ഇന്ദുലേഖ/നമ്പൂരിപ്പാട്ടിലെപറ്റി ജനങ്ങൾ സംസാരിച്ചതു്
←മദിരാശിയിൽനിന്നു് ഒരു കത്തു് | ഇന്ദുലേഖ രചന: അദ്ധ്യായം പതിനൊന്നു്: നമ്പൂരിപ്പാട്ടിലെപറ്റി ജനങ്ങൾ സംസാരിച്ചതു് |
നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമതു് ഉണ്ടായ സംഭാഷണം→ |
പതിനൊന്നു്
തിരുത്തുകനമ്പൂരിപ്പാട്ടിലെപറ്റി ജനങ്ങൾ സംസാരിച്ചതു്
തിരുത്തുകമുത്തു:(ഊട്ടുപുരയിവെച്ച്) ഇതു് എന്തു ഘോഷമാണു്! ഹേ, ഞാൻ നമ്പൂരിപ്പാട്ടിലെ വേഷംപോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണു്! എന്തു തൊപ്പി! കുപ്പായത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ടു് ഒരു ആയിരം ഉറുപ്പിക വിലപിടിക്കുമെന്നു തോന്നുന്നു. ലക്ഷപ്രഭു—മഹാസുന്ദരൻ!
ശങ്കരശാസ്ത്രി: എവിടെയാണു് താൻ സൌന്ദര്യം കണ്ടതു്? തുപ്പട്ടിലോ, കുപ്പായത്തിലോ? അയാളുടെ മുഖം ഒരു കുതിരയുടെ മുഖംപോലെയാണു് എനിക്കു തോന്നിയതു്.
മാനു: നിങ്ങക്കു അസൂയ പറയുന്നതല്ലേ സ്വഭാവം. നമ്പൂരിപ്പാട്ടിലെ മുഖം കുതിരയുടെ മുഖംപോലെയോ? കഷ്ടം! നിങ്ങൾ എവിടെനിന്നാണു നോക്കിയതു്? ഞാൻ അടുക്കെ ഉണ്ടായിരുന്നു—പല്ലക്കു തൊട്ടു നിന്നിരുന്നു. തങ്കത്തിന്റെ നിറമാണു് നമ്പൂതിരിപ്പാടു്! മഹാ സുന്ദരൻ! കഴുത്തിൽ ഒരു പൊന്മാല ഇട്ടിട്ടുണ്ടു്. അതുപോലെ ഒരു മാല ഞാൻ കണ്ടിട്ടില്ല.
സുബ്ബുക്കുട്ടി: ഹേ! അതു മാലയല്ല, നാഴികമണിയുടെ ചങ്ങലയാണു്. നാഴികമണി അരയിലെങ്ങാനും താഴ്ത്തിയിട്ടുണ്ടു്.
ശങ്കരശാസ്ത്രി: എന്തു നിറമായാലും എത്ര മാലയിട്ടാലും അയാളുടെ മുഖം കുതിരമുഖമാണു്.
മാനു: ശാസ്ത്രികൾക്കു ഭ്രാന്തുപിടിച്ചു എന്നു തോന്നുന്നു. ഇത്ര സുന്ദരനായിട്ടു് ഒരാളില്ലെന്നാണു ഞങ്ങൾക്കൊക്കെതോന്നിയതു്. അല്ലേ ശീനൂ! സുബ്ബുക്കുട്ടി! എന്താ പറയൂ—നിങ്ങൾക്കൊക്കെ എന്താണു തോന്നിയതു്?
സുബ്ബുക്കുട്ടി: ഞങ്ങൾക്കൊക്കെ തോന്നിയതു നല്ല സുന്ദരൻ എന്നുതന്നെ.
ശങ്കരശാസ്ത്രി: നിങ്ങൾക്കൊക്കെ എന്തു തോന്നിയാലും വേണ്ടതില്ല. അയാളുടെ മുഖം കുതിരമുഖമാണു്, സംശയമില്ല.
അപ്പോൾ ഒരു വഴിയാത്രക്കാരൻ പട്ടർ : അടിയന്തിരം എന്നോ, അറിഞ്ഞില്ല.
സുബ്ബുക്കുട്ടി: നാളെയാണെന്നു കേട്ടു.
ശങ്കരശാസ്ത്രി: ആരു പറഞ്ഞു?
സുബ്ബുക്കുട്ടി: ആരോ പറഞ്ഞു.
ശങ്കരശാസ്ത്രി: ആ വഴിയാത്രക്കാരന്റെ യാത്ര മുടക്കണ്ടാ. (യാത്രക്കാരനോടു് ) ഹേ! താൻ മഠത്തിൽ പോയി അനേ്വഷിച്ചറിഞ്ഞോളൂ. ഇയ്യാൾ പറയുന്നതൊന്നും വിശ്വസിക്കേണ്ട.
അപ്പോൾ ഊട്ടിൽ കടന്നുവന്ന ഒരു പട്ടരു്:–അടിയന്തരം ഇന്നുതന്നെ. കക്കാൽ ഉറുപ്പിക ബ്രാഹ്മണർക്കും അരേരശ്ശ ഉറുപ്പിക നമ്പൂരിമാർക്കും ഉണ്ടത്ര.
ശങ്കരശാസ്ത്രി: തന്നോടാരു പറഞ്ഞു?
വന്ന പട്ടര്: ആരോ കുളക്കടവിൽ പറഞ്ഞു.
ശങ്കരശാസ്ത്രി: (വഴിയാത്ര വഴിയാക്കാരനോടു്) നിങ്ങൾ പോയി അനേ്വഷിക്കിൻ.
വഴിയാത്രക്കാരൻ: ഇന്നാണെങ്കിൽ സദ്യയു്ക്ക് ഇപ്പോൾ തന്നെ കൂട്ടണ്ടേ? ഒന്നും കാണുന്നില്ലല്ലോ.
ശങ്കരശാസ്ത്രി: ഇന്നായിരിക്കയില്ല.
കൃഷ്ണജ്യോത്സ്യരു: ജാതകവും മറ്റും നോക്കണ്ടെ?
സുബ്ബുക്കുട്ടി: പണത്തിനു മീതെ എന്തു ജാതകം? എല്ലാം പണം. പണംതന്നെ ജാതകം. ഒക്കാതെ വരുമോ?
കൃഷ്ണജ്യോത്സ്യരു: നമുക്കു നാലുകാശു കിട്ടുമായിരുന്നു. സകലം ശരിയാണെന്നും വിശേഷയോഗമാണെന്നും ഞാൻ പറഞ്ഞേക്കാമായിരുന്നു. നായന്മാർക്കു് എന്തു ജാതകംനോക്കലാണു്! നമ്പൂരിപ്പാട്ടീന്നു രഹസ്യം പോവാൻ വന്നതുപോലെ വന്നതാണു്. ഇദ്ദേഹത്തിനു് ഒരു നൂറു ദിക്കിൽ സംബന്ധമുണ്ടു്.
ശങ്കരശാസ്ത്രി: രഹസ്യത്തിനു വന്നതാണെങ്കിൽ ആളെ മാറി നോക്കേണ്ടിവരും.
സുബ്ബുക്കുട്ടി: ശരി, ശരി. ശാസ്ത്രികൾ ഇന്നാൾ ഒരു ദിവസം പൂവരങ്ങിൽ മാളികയിൽ പോയി ശാകുന്തളം മുതലായതു വായിച്ചു എന്നു കേട്ടിരിക്കുന്നു. ആ സമയം ആ കുട്ടിയുടെ ധൈര്യം അറിഞ്ഞിട്ടുണ്ടായിരിക്കാം–ശാസ്ത്രം പഠിച്ചാളു് ഒക്കെ ഒരുപോലെ വിഡ്ഢികളാണു്.
മുത്തു:നമ്പൂരിപ്പാട്ടിലെ ഒരു മോതിരം കൊടുത്താൽ നൂറു് ഇന്ദുലേഖകൾ സമ്മതിക്കും.
ശങ്കരശാസ്ത്രികൾ ഇതിനു് ഉത്തരം പറയാതെ എഴുനീറ്റു് അമ്പലത്തിലേക്കു പോയി. ഈ ശാസ്ത്രികൾ മാധവന്റെ വലിയ ഒരു സ്നേഹിതനും നല്ല വിദ്വാനും ആയിരുന്നു. ഇന്ദുലേഖയെ നല്ല പരിചയമുള്ള ആളും ആയിരുന്നു. അവളുടെ ബുദ്ധി അതി വിശേഷബുദ്ധിയാണെന്നു് അറിഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് ഇതെല്ലാം കേട്ടപ്പോൾ ഇയാൾക്കു മനസ്സിനു് അശേഷം സുഖം തോന്നിയില്ല. പിന്നെ ശാസ്ത്രികളുടെ അഭിപ്രായത്തിലും ഇന്ദുലേഖയ്ക്കു മാധവനാണു് അനുരൂപനായ പുരുഷൻ എന്നായിരുന്നു. ‘ഇങ്ങിനെ വരുന്നതായാൽ അതു കഷ്ടം! ദ്രവ്യത്തിന്റെ വലിപ്പംകൊണ്ടു് ഒരു സമയം ഇങ്ങിനെ വരാം— എന്തു ചെയ്യാം! ഈ പ്രപഞ്ചത്തിൽ ദ്രവ്യത്തെ ജയിപ്പാൻ ഒന്നിനും ശക്തിയില്ല. ’ഇങ്ങിനെയെല്ലാം വിചാരിച്ചും വ്യസനിച്ചും ശാസ്ത്രികൾ അമ്പലത്തിൽ ചെന്നു് വാതിൽമാടത്തിൽ അങ്കവസ്ത്രവും വിരിച്ചു് ഉറങ്ങാൻ ഭാവിച്ചുകൊണ്ടു കിടന്നു. ശാസ്ത്രികൾക്കു് അവിടെയും ഗ്രഹപ്പിഴതന്നെ–താൻ കിടന്നു രണ്ടുമൂന്നു നിമിഷം കഴിയുമ്പോഴേക്കു വാതിൽമാടത്തിൽ ആൾക്കൂട്ടമായി. കഴകക്കാരൻ വാര്യരും മാരാനുമാണു് അകായിൽനിന്നു് ആദ്യം വന്നതു്.
വാര്യർ: (ശാസ്ത്രികളോട്) എന്താണു ശാസ്ത്രികൾ സ്വാമീ! ഇന്നു പൂവരങ്ങിൽ നാടകംവായനയും മറ്റും ഇല്ലെന്നു തോന്നുന്നു. തിരക്കുതന്നെ. കുളക്കടവിൽ ജനക്കൂട്ടം. നമ്പൂരിപ്പാടു് അമൃതേത്തു കഴിക്കുന്നു. സംബന്ധം ഇന്നുതന്നെ ഉണ്ടാവുമോ എന്നു ശാസ്ത്രികൾ വല്ലതും അറിഞ്ഞുവോ?
ശാസ്ത്രികൾ: ഞാൻ ഒന്നും അറിഞ്ഞില്ലപ്പാ . ഞാൻ കുറെ ഉറങ്ങട്ടെ. അപ്പോഴേക്കു ശാന്തിക്കാരൻ എമ്പ്രാന്തിരിയും ഒരു രണ്ടുമൂന്നു നമ്പൂതിരിമാരും ഒന്നുരണ്ടു പട്ടന്മാരുംകൂടി ഒരു കൂട്ടായ്മക്കവർച്ചക്കാരു കടക്കുംപോലെ വടക്കേവാതിൽമാടത്തിന്റെ വടക്കേ വാതിലിൽക്കൂടി നിലവിളിയും കൂക്കിയുമായി കടന്നുവരുന്നതു കണ്ടു. സംസാരം എല്ലാം നമ്പൂതിരിപ്പാട്ടിനെപ്പറ്റിത്തന്നെ.
എമ്പ്രാന്തിരി: നമ്പൂരിപ്പാടു ബഹുസുന്ദരൻ. ഞാൻ കണ്ടു. എത്ര വയസ്സായോ?
ഒരു നമ്പൂതിരി: വയസ്സു് അമ്പതായിക്കാണണം.
മറ്റൊരു നമ്പൂതിരി: ഛീ! അത്രയൊന്നുമില്ല. നാൽപതുനാൽപത്തഞ്ചായിക്കാണണം?
ഒരു പട്ടര്: എത്ര വയസ്സായാലും ഇന്ദുലേഖയ്ക്കു ബോധിക്കും. എന്തു കുപ്പായങ്ങൾ–എന്തു ഢീക്ക്–വിചാരിച്ചുകൂടാ. ഞാൻ അനന്തശയനത്തെ രാജാവിനുകൂടി ഈമാതിരി കുപ്പായം കണ്ടിട്ടില്ല.
മറ്റൊരു നമ്പൂതിരി: ആ കുപ്പായവും പുറപ്പാടുംതന്നേ ഉള്ളു; ഇല്ലത്തു ദ്രവ്യവും അനവധി ഉണ്ടു്. നമ്പൂതിരി ആൾ കമ്പക്കാരനാണു്. ഒരു സ്ഥിരതയും തന്റേടവുമില്ല. ആ ഇന്ദുലേഖയെ കമ്പക്കാരനു കൊണ്ടു കൊടുക്കുന്നുവല്ലോ. സംബന്ധം ഇന്നു തന്നെയോ?
എമ്പ്രാന്തിരി: അതെ; ശാസ്ത്രികളോടു ചോദിച്ചറിയാം. ശാസ്ത്രികൾ ഇന്ദുലേഖയുടെ ഇഷ്ടനാണു്. ഏ! ശാസ്ത്രികളെ, പകൽ ഉറങ്ങുകയാണോ? ഉറങ്ങരുതു്, എണീക്കൂ.
ശാസ്ത്രികൾ കണ്ണടച്ചു് ഉറങ്ങുംപോലെ കിടന്നിരുന്നു. എമ്പ്രാന്തിരിയുടെ വിളികൊണ്ടു നിവൃത്തിയില്ലാതെ ആയപ്പോൾ എണീറ്റു കുത്തിയിരുന്നു.
എമ്പ്രാന്തിരി: ഇന്ദുലേഖയ്ക്കു സംബന്ധം ഇന്നുതന്നെയോ?
ശങ്കരശാസ്ത്രികൾ: ഞാൻ ഒരു സംബന്ധവും അറിയില്ലാ. എന്നു പറഞ്ഞു് ശാസ്ത്രികൾ അമ്പലത്തിൽനിന്നു് എറങ്ങിപ്പോയി. നമ്പൂതിരിപ്പാടിന്റെ വരവു കഴിഞ്ഞ ഉടനെ പൂവള്ളിവീട്ടിൽ വെച്ചു് അവിടെയുള്ളവർ തമ്മിൽത്തന്നെ അന്യോന്യം വളരെ പ്രസ്താവങ്ങൾ ഉണ്ടായി.
കുമ്മിണിഅമ്മ: ചാത്തരെ, ഇങ്ങിനെ കേമനായിട്ടു് ഒരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിനെ കണ്ടിട്ടു് എന്റെ കണ്ണു മഞ്ഞളിച്ചുപോയി.
ചാത്തരമേനവൻ: അദ്ദേഹത്തിന്റെ കുപ്പായം കണ്ടിട്ടു് എന്നു പറയിൻ.
കുമ്മിണിഅമ്മ: അതെന്തോ. എന്റെ വയസ്സിൻകീഴിൽ ഈമാതിരി പുറപ്പാടു കണ്ടിട്ടില്ല. ദിവാൻജി വലിയമ്മാമനെ കണ്ട ഓർമ്മകൂടി ഉണ്ടു് എനിക്കു്. അദ്ദേഹത്തിനുംകൂടി ഈമാതിരി പുറപ്പാടു ഞാൻ കണ്ടിട്ടില്ലാ. ഇന്ദുലേഖയുടെ ഭാഗ്യം നോക്കൂ! അവൾ അതിനുമാത്രം കേമിതന്നെ. എന്നാലും മാധവനെ വിചാരിക്കുമ്പോൾ എനിക്കു വ്യസനം.
ചാത്തരമേനവൻ: എന്താണു വ്യസനം?
കുമ്മിണിഅമ്മ: വ്യസനിക്കാനൊന്നുമില്ല. ഇത്ര വലിയ ആൾ വന്നാൽ മാധവനു് ഒന്നും പറയാൻ പാടില്ലാ. ശരി തന്നെ. എന്നാലും എനിക്കു് അവനെ വിചാരിച്ചു് ഒരു വ്യസനം.
ചാത്തരമേനവൻ: അമ്മയ്ക്കു പ്രാന്താണു്. ഈ നമ്പൂതിരിപ്പാട്ടിലേക്കു് ഈ ജന്മം ഇന്ദുലേഖയെ കിട്ടുകയില്ലാ. ഇന്ദുലേഖാ മാധവനുതന്നെ. ഇതൊക്കെ വലിയമ്മാമന്റെ ഒരു കമ്പക്കളി.
കുമ്മിണിഅമ്മ: നിണക്കാണു പ്രാന്തു്.
അടുക്കളയിലും കുളപ്പുരയിലും കുളവക്കിലും ഉള്ള പ്രസ്താവങ്ങൾ പലേവിധംതന്നെ.
കുളവക്കിൽനിന്നു സമീപവാസിയായ ഒരു ചെറുപ്പക്കാരനോടു മറ്റൊരു ചെറുപ്പക്കാരൻ: “ഹേ, എന്താണെടോ, ഈ നമ്പൂതിരിപ്പാട്ടിലെ പേരു്?”
മറ്റേവൻ: കണ്ണിൽ മൂക്കില്ലാത്ത വസൂരിനമ്പൂരിപ്പാടു് എന്നാണത്രെ.
“പേരു നന്നായില്ലാ, നിശ്ചയം.”
“പേരല്ലാ കാര്യം പണമല്ലേ. മനയു്ക്കൽ ആനച്ചങ്ങല പൊന്നുകൊണ്ടാണത്ര. പിന്നെ മൂക്കില്ലാഞ്ഞാലെന്താണു്...വസൂരിയായാലെന്താണു്?”
എന്തു പണമുണ്ടായാലും ഇന്ദുലേഖാ മാധവനെ തള്ളിക്കളഞ്ഞതുകൊണ്ടു് ഞാൻ എനി അവളെ ബഹുമാനിക്കയില്ലാ. മാധവൻ മാത്രമാണു് അവൾക്കു ശരിയായ ഭർത്താവു്.”
“മാധവനു പൊന്നുകൊണ്ടു് ആനച്ചങ്ങലയുണ്ടോ? താനെന്തു ഭോഷത്വം പറയുന്നുവെടോ! പെണ്ണുങ്ങൾക്കു പണത്തിനു മീതെ ഒന്നുമില്ല.”
“ഇവളെ കൊച്ചുകൃഷ്ണമേനവൻ കൊണ്ടുപോയി ഇംഗ്ലീഷു പഠിപ്പിച്ചതും മറ്റും വെറുതെ. ഇംഗ്ലീഷു പഠിച്ചകൊണ്ടു് ഇപ്പോൾ എന്താ വിശേഷം കണ്ടതു്! ഇംഗ്ലീഷു പഠിക്കുന്നതും പണത്തിനുതന്നെ.”
“മാധവൻ ഈ വർത്തമാനം കേൾക്കുമ്പോൾ എന്തു പറയുമോ?”
മാധവൻ ശിശുപാലന്റെ മാതിരി ക്രോധിക്കും. എന്നിട്ടു് എന്തുഫലം? ഇന്ദുലേഖാ മൂക്കില്ലാത്ത വസൂരിനമ്പൂതിരിപ്പാടോടുകൂടു സുഖമായിരിക്കും.”
“ഈ നമ്പൂതിരിപ്പാടിന്റെ ഇല്ലപ്പേരൊട്ടു പറ്റി. കുറെ മുമ്പു കുളിച്ചുപോവുമ്പോൾ ഞാൻ അടുത്തു കണ്ടു. മൂക്കു കാണാനേയില്ല. മുഖം ഒരു കലം കമഴ്ത്തിയമാതിരി. ഛീ! ഇന്ദുലേഖയ്ക്കു് ഇങ്ങിനെ യോഗം വന്നുവെല്ലൊ. ഇയാളുടെ പണവും പുല്ലും എനിക്കു സമമാണു്. ആ ഗോവിന്ദൻകുട്ടിമേനവനെപ്പോലെ ഞാൻ ഇന്ദുലേഖയുടെ അമ്മാമൻ ആയിരുന്നുവെങ്കിൽ ഞാൻ അവളെ ഒരിക്കലും ഈ വസൂരിക്കു കൊടുക്കയില്ല.”
“ഇന്ദുലേഖായ്ക്കു് മനസ്സാണെങ്കിലോ?”
“എന്നാൽ നിവൃത്തിയില്ല. ഇന്ദുലേഖായ്ക്കു് മനസ്സുണ്ടാവുമോ? പഞ്ചുമേനവന്റെ നിർബന്ധത്തിന്മേലാണു് ഇതു നടക്കുന്നതു് എന്നും കേട്ടു.”
ആ പഞ്ചുമേനവനു് എനിയും ചാവരുതെ? എന്തിനു് ആ പൂവള്ളിവീട്ടിൽ ഉള്ള സകല മനുഷ്യരെയും ചീത്ത പറഞ്ഞു് ഉപദ്രവിച്ചുംകൊണ്ടു കിടക്കുന്നു? കഷ്ടം! ഇന്ദുലേഖയ്ക്കു് ഇങ്ങിനെ വിരൂപൻ വന്നുചേർന്നുവല്ലോ.”
നിശ്ചയിക്കാറായിട്ടില്ലെടോ. ഇന്ദുലേഖാ സമ്മതിക്കുമോ? എന്താണു നിശ്ചയം? ഒരു സമയം സമ്മതിച്ചില്ലെങ്കിലോ?”
“പഞ്ചുമേനവൻ തല്ലി പുറത്താക്കും. മാധവൻകൂടി ഇവിടെ ഇല്ലാ. പിന്നെ ഇന്ദുലേഖയ്ക്കു് ഈ ജന്മം നമ്പൂരിപ്പാട്ടിലെ സമ്മതമില്ലാതെ വരികയില്ലാ. ഇത്ര ദ്രവ്യസ്ഥനായിട്ടു് ഈ രാജ്യത്തു് ആരുമില്ലത്ര. വലിയ ആഢ്യനുമാണ്–പിന്നെ എന്തുവേണം? മാധവൻ ഇപ്പോഴും സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ലേ?”
“മാധവനും ഇന്ദുലേഖയുമായി വളരെ സേവയായിട്ടാണെന്നു് ഞാൻ കേട്ടിട്ടുണ്ടു്.”
“അതൊന്നും എനി കാണുകയില്ല. മാധവനു ശുക്രദശ ഉണ്ടായിരുന്നുവെങ്കിൽ അതു കഴിഞ്ഞു. സംശയമില്ല.”
“എന്തു കഴുവെങ്കിലും ആവട്ടെ.” എന്നു പറഞ്ഞു് ഈ സംസാരിച്ചതിൽ ഒരാൾ കുളിപ്പാനും മറ്റേവൻ അവന്റെ വീട്ടിലേക്കും പോയി.
പൂവരങ്ങിൽവെച്ചുതന്നെ നമ്പൂരിപ്പാട്ടിലെക്കുറിച്ചു പലരും പലവിധവും സംസാരിച്ചു. മദിരാശിയിൽനിന്നു കത്തുകിട്ടിയ ശേഷം ഇന്ദുലേഖയ്ക്കു വളരെ സന്തോഷവും ഉത്സാഹവും ഉണ്ടായി എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലൊ. ഈ സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും കാരണം അറിയാത്ത ചില ഭൃത്യന്മാരും ദാസികളും മറ്റും ഇന്ദുലേഖയുടെ ഉത്സാഹവും സന്തോഷവും നമ്പൂരിപ്പാടു വന്നതിലുണ്ടായതാണെന്നു നിശ്ചയിച്ചു. കുഞ്ഞിക്കുട്ടിഅമ്മയുടെ ദാസി പാറു മുകളിൽ എന്തോ ആവശ്യത്തിനു പോയിരുന്നു. അപ്പോൾ ഇന്ദുലേഖയെ കണ്ടു.
ഇന്ദുലേഖാ ചിറിച്ചുംകൊണ്ട്— “എന്താ പാറൂ! നിന്റെ സംബന്ധക്കാരൻ വരാറില്ലേ ഇയ്യിടെ?”
പാറു: അയാളു് ആറേഴു മാസമായി കളത്തിൽതന്നെയാണു താമസം. അവിടെ വേറെയൊരു സംബന്ധം വെച്ചിട്ടുണ്ടോൽ–കണ്ടരനായരു പറഞ്ഞു.
ഇന്ദുലേഖാ: ആട്ടെ, നിണക്കു് വേറെ ഒരാളെ സംബന്ധം ആക്കട്ടെ?
പാറു: എനിക്കു് ആരും വേണ്ടാ. എന്റെ കഴിത്തിലത്തെ താലി മുറിഞ്ഞുകിടക്കുന്നു അമ്മെ. നാലുമാസമായിട്ടു ഞാൻ കഴുത്തിൽ ഒന്നുംക്കകെട്ടാറില്ല. വലിയമ്മയോടു ഞാൻ വളരെ പറഞ്ഞു—എന്തു ചെയ്തിട്ടും നന്നാക്കിച്ചു തരുന്നില്ലാ. ഞാൻ എന്തു ചെയ്യും! ദാസിയുടെ സങ്കടം കേട്ടപ്പോൾ ഇന്ദുലേഖാ തന്റെ പെട്ടി തുറന്നു് അതിൽനിന്നു് ഒരു എട്ടുപത്തു് ഉറുപ്പിക വിലയ്ക്കു പോരുന്ന ഒരു
താലിയെടുത്തു് ഒരു ചരടിന്മേൽ കോർത്തു് പാറുവിന്റെ പക്കൽ കൊടുത്തു.
ഇന്ദുലേഖാ: ഇതാ, ഈ താലി കെട്ടിക്കോളൂ. താലി ഇല്ലാഞ്ഞിട്ടു സങ്കടപ്പെടേണ്ടാ.
പാറു സന്തോഷംകൊണ്ടു കരഞ്ഞുപോയി. താലിയും വാങ്ങി ഉടനെ താഴത്തിറങ്ങി വന്നശേഷം എല്ലാവരോടും തനിക്കു കിട്ടിയ സമ്മാനത്തിന്റെ വർത്തമാനം അതിഘോഷമായി പറഞ്ഞുതുടങ്ങി. കുഞ്ഞിക്കുട്ടിഅമ്മ പാറുവെ വിളിച്ചപ്പോൾ പാറു പുതിയ ഒരു താലിക്കകെട്ടിയതു കണ്ടു.
കുഞ്ഞിക്കുട്ടിഅമ്മ: നിണക്കു് ഈ താലി എവിടുന്നു കിട്ടി?
പാറു: ഞാൻ മുകളിൽ പോയപ്പോൾ ചെറിയമ്മ തന്നതാണു്.
കുഞ്ഞിക്കുട്ടിഅമ്മ: ഇന്ദുലേഖയോ?
പാറു: അതെ.
കുഞ്ഞിക്കുട്ടിഅമ്മ: എന്താ, ഇന്ദുലേഖയു്ക്കു വളരെ സന്തോഷമുണ്ടോ ഇന്നു്? എങ്ങിനെ ഇരിക്കുന്നു ഭാവം?
പാറു: ബഹു സന്തോഷം. സന്തോഷമില്ലാതെയിരിക്കുമോ വലിയമ്മെ, ഇങ്ങിനത്തെ തമ്പുരാൻ സംബന്ധത്തിനു വരുമ്പോൾ?
ഇങ്ങിനെ ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ദുലേഖയെ ഒന്നു കണ്ടുകളയാം എന്നു നിശ്ചയിച്ചു് ശങ്കരശാസ്ത്രികൾ ഇന്ദുലേഖയുടെ മാളികയിന്മേൽ പോകാൻ ഭാവിച്ചു പൂവരങ്ങിൽ നാലുകെട്ടിൽ കയറിവരുന്നതു കുഞ്ഞിക്കുട്ടിഅമ്മ കണ്ടു് ശാസ്ത്രികളെ വിളിച്ചു.
കുഞ്ഞിക്കുട്ടിഅമ്മ: ശാസ്ത്രികൾ എന്താണു് ഇപ്പോൾ വന്നതു്?
ശാസ്ത്രികൾ: വിശേഷിച്ചു് ഒന്നുമില്ലാ. ഇന്ദുലേഖയെ ഒന്നു കാണാമെന്നുവെച്ചു വന്നതാണു്.
ഈ ശാസ്ത്രികൾ മാധവന്റെ വലിയ ഇഷ്ടനാണെന്നു് കുഞ്ഞിക്കുട്ടിഅമ്മ അറിയും.
കുഞ്ഞിക്കുട്ടിഅമ്മ: ഇപ്പോൾ അങ്ങോട്ടു പോണ്ടാ. നമ്പൂരിപ്പാടും മറ്റും അമറേത്തു കഴിഞ്ഞു് എഴുന്നെള്ളാറായി. അമ്പലത്തിലേക്കുതന്നെ പോവുന്നതണു നല്ലതു്.
ശാസ്ത്രികൾ: അങ്ങിനെയാകട്ടെ. നമ്പൂതിരിപ്പാടു സംബന്ധം നിശ്ചയിച്ചു ആയിരിക്കും.
കുഞ്ഞിക്കുട്ടിഅമ്മ: അതിനെന്താ സംശയം? എന്താ ശാസ്ത്രികൾക്കു രസമായില്ലേ? ഇതിൽപരം കേമനായിട്ടു് ഇന്ദുലേഖയ്ക്കു് എനി ആരാണു് ഒരു ഭർത്താവു വരാനുള്ളതു്?
ശാസ്ത്രികൾ: ശരിതന്നെ–ശരിതന്നെ.
കുഞ്ഞിക്കുട്ടിഅമ്മ: ഇന്ദുലേഖയ്ക്കും വളരെ സന്തോഷമായിരിക്കുന്നു. നമ്പൂതിരിപ്പാട്ടിലെ കാണാൻ വഴുകി നിൽക്കുന്നു. പെണ്ണിനു് എന്തോ ബഹുഉത്സാഹം. ഈ പാറു താലികെട്ടാതെ ഇന്നു മുകളിൽ കയറിച്ചെന്നിട്ടു് ഇതാ ഒരു ഒന്നാന്തരം താലി പാറുവിനു് ഇപ്പോൾ കൊടുത്തുവത്ര. ബഹുഉത്സാഹം. ഞാൻ ആദ്യം എന്തോ കുറെ പേടിച്ചു. ഈശ്വരാധീനംകൊണ്ടു് എല്ലാംശരിയായി വന്നു. കാരണവന്മാരുടെ അനുഗ്രഹംകൊണ്ടു് എല്ലാം ശരിയായിവന്നു.
ശാസ്ത്രികൾ: എന്തിനാണു് ആദ്യം പേടിച്ചത്—പേടിക്കാൻ കാരണമെന്തു്?
കുഞ്ഞിക്കുട്ടിഅമ്മ: അതോ–നിങ്ങൾ അറിയില്ലേ? മാധവനും ഇന്ദുലേഖയുമായി വലിയ സ്നേഹമല്ലെ? അതു വിട്ടുകിട്ടുവാൻ പ്രയാസമായാലോ എന്നു ഞാൻ പേടിച്ചു. ഗോവിന്ദൻകുട്ടിയുടെ അച്ഛനും പേടിച്ചിരുന്നു. എനി ആ പേടി ഒന്നും ഞങ്ങൾക്കില്ലാ. മാധവനും നമ്പൂതിരിപ്പാടുമായാലത്തെ ഭേദം എത്രയുണ്ടു്! ശാസ്ത്രികളെ, നിങ്ങൾതന്നെ പറയിൻ.
ശാസ്ത്രികൾ: വളരെ ഭേദം ഉണ്ടു്. വളരെ ഭേദം ഉണ്ടു്. സംശയമില്ലാ. ഞാൻ പോണു.
എന്നുംപറഞ്ഞു് ശാസ്ത്രികൾ വളരെ സുഖക്കേടോടുകൂടി അവിടെനിന്നു് എറങ്ങി. വഴിയിൽവെച്ചു പൂവരങ്ങിലേക്കുള്ള നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര കണ്ടു. സ്വർണ്ണപ്പകിട്ടു് എളവെയിലിൽ കണ്ടു് ശാസ്ത്രികളുടെ കണ്ണ് ഒന്നു മഞ്ഞളിച്ചുപോയി. ശാസ്ത്രികൾ അരയാൽതറമേൽ കയറി ഇരുന്നു് വിചാരം തുടങ്ങി: ‘കഷ്ടം! എനി ഈ കാര്യത്തിൽ അധികംസംശയമില്ലാത്തതു പോലെതന്നെ തോന്നുന്നു. മാധവൻ എത്ര വ്യസനപ്പെടും! ഈ മഹാപാപി ഇന്ദുലേഖാ ഇത്ര കഠിനയായിപ്പോയല്ലോ! എന്തു കഠിനം! പണം ആർക്കധികം അവർ ഭർത്താവു്, എന്നു വെയ്ക്കുന്ന ഈ ചണ്ടിനായന്മാരുടെ പെണ്ണുങ്ങൾക്കു് എന്താണു ചെയ്തുകൂടാത്തതു്! ആ മാധവന്റെ ബുദ്ധിക്കു സദൃശമാണു് ഈ അസത്തിന്റെ ബുദ്ധിയെന്നു ഞാൻ വിചാരിച്ചുപോയല്ലോ. കഷ്ടം! എന്തുചെയ്യാം. ആ കുട്ടിയുടെ പ്രാരാബ്ധം! ഇങ്ങിനെ ഓരോന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്പൂതിരിപ്പാട്ടിലെ പൂവരങ്ങിൽ കൊണ്ടാക്കി വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദനും നമ്പൂതിരിപ്പാട്ടിലെ ഒരു കുട്ടിപ്പട്ടരുംകൂടി അരയാൽ തറയ്ക്കൽ വന്നുനിന്നു.
ശാസ്ത്രികൾ: നിങ്ങൾ നമ്പൂതിരിപ്പാട്ടിലെ കൂടെ വന്നവരോ?
ഗോവിന്ദൻ: അതെ.
ശാസ്ത്രികൾ: നമ്പൂതിരിപ്പാട്ടിലേക്കു് ഇവിടെ എത്ര ദിവസം താമസം ഉണ്ടു്?
ഗോവിന്ദൻ: ഇന്നും നാളെയും നിശ്ചയമായും ഉണ്ടാവും. മറ്റന്നാൽ എഴുന്നള്ളുമെന്നു തോന്നുന്നു. കൂടത്തന്നെ കൊണ്ടുപോവുന്നു?
ശാസ്ത്രികൾ: എന്തൊന്നു കൊണ്ടുപോവുന്നു?
ഗോവിന്ദൻ: ഭാര്യയെ.
ശാസ്ത്രികൾ: സംബന്ധം ഇന്നുതന്നെയോ?
ഗോവിന്ദൻ: ഒരുസമയം ഇന്നു തന്നെ അല്ലെങ്കിൽ നാളെ ആവാനും മതി.
ശാസ്ത്രികൾ: നമ്പൂതിരിപ്പാടുന്നു വേളികഴിച്ചില്ലാ —അല്ലേ?
ഗോവിന്ദൻ: അനുജന്മാർ രണ്ടു തമ്പുരാക്കന്മാർ വേളികഴിച്ചിട്ടുണ്ടു്.
ശാസ്ത്രികൾ: നമ്പൂതിരിപ്പാടു് ആൾ നല്ല കാര്യസ്ഥനോ?
ഗോവിന്ദൻ: ഒന്നാന്തരം കാര്യസ്ഥനാണു്. ഇതുപോലെ ആ മനയു്ക്കൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല. അതികേമനാണു്. തമ്പുരാൻ ഇവിടെ എഴുന്നള്ളി ഈ സംബന്ധം കഴിക്കുന്നതു് ഈ തറവാട്ടിന്റെയും പഞ്ചുമേനവന്റെയും മഹാഭാഗ്യം. ഇങ്ങിനെ നായന്മാരുടെ വീടുകളിൽ ഒന്നും തമ്പുരാൻ എഴുന്നള്ളാറേയില്ല
എന്നു പറഞ്ഞു് ഗോവിന്ദൻ അവിടെനിന്നു് അമ്പലത്തിലേക്കോ മറ്റോ പോയി. കുട്ടിപ്പട്ടർ പിന്നെയും അവിടെ ഇരുന്നു.
ശാസ്ത്രികൾ: (കുട്ടിപ്പട്ടരോടു്) തന്റെ ഗ്രാമം ഏതാണു്?
കുട്ടിപ്പട്ടര്: ഗോവിന്ദരാജപുരം.
ശാസ്ത്രികൾ: എത്ര കാലമായി നമ്പൂതിരിപ്പാട്ടിലെ കൂടെ?
കുട്ടിപ്പട്ടര്: ആറു സംവത്സരമായി. ഇതുവരെ ഒരു കാശു മാസ്പടി തന്നിട്ടില്ല. ഒരു പ്രാവശ്യം ബുദ്ധിമുട്ടിച്ചിട്ടു് അമ്പതു് ഉറുപ്പിക തന്നു, അതു രണ്ടു ദിവസം കഴിഞ്ഞപ്പോൾ അങ്ങട്ടു തന്നെ വാങ്ങി. പിന്നെ ഇതുവരെ ഒന്നും തന്നിട്ടില്ല. വല്ലതും കിട്ടിയെങ്കിൽ കടന്നു പൊയ്ക്കളയാമായിരുന്നു. പണത്തിനു ചോദിച്ചാൽ പലിശകൂട്ടി തരാമെന്നു പറയും. കുട്ടിപ്പട്ടർ മഹാകമ്പക്കാരനാണു്. ഒരു ഇരുപതു സംബന്ധത്തോളം ഇപ്പോൾ ഉണ്ടു് . ഈരണ്ടു മാസത്തേക്ക് ഓരോ സ്ത്രീ. മനവക ഒരു കാര്യവും ഇയാൾ നോക്കാറില്ല . ആ ചെക്കൻ ഗോവിന്ദൻ ഇപ്പോൾ പറഞ്ഞു, ഇയാൾ നായന്മാരുടെ വീട്ടിൽ പൂവാറെ ഇല്ലെന്നു്. എന്തു കളവാണു്! പെണ്ണുള്ള സകല വീടുകളിലും കടന്നുപോവും. കൈയിൽ ഒരു സമയവും ഒരുകാശുപോലും ഉണ്ടാവുകയില്ല. രണ്ടുമൂന്നു മാപ്പിളമാർ കടം കൊടുക്കാൻ തെയ്യാറായിട്ടുണ്ടു്. നൂറ്റിനഞ്ചു പലിശ വെയ്ക്കും. ഈ വിഢ്യാൻ പണം കിട്ടേണ്ടുന്ന ബദ്ധപ്പാടിൽ എന്തെങ്കിലും എഴുതിക്കൊടുക്കും. ഒടുവിൽ വസ്തു ചാർത്തേണ്ടിവരും. ഇങ്ങിനെ ഇയാൾ ദ്രവ്യം മുടിക്കുന്നതു് അസാരമോ! ഇപ്പോൾ വരുമ്പോൾ മുന്നൂറു റുപ്പിക നൂറ്റുനഞ്ചു പലിശയ്ക്കു കടംവാങ്ങീട്ടാണു പോന്നതു്. മഹാവല്ലാത്ത കമ്പമാണു്.
ശാസ്ത്രികൾ: ആട്ടെ, സ്വാമിദ്രാഹമായി പറയേണ്ടാ. ആൾ അദ്ദേഹം ഏതുമാതിരിയെങ്കിലും ആവട്ടെ. ഞാൻ ഇതൊന്നും തന്നോടു ചോദിച്ചില്ലല്ലോ. ഞാൻ കുളിപ്പാൻ പോണു.
എന്നു പറഞ്ഞു ശാസ്ത്രികൾ കുളത്തിലേക്കും കുട്ടിപ്പട്ടർ മഠത്തിലേക്കും പോയി.