ഇന്ദുലേഖ/മാധവന്റെ രാജ്യസഞ്ചാരം

ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പതിനാറു്: മാധവന്റെ രാജ്യസഞ്ചാരം

പതിനാറു്

തിരുത്തുക

മാധവന്റെ രാജ്യസഞ്ചാരം

തിരുത്തുക

മാധവൻ മദിരാശിയിൽനിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാങ്ങിയതു് എന്നു പറഞ്ഞിട്ടുണ്ടല്ലോ. തന്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പു് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ്മാതിരി ഉടുപ്പുകൾ), വേറെ ഒരു പെട്ടിയിൽ തന്റെ വിശേഷമായ തോക്കുകൾ, തിരകൾ, ഒരു ചെറിയ എഴുത്തുപെട്ടിയിൽ തന്റെ വക പണം, ഒരു എട്ടുപത്തു പുസ്തകങ്ങൾ — ഇത്രമാത്രമേ ഒന്നിച്ചെടുത്തിട്ടുള്ളു. വഴിയാത്രയിൽ മുഴുവൻ നല്ല യൂറോപ്യൻ ഡ്രസ്സും ബൂട്സും ആണു നിശ്ചയിച്ചു് ഇട്ടുവന്നതു്. ആറു കുഴലുകൾ ഉള്ള ഒരു റിവോൾവർ കാൽക്കുപ്പായത്തിന്റെ വലിയ പോക്കറ്റിൽ ഇട്ടിട്ടു പലപ്പോഴും നടക്കാറുള്ള സമ്പ്രദായം വഴിയാത്ര ആരംഭിച്ചമുതൽ മാധവൻ എല്ലായ്പ്പൊഴും ചെയ്തുവന്നു. “യൂറോപ്പിലേക്കു തൽക്കാലം പോവേണ്ട” എന്നുള്ള സായ്വിന്റെ ഉപദേശവും കയ്യിൽ ധാരാളം പണമില്ലായ്മയും നിമിത്തം മാധവൻ അരയാൽച്ചുവട്ടിൽവെച്ചു സഞ്ചരിപ്പാൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളെ എല്ലാം മനസ്സുകൊണ്ടു വിട്ടു്,വടക്കെ ഇൻഡ്യയിലും ബർമ്മായിലും സഞ്ചരിക്കാമെന്നുറച്ചു. ബൊമ്പായിൽ എത്തിയ ഉടനെ അച്ഛൻ കൊടുത്ത ചുകപ്പുകടുക്കൻ രണ്ടും വിറ്റു. അപ്പോൾ വിൽകേണമെന്നില്ലായിരുന്നു. കൈയിൽ ഏകദേശം ഇരുനൂറ്റിഅമ്പതു് ഉറുപ്പിക നാണ്യമായും നോട്ടായും ഉണ്ടായിരുന്നു. എങ്കിലും തന്റെ കാതിൽ കിടക്കുന്ന ആ കടുക്കൻ രണ്ടും അപ്പോൾ തനിക്കു വളരെ ഭാരമായിട്ടും ഉപദ്രവകരമായും തോന്നി അഴിച്ചു വിറ്റു. ഒരു പെരുംകള്ളൻ കച്ചവടക്കാരൻ നൂറ്റമ്പതു് ഉറുപ്പികയ്ക്കു് സാധു മാധവനോടു കടുക്കൻ തട്ടിപ്പറിച്ചു. മാധവൻ ഒരു ഹോട്ടലിൽഭക്ഷണം കഴിച്ചു് ഉച്ചതിരിഞ്ഞു് മൂന്നരമണിക്കു കപ്പൽ കയറുന്ന ബന്തറിൽപോയി കടലിലേക്കു നോക്കിക്കൊണ്ടു നിന്നു. മാധവനു മനസ്സിന്നു വളരെ സുഖം തോന്നി. നമ്മുടെ മലയാളത്തിൽ കോഴിക്കോടു മുതലായ ദിക്കിലെ കടപ്പുറങ്ങൾ മാത്രം കണ്ടവർക്കു ബൊമ്പായി ബന്തറിന്റെ സ്വഭാവം എങ്ങിനെ എന്നു മനസ്സിൽ യാതൊരു അനുമാനവും ചെയ്വാൻ കഴികയില്ലാ. ഇൻഡ്യയിൽ നിന്നു ബിലാത്തിയിലേക്കും ബിലാത്തിയിൽനിന്നു് ഇൻഡ്യയിലേക്കും നടക്കുന്ന സകല വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും ഒന്നാമതു് എത്തുന്നത് ബൊമ്പായിൽ ആണു്. എല്ലാ സമയവും ഈ ബന്തറിൽ അതിഗംഭീരങ്ങളായ കപ്പലുകൾ നിറഞ്ഞുനിന്നുകൊണ്ടേ ഇരിക്കും. ബിലാത്തിയിൽനിന്നു വരുന്ന മഹാന്മാരായ സകല ജനങ്ങളും ഇവിടെയാണു് ഒന്നാമതു് ഇറങ്ങുന്നതു്. അങ്ങിനെതന്നെ ഇൻഡ്യയിൽനിന്നു ബിലാത്തിക്കു പോകുന്നവരും ഇവിടെനിന്നാണു് സാധാരണയായി കപ്പൽ കയറുന്നതു്. പിന്നെ പ്രായേണ സകലവിധ വിശേഷചരക്കുകളും ഇൻഡ്യയിലേക്കു ബിലാത്തിയിൽനിന്നു വരുന്നതു് ഒന്നാമതു് ഇറക്കുന്നതും ഈ മഹത്തായ ബന്തറിലാണു് . അങ്ങിനെയുള്ള ഒരു സ്ഥലത്തിന്റെ മഹിമയെക്കുറിച്ചു ഞാൻ വല്ലതും വർണ്ണിക്കേണ്ടതുണ്ടോ?


വൈകുന്നേരം നാലുമണിമുതൽ ഏഴുമണിവരെ ഈ ബന്തറിൽ നടന്നുനോക്കിയാൽ കാണാവുന്ന കാഴ്ച വേറെ ഭൂമിയിൽ ഒരേടത്തും കാണാൻ പാടില്ലെന്നു പറവാൻ പാടില്ലെങ്കിലും ഇൻഡ്യയിൽ വേറെ ഒരു സ്ഥലത്തും ഇല്ലെന്നു തീർച്ചയായും ഞാൻ പറയുന്നു.


പാൽനുരപോലെ അതിധവളങ്ങളായും, നീരുണ്ട മേഘംപോലെ ശ്യാമളങ്ങളായും കുങ്കുമവർണ്ണങ്ങളായും, അരുണവർണ്ണങ്ങളായും, മിശ്രവർണ്ണങ്ങളായും ഉള്ള പലമാതിരി അത്യുന്നതങ്ങളായ ആറും നാലും രണ്ടും കുതിരകളാൽ വലിക്കപ്പെടുന്നതും, മഞ്ഞവെയിലിൽ അതിമനോഹരമായി മിന്നിത്തിളങ്ങിക്കൊണ്ടു കണ്ണുകളെ മയക്കുന്നതും ആയ ഗാഡികൾ അസംഖ്യം അന്യോന്യം തിക്കുതിരക്കു് ഇല്ലാതെ ഓടുന്നതുകളുടെയും, ചിത്രത്തിൽ നിൽക്കുന്നതുപോലെ ബഹുസജ്ജമായിട്ടു സമുദ്രതീരത്തിൽ ചിലേടങ്ങളിൽ നീർത്തിട്ടുള്ളതുകളുടെയും കാഴ്ച പിന്നെ ആ ഗാഡികളിൽത്തന്നെ ഇരുന്നു കടൽക്കാറ്റു കൊള്ളുന്നവരുടേയും പുറത്തു് എറങ്ങി നടന്നിട്ടും കടൽവക്കത്തു കെട്ടി ഉണ്ടക്കീട്ടുള്ള അതിമനോഹരങ്ങളായ ഇരിപ്പെടങ്ങളിൽ ഇരുന്നിട്ടും കാണാവുന്ന മഹാന്മാരായ പുരുഷന്മാരുടെയും ചന്ദ്രമുഖികളായ സ്ത്രീകളുടെയും വികസിച്ചുനിൽക്കുന്ന ചെന്താമരകളെപ്പോലെ ശോഭിച്ചുകാണുന്ന മുഖങ്ങളോടുകൂടിയ ചെറിയ കിടാങ്ങളുടെയും സംഘം സമുദ്രത്തിൽനിന്നു വരുന്ന മന്ദസമീരണനെ ഏറ്റു രസിച്ചു സല്ലപിച്ചിരിക്കുന്നതിനെ കാണുന്ന ആനന്ദകരമായ ഒരു കാഴ്ച. നിരന്നു് ഞാനോ നിയ്യോ വലിയതു് എന്നുള്ള ശണ്ഠയോടുകൂടി എന്നു തോന്നും, വരിവരിയായി നിൽക്കുന്ന ഇംഗ്ലീഷ്സ്റ്റീമർ, ഫ്രഞ്ചുസ്റ്റീമർ, ജർമ്മൻസ്റ്റീമർ, മറ്റോരോ വലിയ യൂറോപ്യൻ രാജ്യത്തിലുള്ള കപ്പലുകൾ ഇവകളുടെ കാഴ്ച. അങ്ങിനെ ഇരിക്കുമ്പോൾ അതിൽ ചില കപ്പലുകൾ യാത്രയ്ക്കു പുറപ്പെട്ടു്, ധൂമം വലിയ കുഴലുകളിൽക്കൂടി തള്ളിത്തള്ളി ആകാശത്തിലേക്കു വിടുന്നതു നോക്കിനോക്കിയിരിക്കെ ആ കപ്പലുകളേയും ധൂമത്തേയും ക്രമേണ ക്രമേണ കാണാതെ ആയിവരുന്ന ഒരു കാഴ്ച. അങ്ങിനെതന്നെ ബന്തറുകളിലേക്കു വരുന്ന കപ്പലുകൾ ക്രമേണ ക്രമേണ അതുകളുടെ വലുപ്പത്തെ കാണിച്ചുംകൊണ്ടു കരയോടു് അടുക്കുന്നതു കാണുന്ന കാഴ്ച. വയ്യുമ്പാടുള്ള മഞ്ഞവെയിൽ തട്ടി ഉളിയുന്നതായ അതിഭംഗിയുള്ള ചെറിയ പിച്ചളക്കഴുത്തുകൾ വെച്ച കുഴലുകളിൽക്കൂടി പുക വിട്ടുവിട്ടു മനോഹരമാകുംവണ്ണം കപ്പലുകളുടെ സമീപത്തിൽനിന്നു പീയറിലേക്കും പീയറിൽനിന്നു കപ്പലുകളുടെ സമീപത്തേക്കും അതിമേദുരങ്ങളായി നിൽക്കുന്ന ആ കപ്പലുകളുടെ ചെറുകിടാങ്ങൾ പാഞ്ഞുകളിക്കുന്നതോ എന്നു മനസ്സിൽ തോന്നിക്കുംവിധം അങ്ങട്ടും ഇങ്ങട്ടും ഓടുന്ന ചെറിയ തീബോട്ടുകളുടെ അതികൗതുകമായ വ്യാപാരങ്ങളെ കാണുന്ന ഒരു കാഴ്ച.


ഒരേടത്തു സമുദ്രസഞ്ചാരത്തിനു പുറപ്പെട്ടുവന്ന അതിമഹാന്മാരായ ജനങ്ങളും പരിവാരങ്ങളും കപ്പലിൽ കയറുവാൻ പുറപ്പെടുന്നതും അനുയാത്രയ്ക്കു വന്നവർ ആശീർവ്വചനങ്ങളോടുകൂടി യാത്രപറഞ്ഞു വ്യസനിച്ചുംകൊണ്ടു പിരിഞ്ഞുപോവുന്നതും കാണാം. മറ്റൊരേടത്തു് അധികം കാലമായി ബിലാത്തിയിൽ സംഗതിവശാൽ പോയി താമസിക്കേണ്ടിവന്നവളും തന്റെ പ്രാണപ്രിയയും ആയ ഭാര്യ കപ്പലിൽനിന്നു് എറങ്ങുമ്പോൾ അത്യന്തം ആഗ്രഹത്തോടെ എതിരേൽക്കാൻ ചെന്നു നിൽക്കുന്ന ഭർത്താവു് ഭാര്യയെ ബോട്ടിൽനിന്നു് എറക്കി ഗാഢാലിംഗനംചെയ്തു വിമാനസദൃശമായ ഗാഡിയിൽ കയറ്റി അതിസന്തോഷത്തോടുകൂടി ഓടിച്ചുംകൊണ്ടു പോവുന്നതും കാണാം. മറ്റൊരേടത്തു് അപ്പോൾ കപ്പലിൽനിന്നു് എറങ്ങിയവരും നാലും അഞ്ചും കൊല്ലങ്ങൾ അച്ഛനമ്മമാരെ ഒരു നോക്കു കണ്ടിട്ടില്ലാത്തവരും ആയ കിടാങ്ങളെ അച്ഛനമ്മമാർ വന്നു് എടുത്തു് അത്യന്തഹർഷത്തോടുകൂടി ചുംബിച്ചു സന്തോഷാശ്രുക്കളോടും ഗൽഗദാക്ഷരങ്ങളായ വാക്കുകളോടും കൂടി അന്യോന്യം പ്രേമപരവശന്മാരായി നിൽക്കുന്നതും കാണാം. ഇതിനെല്ലാം പുറമെ ജനങ്ങളുടെ വിനോദത്തിനുവേണ്ടി അവിടെവച്ചു പ്രയോഗിക്കുന്ന ബാൻഡുവാദ്യത്തിന്റെ സുഖമായ സംഗീതകോലാഹലം. പിന്നെ ഈ സകല കാഴ്ചകൾക്കും വിനോദങ്ങൾക്കും ജീവനും അതിശോഭയും കൊടുക്കുന്നതും വാചാമഗോചരമായി നിസ്തുല്യമായിരിക്കുന്നതും ആയ സൂര്യാസ്തമനശോഭാ. ഇതുകളെ എല്ലാം കണ്ടുകണ്ടു മാധവൻ ആനന്ദിച്ചു നിന്നുപോയി. പഴഞ്ചൊല്ലായി പറയുംപ്രകാരം ചുങ്കം വീട്ടിയ മനുഷ്യൻ എന്നവനെപ്പോലെ തനിക്കു് അപ്പോൾ എന്തും യഥേഷ്ടം പ്രവർത്തിക്കാമെന്നുള്ള ഒരു സ്വാതന്ത്ര്യം ഉണ്ടായതുകൊണ്ടും മാധവനു മനസ്സിൽ വളരെ സുഖംതോന്നി. മുമ്പിൽക്കണ്ട ഏതെങ്കിലും ഒരു കപ്പലിൽ ഒന്നു കയറി അൽപം സമുദ്രയാത്ര ചെയ്യേണമെന്നു് മാധവനു് ഒരു മോഹം തോന്നി. അന്നു് അസ്തമിച്ചു് ഒൻപതു മണിക്കു കൽക്കത്താവിലേക്കു പുറപ്പെടുന്ന സ്റ്റീമർ ‘മെറീനാ’ എന്ന കപ്പലിലേക്കു ടിക്കറ്റു വാങ്ങി രാത്രി എട്ടുമണിക്കു കപ്പൽകയറുകയും ചെയ്തു.


ആപൽക്കാലത്തു് ഒന്നും സുഖമായിവരാൻ പാടില്ലല്ലോ. താൻ കയറിയ കപ്പൽ എന്നേക്കു കൽക്കത്താവിൽ എത്തേണ്ടതാണെന്നുള്ള അനേ്വഷണം മാധവൻ ചെയ്തിട്ടില്ലായിരുന്നു. ഈ കപ്പൽ കൽക്കത്താവിലേക്കു് എത്തുന്നതിന്നു മുമ്പു പലേ ബന്തറുകളിലും താമസിക്കാൻ ഏർപ്പെട്ടതായിരുന്നു. രണ്ടു ദിവസം കൊണ്ടു മാധവനു സമുദ്രയാത്രയിലെ മോഹം തീർന്നു. എന്നല്ലാ ശരീരത്തിന്നു കുറേശ്ശ സുഖക്കേടും തുടങ്ങി. മലബാറിന്നു നേരെ കപ്പൽ എത്തിയപ്പോൾ പുറപ്പെട്ടിട്ടു ഒമ്പതു ദിവസമായിരിക്കുന്നു. മലബാർ രാജ്യം കപ്പലിൽനിന്നു കുഴൽവെച്ചു നോക്കിക്കണ്ടപ്പോൾ ക്ഷണേന മാധവനു വന്ന വ്യസനത്തെക്കുറിച്ചു് എങ്ങിനെ പറയും? തന്റെ അമ്മയേയും അച്ഛനേയും ഓർത്തു കണ്ണിൽ വെള്ളം വന്നു. ഇതിനു് അൽപം വിശേഷവിധി കാരണവും അപ്പോൾ ഉണ്ടായിരുന്നു. തനിക്കു് അപ്പോൾ കുറേശ്ശ പനിയും തുടയിന്മേൽ ഒരു വലിയ കുരുവും ഉണ്ടായിരുന്നു. എണീപ്പാനും നടപ്പാനും പ്രയാസം. കപ്പലിലെ ആഹാരം ഒന്നും തനിക്കു പിടിക്കുന്നില്ല. തനിക്കു് ഇഷ്ടപ്പെട്ടിട്ടുള്ള ഒരു മുഖവും എങ്ങും കാൺമാനില്ലതന്നെ. അതിപുച്ഛത്തോടെ നോക്കുന്ന ചില യൂറോപ്യന്മാരും ചില താടിക്കാരായ തുലുക്കരും മറ്റും അല്ലാതെ കപ്പലിൽ വേറെ ഒരാളുമില്ല. തനിക്കു് ഒരു ഭൃത്യൻ കൂടി ഇല്ല. ഇങ്ങിനെയെല്ലാമിരിക്കുമ്പോഴാണു മലയാളത്തിന്നു നേരെ തൂക്കിൽ കപ്പൽ എത്തിയതു്. കപ്പലിൽനിന്നു കുഴൽവെച്ചു നോക്കിയപ്പോൾ രാജ്യം നല്ലവണ്ണംകണ്ടു . തന്റെ പ്രിയപ്പെട്ട അച്ഛനേയും അമ്മയേയും ഓർത്തു കണ്ണിൽ വെള്ളംവന്നു. ‘കഷ്ടം! ദെവമേ! എന്നെ ഈ സ്ഥിതിയിൽ ആക്കിയല്ലോ?’ എന്നു് ഓർത്തുംകൊണ്ടും കുറെ കരഞ്ഞു. ഉടനെ ഇന്ദുലേഖയുടെ ഓർമ്മ വന്നു. കുഴൽ അവിടെയിട്ടു. താൻ മരിച്ച ശവം കടലിൽ ഇട്ടുപോയാലും മലയാളത്തിൽ അത്രവേഗം താൻ ചവിട്ടുകയില്ലെന്നു ധീരതയോടെ നിശ്ചയിച്ചു തന്റെ വിരിപ്പിൽതന്നെ കിടന്നു. കപ്പൽ അതിസാവധാനത്തിൽതന്നെയാണു പിന്നെയും യാത്ര. ചുരുക്കിപ്പറയാം. കൽക്കത്താവിൽ കപ്പൽ എത്തുമ്പോൾ ബൊമ്പായി വിട്ടിട്ടു് ഇരുപത്തുമൂന്നു ദിവസമായിരിക്കുന്നു. എന്നാൽ കപ്പലിൽനിന്നു് ഇറങ്ങുമ്പോൾ മാധവനു ശരീരത്തിനു നല്ല സുഖമായിരിക്കുന്നു. അധികം ദിവസം പരിചയിച്ചതിനാൽ സമുദ്രത്തിലെ കാറ്റും കപ്പലിലെ ആഹാരവും മാധവനു പിടിച്ചതിനാലായിരിക്കാം ഈ സുഖം ഉണ്ടായതു്. എങ്കിലും കരയിൽ എറങ്ങിയ ഉടനെ, “ആവു! ഈശ്വരാധീനം, കരയ്ക്കിറങ്ങിയല്ലോ,’ എന്നാണു മാധവനു് ഒന്നാമതു തോന്നിയതു്. കൽക്കത്താപട്ടണം കണ്ടു മാധവൻ വിസ്മയിച്ചു. വിസ്മയിച്ച പ്രകാരം പറയാൻ ഞാൻ ഭാവിക്കുന്നില്ലാ. രണ്ടു ദിവസം കൽക്കത്തയിൽ താമസിച്ചതിന്റെ ശേഷം ഒരു ദിവസം അവിടുത്തെ പാർക്കു് (മൃഗങ്ങളെ കാഴ്ചയ്ക്കായി വെച്ചിട്ടുള്ള സ്ഥലം) കാൺമാൻ പോയി. ഓരോ വിശേഷങ്ങൾ കണ്ടു നടന്നുകൊണ്ടിരിക്കുമ്പോൾ വലിയ വിശേഷമായ ഉടുപ്പുകൾ ഇട്ടിട്ടുള്ള മൂന്നുനാലു് ആളുകൾ തനിക്കു് അഭിമുഖമായി വരുന്നതു കണ്ടു. അവർ മാധവന്റെ സമീപം എത്തി. മാധവൻ അപ്പോൾ നിന്നിരുന്നതു പാർക്കിൽ ‘ചീട്ടാ ’ എന്നു് ഇംഗ്ലീഷിൽ പറയുന്ന ഒരുതരം ചെറുവക നരിയെ ഇട്ടിട്ടുള്ള ഒരു ഇരുമ്പഴിക്കൂട്ടിന്റെ സമീപമായിരുന്നു. അവിടെത്തന്നെയാണു് ഈ യോഗ്യരായ നാലുപേരും വന്നു നിന്നതു്. ഈ ചെറുനരിക്കു് എര കൊടുക്കുന്ന സമയമായതിനാൽ അതു കാൺമാൻ ഇവർ എല്ലാവരുംകൂടി കൂട്ടിന്നു് അടുത്തുപോയി നിന്നു. അങ്ങിനെ ഇരിക്കുമ്പോൾ എര തിന്നാൻ കൊടുക്കുന്ന കൂടുസൂക്ഷകൻ കൂട്ടിന്റെ ഒന്നാമത്തെ വാതിൽ ഊരി അതിൽ കുറെ മാംസം ഇട്ടു. പിന്നെ ആ വാതിൽ അടയ്ക്കാൻ അന്ധാളിച്ചു കൂട്ടിന്റെ മദ്ധ്യത്തിലുള്ള വാതിൽ തുറന്നു. ക്ഷണത്തിൽ ഒരു ചാട്ടത്തിന്നു് ഈ ചെറുനരി കൂട്ടിന്റെ പുറത്തായി. ഈ വന്ന നാലുപേരും ഭയപ്പെട്ടു നിലവിളിച്ചു് ഓടി. ആ ക്ഷണം മാധവൻ തന്റെ പോക്കറ്റിൽ നിന്നു റിവോൾവർ എടുത്തു് ഒരു വെടിവെച്ചു. ചെറുനരി ഒന്നു ചാടി. രണ്ടാമതു് ഒരു വെടിവെച്ചു; മൃഗം ചത്തുവീണു. ഉടനെ അവിടെനിന്നു് ഓടിപ്പോയ ശൂരന്മാരെല്ലാം തിരിയെത്തന്നെ വന്നു. നാലുപേർ ഒന്നായി വന്നവരിൽ ഒരാൾ മാധവന്റെക്കകെപിടിച്ചു്, ഇംഗ്ലീഷിൽ, “മിടുക്കൻ–മിടുക്കൻ,”എന്നു പറഞ്ഞു—പിനെ ഇങ്ങിനെ ചോദിച്ചു:


“താങ്കൾ മലബാറിൽനിന്നു വരുന്നാളാണെന്നു ഞാൻ വിചാരിക്കുന്നു.” (ഈ ചോദ്യത്തിന്നു സംഗതി ഉണ്ടായി. ചെറുനരിയുമായുണ്ടായ പിണക്കത്തിൽ മാധവന്റെ തലയിൽ ഉണ്ടായിരുന്ന തൊപ്പി താഴത്തുവീണപ്പോൾ അതിദീർഘമുള്ള മാധവന്റെ കുടുമ പുറത്തുവീണു കണ്ടതിനാലാണു് ഈ ചോദിച്ച ആൾ മാധവൻ മലബാർരാജ്യക്കാരനാണെന്നു് ഊഹിച്ചതു്. ഈ ചോദിച്ച മനുഷ്യൻ മദിരാശിയിൽവെച്ചു ചില മലയാളികളെ കണ്ടു പരിചയമുള്ളാളായിരുന്നു.) മാധവൻ: അതെ. “ഈ രാജ്യത്തു് എപ്പോൾ വന്നു ? ” മാധവൻ: രണ്ടുദിവസമായി. ‘എവിടെ താമസിക്കുന്നു? മാധവൻ: ഒരു ഹോട്ടലിൽ. “രാജ്യം കാണാൻ വന്നതായിരിക്കും" മാധവൻ: അതെ.


“താങ്കളുടെ മലബാർരാജ്യക്കാരെ എനിക്കു വളരെ ബഹുമാനമാണു്. താങ്കളുടെ ചെറുവയസ്സും കോമളാകൃതിയും അതിധെര്യവും മിടുക്കും കണ്ടു ഞങ്ങൾ വളരെ സന്തോഷിക്കുന്നു. ഞാൻ ഈ ദിക്കിൽ ഒരു കച്ചവടക്കാരനും ഗൃഹസ്ഥനുമാണു്. എന്റെ പേർ ബാബു ഗോവിന്ദസെൻ എന്നാണു്. എന്റെ അടുക്കെ നിൽക്കുന്ന ഇയാളുടെ പേർ ഗോപിനാഥബാനർജ്ജി എന്നാണു്. ഇദ്ദേഹം എന്റെ കൂട്ടുകച്ചവടക്കാരനാണു്. ഈ നിൽക്കുന്നാളുടെ പേർ ബാബു ചിത്ര പ്രസാദസെൻ എന്നാണു്. ഇദ്ദേഹം എന്റെ അനുജനാണു്. ഈ ചെറുപ്പക്കാരൻ എന്റെ മകനാണു്. ഗവർമ്മെണ്ടുദ്യോഗമായി ബൊമ്പായിൽ താമസമാണു്. ബാബു കേശവചന്ദ്രസെൻ എന്നാണു പേർ. താങ്കൾ വേറെ പ്രകാരം നിശ്ചയങ്ങൾ ഒന്നും ചെയ്തുപോയിട്ടില്ലെങ്കിൽ ഈ കൽക്കത്തായിൽ താമസം ഉള്ള ദിവസങ്ങളിൽ ഞങ്ങളുടെ ആതിത്ഥ്യം ദയവുചെയ്തു സ്വീകരിച്ചു ഞങ്ങളുടെ ബങ്കളാവുകളിൽ താമസമാക്കാൻ ഞങ്ങൾ വളരെ അപേക്ഷിക്കുന്നു. എന്റെ മകൻ കേശവചന്ദ്രസെൻ ഒരാഴ്ചവട്ടത്തിനുള്ളിൽ ബൊമ്പായിലേക്കു പോവുന്നുണ്ടു്. ആ സമയത്തിനുള്ളിൽ താങ്കളും മലബാറിലേക്കു തിരിയെപ്പോവാൻ വിചാരിക്കുന്നുവെങ്കിൽ രണ്ടുപേർക്കുംകൂടി സുഖമായി ബൊമ്പായിവരെ പോവുകയും ചെയ്യാമല്ലൊ.


സവിനയം ഒന്നാന്തരം ഇംഗ്ലീഷിൽ അത്യാദരവോടെ ഈ മഹായോഗ്യനായ മനുഷ്യൻ പറഞ്ഞ വക്കു മാധവന്റെ മനസ്സിനെ ലയിപ്പിച്ചു.


മാധവൻ: താങ്കളുടെ ആതിഥ്യം ഞാൻ ആദരവോടുകൂടി സ്വീകരിക്കുന്നു. എനിക്കു് ഈ രാജ്യത്തു യാതൊരു ബന്ധുക്കളും പരിചയക്കാരും ഇല്ലാ . താങ്കൾക്കു് അകാരണമായി ഈ ആദരവു് എന്നിൽ ഉണ്ടായതു് എന്റെ ഭാഗ്യമാണെന്നു ഞാൻ വിചാരിക്കുന്നു.


ചത്ത നരിയുടെ ശവം കുറേനേരം നോക്കിനിന്നു വിവരങ്ങൾ എല്ലാം പാർക്കുകീപ്പറെ അറിയിച്ചു. എല്ലാവരുംകൂടി പാർക്കുഗേറ്റിലേക്കു വന്നു. അവിടെ നിൽക്കുന്ന നാലു് അത്യുന്നതങ്ങളായ കുതിരകളെ കെട്ടിയ ഒരു തുറന്ന ബഹുവിശേഷമായ വണ്ടിയിൽ ബാബുമാരും മാധവനും കയറി ബാബു ഗോവിന്ദസേന്റെ വീട്ടിലേക്കു പോകയുംചെയ്തു.


ബാബു ഗോവിന്ദസേനും അനുജൻ ചിത്രപ്രസാദസേനും കൽക്കത്താവിൽ ഉള്ള കോടീശ്വരന്മാരിൽ അഗ്രഗണ്യന്മാരായിരുന്നു. അവരുടെ ബങ്കളാവിന്റെ പേർ അമരാവതി എന്നാണു്. പ്രത്യേകിച്ചു തെരുക്കളിൽനിന്നു വിട്ടു നാലുഭാഗവും അതിമനോഹരങ്ങളായ പുഷ്പവാടികളെക്കൊണ്ടു ചുറ്റപ്പെട്ടിട്ടാണു ബങ്കളാവുകൾ നിൽക്കുന്നതു്. ഈ വലിയ തോട്ടത്തിലേക്കു് ഏകദേശം അടുക്കാറായപ്പോഴേക്കുതന്നെ മാധവന്റെ മനസ്സിൽ ബഹു ആശ്ചര്യരസമാണു് ഉണ്ടായതു്. നാലഞ്ചു് അത്യുന്നതങ്ങളായ മാളികകൾ ദൂരത്തുനിന്നു വെളുവെളെ ആകാശത്തിലേക്കു ഗോപുരങ്ങളോടു കൂടി ഉയർന്നു നിൽക്കുന്നതു കണ്ടു മാധവൻ വിസ്മയിച്ചുപോയി. ഇത്ര ഉയരമുള്ള മാളികകൾ ഇതിൽ മുമ്പു താൻ കണ്ടിട്ടില്ലെന്നു് ഉള്ളിൽ മാധവൻ നിശ്ചയിച്ചു. ഈ ബങ്കളാവുകളുടെ ഉന്നതങ്ങളായ ഗേറ്റു വാതിലുകൾ കടന്നമുതൽ മാധവനു കാണപ്പെട്ട സകല സാധനങ്ങളും അത്യാഘര്യകരമായിരുന്നു. ഇതു സാക്ഷാൽ ദേവേന്ദ്രന്റെ അമരാവതിതന്നെ ആയിരിക്കുമോ എന്നു തോന്നിപ്പോയി. ദ്രവ്യം നിർദ്ദാക്ഷിണ്യമായി ചിലവുചെയ്തു ചെയ്യിപ്പിച്ചിട്ടുള്ള വേലകളല്ലാതെ അവിടെ ഒന്നും മാധവൻ കണ്ടില്ല. അത്യുന്നതങ്ങളായി അനൽപങ്ങളായ ശിൽപവേലകളോടുകൂടിയ ഗേറ്റുവാതിൽ കടന്നപ്പോൾ ബങ്കളാവുകളുടെ ഉമ്രത്തേക്കു് അർദ്ധചന്ദ്രാകാരമായ ഒരു വഴിയാണു കണ്ടതു്. വിശേഷമായ ചരൽ പൂഴി ഇതുകൾ ഇട്ടു് ഇടിച്ച നിരത്തു് അതിവിസ്താരത്തിൽ കിടക്കുന്ന ആ വഴിയും അതിന്റെ രണ്ടുഭാഗങ്ങളിലും വലക്കെട്ടുമാതിരിയിൽ വെള്ളിപ്പച്ചായ ചെമ്പു് അഴികളെക്കൊണ്ടു വിചിത്രതരമായ പണിത്തരത്തിൽ വേലികൾ വെച്ചു് അതുകളിൽ അതിസുരഭികളായും മനോഹരങ്ങളായും ഉള്ള പൂവള്ളികൾ പിടിപ്പിച്ചിരിക്കുന്നതും അതുകൾക്കു സമീപം അയ്യഞ്ചു് ആറാറു ഫീറ്റു് ദൂരമായി റോഡിൽ മനോജ്ഞമായ ആകൃതികളിൽ മാർബൾ എന്ന കല്ലുകൊണ്ടു് അവിടവിടെ ഉണ്ടാക്കിവെച്ച കൃത്രിമ ജലാശയങ്ങളും കണ്ടാൽ ആരുടെ മനസ്സു വിനോദിക്കയില്ല . ആ അമരാവതിയിലെ എല്ലാ വാസ്തവങ്ങളും പറയുന്നതായാൽ ഞാൻ ഈ എഴുതുന്നമാതിരിയിൽ നാലഞ്ചു പുസ്തകങ്ങൾ എഴുതേണ്ടിവരും. ബങ്കളാവുകളുടെ ഉമ്രത്തു വണ്ടിയിൽനിന്നു് ഇറങ്ങി നാലുഭാഗവും നോക്കിയപ്പോൾ താൻ എന്തോ ഒരു സ്വപ്നമോ മറ്റോ കാണുന്നതോ എന്നു് മാധവനു തോന്നിപ്പോയി. മനസ്സിന്നു് അതികൗതുകകരമല്ലാത്ത ഒരു സാധനവും എങ്ങും മാധവൻ കണ്ടില്ലാ. ബങ്കളാവിലെ ഓരോ മുറികളും അതിൽ ശേഖരിച്ചു ഭംഗിയായി വെച്ചിട്ടുള്ള സാമാനങ്ങളും കണ്ടിട്ടു മാധവൻ അത്ഭുതപ്പെട്ടു. പലേ മാതിരിയിൽ സ്വർണ്ണഗിൽട്ടിട്ട പച്ചവില്ലൂസ്സു്, നീരാളപ്പട്ടു് മുതലായ വിശേഷമാതിരി തുണികൾ കൊണ്ടു വേലചെയ്ത കിടക്കകൾ തറച്ചതും പലേവിധം അതിമോഹനമായ കൊത്തുവേലകളോടുകൂടിയതും ആയ കസാലകൾ, കോച്ചുകൾ, ഓരോ വിസ്തീർണങ്ങളായി അത്യുന്നതങ്ങളായ മുറികളിൽ നിരത്തി വരിവരിയായി വെച്ചവ അസംഖ്യം. മാർബൾ എന്ന വെള്ളക്കല്ലുകൊണ്ടും വിശേഷമായ മരത്തരങ്ങൾകൊണ്ടും ദന്തംകൊണ്ടും മറ്റും ഇംഗ്ലീഷുമാതിരിയായി ഉണ്ടാക്കിയ അതികൗതുകങ്ങളായ പലേവിധംമേശകൾ. നാലു കോൽ ആറു കോൽ ദീർഘത്തിൽ തങ്കക്കൂടുകൾ ഇട്ടതും, അതുകൾക്കു് എതിരേ സമീപം വെച്ചിട്ടുള്ള അതിമനോഹരങ്ങളായ പലേവിധ സാധനങ്ങൾ അതുകളിൽ പ്രതിഫലിക്കുന്നതിനാൽ ആ വക സകല സാധനങ്ങളെയും എരട്ടിപ്പിച്ചു കാണിച്ചുംകൊണ്ടു പരിചയമില്ലാത്ത മനുഷ്യനെ പരിഭ്രമിപ്പിക്കുന്നതും ആയ വലിയ നിലക്കണ്ണാടികൾ അസംഖ്യം. നാനൂറും അഞ്ഞൂറും ദീപങ്ങൾ വെവ്വേറെ കത്തിക്കാൻ ഉള്ള വെള്ളിക്കുഴലുകളിൽ ഗോളാകൃതിയായി ചെറിയ ചില്ലിന്റെ കൂടുകൾ വെച്ചു സ്വതേ അതിധവളങ്ങളാണെങ്കിലും സൂര്യപ്രഭയോ അറിപ്രഭയോ തട്ടുമ്പോൾ അനേകവിധമായ വർണ്ണങ്ങളെ ഉജ്ജ്വലിപ്പിക്കുകൊണ്ട് തൂങ്ങുന്നതും അനേകവിധ കൊത്തുവേലയുള്ളതുമായ സ്ഫടികത്തൂക്കുമാലകളോടുകൂടി വിസ്താരത്തിൽ വൃത്തത്തിൽ നിൽക്കുന്നവകളും വിളക്കുവെച്ചാൽ ചന്ദ്രപ്രഭാപൂരംതന്നെ എന്നു തോന്നിക്കുന്നതും ആയ ലസ്റ്റർവിളക്കുകൾ, അവിടവിടെ തങ്കവാർണ്ണീസ്സും, പച്ചറെക്ക, മഞ്ഞറെക്ക മുതലായവ പലേവിധ വർണ്ണച്ചായങ്ങളെ പിടിപ്പിച്ചു മിന്നിത്തിളങ്ങിക്കൊണ്ടു നിൽക്കുന്ന അത്യുന്നതങ്ങളായ മച്ചുകളിൽനിന്നു വെള്ളിച്ചങ്ങലകളിൽ തൂക്കിവിട്ടവ അനവധി. അത്യുന്നതങ്ങളായ ചുമരുകളിൽ പതിപ്പിച്ചിട്ടുള്ള അത്യാശ്ചര്യകരങ്ങളായ ചിത്രക്കണ്ണാടിക്കൂടുകളുടെ ഇടയ്ക്കിടെ സ്വർണ്ണവർണ്ണങ്ങളായും രൂപ്യമയമായും ഉള്ള തണ്ടുകളിൽ എറക്കി ചുമരിൽ പതിച്ചുനിർത്തീട്ടുള്ള വാൾസെട്ടു് എന്നു് ഇംഗ്ലീഷിൽ പറയുന്ന വിളക്കുകൾ, സ്ഫടികത്തൂക്കുകളോടുകൂടി വെളുത്തും നീല വർണ്ണങ്ങളായും മഞ്ഞനിറത്തിലും ഉള്ള ചായങ്ങളും വാർണ്ണീസ്സുകളും കൊടുത്തു് അതിഗംഭീരങ്ങളായി നിൽക്കുന്ന ചുമരുകളെ അലങ്കരിച്ചുംകൊണ്ടു നിൽക്കുന്നവ അനവധി. ചിലേടങ്ങളിൽ മുഴുവൻ പട്ടുപരവതാനികൾ വിരിച്ചും ചിലേടങ്ങളിൽ മാർബൾക്കൽ കടഞ്ഞുണ്ടാക്കിയ പലകകൾ പതിച്ചും ഉള്ള നിലങ്ങൾ. അത്യുന്നതങ്ങളായ സൗധങ്ങളിൽ കയറുവാൻ പദാകൃതിയിലും നാഗാകൃതികളിലും മറ്റും അതിമനോഹരമാംവണ്ണം ഉണ്ടാക്കപ്പെട്ടിട്ടുള്ളതും അതിഗംഭീരങ്ങളായും ഉള്ള കോണികൾ. കഴുത്തിന്നും അടിക്കും മാത്രം സ്വർണ്ണറെക്ക കൊടുത്തശേഷം മുഴുവനും വെള്ളച്ചായമോ പച്ചച്ചായമോ മഞ്ഞച്ചായമോ ഇട്ടു പീവരങ്ങളായി അത്യുന്നതങ്ങളായി നിൽക്കുന്ന സ്തംഭങ്ങൾ! മനോഹരങ്ങളായ ജാലകങ്ങൾ, വാതിലുകൾ, വിലയേറിയ പട്ടുവളകൾകൊണ്ടു് ഉണ്ടാക്കിയ തിരകൾ. വെള്ളികൊണ്ടും സ്വർണ്ണംകൊണ്ടും ഗിൽട്ടു് ഇട്ടു നീരാളപ്പട്ടുതിരിയിട്ട വില്ലൂസ്സുകൊണ്ടും പട്ടുകൊണ്ടും ഉള്ള കിടക്കകൾ, ഉപധാനങ്ങൾ, വെള്ളിമേക്കട്ടി ഇതുകളോടു കൂടിയ കട്ടിലുകൾ, ഈവക ഓരോ സാധനങ്ങൾ മാധവൻ കണ്ടതുകളെക്കുറിച്ചു ശരിയായി വർണ്ണിക്കാൻ ആരാൽ കഴിയും!


മേൽക്കുമേൽ അതിഗംഭീരങ്ങളായി നിൽക്കുന്ന സൗധങ്ങളുടെ അഗ്രത്തിൽ കാണപ്പെടുന്ന ചന്ദ്രശാലകളെ കണ്ടാൽ ആരുടെ മനസ്സു കുതൂഹലപ്പെടാതിരിക്കും! അഞ്ചു് – ആറു് നില മാളികൾ മേൽക്കുമേൽ കഴിഞ്ഞാൽ അതുകളുടെ ഉപരി ഓരോ ചന്ദ്രശാലകൾ എന്നു പറയപ്പെടുന്ന മേപ്പുരയില്ലാത്ത വെണ്ണമാടമേടകളെ കാണാം. ഈ ചന്ദ്രശാലകളുടെ സ്ഥലങ്ങൾ ചിലേടങ്ങളിൽ ശുദ്ധസ്ഫടികം പടുത്തും, ചിലേടങ്ങൾ കുപ്പിക്കിണ്ണക്കൂടു് ഉരുക്കിക്കമെഴുകി ഇരിപ്പിച്ചു് പലേവിധമായ ചായങ്ങളിൽ അതിന്മേൽ ലതാകൃതികളായും പുഷ്പാകൃതികളായുമുള്ള ചിത്രങ്ങളെക്കൊണ്ടു് അലങ്കരിക്കപ്പെട്ടും, ചിലേടങ്ങൾ ശുദ്ധ മുത്തുശിപ്പികടഞ്ഞു പലകയാക്കി പടുത്തും ചിലേടങ്ങൾ വിശേഷവിധിയായി ഭംഗിയുള്ള പട്ടുപായകളെക്കൊണ്ടു മൂടിയും കാണാം. ചന്ദ്രശാലകളുടെ നാലു വക്കുകളിലും മുട്ടിനിന്നു് ഉയരം പൊങ്ങി നിൽക്കുന്ന ഓരോവിധം വേലികളുടെ മാതിരികളിലുള്ള ആവരണങ്ങളുടെ ഒരു ഭംഗി വാചാമഗോചരമെന്നുതന്നെ പറയാം. ചില സ്ഥലങ്ങളുടെ നാലു വക്കുകളും പൂവ്വുകൊടുത്തതിനാൽ നിറത്തിന്നു മങ്ങൽ വരാത്ത തങ്കവർണ്ണമായ ചെറിയ പിച്ചളക്കമ്പികൾകൊണ്ടു് അവിടവിടെ രജതവർണ്ണമായ കുമിഴുകൾ അടിച്ചുള്ള വേലികൾ ലതാകൃതിയിലും പുഷ്പാകൃതിയിലും വേലചെയ്തതുകളെകൊണ്ടു ചുറ്റപ്പെട്ടിട്ടു കാണാം. ചില സ്ഥലങ്ങൾ ശുദ്ധ മാർബൾ എന്ന ഉളയുന്ന വെള്ളക്കല്ലുകൾകൊണ്ടു കടഞ്ഞുണ്ടാക്കിയ അസംഖ്യം അഴികളെക്കൊണ്ടു ചുറ്റപ്പെട്ടിട്ടു കാണാം. ചില മേടകളുടെ നാലു വക്കിനും ലോഹങ്ങളെക്കൊണ്ടു വാർത്തതും, മാർബൾ കുഴിച്ചുണ്ടാക്കിയതും വിശേഷമായി മണ്ണുകൊണ്ടു് ഉണ്ടാക്കി കടഞ്ഞെടുക്കപ്പെട്ടിട്ടുള്ളതുമായ പലേവിധം പാത്രങ്ങളിൽ അതിസുരഭികളായും മനോഹരങ്ങളായും ഉള്ള പുഷ്പച്ചെടികൾ നട്ടുവളർത്തിയവകളെ നിരത്തി വരിവരിയായി വെച്ചിരിക്കുന്നതു കാണാം. ചില സ്ഥലങ്ങളിൽ യന്ത്രപ്പണിയാൽ ചെമ്പു കുഴലിൽക്കൂടി വളരെ അഗാധത്തിൽനിന്നു വലിച്ചുകൊണ്ടുവരുന്ന ജലം മാർബൾ, സ്ഫടികം ഇതുകളെക്കൊണ്ടു് പദാകൃതിയിലും ഓരോ മൃഗങ്ങളുടെ മുഖാകൃതിയിലും ചക്രാകൃതിയിലും മറ്റും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഓരൊ ദ്വാരങ്ങളിൽകൂടി നേത്രങ്ങളേയും ശോത്രങ്ങളേയും ഒരുപോലെ ആനന്ദിപ്പിക്കുന്നവിധമുള്ള ആകൃതിയിലും ശബ്ദത്തോടും അനർഗ്ഗളമായി പതിച്ചുകൊണ്ടു് ഇരിക്കുന്നതു കാണാം. ഇങ്ങിനെ ആ അമരാവതി ബങ്കളാവിൽ മാധവനാൽ കാണപ്പെട്ട സാധനങ്ങളുടെ അവസ്ഥയെപ്പറ്റി പറഞ്ഞു മനസ്സിലാക്കുവാനുള്ള വാഗ്മിത്വം എനിക്കു് ഇല്ലെന്നു ഞാൻ വിചാരിക്കുന്നതിനാൽ എനി ചുരുക്കി പറയാം.


മേൽ കാണിച്ചവിധമുള്ള ചന്ദ്രശാലകൾ മുതലായതും ഇതു കൂടാതെ വാപികൾ, മണിമയമഞ്ചങ്ങൾ, പുസ്തകശാലകൾ, തോട്ടങ്ങൾ മുതലായ അനേകസാധനങ്ങളും കണ്ടു് മാധവൻ അത്യാനന്ദപ്പെട്ടു എന്നേ പറവാനുള്ളു. മാധവൻ ഈ ഭൂമി വിട്ടു് ഏതോ ഇതുവരെ അനുഭവിക്കാത്ത സുഖങ്ങളോടുകൂടിയ ഒരു സ്വർഗ്ഗലോകത്തോ മറ്റോ തന്നെ കൊണ്ടാക്കിയതുപോലെ തോന്നി.


മാധവൻ, ബാബു ഗോവിന്ദസേന്റെ ആതിഥ്യം പരിഗ്രഹിച്ചു് ഈ സ്വർഗ്ഗതുല്യമായ അമരാവതിയിൽ എട്ടുപത്തുദിവസം സുഖമായി താമസിച്ചു.


ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനവനും പുറപ്പെട്ടിട്ടു് ഇരുപതിൽ അധികം ദിവസമായല്ലോ. അവരുടെ കഥ എന്തായി എന്നു് അറിവാൻ എന്റെ വായനക്കാർ ചോദിക്കുന്നതായാൽ എനിക്കു് അൽപമേ പറവാനുള്ളു. “ഇന്ത്യ എങ്ങും തീവണ്ടി, കമ്പിത്തപാൽ —മാധവനെ കണ്ടുപിടിപ്പാൻ എന്തു പ്രയാസം?” എന്നു ധാർഷ്ട്യം പറഞ്ഞു പുറപ്പെട്ട ഗോവിന്ദൻകുട്ടിമേനവന്റെ സകല ഗർവ്വും ശമിച്ചു. ബുദ്ധി ക്ഷയിച്ചു; തീവണ്ടിയും ടെല്ലിഗ്രാഫും തീക്കപ്പലുകളും എന്തെല്ലാമുണ്ടായിരുന്നാലും ഭാഗ്യം ഇല്ലാതെ യാതൊന്നും മനുഷ്യനു വിചാരിക്കുമ്പോലെയും ആഗ്രഹിക്കുംപോലെയും സാധിക്കുകയില്ലെന്നു ഗോവിന്ദൻകുട്ടിമേനവന്നു് ഉള്ളിൽ നല്ല ബോദ്ധ്യമായി. കുറെശ്ശ പുറത്തേക്കു പറഞ്ഞുതുടങ്ങി. മദിരാശിയിൽ എത്തിയ ഉടനെതന്നെ ഗോവിന്ദൻകുട്ടിമേനവൻ ഗിൽഹാം സായ്വിനെ ചെന്നു കണ്ടു. മാധവൻ അദ്ദേഹത്തെ കണ്ടതുവരെയുള്ള വിവരങ്ങൾ അറിഞ്ഞു. ഗോവിന്ദൻകുട്ടിമേനവനും ഗോവിന്ദപ്പണിക്കർക്കും മനസ്സിന്നു് അപ്പോൾ കുറെ സമാധാനമായി. പിന്നെ അവർ നേരെ ബൊമ്പായിക്കു വന്നു. ബൊമ്പായിൽനിന്നു് അനേ്വഷിച്ചുംകൊണ്ടു് കാശിക്കു വന്നു. കാശിയിൽവെച്ചു ഗോവിന്ദപ്പണിക്കർക്കു ശരീരത്തിന്നു സുഖക്കേടായി ഒരു പത്തുദിവസം അവിടെ താമസിക്കേണ്ടിവന്നു. മാധവൻ ബിലാത്തിക്കുതന്നെ പോയിരിക്കേണമെന്നു് അസംഗതിയായി ഗോവിന്ദൻകുട്ടിമേനവന്നു് ഒരു ഉദയം തോന്നി. ഭ്രാന്തന്മാരെപ്പോലെ പിന്നെയും ബൊമ്പായിലേക്കു ഗോവിന്ദൻകുട്ടിമേനവനും ഗോവിന്ദപ്പണിക്കരും മടങ്ങിപ്പോയി. പലേവിധ അനേ്വഷണങ്ങളും അതി സൂക്ഷ്മമായി അഞ്ചാറു ദിവസം ചെയ്തതിൽ മുൻകുടുമയുള്ള ചെറുപ്പക്കാരനായ ഒരാൾ കുറെ ദിവസങ്ങൾക്കുമുമ്പു കപ്പൽകയറീട്ടുണ്ടെന്നറിഞ്ഞു: ഉടനെ ബിലാത്തിക്കു കപ്പൽകയറിയവരുടെ പേരു വിവരം പോർട്ടാപ്പീസിലും മറ്റുംപോയി സൂക്ഷ്മമായി അറിഞ്ഞു. അതിൽ ഒന്നും മാധവന്റെ പേർ കാണ്ണമാനില്ലാ. പക്ഷേ, മാധവൻ പേരു മാറ്റിപ്പറഞ്ഞിരിക്കാം എന്നു ശങ്കിച്ചു. എന്നാൽ സൂക്ഷ്മത്തിൽ അങ്ങിനെ അല്ലാ. മാധവൻ ശരിയായ പേർ പറഞ്ഞിട്ടുതന്നെയാണു കപ്പൽ കയറിയതു്. എന്നാൽ അതു കൽക്കത്താവിലേക്കുള്ള കപ്പലുകളിൽ കയറിയ ആളൂകളുടെ പേർ കാണുന്ന പുസ്തകത്തിലാണു ചേർത്തിട്ടുള്ളതു്. പിന്നെ ബ്രീൻഡ്സിവഴിക്കും മാർസെയിൽസ്വഴിക്കും ബിലാത്തിക്കുള്ള കപ്പലുകൾ കയറിയ ആളുകളുടെ പേർലിസ്തു് നോക്കിയാൽ മാധവന്റെ പേർ കാണുമോ? ചെറുമനുഷ്യാ, നിന്റെ അവസ്ഥ എത്ര നിസ്സാരം! ഗോവിന്ദൻകുട്ടിമേനവൻ പാസൻജർമാരുടെ ലിസ്തു് ഏതു ബുക്കിൽനിന്നു വായിച്ചുവോ അതിൽത്തന്നെ മറ്റൊരേടത്തു് മാധവന്റെ പേർ വെളിവായി എഴുതീട്ടുണ്ടു്. അവിടെ ഗോവിന്ദൻകുട്ടിമേനവൻ നോക്കാൻ ഭാവമില്ല. എന്തു ചെയ്യും! ഭാഗ്യത്തോടുകൂടിത്തന്നെ ഇരിക്കണം. ബുദ്ധിസാമർത്ഥ്യം — അല്ലെങ്കിൽ കാര്യസിദ്ധി പ്രയാസം. ഗോവിന്ദപ്പണിക്കർക്കു ബനാറീസ്സിൽനിന്നു ബൊമ്പായിൽ മടങ്ങിയെത്തിയപ്പോൾ പിന്നെയും ശരീരത്തിന്നു സുഖക്കേടായി . കൽക്കത്താവിലേക്കു പോയി അവിടെനിന്നു ബർമ്മയിലേക്കും പോവണമെന്നാണു് അവർ ഉറച്ചതു്. തൽക്കാലം ഗോവിന്ദപ്പണിക്കർക്കു പുറപ്പെടാൻതക്ക സുഖമില്ലാത്തതിനാൽ രണ്ടുനാലുദിവസം കഴിഞ്ഞു പോവാമെന്നുവെച്ച് ബൊമ്പായിൽത്തന്നെ താമസിച്ചു. ഗോവിന്ദൻകുട്ടിമേനവനു പലേ വിദ്യകളും തോന്നിയതിൽ ന്യൂസ്പേപ്പറിൽ പ്രസിദ്ധപ്പെടുത്തണം എന്നു തോന്നി. ആദ്യത്തിൽ ഒന്നുരണ്ടുപ്രാവശ്യം ചില ന്യൂസ്പേപ്പറുകളിൽ ഇന്ദുലേഖയെപ്പറ്റി ഉണ്ടാക്കിയ കളവായ വർത്തമാനങ്ങളെക്കുറിച്ചു് എഴുതിയിരുന്നു. ആ പ്രസിദ്ധപ്പെടുത്തിയ ദിവസങ്ങളിൽ മാധവൻ കപ്പലിൽ കിടന്നു വിഷമിക്കുന്ന കാലമായിരിക്കും എന്നു ഞാൻ വിചാരിക്കുന്നു. ഏതുവിധമായാലും മാധവൻ ഈ പ്രസിദ്ധപ്പെടുത്തിയ പേപ്പർ യാതൊന്നും കണ്ടതേ ഇല്ലാ. നിശ്ചയംതന്നെ.