ഹൃദയസ്മിതം (കവിതാസമാഹാരം)

രചന:ഇടപ്പള്ളി രാഘവൻ പിള്ള (1936)

[ 41 ]



ഹൃദയസ്മിതം





[ 42 ]

സന്ദർശനം
മത്സഖി,യാരു നീ, ജീവിതമൊ-
രുത്സവമെന്നു കഥിപ്പതെന്നും?
പാരം തകർന്നൊരിബ്ഭാജനത്തിൽ
പാവനപ്രേമം നിറപ്പതെന്നും?-
വാർമെത്തും സൗന്ദര്യധാരയെങ്കിൽ
പ്രേമത്തിൻ ചൈതന്യം ചേർന്നിണങ്ങി
ഈ ലോകമാനന്ദമഗ്നമാക്കു-
മാലോകനാതീതേ, യാരു നീയും?
അജ്ഞാതയാം നിന്നെത്തേടിയെൻ
ജിജ്ഞാസപ്പെങ്കിളി പാറിടുമ്പോൾ,
മിന്നൽപ്പിണരൊളിയായി നീയെൻ-
പിന്നിലണഞ്ഞെന്നെപ്പുല്കിടുന്നു!
സംഗീതധാരയൊഴുകീടും നിൻ-
സങ്കേതമെത്താൻ ഞാൻ വെമ്പിടുമ്പോൾ
ഇക്കൂരിരുൾക്കുണ്ടിലെത്തിയെന്തി-
നിക്കിളി നീയെനിക്കേകിടുന്നു?
തമ്മിലന്യോന്യമറിഞ്ഞിടാതീ
നർമ്മസല്ലാപംകൊണ്ടെന്തു കാര്യം ?

നേരിൻമുഖത്തൊരു നീണ്ടനീണ്ട
നേരിയ ശീലയിട്ടെത്തിനോക്കും
എൻപൂർവപുണ്യമേ, നിത്യമാം നിൻ-

[ 43 ]

സമ്പൂർണ്ണരൂപം നുകരുവാനായ്
എങ്ങും തിരിഞ്ഞു തളർന്നൊടുവിൽ
തിങ്ങും നിരാശയ്ക്കടിമയായി
അന്ധകാരത്തിന്നടിയിലെങ്ങാ-
നെൻ തപ്തചിത്തമുറങ്ങിടുമ്പോൾ
വ്യക്തമല്ലാതൊരു രൂപമായെൻ
നിദ്രയുമായി നീ സല്ലപിക്കും!
ഞെട്ടിയുണർന്നതിതുഷ്ടനായ് കൈ-
വിട്ടതാമെന്തോ പിടിച്ചെടുപ്പാൻ
കൂരിരുളായി ഞാൻ കൂട്ടിമുട്ടും
താരങ്ങൾ നോക്കിപ്പരിഹസിക്കും!

കോരിത്തരിക്കുമെൻ മേനിയേതോ
കോമളകാന്തിക്കടലിൽ മുങ്ങും;
വൃന്ദാരാരാമസൗരഭമാ
മന്ദാനിലനിലലിഞ്ഞൊഴുകും
പാതിയും പാടിയ ഗാനമൊന്നാ-
പ്പാതിരാപ്പക്ഷിയുമേറ്റുപാടും
തമ്മിലന്യോന്യമറിഞ്ഞിടാതീ
നർമ്മസല്ലാപം കൊണ്ടെന്തു കാര്യം?....

[ 44 ]

ശ്യാമള

ശ്യാമള, കോമളബാലികമാർമണി-
യാ മലഭൂ, മലർമങ്കതന്നെ!
ലീലകളാടി നടന്നിടുമോമലിൻ-
പേലവപാദവിന്യാസത്തിനാൽ
കാനനലക്ഷ്മിക്കു പിഞ്ചുതൃണങ്ങളാൽ
കോൾമയിർക്കൊള്ളുന്നുണ്ടിന്നും മേനി.
കുട്ടിക്കണംമറിയും കപോതങ്ങൾ,
പൊട്ടിച്ചിരിക്കും മലർനിരകൾ
ഓടിക്കുതിക്കുന്ന കാനനച്ചോലകൾ
പാടിക്കളിക്കുന്ന പൈങ്കിളികൾ,
തുമ്പിതുള്ളീടും ലതക,ളിലകൾതൻ
പിമ്പിലൊളിച്ചുകളിക്കും തെന്നൽ-
ഇത്തരം തോഴരോടൊത്തു കളിച്ചവൾ
ചിത്തരസേന കഴിച്ചൂ ബാല്യം!
കാനനകാഞ്ചനവല്ലിയിൽനിന്നുമാ
മാനവദൃഷ്ടി മറഞ്ഞിരുന്നു!
കൊണ്ടലിൻ ഗർഭത്തിൽനിന്നു കുതൂഹലാൽ
വിണ്ടലം വിട്ടു കുതിച്ചുചാടി.
മന്നിനെപ്പൊന്നൊളി പൂശിപ്പുലരുന്ന
മിന്നലത്തന്വിതൻ സന്നതാംഗം.
ശാന്തിയും കാന്തിയുമേന്തിടും കണ്ണുകൾ
സാന്ധ്യതാരത്തിലും സാന്ദ്രശോഭം.

[ 45 ]

കെട്ടഴിഞ്ഞൊട്ടുമൊതുങ്ങാതെ പാദങ്ങൾ
തൊട്ടുഴിഞ്ഞീടുമക്കേശഭാരം,
എന്നും തടവിവിടുർത്തുവാനല്ലാതെ
തെന്നലിന്നില്ലൊരു ജോലി വേറെ.
എന്തി,നാ രൂപം സ്മരിക്കലാണെന്നെനി-
ക്കെങ്കിലും പ്രീതിദമായ കാര്യം!
ആളാരും കൂട്ടിനു കൂടാതെ സായാഹ്ന-
വേളകൾതോറുമങ്ങെത്തിടും ഞാൻ.
ചെന്നേല്ക്കുലയല ചേർക്കുന്ന പാടത്തിൽ
തെന്നലുമേറ്റു നടന്നു ചുറ്റും
ദൂരവേ പൈക്കളെ മാടിവിളിക്കുമ-
ത്താരൊളിമേനി കണ്ടാനന്ദിക്കും!....

രാഗത്തിൻ മാധുര്യം ത്യാഗത്തിലാണെന്നാ
നാകത്തിലാരോ കുറിച്ചിടുമ്പോൾ,
ഞാനൊരു ഗാനസമ്പൂർണ്ണമാം വേണുവായ്
പൂനിലാപൊയ്കയിൽ മുങ്ങിപൊങ്ങും!....

അന്നൊരു തപ്തമാം മധ്യാഹ്നനേരത്തി-
ലങ്ങിങ്ങു ചുറ്റിത്തിരിഞ്ഞൊടുവിൽ
പാന്ഥൻ ഞാൻ 'ശ്യാമള' മേവിടുമാലയ-
പ്രാന്തപ്രദേശത്തിൽ വിശ്രമിക്കേ
'ഓമനത്തിങ്കളാം' താരാട്ടു പാടിയൊ-
രോമനക്കുഞ്ഞിനെ മാറിലേന്തി,
തൂണിൻ മറവിലായങ്ങുച്ചനേരത്തൊ-
രേണാങ്കബിംബമുദിച്ചു കണ്ടു!
അമ്മയാണെന്നവളെന്നു മുലകുടി-
ച്ചമ്മണിപ്പൈതൽ വെളിപ്പെടുത്തി.

ഹന്ത! മന്മാനസ വീണതൻ തന്ത്രികൾ-
ക്കന്തരമെന്തിത്ര വന്നതാവോ?....

[ 46 ]

ഏകാന്തകാമുകൻ

പോകയാണയാളൊരു
കാമുകൻ, കാണും മർത്ത്യർ
ക്കാകവേയൊരു മൂകൻ,
സങ്കേതസത്മോന്മുഖൻ-
ഇല്ലയാൾക്കന്യമായി-
ട്ടാശകൾ സ്നേഹത്തിന്റെ
വല്ലകി തകര്വോളം
മീട്ടിനോക്കുവാനെന്യേ;
താരിലും താരത്തിലും
കാണുന്ന സൗന്ദര്യത്തിൻ-
സാരത്തെ നുകർന്നാത്മ-
നിർവൃതി നേടാനെന്യേ!
ചിന്തതൻ ചിതയിങ്കൽ
നീറിടുമസ്സാധുത-
നന്നന്തരംഗത്തിൽ ശാന്തി
പൊൻതിരയിളക്കീടും
അക്കുളിർപ്പൊയ്കതന്റെ
തീരത്തിലെത്താനെത്ര
കർക്കശസമുദ്രങ്ങൾ
മേലിലും കടക്കണം!
അന്ധകരാമാണെങ്ങു-
മെങ്കി, ലെന്തിതെത്രയോ

[ 47 ]

സുന്ദരം കാലസർപ്പ-
രത്നദീപ്തിയേക്കാട്ടിൽ
കേൾപ്പതുണ്ടിടിനാദ-
മെങ്കിലും, ചിലരിൽനി-
ന്നുദ്ഗമിച്ചിടും പൊട്ടി-
ച്ചിരിയിൽ പാരം ഭേദം!
ചെഞ്ചോരയുറയിക്കു-
മിക്കൊടുംവാത്യാഹതം
നെഞ്ചകം കുളുർപ്പിപ്പൂ
സോദരവാക്യത്തേക്കാൾ.....!


ചോരവാർന്നൊലിക്കുമാ-
പ്പാവത്തിൻ പദം കണ്ടാൽ
കാരമുള്ളിനും കാണും
കാരുണ്യമകക്കാമ്പിൽ!


മധുരം, മധുരംതാൻ
ജീവിതമയാൾക്കാശാ-
മധുരം മുന്നോട്ടുതാ-
നെങ്കിലും നിജയാനം.
രാഗിതൻ നയനങ്ങ-
ളുള്ളിലാണിക്കാണുന്ന-
താകവേ വെറും മിത്ഥ്യ,
ശാശ്വതം നിജസ്വപ്നം!
സങ്കേതമെത്തീടുവാ-
നായാലുമില്ലെങ്കിലും
സംഗരത്തിങ്കൽത്തെല്ലും
ഭീരുവാകില്ലാ മർത്ത്യൻ!

[ 48 ]

നിരാശ
എന്നാണെന്നാകിലും മണ്ണായി മാറി ഞാ-
നെന്നാഥന്നന്തികമെത്തുമെന്നാൽ,
വന്നാളുമാതങ്കവഹ്നി കെടുത്തുവാ-
നിന്നായാ, ലായതിലാർക്കു ചേതം ?
മൽക്കരൾ പൊട്ടി ഞാനിന്നു മരിച്ചാലീ-
പ്പുൽക്കൊടിപോലും കരകയില്ലാ-
എൻ ചുടുകണ്ണുനീർ വീഴ്ത്തിയാൽ ഭൂമിക്കും
നെഞ്ചകമയ്യോ, മലിനമായി!
മൽക്കൊടും നൈരാശ്യധൂമം പരക്കയാൽ
ദിക്കുകൾപോലുമിരുണ്ടുപോയി!

എന്തിനാണീശനെൻവിത്തിനെ ശൂന്യമാ-
മന്ധകാരത്തിൽ വിതച്ചതാവോ?
ഒപ്പം മുളച്ച ലതികകളൊക്കെയും
പുഷ്പിച്ചു പുഞ്ചിരിച്ചാനന്ദിപ്പൂ.
എത്ര വസന്തങ്ങളൂഴിയിൽ വന്നാലും
എത്രയോ കാകളി പാടിയാലും
മാമക മാനസവല്ലിയിലിന്നോളം
പൂമൊട്ടൊരെണ്ണം കുരുത്തതില്ലാ !
മുന്നോട്ടു നോക്കിയാൽ ഘോരമഹാരാണ്യം.
പിന്നിലോ, ശൂന്യമരുപ്പരപ്പും -
കാലൊന്നിടറിയാൽ വീണുപോം ഗർത്തത്തിൻ

[ 49 ]

കുലത്തിലാണു ഞാൻ നില്പിതിപ്പോൾ
വില്കാതിരിപ്പതുമെങ്ങിനെ, മൃത്യവിൻ
വില്കാശിനായിട്ടെൻ ജീവഭാരം!
മൃത്യോ, നിൻ നാമം സ്മരിക്കുമ്പോളെന്താണെൻ
ചിത്തമിതേറ്റം തുടിച്ചീടുന്നു ?
ആതങ്കസിന്ധുവിലാണ്ടുപോമീയെനി-
യ്ക്കാലംബം നീയല്ലാതാരു വേറെ ?
നിൻ മലർവാടിയിൽ വാടാതെ നില്ക്കുമ-
പ്പൊൻമലരെന്നെ വിളിക്കുന്നുണ്ടാകാം.
പാരിടം തന്നിൽ പരക്കുന്ന ദുർവിഷ-
പൂരമാ വായുവിൽ വീർപ്പുമുട്ടി
ഒന്നിനും കൊള്ളാത്തൊരെന്നെ നിന്നാരാമ-
ത്തെന്നൽ ശ്വസിയ്ക്കാനനുവദിയ്ക്കൂ.
ആരുമറിയാത്തൊരെത്ര രഹസ്യം നിൻ-
കൂരിരുൾക്കുള്ളിൽ നീ സൂക്ഷിപ്പീലാ!
ആയിരം കാര്യങ്ങളുണ്ടെനിയ്ക്കോതുവാ;-
നായതങ്ങെത്തി ഞാനായിക്കൊള്ളാം.

[ 50 ]
ഹൃദയസ്മിതം


കാളമേഘാളികൾ കാലപ്പകർച്ചയാൽ
നീലാംബരത്തിൽ നിരന്നെന്നാലും
വാർമഴവില്ലൊളി സ്വപ്നംകണ്ടംബരം
തൂമിന്നൽക്കോൾമയിർക്കൊണ്ടിടുന്നൂ!
കൂരിരുൾക്കൂട്ടങ്ങൾ കൂത്തടിച്ചെമ്പാടും
പാരം ഭയാനകമാക്കിയാലും
താരകഹീരങ്ങൾ നിശ്ശബ്ദസംഗീത-
ധാരയൊഴുക്കിച്ചിരിച്ചിടുന്നൂ!
വേനലിൻ കാഠിന്യാൽ സന്തപ്തരായാലും
കാനനച്ചോലകൾ പുഞ്ചിരിയാൽ
ആത്മസംഗീതം പൊഴിച്ചുകൊണ്ടെപ്പോഴു-
മാത്മനാഥാന്തികം തേടിടുന്നൂ!
ഏകാന്തജിവിയാ,യേറ്റം ചവർപ്പേറും
മാകന്ദപല്ലവമാസ്വദിച്ചും
പൂങ്കുയിലാനന്ദമഗ്നനായെപ്പോഴും
തേങ്കുളിർസംഗീതം പെയ്തിടുന്നൂ!
മോഹനമാകുന്ന ദീപകലികയിൽ
സ്നേഹപ്രവാഹം നശിച്ചെന്നാലും
അസ്തമിച്ചീടാൻ തുടങ്ങുന്ന നേരത്തും
നിസ്തുലകാന്തി ചൊരിഞ്ഞിടുന്നു!
അല്ലലിന്നന്ത്യത്തിലാനന്ദമാണെന്ന-
തല്ലാതെയെന്തിവയ്ക്കാന്തരാർത്ഥം?
സത്യമതിങ്ങനെയാണെങ്കിലെന്നുടെ
ദഗ്ധഹൃദയമേ! നീ ചിരിക്കൂ!....

"https://ml.wikisource.org/w/index.php?title=ഹൃദയസ്മിതം&oldid=70266" എന്ന താളിൽനിന്ന് ശേഖരിച്ചത്