ഇന്ദുലേഖ/മദിരാശിയിൽനിന്നു് ഒരു കത്തു്

(ഇന്ദുലേഖ/പത്തു് - മദിരാശിയിൽനിന്നു് ഒരു കത്തു് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പത്ത്: മദിരാശിയിൽനിന്നു് ഒരു കത്ത്

മദിരാശിയിൽനിന്നു് ഒരു കത്ത്

തിരുത്തുക

പഞ്ചുമേനോൻ ഊണുകഴിഞ്ഞ ഉടനെ ഇന്ദുലേഖാ നമ്പൂരിപ്പാട്ടിലെ കണ്ടുവോ എന്നറിവാൻ കുഞ്ഞിക്കുട്ടിഅമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖാ ഒരുക്കതൊപ്പിതുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്ശിയെ കണ്ട ഉടനെ എഴുനീറ്റു അടുക്കെ ചെന്നു. മുത്തശ്ശി ഇന്ദുലേഖയെ പിടിച്ചു മാറോടുചേർത്തു മൂർദ്ധാവിൽ ചുംബിച്ചുംകൊണ്ടു പറയുന്നു.


കുഞ്ഞിക്കുട്ടിഅമ്മ: കണ്ടില്ലേ? മകളേ, നിനക്കു് എല്ലാ ഭാഗ്യവും തികഞ്ഞുവന്നു. എഴുന്നെള്ളത്തു കണ്ടില്ലേ?


ഇന്ദുലേഖ: എന്താണു്, ഇന്നു് അമ്പലത്തിൽ ഉത്സവവമുണ്ടായിരുന്നുവോ? എന്നാൽ എന്തേ മുത്തശ്ശി എന്നെ വിളിക്കാഞ്ഞതു്? ആന എത്ര ഉണ്ടായിരുന്നു? വാദ്യം ഒന്നും കേട്ടില്ലല്ലോ.


കുഞ്ഞിക്കുട്ടിഅമ്മ: അമ്പലത്തിലെ എഴുന്നെള്ളത്തല്ലാ. നമ്പൂരിപ്പാട്ടിലെ എഴുന്നെള്ളത്തു്.


ഇന്ദുലേഖാ: (മുഖപ്രസാദം കേവലം വിട്ടു വലിയമ്മയുടെ ആലിംഗനത്തിൽനിന്നു വേറായി നിന്നിട്ട്) ഞാൻ കണ്ടില്ലാ.


കുഞ്ഞിക്കുട്ടിഅമ്മ: ഈ ഘോഷം ഒക്കെ കഴിഞ്ഞിട്ടു നീ അറിഞ്ഞില്ലേ?


ഇന്ദുലേഖാ: എന്തു ഘോഷം? ഞാൻ ഒന്നും കണ്ടില്ലല്ലോ!


കുഞ്ഞിക്കുട്ടിഅമ്മ: നീ മുകളിൽ വാതിൽ അടച്ചു തുന്നക്കാരുടെ പണിയും എടുത്തു കാത്തിരുന്നാൽ കാണുമോ? നമ്പൂരിപ്പാട്ടിലെ കാണേണ്ടതാണു് — മഹാ സുന്ദരൻതന്നെ. ഉടുപ്പും കുപ്പായവും എല്ലാം പൊന്നുകൊണ്ടു കട്ടിയായിട്ടാണു്. എനിക്കു് അറുപതു വയസ്സായി മകളേ, ഞാൻ ഇതുവരെ ഇങ്ങിനെ ഒരാളെയും കണ്ടിട്ടില്ല. അമറേത്തിനു പോയിരിക്കുന്നു— കഴിഞ്ഞ ഉടനെ വരും. നിന്നെ കാണാൻ മുകളിൽ വരുമെന്നു തോന്നുന്നു. ഇന്നാൾ ഇവിടെ വന്ന ചെറുയേരി നമ്പൂരിയും കൂടെ വന്നിട്ടുണ്ടു്. അദ്ദേഹം നമ്പൂരിപ്പാട്ടിലെ മുമ്പിൽ ഇരിക്കാൻ കൂടി മടിക്കുന്നു. നമ്പൂരിപ്പാട്ടിലെ അവസ്ഥ പറഞ്ഞുകൂടാ. മനയ്ക്കൽ ആനച്ചങ്ങലകൂടി പൊന്നുകൊണ്ടാണത്ര. ഇതിന്റെ മുകളിൽ ഒക്കെ വെടിപ്പുണ്ടായിരിക്കണേ അദ്ദേഹം വരുമ്പോൾ.


ഇന്ദുലേഖാ: ഇതിന്റെ മുകളിൽ വെടുപ്പുകേടു് ഒരിക്കലും ഉണ്ടാവാറില്ല. എന്തിനാണു് അദ്ദേഹം ഇതിന്റെ മുകളിൽ വരുന്നത്—എന്നെ കാണേണ്ട ആവശ്യം എന്താണു് അദ്ദേഹത്തിന്നു്?


കുഞ്ഞിക്കുട്ടിഅമ്മ: അദ്ദേഹം മറ്റെന്താവശ്യത്തിന്നു നുമ്മളുടെ വീട്ടിൽ എഴുന്നെള്ളുന്നു? എന്റെ മകളുടെ വർത്തമാനം കേട്ടിട്ടു വന്നതാണു്. മകളെ വളരെ നന്നായിട്ടെല്ലാം സംസാരിക്കണേ. എന്റെ മകൾക്കു വലിയ ഭർത്താവു് വന്നുകാണണമെന്നു ഞാൻ എത്ര കാലമായി കൊതിച്ചിരിക്കുന്നു. ഇപ്പഴു് എനിക്കു് അതു സംഗതിവന്നു. ഇതുപോലെ എനി എന്റെ കുട്ടിക്കു് ഒരു ഭാഗ്യം വരാനില്ലാ. പെണ്ണുങ്ങൾ നന്നായിത്തീർന്നാൽ അവരുടെ തറവാടു നന്നാക്കണം. നല്ല ഭർത്താവിനെ എടുക്കണം. പണം തന്നെയാണു മകളേ കാര്യം. പണത്തിനു മീതേ ഒന്നുമില്ലാ. ഞാൻ കുട്ടിയിൽ കണ്ടാൽ നന്നായിരുന്നു. എത്രയോ സുന്ദരന്മാരായ ആണുങ്ങൾ എനിക്കു സംബന്ധം തുടങ്ങാൻ ആവശ്യപ്പെട്ടു. എന്റെ അച്ഛനും അമ്മയും അതൊന്നും സമ്മതിച്ചില്ലാ. ഒടുവിൽ നിന്റെ വലിയച്ഛനു എന്നെ കൊടുത്തു. ഞാനായിട്ടു് നുമ്മളെ വീട്ടിൽ നാലു കാശു സമ്പാദിച്ചു. നുമ്മൾക്കു സുഖമായി കഴിവാൻ മാത്രം സമ്പാദിച്ചു മകളേ. ലക്ഷ്മിക്കുട്ടിക്കു ഭാഗ്യമില്ലാതെ പോയി. നിന്റെ അച്ഛൻ കുറേക്കാലംകൂടി ഇരുന്നിരുന്നെങ്കിൽ നുമ്മൾ ഇന്നു വലിയ പണക്കാരായിപ്പോയിരുന്നു. എന്തു ചെയ്യും! അതിനൊന്നും ഭാഗ്യമില്ലാ. നുമ്മളെ തറവാട്ടിൽ പെങ്കുട്ടികൾ എല്ലായ്പോഴും നന്നായിട്ടേ തീരാറുള്ളു. എന്റെ മകളെപ്പോലെ ഇത്ര നന്നായിട്ടു് ഇതുവരെ ആരും തീർന്നിട്ടില്ല. നിണക്കു് ഇപ്പോൾ വന്ന ഭർത്താവിനെപ്പോലെ നന്നായിട്ടു് ഒരു സംബന്ധവും ഇതുവരെ നുമ്മളെ തറവാട്ടിൽ ഉണ്ടായിട്ടില്ലാ. അതുകൊണ്ടാണു് ഭാഗ്യം എന്നു പറഞ്ഞതു്.


ഇന്ദുലേഖാ: അല്ലാ–നമ്പൂരിപ്പാടു് എനിക്കു സംബന്ധം തുടങ്ങിക്കഴിഞ്ഞുവോ? ഞാൻ അതു് അറിഞ്ഞില്ലല്ലോ.


കുഞ്ഞിക്കുട്ടിഅമ്മ: എനി സംബന്ധം കഴിഞ്ഞപോലെ തന്നെ. ഇത്ര വലിയാൾ ഇവിടെ ഇതിന്നായിട്ടു വന്നിട്ടു് എനി സംബന്ധംകഴിയാതെ പോവുമോ? എന്താ, എന്റെ മകൾക്കു ഭ്രാന്തുണ്ടോ? ഈ നമ്പൂതിരിപ്പാടു സംബന്ധം തുടങ്ങീട്ടില്ലെങ്കിൽ പിന്നെ ആരു തുടങ്ങും?


ഇന്ദുലേഖാ: ശരി–മുത്തശ്ശി പറഞ്ഞതു് എല്ലാം ശരി . ഞാൻ കുറെ കിടന്നുറങ്ങട്ടെ.


കുഞ്ഞിക്കുട്ടിഅമ്മ: പകൽ ഒറങ്ങരുതു മകളേ ഞാൻ പച്ചക്കല്ലു താലിക്കൂട്ടവും കല്ലുവെച്ച തോടകളും എടുത്തുകൊണ്ടു വരട്ടെ. നമ്പൂരിപ്പാടു് ഇതിന്റെ മുകളിൽ എഴുന്നെള്ളുമ്പോൾ എന്റെ മകൾ അതെല്ലാം അണിഞ്ഞിട്ടുവേണം അദ്ദേഹത്തെ കാണാൻ. ഞാൻ വേഗം എടുത്തുകൊണ്ടുവരാം.


ഇന്ദുലേഖാ: വേണ്ടാ, ഞാൻ യാതൊരു സാധനവും കെട്ടുകയില്ല. നിശ്ചയം തന്നെ. എനിക്കു് അസാരം ഉറങ്ങിയേ കഴിയുള്ളു.


കുഞ്ഞിക്കുട്ടിഅമ്മ: എന്റെ മകൾക്കകെട്ടിയാലും കെട്ടിയില്ലെങ്കിലും ശരി, എന്റെ മകൾക്കു് ആഭരണവും ഒന്നും വേണ്ടാ. നമ്പൂരിപ്പാടു വരുമ്പോൾ നല്ല സന്തോഷമായിട്ടെല്ലാം പറഞ്ഞു് അദ്ദേഹത്തിനു നല്ല സ്നേഹം തോന്നിക്കണേ.


എന്നും പറഞ്ഞു് കുഞ്ഞിക്കുട്ടിഅമ്മ താഴത്തേക്കു് എറങ്ങിപ്പോയ ഉടനെ ലക്ഷ്മിക്കുട്ടിഅമ്മ മുകളിലേക്കു കയറിവന്നു. ഇന്ദുലേഖയും ലക്ഷ്മിക്കുട്ടിഅമ്മയും അന്യോന്യം മുഖത്തുനോക്കി ചിറിച്ചു.


ലക്ഷ്മിക്കുട്ടിഅമ്മ: നമ്പൂതിരിപ്പാട്ടിലെ വരവു ബഹു ഘോഷമായി. ആൾ മഹാ വിഡ്ഢിയാണെന്നു തോന്നുന്നു. ഇതിന്റെ മുകളിലേക്കു വരവുണ്ടാവും.


ഇന്ദുലേഖാ: വരട്ടെ.


ലക്ഷ്മിക്കുട്ടിഅമ്മ: ബാന്ധവിക്കണം എന്നു പറയും.


ഇന്ദുലേഖാ: ആരെ?


ലക്ഷ്മിക്കുട്ടിഅമ്മ: നിന്നെ.


ഇന്ദുലേഖാ: വന്നുകയറിയ ഉടനെയോ?


ലക്ഷ്മിക്കുട്ടിഅമ്മ: (ചിറിച്ചുംകൊണ്ടു് ) ഒരുസമയം ഉടനെ തന്നെ പറയും എന്നു തോന്നുന്നു.


ഇന്ദുലേഖാ: അങ്ങിനെ പറഞ്ഞാൽ അതിനു് ഉത്തരം എന്റെ ദാസി അമ്മു പറഞ്ഞോളും.


ലക്ഷ്മിക്കുട്ടിഅമ്മ: മാധവൻകൂടി ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നാൽ നല്ല നേരംപോക്കായിരുന്നു.


‘മാധവൻ’ എന്ന ശബ്ദമാത്രശ്രവണത്തിൽ ഇന്ദുലേഖയുടെ മുഖത്തു പ്രത്യക്ഷമായുണ്ടായ വികാരഭേദങ്ങളെ കണ്ടിട്ടു്.


ലക്ഷ്മിക്കുട്ടിഅമ്മ: ഓ–ഹോ! എന്റെ കുട്ടീ, നിന്റെ പ്രാണൻ ഇപ്പോൾ മദിരാശിയിൽ തന്നെയാണു്, സംശയമില്ലാ. നിണക്കു് ഇങ്ങനെ ഇരിക്കുന്നതിൽ മനസ്സിന്നു വളരെ സുഖക്കേടുണ്ടെന്നു തോന്നുന്നു. ദെവം ഉടനെ എല്ലാം ഗുണമായി വരുത്തും.


ഇന്ദുലേഖാ: മനസ്സിന്നു സുഖക്കേടു് അധികമായിട്ടൊന്നുമില്ല. മദിരാശിവർത്തമാനം ഒന്നും ഇല്ലല്ലോ?


ലക്ഷ്മിക്കുട്ടിഅമ്മ: ഗോവിന്ദൻകുട്ടി വിശേഷിച്ചു് ഒന്നും പറഞ്ഞില്ലാ.


ഇന്ദുലേഖാ: ചെറുശ്ശേരിനമ്പൂതിരി വന്നിട്ടുണ്ടോ?


ലക്ഷ്മിക്കുട്ടിഅമ്മ: ഉണ്ടു്, അദ്ദേഹവും ഉണ്ണാൻ പോയിരിക്കുന്നു. ഞാൻ പോണു. നമ്പൂരിപ്പാടുമായി യുദ്ധത്തിന്നു് ഒരുങ്ങിക്കോളൂ.


എന്നു പറഞ്ഞു ലക്ഷ്മിക്കുട്ടിഅമ്മ താഴത്തേക്കു പോയി.


ചെറുശ്ശേരിനമ്പൂരി വന്നിട്ടുണ്ടെന്നു കേട്ടതു് ഇന്ദുലേഖയ്ക്കു വളരെ സന്തോഷമായി. തമ്മിൽ അഞ്ചാറു ദിവസത്തെ പരിചയമേ ഉണ്ടായിട്ടുള്ളു എങ്കിലും ഇന്ദുലേഖയ്ക്കും മാധവനും ഈ നമ്പൂരി അതിസമർത്ഥനും രസികനും ആണെന്നു ബോധിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ദുലേഖയ്ക്കു് അൽപം ഒരു സുഖക്കേടും തോന്നി. അന്നു ചെറുയേരിനമ്പൂരിയെ കണ്ടപ്പോൾ മാധവൻ തന്റെ കൂടെ ഉണ്ടായിരുന്നു. താനും മാധവനും തമ്മിൽ ഉണ്ടായിവരാൻ പോവുന്ന സ്ഥിതിയെ ഇദ്ദേഹം നല്ലവണ്ണം അറിഞ്ഞിട്ടും അതിൽ ഇദ്ദേഹം സന്തോഷിച്ചിട്ടും ഉണ്ടെന്നു് ഇന്ദുലേഖയ്ക്കറിവുണ്ടു് . ഈ നമ്പൂരിപ്പാടു് ഇപ്പോൾ ഉദ്ദേശിച്ചുവന്ന കാര്യവും ഇയ്യാൾക്കു മനസ്സിലാവാതിരിപ്പാൻ പാടില്ലാ. ഇതിൽ നമ്പൂരിക്കു തന്റെമേൽ ഒരു പുച്ഛം തോന്നുമല്ലോ എന്നു വിചാരിച്ചിട്ടാണു സുഖക്കേടുണ്ടായതു്. നമ്പൂരിപ്പാടു് ഉദ്ദേശിച്ചുവന്ന കാര്യത്തിന്റെ തീർച്ചയിൽ ഈ പുച്ഛം തീരുമെന്നു താൻതന്നെ സമാധാനിച്ചു് അകായിൽ പോയി ഉറങ്ങാൻ ഭാവിച്ചു കിടന്നു. ഒരു നാലെട്ടുനിമിഷം കഴിഞ്ഞപ്പോൾ തന്റെ ദാസി അമ്മു ഒരു കടലാസ്സും കെയിൽ പിടിച്ചു കയറിവരുന്നതു കണ്ടു.


ഇന്ദുലേഖാ: എന്താ അമ്മു അതു്?


അമ്മു: ഇതു് എഴുത്താണു് —മദിരാശിയിൽനിന്നു വന്നതാണു്. കുട്ടൻമേനവൻ യജമാനൻ ഇവിടെ കൊണ്ടുവന്നു തരാൻ പറഞ്ഞു.


എന്നു പറഞ്ഞു് എഴുത്തു് ഇന്ദുലേഖയുടെ വശം കൊടുത്തു. ഇന്ദുലേഖാ കുറെ ഭ്രമത്തോടെ എഴുത്തുവാങ്ങി എഴുനീറ്റു വായിച്ചു. രണ്ടെഴുത്തുകൾ ഉണ്ടായിരുന്നു. ഒന്നു തുറന്നിരിക്കുന്നു. അതിന്റെ തർജ്ജമ താഴെ എഴുതുന്നു;


കുട്ടൻ ഇവിടെനിന്നുപോയ ദിവസം രാത്രി എട്ടുമണിക്കു് എന്നെ സിക്രട്രറ്റിൽ നിശ്ചയിച്ചതായി ഗിൽഹാം സായ്വിന്റെ ഒരു കത്തു കിട്ടി. ഞാൻ ഇന്നു് ഉദ്യോഗത്തിൽ പ്രവേശിച്ചു. കുട്ടനും മറ്റും സുഖക്കേടു് ഒന്നും ഇല്ലായിരിക്കും. ഞാൻ മറ്റെന്നാളത്തെയോ നാലാന്നാളത്തെയോ വണ്ടിക്കു് ഒരാഴ്ച കൽപന എടുത്തു് അങ്ങോട്ടു വരും. ഇതിൽ അടക്കംചെയ്ത എഴുത്തുകൾ അച്ഛനും മാധവിക്കും കൊടുപ്പാനപേക്ഷ.”


ഇതു വായിച്ച ഉടനേ ഇന്ദുലേഖയ്ക്കുണ്ടായ ഒരു സന്തോഷം ഞാൻ എങ്ങിനെ എഴുതി അറിയിക്കുന്നു—പ്രയാസം. സന്തോഷാശ്രു താനേ കണ്ണിൽ നിറഞ്ഞു. പിന്നെ തനിക്കുള്ള എഴുത്തു പൊളിച്ചു വായിച്ചു. ആ എഴുത്തു ഞാൻ പരസ്യമാക്കാൻ വിചാരിക്കുന്നില്ലാ. ഇന്ദുലേഖാ ആ എഴുത്തിനെ വായിച്ചശേഷം ചില ഗോഷ്ടി കാണിച്ചതും എഴുതണ്ടാ എന്നാണു ഞാൻ ആദ്യം വിചാരിച്ചതു്. പിന്നെ ആലോചിച്ചതിൽ ഇന്ദുലേഖയോടുള്ള ഇഷ്ടം നിമിത്തം കഥ ശരിയായി പറയാതിരിക്കുന്നതു വിഹിതമല്ലെന്നു് അഭിപ്രായപ്പെടുന്നതിനാൽ എഴുതാൻ തന്നെ നിശ്ചയിക്കുന്നു. മാധവന്റെ എഴുത്തു വായിച്ചശേഷം ആ എഴുത്തിനെ രണ്ടുനാലുപ്രാവശ്യം ഇന്ദുലേഖാ ചുംബിച്ചു. താക്കോൽ എടുത്തു് എഴുത്തുപെട്ടി തുറന്നു രണ്ടു കത്തു്കളും അതിൽ വെച്ചു പൂട്ടി പുറത്തേക്കു വന്നു. ഗോവിന്ദൻകുട്ടിമേനവൻ ചായ കുടിച്ചുവോ എന്നറിഞ്ഞുവരുവാൻ അമ്മുവെ പറഞ്ഞയച്ചു. അമ്മു ഗോവിന്ദൻകുട്ടി മേനവന്റെ അറയിൽ പോയി അന്വേഷിച്ചു. ചായ കുടിച്ചു എന്നു ഗോവിന്ദൻകുട്ടിമേനവൻ മറുവടി പറഞ്ഞു. “ഞാൻ അങ്ങട്ടുവരുന്നു എന്നു് ഇന്ദുലേഖയോടു പറ,” എന്നും പറഞ്ഞയച്ചു. ലക്ഷ്മിക്കുട്ടിഅമ്മ മാധവനു് ഉദ്യോഗമായ വിവരം ഗോവിന്ദൻകുട്ടിമേനവൻ പറഞ്ഞുകേട്ട സന്തോഷത്തോടുകൂടി മുകളിലേക്കു കയറിവന്നു് ഇന്ദുലേഖയെ കണ്ടു. മകളുടെ അപ്പോഴത്തെ ഒരു സന്തോഷം കണ്ടതിൽ തനിക്കും വളരെ സന്തോഷമായി.


ലക്ഷ്മിക്കുട്ടിഅമ്മ: ജയിച്ചു—ഇല്ലേ?


ഇന്ദുലേഖാ: ഈശ്വരാധീനം — ഇത്രവേഗം ഉദ്യോഗമായതു്.


ലക്ഷ്മിക്കുട്ടിഅമ്മ: അപ്പോൾ ശപഥമോ ?


ഇന്ദുലേഖാ: അതു് ഇരിക്കട്ടേ. ഞാൻ എനി ഉടനേ മദിരാശിക്കു പോവും അമ്മേ—അമ്മയ്ക്ക് വിരോധമില്ലല്ലൊ?


ലക്ഷ്മിക്കുട്ടിഅമ്മ: എന്റെ മകൾ മാധവനോടുകൂടെ ഏതു ദിക്കിൽ പോയാലും എനിക്കു വിരോധമില്ല. സാധുക്കളെ, നിങ്ങൾ രണ്ടുപേരും എത്ര ദിവസമായി കുഴങ്ങുന്നു! എങ്കിലും അച്ഛനു് മുഷിച്ചിലിന്നു് എടയാവുമല്ലോ എന്നു് ഒരു ഭയം.


ഇന്ദുലേഖാ: അതിൽ അമ്മയ്ക്കു വിഷാദം വേണ്ടാ. വലിയച്ഛൻ മഹാശുദ്ധനാണു്. എന്നെ ബഹുവാത്സല്യമാണു്. ഞാൻ കാൽക്കവീണു കരഞ്ഞാൽ എനിക്കുവേണ്ടി അദ്ദേഹം ഞാൻ ചെയ്യുന്ന ന്യായമായ അപേക്ഷയെ സ്വീകരിക്കാതെ ഇരിക്കുകയില്ല —എനിക്കു് അതു നല്ല ഉറപ്പുണ്ടു്.


ഇങ്ങനെ ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മാധവന്റെ അമ്മ (പാർവ്വതിഅമ്മ ) മുകളിലേക്കു കയറിവന്നു.


പാർവ്വതിഅമ്മ: എന്താ മകളെ, മാധവനു് ഉദ്യോഗമായോ?


ഇന്ദുലേഖാ: ആയി എന്നു് എഴുത്തുവന്നിരിക്കുന്നു. നിങ്ങളുടെ ഭാഗ്യം—ഇത്ര വേഗം ഇത്ര നല്ലൊരുദ്യോഗമായല്ലൊ.


പാർവ്വതിഅമ്മ: മാധവൻ എനിയും മദിരാശിയിൽതന്നെ പാർക്കണ്ടേ? അതു മാത്രം എനിക്കു സങ്കടം.


ഇന്ദുലേഖാ: അധികം പാർക്കേണ്ടിവരികയില്ല. ഉടനെ അദ്ദേഹത്തിനു വലിയ ഉദ്യോഗമായി ഈ നാട്ടിലെങ്ങാനും വരാൻ എടയുണ്ടു്.


പാർവ്വതിഅമ്മ: എന്നാൽ മതിയായിരുന്നു. ഈശ്വരാ ! എത്ര കാലമായി ഞാൻ എന്റെ കുട്ടിയെ പിരിഞ്ഞു പാർക്കുന്നു!


ഇന്ദുലേഖാ: നിങ്ങൾക്കു് ഇനി മദിരാശിയിൽ പോയി താമസിക്കാമല്ലൊ.


പാർവ്വതിഅമ്മ: ഞാൻ തന്നെയോ ?


ഇന്ദുലേഖാ: ഞാനും വരാം.


പാർവ്വതിഅമ്മ: ഈശ്വരാ! അങ്ങനെയായാൽ നന്നായിരുന്നു. അപ്പോഴെയു് വെറുതേ വല്യമ്മാമനുമായി ശണ്ഠ ഉണ്ടാക്കിവച്ചുവല്ലൊ.


ഇന്ദുലേഖാ: ആട്ടെ, നിങ്ങൾ എന്റെകൂടെ വരുന്നുണ്ടോ?


പാർവ്വതിഅമ്മ: ഈശ്വരാ!–അങ്ങിനെ ദെവം സംഗതി വരുത്തട്ടെ. എന്നാൽ എന്റെ മകനു് പിന്നെ ഒരു ഭാഗ്യവും വേണ്ട. അതിനപ്പോൾ ഈ വിഷമമുണ്ടല്ലോ. ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗോവിന്ദൻകുട്ടിമേനവൻ കയറിവരുന്നതു കണ്ടു്, ലക്ഷ്മിക്കുട്ടിഅമ്മയും പാർവ്വതിഅമ്മയും താഴത്തിറങ്ങിപ്പോയി. ഇന്ദുലേഖയുടെ മുഖത്തു പ്രത്യക്ഷമായിക്കണ്ട സന്തോഷത്തിൽ ഗോവിന്ദൻകുട്ടിമേനവനും വളരെ സന്തോഷമുണ്ടായിൽ. അന്യോന്യം കുറെനേരം ഒന്നും മിണ്ടാതെ നിന്നു—പിന്നെ:


ഗോവിന്ദൻകുട്ടിമേനവൻ: ഇന്ദുലേഖാ മദിരാശിയിലേക്കു പോവാൻ എല്ലാം ഒരുങ്ങിക്കോളു. മാധവൻ നാളെയോ മറ്റന്നാളോ പുറപ്പെടും എന്നു് എഴുതിക്കണ്ടില്ലേ?


ഇന്ദുലേഖാ: ഒന്നും പറയാതെ മുഖം താഴ്ത്തിക്കൊണ്ടും മുഖത്തു് ഇടയ്ക്കിടെ ചുവപ്പും വെളുപ്പുമായി വർണ്ണം മാറിക്കൊണ്ടും സന്തോഷത്തിൽ മുങ്ങിയും പൊങ്ങിയും നിന്നു. എന്നാൽ ഗോവിന്ദൻകുട്ടിമേനവനും വളരെ സന്തോഷം ഉണ്ടായി. എങ്കിലും അച്ഛന്റെ ശപഥത്തെ ഓർത്തു് അൽപം ഒരു കുണ്ഠിതവും ഉണ്ടായിരുന്നു. മാധവൻ പെണ്ണിനേയുംകൊണ്ടു പോകുമെന്നുള്ളതിനു ഗോവിന്ദൻകുട്ടിമേനവനു ലേശവും സംശയമില്ല. അതുകൊണ്ടു് ഇന്ദുലേഖയെ സംബന്ധിച്ചിടത്തോളം ഗോവിന്ദൻകുട്ടിമേനവനു് ഒരു വ്യസനവുമുണ്ടായില്ല. എന്നാൽ വൃദ്ധനായ തന്റെ അച്ഛനെ സമ്മതിപ്പിച്ചിട്ടു കാര്യം നടത്താഞ്ഞാൽ എന്തൊക്കെവെഷമ്യങ്ങൾ വരാം എന്നാലോചിച്ചിട്ടാണു് അൽപം കുണ്ഠിതം ഉണ്ടായതു്. എന്നാൽ ഈവക വ്യസനഭാവം അശേഷമെങ്കിലും മേനവന്റെ മുഖത്തോ വാക്കിലോ പുറപ്പെട്ടിട്ടില്ല.


ഗോവിന്ദൻകുട്ടിമേനോൻ: നമ്പൂതിരിപ്പാടു വന്നിട്ടുണ്ടല്ലോ—കേട്ടില്ലേ ?


ഇന്ദുലേഖാ: കേട്ടു.


ഗോവിന്ദൻകുട്ടിമേനോൻ: അച്ഛൻ ഈ കാര്യത്തെക്കുറിച്ചു വളരെ ഉചിതമായിട്ടു് ഇന്നു് ഒരു വാക്ക് പറഞ്ഞു—എനിക്കതു വളരെ സന്തോഷമായി.


ഇന്ദുലേഖാ: എന്താണു പറഞ്ഞതു് ?


ഗോവിന്ദൻകുട്ടിമേനോൻ: ഈ നമ്പൂതിരിപ്പാട്ടിലെ സംബന്ധം ഇന്ദുലേഖയ്ക്കു മനസ്സുണ്ടെങ്കിൽ അല്ലാതെ നടത്തിപ്പാൻ താൻ ശ്രമിക്കയില്ലെന്നാണു്. ഇതു തീർച്ചയായി എന്നോടും കേശവൻനമ്പൂതിരിയോടും പറഞ്ഞു. അതുകൊണ്ടു് ഇന്ദുലേഖാ ഇനി ഒട്ടും വ്യസനിക്കേണ്ട.


ഇന്ദുലേഖാ: അങ്ങിനെയാണു വലിയച്ഛന്റെ മനസ്സെങ്കിൽ ഇദ്ദേഹത്തെ കെട്ടിവലിപ്പിച്ചതു് എന്തിനു്?


ഗോവിന്ദൻകുട്ടിമേനോൻ: അതു് ഇന്ദുലേഖയ്ക്ക് അദ്ദേഹത്തെ കണ്ടശേഷം മനസ്സുണ്ടാവുമോ എന്നു പരീക്ഷിപ്പാനാണത്രെ.


എന്നും പറഞ്ഞു ഗോവിന്ദൻകുട്ടിമേനോൻ തന്റെ മുറിയിലേക്കു പോയി. കോണി ഇറങ്ങുമ്പോൾ “മദിരാശിക്കു് എഴുത്തുണ്ടെങ്കിൽ പൂട്ടി താഴത്തേക്കയയ്ക്കൂ. എന്റെ എഴുത്തിൽ വച്ചു് അയയ്ക്കാം,” എന്നും പറഞ്ഞു. എനിക്കു് ഇന്ദുലേഖയെ പരിഹസിക്കുന്നതു പ്രാണവേദനയാണു്. എന്നാലും കഥ ഞാനൊട്ടും മറച്ചുവയ്ക്കുന്നില്ല. ഇത്ര ബുദ്ധിയുള്ള ഇന്ദുലേഖാ എന്തിന്നു വിഡ്ഢിത്തം കാണിച്ചു? ഞാൻ പറയാതിരിക്കയില്ല. ഗോവിന്ദൻകുട്ടിമേനവൻ താഴത്തു് ഇറങ്ങിയ ഉടനെ ഇന്ദുലേഖാ എഴുത്തുപെട്ടി തുറന്നു് കത്തെടുത്തു വായിച്ചു് ക്രമപ്രകാരമുള്ള ഗോഷ്ഠി കാണിച്ചു് കത്തു പെട്ടിയിൽ വച്ചു പൂട്ടി, അതിസന്തോഷത്തോടുകൂടി കിടക്കാനും ഇരിക്കാനും നിൽപാനും ശക്തിയില്ലാതെ പ്രമോദസരിത്തിൽകൂടി ഒഴുകിക്കൊണ്ടുവശായി.


ഗോവിന്ദൻകുട്ടിമേനവൻ മദിരാശിക്കു് എഴുത്തു തയ്യാറാക്കി മേശമേൽ വെച്ചു മാധവന്റെ അച്ഛനെ കാൺമാനായി അദ്ദേഹത്തിന്റെ ഭവനത്തിലേക്കു ചെന്നു. ചെല്ലുമ്പോൾ അദ്ദേഹം പൂമുഖത്തു് ഇരിക്കുന്നു. ഗോവിന്ദൻകുട്ടിമേനവനെ കണ്ടപ്പോൽ ഒന്നു ചിറിച്ചു.


ഗോവിന്ദൻകുട്ടിമേനവൻ: ജ്യേഷ്ഠൻ, നമ്പൂതിരിപ്പാട്ടിലെ വരവു കണ്ടില്ലേ? ഗോവിന്ദൻകുട്ടിമേനവൻ സാധാരണയായി ഗോവിന്ദപ്പണിക്കരെ ജ്യേഷ്ഠൻ എന്നാണു വിളിച്ചുവരാറു്.


ഗോവിന്ദപ്പണിക്കർ: ഞാൻ കണ്ടില്ല. ഹമാലന്മാരുടെ മൂളലിന്റെ ഘോഷം കേട്ടു. ഞാൻ പൊൽപായികളത്തിലേക്കു പുറപ്പെട്ടിരിക്കുകയാണു്. തൽക്കാലം ഇവിടെ നിന്നാൽ തരക്കേടുണ്ടു്. നിന്റെ അച്ഛൻ ഒരുസമയം എനിക്കു് ആളെ അയയ്ക്കും. പിന്നെ നമ്പൂതിരിപ്പാട്ടിലെ സംബന്ധക്കാര്യംകൊണ്ടു് ആലോചിപ്പാനും മറ്റും പറയും. എനിക്കു് ഈ ആവലാതികൾ ഒന്നും കഴികയില്ല—ഞാൻ ഇന്നും നാളെയും കളത്തിൽ താമസിച്ചു മറ്റന്നാളേ മടങ്ങിവരുകയൊള്ളു.


ഗോവിന്ദൻകുട്ടിമേനവൻ: ഞാനും വരാം. എനിക്കും നമ്പൂതിരിപ്പാട്ടിലെ പ്രാകൃതങ്ങൾ കാണാൻ വയ്യാ—ഞാനും വരാം.


ഗോവിന്ദപ്പണിക്കർ: പോന്നോളു. വിവരം അച്ഛനെ അറിയക്കണെ. അല്ലെങ്കിൽ പിന്നെ അതിനു് എന്റെനേരെ കോപിക്കും.


ഉടനെ ഗോവിന്ദൻകുട്ടിമേനവൻ വീട്ടിലേക്കു് ആളെ അയച്ചു് തന്റെ ഉടുപ്പുകളും മറ്റും വരുത്തി ഗോവിന്ദപ്പണിക്കരോടു കൂടി പൊൽപായികളത്തിലേക്കു പുറപ്പെട്ടു. തന്നെക്കുറിച്ചു ചോദിച്ചാൽ വിവരം അച്ഛനെ അറിയിപ്പാൻ ആളെ പറഞ്ഞേൽപിച്ചു. ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനവനും പൊല്പായികളത്തിലേക്കു പോകയുംചെയ്തു.