സാഹിത്യസാഹ്യം/വർണ്ണനം
←ആഖ്യാനം | സാഹിത്യസാഹ്യം രചന: വർണ്ണനം |
വിവരണം→ |
ലൌകികം എന്നും, ശാസ്ത്രീയമെന്നും വർണ്ണനം രണ്ടുവിധമുണ്ട്. വർണ്ണനത്തിന്റെ ഉദ്ദേശമനുസരിച്ചുള്ള വിഭാഗമാണിത്. ഹിമാലയപർവ്വതത്തെ കുമാരസംഭവത്തിലും ഭൂമിശാസ്ത്രത്തിലും വർണ്ണിച്ചിട്ടുണ്ട്. രണ്ടിനും തമ്മിലുള്ള അന്തരമാണ് ഈ വിഭാഗത്തിനു കാരണം. ശാസ്ത്രീയവർണ്ണനം, അറിവിനുവേണ്ടി ചെയ്യുന്നതും ലൌകികവർണ്ണനം, വിനോദത്തിനുവേണ്ടി ചെയ്യുന്നതും ആകുന്നു. ഭൂമിശാസ്ത്രകാരൻ പ്രതിപാദിക്കുന്നതു ഹിമാലയത്തിന്റെ കിടപ്പ്, അതിർത്തികൾ, നീളം, വീതി, ഉയർച്ച ഇത്യാദികളാകുന്നു; കവിയുടെ ദൃഷ്ടിയാകട്ടെ, അതിലുള്ള നാനാവിധ രമണീയവസ്തുക്കളിലാണ് പതിക്കുന്നത്. വിഷയവിവേചനത്തിനുവേണ്ടി ലൌകികവർണ്ണനത്തിന് വർണ്ണന എന്നും, ശാസ്ത്രീയവർണ്ണനത്തിന് നിരൂപണം എന്നും രണ്ടിനും പൊതുവെ വർണ്ണനം എന്നും ഇവിടെ നാമവ്യവസ്ഥ ചെയ്തിരിക്കുന്നു. നിരൂപണത്തിൽ സൂക്ഷ്മതയും സ്ഫുടതയും മാത്രമേ ആലോചിപ്പാനുള്ളു. വർണ്ണനയെപ്പറ്റിയാണ് ഇവിടെ സ്വല്പം പ്രസ്താവിക്കാനുള്ളത്.
ചിത്രകാരൻ ചായങ്ങളെക്കൊണ്ടു ചെയ്യുന്ന പ്രവൃത്തിതന്നെയാണ് വർണ്ണനയിൽ ഗ്രന്ഥകാരൻ വാക്കുകളെക്കൊണ്ടു ചെയ്യുന്നത്. അപ്രത്യക്ഷമായ ഒരു വസ്തുവിനെ പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുന്നതിനാണ് രണ്ടുപേരുടെയും പരിശ്രമം. ചിത്രമെഴുത്തിൽ ചില സൌകര്യങ്ങൾക്കു കൂടുതലുണ്ടെങ്കിൽ മറ്റു ചില സൌകര്യങ്ങൾക്കു കുറവുമുണ്ട്. രൂപമുള്ള മൂർത്തപദാർത്ഥങ്ങളെ ചിത്രകാരന് അധികം സ്ഫുടതയോടെ കുറിച്ചുകാണിക്കാൻ കഴിയും; ഗ്രന്ഥകാരന് മൂർത്തവസ്തുക്കളെപ്പോലെത്തന്നെ അമൂർത്തവസ്തുക്കളേയും വർണ്ണിക്കാം. ചിത്രത്തിൽ ചലനസ്തോഭങ്ങളെക്കൊണ്ട് ഊഹിപ്പാനേ നിവൃത്തിയുള്ളു; വർണ്ണനയിൽ ചലനവസ്തുവെന്നും സ്ഥിരവസ്തുവെന്നുമുള്ള ഭേദമേ ഇല്ല. ചിത്രത്തിന്റെ വിഷയം പരിമിതമായിരിക്കെ വർണ്ണനയുടെ വിഷയം വ്യാപകമാകുന്നു.
സ്ഥലം, കാലം, പുരുഷൻ, അവസ്ഥ, പ്രവൃത്തി ഇത്യാദികളെല്ലാം വർണ്ണനയ്ക്കു വിഷയമാകുന്നു.
“ |
|
” |
എന്ന് കാവ്യത്തിൽ വർണ്ണനീയങ്ങളായ വസ്തുക്കളെ ദണ്ഡി പരിഗണിച്ചിരിക്കുന്നു. കാവ്യത്തിൽ ഇതുകളേയും ഇതുപോലെയുള്ള എണ്ണങ്ങളേയും വർണ്ണിക്കണമെന്നാണ് ദണ്ഡി അഭിപ്രായപ്പെടുന്നത്. ഇപ്പറഞ്ഞതെല്ലാം വർണ്ണിക്കണമെന്നോ ഇതിനു പുറമെ ഒന്നും വർണ്ണിക്കേണ്ടാ എന്നോ ആ ഗ്രന്ഥകാരനു വിവക്ഷയില്ല. കാളിദാസാദി പ്രാചീനമഹാകവികളുടെ സമ്പ്രദായം നോക്കി അദ്ദേഹം കാവ്യകർത്താക്കൾക്ക് ഒരു മാർഗ്ഗപ്രദർശനം ചെയ്തതേ ഉള്ളു. ദണ്ഡി ചെയ്ത ഉപദേശത്തിന്റെ തത്വം ഗ്രഹിക്കാഞ്ഞിട്ടോ, ലക്ഷണങ്ങൾക്കു പൂർത്തിവരുത്തി മൂർദ്ധാഭിഷിക്തദൃഷ്ടാന്തഭൂതമായ ഒരു കാവ്യം ചമയ്ക്കാമെന്നുള്ള കൌതുകം കൊണ്ടോ ഭാരവിപ്രഭൃതികളായ അർവാചീനകവികൾ നഗരാദിവർണ്ണനകൾക്കു വേണ്ടതിലധികം പ്രാധാന്യം കൊടുത്തു. ഭാരവി ഉണ്ടാക്കിയ കാവ്യത്തിന്റെ പേർ കിരാതാർജ്ജുനീയമെന്നാണ്. ഇതിലെ ഇതിവൃത്തം കിരാതവേഷത്തിൽ വന്ന ശ്രീപരമേശ്വരനെ യുദ്ധം ചെയ്തു പ്രസാദിപ്പിച്ച് അർജ്ജുനൻ പാശുപതാസ്ത്രം വാങ്ങിയ ഭാരതകഥയാകുന്നു. ഇതിൽ ‘ഉദ്യാനസലിലക്രീഡാ മധുപാനരതോത്സവാദികളെ വർണ്ണിക്കുന്നതിനു യാതൊരു പ്രസക്തിയുമില്ല. ഒരു പ്രസക്തിയുമില്ലാത്തതിനെ ഉണ്ടാക്കി വർണ്ണിക്കുന്നതല്ലയോ കവിക്കു മെച്ചം. അതിനാൽ ഭാരവി, അർജ്ജുനനെ മോഹിപ്പിക്കാൻ വന്ന ദേവസ്ത്രീകളെ പിടിച്ചു സലിലക്രീഡാദിവർണ്ണനകളെല്ലാം നിർവ്വഹിച്ചു. ഇതിന്റെ അനൌചിത്യം എടുത്തുകാണിക്കേണ്ടതുണ്ടോ? കഥാശരീരത്തിൽ ദേവസ്ത്രീകളുടെ വരവ് എത്രയോ തുച്ഛമായ ഒരംഗമാകുന്നു. ഇന്ദ്രൻ സ്ഥാനഭ്രംശം ശങ്കിച്ച് ഒരു രാജകാര്യം സാധിക്കാൻ പറഞ്ഞയച്ചവർ ജലക്രീഡയും മറ്റും ചെയ്തു കളിച്ചുനടക്കുകയാണോ വേണ്ടത്? ഒരു താമരപ്പൂവിനെ വർണ്ണിക്കാൻ വേണ്ടി ആരെങ്കിലും കുളം കുഴിച്ചതും താമര നട്ടതും മറ്റും വർണ്ണിക്കുമോ? എന്നാൽ ഭാരവി സർഗ്ഗങ്ങളൊക്കെ ചെറുതാക്കി അനാവശ്യവർണ്ണനകളെ ‘ മരുന്നിനുവേണ്ടി’ എല്ലാം ‘ എണ്ണം കേൾപ്പിച്ചതേ ഉള്ളു. ഭാരവിയെ കണ്ടു ഭ്രമിച്ചു പ്രവർത്തിച്ചവരായ മാഘമംഖാദികളാകട്ടെ സ്വകാവ്യങ്ങളെ അനാവശ്യവർണ്ണനകളെക്കൊണ്ടു നിറച്ചു. രൈവതകം എന്ന കുന്ന് മാഘന്റെ വർണ്ണനയിൽ മഹാമേരുവിനും ഉപരിയായി. ശിശുപാലനെ കൃഷ്ണൻ വധിച്ചത് ആ കുന്നിന്റെമേൽവെച്ചായിരുന്നെങ്കിലും സമാധാനമുണ്ടായിരുന്നു. ‘ തലയിരിക്കുമ്പോൾ വാലാടുകയില്ല’ എന്ന പഴഞ്ചൊല്ല് ഇവർ കേട്ടിട്ടേ ഇല്ലെന്നു തോന്നിപ്പോകും. കല്യാണം ഘോഷിച്ച് താലി കെട്ടാൻ മറന്നുപോയി എന്നുള്ള പരിഹാസം പോലെ ഇവർ വർണ്ണനകളുടെ ലഹളയിൽ കഥാവസ്തു വിട്ടുകളയുന്നു. ഇങ്ങനെ സംസ്കൃതത്തിലെ അർവ്വാചീനകവികളെല്ലാം കഥയില്ലാത്തവരായിത്തീർന്നു എന്നു പറയേണ്ടിവന്നിരിക്കുന്നു. ഗദ്യകാരന്മാരുടെ യോഗ്യത ഇതിലും കഷ്ടം. കാദംബരിയിലെ കഥാവസ്തു ഇന്നതെന്നു മാസ്സിലാക്കുന്നതിനു സാമാന്യത്തിലധികം ക്ഷമയുള്ളവർക്കേ സാധിക്കയുള്ളു. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ള ശുഷ്കശാൽമലീവൃക്ഷത്തിന്റെ (ഉണങ്ങിയ ഇലവിന്റെ) വർണ്ണനയുടെ നീളവും കോലാഹലവും ഒരു കല്പവൃക്ഷത്തെപ്പറ്റി ആയിരുന്നാൽപ്പോലും വായനക്കാരെ മുഷിപ്പിക്കും. ഉണങ്ങിക്കരിഞ്ഞ ഇലവുമരത്തിൽ വല്ലതുമുണ്ടോ? ഇല്ലെങ്കിലുണ്ടാക്കുക തന്നെ. ഉപമ എന്നും വിരോധാഭാസം എന്നും രണ്ടലങ്കാരമുണ്ടല്ലോ? ഇല്ലാത്ത ഔപംയവും വിരോധവും ഉണ്ടാക്കിത്തീർക്കാൻ ശ്ലേഷമുണ്ട്; പിന്നെന്തിനാണു പഞ്ഞം? ശാൽമലീവൃക്ഷം പാണ്ഡവസേനപോലിരിക്കുന്നു, കാന്താമുഖം പോലിരിക്കുന്നു; ആനയെപ്പോലെ, പൂനയെപ്പോലെ എന്നെല്ലാം കെട്ടിച്ചമയ്ക്കുക തന്നെ. ശുഷ്കമായി ഇല മിക്കതും കൊഴിഞ്ഞു ശാഖകളില്ലാതെ ഇരിക്കയാൽ ‘വൃദ്ധവാനരാലുംഗലംപോലെ ശോഭിക്കുന്ന ഇലവുമരം’ എന്നോ മറ്റോ വർണ്ണിച്ചിരുന്നെങ്കിലും മതിയായിരുന്നു. ഏകശബ്ദവാച്യത്വംകൊണ്ടു മാത്രം രണ്ടു വസ്തുക്കൾക്കു തമ്മിൽ സാദൃശ്യമോ വിരോധമോ ഉണ്ടെന്നു നടിക്കുന്നത് കേവലം ബാലിശത്വമല്ലയോ? ‘കാന്താമുഖം കാനനം പോലെ ശോഭിക്കുന്നു’, എന്തുകൊണ്ടെന്നാൽ രണ്ടും പത്രാവലീവിലസിതമത്രേ. ‘പത്രാവലി’ എന്ന പദത്തിന് ഇലക്കൂട്ടമെന്നും, പത്തിക്കീറ്റ് എന്നു പറയുന്ന കറി എന്നും രണ്ടർത്ഥമുള്ളതിൽ ഓരോന്ന് ഓരോ ദിക്കിൽ ഉപയോഗിച്ച് ഏകത്വം സമ്പാദിച്ചുകൊള്ളുന്നു. ഇതാണ് ശ്ലേഷോപമയുടെ പോക്ക്. ഈ വഴി പോയാൽ ലോകത്തിൽ സാമ്യമില്ലാത്ത രണ്ടു വസ്തുക്കളില്ലെന്നുതന്നെ പറയരുതോ?
ഇപ്രകാരം ശ്ലേഷം പൂശി പ്രഥമദൃഷ്ടിയിൽ ചെമ്പു തെളിയാതെ മിനുക്കീട്ടുള്ള അർത്ഥാലങ്കാരങ്ങൾ ധരിച്ചു പ്രാസയമകാദി ശബ്ദാലങ്കാരങ്ങൾ കിലുക്കിക്കൊണ്ടാണ് അർവാചീനസംസ്കൃതകവികളുടെ രസനാരംഗത്തിൽ കവിതാകാമിനി കളിയാടുന്നത്. പണ്ടത്തെ അകൃത്രിമമായ സൌന്ദര്യവും ഗാംഭീര്യവും എല്ലാം പോയി, കൃത്രിമമായ പല്ലും തലമുടിയും വെച്ച് പൊടിയിട്ട് മുഖം മിനുക്കി വരുന്ന വൃദ്ധവേശ്യയുടെ അവസ്ഥയാണു കാണുന്നത്. ഈ കൃത്രിമത1യും വേഷാഡംബരവും കണ്ടാണ് പാശ്ചാത്യന്മാർ നാട്ടുകാരുടെ ‘ കവിതാപ്രസ്ഥാനം ദുഷിച്ചുപോയി’ എന്നു പറയുന്നത്. എന്നാൽ ഈ ദോഷാരോപണവും സർവ്വാത്മനാ വാസ്തവമാണെന്ന് ഒരിക്കലും സമ്മതിക്കാവുന്നതല്ല. ഭാരതീയർ പാശ്ചാത്യരേക്കാൾ തുലോം അധികം സാഹിത്യരഹസ്യങ്ങളെ ചർച്ച ചെയ്തിട്ടുള്ളവരാണ്. ധ്വനിലോചനാദിഗ്രന്ഥങ്ങൾ2 സാഹിത്യശാസ്ത്രമർമ്മങ്ങളെ പ്രകാശിപ്പിക്കുന്നില്ലെങ്കിൽ മറ്റേതു നാട്ടുകാരുടെ ഗ്രന്ഥസമുച്ചയത്തിൽനിന്നുമാണ് അങ്ങനെ ഒരു ഗ്രന്ഥത്തിന്റെ പേർ എടുത്തു ദൃഷ്ടാന്തപ്പെടുത്താവുന്നത്? ആലങ്കാരികന്മാർ ഗാഢമായി വിമർശം ചെയ്ത് കവികളുടെ ഈവക ദോഷങ്ങളെ എല്ലാം വേണ്ടും വണ്ണം വെളിപ്പെടുത്തീട്ടുണ്ട്. അവരുടെ ദൃഷ്ട്യാ എല്ലാ ദോഷങ്ങളും നീങ്ങീട്ട് ഒരു ശ്ലോകം പോലുമുണ്ടോ എന്നു സംശയം തന്നെ. ‘പാണിപീഡനവിധേരനന്തരം’ പാർവ്വതീ പരമേശ്വരന്മാർ നടത്തിയ പ്രവൃത്തികളെ വർണ്ണിച്ചവകയ്ക്ക് കുമാരസംഭവത്തിന്റെ എട്ടാം സർഗ്ഗം മുഴുവനും ദുഷ്ടമെന്ന് അവർ കാളിദാസരെക്കൂടി ഖണ്ഡിക്കാതെ വിട്ടിട്ടില്ല. അതിനാൽ മാഘാദികവികൾ അറിയാതെ ദോഷം ചെയ്തു എന്ന് ഒരിക്കലും വരുന്നതല്ല.
(
- കൃത്രിമം എന്നുപയോഗിക്കയാണ് ഭാഷയിൽ നല്ലതു. സംസ്കൃതവൈയാകരണന്മാരെ ഭയന്നാണ് ‘കൃത്രിമത’ എന്നു മുറയ്ക്കു പ്രയോഗിച്ചത്.
- ആനന്ദവർദ്ധനന്റെ ധ്വന്യാലോകവും അഭിനവഗുപ്തന്റെ ലോചനമെന്ന വ്യാഖ്യാനവും.
)
വാസ്തവം നോക്കുമ്പോൾ കവികളും അവരുടെ കൃതികളെ വിമർശം ചെയ്ത ആലങ്കാരികന്മാരും ഒന്നുപോലെ അതിർകവിഞ്ഞു പ്രവർത്തിച്ചു എന്നുവേണം വിചാരിപ്പാൻ. കാവ്യകർത്താക്കൾ കൃത്രിമാഡംബരം ഭ്രമിച്ച് നിസ്സാരങ്ങളെ സാരമാക്കിത്തുടങ്ങി; അലങ്കാരശാസ്ത്രകാരന്മാർ അവരുടെ പങ്കിനു ‘ തൊട്ടതും വെച്ചതുമെല്ലാം കുറ്റം’ എന്നു സർവ്വത്ര ദോഷകല്പനചെയ്യാനുമാരഭിച്ചു. ഒരു തെറ്റും കൂടാതെ ഒരു ശ്ലോകം തീരുകയില്ലെങ്കിൽ എന്തിനു കഷ്ടപ്പെടുന്നു? പ്രാസവും ശ്ലേഷവും ചേർത്തു മിനുക്കിയാൽ പോരേ എന്നായി കവികൾക്ക് ആശാഭംഗത്താലുള്ള നില. എന്നാൽ പ്രാസവും ശ്ലേഷവും കേവലം വിലയില്ലാത്തതെന്നു ശപഥം ചെയ്യാൻ ഈ ഗ്രന്ഥകാരനും ഒരുക്കമില്ല. താഴെ കൊടുത്തിരിക്കുന്ന ശ്ലോകം നോക്കുക:
“ |
|
” |
ഇതിലെ ഉപമയും വ്യതിരേകവും എത്ര രമണീയമായിരിക്കുന്നു! ഇതിലെ ഉപമയ്ക്കും ‘പത്രാവതീവിലസിത’ മാകയാൽ കാമിനീമുഖം കാനനതുല്യമാണെന്നുള്ള ഉപമയ്ക്കും ഉള്ള ഭേദം സൂക്ഷിച്ചറിയേണ്ടതാണ്. രണ്ടിലും ശ്ലേഷംകൊണ്ടുള്ള ബലാൽക്കാരം തുല്യമാണെങ്കിലും ഒന്ന് ഹൃദയംഗമവും മറ്റത് ഉദ്വേഗജനകവും ആയിരിക്കുന്നു. അതിലേക്ക് കാരണം എന്ത്? ദരിദ്രനായ കവി ഗതിയില്ലാഞ്ഞിട്ട്, തന്റെ ഗൃഹത്തിനു ജീർണ്ണോദ്ധാരണം ചെയ്തുകൊടുപ്പാൻ പ്രഭുവിനോടു പ്രാർത്ഥിക്കുന്നതിൽ ഗൃഹത്തിനു ഭാഗവതസാദൃശ്യം, പ്രകരണാദികളുടെ ബലത്താൽ ഗൃഹം കാണികൾക്കു വിരക്തിപ്രദമാണെങ്കിലും തനിക്ക് അതിൽ പ്രതിപത്തിക്കും ഗൌരവബുദ്ധിക്കും കുറവില്ലെന്നു ധ്വനിപ്പിക്കുന്നതിൽ പര്യവസാനിക്കുന്നു. ഇവിടെ അലങ്കാരം സർവ്വപ്രധാനമായ വ്യംഗ്യത്തിന്റെ സാധകമെന്നേയുള്ളു. അതിന്റെ സാധമാണ് ശ്ലേഷം; ഇങ്ങനെ ശ്ലേഷം അത്യന്തം തിരോഹിതമാണ്. വ്യംഗ്യരസത്തിൽ മുങ്ങിപ്പോയ മനസ്സ് അതിലേക്ക് ഇറങ്ങുന്നതിനു സോപാനമായിരുന്ന ശ്ലേഷത്തെ പിന്നീട് ഓർമ്മിക്കുന്നതേ ഇല്ല. മറ്റേ ഉദാഹരണത്തിലോ “കാന്താമുഖം കാനനവദ്വിഭാതി” എന്ന് ഒരു സമസ്യയെ പൂരിപ്പിച്ചു എന്നൊരു മെച്ചമേ കവിക്കുള്ളു. അതിൽ വല്ല ചമൽക്കാരവും ഉണ്ടെന്നു കൽപ്പിക്കേണമെങ്കിൽ അതു ശ്ലേഷം ഒന്നുതന്നെ. ഇങ്ങനെ ബാലിശമായ ശ്ലേഷം പ്രധാനമായി പ്രതിഭാസിക്കുന്നതുതന്നെയാണ് അതിലുള്ള വൈരസ്യം. സ്വർണ്ണമാലയുടെ കണ്ണികൾ കൂട്ടി വിളക്കുന്നതിനായി പിച്ചള ഉപയോഗിക്കുന്നതിനും, പിച്ചളകൊണ്ടുതന്നെ മാല തീർപ്പിക്കുന്നതിനും തമ്മിലുള്ള ഭേദം ഇവിടെയുണ്ട്.
മനോധർമ്മം, കല്പനാശക്തി, ഉല്ലേഖനം, സ്വഭാവസമീക്ഷണം ഇത്യാദ്യംശങ്ങളിലും മാഘാദികൾ ഇന്ന് അദ്വിതീയന്മാർ തന്നെയാണ്. ശിശുപാലവധാദികാവ്യങ്ങളിലെ ശ്ലോകങ്ങൾ ഓരോന്നും മുക്തകങ്ങൾ (ഒറ്റശ്ലോകങ്ങൾ) ആയി എടുത്തുനോക്കുന്നതായാൽ നൂറ്റിനു തൊണ്ണൂറും നാനാപ്രകാരങ്ങളായ സ്വാരസ്യങ്ങളെക്കൊണ്ടു പ്രകാശിക്കുന്നവ ആയിരിക്കും. വശ്യവാക്ത്വവും (പദങ്ങളുടെ ധാരാളത) വ്യാകരണനൈപുണ്യവും ശാസ്ത്രപരിചയവും മറ്റും പ്രകാശിപ്പിക്കാൻവേണ്ടി ചിലേടത്തു പ്രകൃതിയെ ലംഘിച്ചു വർണ്ണനകൾ ചെയ്യാനും, അതിശയോക്തിയും അത്യുക്തിയും കടത്തി പ്രയോഗിച്ചു സത്യാസത്യഭേദം ഇല്ലായ്മചെയ്യാനും പുറപ്പെട്ടിരുന്നില്ലെങ്കിൽ ‘ഉത്തമകവികൾ’ എന്ന മാഘാദികളുടെ കീർത്തിയിൽ ഒരുവനും വിസംവദിക്കയില്ലായിരുന്നു. പ്രകൃതിയേയും പരമാർത്ഥത്തേയും ഉല്ലംഘിക്കുന്നിടത്തോളം അംശത്തിൽ ഇവരുടെ വാസന ദുഷിച്ചുപോയി എന്നു സമ്മതിക്കാതെ നിർവ്വാഹമില്ല. ശേഷം അംശങ്ങളിൽ ഇവർ ഉത്തമന്മാർതന്നെ. ആകയാൽ ഏഴാം ശതവർഷത്തിനിപ്പുറം സംസ്കൃതകവികളുടെ ഇടയിൽ ഒരു ദുർവ്വാസന വ്യാപിച്ചിട്ടുണ്ടെന്നുള്ള സംഗതി ഇവിടെ ഇത്രയും വിസ്തരിക്കേണ്ടിവന്നു.
ഔചിത്യം എന്നത് സാഹിത്യത്തിൽ സർവ്വത്ര സർവ്വാത്മനാ ദീക്ഷിക്കേണ്ടതാണെങ്കിലും വർണ്ണകളിൽ വിശേഷിച്ചും അതിനെ സംരക്ഷിക്കേണ്ടതുണ്ട്. ഒരു സംഗതി വർണ്ണിക്കുമ്പോൾ ഏതു ദേശത്ത്, ഏതുകാലത്ത്, ഏതുവിധം ആചാരമുള്ള ഏതു നാട്ടുകാരുടെ ഇടയിലാണ് അതുനടന്നത് എന്നുള്ളത് ഗ്രന്ഥകർത്താവിന് സർവ്വദാ ഓർമ്മ വേണം. ഇല്ലാത്തപക്ഷം അവർ താന്താങ്ങളുടെ ദേശകാലസമുദായാചാരങ്ങളെത്തന്നെ കഥാപുരുഷന്മാരിൽ ആരോപിച്ചുപോകും. ഇങ്ങനെ ദേശാദികളെ തെറ്റി പ്രയോഗിക്കുന്നതിന് കാലലംഘനം, ദേശലംഘനം, സമുദായാചാരലംഘനം ഇത്യാദി സംജ്ഞകൾ ചെയ്യാം. കാലലംഘനവും സമുദായാചാരലംഘനവും കവികൾ അറിഞ്ഞും അറിയാതേയും ധാരാളം ചെയ്യാറുണ്ട്. ഭാഷാകവികളിൽ കുഞ്ചൻ നമ്പ്യാർ ഒരുവിധം ലംഘനവും ഗണിക്കാത്ത ആളാകുന്നു. അദ്ദേഹത്തിന്റെ കഥാപുരുഷന്മാരെല്ലാം മലയാളികളാണ്; അവരുടെ നടപടികളും അവർ സഞ്ചരിക്കുന്ന സ്ഥലങ്ങളും എല്ലാം മലയാളത്തിലുള്ളവ തന്നെ. നളചരിതത്തിൽ ഹംസം കുണ്ഡിനപുരത്തേക്കു പോകുന്ന വഴിയിൽ കാണുന്ന ഗ്രാമങ്ങളുടെ വർണ്ണനയും ഘോഷയാത്രയിൽ ദുര്യോധനന്റെ പടയാളികൾ സന്നാഹം ചെയ്യുന്നതിനെ വർണിക്കുന്നതും മറ്റും നോക്കുക. കാലാദിലംഘനം ദോഷമാണെങ്കിലും നമ്പ്യാരെപ്പോലെയുള്ള മഹാകവികളുടെ വാക്കിൽ അത് മറ്റൊരുപ്രകാരേണഗുണമായിട്ടും തീരാറുണ്ട്. വായനക്കാർ നിത്യം സഞ്ചരിക്കുന്ന പ്രദേശങ്ങളേയും അവരുടെ ഇടയിലുള്ള സാമുദായികവ്യവഹാരങ്ങളേയും അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന വർണ്ണനപോലെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത എണ്ണങ്ങളുടെ വർണ്ണന അനുഭവരസത്തെ ഉളവാക്കുകയില്ലല്ലോ. ഈവക വർണ്ണനകൾ ചരിത്രകാരന്മാർക്ക് കവിയുടെ കാലത്തുള്ള ആചാരാദികളെ നിർണ്ണയിക്കുന്നതിനും ഉപകരിക്കുന്നു.
സംസ്കൃതകവികളെ ആശ്രയിച്ച് ഭാഷാകവികൾ വേറെയും ഔചിത്യഭംഗങ്ങൾ ചെയ്യാറുണ്ട്. ചന്ദ്രകാന്തക്കല്ലും സൂര്യകാന്തക്കല്ലുംകൊണ്ട് ഗീർവ്വാണകവികൾ ധാരാളം പെരുമാറാറുണ്ടെങ്കിലും ആവക രത്നങ്ങൾ ആധുനികന്മാർക്കു ലഭിച്ചിട്ടില്ല. യക്ഷകിന്നരഗന്ധർവ്വാദികൾ ഇക്കാലത്തുള്ള പൂങ്കാവനങ്ങളിൽ വന്നു പാടിക്കളിച്ചു രമിക്കാറില്ല. ചക്രവാകികൾ അന്തിനേരം ഭർത്താക്കന്മാരോടു പിരിയുന്നത് ആരും കാണുമാറില്ല. ഇക്കാലത്തു സുന്ദരിമാർ കപോലങ്ങളിൽ പത്രാവലി എഴുതുകയും, അളകങ്ങൾ ശരിപ്പെടുത്തിവയ്ക്കുകയും, അധരത്തിലും ചരണങ്ങളിലും ചെഞ്ചാറു തേച്ചു മിനുക്കുകയും, കർണ്ണങ്ങളിൽ അവതംസപുഷ്പം വെയ്ക്കുകയും മറ്റും ചെയ്യാറില്ല. വേഷഭൂഷാദികൾക്കെല്ലാം നിത്യമെന്നപോലെ മാറ്റംവന്നുകൊണ്ടിരിക്കുന്നു. രാജാക്കന്മാരെ വന്ദികൾ സ്തുതിക്കയും, ശത്രുരാജാക്കന്മാർ കാട്ടിൽപ്പോയി ഒളിച്ചുതാമസിക്കയും മറ്റും പഴയകാലത്തെ നടപടികളാകുന്നു. രാത്രിവർണ്ണനത്തിൽ അഭിസാരികമാരുടെ സഞ്ചാരം വർണ്ണിക്കുക, ഒരംഗവും വിടാതെ നായികമാരുടെ കേശാദിപാദം വർണ്ണനചെയ്ക ഇത്യാദികളൊന്നും ഇക്കാലത്തെ വായനക്കാർക്കു രുചിക്കയില്ലെന്നും ഓർക്കേണ്ടതാകുന്നു.
ഉദാഹരണങ്ങൾ
ഒരു കടുവായുടെ കിടപ്പ്
തിരുത്തുകഉന്നതമായ ശരവണത്തിന്റെ അന്തരാളത്തിൽ കുറഞ്ഞോന്നു മറഞ്ഞ് മേചകരേഖാകിർമ്മീരിതമായ ചർമ്മകഞ്ചുകത്തോടുകൂടി സമാധിയിൽ സ്വപ്നദർശി എന്നപോലെ ചിലപ്പോൾ ഊർദ്ധ്വതുഷാരശേഖരിതങ്ങളായ* ശിഖരിശൃംഗങ്ങളിലേക്കു ദൃഷ്ടികളെ ഉന്മീലിപ്പിക്കുകയും അനന്തരം അപ്പോഴും ദീപ്തമായിരുന്ന ദിനകരപ്രകാശത്താൽ അവയെ അർദ്ധമുകുളിതകളാക്കുകയും ചെയ്തുകൊണ്ട് ഒരു ശാർദ്ദൂലം സ്വൈര്യമായി ശയിച്ചു. അത് അന്തരാന്തരാ പർവ്വതദന്തുരിതങ്ങളായി വ്യോമകടാഹത്തിന്റെ ജാജ്ജ്വല്യമാനങ്ങളായ വർണ്ണങ്ങളോടുകൂടി ലയിച്ചു സമ്മിളിതങ്ങളാറ്യി അകലെ അധോഭാഗത്തിലുള്ള സ്പൃഹണീയശാദ്വലങ്ങളായ കടകതടങ്ങളിലേക്കു നോക്കിക്കൊണ്ടിരുന്നു. അതിന്റെ വിചാരം എന്തായിരുന്നെന്നോ? ചിലപ്പോൾ മേല്പോട്ടുനോക്കിയും, ചിലപ്പോൾ കീഴ്പോട്ടു ദൃഷ്ടി പതിച്ചും രൂപാന്തരത്തിൽ താൻ സമൃദ്ധമായ കാശ്മീരദേശത്തിന്റെ രാജാവായി തന്റെ ആജ്ഞാവശംവദന്മാരായ സാമന്തന്മാരോടും തന്റെ കടാക്ഷാനുഗ്രഹ പ്രതീക്ഷിണികളായി പരസ്പരസ്പർദ്ധിനിമാരായ സീമന്തിനിമാരോടും കൂടി സാമ്രാജ്യശ്രീയെ വഹിച്ചിരുന്ന കാലത്തെ സ്മരിക്കയായിരുന്നോ? അഥവാ വാസ്തവത്തിൽ ആ വ്യാഘ്രരാജൻ കേവലം ഒരു വന്യമൃഗമേ ആയിരുന്നുള്ളോ? മുമ്പിൽ ഉദ്ധതനായിരുന്ന പ്രഭുവിന്റെ നഷ്ടമായ ജീവൻ അല്ലായിരിക്കുമോ? ഇപ്പോൾ യഥാർത്ഥമായി അത് തന്റെ അധികാരത്തെ വിവദിക്കുന്നതിനു യാതൊരു പ്രതിപത്തിയുമില്ലാതെ ആ വനഭൂമിയുടെ നായകനായിരുന്നു. അതു സ്വശക്തിയെ പൂർണ്ണമായി അറിഞ്ഞു എന്നുള്ളത് പരിതോവിക്ഷിപ്തയായി ദൃപ്തയായുള്ള ദൃഷ്ടിയാൽ സ്പഷ്ടീഭവിച്ചു.
വസ്തുവർണ്ണന (ധ്രുവദീപ്തി)
തിരുത്തുകഭൂഗോളത്തിന്റെ ഉത്തരദക്ഷിണധ്രുവങ്ങളിലും അയൽരാജ്യങ്ങളിലും ഉള്ള വായുമണ്ഡലത്തിൽ സാധാരണകണ്ടുവരുന്ന ഒരുമാതിരി പ്രഭാപൂരത്തിനാകുന്നു സാധാരണ ധ്രുവദീപ്തി എന്നു പറയുന്നത്. അവസ്ഥാന്തരം പോലെ ഈ പ്രകാശത്തിനു പലപേരുകളും പറയാറുണ്ട്. ദക്ഷിണഗോളാർദ്ധത്തിലെ ദക്ഷിണദേശങ്ങളിലെക്കാൾ ഉത്തരാർദ്ധഗോളത്തിലെ ഉത്തരദേശങ്ങളിൽ ഈ പ്രഭയ്ക്കു ദൃഢതയും തീക്ഷ്ണതയും കൂടുന്നതുകൊണ്ട് ‘ഉത്തരദീപ്തി’ എന്നും ചില സമയം അതു കൊടിക്കൂറയുടെ ആകൃതിയിൽ കാണപ്പെടുന്നതുകൊണ്ട് ‘ദീപ്തിപതാക’ എന്നും അതിനെ വിളിച്ചുവരാറുണ്ട്. ഈ ദീപ്തിവിശേഷത്തിന്റെ ആകൃതി പലവിധത്തിലുണ്ട്; ചില സമയങ്ങളിൽ അന്തിപ്രകാശത്തോടുകൂടിയ അനേകായിരം ഉൽക്കകൾ ഏകോപിച്ച് അർദ്ധചന്ദ്രാകാരേണ ചക്രവാളത്തിൽ വന്നുവീഴുന്നതുപോലെയും, ചിലപ്പോൾ അച്ചുതണ്ടിൽനിന്നു പുറപ്പെടുന്ന അരങ്ങളുടെ മാതിരിയിൽ ഭൂവലയത്തിൽനിന്നു ലക്ഷോപലക്ഷം ബാണങ്ങൾ കൊളുത്തിവിട്ടാലത്തെപ്പോലെയും, ചില കാലത്ത് ഉൽക്കകളും ബാണങ്ങളും ഇടതൂർന്നു കലർന്നപോലെയും, അപൂർവ്വം ചിലപ്പോൾ ദേഹത്തിൽനിന്നു ചിന്നിച്ചിതറുന്ന രശ്മികളോടുകൂടിയ സർപ്പത്തിന്റെ ആകൃതിയിൽ വളഞ്ഞും പുളഞ്ഞും മറ്റു പല പ്രകാരത്തിലും ഭംഗ്യന്തരേണ കാണാവുന്നതാണ്. അതിന്റെ നിറം സാധാരണ അരുണോദയവർണ്ണത്തോടു തുല്യമാകുന്നു. എന്നാൽ അതിനും സമയഭേദം പോലെ അല്പാല്പം വ്യത്യാസം കാണുന്നുണ്ട്. ധ്രുവദീപ്തി പ്രകാശിച്ചുതുടങ്ങുമ്പോൾ വടക്കുഭാഗത്തുള്ള ഒരു നേരിയ മേഘമൂടലിൽനിന്നു പുറപ്പെടുന്നതുപോലെയാണു തോന്നുക. മേഘത്തിന്റെ മേലതിരു അല്പം വെളുത്തും കീഴതിരു കനത്തും കറുത്തും ഇരിക്കും. ഉപരിഭാഗത്തിൽക്കൂടിയാണ് രശ്മിക്കൂട്ടങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. രശ്മികൾക്ക് ഒരു വിറയലും ചിലപ്പോൾ അടുത്തുള്ള വായുമണ്ഡലത്തിൽ പട്ടുശീലകൾ തമ്മിൽ ഉരസ്സുമ്പോൾ ഉണ്ടാകുന്ന ശബ്ദമ്പോലൊരു ശബ്ദവുമുണ്ടായിരിക്കും. സാധാരണ ആറേഴു നാഴിക രാച്ചെല്ലുമ്പോൾ പ്രകാശിക്കുവാൻ തുടങ്ങി ഒന്നുരണ്ടു യാമങ്ങളോ ചിലപ്പോൾ രാവു മുഴുവനുമോ ഈ ദീപ്തി നിലനിൽക്കാറുണ്ട്.
യൌവനാരംഭം
തിരുത്തുകപലവടിവും വന്നു ചമഞ്ഞു തലമുടിയും വന്നു തികഞ്ഞു
മുലയിണയും മാറു കവിഞ്ഞു മലർശരനും മെല്ലെയണഞ്ഞു
ശിശുത കഴിഞ്ഞു വശത വഴിഞ്ഞു മറവുമൊഴിഞ്ഞു മനമതഴിഞ്ഞു
കിളിമൊഴി താനൊന്നു പകർന്നൂ കളി പുതുമയ്ക്കാശ വളർന്നൂ
കളിവചനപ്രൌഢി മുതിർന്നൂ നളനൃപതേ കാമമുയർന്നൂ
മിഴികൾ വിടർന്നൂ വഴിയിലമർന്നൂ അഴകുകലർന്നൂ കഴലിണ ചേർന്നൂ
പ്രിയസഖിമാരോടുമിണങ്ങീ പ്രിയതമനെച്ചിന്തതുടങ്ങീ
പ്രിയമധുരം വാക്കിലിണങ്ങീ പ്രിയമിദമെന്നോർത്തു വണങ്ങീ
കഥകൾ തുടങ്ങീ കപടമടങ്ങീ കളികൾ തുടങ്ങീ കമനി വിളങ്ങീ
പല ചരിതം കേട്ടു രസിച്ചും പല കുതുകം വന്നു ഭവിച്ചും
പല പദവും കേട്ടു രസിച്ചും പല ഗുണവും ചേർന്നു വസിച്ചും
മദനനുദിച്ചൂ മദമതിളച്ചൂ മനസി രസിച്ചു അവിടെ മറച്ചു.
ഗൃഹിണീകലഹം
തിരുത്തുകനായർ വിശന്നു വലഞ്ഞു വരുമ്പോൾ
കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതു കേട്ടു കലമ്പിച്ചെന്ന-
ങ്ങായുധമുടനെ കാട്ടിലെറിഞ്ഞു.
ചുട്ടുതിളയ്ക്കും വെള്ളമശേഷം
കുട്ടികൾ തന്നുടെ തലയിലൊഴിച്ചു;
കെട്ടിയ പെണ്ണിനെ മടികൂടാതെ
കിട്ടിയവടികൊണ്ടൊന്നു പിടച്ചു;
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു;
ഉരലു വലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു;
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞിട്ടവ-
നപ്പുര ചുറ്റും പാഞ്ഞുനടന്നു.
നായാട്ട്
തിരുത്തുകവാതവേഗങ്ങളാം മാനും കലകളും
മാത്മ്ഗയൂഥവും സിംഹഗണങ്ങളും
വള്ളിപ്പുലികൾ വരിയൻ പുലികളും
പുള്ളിപ്പുലികൾ കരിമ്പുലിക്കൂട്ടവും
വള്ളിക്കുടിലകത്തുള്ളിൽ കടന്നങ്ങു
തുള്ളിക്കളിക്കുന്ന പുള്ളിമാൻപേടയ്ക്കു
കൊള്ളിക്കുമാറുള്ള ബാണം പ്രയോഗിച്ചു
കൊല്ലുന്ന കാട്ടാളജാതിയെക്കാൺകയാൽ
ഉള്ളിൽ ഭയം പൂണ്ടു മണ്ടും മൃഗങ്ങളെ-
ത്തായത്തിലെത്തിപ്പിടിച്ചു കടുക്കെന്നു
വായിലാക്കിക്കൊണ്ടു പാഞ്ഞുപോകും കടു-
വായും പുലികളും ചെന്നു വലകളിൽ
ചാടിക്കടന്നുഴന്നീടുന്ന നേരത്തു
പാടെ മുറിപ്പാനൊരുമ്പെട്ടുറച്ചുടൻ
ഓടിവന്നീടുന്ന വേടൻ കണകൊണ്ടു
പാടനം ചെയ്തു വധിക്കും പ്രകാരവും
പേടിച്ചൊളിക്കുന്ന ചെമ്പുലിക്കൂട്ടങ്ങ-
ളോടെ കലമ്പുവാനായ് വന്നടുത്തിടും
എട്ടടിമാനിനെപ്പെട്ടെന്നു കുന്തത്തി-
ലിട്ടു കളിപ്പിച്ച കാട്ടാളവീരന്റെ
ചട്ടറ്റ വിക്രമം കണ്ടു പുകഴ്ത്തുന്ന
കാട്ടാളരാജനും കൂട്ടരുമൊക്കവേ
വേട്ടയ്ക്കു കോപ്പുകൾ കൂട്ടിപ്പുറപ്പെട്ടു
കാട്ടിൽ പരന്നതും കണ്ടു വൃകോദരൻ.
ഒരു വായനശാല
തിരുത്തുകവക്കീലന്മാർ ഇരുന്നു വായിക്കാറുള്ള ക്ലബ്ബ് തേടിപ്പുറപ്പെട്ട താശ്ശൻമേനവൻ ചെന്നുകയറിയ മഠം മുമ്പത്തേതിലും വളരെ ജീർണ്ണിച്ചിരുന്നു. കിഴക്കുവശം മുമ്പ് ഒരു ചുവരുണ്ടായിരുന്നത് ഇടിഞ്ഞുവീണ സ്ഥിതിയിൽ കിടക്കുന്നു. കാറ്റിന്റേയും മഴയുടേയും അസഹ്യത തടുക്കാൻ ആ ചുവരുണ്ടായിരുന്ന സ്ഥലത്ത് ഒരു ഓലപ്പായ് കെട്ടിത്തൂക്കിയിരുന്നു. ആ തൂക്കിയ പായ് പൊന്തിച്ചുവേണം അകത്തുകടപ്പാൻ. താശ്ശൻ മേനവൻ പായ് പൊന്തിച്ച് അകത്തേക്കു തലയിട്ടു നോക്കിയപ്പോൾ മുമ്പു താനും പല വഴിപോക്കരും ഉണ്ണാനിരുന്നിരുന്ന മുറിയിൽ എട്ടുപത്തു വക്കീലന്മാർ ഘനത്തോടെ വർത്തമാനക്കടലാസുകളേയും പുസ്തകങ്ങളേയും വായിക്കുന്നതു കണ്ടു. മുമ്പ് താശ്ശൻമേനവൻ താമസിച്ചിരുന്ന കാലത്ത് ഈ മുറിയിൽ ഇപ്പോൾ കാണുംപോലെയുള്ള വെളിച്ചമുണ്ടായിരുന്നില്ല. ഇത് ഈ മുറിക്കു വലിയ ജാലകങ്ങൾ പിന്നീടുണ്ടാക്കിച്ചതുകൊണ്ടാണെന്നു ശങ്കിക്കരുത്. മേൽപ്പുര കെട്ടാൻ സമയപ്രകാരം വരിപ്പണം കിട്ടാത്തതുകൊണ്ട് പുരയുടെ ഓല അവിടവിടെ ദ്രവിച്ചു നശിച്ചുണ്ടായ ദ്വാരങ്ങളിൽക്കൂടി സൂര്യരശ്മി ധാരാളമായി അകത്തുപ്രവേശിച്ചുണ്ടായ വെളിച്ചമാണു കാണപ്പെട്ടത്. വൃത്താകൃതിയിലുള്ള ഈ രശ്മികളിൽ ചിലത് അവിടെയിരിക്കുന്ന ചില യോഗ്യന്മാരുടെ കഷണ്ടിമണ്ടയിൽ തട്ടുന്നതിനെ അവർ വേഷ്ടിയാലും തുവർത്തുമുണ്ടിനാലും തൽക്കാലം ആച്ഛാദനംചെയ്തുകൊണ്ട് ഗാംഭീര്യത്തിന് ഒട്ടും കുറവില്ലാതെ വായിക്കുന്നുണ്ട്. ഈ അറയുടെ നടുവിൽ ഒരു മേശ ഇട്ടിട്ടുള്ളതിന് മൂന്നു കാലുകളേ ഉള്ളു. ബാക്കിയുള്ള ഭാഗം കല്ലുകളും മരക്കഷണങ്ങളും മേൽക്കുമേൽ നിരത്തിവെച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. മേനവൻ അന്വേഷിച്ചുപോയ വക്കീൽ ശാമുമേനവൻ അവർകൾ ഇരിക്കുന്നത് ഒരു പഴയ കതകുപലകമേൽ ആയിരുന്നു. ആ പലക ഉറപ്പിച്ചിരിക്കുന്നത് പണ്ടത്തെ ക്ലബ്‌ഹൌസുകാരൻ പട്ടർ കെട്ടിച്ചിരുന്ന അടുപ്പുകല്ലുകൾ പൊളിച്ച് അതിന്മേലായിരുന്നു. പ്രസിദ്ധനായ വക്കീൽ കർപ്പൂരയ്യനും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇരിപ്പ് ശാമുമേനവനെക്കാളും ഭേദമായിരുന്നു. ‘ഈസിച്ചെയർ’ എന്നു പറയുന്ന ഒരു ചാരുകസാലയുടെ ഒരംശം എന്നുവച്ചാൽ വളരെ കുറച്ചേ ബാക്കിയുള്ളു; കൈകളും കാലുകളും വയ്ക്കുന്ന രണ്ടു തണ്ടുകളും അതിന്റെ കുറ്റികളും ചാരുന്ന ഭാഗം പകുതിയും പൊളിഞ്ഞുപോയിരുന്നു. ചാരിക്കിടക്കുന്ന ഭാഗത്ത് ബാക്കിയുള്ള ഇരുപ്പിൽ ചൂരൽ മുഴുവനും പോയ്പ്പോയിരുന്നു. കഷ്ടിച്ച് ഇരിക്കാനുള്ള സ്ഥലത്തുമാത്രമേ ചൂരൽ ഉള്ളു; കാൽ നാലും ഉണ്ട്. എന്നാൽ അതിൽ ഒന്നിന് ഇളക്കമോ കേടോ ഉണ്ടെന്നു കർപ്പൂരയ്യർ വായിക്കുന്നതിനിടയിൽ ബദ്ധപ്പെട്ടു കൂടെക്കൂടെ നോക്കുന്നതു കണ്ടു നിശ്ചയിക്കാം. വായിക്കുന്നതിൽ ഒന്നു രണ്ടാൾ മുറിയുടെ നടുവിലിട്ടിരിക്കുന്ന മേശയുടെ വക്കിൽ സന്ധിച്ചിരുന്നു. ഒരാൾ മൂന്നു കാലുകൾ മാത്രമുള്ള ഒരു ചെറിയ കസാലമേലിരുന്നു വീഴാതിരിപ്പാൻ ഇടത്തേ കൈകൊണ്ട് ഒരു ചെറിയ ജനലിന്റെ അഴി മുറുകെ പിടിച്ചിരുന്നു. മറ്റൊരു യോഗ്യൻ; ക്ലബ്ബുകാരൻ പട്ടരു പോട്ടെയെന്ന് ഇട്ടുപോയിരുന്ന അരിപ്പെട്ടിയിന്മേലും, വേറൊരാൾ അടുക്കളയുടെ മുറിമണ്ണിന്മേലും ഇരുന്നു ബദ്ധപ്പെട്ടു വായിക്കുന്നുണ്ട്. ഇപ്രകാരമുള്ള ക്ലബ്ബിൽ താശ്ശൻ മേനവൻ പ്രവേശിച്ച് തന്റെ വക്കീലിനോട് ഒരു നക്കൽ കുറിക്കാൻ ആവശ്യപ്പെട്ടതിൽ കടലാസില്ലാതെ മദ്രാസ് ലാ ജർണലിൽ ആദ്യത്തെ ഒഴിവുള്ള കടലാസും അയൽമഠത്തിൽ ചോറ്റുകച്ചവടക്കാരന്റെ കുറ്റിപ്പേനയും ഒരു ചിരട്ടക്കഷണത്തിൽ മഷിയും താശ്ശന്മേനവൻ തന്നെ തയ്യാറാക്കിക്കൊടുക്കേണ്ടിവന്നു.
വൈത്തിപ്പട്ടർ
തിരുത്തുകപൂഞ്ചോലക്കര ഇടത്തിലെ ആശ്രിതനും തെക്കഞ്ചരക്കുവ്യാപാരക്കാരനുമായിരുന്ന വൈത്തിപ്പട്ടർ കാഴ്ചയിൽ വളരെ വിരൂപനായിരുന്നു. ദേഹം കറുത്ത മഷിയുടെ വർണ്ണം; പിൻകുടുമ നരച്ച് എലിവാൽപോലെ അല്പം തൂങ്ങിക്കിടക്കുന്നു. മുഖം അതിവിരൂപം തന്നെ. വസൂരിക്കല നിറഞ്ഞിരുന്ന മുഖത്തിൽ വാർദ്ധക്യത്താൽ പല്ലുകൊഴിഞ്ഞുപോയതു നീക്കി രണ്ടുനാലെണ്ണം മാത്രം വായിൽ ഒതുങ്ങാത്തവിധം നീണ്ടു വൈത്തിപ്പട്ടർക്കും കാണുന്നവർക്കും ഒരുപോലെ സങ്കടം ജനിപ്പിച്ചു മ്ലേച്ഛമായ സ്ഥിതിയിൽ നിൽക്കുന്നുണ്ട്. കണ്ണുകൾ സ്വഭാവേന അകത്തോട്ടു വലിഞ്ഞ് അശേഷം പ്രകാശമില്ലാതെ ഇരുന്നുവെങ്കിലും ഇടയ്ക്കിടെ മിഴികൾക്കു സർപ്പദൃഷ്ടിപോലെ ഒരു വിഷമചേഷ്ടയുണ്ടായിരുന്നു. വല്ല സാധനത്തേയും സൂക്ഷ്മമായി നോക്കുമ്പോഴും ശുഷ്കാന്തിയോടെ വല്ലതും സംസാരിക്കുമ്പോഴും മനസ്സുകൊണ്ടു വല്ലതും ആലോചിക്കുമ്പോഴും വ്യസനമോ സന്തോഷമോ ആശ്ചര്യമോ ഉണ്ടാകുമ്പോഴും ഉള്ളിൽ വലിഞ്ഞു കുണ്ടിൽക്കിടക്കുന്ന ഈ കണ്ണുകൾ മുന്നോട്ടു തുറിച്ചുവന്നു വലുതായി മിഴികൾ രണ്ടും നാസികയുടെ രണ്ടു ഭാഗത്തും തൊട്ടുംകൊണ്ടു നിശ്ചലമായും അധോമുഖമായും നിൽക്കും. പ്രകൃതിയിൽ ലേശം ജീവനില്ലാത്ത വൈത്തിപ്പട്ടരുടെ ഈ കണ്ണുകൾക്ക് ഇങ്ങനെ ഒരു വികൃതി ഉണ്ടായിരുന്നു. ഈ സർപ്പദൃഷ്ടി ഉണ്ടാകുന്ന സമയങ്ങളിൽ അയാളുടെ മുഖം അത്യന്തം രൂക്ഷമായും ഇരിക്കും. മുഖം നോക്കിയാൽ ആർക്കും ഭയം തോന്നും; ഒരു സർപ്പം ഫണമുയർത്തി ക്രോധത്തോടെ കടിക്കാൻ ഭാവിക്കുന്നതുപോലെ തോന്നും. എന്നാൽ ഈ കണ്ണുകളുടെ വികൃതചേഷ്ട ക്രോധത്തിൽ മാത്രമല്ല ഉണ്ടാകുന്നത്. സന്തോഷത്തിലും സന്താപത്തിലും എന്നുവേണ്ട, മനസ്സിന്റെ സാധാരണഗതിക്കു ലേശമെങ്കിലും ഭേദം വന്നാൽ സർപ്പദൃഷ്ടിയും ഉണ്ടായി. അതുകൊണ്ട് അധികസമയവും ഇയ്യാളുടെ ദൃഷ്ടികൾ സർപ്പദൃഷ്ടിയിൽത്തന്നെയാണു നിൽക്കുന്നത്. ശരീരം കൃശമായി ഉൾവലിഞ്ഞ് കത്തിക്കരിഞ്ഞ ഒരു വിറകിൻകൊള്ളിപോലെ ഇരുന്നു. ആകപ്പാടെ പട്ടരുടെ ആകൃതി ഒരു പിശാചിന്റെ ആകൃതിതന്നെ എന്നുപറയാം.
സ്വഭാവവർണ്ണനയ്ക്ക് ഇന്ദുലേഖയിലെ സൂരിനമ്പൂരി, കേശവൻനമ്പൂരി മുതലായവരെ നോക്കുക.
ഒരു നക്രനിഗ്രഹം
തിരുത്തുകനേരം പ്രകാശമായി. നക്ഷത്രങ്ങളുടെ വെളിച്ചം കൊണ്ടുമാത്രം കുറേശ്ശെ കണ്ടിരുന്ന കെട്ടിടങ്ങളും മറ്റും അധികമധികമായ കാഴ്ചയിൽ വന്നു തുടങ്ങി. ഒരുനാഴിക വഴി ദൂരം കായൽ-വക്കുവരെ തോക്കും താങ്ങി മുറുകി നടന്നതുനിമിത്തം ചൂടുപിടിച്ചു വിയർത്ത ശരീരത്തിന്മേൽ കുപ്പായത്തിനുള്ളിൽക്കൂടി കടന്നു തടവുന്ന കുളിർകാറ്റും, നാലുപുറവും നേത്രാനന്ദകരങ്ങളായ കാഴ്ചകളും, തിരമാലകളുടെ മുകളിൽക്കൂടി പൊങ്ങിയും താണുംകൊണ്ടു പായുന്ന വഞ്ചിയിൽ ഊഞ്ഞാലാടിക്കൊണ്ടുള്ള ഇരുപ്പും, കണ്ടൻകോരൻ കൂട്ടരുടെ വഞ്ചിപ്പാട്ടും, അരുണോദയസമയവും എല്ലാംകൂടി ചേർന്നപ്പോൾ ഞങ്ങളുടെ മനസ്സിലുദിച്ച ഒരു പ്രത്യേക ആനന്ദവും ആഹ്ലാദവും ഇന്നപ്രകാരമായിരുന്നു എന്നു പറവാൻ പ്രയാസം. വെണ്ടുരുത്തിയുടേയും എറണാകുളത്തിന്റേയും മദ്ധ്യത്തിൽക്കൂടി തെക്കോട്ടേക്കു പോയിക്കൊണ്ടിരുന്ന വഞ്ചി പുഴയിൽനിന്നു കിഴക്കോട്ടു തിരിയുന്ന ഒരു ചെറിയ തോട്ടിലേക്കു കടന്നു. അപ്പോൾ ആകാശത്തിന്റെ പൂർവദ്വാരം തുറന്ന് ഞങ്ങൾക്കഭിമുഖനായി പ്രവേശിച്ച സൂര്യൻ തന്റെ കനകരശ്മിപ്രവാഹത്താൽ ലോകം മുഴുവനും പെട്ടെന്നൊന്നു കുളിർപ്പിച്ചു. മേലേക്കുമേലേ കട്ടകട്ടയായി മുറിഞ്ഞുപിടിച്ചുനിൽക്കുന്ന അഞ്ചോ ആറോ കാലുകളിന്മേൽ കിടക്കുന്ന ഒരു പഴയ മരപ്പാലത്തിന്റെ കണ്ണിൽക്കൂടി കടന്ന് ആ തോട്ടിന്റെ കിഴക്കേ അറ്റത്ത്, കാച്ചുതുടങ്ങിയതും തുടങ്ങാറായതുമായി മദിച്ചുനിൽക്കുന്ന അനവധി തെങ്ങിൻതൈകളാൽ സാമാന്യം നാലുപുറവും ഇടതിങ്ങി ചുറ്റപ്പെട്ടതും, സ്വർണ്ണപച്ചവർണ്ണമായ ഇലകൾ ഇടതൂർന്നു വളർന്നുകൂടിയ കണ്ടൽച്ചെടികളാൽ മൂടപ്പെട്ടതുമായ വെള്ളത്തിൽ അവിടവിടെ വലിയ പച്ചക്കല്ലുകൾ പതിച്ചപോലെ കിടക്കുന്ന ചിലതുരുത്തുകളാൽ മദ്ധ്യഭാഗങ്ങൾ അലങ്കരിക്കപ്പെട്ടതും ആയ ഒരു തുറന്ന കായലിലേക്കു ഞങ്ങൾ പ്രവേശിച്ചിട്ട്, ആ തുരുത്തുകളിലെ കണ്ടൽച്ചെടികളുടെ ഇടയിൽനിന്ന് തപോവിഘ്നം വന്ന അനവധി വൃദ്ധക്കൊക്കുകൾ കൂട്ടംകൂട്ടമായി ‘ക്രോ ക്രോ’ എന്ന് ഞങ്ങളെ ശപിച്ചുകൊണ്ട് മേല്പോട്ടുയർന്നു തലയ്ക്കുമീതെ കശപിശയായി പറക്കത്തക്കവണ്ണം അവയുടെ സമീപത്തുകൂടി വഞ്ചിവലിച്ചുകയറി. ആ കായലിന്റെ മറുകരയിലുള്ള മറ്റൊരു തോട്ടുമ്മുഖത്തു ഞങ്ങൾ എത്തി. ആ തോട്ടിന്റെ രണ്ടരുകിലും കൈകൊണ്ട് എത്തിപ്പറിക്കാവുന്നതും കൊതി തോന്നിക്കുന്നതും ആയി സ്വർണ്ണകുംഭങ്ങളെപ്പോലുള്ള അനവധി ഫലഭാരങ്ങളെ കുലകുലയായി വഹിച്ചുംകൊണ്ട് ആകാശദേശത്തിൽ പരസ്പരം കരഗ്രഹണം ചെയ്ത് സൂര്യരശ്മിയെ തടഞ്ഞുനിൽക്കുകനിമിത്തം തോട്ടിന്ന് ഒരു നടപ്പുരകെട്ടി അലങ്കരിച്ചപോലെയും നിൽക്കുന്ന തെങ്ങിൻതൈകളുടെ ഇടയിൽക്കൂടി ആ തോട്ടിന്റെ മറുതല പിടിച്ചു. അവിടെ തോട്ടിലേക്കു മുഖമായി കെട്ടിയിട്ടുള്ള ഒരു ചെറിയ ഓലമേഞ്ഞപുരയിൽ ഭസ്മംനനച്ചു കെട്ടുകെട്ടായി കുറിയിട്ട് സ്വാമിയാന്മാരെപ്പോലെയിരിക്കുന്ന അഞ്ചാറുകുപ്പികളെ കണ്ടപ്പോൾ കണ്ടൻകോരൻ കൂട്ടർക്കു തല തരിച്ചു. അവർ പോയി അല്പം ‘വെള്ളം’ കുടിച്ചുവന്നു. ഉത്സാഹം ഒന്നുകൂടി വർദ്ധിച്ചു. മേല്പ്രകാരം ചില കായലും പുഴയും തോടും കടന്ന് ഏകദേശം പത്തുമണിയായപ്പോഴേക്ക് ഞങ്ങൾ ഒരു ദിക്കിലെത്തി. അവിടെ അതിവിശാലമായ വേറൊരു കായൽ. നടുക്ക് കണ്ടൽച്ചെടികളാൽ വേലി കെട്ടപ്പെട്ട വൃത്താകാരമായ ഒരു തുരുത്ത്. കരയ്ക്കു നാലുപുറവും സ്വർണ്ണക്കതിരുകളോടുകൂടിയ നെല്ലു വിളഞ്ഞുനിന്നുകൊണ്ട്, പരവതാനിവിരിച്ചതുപോലെ കിടക്കുന്ന പാടങ്ങൾ. ഞങ്ങൾ ഉദ്ദേശിച്ചു പുറപ്പെട്ടിട്ടുള്ള സ്ഥലം ഇതാണ്. ഈ കായലിൽ മുതലകൾ ഉപ്പിലിട്ടതുപോലെയാണ് കിടപ്പ്. വിശേഷിച്ച്, അതിന്നടുത്ത കരകളിൽ പാർക്കുന്ന ചോവന്മാരുടേയും മാപ്പിളമാരുടേയും വക അസംഖ്യം താറാവ്, കോഴി, പന്നി, ആട്, മാട് ഇവകൾക്കു പുറമേ അവരിൽ അനേകംപേരുടെ കുട്ടികളേയും പ്രത്യേകിച്ച് നമ്മുടെ കണ്ടൻകോരന്റെ എഴുപതുവയസ്സായ തള്ളയേയും പിടിച്ചുകൊണ്ടുപോയി തിന്നതുനിമിത്തം ആ പ്രദേശക്കാർക്കു മുഴുവനും വലിയ ഭയം ജനിപ്പിച്ചതുകൊണ്ട് ആ മുതലകൾക്കെല്ലാം തലവനായി വാഴുന്ന ‘ഭീമച്ചൻ’ എന്നു പേരായ ഒരു വലിയ മുതലയും ആ കായലിൽത്തന്നെയാണു കിടപ്പ്. അവന്റെ അക്രമത്തെപ്പറ്റിയുള്ള കഥകൾ അറിയാത്തവർ അവന്റെ അധികാരത്തിനകത്തു പാർക്കുന്നവരിൽ ആരും തന്നെയില്ല. ഞങ്ങളുടെ അന്നത്തെ അവസ്ഥ നക്രസംഹാരത്തിനു പുറപ്പെട്ട ചക്രപാണിയുടെ അവസ്ഥ തന്നെ. കാലേകൂട്ടി കണ്ടൻകോരൻ മുഖാന്തിരം അവിടെ ഏതാനും വാലന്മാരേയും മാപ്പിളമാരേയും വഞ്ചി, വല, ചാട്ടുളി, കുന്തം മുതലായ സാമഗ്രികളോടുകൂടി ശട്ടംകെട്ടീട്ടുണ്ടായിരുന്നു. കായലിന്റെ തെക്കുവശത്തുള്ള കരവിട്ട് ഏകദേശം പത്തുപതിനഞ്ചു വാര വെള്ളത്തിലേക്കു തള്ളിനിന്നിരുന്നതും വെള്ളംവിട്ടു മേൽപ്പോട്ടേക്കു വളഞ്ഞുപിരിഞ്ഞു ‘കൊക്രിക്കോയി’ എന്നു നിൽക്കുന്ന വേരുകളോടുകൂടിയതുമായ കണ്ടലിന്റെ സമീപത്തുണ്ടായിരുന്ന ഒരു ‘കയ’ മാണ്, ഭീമച്ചന്റെ സാധാരണവാസസ്ഥലം.
“ |
|
” |
എന്നു താടകയെ ഉദ്ദേശിച്ച് പണ്ടു വിശ്വാമിത്രൻ പറഞ്ഞതുപോലെ ആ കയത്തിന്റെ സമീപത്തുകൂടെ എന്നുവേണ്ട, കായലിന്റെ തെക്കുവശത്തു കൂടിത്തന്നെ ഭീമച്ചനെ പേടിച്ചു വഞ്ചിക്കാർ സഞ്ചരിക്കാറില്ല. ഭീമച്ചൻ പകൽ മുഴുവൻ സാമാന്യം തന്റെ കയത്തിൽത്തന്നെയാണ് ഇരിപ്പ്. പക്ഷേ, ഇടയ്ക്കിടയ്ക്കു കാറ്റുകൊള്ളുവാനോ പുറത്തുനടക്കുന്ന വർത്തമാനങ്ങൾ അറിവാനോ എന്നറിഞ്ഞുകൂടാ, മൂപ്പർ വെള്ളത്തിനുമീതെ കുറേശ്ശെ തല പൊക്കാറുണ്ടത്രെ. രാത്രിയായാലാണ് കരയ്ക്കുകയറി രാജഭോഗം പിരിപ്പാനുള്ള എഴുത്ത്. ഭീമച്ചനെ കുടുക്കുവാൻ ഞങ്ങൾ കാലേകൂട്ടി തീർച്ചയാക്കിയിരുന്ന പ്ലാൻപ്രകാരം കയത്തിന്റെ കിഴക്കും പടിഞ്ഞാറും ഓരോ കാലവലയിട്ട് വലയുടെ തലക്കയറുകൾ ജാഗ്രതയായി പിടിച്ചു വേണ്ടാപ്പോലെ പ്രവർത്തിക്കുവാൻ നാലുതലയ്ക്കലും കൂടി നാലു വലിയ വഞ്ചികളിൽ വഞ്ചിയൊന്നിനു മുമ്മൂന്നാളുകൾ വീതം ഇങ്ങനെ ഈരണ്ടുപേർ കയറുപിടിപ്പാനും ഓരോരുത്തൻ വഞ്ചിതുഴഞ്ഞു വേണ്ടപോലെ നടത്തുവാനുമായി പന്ത്രണ്ടുപേരും, ആ നാലു വഞ്ചികളിലും വേറെയും അഞ്ചാറു വഞ്ചികളിലുംകൂടി ചാട്ടുളി മുതലായ ആയുധങ്ങളോടുകൂടി പത്തുമുപ്പതുപേരും എല്ലാം കൂടി ആ കയം വളഞ്ഞു. തെക്കേ കരയോടു ചേർന്ന ഭാഗം മാത്രം ഒഴിച്ചുവിട്ടു. കിഴക്കും പടിഞ്ഞാറും രണ്ടുവലകളും വടക്കുഭാഗത്തു നിരത്തിപ്പിടിച്ചു വഞ്ചികളും അതിൽ കിഴക്കേത്തലയ്ക്ക് ഒരു വഞ്ചിയിൽ ഞാനും പടിഞ്ഞാറേത്തലയ്ക്കൽ ഒരു വഞ്ചിയിൽ മിസ്റ്റർ മേനോനും വേണ്ട ഒരുക്കത്തോടുകൂടി നിന്നിരുന്നു. പടിഞ്ഞാറെ വല പതുക്കെപ്പതുക്കെ വലിച്ചു കിഴക്കേതിനോടടുപ്പിക്കാൻ ശ്രമം തുടങ്ങി. വരട്ടെ; അതാ കറുത്ത പാറക്കല്ലുപോലൊരു വസ്തു മുമ്പിൽ ഏകദേശം മുപ്പതുവാര അകലെ വെള്ളത്തിന്മീതെ പൊങ്ങി. ഠെ, ഠൊ! ഞങ്ങൾ രണ്ടാളുകളുടേയും തോക്കിന്റെ വലത്തേക്കുഴലുകൾ ഒപ്പമൊഴിഞ്ഞു. മൂക്കിൽപ്പല്ലന്റെ മൂക്കിൽനിന്ന് ഒരു കഷണം മേല്പോട്ടു തെറിച്ചു വെള്ളത്തിൽ വീണു. സംശയമില്ല, ഒരു മിന്നിട്ടു കഴിയുമ്പോഴേക്കു കിഴക്കേ വല പിടിച്ചിട്ടുള്ളവരുടെ കൈയിൽ നിന്നും വലയക്കയറുകൾ വലിഞ്ഞുതുടങ്ങി. അവർ കയറുകളെ വെട്ടിപ്പിടിച്ചുകൊണ്ട് പടിഞ്ഞാട്ടേക്കു വലിച്ചുതുടങ്ങി. വലയും വഞ്ചിയും വഞ്ചിക്കാരുമെല്ലാം ഒന്നായി കിഴക്കോട്ടേക്കുതന്നെ. പടിഞ്ഞാറേവല കിഴക്കേതിനോടു ക്രമേണാ ആടുപ്പിച്ചു. രണ്ടു വലകളും നല്ലവണ്ണം അടുത്തതിന്റെ ശേഷം അതിന്നുള്ളിൽ കള്ളനെ കുടുക്കി ഭേദ്യം ചെയ്യാമെന്നായിരുന്നു ഞങ്ങളുടെ വിചാരം. വലകൾ ഏകദേശം പത്തുവാര അടുത്തു. വലിയ പല്ലുകളോടുകൂടിയ ഒരു ഊക്കൻ അറക്കവാൾ മേല്പോട്ടു പൊങ്ങി ആഞ്ഞുവളഞ്ഞു വെള്ളത്തിൽ ഒരുപിടപിടച്ചു. ‘വലി’, ‘വലി’, ‘പിടിച്ചോ’, ‘പിടിച്ചോ’ എന്നും ‘അയ്യോ’, ‘അയ്യോ’ എന്നും ഉറക്കെ അഞ്ചാറു ശബ്ദങ്ങൾ ഒന്നിച്ചുകേട്ടതും, കിഴക്കേ വലക്കയറുകളുടെ പിടി വിട്ടുപോയതും അവരുടെ വഞ്ചി നടത്തുന്ന രണ്ടുപേരുടേയും പങ്കായം തെറിച്ചതും, രണ്ടു വഞ്ചികളും വെള്ളത്തിൽ മറിഞ്ഞതും ഒപ്പം കഴിഞ്ഞു. മറ്റുള്ളവർ വേഗം ചെന്ന് വഞ്ചികൾ പിടിച്ചു മലർത്തി വെള്ളത്തിൽ വീണവരെ എടുത്തു കേറ്റി; വലകൾ അടുപ്പിക്കാൻ തുടങ്ങിയതോടുകൂടി മുൻഭാഗത്തേക്കു കടന്നുചെന്ന് മൂന്നുനാലു വഞ്ചിയിലുണ്ടായിരുന്നവർ അതാ ‘അതാ കൊടുക്കു’ എന്ന് കള്ളൻ വാലിട്ടു പിടച്ചു വലയുടെ പുറത്തു ചാടിയപ്പോൾ നിലവിളി കൂട്ടുന്നതിനിടയ്ക്ക് ‘ഇതും കൊണ്ടുപോ സമ്മാനം’ എന്നു വഞ്ചിയിൽ നിന്നേടത്തു നിന്നുകൊണ്ട് ഒരു ചാട്ടം ചാടിയ കണ്ടൻകോരന്റെ കൈയിലുണ്ടായിരുന്ന ചാട്ടുളി വെള്ളത്തിനുള്ളിലേക്ക് ഊക്കോടുകൂടി പ്രവേശിച്ചു; ഉളിയേറു കൊണ്ടയുടനെ വെള്ളത്തിന്റെ മേൽപ്പോട്ടേയ്ക്കൊന്നു പൊങ്ങി. രണ്ടാമതും ഉള്ളിലേക്കുതന്നെ ആ വലിയ ജന്തു താണപ്പോൾ ഉണ്ടായിരുന്ന ചുഴിയിൽപ്പെട്ട് കണ്ടൻകോരന്റെ വഞ്ചി മറിയാഞ്ഞതു ഭാഗ്യം. രണ്ടുണ്ടയും ഒരുളിയും ഭീമച്ചന് സമ്പാദ്യം. ഉളിയിൽ കെട്ടിയ ചരടിന്റെ മറുതല കണ്ടൻകോരന്റെ കൈയ്ക്കൽ. കണ്ടൻകോരനേയും വഞ്ചിയേയും വലിച്ചുകൊണ്ട് ഭീമച്ചൻ നേറെ കിഴക്കോട്ടേക്കുതന്നെ. കടിഞ്ഞാൺ വെട്ടിപ്പിടിച്ചുകൊണ്ട് ഒരു കുതിരവണ്ടിയിലിരുന്നു പോകുംപോലെ ചരടുപിടിച്ചു വെട്ടിക്കൊണ്ട്, കണ്ടൻകോരൻ വഞ്ചിയിലിരുന്നു സവാരി. ‘പിടിച്ചോ’, ‘വിടണ്ട, വിടണ്ട’ എന്നു പറഞ്ഞുകൊണ്ട് രണ്ടുമൂന്നു വഞ്ചികൾ കണ്ടൻകോരന്റെ സഹായത്തിനടുത്തു. അഞ്ചെട്ടുപേർ ചരടിൽ പിടികൂടി വലിച്ചുതുടങ്ങി. അവരെയെല്ലാം ഇഴുത്തുകൊണ്ട് മുതല പിന്നേയും കിഴക്കോട്ടുതന്നെ. ഞങ്ങളെല്ലാവരും പിന്നാലെ. മുതല വാലുകൊണ്ടു വെള്ളത്തിൽ ‘ഭ്‌ളീം’. ഉളിയുടെ ചരട് ‘റൂം’. കണ്ടൻകോരനും വേറെ രണ്ടുമൂന്നുപേരും വഞ്ചിയിൽ ‘ബ്ലീം’. സാധാരണയായിട്ട് പകൽ തന്റെ കയത്തിനു സമീപസ്ഥലങ്ങൾ വിട്ട് ഭീമച്ചൻ സഞ്ചരിക്കാറില്ലാത്തതുകൊണ്ടും രണ്ടുമൂന്നു മുറിവുകൾ ഏറ്റിട്ടുള്ളതിനാൽ അധികനേരം ഉപ്പുവെള്ളത്തിനുള്ളിൽ കിടന്നുപൊറുക്കുവാൻ നിവൃത്തിയില്ലാത്തതുകൊണ്ടും ഞങ്ങൾ നിന്നിരുന്ന ദിക്കിനടുത്ത് എവിടെയെങ്കിലും അവൻ ഇനിയും പുറത്തേക്കു തല കാണിക്കാതിരിക്കയില്ലെന്ന് ഞങ്ങൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു. മുതല കിഴക്കോട്ടു പോയ വഴിയിൽ ഞങ്ങൾ നിന്ന ദിക്കിൽനിന്ന് ഏകദേശം ആറുവാര അകലെയായി ഒരു കറുത്ത തല പിന്നെയും പൊങ്ങി. മൂന്നുനാലു വഞ്ചിക്കാർ ഒരു വലയുംകൊണ്ട് അതിന്റെ മുമ്പിൽ കടന്നുനിന്നു വല വീശി. കണ്ടൻകോരനും മറ്റുള്ളവരും വഞ്ചികളിൽ ആയുധപാണികളായി മുതല പൊങ്ങിയ ദിക്കിൽനിന്നു കരയിലേക്കുള്ള വഴിയിൽ അവിടവിടെ നിരന്നുനിന്നു. ആ പൊങ്ങിയ തലയ്ക്ക് ഒരുണ്ട കൊടുപ്പാൻ തരമുണ്ടോ എന്നു നോക്കുവൻ വേണ്ടി മിസ്റ്റർ മേനോൻ മുമ്പിലേക്കു കടന്നുചെന്നു. ഞാൻ മുൻപ്രസ്താവിച്ച കണ്ടലിന്റെ മുകളിൽ കയറിനിന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ കരയ്ക്കു വിളഞ്ഞുനിൽക്കുന്ന നെല്ലിന്റെ ഉള്ളിലിരുന്നുംകൊണ്ട് മിസ്റ്റർ മേനോൻ തോക്കുനീട്ടി. പൊങ്ങിയ തല മുങ്ങി. മുമ്പിൽ കൊണ്ടുപോയിട്ടു വല പടിഞ്ഞാട്ടേക്കു വലിച്ചുവലിച്ച് അടുപ്പിച്ചുതുടങ്ങി. എല്ലാവരും തകൃതിയായി തിരഞ്ഞുതുടങ്ങി. ഞാൻ കണ്ടലിന്റെ മുകളിൽ ഇരുന്നുകൊണ്ട് നാലുപുറവും നോക്കിക്കൊണ്ടിരുന്നു. സൂര്യൻ ആകാശത്തിന്റെ മദ്ധ്യപ്രദേശത്തിലേക്കു കേറിത്തുടങ്ങി. കായലിലെ വെള്ളം വെള്ളിത്തകിടുപരത്തിയതുപോലെ പ്രകാശിച്ചു. വെയിലിന്റെ ചൂട് അസഹ്യമായിരുന്നുവെങ്കിലും ഭീമച്ചനെ പിടിപ്പാനുള്ള രസം കൊണ്ട് അത് ഒരു അസഹ്യതയായി തോന്നിയില്ല. നാലുപുറവും മദ്ധ്യാഹ്നസൂര്യപ്രഭയിൽ തിളങ്ങിക്കൊണ്ടിരുന്ന കായലും കണ്ടലും വയലുകളും തെങ്ങുകളും എല്ലാം കൂടി കലർന്ന ആ മനോഹരക്കാഴ്ച നോക്കിക്കൊണ്ടു കുറച്ചുനേരം ആ കണ്ടലിന്റെ മുകളിൽ ഞാൻ നിന്നുപോയി. അപ്പോഴേക്കും അതാ ‘ അതാ കണ്ടലിന്റെ ചോട്ടിൽ’ എന്ന് ആരോ പറയുന്നതുകേട്ട് കീഴ്പോട്ടേക്കു നോക്കിയപ്പോൾ മൂക്കു മുറിഞ്ഞു ചോരയൊലിക്കുന്ന ഭീമച്ചന്റെ തല. ഒരുണ്ട കൊടുപ്പാൻ ഒന്നാന്തരം ലാക്ക്. ശരി; ഒന്നുകൊടുത്തു. നെറുകയിൽത്തന്നെ. കഥ കഴിഞ്ഞിരിക്കണം. രണ്ടുമൂന്നു വഞ്ചിക്കാർ കണ്ടലിന്റെ ചോട്ടിലെത്തി കഴുക്കോലുകൾകൊണ്ട് അടി വരണ്ടിനോക്കി. വാലിട്ടു പിടച്ചുകൊണ്ട് അതിശീഘ്രമായി ഒരു ജന്തു പടിഞ്ഞാട്ടേക്കു നീന്തിപ്പോകുന്നു.
ഭീമച്ചന് പ്രാണവേദന കൊണ്ടു. ഞാൻ കണ്ടലിൽനിന്നു വഞ്ചിയിലിറങ്ങി. അപ്പോഴേക്ക് മിസ്റ്റർ മേനോനും എത്തി. ഞങ്ങൾ എല്ലാവരും കൂടി ഭീമച്ചന്റെ പിന്നാലെ മുറുകെപ്പിടിച്ചു. ഭീമച്ചന്റെ പ്രാണപരാക്രമത്തോടുകൂടിയുള്ള പോക്കും അവനെ പിന്തുടർന്നുകൊണ്ട് കണ്ടൻകോരൻ കൂട്ടരുടെ കൂക്കുവിളിയും ഇടയ്ക്കിടെ കള്ളൻ പുറത്തു തല പൊക്കുമ്പോഴേക്കും തോക്കുകളിൽനിന്നു പുറപ്പെടുന്ന ഠെ! ഠെ! ശബ്ദവും എല്ലാം കൂടി ഒരു വലിയ കോലാഹലം. മേല്പ്രകാരം തുരുത്തിനെ ഒരു പ്രദക്ഷിണം. ആ പ്രദക്ഷിണത്തിൽ രണ്ടാമതും തെക്കുഭാഗത്ത് എത്തിയപ്പോൾ കയത്തിന്റെ കിഴക്കേപ്പുറത്തു വെച്ചിട്ടുണ്ടായിരുന്ന വല കണ്ടിട്ടാണെന്നുതോന്നും ഭീമച്ചൻ വടക്കോട്ടു തുരുത്തിലേക്കു തിരിഞ്ഞു. തുരുത്തിന്റെ അരുകിലുള്ള രണ്ടു കണ്ടലിന്റെ ഇടുക്കിൽ തലയുംവെച്ചു കിടപ്പായി. നേരെ തെക്കുഭാഗത്തുനിന്ന് തലയ്ക്കു ഉന്നംനോക്കി ഞാൻ രണ്ടു കുഴലും ഒപ്പം ഒഴിച്ചു വെള്ളത്തിൽ വാലിട്ടൊരു പിട. ധിമൃതൈ! എന്നൊരു കുട്ടിക്കരണം കണ്ടലിന്റെ ഇടയിൽക്കൂടി മറിഞ്ഞു തുരുത്തിന്റെ ഉള്ളിലേക്ക് ‘ധീം’ എന്നൊരു ചാട്ടം. ഞങ്ങളെല്ലാവരും ആയുധപാണികളായി തുരുത്തിനുള്ളിൽ കടന്നു. അവിടെ മുട്ടുവരെ ചേറുള്ള ഒരുസ്ഥലത്തുകൂടെ ഭീമച്ചൻ ഇഴഞ്ഞുപിടഞ്ഞുകൊണ്ട് ഓട്ടം. പിന്നാലെ കൂക്കുവിളിച്ചുകൊണ്ട് ഓടുന്ന സൈന്യങ്ങളിൽ കണ്ടൻകോരൻ ഉളികൊണ്ടൊരേറ്. നീലാണ്ടൻ കുന്തംവെച്ചൊരു കുത്ത്. ശങ്കു കോടാലികൊണ്ടൊരു കൊത്ത്. ഭീമച്ചന്റെ ഊക്കു ശമിച്ചു; ചേറ്റിൽ പതിഞ്ഞു കിടപ്പായി. മുക്കാലും കഴിഞ്ഞു. കാൽ പ്രാണൻ ബാക്കി. മുഴുവനാക്കുവാൻ ചെകിട്ടാണിക്ക് എന്റെ ഒരുണ്ട - അസ്തു. അളന്നുനോക്കിയപ്പോൾ മൂക്കുമുതൽ വാലിന്റെ അറ്റംവരെ നീളം പതിനാറടി നാലര ഇഞ്ച്. മദ്ധ്യത്തിലെ വണ്ണം എട്ടടി മൂന്നര ഇഞ്ച്.
ശംകുമാരാരുടെ നായാട്ട്
തിരുത്തുകഞങ്ങൾ അഞ്ചുപേർകൂടി മച്ചാട്ടുമലയിൽ ഒരു നായാട്ടിനുപോയി. പുറപ്പെട്ടപ്പോൾ ഞങ്ങളുടെകൂടെ ശംകുമാരാരും ഉണ്ടായിരുന്നു. അദ്ദേഹം ഇതിനുമുമ്പിൽ നായാട്ടിനുപോയിട്ടില്ലെന്നുതന്നെയല്ല, വെടി ശീലിച്ചിട്ടുമില്ല. എങ്കിലും നായാട്ടിന്റെ രസത്തെക്കുറിച്ചു ഞങ്ങൾ കൂടെക്കൂടെ പറയുന്നതുകേട്ട് അദ്ദേഹം അതിന്റെ സമ്പ്രദായം അറിവാൻ പുറപ്പെട്ടതാണ്. ഞാൻ തോക്കെടുത്തു പുറത്തിറങ്ങിയപ്പോൾ അദ്ദേഹം കൂടി ചാടിപ്പുറപ്പെട്ടു. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തുനിന്നും ഒരു വിളിപ്പാടുപോയാൽ കാടായി. അതിന്റെ ചള്ളയിൽ രണ്ടുമൂന്നുനാഴിക അകലെ മുയലിനെ ധാരാളമായി കാണാമെന്നു വഴിക്കൊരാൾ പറകയാൽ അതിനെ അന്വേഷിച്ചുതുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടു മുയലിനെ ഒന്നിച്ചുകണ്ടു. അങ്ങോട്ടു കാണുന്നതിനുമുമ്പ് അവ ഞങ്ങളെ കാണുകയാൽ കുതിച്ചുചാടി പായുമ്പോളാണ് ഞാൻ അവയെ കണ്ടത്. അതുകൊണ്ടു വെടിവെപ്പാൻ തരമായില്ല. എങ്കിലും ആ മുയലുകൾ പോയവഴിയേ ഞങ്ങൾ പുറപ്പെട്ടു. അങ്ങനെ കുറച്ചുപോയപ്പോൾ ഇടതൂർന്നു നിൽക്കുന്ന ഒരു കുറുങ്കാട്ടിന്റെ ഉള്ളിൽ ഒരു അനക്കം കേട്ടു. ഉൾക്കാട്ടിൽ പോകണമെന്ന് ആദ്യം വിചാരിച്ചിട്ടില്ലാത്തതിനാൽ തോക്കിന്റെ രണ്ടു കുഴലിലും അരുമ്പുതോട്ടയാണ് നിറച്ചിരുന്നത്. മുയലിന്റെ പിന്നാലെ പുറപ്പെട്ടു കാട്ടിനുള്ളിൽ പോയപ്പോഴും തൽക്കാലമുണ്ടായ ഉത്സാഹത്താൽ ഈ കഥ മറന്നുപോയി. കുറുങ്കാട്ടിൽ അനക്കം കേട്ടപ്പോൾ മുമ്പിൽ ഓടിപ്പോകുന്ന മുയലുകളാണെന്നു തീർച്ചയാക്കി. അകന്നുനിന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ഇടയിൽക്കൂടി ഒരു ജന്തുവിന്റെ ഒരു ഭാഗം അല്പം കണ്ടു. ഉടനെ വെടിവെച്ചു. വെടിയുടെ പ്രതിധ്വനി ശമിച്ചപ്പോൾ കാട്ടിനുള്ളിൽനിന്നും തോലോരം കലശലായിക്കേട്ടു. ഉടനെ ആ ചെറുവൃക്ഷങ്ങളെ വളഞ്ഞ് അതുകളുടെ ഇടയിൽക്കൂടി കറുത്തുകൂർത്ത രോമമായ ഒരു മുഖവും അതിന്റെ പിന്നാലെ കരിമ്പടക്കെട്ടുപോലെ ഒരു ശരീരവും പുറത്തുചാടി. “കരടി, കരടി, മാരാരേ, ഓടിക്കോളൂ!“ എന്നു ഞാൻ നിലവിളിച്ചുകഴിഞ്ഞപ്പോഴേക്കും ശംകുമാരാര് “അയ്യോ!“ എന്നു മുറയിട്ട് ഒരു പുലയൻ തീണ്ടാപ്പാടു ദൂരത്തായി.
ഞങ്ങൾ നിന്നിരുന്നതിന്റെ പിൻഭാഗം കുറെ ദൂരത്തോളം വെളിഭൂമിയായിരുന്നതിനാൽ ഓടുന്നതിനു സൌകര്യമുണ്ടായിരുന്നു. എങ്കിലും ഓട്ടത്തിൽ ജാംബവാന്റെ കൂട്ടരെ തോൽപ്പിക്കാമെന്നുള്ള വിഡ്ഢിത്തം എനിക്കുണ്ടായിരുന്നില്ല. അപ്പോൾ എനിക്കു കണംകാലല്ലാതെ മറ്റൊരവലംബനവുമുണ്ടായിരുന്നില്ല. പല്ലിളിച്ചുകൊണ്ടു കരടി പുറത്തു ചാടിയപ്പോൾ ഒഴിയാത്ത കുഴലിലും അരുമ്പുതോട്ടതന്നെയാണ് എന്നുള്ള ജ്ഞാനമുണ്ടായി. ഉടനെ തോക്കു ചുവട്ടിലിട്ട് ഞാനും മാരാരുടെ പിന്നാലെ പാച്ചിൽ തുടങ്ങി; കുറച്ചു ചെന്നപ്പോൾ കാലുതെറ്റി ഉരുണ്ടടിച്ചു വീണു. ‘ഇപ്പോളെന്റെ കഥ കഴിഞ്ഞു; കരടി തലമണ്ട കടിച്ചുടയ്ക്കുന്നതിന്റെ സുഖവും ഇപ്പോളറിയാറാകും’ എന്നുവിചാരിച്ചു പരിഭ്രമിച്ച് എഴുന്നേൽക്കുമ്പോഴേക്കും പിന്നിൽ നിന്ന് ഒരു വെടി കേട്ടു. ‘ഏ! കരടി ഇങ്ങോട്ടു വെടിവെയ്ക്കുകയായോ കഥ’ എന്ന് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കിയപ്പോൾ കണ്ട കാഴ്ച മറ്റൊരവസരത്തിലായിരുന്നാൽ ഏവനും ചിരിച്ചുപോകും.
ഞാൻ പാച്ചിൽ തുടങ്ങുന്നതിനു മുമ്പിൽ തോക്കു ചുവട്ടിലിട്ടു എന്നു പറഞ്ഞുവല്ലോ. കരടി തോക്കിന്റെ സമീപത്തെത്തിയപ്പോൾ അതിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അവൻ കുറച്ചുനേരം അവിടെ നിന്നു; വെള്ളക്കാരന്റെ വിദ്യ ഒന്നു മനസ്സിലാക്കണമെന്നു വിചാരിച്ചിട്ടോ എന്നറിഞ്ഞില്ല; എങ്കിലും അപകടമായ ഒരു സ്ഥിതിയിൽനിന്നാണ് നോക്കിയത്. പിൻകാലിൽ ഒന്നു തോക്കിന്റെ വില്ലിന്മേൽ തൊടുത്തിവെച്ചിരുന്ന കാഞ്ചി വീണതിനാൽ വെടി പൊട്ടിപ്പോയി. കരടി ഒന്നു ഞെട്ടി എന്നു തന്നെയല്ല, ഒരു ചില്ല് മൂക്കത്തുകൊള്ളുകയും ചെയ്തു. അവന്റെ അപ്പോഴത്തെ നാട്യം കാണേണ്ടതാണ്. പല്ലിളിച്ചു താൻ തന്നെ വിഡ്ഡിയായി എന്നു ഭാവിച്ച് ഒരു പച്ചച്ചിരി ചിരിച്ചു. ഇങ്ങനെയാണ് അനാവശ്യമായ കാര്യങ്ങളിൽ കൊണ്ടു തല കാട്ടിയാൽ. തോക്കിന്റെ ഗുണദോഷം നോക്കി അറിഞ്ഞിട്ടു തനിക്കെന്താണു കാര്യം? അതു ഞങ്ങളുടെ അവകാശമല്ലേ? തനിക്കു വെടികൊണ്ടു ചാവാനല്ലേയുള്ളു അവകാശം? “തങ്ങൾക്കു ഫലമില്ലാതുള്ളതു പ്രവർത്തിച്ചാൽ ഭംഗമേ വരൂ എന്നു സർവ്വരും ബോധിക്കണം” എന്നു കുറുക്കൻ പണ്ടു സിംഹത്തിനോടു പറഞ്ഞതു താൻ കേട്ടിട്ടില്ലേ?
അവന്റെ വിഡ്ഢിയായ ഭാവം നോക്കിക്കൊണ്ട് ഞാൻ ഒരു നിമിഷം നിന്നുപോയി. എന്റെ വിചാരം അവനു മനസ്സിലായി എന്നു തോന്നുന്നു. അവൻ മുഖത്തെ ചോര ഒന്നു തുടച്ച് ദംഷ്ട്രങ്ങൾ പുറത്തുകാണിച്ച് പിന്നെയും എന്റെ നേരെ ഓടി. ദൈവാനുകൂല്യം കൊണ്ടു ഞാൻ അപ്പോൾ നിന്നിരുന്നതിന്റെ സമീപത്തിൽ വണ്ണം കുറഞ്ഞു പൊക്കമുള്ള ഒരു മരം ഉണ്ടായിരുന്നു. ധൃതിപ്പെട്ടു ഞാൻ പൊത്തിപ്പിടിച്ച് അതിന്മേൽ കയറി. വണ്ണം കുറഞ്ഞ മരത്തിന്മേൽ കരടിക്കു കയറാൻ വയ്യാ എന്നു ഞാൻ കേട്ടിട്ടുണ്ടെങ്കിലും തൽക്കാലം എനിക്കു സമാധാനം നന്നേ കുറവായിരുന്നു. ആദ്യത്തെ കവളിയിൽ ഇരുന്നു കൈകൊണ്ടു കൊമ്പിന്മേൽ മുറുക്കിപ്പിടിച്ചു മറ്റേ കൈയിൽ നായാട്ടുകത്തിയുമായി വശമായി. അപ്പോഴേക്കു കരടി ചുവട്ടിലെത്തി മരത്തിന്മേൽ കയറാനുള്ള ശ്രമമായി. മരത്തിന് ഒരു കവുങ്ങിനോളമേ വണ്ണമുണ്ടായിരുന്നൊള്ളു. പഠിച്ച പണിയൊക്കെ നോക്കീട്ടും അല്പമെങ്കിലും കയറുവാൻ അവനു സാധിച്ചില്ല. തന്റെ ശ്രമം വ്യർത്ഥമാണെന്നു കണ്ടപ്പോൾ അവൻ പതുക്കെപ്പോയി സമീപത്തുണ്ടായിരുന്ന ഒരു പാറമേൽ ചെന്നു കിടപ്പായി.
എന്റെ അപ്പോഴത്തെ സ്ഥിതി വളരെ അസൂയപ്പെടത്തക്കതായിരുന്നില്ല. കാലും തൊണ്ടയും ഒരുപോലെ വിറച്ചുകൊണ്ടിരുന്നു. ആ മരത്തിന്റെ കവളിയിൽ ഇടുങ്ങി ഇരുന്നിട്ട് പൃഷ്ഠം മരം പോലെ ആയി. ശൌര്യത്തോടുകൂടി കത്തി കൈയിൽ പിടിച്ചിട്ടുണ്ടായിരുന്നുവെങ്കിലും പ്രാണൻ വായിലായിരുന്നു. ആദിത്യൻ അസ്തമിക്കാൻ ഒന്നരനാഴികയിലധികം ഉണ്ടായിരുന്നില്ലതാനും. ആർക്കെങ്കിലും അപ്പോൾ ഞാനുമായി സ്ഥലമാറ്റംചെയ്യാൻ സമ്മതമുണ്ടായിരുന്നെങ്കിൽ എന്റെ സ്ഥാനം ഒഴിച്ചുകൊടുപ്പാൻ ഞാൻ തയ്യാറായിരുന്നു. ശംകുമാരാരു ചെന്നു വർത്തമാനം പറയുമ്പോൾ വെടിക്കാരിൽ ചിലർ പുറപ്പെട്ടുവരും എന്നൊരു സമാധാനം മാത്രമേ ഉണ്ടായിരുന്നുള്ളു. കരടി പാറയിന്മേൽ കിടന്നുറക്കവുമായി. ഞാൻ ഒന്നും അറിഞ്ഞില്ലേ, വേണമെങ്കിൽ ഇറങ്ങിപ്പൊയ്ക്കൊള്ളു എന്നായിരുന്നു അവന്റെ നാട്യം. പെരുങ്കള്ളൻ. അവന്റെ കള്ളം എനിക്കു മനസ്സിലായില്ലെന്നാണ് അവൻ വിചാരിച്ചത്. ഞാൻ അല്പം ഒന്നനങ്ങിയാൽ ആ ഉറങ്ങുന്ന കരടി കണ്ണു കുറേ മിഴിച്ച് ഓട്ടക്കണ്ണിട്ട് ഒന്നു നോക്കും. ഞാൻ ഇവിടെ ഇരുന്നു ചത്താലും വേണ്ടില്ലെടോ, നിനക്കെന്നെ തൊടാൻ കഴികയില്ല.
ഇങ്ങനെ ഏകദേശം അരമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ അല്പം ദൂരത്തായിട്ട് ഒരനക്കം കേട്ടു. നോക്കിയപ്പോൾ കൂട്ടർ നാലഞ്ചുപേർ തോക്കെല്ലാം വലിയ വില്ലിന്മേൽ കയറ്റി അങ്ങോട്ടും ഇങ്ങോട്ടും സൂക്ഷിച്ചുനോക്കി പതുക്കെപ്പതുക്കെ വരുന്നതുകണ്ടു. അവരുടെ മുഖഭാവം കൊണ്ട് എന്റെ കഥ കഴിഞ്ഞു എന്നായിരുന്നു അവരുടെ ബോദ്ധ്യമെന്ന് എനിക്കു നല്ലവണ്ണം മനസ്സിലായി. കരടി എവിടെയാണെന്നറിയാതെ അവർ പെട്ടെന്നു വന്നു കയറിയാൽ വല്ല അപകടവും പിണഞ്ഞെങ്കിലോ എന്നു വിചാരിച്ചു ഞാൻ അവരുടെ നേരെ നോക്കി ഒരു മുണ്ടു വീശിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അവർ എന്നെ കണ്ടു. ‘ഇതാ മേനോൻ’ എന്ന് എല്ലാവരും നിലവിളിച്ചു. ഉടനെ ഒച്ച പുറപ്പെടുവിക്കരുതെന്ന് അവരെ ആംഗ്യംകൊണ്ടു മനസ്സിലാക്കി കരടി കിടക്കുന്നിടത്തേക്കു ചൂണ്ടിക്കാണിച്ചു. ഇതൊക്കെ കണ്ടപ്പോൾ നല്ല പന്തിയല്ലെന്നു കരടിക്കും മനസ്സിലായി. അവൻ പതുക്കെ എഴുന്നേറ്റു നാലുപുറവും നോക്കിത്തുടങ്ങി. അപ്പോഴേക്കു നമ്മുടെ ചങ്ങാതിമാർ അടുത്തെത്തി. എനിക്കു പരിഭ്രമവും കലശലായി. ഇതാ അവർ കരടിയെ കണ്ടു. “ഠെ, ഠെ, ഠെ, ഠെ!“ നാലു വെടി ഒരുമിച്ചുതന്നെ പൊട്ടി. കരടി രണ്ടു ചാട്ടവും പ്രാണവേദനയോടുകൂടി ഒരു നിലവിളിയും കഴിച്ച് തടി മുറിച്ചിട്ടപോലെ ഭൂമിയിൽ വീണു. ഞാൻ ഒരു വിധത്തിൽ മരത്തിന്മേൽനിന്നിറങ്ങി. കുറേനേരം അന്യോന്യം വിവരങ്ങളെല്ലാം പറഞ്ഞു. ശംകുമാരാരുടെ പരിഭ്രമവും കരച്ചിലും അദ്ദേഹം പറഞ്ഞ വിവരങ്ങളുമെല്ലാം അവർ പറഞ്ഞുകേട്ട് ഞാനും അവരും നന്നേ ചിരിച്ചു. ഇനിമേൽ താൻ കാട്ടിൽ കയറുകയില്ലെന്ന് അദ്ദേഹം സത്യവും ചെയ്തു. ചത്തുകിടക്കുന്ന കരടിയെ നോക്കിയതിൽ അവനു രണ്ട് വെടി കൊണ്ടിട്ടുണ്ട്. ഒന്നു മുതുകിലും മറ്റത് എടക്കഴുത്തിലുമായിരുന്നു. ശേഷം നാളെയാവാം എന്നുവെച്ച് ഞങ്ങൾ സന്ധ്യയോടുകൂടി മടങ്ങി.
അഭ്യാസം
തിരുത്തുക- പുനലൂരിൽ നിന്നു ചെങ്കോട്ടയ്ക്കു തീവണ്ടിയിൽ പോകുമ്പോൾ ഇരുപുറവും കാണുന്ന കാഴ്ചകളെ വർണ്ണിക്കുക.
- വേമ്പനാട്ടു കായലിൽക്കൂടി യാത്രചെയ്യുമ്പോൾ ഒരു ഇടിയും മഴയും ഉണ്ടായതായി വിചാരിച്ചു വർണ്ണിക്കുക.
- ‘അല്പന് അർദ്ധരാജ്യം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും.’ ഈ പഴഞ്ചൊല്ലിനു വർണ്ണനാരൂപമായ ഒരു വ്യാഖ്യാനമെഴുതുക.
- (എ) ഒരു വെള്ളപ്പൊക്കം.
(ബി) ഒരരുവിയിൽ കുളിക്കാാൻ പോയത്.
(സി) നൃഗമോക്ഷം പുരാണകഥ.
(ഡി) ഒരു ദീപക്കാഴ്ച.
(ഇ) ഒരു പട്ടണത്തിൽ സാംക്രമികരോഗം വ്യാപിച്ചത്.
(എഫ്) ഒരു സവാരിയിൽ വഴിപിഴച്ചത്.
(ജി) ഒരാന പിണങ്ങിയ കോലാഹലം - ഇതുകളെ വർണിക്കുക.
കുറിപ്പുകൾ
തിരുത്തുക- ↑ രാജാവേ! എന്റെ ഗൃഹത്തെ ഭാഗവതത്തോട് ഉപമിക്കാം. കാരണം, ഭാഗവതം മഹാപുരാണമാണ്. - സർഗ്ഗപ്രതിസർഗ്ഗാദിലക്ഷണങ്ങളോടുകൂടിയ മഹാപുരാണം. എന്റെ വീടും മഹാപുരാണമാണ് - വളരെ പഴക്കമുള്ളതാണ് - അതുപോലെ ഭാഗവതം വായിക്കുന്നവർക്ക് പ്രാപഞ്ചികജീവിതത്തിൽ വിരക്തി - വൈരാഗ്യം ഉണ്ടാകും. എന്റെ വീടു കാണുന്നവർക്കും വിരക്തി - വെറുപ്പ് ഉണ്ടാകും. ഇങ്ങനെ സാദൃശ്യമുണ്ടെങ്കിലും ഒരു കാര്യത്തിൽ വ്യത്യാസമുണ്ട്. ഭാഗവതത്തിൽ അർത്ഥം ധാരാളമുണ്ട് - എന്റെ ഗൃഹത്തിലാകട്ടെ, അർത്ഥം - ധനം ഒട്ടും ഇല്ല.