അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സമ്പാതിവാക്യം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


അപ്പോൾ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാൽ
ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു
വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും
പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌
ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ
തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപൻ
'പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു-
ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാൽ
മുമ്പിൽ മുമ്പിൽ പ്രാണഹാനിവരുന്നതു
സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം'
ഗൃദ്ധ്രവാക്യം കേട്ടു മർക്കടൗഘം പരി-
ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാൻ
'അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപൻ
സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും
നിഷ്ഫലം നാം മരിച്ചീടുമാറായിതു
കൽപിതമാർക്കും തടുക്കരുതേതുമേ
നമ്മാലൊരുകാര്യവും കൃതമായീല
കർമ്മദോഷങ്ങൾ പറയാവതെന്തഹോ!
രാമകാര്യത്തെയും സാധിച്ചതില്ല നാം
സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ
വ്യർത്ഥമിവനാൽ മരിക്കെന്നു വന്നതു-
മെത്രയും പാപികളാകതന്നേ വയം
നിർമ്മലനായ ധർമ്മാത്മാ ജടായുതൻ
നന്മയോർത്തോളം പറയാവതല്ലല്ലോ
വർണ്ണിപ്പതിന്നു പണിയുണ്ടവനുടെ
പുണ്യമോർത്താൽ മറ്റൊരുത്തർക്കു കിട്ടുമോ?
ശ്രീരാമകാര്യാർത്ഥമാശു മരിച്ചവൻ
ചേരുമാറായിതു രാമപദാംബുജേ
പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു
പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം'
വാനരഭാഷിതം കേട്ടു സമ്പാതിയും
മാനസാനന്ദം കലർന്നു ചോദിച്ചിതു
'കർണ്ണപീയൂഷസമാനമാം വാക്കുകൾ
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ?
നിങ്ങളാരെന്തു പറയുന്നിതന്യോന്യ-
മിങ്ങു വരുവിൻ ഭയപ്പെടായ്കേതുമേ'
ഉമ്പർകോൻ പൗത്രനുമൻപോടതു കേട്ടു
സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ-
ന്നംഭോജലോചനൻതൻ പാദപങ്കജം
സംഭാവ്യ സമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ
'സൂര്യകുലജാതനായ ദശരഥ-
നാര്യപുത്രൻ മഹാവിഷ്ണു നാരായണൻ
പുഷ്കരനേത്രനാം രാമൻതിരുവടി
ലക്ഷ്മണനായ സഹോദരനോടു നിജ-
ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്‌
പുക്കിതു കാനനം താതാജ്ഞയാ പുരാ
കട്ടുകൊണ്ടീടിനാൻ തൽക്കാലമെത്രയും
ദുഷ്ടനായുള്ള ദശമുഖൻ സീതയെ
ലക്ഷ്മണനും കമലേക്ഷണനും പിരി-
ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു
തൽക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ-
നക്ഷണദാചരനോടു ജടായുവാം
പക്ഷിപ്രവരനതിനാൽ വലഞ്ഞൊരു
രക്ഷോവരൻ നിജ ചന്ദ്രഹാസം കൊണ്ടു
പക്ഷവും വെട്ടിയറുത്താനതുനേരം
പക്ഷീന്ദനും പതിച്ചാൽ ധരണീതലേ
ഭർത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ
സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ
മൃത്യു വരായ്കെന്നനുഗ്രഹിച്ചാൾ ധരാ-
പുത്രിയും തൽ പ്രസാദേന പക്ഷീന്ദ്രനും
രാമനെക്കണ്ടു വൃത്താന്തമറിയിച്ചു
രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാൻ
അർക്കകുലോത്ഭവനാകിയ രാമനു-
മർക്കജനോടഗ്നിസാക്ഷികമാംവണ്ണം
സഖ്യവും ചെയ്തുടൻ കോന്നിതു ബാലിയെ
സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നൽകിനാൻ
വാനരാധീശ്വരനായ്‌ സുഗ്രീവനും
ജാനകിയെത്തിരഞ്ഞാശു കണ്ടീറ്റുവാൻ
ദിക്കുകൾ നാലിലും പോകെന്നയച്ചിതു
ലക്ഷം കപിവരന്മാരെയോരോ ദിശി
ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും
രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ
മുപ്പതുനാളിനകത്തു ചെന്നീടായ്കി-
ലപ്പോളവരെ വധിയ്ക്കും കപിവരൻ
പാതാളമുൾപ്പുക്കു വാസരം പോയതു-
മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു
ദർഭവിരിച്ചു കിടന്നു മരിപ്പതി-
ന്നപ്പോൾ ഭവാനെയും കണ്ടുകിട്ടീ ബലാൽ
ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ
സീതാവിശേഷം പറഞ്ഞു തരേണമേ
ഞങ്ങളുടെ പരമാർത്ഥവൃത്താങ്ങ-
ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!'
താരേയവാക്കുകൾ കേട്ടു സമ്പാതിയു-
മാരൂഢമോദമവനോടു ചൊല്ലിനാൻ
'ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ-
നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും
ഇന്നനേകായിരം വത്സരം കൂടി ഞാ-
നെന്നുടെ സോദരൻ വാർത്ത കേട്ടീടിനേൻ
എന്നുടെ സോദരനായുദകക്രിയ-
യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്‌
നിങ്ങൾ ചെയ്യിപ്പിനുദകകർമ്മാദികൾ
നിങ്ങൾക്കു വാക്സഹായം ചെയ്‌വനാശു ഞാൻ'
അപ്പോളവനെയെടുത്തു കപികളു-
മബ്ധി തീരത്തു വെച്ചീടിനാനാദരാൽ
തത്സലിലേ കുളിച്ചഞ്ജലിയും നൽകി
വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം
സ്വസ്ഥാനദേശത്തിരുത്തിനാർ പിന്നെയു-
മുത്തമന്മാരായ വാനരസഞ്ചയം
സ്വസ്ഥനായ്‌ സമ്പാതി ജാനകി തന്നുടെ
വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാൻ
'തുംഗമായീടും ത്രികൂടാചലോപരി
ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്‌
തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു
ദൂരമൊരു നൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ
സാമർത്ഥ്യമാർക്കതു ലംഘിപ്പതിന്നവൻ
ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം
സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ-
മേതൊരു ജാതിയും പക്ഷവുമില്ല മേ
യത്നേന നിങ്ങൾ കടക്കണമാശു പോയ്‌
രത്നാകരം പിന്നെ വന്നു രഘൂത്തമൻ
രാവണൻ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ-
ലേവമിതിന്നു വഴിയെന്നു നിർണ്ണയം
'രത്നാകരം ശതയോജനവിസ്തൃതം
യത്നേന ചാടിക്കടന്നു ലങ്കാപുരം
പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട-
നിക്കരെച്ചാടിക്കടന്നു വരുന്നതും
തമ്മിൽ നിരൂപിക്ക നാ,മെന്നൊരുമിച്ചു
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാർ
സമ്പാതിതന്നുടെ പൂർവ്വവൃത്താന്തങ്ങ-
ളമ്പോടു വാനരന്മാരോടു ചൊല്ലിനാൻ
'ഞാനും ജടായുവാം ഭ്രാതാവുമായ്‌ പുരാ
മാനേന ദർപ്പിതമാനസന്മാരുമായ്‌
വേഗബലങ്ങൾ പരീക്ഷിപ്പതിന്നതി-
വേഗം പറന്നിതു മേൽപ്പോട്ടു ഞങ്ങളും
മാർത്താണ്ഡമണ്ഡലപര്യന്തമുൽപതി-
ച്ചാർത്തരായ്‌ വന്നു ദിനകരരശ്മിയാൽ
തൽക്ഷണേ തീയും പിടിച്ചിതനുജനു
പക്ഷപുടങ്ങളി,ലപ്പോളവനെ ഞാൻ
രക്ഷിപ്പതിന്നുടൻ പിന്നിലാക്കീടിനേൻ
പക്ഷം കരിഞ്ഞു ഞാൻ വീണിതു ഭൂമിയിൽ
പക്ഷദ്വയത്തോടു വീണാനനുജനും
പക്ഷികൾക്കാശ്രയം പക്ഷമല്ലോ നിജം
വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ-
നന്ധനായ്‌ മൂന്നു ദിനം കിടന്നീടിനേൻ
പ്രാണശേഷത്താലുണർന്നോരു നേരത്തു
കാണായിതു ചിറകും കരിഞ്ഞങ്ങനെ
ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു
വിഭ്രാന്തമാനസനായുഴന്നങ്ങനെ
ചെന്നേൻ നിശാകരതാപസന്തന്നുടെ
പുണ്യാശ്രമത്തിനു പൂർണ്ണഭാഗ്യോദയാൽ
കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു
പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്‌
'എന്തു സമ്പാതേ! വിരൂപനായ്‌ വന്നതി-
നെന്തുമൂലമിതാരാലകപ്പെട്ടതും?
എത്രയും ശക്തനായോരു നിനക്കിന്നു
ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ'
എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത-
മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേൻ
പിന്നെയും കൂപ്പിത്തൊഴുതി ചോദിച്ചിതു
'സന്നമായ്‌ വന്നു ചിറകും ദയാനിധേ!
ജീവനത്തെദ്ധരിക്കേണ്ടുമുപായമി-
ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!'
എന്നതു കേട്ടു ചിരിച്ചു മഹാമുനി
പിന്നെദ്ദയാവശനായരുളിച്ചെയ്തു
'സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ
ദേഹം നിമിത്തമീ ദുഃഖമറിക നീ
ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം
ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു
മോഹാദാഹംകൃതികർമ്മങ്ങൾ ചെയ്യുന്നു
മിഥ്യയായുള്ളോരവിദ്യാസമുത്ഭവ-
വസ്തുവായുള്ളോന്നഹങ്കാരമോർക്ക നീ
ചിച്ഛായയോടു സംയുക്തമായ്‌ വർത്തതേ
തപ്തമായുള്ളോരയഃപിണ്ഡവൽ സദാ
തേന ദേഹത്തിന്നു താദാത്മ്യയോഗേന
താനൊരു ചേതനവാനായ്‌ ഭവിയ്ക്കുന്നു
ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ്‌ വരു-
മാഹന്ത! നൂനമാത്മാവിനു മായയാ
ദേഹോഹമദ്യൈവ കർമ്മകർത്താഹമി-
ത്യാഹന്ത! സങ്കൽപ്യ സർവ്വദാ ജീവനും
കർമ്മങ്ങൾ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്‌
സമ്മോഹമാർന്നു ജനനമരണമാം
സംസാരസൗഖ്യദുഃഖാദികൾ സാധിച്ചു
ഹംസപദങ്ങൾ മറന്നു ചമയുന്നു
മേൽപോട്ടുമാശു കീഴ്പോട്ടും ഭ്രമിച്ചതി
താൽപര്യവാൻ പുണ്യപാപാത്മകഃസ്വയം
'എത്രയും പുണ്യങ്ങൾ ചെയ്തേൻ വളരെ ഞാൻ
വിത്താനുരൂപേണ യജ്ഞദാനാദികൾ
ദുർഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം
സ്വർഗ്ഗം ഗമി'ച്ചെന്നു കൽപ്പിച്ചിരിക്കവേ
മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ
ഉത്തമാംഗം കൊള്ളവീഴുമധോഭുവി
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ
ചെന്നു പതിച്ചു നീഹാരസമേതനായ്‌
ഭൂമൗ പതിച്ചു ശാല്യാദികളായ്ഭവി-
ച്ചാമോദമുൾക്കൊണ്ടു വാഴും ചിരതരം
പിന്നെപ്പുരുഷൻ ഭുജിയ്ക്കുന്ന ഭോജ്യങ്ങൾ-
തന്നെ ചതുർവിധമായ്‌ ഭവിയ്ക്കും ബലാൽ
എന്നതിലൊന്നു രേതസ്സായ്‌ ചമഞ്ഞതു
ചെന്നു സീമന്തിനിയോനിയിലായ്‌വരും
യോനിരക്തത്തോടു സംയുക്തമായ്‌വന്നു
താനേ ജരായുപരിവേഷ്ടിതവുമാം
ഏകദിനേന കലർന്നു കലലമാ-
മേകീഭവിച്ചാലതും പിന്നെ മെല്ലവെ
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം
മാംസപേശിത്വം ഭവിക്കുമതിന്നതു
മാസാർദ്ധകാലേന പിന്നെയും മെല്ലവേ
പേശിരുധിരപരിപ്ലുതമായ്‌വരു-
മാശു തസ്യാമങ്കുരോൽപത്തിയും വരും
പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ
പിന്നെയൊരു മൂന്നുമാസേന സന്ധിക-
ളംഗങ്ങൾതോറും ക്രമേണ ഭവിച്ചിടു-
മംഗുലീജാലവും നാലുമാസത്തിനാൽ
ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും
സന്ധിയ്ക്കും നാസികാകർണ്ണനേത്രങ്ങളും
പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ
കിഞ്ചനപോലും പിഴയാതെ ദേഹിനാം
കർണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം
പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും
സപ്തമേ മാസി ഭവിയ്ക്കും പുനരുടൻ
ഗുപ്തമായോരു ശിരഃകേശരോമങ്ങൾ
അഷ്ടമേ മാസി ഭവിയ്ക്കും പുനരപി
പുഷ്ടമായീടും ജഠരസ്ഥലാന്തരേ
ഒൻപതാം മാസേ വളരും ദിനംപ്രതി
കമ്പം കരചരണാദികൾക്കും വരും
പഞ്ചമേമാസി ചൈതന്യവാനായ്‌ വരു-
മഞ്ജസാ ജീവൻ ക്രമേണ ദിനേ ദിനേ
നാഭിസൂത്രാൽപരന്ധ്രേണ മാതാവിനാൽ
സാപേക്ഷമായ ഭുക്താന്നരസത്തിനാൽ
വർദ്ധതേ ഗർഭഗമായ പിണ്ഡം മുഹുർ-
മൃത്യു വരാ നിജ കർമ്മബലത്തിനാൽ
പൂർവ്വജന്മങ്ങളും കാമങ്ങളും നിജം
സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു
ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്‌-
താൽക്കാരണങ്ങൾ പറഞ്ഞു തുടങ്ങിനാൻ
'പത്തുനൂറായിരം യോനികളിൽ ജനി-
ച്ചെത്ര കർമ്മങ്ങളനുഭവിച്ചേനഹം
പുത്രദാരാർത്ഥബന്ധുക്കൾ സംബന്ധവു-
മെത്രനൂറായിരം കോടി കഴിഞ്ഞിതു
നിത്യ കുടുംബഭരണൈകസക്തനായ്‌
വിത്തമന്യായമായാർജ്ജിച്ചിതന്വഹം
വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാൻ
കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും
തഫലമെല്ലമനുഭവിച്ചീടുന്നി-
തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ
ഗർഭപാത്രത്തിൽനിന്നെന്നു ബാഹ്യസ്ഥലേ
കെൽപ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവൂ?
ദുഷ്കർമ്മമൊന്നുമേ ചെയ്യുന്നതില്ല ഞാൻ
സർകർമ്മജാലങ്ങൾ ചെയ്യുന്നതേയുള്ളു.
നാരായണസ്വാമിതന്നെയൊഴിഞ്ഞു മ-
റ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ
ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും
ഭക്ത്യാ ഭഗവൽസ്തുതി തുടങ്ങീടിനാൻ
പത്തുമാസം തികയും വിധൗ ഭൂതലേ
ചിത്തതാപേന പിറക്കും വിധിവശാൽ
സൂതിവാതത്തിൻ ബലത്തിനാൽ ജീവനും
ജാതനാം യോനിരന്ധ്രേണ പീഡാന്വിതം
പാല്യമാനോപി മാതാപിതാക്കന്മാരാൽ
ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും?
യൗവനദുഃഖവും വാർദ്ധക്യദുഃഖവും
സർവ്വവുമോർത്തോളമേതും പൊറാ സഖേ!
നിന്നാലനുഭൂതമായുള്ളതെന്തിനു
വർണ്ണിച്ചു ഞാൻ പറയുന്നു വൃഥാ ബലാൽ?
ദേഹോഹമെന്നുള്ള ഭാവനയാ മഹാ-
മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു
ഗർഭവാസാദി ദുഃഖങ്ങളും ജന്തുവർ-
ഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ!
സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാൽ പരം
മേലേയിരിപ്പതാത്മാ പരൻ കേവലൻ
ദേഹാദികളിൽ മമത്വമുപേക്ഷിച്ചു
മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്കനീ
ശുദ്ധം സദാ ശാന്തമാത്മാനമവ്യയം
ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം
സത്യം സനാതനം നിത്യം നിരുപമം
തത്ത്വമേകം പരം നിർഗ്ഗുണം നിഷ്കളം
സച്ചിന്മയം സകലാത്മകമീശ്വര-
മച്യുതം സർവ്വജഗന്മയം ശാശ്വതം
മായാവിനിർമ്മുക്തമെന്നറിയുന്നേരം
മായാവിമോഹമകലുമെല്ലാവനും
പ്രാബ്ധകർമ്മവേഗാനുരൂപം ഭുവി
പാരമാർത്ഥ്യാത്മനാ വാഴുക നീ സഖേ!
മറ്റൊരുപദേശവും പറയാം തവ
ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ
ത്രേതായുഗേ വന്നു നാരായണൻ ഭുവി
ജാതനായീടും ദശരഥപുത്രനായ്‌
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചൻപോടു
ഭക്തജനത്തിനു മുക്തി വരുത്തുവാൻ
ദണ്ഡകാരണ്യത്തിൽ വാഴും വിധൗ ബലാൽ
ചണ്ഡനായുള്ള ദശാസ്യനാം രാവണൻ
പുണ്ഡരീകോത്ഭൂതയാകിയ സീതയെ
പണ്ഡിതന്മാരായ രാമസൗമിത്രികൾ
വേർപെട്ടിരിക്കുന്ന നേരത്തു വന്നു ത-
ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ
ലങ്കയിൽ കൊണ്ടുവച്ചീടും ദശാന്തരേ
പങ്കജലോചനയെത്തിരഞ്ഞീടുവാൻ
മർക്കടരാജനിയോഗാൽ കപികുലം
ദക്ഷിണവാരിധി തീരദേശേ വരും
തത്ര സമാഗമം നിന്നോടു വാനരർ-
ക്കെത്തുമൊരു നിമിത്തേന നിസ്സംശയം
എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ
തന്വംഗി വാഴുന്ന ദേശം ദയാവശാൽ
അപ്പോൾ നിനക്കു പക്ഷങ്ങൾ നവങ്ങളാ-
യുത്ഭവിച്ചീടുമതിനില്ല സംശയം'
എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ
മുന്നം നിശാകരനായ മഹാമുനി
വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ-
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും
ഉത്തമതാപസന്മാരുടെ വാക്യവും
സത്യമല്ലാതെ വരികയില്ലെന്നുമേ
ശ്രീരാമദേവകഥാമൃതമാഹാത്മ്യ-
മാരാലുമോർത്താലറിയാവതല്ലേതും
രാമനാമാമൃതത്തിന്നു സമാനമായ്‌
മാമകേ മാനസേ മറ്റു തോന്നീലഹോ
നല്ലതു മേന്മേൽ വരേണമേ നിങ്ങൾക്കു
കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ!
നന്നായതിപ്രയത്നം ചെയ്കിലർണ്ണവ-
മിന്നുതന്നെ കടക്കായ്‌വരും നിർണ്ണയം
ശ്രീരാമനാമസ്മൃതികൊണ്ടു സംസാര-
വാരാനിധിയെക്കടക്കുന്നിതേവരും
രാമഭാര്യാലോകനാർത്ഥമായ്‌ പോകുന്ന
രാമഭക്തന്മാരാം നിങ്ങൾക്കൊരിയ്ക്കലും
സാഗരത്തെക്കടന്നീടുവാനേതുമൊ-
രാകുലമുണ്ടാകയില്ലൊരു ജാതിയും'
എന്നു പറഞ്ഞു പറന്നു മറഞ്ഞിത-
ത്യുന്നതനായ സമ്പാതി വിഹായസാ