അലിഞ്ഞു ചേർന്ന ആത്മാക്കൾ/പത്തു്
←ഒൻപതു് | അലിഞ്ഞു ചേർന്ന ആത്മാക്കൾ രചന: (1959) പത്തു് |
പതിനൊന്നു്→ |
“ഒന്നും ചിന്തിക്കാതെയും ഒരു പ്രവൃത്തിയിലും മുഴുകാതെയും ചുറ്റ്പാടുകളെ കണ്ടുകൊണ്ടു വളരെനേരം ഞാനിരുന്നു. നിമിഷങ്ങൾ നിമിഷങ്ങളെ പിന്നിലാക്കുകയാണു്....
തീവണ്ടി അടുത്ത സ്റ്റേഷനിൽ നിന്നപ്പോൾ ഞാനും മൂലയിൽ ഇരുന്നുറങ്ങിയിരുന്ന വൃദ്ധനുമൊഴികെ എല്ലാവരും അവിടെയിറങ്ങി.
ഈ സ്റ്റേഷനിൽ നിന്നും ആരും തന്നെ ഞങ്ങളുടെ കംപാൎട്ടുമെന്റിൽ കയറിയില്ല. ഞാനാ വൃദ്ധനെ ആപാദചൂഡം ഒന്നു പരിശോധിച്ചു. ഒരു ധനികനാണദ്ദേഹം. നല്ല കസവു നേര്യതും, ജൂബാഷൎട്ടും. ഒരു ലക്ഷപ്രഭുവിനെന്ന വണ്ണമുള്ള വേഷവിധാനമാണു്. ഒരു ബാഗും വടിയും അദ്ദേഹത്തിന്റെ സമീപത്തുണ്ടു്... ഇങ്ങിനെയുള്ളവർ മൂന്നാംക്ലാസിൽ യാത്രചെയുന്നതിന്റെ ഔചിത്യം എനിക്കു മനസ്സിലായില്ല.
വളരെ ദൂരം നടന്നതിനാലും, വയറു വിശന്നു തുടങ്ങിയതിനാലും ഞാൻ ആ സീറ്റിൽ കിടന്നു. എങ്കിലും ഉറങ്ങുവാനെനിക്കു സാധിച്ചില്ല....
തീവണ്ടി മന്ദതയോടെ ഒരു ചതുപ്പു നിലത്തിലൂടെ നീങ്ങുകയാണ്. പെട്ടെന്നൊരാൾ വണ്ടിയിലേക്കു ചാടിക്കയറി. ഞാൻ കണ്ണു പകുതി അടച്ചു കിടന്നു. ചാടിയതിനിടയിൽ അയാളുടെ മടിയിൽ നിന്നു ഒരു മൂർച്ചയേറിയ കഠാരി തെറിച്ചു വണ്ടിക്കകത്തുവീണു. ഞാൻ ചൂളിപ്പോയി. മിന്നിതിളങ്ങുന്ന കഠാരി!
ഞാൻ ഉറക്കമഭിനയിച്ചു കിടന്നു. അയാൾ ചുറ്റുമൊന്നുനോക്കി. മൂലയിൽ സുഖനിദ്രയിലാണ്ടുകിടന്ന വൃദ്ധനെ കണ്ടപ്പോൾ അയാളൊന്നു ഇരുത്തിച്ചിരിച്ചു. ഒരു പിശാചിന്റെ ഗൎജ്ജനം പോലെയാണെനിക്കു തോന്നിയതു്. ഭീകരപരാക്രമികളായ തസ്കരന്മാരെക്കുറിച്ചു ഞാൻ വായിച്ചിട്ടുണ്ട്. പട്ടാപ്പകൽ കൊള്ള നടത്തുന്ന കൊള്ളക്കാരെക്കുറിച്ചു കേട്ടിട്ടുണ്ട്. തെല്ലും അലംഭാവമില്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ടു് ഭദ്രകാളിയെപ്പോലെ മനുഷ്യരക്തത്തെ പുഴവെള്ളം കണക്ക് കയ്യിൽ കോരി മേലോട്ടെറിഞ്ഞുല്ലസിക്കുന്ന നിശാചരരെപ്പറ്റി മുത്തശ്ശി പറഞ്ഞു ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. ഒരായിരം തീനാമ്പുകൾ എനിക്കെതിരെ പാഞ്ഞുവരുന്നതുപോലെതോന്നി....
അയാൾ എന്നെ ഗൗനിച്ചില്ല. ഞാനൊരു പാവപ്പെട്ടവനാണെന്നാൎക്കും ഒരു നോട്ടത്തിൽ തോന്നും.
ആ ദുഷ്ടൻ സാവധാനം സുഖനിദ്രയിലമർന്നിരിക്കുന്ന വൃദ്ധനെ സമീപിച്ച് അയാൾ സൎവ്വസ്വവുമായി മടിയിൽ അമൎത്തിപ്പിടിച്ചിരുന്ന ബാഗും പിടിച്ചു പറിക്കുവാൻ ശ്രമിച്ചു. വൃദ്ധൻ ചാടി എഴുന്നേറ്റു. ആ കൊള്ളക്കാരൻ വൃദ്ധനെ കഠാരി കാണിച്ചുകൊണ്ടു ഗർജ്ജിച്ചു. “ജീവനിൽ കൊതിയുണ്ടെങ്കിൽ ബാഗും തരൂ.” ഇല്ലെങ്കിൽ ഞാൻ തുലച്ചുകളയും തന്നെ ഉം?”
വൃദ്ധൻ ഭീതിപൂണ്ടു് നട്ടംതിരിഞ്ഞു. കടിച്ചു കീറുവാൻ പാഞ്ഞടുക്കുന്ന ദുഷ്ടവ്യാഘ്രത്തെപ്പോലെ ആ കൊള്ളക്കാരൻ വൃദ്ധനെതിരെ ഓരോ പദവുമെടുത്തുവച്ചു. എന്നെ ദയനീയതോടെ തെരുതെരെ അയാൾ നോക്കുന്നു.
പരമാർത്ഥത്തിൽ എന്നിൽ കടന്നു കൂടിയ ഭീതിയൊക്കെ അസ്തമിച്ചതുപോലെ എനിക്കു തോന്നി. എന്റെ പുരുഷ്വത്വം തലയുയർത്തി. നിസ്സഹായനായ ഒരു വൃദ്ധനെ മൃഗീയമായി വധിക്കുവാൻ ഒരു കൊള്ളക്കാരൻ തുനിയുന്നതു് ശേഷിയും, ശേമുഷിയുമുള്ള ഒരു ചെറുപ്പക്കാരൻ എങ്ങിനെ നിശ്ശബ്ദനായി കണ്ടു കൊണ്ടിരിക്കും.....
“ഉം.... പേഴ്സെടുക്കു...”
അയാൾ വീണ്ടുമലറി. വൃദ്ധൻ മടികാണിച്ചു. അയാൾ ഒരു മനുഷ്യജീവിക്കു കേവലം മൃഗത്തിന്റെ പ്രാധാന്യം കൽപ്പിക്കുന്ന ആ രാക്ഷസൻ കഠാരി വൃദ്ധന്റെ നെഞ്ചിനു നേരെ നീട്ടി.
ഞാൻ ചാടി എണീറ്റ് പിറകിലൂടെ ചെന്നു് അയാളുടെ കഠാര ഏന്തിയ കയ്യിൽ കടന്നു പിടിച്ചു. അയാൾ ഞെട്ടിത്തിരിഞ്ഞു.....
ഒരു സംഘട്ടനം.... അയാളുടെ കയ്യിൽ നിന്നും ഞാനാ മാരകായുധം താഴെ ഇടുവിച്ചു. വീണ്ടും അതെടുക്കുവാൻ ഞങ്ങൾ മൽപ്പിടുത്തം നടത്തി....
വാർദ്ധക്യത്തെ പ്രാപിച്ചു് ആരോഗ്യം ക്ഷയിച്ചിരുന്നെങ്കിലും വൃദ്ധനു ധൈര്യം വന്നു. അയാൾ കയ്യിലിരുന്ന വടികൊണ്ടു തലയിൽ പലപ്രാവശ്യം ശക്തിയായടിച്ചു. എങ്ങിനെ എന്നറിഞ്ഞില്ല എന്റെ പ്രതിയോഗിയുടെ മീശ പറിഞ്ഞുപോയി. മന്ത്രവാദമാണെന്നെനിക്കാദ്യം തോന്നിയെങ്കിലും അതു കേവലം കൃത്രിമ
മീശ മാത്രമാണെന്നെനിക്കു മനസ്സിലായി. തുടൎന്നയാളുടെ വെപ്പുമുടിയും തെറിച്ചു താഴെവീണു. മായാമനുഷ്യൻ എന്നു ഞാൻ സ്വയം മന്ത്രിച്ചു.
വയസ്സന്റെ വടികൊണ്ട് കഠാരി തീവണ്ടിപ്പാളത്തിനിടയിലേക്കു തെറിച്ചുപോയി. എന്നെ കുതറിച്ചു രക്ഷപെടുവാൻ അയാളാവതു ശ്രമിച്ചു. അവനെ വിടരുത്. ഇതാ സ്റ്റേഷനടുത്തു പോലീസിലേൽപ്പിക്കാം” വൃദ്ധൻ സന്തോഷത്തോടുകൂടി വിളിച്ചറിയിച്ചു.
അയാൾ ബാഗു തുറന്നു ഒരു പത്രമെടുത്ത് നോക്കുന്നതു ഞാൻ കണ്ടു.
“ആങ്“ ഇവൻ തന്നെ വിക്രമൻ. ഇവനെ പിടിച്ചു കൊടുത്താൽ 2000 രൂപാ കിട്ടും. വിടല്ലേ” അയാൾ വീണ്ടും എന്നെ ഓർമ്മിപ്പിച്ചു. കൊള്ളക്കാരൻ മരണവെപ്രാളം കാണിക്കുകയാണ്, ഒന്നു രക്ഷപ്പെടാൻ എന്റെ ദേഹത്തു പല പ്രാവശ്യം അയാളുടെ തഴമ്പിച്ച കൈകൾ പെരുമാറി.
നീണ്ട നിമിഷങ്ങൾ കടന്നു പോയി.
അപകടത്തിന്റെ പല മുനകളും തരണം ചെയ്തുകൊണ്ട് അവൻ രക്ഷപെടാതെയും, ഞാൻ താഴെ പോകാതെയും കുറെ മിനിറ്റുകൾ കൂടി ഞാൻ പിന്നിലാക്കി....
തീവണ്ടി ഫ്ലാറ്റുഫോമിനോടു ചേൎന്നു നിന്നു. ഞങ്ങളിപ്പോഴും മൽപിടുത്തത്തിലാണ്. വയസ്സൻ പത്രവും നിവൎത്തിപ്പിടിച്ച് ഇറങ്ങി ഓടുന്നതുകണ്ടു...... കുറെ അധികമാളുകൾ ഞങ്ങളുടെ മുറിക്കു ചുററും തടിച്ചുകൂടി..... വിലതീരാത്ത നിയമങ്ങൾ!....
“എല്ലാവരും മാറിനില്‌ക്കൂ” ഒരു പരുപരുത്ത ശബ്ദം കേട്ടു ജനകൂട്ടം ഇരുപാടും മാറിനിന്നു. ഒരു ഇൻസ്പെക്ടറും നാലു
പോലീസുകാരും മുറിക്കുള്ളിലാട്ടു കടന്നുവന്നു. ചുകന്ന കണ്ണുകളുമായി “മൊട്ടത്തല” വയസ്സൻ പറഞ്ഞു.
അവർ കൊള്ളക്കാരനെ കടന്നു പിടിച്ചു...... അവനെ പോലീസുകാർ വിലങ്ങു വച്ചു.
“ഇവൻതന്നെ വിക്രമൻ” ഇൻസ്പെക്ടർ അറിയിച്ചു. ‘മിസ്റ്റർ ശങ്കരൻ നായർ’ നിങ്ങൾ രണ്ടുപേരും 2000 രൂപക്കും ഞങ്ങളെ പോലുള്ള കാക്കിധാരികളുടെ അനുമോദനത്തിനും അർഹരായിരിക്കുന്നു”. എന്റെ നേരെതിരിഞ്ഞു ഹസ്തദാനം ചെയ്തുകൊണ്ടു് അദ്ദേഹം തുടന്നു “സുഹൃത്തേ താങ്കൾ ഞങ്ങളുടെ മുക്തകണ്ഠമായ പ്രശംസക്കു തികച്ചും പാത്രവാനാണു്. ഞങ്ങളെപോലെ എത്രപേർ രാവും പകലും ഇവനെ പിടിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നറിയാമോ?”
“നിങ്ങളുടെ പേർ”
“രാജു” ഞാൻ വിനയപുരസ്സരം അറിയിച്ചു. ഇൻസ്പെക്ടർ നാലുചുറ്റും നോക്കി... വെപ്പുമീശയും മുടിയുമെടുത്തു അദ്ദേഹം പോലീസുകാരെ ഏല്പിച്ചുകൊണ്ടു പറഞ്ഞു ഇത് തെളിവുകളാണ് സൂക്ഷിച്ചുകൊള്ളു.
വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് അവർ വിക്രമനേയും കൊണ്ടുപോയി. എല്ലാം ദിവാസ്വപ്നങ്ങൾ പോലെ എനിക്കു തോന്നി. ഈ ഇരുപതാം നൂറ്റാണ്ടിൽ ഇതുപോലുള്ളവർ തേർവാഴ്ച നടത്തുന്നു എന്നെനിക്ക് വിശ്വസിക്കുവാൻ പോലും സാദ്ധ്യമല്ല.
കൃതജ്ഞത നിറഞ്ഞ മുഖത്തോടുകൂടി അദ്ദേഹം—കിഴവൻ മുതലാളി— എന്നെത്തന്നെ നോക്കിക്കൊണ്ടു വളരെനേരം നിശബ്ദനായി നിന്നു.. ..
“വല്ലതും പറ്റിയോ രാജൂ” ഒരു പിതാവിന്റെ വാത്സല്യത്തോടെ അയാൾ ചോദിച്ചു.
ഞായൊന്നു ചിരിച്ചു.
“ഹോ, ഞാനെന്തു കടപ്പെട്ടിരിക്കുന്നു. നീയില്ലായി രുന്നെങ്കിൽ അവന്റെ ജീവനപകടത്തിലാക്കുമായിരുന്നു. എന്റെ സർവ്വതും ഈ ബാഗിലുണ്ടു്.”
“ഞാനുമാദ്യം ഭയന്നതാണു്. പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ചു. അത്രതന്നെ”
“എവിടാ രാജൂന്റെ വീടു്”
“അങ്ങിനെ വീടൊന്നുമില്ല”
ഞാൻ തുടൎന്നെന്റെ പരിതസ്ഥിതി അദ്ദേഹത്തോടു പറഞ്ഞു.
“ജീവിക്കാൻ എന്തെങ്കിലുമൊരു ജോലി വേണം” അവസാനം ഞാൻ പറഞ്ഞു നിൎത്തി.
“സുലോ എസ്റ്റേറ്റ് എന്റെ വകയാണ്. ഞാൻ രാജുവിനൊരു ജോലി തരാം. മനേജർ. എന്റെ അനന്തിരവനാണാ ആ ചാൎജ്ജു വഹിച്ചിരുന്നതു” അദ്ദേഹം സ്നേഹനിൎഭരമായ ഹൃദയത്തോടെ പറഞ്ഞു. ഏറ്റം ആത്മാൎത്ഥത നിറഞ്ഞ മനസ്സദ്ദേഹം തുറന്നുകാട്ടി. മുതലാളിത്വത്തിന്റെ മുരടിച്ച മിഥ്യാബോധങ്ങളും അപകൎഷബോധമോ അദ്ദേഹത്തിൽ ലവലേശം പോലും തീണ്ടിയിട്ടില്ലെന്നു എനിക്കു ബോധ്യമായി. ആരുമോരുമില്ലാത്തവനാണു ഞാനെങ്കിലും ഒരു പുത്രനോടൊത്ത വാത്സല്യത്തോടും ഒരു സംരക്ഷകൻ എന്ന ബോധത്തോടും കൂടിയാണദ്ദേഹം സംസാരിക്കുന്നതു്.
“അനന്തരവൻ പിന്നെ പിരിഞ്ഞുപോയതെന്താ?” ഞാൻ ചോദിച്ചു. തികച്ചും യുക്തിപൂർവ്വമായ ഒരു ചോദ്യമാണതെന്നു് എനിക്കും തോന്നി.
“രാജു കേട്ടുകാണും. വേണു എന്നാണവന്റെ പേരു്. ഇപ്പവനൊരു സിനിമാക്കമ്പനിയായിട്ടു നടക്കുകയാ. അവനതിനു പോയ നാൾമുതൽ മാനേജരുദ്യോഗത്തിനു യോഗ്യനായ ആളെ കിട്ടിയില്ല. ഇപ്പളെന്റെ മകളാണതു കൂടി നോക്കുന്നത്.” ഏററവും സൗമ്യമായ രീതിയിലുള്ള ശങ്കരൻ മുതലാളിയുടെ സംസാരം എനിക്കുന്മേഷം നൽകുന്നതുപോലെ തോന്നി.
ഹൃദയത്തിനും ശരീരത്തിനുമുണ്ടായിരുന്ന ആവിരസത താനേ മാറി. എന്തോ ഒക്കെ ചെയ്തതുപോലെയും ഇനിയും എന്തിനോ കൂടി എന്റെ സാന്നിദ്ധ്യമാവശ്യമുള്ളതുപോലെയും എനിക്കു തോന്നി. വിചിത്രമായ ഒരു മാനസിക പരിവൎത്തനം വന്നതായി അനുഭവപ്പെട്ടു. ഒരു പുതിയ ലോകത്തിലേക്കു കരകയറ്റപ്പെട്ടതുപോലെ എന്റെ മനസ്സു മധുരിച്ചു. “ഇത്ര വലിയ ജോലി”—അൎദ്ധോക്തിയിൽ ഞാൻ സംശയം പ്രകടിപ്പിച്ചു. എന്തും ചോദിക്കുവാൻ മടി വിചാരിക്കണ്ടതില്ല എന്നുള്ള ബോദ്ധ്യത്തിലാണ് ഞാനീയാശയം ഉന്നയിച്ചതു്.
“അതിലൊന്നും ഭയപ്പെടേണ്ട. പ്രേമകൂടി രാജുവിനെ സഹായിക്കും!” അദ്ദേഹം എന്റെ വാദഗതിയെ അസാധ്യവാക്കി.
“പ്രേമ?” സംശയഭാവത്തിൽ ഞാൻ ചോദിച്ചു.
“എന്റെ മകളാണു്” ഒരു പുഞ്ചിരിയോടെ മുതലാളി പറഞ്ഞു. പെട്ടെന്നെനിക്കൊരു തോന്നലുണ്ടായി ഞാൻ ഇല്ലിക്കൂട്ടിൽ മറഞ്ഞിരുന്നപ്പോൾ നടത്തുകാരൻ കുഞ്ചു
കുറുപ്പ് വേണുവിനോടൊരു കഥ പറഞ്ഞത് പ്രേമയുടേതാണോ എന്നു്. അമ്മാവന്റെ മകൾ അനന്തിരവനു നിഷിദ്ധമല്ലല്ലോ?
വേണു! ആ കുടില ചിത്തൻ ഇനി ഇവിടെയുമെനിക്കുപദ്രവം സൃഷ്ടിക്കുമോ? അയാളെക്കുറിച്ചൊരഭിപ്രായം മുതലാളിയോടു് ചോദിക്കുന്നതും യുക്തമല്ലെന്നെനിക്കു തോന്നി. ഞാൻ മൗനമവലംബിച്ചു. നിമിഷങ്ങൾ കടന്നുപോകുകയാണു്.
ഞങ്ങൾ കുറെനേരം നിശ്ശബ്ദരായി കഴിച്ചുകൂട്ടി.
“ഹോ! ഇക്കാലത്തും ഇത്തരക്കാരുണ്ടല്ലോ?” അത്ഭുത്തോടുകൂടി അദ്ദേഹം പറഞ്ഞു.
“ഇക്കൂട്ടരുടെ മനോധൈര്യം ഒന്നുവേറെതന്നെ” ഞാനഭിപ്രായപ്പെട്ടു.
“സമ്മതിക്കണം. അദ്ദേഹം തലയാട്ടിക്കൊണ്ടു പറഞ്ഞു.
“ഞാനാദ്യം വിചാരിച്ചു. അപകടമാകുമെന്നു്”
“പിന്നെ. ഞാൻ ചൂളിപ്പോയല്ലോ.” അദ്ദേഹം പൂരിപ്പിച്ചു.
അല്പനേരത്തേക്ക് ഒരു ചെറിയ നിശ്ശബ്ദതകൂടി ഞങ്ങളുടെ ചുറ്റിനും തളംകെട്ടിനിന്നു.
“അടുത്ത സ്റ്റേഷനിലാണോ നമുക്കിറങ്ങേണ്ടത്?” ഞാൻ ചോദിച്ചു.
“ഉം” അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു സമ്മതിച്ചു.
“എസ്റ്റേറ്റിലേക്കു സ്റ്റേഷനിൽ നിന്നും എന്തു ദൂരമുണ്ടു്.?” അടുത്ത സംശയവും ഞാനവതരിപ്പിച്ചു.
“രണ്ടു മൈലുകാണും കൂടിയാൽ. പ്രേമ കാറുമായെത്തിക്കാണും.” അദ്ദേഹം പറഞ്ഞു.
“എന്താ നേരത്തെ അറിയിച്ചിരുന്നുവോ?”
“ഉം. ഞാൻ മൈസൂരിൽനിന്നേ ഫോൺ ചെയ്തിരുന്നു. കൃത്യം 8–30തിനു മുമ്പെത്തുമെന്നു്.”
“ഇപ്പോൾ സമയമെന്തായി?”
“8–5” വാച്ചുനോക്കിക്കൊണ്ടദ്ദേഹം തുടൎന്നു. “ഓ ആ കാണുന്നതാ സ്റ്റേഷൻ”
അകലെ വെള്ളയടിച്ച കുഴിമാടംപോലെ ഒരു കെട്ടിടം കണ്ടു. തീവണ്ടിയാഫീസു്!
തീവണ്ടി ഫ്ളാറ്റുഫോമിനോടു ചേൎന്നുനിന്നു. ഞങ്ങൾ താഴെയിറങ്ങി. അദ്ദേഹത്തിന്റെ വിലതീരാത്ത റിക്കാർഡുകൾ സൂക്ഷിച്ചിരിക്കുന്ന ബാഗു ഞാനാണെടുത്തത്. രണ്ടു മിനിറ്റേ ഈ സ്റ്റേഷനിൽ തീവണ്ടി താമസിക്കൂ. അതു കൊണ്ടു് യാത്രക്കാർ ധൃതിവെച്ചു തങ്ങളുടെ സ്ഥാനം പിടിക്കുകയാണു്.
“അച്ഛാ” എന്നു വിളിച്ചുകൊണ്ടു ഒരു ഇരുപതുകാരി സുന്ദരി വാനിറ്റി ബാഗു കൈവിരലിൽ കറക്കി ഞങ്ങളുടെ അടുത്തേക്കു വന്നു.
“പ്രേമേ, നീയൊത്തിരി നേരമായോ കാത്തുനില്‌ക്കാൻ തുടങ്ങിയിട്ട്.” സ്നേഹനിധിയായ പിതാവന്വേഷിച്ചു.
“ഓ പതിനഞ്ചു മിനിറ്റായി ഞാൻ വന്നിട്ടു്” അവൾ അറിയിച്ചു.
അവർ എന്നെ സൂക്ഷിച്ചൊന്നു നോക്കി. എന്റെ ഉള്ളിലൂടെ ഒരു തീപ്പന്തം പോയപോലെ തോന്നി. അവളൊന്നു ചിരിച്ചു. ഒരു പുഞ്ചിരി. പക്ഷെ ദാഹിക്കുന്നതു പോലെ എനിക്കുതോന്നി. എന്തുകൊണ്ടാണെനിക്കറിഞ്ഞുകൂടാ.
“ഇദ്ദേഹം?” എന്നെ ചൂണ്ടിക്കൊണ്ടു പ്രേമാ അഛനോട് ചോദിച്ചു.
“ഇദ്ദേഹമല്ലായിരുന്നെങ്കിൽ നിന്റെ അഛനെ നീയിപ്പോൾ ജീവനോടെ കാണുകയില്ലായിരുന്നു.” അദ്ദേഹം പറഞ്ഞു. അവൾ ഒന്നു ഞെട്ടി. അദ്ദേഹം സാവധാനം ആ ചരിത്രം പറഞ്ഞുതുടങ്ങി. അപ്പോഴേക്കും ഞങ്ങൾ കാറിനടുത്തെത്തി. അഛനും മകളും പിറകിലെ സീറ്റിലും ഞാനും ഡ്രൈവറും മുൻ സീററിലുമിരുന്നു. കാർ നീങ്ങി. പട്ടണ പ്രാന്തത്തിലൂടെ കടന്നു് അതു ഗ്രാമപാതയിലൂടെ സാമാന്യം വേഗത്തിൽ നീങ്ങി.
കഥ തീൎന്നപ്പോൾ കാർ ഒരു ഗേറ്റു കടന്നു ഒരു സുന്ദര ഹൎമ്മ്യത്തിന്റെ മുന്നിലെത്തി. ഏറ്റവും പുതിയ ഒരു ബംഗ്ലാവ്, ചായപ്പണികളും ചിത്രവേലകളും മൂലം അതേറ്റം കമനീയമായിരിക്കുന്നു. ഞാൻ ചുറ്റും നോക്കി. നാലുചുറ്റും പന്തലിട്ടുള്ള പച്ചമരങ്ങളും അതിൽ മഞ്ഞയും, നീലയും, ചെമപ്പും നിറത്തിലുള്ള മലരുകളും മന്ദമാരുതനിൽ ചാഞ്ചാടി ആ ചുററുപാടുകൾക്കു് കൂടുതൽ ആകൎഷണീയത നല്കിക്കൊണ്ട് പരിലസിക്കുന്നു.
“ഞങ്ങൾ അങ്ങയോടെന്തു കടപ്പെട്ടിരിക്കുന്നു” വിരിമാറിൽ കൈ വച്ചുകൊണ്ടു കഥ മുഴുവനും കേട്ട് കഴിഞ്ഞു ഡോർ തുറന്നു പുറത്തേക്കിറങ്ങിക്കൊണ്ടും പ്രേമ പറഞ്ഞു.
“ഒരു ജോലി തന്നു എന്റെ ഭാവിയെ രക്ഷിക്കാമെന്നു സമ്മതിച്ച നിങ്ങളോടു ഞാനെന്തു കടപ്പെട്ടിരിക്കുന്നു.” ഞാനറിയിച്ചു.
“ജോലി വേറെ കിട്ടും. പക്ഷെ ഞങ്ങളെ വേറെ മാറി എങ്ങിനെ കിട്ടും?” അവൾ മന്ദഹസിച്ചുകൊണ്ടു് ഒരു ചോദ്യശരമയച്ചു.
തത്വത്തിന്റെ മുമ്പിൽ ഞാൻ പരാജയം സമ്മതിക്കേണ്ടി വന്നു.
“വലിയ തത്വജ്ഞാനമല്ലോ?” ഞാൻ തമാശയായിട്ടു പറഞ്ഞു.
ഞങ്ങൾ മൂന്നുപേരും നേരെബംഗ്ലാവിലേക്കു നടന്നു. ഒരുമിച്ചിരുന്നു ചായയും കഴിച്ചു. എന്റെ സർവ്വ പരിചരണ ചുമതലയും പ്രേമ ഏറ്റെടുത്തു. എനിക്കതല്പം ഹൃദയവേദന നല്കുന്നതായിരുന്നു. കാന്തവും ഇരുമ്പുമല്ലേ....
ബ്രഹ്മാണ്ഡമായ ബംഗ്ലാവിന്റെ ഓരോ മുറിയും ചുറ്റിനടന്നു് ഞാൻ കണ്ടു. പ്രേമയും എന്റെ കൂടെ നടന്നു.
“ഞങ്ങൾ രണ്ടാൾ മാത്രമേയുള്ളു.”
അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“വേണു ഉൾപ്പെടെ എത്രയാ?” ഞാനൊരു ചൂണ്ടയിട്ടു.
“വേണു! അതെങ്ങിനെ രാജു അറിഞ്ഞു?”
“അതൊക്കെ അറിഞ്ഞു.”
“ആ പൂതത്താനെക്കുറിച്ച് എനിക്കൊത്തിരി പറയാനുണ്ടു്. ഇനിയെന്നും പറയാമല്ലോ?”
അവൾ കയ്യിലിരുന്ന താക്കോൽകൊണ്ടു ഒരു മുറി തുറന്നു. ഞങ്ങൾ അതിൽ പ്രവേശിച്ചു. പങ്കയും ആലക്തികദീപവും. കൂടാതെ നിരവധി ഫോട്ടോകളും ചുവരുകളിൽ തൂങ്ങുന്നുണ്ട്, പടിഞ്ഞാറുനിന്നും വീശുന്ന കാറ്റു് സദാസമയവും മുറിയെ തലോടിക്കൊണ്ടിരിക്കും. രണ്ടാം നിലയിലെ പടിഞ്ഞാറെ അറ്റത്തെ മുറിയാണതു്.
അതിനടുത്തമുറിയിലാണു് എസ്റ്റേറ്റിന്റെ കണക്കുകളും മറ്റും. തൊട്ടടുത്തുള്ള മുറി ശങ്കരൻ മുതലാളിയുടെ കിടക്കമുറിയാണ്. പ്രേമയുടെ ഉറക്കറ താഴെയുള്ള പടിഞ്ഞാറെ അറ്റത്തെ മുറിയാണു്.
"മാസികയും പത്രവും ഇഷ്ടം പോലെയുണ്ടു്. പുസ്തകം വല്ലതും വേണമെങ്കിൽ സൗകര്യംപോലെ അലമാരിയിൽ നിന്നെടുക്കാം. കണക്കും കാര്യങ്ങളും മറ്റും നാളെ മുതൽ നമുക്കു മനസ്സിലാക്കാം.” അവൾ ഒരു മാടപ്രാവിന്റെ നൈൎമ്മല്യത്തോടെ പറഞ്ഞു.
“ഏതായാലും രാജുവിനെ ലഭിച്ചതു ഞങ്ങളുടെ ഭാഗ്യം” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
“എന്റെ ഭാഗ്യം” ഞാനേറ്റു സമ്മതിച്ചു.
“ഇതുവരെ ഞാൻ സന്യാസികളെപ്പോലെയായിരുന്നു.”
“ഇനിയെന്താ?”
“ഇനി വല്ല വെടിയും പറഞ്ഞു സമയം കളയാമല്ലോ.”
“പ്രേമേ?”
“ഉം...”
ഞങ്ങൾ എതൊക്കെയോകൂടി സംസാരിച്ചു. കൂട്ടുകിട്ടിയ പൈങ്കിളിയേപ്പോലുള്ള ഉത്സാഹമാണവൾക്കു്. എനിക്കിപ്പോൾ ചിന്തിക്കാൻ സമയമില്ല...... അവളെന്നെ പൊട്ടിച്ചിരിപ്പിക്കുകയാണ്.