ടു. വിവരമറിഞ്ഞ് പൌരന്മാർ ഉത്സവം കൊണ്ടാടി. ഋതുപർണ്ണൻ അശ്വഹൃദയം കൈക്കൊണ്ടു സന്തുഷ്ടനായി സങ്കേതം പ്രാപിച്ചു. നളൻ ചൂതുകൊണ്ടുതന്നെ പുഷ്കരനെ ജയിച്ച് പൂർവ്വാധികപ്രൌഢിയോടുകൂടി നാടുവാണു സുഖിച്ചു.

ഒരു സംഭവം നടന്നതായി വിവരിക്കയാണല്ലോ കഥയുടെ സ്വരൂപം. സംഭവങ്ങളിൽ പ്രധാനമായ ഒരു സംഗതിയും, അതിനോടു ചേർന്ന പല സംഗതികളും ഉണ്ടായിരിക്കും. അതിൽ പ്രധാന സംഗതിക്ക് കഥയുടെ മർമ്മം എന്നു പേർ ചെയ്യാം. കാളിദാസന്റെ ശാകുന്തളം നോക്കുക. അതിൽ ശകുന്തള മോതിരം കളഞ്ഞുപോയ സംഗതിയാണ് മർമ്മം. പ്രകൃതിശാസ്ത്രത്തിൽ ‘ഗുരുത്വകേന്ദ്രം’ എന്നുപറയുന്ന ബിന്ദുവിന്റെ സ്ഥാനമാകുന്നു കഥയിൽ മർമ്മത്തിനുള്ളത്. മറ്റു സംഗതികളെല്ലാം ആ ഒരു സംഗതിയെ ആശ്രയിച്ചുനിൽക്കുന്നു. കഥയ്ക്കു നാമകരണം ചെയ്യുന്നതിൽ പലപ്പോഴും മർമ്മം ഉപകരിക്കും. കാളിദാസൻ താൻ നിർമ്മിച്ച ശകുന്തളയുടെ കഥയ്ക്ക് ‘അഭിജ്ഞാനശാകുന്തളം’ എന്നു പേർ കൊടുത്തിരിക്കുന്നു. അതു മോതിരം കളഞ്ഞ കഥയാണല്ലോ.

ഒരു കഥ പറകയോ എഴുതുകയോ ചെയ്യുമ്പോൾ കഥാപുരുഷന്മാർ അല്ലെങ്കിൽ പാത്രങ്ങൾ ചെയ്ത സകല പ്രവൃത്തികളും വിവരിക്കുന്നതു സാദ്ധ്യമല്ല; അങ്ങനെ ചെയ്തിട്ടാവശ്യമില്ല; ഏതെല്ലാം പ്രധാനസംഗതികളെയാണ് എടുത്തുകാണിക്കേണ്ടതെന്നുള്ളതിനെ ഒരു നിയമം ചെയ്യാൻ കഴിയുന്നതല്ല. ചിത്രകാരൻ ഒരു മനുഷ്യന്റെ ചിത്രമെഴുതുമ്പോൾ അവന്റെ സർവ്വാംഗവും അതിൽ കുറിക്കാറില്ലല്ലോ; അതുപോലെയാണ് കഥയിലും. ഏതു ഭാഗം കാണിച്ചാൽ മറ്റു ഭാഗങ്ങൾ കാഴ്ചക്കാർക്ക് ഊഹിക്കാൻ കഴിയുമെന്നു ചിത്രകാരൻ നിശ്ചയിക്കും‌പോലെ ഗ്രന്ഥകാരനും കഥയുടെ ഇന്ന അംശങ്ങൾ വിവരിച്ചാൽ ശേഷമുള്ളവ വായനക്കാർ പൂർത്തിയാക്കിക്കൊള്ളുമെന്നു നിർണ്ണയിക്കേണ്ടതാകുന്നു. സാധാരണക്കാരുടെ നോട്ടത്തിൽ തുച്ഛമെന്നു തോന്നുന്ന ചില്ലറസംഗതികൾ ചിലപ്പോൾ കഥകളിൽ പ്രധാനങ്ങളായിത്തീർന്നേക്കും. ഉത്തരരാമചരിതത്തിൽ ചിത്രദർശനഘട്ടത്തിൽ രാമൻ ജൃംഭകാസ്ത്രങ്ങളെ ആജ്ഞാപിക്കുന്നതും, ഗംഗയോടും ഭൂമിയോടും പ്രാർത്ഥിക്കുന്നതും മറ്റും തൽക്കാലം വായനക്കാർക്കു സാരമില്ലാത്തതായി തോന്നുന്നു; പിന്നീട് ഉപസംഹാരത്തിലാണ് അതുകളുടെ പ്രാധാന്യം വെളിപ്പെടുന്നത്. ഈ വിധം തുച്ഛസംഗതികളെ വലുതാക്കി ഫലിപ്പിക്കുന്നതിലാണ് കഥാകർത്താക്കളുടെ ചാതുര്യവും.

കഥകളിൽ ആവശ്യമ്പോലെ അവതാരിക ചേർക്കാം. ഏതുകാലത്തും ഏതു സ്ഥലത്തും ഏത് ആളുകളെപ്പറ്റിയുമാണ് കഥയെന്നു വായനക്കാരെ ഗ്രഹിപ്പിക്കുന്നതാണ് ഇതിന്റെ ഉപയോഗം. ചരിത്രകഥകളിലും പുരാണകഥകളിലും മറ്റും അവതാരികയ്ക്കാവശ്യം കാണും. ആഖ്യായികകളും നാടകങ്ങളും അവതാരിക കൂടാതെ ഇടയ്ക്കുവച്ചു തുടങ്ങുന്നതു നന്നായിരിക്കും. അങ്ങനെ ചെയ്താൽ അനുഭവർസത്തിനു ബലം കൂടും; ‘മധുരാപുരി എന്നൊരു പട്ടണം’ മധുരേശൻ എന്നൊരു രാജാവ്’ ഇത്യാദി പഴയ രീതിയിൽ ആരംഭിക്കുന്നതു പറഞ്ഞുകേൾപ്പിക്കേണ്ടുന്ന കഥകൾക്കേ ആവശ്യമുള്ളു. കഥയിലെ സംഗതികൾ നടന്നുകൊണ്ടിരിക്കുന്നതിനെത്തന്നെ വായനക്കാരെ കൂട്ടിക്കൊണ്ടുചെന്നു കാണിക്കുക എന്ന ഭാവത്തിലാണ് ആഖ്യായികാകാരന്മാരും നാടകകർത്താക്കളും കഥയുടെ മദ്ധ്യത്തിലാരംഭിക്കുന്നത്. ഈവക ഗ്രന്ഥങ്ങളിലടങ്ങിയ കഥയ്ക്ക് ഇതിവൃത്തം എന്നു പേർ പറയുന്നു. പുരാണങ്ങളിലെ ഉപകഥകളും നീതികഥകളും മറ്റും പോലെ നാടകാദികളിലെ ഇതിവൃത്തം ലഘുവായിരിക്കയില്ല. സാധാരണ കഥകൾ കഥിക്കുന്നതിന്റെ ക്രമം അതാതു സംഗതികൾ നടന്ന കാലമനുസരിച്ചാണു. കാലത്തിന്റെ ക്രമം പിടിച്ചു കഥ കഥിക്കുന്നതായാൽ വളരെ സൌകര്യവും കാണും. എന്നാൽ അനുഭവരസത്തെ പ്രധാനമായി വിചാരിക്കുന്ന ആഖ്യായികാകാരന്മാർ കാലക്രമം പലപ്പോഴും തെറ്റിക്കും. ആദ്യം മുതൽ അവസാനം വരെ വായനക്കാർക്കു കൌതുകം ക്ഷയിച്ചുപോകാതെ ഒന്നുപോലെ നിലനില്പാന്വേണ്ടി ചെയ്യുന്ന ഒരു ഉപായമാണിത്. കഥയുടെ മർമ്മം അവസാനത്തിലേ വെളിപ്പെടാവൂ; അല്ലെങ്കിൽ ജിജ്ഞാസ നശിച്ചുപോകും. പല പാത്രങ്ങളേയും പല സംഗതികളേയും കെട്ടിച്ചമച്ച് അതുകളോടു നമ്മെ പരിചയപ്പെടുത്തി അതുകളിൽ നമുക്കു രാഗദ്വേഷങ്ങൾ ജനിപ്പിച്ച് അതുകളെ നാം പ്രത്യക്ഷത്തിൽ കാണുന്നതുപോലെ ഒരനുഭവം വരുത്തിക്കഴിയുമ്പോൾ നമുക്കു പ്രിയപ്പെട്ട പാത്രങ്ങൾക്കു ശ്രേയസ്സു വരണമെന്നും, ദുഷ്ടപാത്രങ്ങളുടെ ദുഷ്പ്രവൃത്തികൾ ഫലിക്കാതെ പോകണമെന്നും, നമുക്കു തന്നെത്താൻ അറിയാതെ ഒരു പ്രാർത്ഥന ജനിക്കുന്നതിനാൽ കഥയുടെ പരിണാമം എന്തെന്നറിയാനുള്ള പരിഭ്രമം അസഹ്യമായിത്തീരുന്നു. ഗ്രന്ഥകാരൻ ആ പരിണാമത്തെ കൌശലത്തിൽ നീക്കിനീക്കി കൊണ്ടുപോകുന്തോറും കൌതുകം നമുക്കു വർദ്ധിക്കയാണു ചെയ്യുന്നത്. പരിണാമം വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നീടുള്ള ഭാഗമൊന്നും വിസ്തരിക്കരുത്.; അതെല്ലാം വായനക്കാർ സ്വയം ഊഹിച്ചുകൊള്ളും. ഇങ്ങനെ അവസാനംവരെ ജിജ്ഞാസ ശമിപ്പിക്കാതെ സൂക്ഷിക്കുന്ന കഥാഗുണത്തിനു പരിണാമഗുപ്തി എന്നു പേർ ചെയ്യാം.

കഥകളിൽ സംഭാഷണം പലേടത്തും ആവശ്യപ്പെടും. ആഖ്യായികകളിൽ ചില അദ്ധ്യായങ്ങൾ സംഭാഷണരൂപങ്ങളായി കാണും; നാടകങ്ങൾ മുഴുവൻ തന്നെ സംഭാഷണങ്ങളാകുന്നു. നാടകകവി തിരയ്ക്കുള്ളിലിരുന്നുകൊണ്ട് തന്റെ പാത്രങ്ങളെ സംഭാഷണം ചെയ്യിച്ച് രംഗസ്ഥന്മാരെ കാര്യം ഗ്രഹിപ്പിക്കയല്ലാതെ ഒരിക്കലും താൻ നേരിട്ടു സംസാരിക്കയില്ല. സംഭാഷണങ്ങൾകൊണ്ടുമാത്രം ഒരു കഥ പൂർത്തിയാക്കുന്നതിനുള്ള ശ്രമമാണ് നാടകങ്ങളുടെ ദുഷ്കരത്വത്തിനു കാരണം. അതുകൊണ്ടുതന്നെ ‘നാടകാന്തം കവിത്വം’ എന്ന ചൊല്ലിനും ഇടയായി. ആട്ടക്കഥകളുടെ നില കവിപ്രോക്തകഥകഥകളുടെയും നാടകങ്ങളുടെയും മദ്ധ്യേയാണ്. കഥകളിയുണ്ടാക്കുന്നവർ കാവ്യത്തിൽ എന്നപോലെ കവിവാക്യത്തിൽത്തന്നെ ശ്ലോകങ്ങളാൽ കഥ കഥിച്ചുകൊണ്ടു മദ്ധ്യേമദ്ധ്യേ ഗാനരൂപങ്ങളായ സംഭാഷണങ്ങളെ പ്രവേശിപ്പിക്കുന്നതേയുള്ളു. കഥ ‘ശ്ലോകത്തിൽ കഴിക്കുന്നതുകൊണ്ട്’ കഥകളി ഉണ്ടാക്കുന്നത് ഏറ്റവും എളുതായിത്തീർന്നു. നാടകത്തിന്റെ ഇതിവൃത്തത്തിനുള്ള ബീജബിന്ദുപതാകാദിസന്ധിപഞ്ചകവും കഥകളിക്കാർ വകവച്ചിട്ടില്ല. വല്ല പുരാണകഥാഭാഗവും എടുത്ത് ഒരു സ്വയംവരം എന്നോ, ഒരു വധം എന്നോ, ഒരു വിജയം എന്നോ പേരിട്ട് കത്തി, താടി, കരി മുതലായ വേഷങ്ങൾക്കും ഏർപ്പാടു ചെയ്താൽ ഒരു ആട്ടക്കഥ തീർന്നു. നളചരിതം, ദക്ഷയാഗം മുതലായ ഏതാനും പ്രബന്ധങ്ങളൊഴികെ മിക്ക കൃതികളിലും കാവ്യരസം ചുരുങ്ങും.

സംഭാഷണം രണ്ടുവിധത്തിലാകാം: ‘എൻ’ ‘നിൻ’ എന്ന ഉത്തമമദ്ധ്യസർവ്വനാമങ്ങളെ ഉപയോഗിച്ച് നേരെ സംസാരിക്കുന്നതു സാക്ഷാൽ സംഭാഷണം; മറ്റൊരുവൻ റിപ്പോർട്ടുചെയ്യുന്ന മട്ടിൽ വക്താവിന്റെ വാക്യത്തെ ഉദ്ധരിക്കാതെ വിവരിക്കുന്നത് അന്വാഖ്യാനസംഭാഷണം.

ഉദാഹരണം, സാക്ഷാൽ സംഭാഷണത്തിന്:

ശൂർപ്പണഖ : (രാമനോട്) ഞാൻ രാക്ഷസേശ്വരനായ രാവണന്റെ അനുജത്തിയാകുന്നു; എന്നെ അങ്ങു ഭാര്യയായി സ്വീകരിക്കണം.

രാമൻ : എനിക്കു ഭാര്യ ഒരുമിച്ചുതന്നെയുണ്ടല്ലോ; എന്റെ അനുജനായ ലക്ഷ്മണനോട് അപേക്ഷിക്കതന്നെ.

ശൂർപ്പണഖ : (ലക്ഷ്മണന്റെ അടുക്കൽ ചെന്ന്) അല്ലയോ ലക്ഷ്മണാ, അങ്ങേ ഞാൻ വരിക്കുന്നു.

ലക്ഷ്മണൻ : എന്റെ ജ്യേഷ്ഠനെ ആദ്യം നീ വരിക്കയാൽ എനിക്കു നിന്നെ സ്വീകരിപ്പതിന്നു ന്യായമില്ല.

ഇതുതന്നെ അന്വാഖ്യാനസംഭാഷണമായിട്ട്:

താൻ രാക്ഷസേശ്വരനായ രാവണന്റെ അനുജത്തിയാണെന്നും തന്നെ ഭാര്യയായി സ്വീകരിക്കണമെന്നും ശൂർപ്പണഖ രാമനോടു പ്രാർത്ഥിച്ചതിൽ തനിക്കു ഭാര്യയുള്ളതിനാൽ അവളെ സ്വീകരിപ്പാൻ സാധിക്കാത്തതുകൊണ്ടു തന്റെ അനുജൻ ലക്ഷ്മണനോട് അപേക്ഷിക്കാൻ ആജ്ഞാപിച്ച പ്രകാരം അവൾ ലക്ഷ്മണനെ വരിക്കവേ അവനും തന്റെ ജ്യേഷ്ഠനെ ആദ്യമായി വരിക്കയാൽ തനിക്ക് അവളെ സ്വീകരിക്കുന്നതിനു ന്യായമില്ലെന്ന് ഉപേക്ഷിച്ചു.

ഇതിൽ ‘താൻ’ എന്ന സർവ്വനാമത്തിന്റെ ഉപയോഗം സൂക്ഷിച്ചു മനസ്സിലാക്കേണ്ടതാകുന്നു. ചെറിയ സംഭാഷണങ്ങളെ മാത്രമേ അന്വാഖ്യാനം ചെയ്യാൻ സാധിക്കയുള്ളു. ദീർഘസംഭാഷണങ്ങളെല്ലാം സാക്ഷാൽ സംഭാഷണങ്ങളായിത്തന്നെ ഇരിക്കണം. അന്വാഖ്യാനം വളച്ചുകെട്ടാകയാൽ അപൂർവ്വമായിട്ടേ ഉപയോഗിക്കാവൂ; അതിനു സ്പഷ്ടതയും ബലവും കുറയും. കവിവാക്യമായി കഥിക്കുന്ന കഥകളിൽത്തന്നെയും ചില അംശങ്ങൾ പാത്രങ്ങളുടെ സാക്ഷാൽ സംഭാഷണരൂപേണ ബന്ധിക്കുന്നതു പുഷ്ടികരമായിരിക്കും. നാടകങ്ങളിൽ രംഗപ്രയോഗാനർഹങ്ങളായ പല സംഗതികളും കഥാബാഹ്യങ്ങളായ പാത്രങ്ങളെ പ്രവേശിപ്പിച്ച് അവരെക്കൊണ്ടു സംസാരിപ്പിക്കാറുണ്ട്. ഉത്തരരാമചരിതത്തിൽ ലവനും ചന്ദ്രകേതുവും തമ്മിലുള്ള യുദ്ധത്തെ വിദ്യാധരമിഥുനത്തിന്റെ സംഭാഷണംകൊണ്ടു വിവരിക്കുന്നതു നോക്കുക.

ഇതിവൃത്തം വാസ്തവവും കല്പിതവുമാവാം. ചരിത്രം, ജീവചരിത്രം, പുരാണം മുതലായതിൽനിന്ന് എടുക്കുന്ന കഥകൾ വാസ്തവത്തിൽ നടന്ന കഥകളാണല്ലോ. ഇന്ദുലേഖ, കൃഷ്ണാർജ്ജുനവിജയം, മാലതീമാധവം മുതലായതിലെ ഇതിവൃത്തം അതാതു കവികൾ കെട്ടിച്ചമച്ചതാകുന്നു. നീതികഥകൾ എല്ലാം കല്പിതങ്ങൾ തന്നെ. നാടകം, ആട്ടക്കഥ, ആഖ്യായിക ഇതുകളിൽ കഥാപുരുഷന്മാരും സംഗതികളും പുരാണചരിത്രാദികളിൽനിന്ന് ഉദ്‌ധൃതങ്ങളായിരുന്നാലും അവയിൽ കല്പിതാംശം ഏറിയിരിക്കും. ഭാരതത്തിലെ ശകുന്തളോപാഖ്യാനവും കാളിദാസരുടെ അഭിജ്ഞാനശാകുന്തളവും നോക്കുക. മോതിരത്തിന്റെ സംഗതിതന്നെ പുരാണത്തിലില്ല; എന്നാൽ നാടകത്തിന്റെ സ്വാരസ്യമെല്ലാം മോതിരം കളഞ്ഞതിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതിന്മണ്ണം മാർത്താണ്ഡവർമ്മയിലെ പല പാത്രങ്ങളും സ്ഥലകാലങ്ങളും സംഭവങ്ങളും തിരുവിതാംകൂർചരിത്രത്തിലുള്ളവയാണെങ്കിലും കഥാമർമ്മമായ സംഗതി കൃത്രിമമാകുന്നു. നാടകത്തിലും ആഖ്യായികയിലും(കാവ്യത്തിലും) ഉചിതങ്ങളായ പാത്രങ്ങളെ ബന്ധിച്ച് തൻ‌മുഖേന ലോകസ്വഭാവം വർണ്ണിക്കുന്നതിലാണ് കവിക്കു സംരംഭം. വാസ്തവത്തിൽ നടന്ന സംഗതി ഗ്രഹിക്കുന്നതിന് പുരാണങ്ങളും ചരിത്രങ്ങളുമുണ്ടല്ലോ.

അഭ്യാസം തിരുത്തുക

  1. ഏതെങ്കിലും ഒരു നാടകവും ആഖ്യായികയും വായിച്ച് അതുകളിലെ കഥാവസ്തു സംഗ്രഹിച്ചെഴുതി മർമ്മഭൂതമായ കഥാഭാഗമിന്നതെന്നു നിർദ്ദേശിക്ക.
  2. മറുദേശത്തു താമസിക്കുന്ന ഒരു ബന്ധുവിന്റെ ഗൃഹത്തിൽ കല്യാണത്തിനുപോയ സംഗതി അന്വാഖ്യാനത്തിന്റെ മട്ടിൽ എഴുതുക.
  3. നിങ്ങൾ കേട്ടിട്ടുള്ള ഒരു വിക്രമാദിത്യന്റെ കഥ ചുരുക്കിപ്പറക.
  4. ചെകുത്താന്റെയോ യക്ഷിയുടേയോ കഥ കഥിക്ക.
  5. (എ) ഒരേഷണിക്കാരനു പറ്റിയ അബദ്ധം.
    (ബി) ദുസ്സംസർഗ്ഗത്താൽ ഒരു ബാലനു നേരിട്ട ആപത്ത്.
    (സി) മുള്ളിൽ പിടിച്ചാലും മുറുകെ പിടിക്കണം.
    (ഡി) താഴത്തിറങ്ങിയേ സമ്മാനമുള്ളു.
    മേൽച്ചൊന്ന സംഗതികളെ ഓരോ കഥകൊണ്ടുദാഹരിക്ക.
  6. വഞ്ചനയ്ക്കു പോകുന്നവൻ ഒടുവിൽ അകപ്പെടുമെന്നു സാരം വരുന്ന ഒരു നീതികഥ നിർമ്മിക്കുക.
  7. ഒരു ദേവാലയത്തിൽ അടുത്തുകഴിഞ്ഞ ഒരു ഉത്സവാഘോഷത്തെപ്പറ്റി വിപരീതാഭിപ്രായക്കാരായ രണ്ടു വിദ്യാർത്ഥികളുടെ സംഭാഷണം എഴുതുക.
"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/ആഖ്യാനം&oldid=59189" എന്ന താളിൽനിന്ന് ശേഖരിച്ചത്