ആൎയ്യവൈദ്യചരിത്രം/പന്ത്രണ്ടാം അദ്ധ്യായം

ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
പന്ത്രണ്ടാം അദ്ധ്യായം : സമാപ്തി

[ 204 ]

പന്ത്രണ്ടാം അദ്ധ്യായം

സമാപ്തി

ഇംഗ്ലീഷുകാർ ലോകത്തിൽ ഏറ്റവും അഭിവൃദ്ധിയെ പ്രാപിച്ചുവരുന്ന ജനസമുദായങ്ങളുടെ കൂട്ടത്തിൽ ഒന്നാണെന്നു ധരിക്കുവാൻ ഹിന്തുക്കൾക്കു മനസ്സുവരികയും, അതുപോലെ സർ മോണിയർ മോണിയർ-വില്യംസിന്റെ വാക്കുകളെ ഇംഗ്ലീഷുകാർ ഓൎമ്മവെക്കുകയും ചെയ്താൽ രണ്ടുഭാഗത്തുമുള്ള തെറ്റിദ്ധാരണ മിക്കതും നീങ്ങിപ്പോകുവാനിടയുണ്ട്. മോണിയർ വില്യംസ് പറ [ 205 ] ഞ്ഞിട്ടുള്ളത് ഇങ്ങിനെയാണു:-- "നാം നമ്മുടെ കിഴക്കൻ സാമ്രാജ്യത്തിൽ, യൂറോപ്യന്മാരുടെ ഉൽകൃഷ്ടമായ ബലത്തിന്റേയും ബുദ്ധിയുടെയും മുമ്പിലെത്തുമ്പോൾ അലിഞ്ഞുപോകുന്നതായ ഒരുവക അപരിഷ്കൃതവൎഗ്ഗക്കാരോടല്ല കൂട്ടിമുട്ടീട്ടുള്ളത്. പിന്നെയോ, നമ്മുടെ പൂൎവ്വന്മാർ ശുദ്ധമേ കാടന്മാരായിരുന്ന കാലത്തുതന്നെ വലിയൊരു പരിഷ്കൃതാവസ്ഥയിലെത്തിയിരുന്നതും, ഇംഗ്ലീഷുകാർ എന്ന ശബ്ദംകൂടി ഉണ്ടാകുന്നതിന്നും അനവധി നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കടഞ്ഞെടുത്തു പരിശുദ്ധമായ ഒരു ഭാഷയും, പരിഷ്കൃതമായ ഒരു സാഹിത്യവും, ഗഹനമായ ഒരു തത്ത്വശാസ്ത്രപദ്ധതിയും ഉണ്ടാക്കീട്ടുള്ളതുമായ ഒരു ജനസമുദായത്തിന്റെ ഇടയിലാണു നാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്." യാതൊരു തെറ്റിദ്ധാരണയും സിദ്ധാന്തവും കൂടാതെ ഈ വിഷയത്തെക്കുറിച്ചു ശരിയായി ആലോചിക്കുന്ന പക്ഷം, പാശ്ചാത്യന്മാർ ഇപ്പോൾ എത്ര അധിക പരിഷ്കൃതന്മാരായിത്തീർന്നിട്ടുണ്ടെങ്കിലും, അവർക്ക് ഇനിയും പൗരസ്ത്യന്മാരിൽനിന്നു പുതുതായി പലതും പഠിക്കുവാനുണ്ടെന്നുള്ളതിന്നു യാതൊരു സംശയവുമില്ല. ഇന്ത്യക്കാൎക്കു വളരെ ഭ്രമമുള്ള അത്യുക്തി അതിശയോക്തി മുതലായതും, അവരുടെ ശാസ്ത്രങ്ങളെല്ലാം ഈശ്വരനിൎമ്മിതങ്ങളാണെന്നു സാധിക്കുവാനും, അവരുടെ മഹാപുരുഷന്മാരെ ദിവ്യന്മാരാക്കി കല്പിക്കുവാനും അവൎക്കുള്ള പ്രത്യേകവാസനയും ഒഴിച്ചാൽ തന്നെ ഹിന്തുവൈദ്യശാസ്ത്രം ആകെക്കൂടി പാശ്ചാത്യശാസ്ത്രത്തോടു കിടപിടിക്കുമെന്നാണു ഈ രണ്ടു ശാസ്ത്ര പദ്ധതികളും പഠിച്ചു പരിചയിക്കുവാനിടവന്നിട്ടുള്ളവർ അഭിപ്രായപ്പെടുന്നത്. ഈ രണ്ടുശാസ്ത്രങ്ങളും തമ്മിൽ യോജിക്കുന്നതായി പല സംഗതികളുമുണ്ട്. പിന്നെ ചില വിഷയങ്ങളിൽ ആദ്യം വ്യത്യാസമുണ്ടെന്നു തോന്നിയാലും, ഒടുക്കം അതൊക്കെ കേവലം യോജിക്കുന്നതായും കാണാം. എങ്ങിനെയെന്നാൽ, ഹിന്തുക്കളുടെ വാതരോഗ [ 206 ] ങ്ങളെ അധികവും പാശ്ചാത്യപുസ്തകകർത്താക്കന്മാർ ശ്വാസോഛ്വാസപദ്ധതിയെസ്സംബന്ധിച്ച രോഗങ്ങളായിട്ടാണു ഗണിച്ചിരിക്കുന്നത്. അതുപോലെ പിത്തരോഗങ്ങൾ പ്രായേണ രക്തസഞ്ചാരപദ്ധതിയെസ്സംബന്ധിച്ച രോഗങ്ങളോടു ശരിയായിരിക്കുന്നു. പിന്നെ, കഫരോഗങ്ങൾ പോഷകപദ്ധതിയെസ്സംബന്ധിച്ച രോഗങ്ങളോടും തുല്യങ്ങളായി കാണുന്നുണ്ട്. ഹിന്തുക്കളുടെ ഇടയിലുള്ള ദേവതോപ്രദ്രവങ്ങൾ ഇംഗ്ലീഷിൽ പറയുന്ന ഹിസ്റ്റീറിയ, എപ്പിലപ്സി, ഡാൻസിങ്ങ് മാനിയാ മുതലായി സംവേദിനീ പദ്ധതിയെസ്സംബന്ധിച്ചുണ്ടാകുന്ന രോഗങ്ങളുടെ നാമാന്തരങ്ങൾ മാത്രമാകുന്നു. ഇനി ഇതിന്നൊക്കെ പുറമെ, ഭേഷജകല്പം, ചിത്സശാസ്ത്രം, ആരോഗ്യരക്ഷാശാസ്ത്രം എന്നീവക വിഷയങ്ങളിൽ ഹിന്തുവൈദ്യശാസ്ത്രം അത്യുൽകൃഷ്ടസ്ഥിതിയിലെത്തീട്ടുണ്ടെന്നും, എന്നാൽ രസതന്ത്രം ശരീരവ്യവച്ഛേദശാസ്ത്രം, ശരീരശാസ്ത്രം, ശസ്ത്രവിദ്യ എന്നിവകളിൽ പാശ്ചാത്യശാസ്ത്രമാണു അധികം ശരിയായും വളരെ ഗുണം കൂടിയതായുമിരിയ്ക്കുന്നതെന്നും പാശ്ചാത്യന്മാരുടെയും പൗരസ്ത്യന്മാരുടേയും ശാസ്ത്രപദ്ധതികൾ രണ്ടും ഒരു പോലെ പഠിക്കുവാനും അവകളിൽ പരിചയിക്കുവാനും ഇടവന്നിട്ടുള്ളവർ സിദ്ധാന്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൈദ്യശസ്ത്രത്തിന്നു ലക്ഷണശാസ്ത്രം, നിദാനം, സാദ്ധ്യാസാദ്ധ്യവിചാരം ഈവക വിഷയങ്ങളിലും, പാശ്ചാത്യശാസ്ത്രത്തിന്ന് അതിലുള്ള 'പെതോളജി' (Pathology) എന്നു പറയുന്നതും, ഓരോ രോഗങ്ങളിൽ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പറയുന്നതുമായ ശാസ്ത്രം, രോഗകാരണശാസ്ത്രം (Aetiology)ഇവയിലും പ്രത്യേകം മെച്ചം നടിക്കുവാൻ വകയുണ്ട്. തീക്ഷ്ണങ്ങളായ രോഗങ്ങളിൽ ഇന്ത്യയിലെ മരുന്നുകളേക്കാൾ യൂറോപ്യന്മാരുടെ മരുന്നുകൾക്ക് അധികം ഗുണം കാണുമെന്നും, എന്നാൽ പഴക്കം ചെന്ന രോഗങ്ങളിൽ ഹിന്തുക്കളുടെ മരുന്നുക [ 207 ] ളാണു അധികം ഫലപ്രദങ്ങളായിട്ടുള്ളതെന്നുമാണു സാധാരണ ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം. വൈദ്യശാസ്ത്രത്തിൽ യൂറോപ്പിലെ വിഷവൈദ്യശാസ്ത്രജ്ഞന്മാർ രാസവിഭാഗംകൊണ്ടു വളരെ ശരിയായി വിഷം കണ്ടുപിടിക്കുന്ന രീതി ഇന്ത്യക്കാർക്ക് അറിയപ്പെടാത്തതാണു. ധാത്വൗഷധങ്ങളെ ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലും ഹിന്തുക്കൾക്കു വളരെ കാലത്തെ പഴക്കവും പരിചയവും ഉണ്ടെന്നാണു പറയുന്നത്. അതിസാരം, മൂലക്കുരു, വായുക്ഷോഭം, ക്ഷയം, പക്ഷവാതം ഈവക രോഗങ്ങൾക്കു ചികിത്സിക്കുന്നതിൽ ഈ രണ്ടു ശാസ്ത്രങ്ങളും തമ്മിൽ കലശലായ സാദൃശ്യം കാണ്മാനുണ്ട്. ഉഷ്ണരാജ്യങ്ങളിൽ പ്രത്യേകിച്ചുണ്ടാകുന്ന ചില രോഗങ്ങൾക്കു ചികിത്സിക്കുവാൻ മറ്റെല്ലാറ്റിനേക്കാളും അധികം പറ്റുന്നതും, രോഗം വേരറ്റുപോകുവാൻ നന്നായിട്ടുള്ളതും ഇന്ത്യക്കാരുടെ ചികിത്സാരീതിയാണു എന്നു പറയുന്നത് ഒരിക്കലും വാസ്തവ വിരുദ്ധമായിത്തീരുന്നതല്ല. ഹിന്തുവൈദ്യശാസ്ത്രം നല്ലവണ്ണം നിഷ്കർഷിച്ചു പഠിച്ചാൽ ഇപ്പോൾ വൈദ്യശാസ്ത്രത്തിൽ കണ്ടുപിടിച്ചിട്ടുള്ള പല നൂതനതത്വങ്ങളും അതിൽ അടങ്ങീട്ടുണ്ടെന്നു നിഷ്പക്ഷപത്തിയായ ഏതൊരാൾക്കും ബോദ്ധ്യപ്പെടുന്നതാണു. ഇവയിൽ രക്തസഞ്ചാരം, അംഗവിന്യാസചികിത്സ, ഉദ്വർത്തനചികിത്സ (ഉഴിച്ചിൽ), മോഹനദ്രവ്യങ്ങൾ ഇങ്ങിനെ ഏതാനും ചിലതിനെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ചികിത്സാവിഷയത്തിൽ അയസ്കാന്തത്തിന്റെ ഉപയോഗത്തെക്കുറിച്ചും പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെന്നു പറയാം. ജർമ്മനിയിൽ മെസ്മറും, അതിന്നുശേഷം ഇംഗ്ലണ്ടിൽ എലിയട്ട്സൺ എന്നയാളും മനസ്സിലാകുന്നതിന്നും ഉപയോഗിക്കുന്നതിന്നും എത്രയോ അനവധികാലം മുമ്പേതന്നെ ഇന്ത്യയിൽ പ്രാണ്യയസ്കാന്തശക്തികൊണ്ടുള്ള ചികിത്സ ധാരാളം നടപ്പുണ്ടായിരുന്നു. ആൎയ്യവൈദ്യഗ്രന്ഥങ്ങളിൽ [ 208 ] മരുന്നുകൂടാതെ ധ്യാനശക്തികൊണ്ടു മാത്രം രോഗശമനം വരുത്തുന്ന വൈദ്യന്മാരെ 'സിദ്ധന്മാർ' എന്നും, ധാത്വൗഷധങ്ങളെക്കൊണ്ടു സുഖപ്പെടുത്തുന്നവർക്കു 'ദൈവികന്മാർ' എന്നും ഔത്ഭിതങ്ങളായ മരുന്നുകളെക്കൊണ്ടു ചിത്സിക്കുന്നവർക്കു 'മാനുഷികന്മാർ' എന്നും, ശസ്ത്രക്രിയചെയ്തു ദീനം മാറ്റുന്നവർക്കു 'രാക്ഷസീയന്മാർ' എന്നും ആണു പേർ കൊടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഓരോ തരക്കാരെ ഏതേതു നിലയിലാണു വെച്ചിട്ടുള്ളതെന്നു അതാതു പേരുകൊണ്ടു തന്നെ ഗ്രഹിക്കാവുന്നതാണല്ലൊ. 'വൈദ്യന്റെ ഭക്ഷണത്തെ ത്യജിക്കണം' (അതായതു വൈദ്യൻ തൊട്ടതും, ആയാൾ ഒന്നിച്ചും ഭക്ഷിക്കരുത്.) എന്നു മനുവിന്റെ 'മാനവസൂത്രങ്ങളിൽ' വിധിച്ചിട്ടുള്ളതു ശസ്ത്രവൈദ്യന്മാരെ മാത്രം ഉദ്ദേശിച്ചാണെന്നും, മറ്റുള്ള വൈദ്യന്മാരെക്കുറിച്ചായിരിക്കയില്ലെന്നും തീൎച്ചയാണു. ഇന്ത്യയിലെ ശസ്ത്രവിദ്യ ഇപ്പോൾ ഇത്രയും മോശസ്ഥിതിയിൽ വരുവാനുള്ള കാരണം മുഖ്യമായിട്ടും ജനങ്ങളുടെ ഇടയിലുള്ള ഈ ഒരു അന്ധവിശ്വാസമാണുതാനും.

ഇന്ത്യയിലെ ഗ്രന്ഥകൎത്താക്കന്മാർ ഈ രാജ്യത്തുള്ള പ്രധാനപ്പെട്ട നദികൾ, തടാകങ്ങൾ, കിണറുകൾ, ഉറവുകൾ ഇവയിലെ ജലത്തിന്റെ ഗുണങ്ങളേയും, ഓരോ ദീനങ്ങളെ ശമിപ്പിക്കുന്നതിന്ന് അവയ്ക്കുള്ള ശക്തിയേയും കുറിച്ചു വിവരിച്ചുപറഞ്ഞിട്ടുണ്ട്. ഇതിൽനിന്നു ജലപ്രയോഗചിത്സ(Hydrotherapy)യൂറോപ്യന്മാർ സ്വപ്നേപി വിചാരിക്കുന്നതിന്നും വളരെ മുമ്പുതന്നെ ഇന്ത്യയിൽ അറിയപ്പെട്ടിരുന്നു എന്നുനല്ലവണ്ണം തെളിയുന്നുണ്ടല്ലോ. ഇങ്ങിനെ ഓരോ ഭാഗം എടുത്തു നോക്കിയാൽ ഹിന്തുവൈദ്യശാസ്ത്രം ഒരിക്കലും ഒന്നായി തള്ളിക്കളയത്തക്കതല്ലെന്ന് ആൎക്കും ബോദ്ധ്യപ്പെടും. അതിന്നു യാതൊരു ദോഷവുമില്ലെന്ന് ഇവിടെ പറയുന്നില്ല. പലദോഷങ്ങളും അതിൽ ഉണ്ടായി [ 209 ] രിക്കാം. പക്ഷേ, അതിൽ കുറച്ചേ ഉള്ളു എങ്കിലും ഏതാനും ചില നല്ല ഭാഗങ്ങളും കാണാതിരിക്കുകയില്ല. ഈ രണ്ടു ശാസ്ത്രങ്ങളുടേയും ഉദ്ദേശ്യവും പ്രയോജനവും ഒന്നുതന്നെയാണ്. രോഗത്തെ ശമിപ്പിക്കുകയും വേരറുത്തു കളയുകയും ചെയ്യുന്ന വസ്തുവാണു ശരിയായ ഔഷധമെന്നും, അങ്ങിനെ ചെയ്യുന്നവനാണ് ശരിയായ വൈദ്യനെന്നുമാകുന്നു ചരകൻ പറഞ്ഞിട്ടുള്ളത്. എന്നാൽ പാശ്ചാത്യന്മാരുടേയും, പൗരസ്ത്യന്മാരുടേയും വൈദ്യശാസ്ത്രങ്ങൾ രണ്ടും തമ്മിൽ രഞ്ജിപ്പോടുകൂടി കൈപിടിക്കുകയും, തരമുള്ളതിലൊക്കെ യോജിച്ചു നടക്കുകയും ചെയ്യേണ്ടതാണു. ഇതു രണ്ടും വിരോധികളായിട്ടല്ലാതെ സ്നേഹിതന്മാരായിട്ടാണ് തമ്മിൽ കൂട്ടിമുട്ടേണ്ടത്. ഇപ്പോഴത്തെ സ്ഥിതിക്കു കിഴക്കൎക്കു പാശ്ചാത്യന്മാരിൽനിന്നു പലതും പഠിക്കുവാനുണ്ട്. എന്നാൽ പാശ്ചാത്യന്മാർക്കും, അവർ വേണമെന്നു വിചാരിക്കുന്നപക്ഷം, കിഴക്കരിൽ നിന്നു ചിലതൊക്കെ പഠിക്കുവാനുണ്ടാകാതിരിക്കുകയില്ല. ഇന്ത്യയിലെ വൈദ്യശാസ്ത്രം അത്യുച്ചസ്ഥിതിയിൽ ഇരുന്നിരുന്ന കാലത്ത് അത് നേരിട്ടോ മറ്റൊരു വഴിക്കൊ പാശ്ചാത്യവൈദ്യ ശാസ്ത്രത്തിന്റെ ആദ്യത്തെ വളർച്ചക്കു സഹായിച്ചിട്ടുണ്ടെങ്കിൽ പാശ്ചാത്യശാസ്ത്രം ഹിന്തുശാസ്ത്രത്തിന്ന് ഇങ്ങോട്ടും കഴിയുന്ന സഹായമൊക്കെ ചെയ്തുകൊടുത്ത തന്റെ കൃതജ്ഞത കാണിക്കുന്നതു ഭംഗിയായിരിക്കും. എന്നല്ല, ഇത് (ഹിന്തുവൈദ്യശാസ്ത്രം) ഇപ്പോൾ കുറെ അധികം പ്രായം ചെന്നതും, തക്കതായ രക്ഷയൊന്നുമില്ലാത്തതു കൊണ്ടു ചാവാൻ ഭാവിക്കുന്നതുമാണല്ലൊ. ഏതായാലും ഹിന്തുവൈദ്യശാസ്ത്രം നശിക്കാതെ രക്ഷിക്കുകയും, അതിൽ തത്ത്വാന്വേഷണം നടത്തുകയും ചെയ്യേണ്ടതിന്നു തക്ക യോഗ്യത അതിന്നുണ്ടെന്നു പറയാതെകഴിയില്ല. ഈ വിഷയത്തിൽ പക്ഷപാതരാഹിത്യത്തോടും അനുകമ്പയോടും കൂടി ആലോചിച്ചു വേണ്ടതു പ്രവർത്തിക്കുക എന്നതു യൂറോപ്യ [ 210 ] ന്മാരെന്നും ഹിന്തുക്കളെന്നുമുള്ള ഭേദം വിചാരിക്കാതെ ഏതു തത്വൻവേഷികളും ചെയ്യേണ്ട ഒരു കാൎയ്യമാണു. ഇങ്ങിനെ ഇതിന്റെ പുനരുദ്ധാരണം ചെയ്യുന്നതായാൽ, വളരെ കാല താമസം കൂടാതെ ആൎയ്യവൈദ്യശാസ്ത്രത്തെ ഇപ്പോഴത്തെക്കാൾ അധികം ന്യായമായ വിധത്തിൽ മാനിക്കാനിടവരുമെന്നും തീർച്ചയായി വിശ്വസിക്കാം.