അലിഞ്ഞു ചേർന്ന ആത്മാക്കൾ/ഒൻപതു്
←എട്ടു് | അലിഞ്ഞു ചേർന്ന ആത്മാക്കൾ രചന: (1959) ഒൻപതു് |
പത്തു്→ |
പ്രഭാതമായപ്പോൾ പടനീങ്ങിയ പോർക്കളംപോലെ ചുറ്റുപാടുകൾ അനുഭവപ്പെട്ടു.
എല്ലാവർക്കും ആനന്ദിക്കുവാൻ ഏറെയുണ്ടായിരുന്നെങ്കിലും ഒരു പൊട്ടിച്ചിരിപോലും കേട്ടില്ല. എല്ലാ മുഖങ്ങളും വാടിയിരിക്കുന്നു. എന്റെ ഹൃദയം അഗ്നിപർവ്വതംപോലെ എരിയുവാൻ തുടങ്ങി. അങ്ങു ചക്രവാളസീമവരെ മാറ്റൊലിക്കൊള്ളുന്ന രീതിയിൽ തേവി പൊട്ടിക്കരഞ്ഞു.
ചോതിമൂപ്പൻ മരിച്ചുപോയി.
കഴിഞ്ഞ രാത്രിയുടെ അന്ത്യയാമത്തിന്റെ അവസാനഘട്ടത്തിൽ തന്റെ മകനോടും ഭാര്യയോടുംകൂടെ മൂപ്പനും ലോകത്തോടു യാത്രപറഞ്ഞു പിരിഞ്ഞു. ആ പ്രദേശത്തുള്ള പക്ഷികൾപോലും മൗനവലംബിച്ചു.
ഞാൻ വളരെനേരം സ്തംഭിച്ചിരുന്നുപോയി. എന്റെ ധമനികളെല്ലാം തളർന്നു....
വേണു: ആ ദുഷ്ടനോടെനിക്കു തീരീത്ത പകയാണുണ്ടായതു്.... ഹോ! എനിക്കു ചിന്തിക്കുവാൻകൂടി വയ്യ.
ഞാൻ നിശ്ശബ്ദനായി വേദനിക്കുന്ന ഹൃദത്തോടെ മാടത്തിനടുത്തുള്ള മാവിൻ ചുവട്ടിൽ ഇരുന്നു. പലരും എന്നെ വന്നാശ്വസിപ്പിച്ചു....
ക്ലേശിക്കുകയാണു്. പരമാൎത്ഥത്തിൽ എനിക്കവരുടെ ആചാരരീതിയൊന്നും വ്യക്തമായിട്ടറിഞ്ഞുകൂടാ...
ചില കൎമ്മങ്ങളെല്ലാമവിടെ നടന്നു... ചില ശബ്ദങ്ങൾ. എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഒരു പത്തുമണിയോടടുത്തപ്പോൾ എല്ലാവരുംകൂടി ശവം മറവുചെയ്യാൻ കുറച്ചകലെയുള്ള ‘പട്ടട’യിലേക്കു വിലാപയാത്രയായിനീങ്ങി.
വേദനയൂറുന്ന ആ സ്മരണപോലും എനിക്കു മൎമ്മഭേദകമായി തോന്നുന്നു. ആ ദിവസംകടന്നുപോയി.
അങ്ങനെ കുറെ ദിവസങ്ങൾകൂടി ആൎക്കും വേണ്ടി കാത്തിരിക്കാതെ മറഞ്ഞു. വേദനയുടെ കിഴിക്കെട്ടിൽനിന്നു താപഭാരം ചോൎന്നൊഴുകിത്തുടങ്ങി... പക്ഷെ....
പെട്ടെന്നുള്ള മൂപ്പന്റെ മരണം തേവിയെ തീരാദുഃഖത്തിലാഴ്ത്തി. അവൾ ഓൎത്തോൎത്തു കരഞ്ഞു. “കോപാലാ തേവിയെ നോക്കണേ” എന്നു് അന്ത്യസമയത്തു് മൂപ്പൻ പറഞ്ഞ വാക്കുകൾ എന്റെ കൎണ്ണപുടത്തിൽ തെരുതെരെ വന്നു തറയ്ക്കുന്നതുപോലെ എനിക്കു തോന്നി.
ഇന്നലെ സന്ധ്യ കഴിഞ്ഞപ്പോൾ തേവി തലവേദനയാണെന്നും പറഞ്ഞു് കിടന്നതാണു്. ഇന്നു പ്രഭാതമായപ്പോൾ ശക്തിയായ പനിയുമാരംഭിച്ചു. വിവരമറിഞ്ഞു് ഒട്ടധികം പേർ തേവിയെ കാണുവാൻ വന്നു.
“അടുത്തെങ്ങാം വൈദ്യന്മാരുണ്ടെങ്കിൽ വിളിച്ചുകൊണ്ടുവാ” കുഞ്ഞനോടു ഞാൻ പറഞ്ഞു.
“അവടമ്മീം, കോപാലനും യിങ്ങിനെ പനിവന്നാ
മരിച്ചേ” രഹസ്യമായി കുഞ്ഞന്റെ അമ്മ ചിരുതപ്പുലയി എന്നോടു പറഞ്ഞു. ഞാനൊന്നു ഞെട്ടിപ്പോയി.
കുറെക്കഴിഞ്ഞു് കുഞ്ഞൻ ഒരു നാട്ടുവൈദ്യനുമായി മാടത്തിലേക്കു വന്നു. അവിടെ കൂടിനിന്നവരെല്ലാം രോഗിയെ പരിശോധിക്കുവാൻ വൈദ്യനു വഴിമാറിക്കൊടുത്തു.
വൈദ്യൻ ആദ്യം നാടിയിടുപ്പു പരിശോധിച്ചു. പിന്നീടു് വയറൊന്നു കൊട്ടിനോക്കി. അനന്തരം പോളയുൎത്തി രണ്ടു കണ്ണുകളും പരിശോധിച്ചു. അയാളുടെ വായിൽനിന്നും എന്തെങ്കിലുമൊന്നു പുറത്തേക്കുവരുവാൻ എല്ലാവരും കാത്തുനിന്നു.
“സൂക്ഷിക്കണം”
അയാൾ പരിശോധന കഴിഞ്ഞു പറഞ്ഞു.
“ഞങ്ങൾ അങ്ങു പറയുന്നതുപോലെ ചെയ്യാം” ഞാൻ വിനയപുരസ്സമരറിയിച്ചു.
“പേടികൊണ്ടുണ്ടായതാണു്” വൈദ്യൻ കാരണവും കണ്ടുപിടിച്ചു.
“ഏതായാലും ഒരാളെ എന്റെ കൂടെ അയയ്ക്കൂ. ഞാൻ മരുന്നു കൊടുത്തുവിടാം” എന്നു പറഞ്ഞുകൊണ്ടു് വൈദ്യൻ പുറത്തേക്കിറങ്ങി.
ഞാൻ വേഗം രണ്ടു രൂപായെടുത്തു കുഞ്ഞന്റെ കയ്യിൽ കൊടുത്തുകൊണ്ടു പറഞ്ഞു: “നീകൂടി പോ. അവിടെ ചെന്നിട്ടു് വൈദ്യൎക്കു കൊടുത്തേക്കു്”
കുഞ്ഞൻ ഔൺസുകുപ്പിയും കഴുകിയെടുത്തുകൊണ്ടു് വൈദ്യരുടെ പിന്നാലെ നടന്നു.
കുറെക്കൂടി കഴിഞ്ഞപ്പോൾ മാടത്തിൽ ഞാനും തേവിയും മാത്രമവശേഷിച്ചു. ഞാനവളുടെ അടുത്തു ചെന്നിരുന്നു. ആ പ്രഭയറ്റ മിഴികൾ എന്നെതന്നെ ദയനീയതയോടെ നോക്കി
ക്കൊണ്ടിരിക്കുന്നു. എന്റെ ആത്മാവിൽ സൂചിമുനകൾ തൊടുവിക്കുന്നതുപോലുള്ള അനുഭവം.
“തേവി” ഞാൻ സ്വരംതാഴ്ത്തി അവളെ വിളിച്ചു.
“ഉം” അവളൊന്നു മൂളി. അതൊരു വിങ്ങിപൊട്ടലായിരുന്നു. വേദനയുടെ വിങ്ങിപ്പൊട്ടൽ!
“ദാഹിക്കുന്നുണ്ടോ?” ഞാനാരാഞ്ഞു.
“യില്ല... വൈദ്യനെന്തു പറഞ്ഞു” അവൾ തിരക്കി.
“ഉടനെ കുറയുമെന്നു്”
“യില്ല കൊറയേലാ”
“അങ്ങിനെ പറയാതെ. നിശ്ചമായിട്ടും കുറയും”
“തേവിയെ മറക്കുമോ?”
“ഒരിക്കലുമില്ല”
“എന്റെ കൂടെ മരുമോ”
“എങ്ങോട്ടു്”
അവൾ പേടിസ്വപ്നം കാണുന്നതുപോലെ എനിക്കു തോന്നി. തേവി, വേദനയുടെ ഒരു കൂനയാണു്.... അവളുടെ ശരീരം അനുനിമിഷം വികൃതമായിക്കൊണ്ടിരുന്നു.
“തേവി, കുഞ്ഞനിപ്പം മരുന്നുകൊണ്ടുവരും” ഞാൻ പറഞ്ഞു.
“ആരിക്കാ” അവൾക്കൊരുസംശയം.
“തേവിക്കു്. അല്ലാതാൎക്കാ?”
“എനക്കു മേണ്ട”
അപ്പോഴേക്കും കുഞ്ഞൻ മരുന്നുമായി വന്നുകഴിഞ്ഞു.
“ആറു നേരം ഒരവുൺതുവീതം കൊടുക്കാം പറഞ്ഞു” മരുന്നെന്റെ നേരെ നീട്ടിക്കൊണ്ടു് കുഞ്ഞൻ പറഞ്ഞു. ഒരു ചെറിയ ചട്ടിയിൽ ഞാൻ ഒരവുൺസു മരുന്നു പകൎന്നു അവളുടെ നേൎക്കു നീട്ടി. അവളതൊറ്റ ശ്വാസത്തിനുള്ളിലാക്കി.
ഞാനും കുഞ്ഞനും അവളുടെ അടുത്തുതന്നെയിരുന്നു. സന്ദർശകർ ഒന്നിന്നു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. എല്ലാവരുടെയും മുഖത്തൊരു ഭയാശങ്കയാണു നിഴലിച്ചതു്. എന്റെ ഉള്ളു പുകഞ്ഞുതുടങ്ങി... മൂന്നു നാലു ദിവസങ്ങൾകൂടി നീങ്ങി....
വൈകുന്നേരമായപ്പോൾ രോഗം കുറെക്കൂടി വർദ്ധിച്ചു. വൈദ്യനെ വീണ്ടും വിളിച്ചുകൊണ്ടുവന്നു. ഉടനെ നാരങ്ങാനീരിൽ കൊടുക്കുവാൻ രണ്ടു ഗുളികയും കൊണ്ടുവന്നു. തിരിച്ചുപോകുവാൻ നേരത്തു അയാൾ സ്വകാര്യമയി കുഞ്ഞനോടെന്തോ പറയുന്നതു കേട്ടു. അവൻ കുറേനേരം തരിച്ചുനിന്നുപോയി.
“വൈദ്യനെന്താണു പറഞ്ഞതു്” അവന്റെ അടുത്തുചെന്നുനിന്നുകൊണ്ടു് ഞാൻ ചോദിച്ചു.
അവൻ മുഖത്തെ ഭാവങ്ങൾ മാറ്റുവാൻ ശ്രമിച്ചു. എന്തോപറയുവാൻ തുടങ്ങിയെങ്കിലും ഒരക്ഷരംപോലും പുറത്തേക്കു വന്നില്ല. ആ ചുണ്ടുകൾ അകന്നില്ല.... നാവുകൾ ചലിച്ചില്ല.
“പറയു കുഞ്ഞാ വൈദ്യനെന്തു പറഞ്ഞു” ഞാനവനെ നിർബന്ധിച്ചു....
അവൻ മൗനവലംബിച്ചു.
വീണ്ടു ഒന്നും ചോദിക്കാതെ ഒന്നും അറിയാൻ ശ്രമിക്കാതെ തന്നെ ഞാൻ മാടത്തിലേക്കു കയറിപ്പോയി.
രാത്രിയായപ്പോൾ രോഗം പൂർവ്വാധികം വൎദ്ധിച്ചു. തീക്കട്ടയിൽനിന്നെന്നപോലെ നെറ്റിത്തടത്തിൽനിന്നും ചൂടനുഭവപ്പെട്ടു.
വളരെ പേർ ഈ രാത്രിയിവിടെക്കഴിയുവാൻ തന്നെ നിശ്ചയിച്ചു.....
രാത്രി ഒരു മണിയായിട്ടുണ്ടു്.
എല്ലാവരും തളൎന്നുറങ്ങുകയാണു്. കണ്ണിലെണ്ണയൊഴിച്ചെന്നപോലെ ഞാനിരുന്നു....
ഒരു നല്ല മഴയാരംഭിച്ചു. കൊള്ളിയാൻ ശക്തിയായി പല പ്രാവശ്യം മിന്നി. അങ്ങു കിഴക്കുനിന്നും ചില കൂവലുകൾ കേട്ടു. അങ്ങകലെ പാടത്തുകൂടി കത്തിച്ച ചൂട്ടുമായി ചിലർ നീങ്ങുന്നതു ഞാൻ കണ്ടു....
അവൾ കുറെ നേരം എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. എന്റെ ധമനികളെല്ലാം തളരുന്നതുപോലെ എനിക്കു തോന്നി. അവളെന്നെ അരികത്തേക്കു വിളിച്ചു....
“ഞാം പോണൂ...” ഒരു തരത്തിൽ തേവി പറഞ്ഞു. എന്റെ തലക്കൊരുന്മത്തത. ഒരക്ഷരം പോലും ഉരിയാടുവാൻ വയ്യെനിക്കു്.
നിമിഷങ്ങൾ മുന്നേറുകയാണു്...
“എനക്കൊരുമ്മ താ” ഇമവെട്ടാതെ എന്നെതന്നെ നോക്കിക്കൊണ്ടവൾ യാചിച്ചു.
എനിക്കു ബോധ്യമായി.
അതെ, അതവളുടെ അവസാനത്തെ ആഗ്രഹമാണു്. ഒരുമ്മ! അവളുടെ ഇതുവരെയുള്ള പ്രതീക്ഷകൾ അയവിറക്കിക്കൊണ്ടുള്ള ജീവിതത്തിലെ ഏകനേട്ടം പോലെ അവൾ യാചിക്കുന്നു.
മരണക്കിടക്കയിൽ കിടന്നുകൊണ്ടു് അവൾ അന്ത്യമായി യാചിക്കുന്നു. ഒരുമ്മ! വിലതീരാത്ത നിധിപോലെ അതവൾക്കത്രകണ്ടു പരിപാവനമാണു്...
ഞാൻ അങ്ങു ചക്രവാളത്തിലേക്കു നോക്കി. അകലെ നിന്നുകൊണ്ടു് ഒരു പൊൻതാരം ‘അരുതേ’ എന്നു വിലക്കുന്നതുപോലെ തോന്നുന്നു.—ലിസാ.
“ഒ... രു... മ്മ”
അല്പം കൂടി താഴ്ന്ന സ്വരത്തിൽ അവൾ വീണ്ടുമപേക്ഷിച്ചു. ഒരു ചുംബനം. അവൾക്കാനന്ദനിവൃതിയടയണം... ഞാൻ കുഴഞ്ഞു..... നീണ്ടനിമിഷങ്ങൾ.....
അവളുടെ മിഴിനിറയെ ജീവനില്ലാത്തബാഷ്പം നിറഞ്ഞുനിന്നു. എന്റെ നേത്രവും നിറഞ്ഞു. ഞാനവളുടെ മുഖത്തോടു മുഖം ചേൎത്തു. എന്റെ മിഴിയിൽതങ്ങിനിന്ന വജ്രഗോളങ്ങൾ അവളുടെ കണ്ണുകളിൽതന്നെവീണു. അവളുടെ ആത്മാവും അനന്തതയിലേക്കു പറന്നുയൎന്നു....
ആ നീലമിഴികൾ അടഞ്ഞു. എന്നന്നേക്കുമായി അസ്തമിച്ചു. ഞാൻ പൊട്ടിക്കരഞ്ഞു. നിദ്രയിലമൎന്നിരുന്നവരെല്ലാം പേക്കിനാവു കണ്ടിട്ടെന്നപോലെ ഞെട്ടിയുണൎന്നു....
ഹൃദയസ്പൃക്കായ ദീനരോദനം അങ്ങു ചക്രവാള സീമവരെ മാറ്റൊലിക്കൊണ്ടു.... ഒരു കൂട്ടക്കരച്ചിൽ. ചുറ്റുപാടുമുള്ള മാടങ്ങളിൽ നിന്നു പലരും ഓടി എത്തി....
വിണ്ടലത്തിൽ ഒരു വെള്ളിനക്ഷത്രം ശോഭയറ്റു നിലംപതിച്ചു. ഒരു വാനം പാടി ചിറകറ്റു താഴെ വീണ്ടു. വിധിയുടെവിരുതു് ഒരു കതിർകാണാക്കിളിയെ എയ്തു വീഴ്ത്തി.
പരിശുദ്ധമായ തേവിയുടെ ആത്മാവിനെ അനന്തതയിലേക്കു പറത്തിക്കൊണ്ടു പോകുവാനായിരിക്കണം ഒരു കുസൃതിക്കാറ്റു് പാഞ്ഞുവന്നു ചുറ്റുപാടുകളെ ചുംബിച്ചുകൊണ്ടു കടന്നുപോയി. അവളുടെ നിൎമ്മലഹൃദയത്തിനു നിത്യശാന്തിനേരുകയായിരിക്കും അങ്ങകലെയിരുന്നുകൊണ്ടു ഗാനപീയുഷം ചൊരിയുന്ന രാപ്പാടികൾ...
കിഴക്കു വെള്ളവീശി. ഒരു പാവപ്പെട്ടവൾ മധുരസ്വപ്ന
ങ്ങളിലൂടെ ഉയൎത്തിയ മട്ടുപ്പാവിനെ പുകച്ചുരുളുകളാക്കിക്കൊണ്ടു ആ രാത്രി കടന്നുപോയി.
നിറഞ്ഞ നയനങ്ങളുമായി ആളുകൾ വന്നുംപോയുമിരിക്കുന്നു. ആൎക്കും ആരോടും ഒന്നും പറയുവാനുമില്ല. ഒരു കുടുംബം പൂൎണ്ണമായും പിളർന്നു പോയിരിക്കുന്നു. ഈ മാടത്തിന്റെ അവസാനത്തെ മണിദീപവും എരിഞ്ഞടങ്ങിയിരിക്കുന്നു.....
അങ്ങിനെ അച്ഛനും, അമ്മയും സഹോദരനും, പിതാമഹന്മാരെല്ലാവരും അന്തിമവിശ്രമം കൊള്ളുന്ന പട്ടടയിൽ അവളുമെത്തി. ചെറിയ ഒരു വനമാണിതു്; ഒട്ടനവധി കുഴിമാടങ്ങൾ അവിടവിടെയായി കാണാം.
നൂററാണ്ടുകളായി അടിമത്വത്തിൽ ആണ്ടിരുന്ന ഒരു വർഗ്ഗത്തിന്റെ ശ്മശാനമാണതു്. പട്ടികളും പറവകളും സ്വഛന്ദം സല്ലപിക്കുന്ന അതൃത്തിയും ആകൃതിയുമില്ലാത്ത ഒരു ശ്മശാനം
ശതാബ്ദങ്ങളായി ആയിരമായിരം കറുത്ത മനുഷ്യരുടെ എലമ്പുകളും തലയോടുകളും മാത്രമവശേഷിച്ചും ബാക്കിയത്രയും രൂപാന്തരം പ്രാപിച്ച ആ പശയുള്ള മൺതരികൾ— അതെ, ആ മൺതരികളോരോന്നും മനുഷ്യശരീരങ്ങളുടെ മിച്ച നിക്ഷേപമാണ്. അവയുടെ മദ്ധ്യത്തിൽ ഒരു ജടവും കൂടി അടക്കപ്പെട്ടു. ആ ശ്മശാനമൂകതയെ ഭേദിച്ചുകൊണ്ടു ഒരാത്മാവുകൂടി പൊട്ടിക്കരയുവാൻ തുടങ്ങി, ഒരു സ്പന്ദിക്കുന്ന അസ്ഥിമാടം കൂടി അവിടെ സ്ഥലംപിടിച്ചു.
അടുത്തുനിന്ന കാട്ടുചെടികളുടെ പൂക്കളെല്ലാം അറുത്തെ ടുത്ത് ഞാൻ തേവിയുടെ കുഴിമാടത്തിൽ അർച്ചന ചെയ്തു, എന്റെ അന്തിമോപഹാരമായിട്ടു്.
മൂകതയെ ഭേദിച്ച് ഒരായിരം ശോകഗാനങ്ങൾ അവിടുത്തെ വായുവിൽ പറന്നുനടക്കുന്ന പോലെ എനിക്കു തോന്നി. ഒരു കാളരാത്രിപോലെ ആ രാത്രി കടന്നുപോയി.
രാത്രിയിൽ നല്ല മഴയുണ്ടായിരുന്നു. കാറ്റും പിശറും, പൂർണ്ണമായി മാറീട്ടില്ല. കിഴക്കൻമഴവെള്ളം കുത്തിയൊഴുകി വരുകയാണു്. ഞാനാ കാവൽ മാടത്തിൽ ചിന്താനിരതനായിരുന്നപ്പോൾ കുഞ്ഞനും, കുട്ടനും, മൈലനും കൂടി അങ്ങോട്ടുവന്നു.
“കുഞ്ഞാ, ഞാൻ പോകുകയാണു്” ഹൃദയം നിറഞ്ഞ വേദനയോടെ ഞാൻ പറഞ്ഞു.
"യെന്നാണേലും കോപാലൻ പോണ്ട” എല്ലാവരും ഒരുമിച്ചഭ്യൎത്ഥിച്ചു.
ഞാനെന്റെ ചരിത്രമവരെ ധരിപ്പിച്ചു. ലിസായെ തിരക്കിയാണു ഞാൻ തിരയുന്നതെന്നു അവരെ മനസ്സിലാക്കി. ശാന്തയുടെ സ്നേഹത്തെക്കുറിച്ചും ഞാനവരോടു സംസാരിച്ചു.
“ഇതൊക്കെയാണു പരിതസ്ഥിതി” അവസാനം ഞാൻ പറഞ്ഞു നിറുത്തി.
“ഏതാണേലും കൊറെ പിന്നെപ്പോയാമതി” അവർ പറഞ്ഞു.
അവർ ഏതോ ജോലിക്കായി പടിഞ്ഞാറോട്ടു നടന്നു. ഞാനുമെഴുന്നേറ്റു. ഓരോ പാദവും ഓരോ ചോദ്യചിഹ്നം പോലെ ഞാനെടുത്തുവച്ചു. “ഇനിയത്തെഭാവി?” എന്റെ തലക്കുള്ളിലിരുന്നു കൊണ്ട് തെരുതെരെ ആരോ വിളിച്ചു പറയുന്നതുപോലെ തോന്നി.
ഞാനെങ്ങോട്ടാണ് പോകുന്നതെന്നോ എവിടംവരെ പോകണമമെന്നോ എനിക്കു നിശ്ചയമില്ല, ഒരു ലക്ഷ്യവുമില്ലാത്ത മുന്നേറ്റം...
എന്റെ മനസിനു താല്പൎയ്യവും, കാലുകൾക്കു ഓജസ്സും എന്റെ ലിസക്കുറിച്ചുള്ള ഓർമ്മ എനിക്കു തരുന്നപോലെ തോന്നി.
പുഴകളും പച്ചനിരത്തുകളും പിന്നിലാക്കി നീങ്ങി. എന്റെ ഹൃദയം കദനഭാരത്താൽ പിടയുകയാണ്. ഒരു ഇരുളടഞ്ഞ ഭാവി എന്റെ മുന്നിൽ നൃത്തം ചവിട്ടുന്നതു പോലെ എനിക്കു തോന്നി.
ഞാനാർക്കുവേണ്ടി ജീവിക്കുന്നു? ലിസാ—ആ ഒരൊറ്റ ജീവിതമില്ലായിരുന്നെങ്കിൽ എനിക്ക് ദുരിതമൊന്നും സഹി ക്കേണ്ടിവരുകയില്ലായിരുന്നു. ഒരു സുഭിക്ഷതയുടെ ശ്രീകോവിലിലേക്ക് എന്നെ മാടിവിളിച്ചതാണ് ശാന്ത. പക്ഷെ ഒരാത്മവഞ്ചകനാകുക. അതെനിക്കു വയ്യ! അനശ്വരസ്നേഹത്തിന്റെ അലയൊലികൾ ആ സത്ത കൈവെടിയാതെ താനാരാധിച്ചാഗ്രഹിച്ച ഒരാളിനോടൊത്തു സംസാരസാഗര ത്തിലേക്കു നങ്കൂരമില്ലാത്ത കടത്തുവഞ്ചിയിലേറി ഇറങ്ങിത്തിരിച്ച് എന്റെ ലിസാ! അവൾ എനിക്കുവേണ്ടി കാത്തിരിക്കയാണ്. പരിശുദ്ധപ്രേമത്തിന്റെ മണിദീപത്തിൽ ചൂടുള്ള മിഴിനീരുകൊണ്ടു അവൾ തിരിനീട്ടുകയായിരിക്കാം. ആ ദീപം മങ്ങാതെകാത്തു സൂക്ഷിക്കുന്നു.
എത്ര ദൂരം നടന്നാലും ഞാൻ മടങ്ങുന്നില്ല. എന്റെ കാലുകൾ തളരുന്നില്ല, ആ വാസന്തിപ്പൂവിന്റെ മഞ്ജുളസൗരഭ്യം എന്നെ ചാരത്തേക്കു മാടി വിളിക്കുന്നു.
പകൽ ഒരുമണിയായിട്ടുണ്ട്, ഞാനീതീവീണ്ടിയാപ്പിസിൽ വന്നപ്പോൾ, വണ്ടി തെക്കോട്ടോ വടക്കോട്ടോ എങ്ങോട്ടെന്നറിഞ്ഞുകൂടെങ്കിലും 8ണയുടെ ഒരു ടിക്കറ്റു ഞാനും വാങ്ങി....
തേഡ് ക്ലാസു് കംപാർട്ട്മെന്റാണെങ്കിലും ആളുകളധികമില്ല... മൂലയിൽ ഒരുവൃദ്ധൻ ഇരുന്നുറങ്ങുന്നുണ്ട്.... മറ്റൊരു സ്ത്രീയും ഒരു യുവാവും ഇരിപ്പുണ്ട്. അവരെന്തോ ഒക്കെ സംസാരിക്കുന്നുണ്ടു്.
ഒരുവശത്തു ഞാനുമിരുന്നു... തീവണ്ടി ഒരു ചൂളംവിളിയോടെനീങ്ങി സ്വപ്നലോകത്തെന്നപോലെ എന്റെ മനസ്സ് ഞാനറിയാതെ ചുറ്റിത്തിരിഞ്ഞു...