ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം മൂന്ന്
[ 12 ]
3
എഫെസൂസിലെ അന്റിപ്പൊലസിന്റെ ഭാര്യയായ
അഡ്രിയാനായും അവളുടെ അനുജത്തിയായ
ലൂസിയാനായും

അഡ്രിയാനാ - മണി 2 അടിച്ചുകഴിഞ്ഞുവല്ലൊ. എന്റെ ഭർത്താവിനെയെങ്കിലും അവരേ വേഗം വിളിച്ചു കൊണ്ടുവരുവാൻപോയ ഡ്രോമിയോയെ എങ്കിലും കാണുന്നില്ല. എന്താ വേണ്ടതു?

ലൂസിയാനാ - അയാളെ വല്ല കച്ചവടക്കാരും ക്ഷണിച്ചിട്ടുണ്ടായിരിക്കും. നമുക്കു വിശന്നിരിക്കാതെ ഭക്ഷണം കഴിക്കാം. പുരുഷന്മാരല്ലയോ അവർക്കു നമ്മെക്കാൾ സ്വതന്ത്രം ഉണ്ടു. അയാൾക്കു ബൊധിക്കുമ്പൊൾ വരട്ടെ.

അഡ്രി - അവർക്കെന്താ നമ്മെക്കാൾ അത്ര സ്വാതന്ത്യം?

ലൂസി - അതു പറയാം. നമുക്കു വീട്ടിൽതന്നെ കുത്തിയിരുന്നാൽ മതി. അവർക്കതു പോരാ. അവർ വെളിയിൽ ഇറങ്ങി കാര്യാദികൾ അന്വേഷിച്ചെങ്കിലല്ലോ മതിയാവു.

അഡ്രി - ഞാൻ ചിലപ്പോൾ സ്വമേധയായിട്ടു വല്ലതും പ്രവൃത്തിച്ചുപോയാൽ അതു അവർക്കു ബോധിക്കയില്ലല്ലോ.

ലൂസി - അതു പിന്നെ ബോധിക്കുമോ? അയാൾ നിങ്ങളുടെ മനസ്സിന്റെ ഒരു കടിഞ്ഞാണല്ലയോ?

അഡ്രി - കഴുതയും മറ്റുമെ അങ്ങിനെയുള്ള ബന്ധനത്തിൻകീഴിൽ കിടക്കൂ. [ 13 ] ലൂസി - അങ്ങിനെയാ നിങ്ങളുടെ ഭാവം? കടിഞ്ഞാണില്ലാത്ത കുതിര എതിലേയും പായുമെന്നു ഒരു പഴഞ്ചൊല്ലു കേട്ടിട്ടില്ലയോ? അധിക സ്വാതന്ത്ര്യം എടുക്കുന്നവരുടെ അവസാനം പെരുത്തു കഷ്ടമുള്ളതായിരിക്കും. കീഴ്വഴക്കമില്ലാത്തതൊന്നും ഈ ഭൂലോകത്തിലില്ല. വിചാരവുദ്ധിയില്ലാത്ത പക്ഷിമൃഗാദികളിൽകൂടേയും ആണു പെണ്ണിന്റെമേൽ കർത്തവ്യം ചെയ്യുന്നതു കാണ്മാനുണ്ടെങ്കിൽ വിവേകാത്മാവോടും വിചാരബുദ്ധിയോടും കൂടിയ മനുഷ്യരുടെ ഇടയിൽ അതു എത്ര അധികമായി കാണേണം.

അഡ്രി - എന്നാൽ ഈ മുറ പറയുന്ന നീ ഇതുവരെ വിവാഹബസനത്തിൽ ഉൾപ്പെടാതെ പാർക്കുന്നതു ഈ അടിമയെക്കുറിച്ചു ഓർത്തിട്ടല്ലയോ?

ലൂസി - ഹീ ഹീ! അതല്ല. ഞാൻ അതു ത്യജിച്ചു പാർപ്പാനുള്ള കാരണം വേറെ കിടക്കുന്നു. ആയതു വിവാഹ അവസ്ഥയിൽ ഉണ്ടാകുന്ന അനർത്ഥങ്ങളെക്കുറിച്ചു ഓർത്തിട്ടത്രെ.

അഡ്രി - എങ്കിലും വിവാഹം കഴിഞ്ഞാൽ നിനക്കും അല്പം അധികാരം ഉണ്ടായാൽ കൊള്ളാമെന്നു തോന്നും.

ലൂസി - വിവാഹത്തിനു മനസ്സുവെക്കുന്നതിന്നുമുമ്പേ ഞാൻ അനുസരിപ്പാൻ പഠിക്കും.

അഡ്രി - നിന്റെ ഭർത്താവു വല്ലിടവും പോയി ഇതിന്മണ്ണം താമസിച്ചാൽ നീ എന്തുചെയ്യും?

ലൂസി - അവർ തിരികെ വരുവോളം ഞാൻ ക്ഷമയോടെ കാത്തിരിക്കും.

അഡ്രി - അതു വലിയ ക്ഷമതന്നെ. എന്നാൽ മനോദീനത്തിന്നു വേറെ ഹേതുക്കളില്ലാത്തവർക്കു അങ്ങനെയുള്ള ക്ഷമ വരുന്നതു അതിശയമല്ല. ഉള്ളിലെ വ്യസനംകൊണ്ടു പരവശനായി നിലവിളിക്കുന്നവനോടു മിണ്ടാതിരിപ്പാൻ നാം ഗുണദോഷം പറയുമെങ്കിലും അത്തരം വ്യസനം നമുക്കു വരുമ്പോൾ അതുപോലെയെന്നല്ല അതിനെക്കാൾ അധികമായുള്ള വിന്മിഷ്ടം നമ്മളും കാണിച്ചുപോകും. ഭർത്ത്യകാഠിന്ന്യംകൊണ്ടു ഖേദത്തിന്നു വകയില്ലാത്ത നീ ഇപ്പോൾ എന്നോടു ഈ ഗുണദോഷം ഒക്കെ പറയുന്നുവല്ലോ. എന്നാൽ നിനക്കു വല്ലപ്പോഴും ഇതുപോലെയുള്ള ദണ്ഡം കൊൾവാൻ സംഗതി [ 14 ] വന്നാൽ നീ ഈ പറയുന്ന ക്ഷമയൊന്നും അപ്പോൾ നിന്റെ പക്കൽ കാണുമെന്നു തോന്നുന്നില്ല.

ലൂസി - ആകട്ടെ. ഇതു പരീക്ഷിപ്പാനായിട്ടു ഞാനും ഒരിക്കൽ വിവാഹം ചെയ്തുനോക്കാം. എന്നാൽ ഇതാ നിങ്ങൾ അയച്ച വേലക്കാരൻ വരുന്നു. നിങ്ങളുടെ ഭർത്താവും പുറകേ വരുന്നുണ്ടായിരിക്കും.

അഡ്രി - എന്തായി. ഡ്രോമിയോ യജമാനൻ വരുന്നുണ്ടോ?

ഡ്രോമി - ഇല്ലില്ല. ഞാൻ ചെന്നു വിളിച്ചാറേ അദ്ദേഹം എന്നെത്തല്ലി ഇട്ടോടിക്കയാ ചെയ്തതു.

അഡ്രി - നീ അവരെക്കണ്ടു സംസാരിച്ചുവോ? എന്താ അവർ വരുന്നില്ലയോ?

എ.ഡ്രോ - ഞാൻ ചെന്നു വിളിച്ചശേഷം എന്നോടു വക്കാണത്തിന്നു വരികയാണു ചെയ്തതു. അതിന്റെ കാരണം എന്തെന്നു ഇനിക്കു അറിഞ്ഞുകൂടാ. അമ്പോ! എത്ര അടി അദ്ദേഹം എന്നെ അടിച്ചു.

അഡ്രി - അതു കിടക്കട്ടെ. അവർ വരുന്നുണ്ടോ? ഭാര്യയെക്കുറിച്ചും മറ്റും ഒശ്ശി അധികം വിചാരമുള്ള കൂട്ടത്തിലുള്ളവനാണെന്നു തോന്നുന്നു.

എ.ഡ്രോ - എന്റെ പൊന്നമ്മ യജമാനന്നു പിച്ചു പിടിച്ചിരിക്കുന്നു.

അഡ്രി - എന്തെന്തു? പിച്ചുപിടിച്ചുവോ?

എ.ഡ്രോ - ഇല്ലമ്മെ മുഴപ്പിച്ചില്ല അരപ്പിച്ചേയുള്ളു. ഞാൻ ചെന്നു അങ്ങേരേ വിളിച്ചപ്പോൾ ആയിരം അറബിക്കാശു ചോദിച്ചു. തീൻ കാലമായിയെന്നു ഞാൻ. എന്റെ അറബിക്കാശു കൊണ്ടുവാ എന്നു അദ്ദേഹം. ഇറച്ചിയും മറ്റും തണുത്തുപോയി എന്നു ഞാൻ. എന്റെ അറബിക്കാശു കൊണ്ടുവാ എന്നു അദ്ദേഹം. വീട്ടിലേക്കു വരുമോ എന്നു ഞാൻ. എന്റെ അറബിക്കാശു എവിടെ എന്നു അദ്ദേഹം. കൊച്ചമ്മ വിളിക്കുന്നു എന്നു ഞാൻ. അവരെക്കൊണ്ടുപോയി കഴുവേറ്റെന്നു അദ്ദേഹം. വേഗം വിളിച്ചുങ്കൊണ്ടു ചെല്ലുവാനാണെ കൊച്ചമ്മ എന്നെ അയച്ചതെന്നു ഞാൻ. അവളെ ഞാൻ അറിയുന്നില്ല. അവളുടെ കാര്യം ഇനിക്കൊട്ടു കേൾക്കയും വേണ്ടാ. എന്റെ അറബിക്കാശു കൊണ്ടുവാ എന്നു അദ്ദേഹം. [ 15 ] ലൂസി - ഇപ്രകാരമൊക്കെയും പറഞ്ഞതാർ?

എ.ഡ്രോ - എന്റെ യജമാനൻതന്നെ. അല്ലാണ്ടർ? പിന്നെയും അദ്ദേഹത്തിന്നു വീടും കൂടും. ഒന്നും ഇല്ലെന്നു പറഞ്ഞുങ്കൊണ്ടു എന്നെത്തല്ലി ഓടിച്ചു.

അഡ്രി - നീ ഒരിക്കൽകൂടെപോയി യജമാനനെ വിളിച്ചുങ്കൊണ്ടു ഇവിടെ വരിക.

എ.ഡ്രോ - അതെയതെ. ഞാൻ ഇനിയും ചെന്നു തല്ലുമേടിപ്പാൻ അല്ലയൊ? നിങ്ങൾക്കു ചേതമില്ലല്ലൊ! തമ്പുരാനെ ഓർത്തു മറ്റു വല്ലവരെയും വിടേണമേ എന്റെ പൊന്നമ്മേ.

അഡ്രി - വേഗം ചെന്നു വിളിച്ചുകൊണ്ടു വരുന്നതു നിനക്കു നല്ലതു. അതല്ലെങ്കിൽ ഇനി എന്റെ കയ്യിനാൽകൂടെ മേടിക്കേണ്ടിവരും. കേട്ടോ?

എ.ഡ്രോ - അതുകൊള്ളാം. എന്നാൽ അമ്മയുടെ കൈ നല്ലപോലെ പൊലിക്കും. അങ്ങോട്ടു ചെന്നാൽ ഉടനെ അവിടെനിന്നു കിട്ടുമെല്ലോ.

അഡ്രി - മതിയെടാ വിടുവാ പറഞ്ഞുങ്കൊണ്ടു നില്ക്കാതെ വേഗം പോക.

എഡ്രോ - ഇതു കൊള്ളാമല്ലൊ. ഇങ്ങോട്ടു വരുമ്പോൾ ഇവിടെ. അങ്ങോട്ടു ചെല്ലുമ്പോൾ അവിടെ. ഇങ്ങിനെ നിങ്ങൾക്കു എന്നെ ഇട്ടു വട്ടുതട്ടുന്നതുപോലെ തട്ടേണമെങ്കിൽ ഒരു തൊകലിനകത്തിട്ടു കുത്തിമുറുക്കിക്കൊണ്ടാകട്ടെ.

(എന്നു പറഞ്ഞുങ്കൊണ്ടു പോയി)

ലൂസി - നിങ്ങളുടെ മുഖഭാവം കണ്ടാറെ വലിയ വിഷാദമുള്ള പ്രകാരം തോന്നുന്നുവല്ലോ.

അഡ്രി - നിശ്ചയമായിട്ടു എന്റെ ഭർത്താവിന്നു പരസ്ത്രീകളോടു ചേർച്ചയുണ്ടു. അതു എന്റെ സൗന്ദര്യത്തിന്നു വല്ല കുറവും വന്നു പോകയൊ എന്റെ സംഭാഷണങ്ങളിൽ അവർക്ക് ഇമ്പമില്ലാതെ പോകയോ ചെയ്തിട്ടായിരിക്കുമോ? ഹാ അങ്ങിനെ വന്നിട്ടുണ്ടെങ്കിലും അതു അവർ എന്നെ ദുഃഖിപ്പിക്കയാലും ദയകേടായിട്ടു എന്നോടു പെരുമാറുകയാലും വരുത്തീട്ടുള്ളതാണല്ലോ. അത്രേയുള്ളു എങ്കിൽ [ 16 ] അതിനു ഉപശാന്തിയും അവർതന്നെ നിരൂപിച്ചാൽ കാണുമെല്ലോ.

ലൂസി - ഇതൊക്കയും അനാവശ്യമായ വിചാരമാണ്. ആ വൈരാഗ്യം കളക. അഡ്രി - നീ ഒരു ഭോഷിയാകകൊണ്ടത്രെ ഇതു അനാവശ്യം എന്നു തോന്നുന്നതു. അല്ലെങ്കിൽ പിന്നെ അവർ ഇപ്പോൾ ഇവിടെ വരേണ്ടിയിരുന്നുവല്ലൊ. പിന്നെ ഒരു പൊന്മാല ഇനിക്കു തീർപ്പിച്ചു തരാമെന്നു അവർ പറഞ്ഞിരുന്നതു നീ ഓർക്കുന്നില്ലയോ? എന്നാൽ ഇനിക്കു മാല കിട്ടിയില്ലെങ്കിലും വേണ്ടതില്ല. എന്നോടു വേണ്ടുന്ന വിശ്വാസത്തിന്നു ഭംഗം വരുത്താതിരുന്നാൽ മതി. അതിന്നു കുറവു കാണുന്നതുകൊണ്ടു ഞാൻ ഇനി ജീവിച്ചിരുന്നിട്ടെന്തു സാദ്ധ്യം?

ലൂസി - ഇങ്ങിനെയുള്ള വ്യഥാചഞ്ചലം കൊണ്ടു പൊട്ടികളല്ലാതെ വ്യസനിക്കുമോ?