ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കായംകുളം കൊച്ചുണ്ണി


കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽത്തന്നെ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയുമാണെന്നാണ് മിക്കവരുടെയും ബോധം. വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനുംകൂടിയായിരുന്നു. പരസ്പര വിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. അത് ഏതു പ്രകാരമെന്നു പിന്നാലെ വരുന്ന സംഗതികൾകൊണ്ടു ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.

കൊച്ചുണ്ണി ജനിച്ചത് 993-ആമാണ്ടു കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രിസമയം തിരുവിതാംകൂറിൽ കാർത്തികപ്പള്ളിത്താലൂക്കിൽച്ചേർന്ന കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന സ്വഗൃഹത്തിലാണ്. കൊച്ചുണ്ണിയുടെ പിതാവും വലിയ അക്രമിയും കള്ളനുമായിരുന്നു. അയാളുടെ പ്രധാന ഉപജീവനമാർഗം മോ‌ഷണംതന്നെയായിരുന്നു. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതുകൊണ്ട് അഹോവൃത്തി കഴിച്ചുവന്നുവെന്നല്ലതെ അയാൾക്കു സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു രാത്രിയിൽ ഒന്നും മോഷ്ടിക്കാൻ തരപ്പെട്ടില്ലെങ്കിൽ പിറ്റേദിവസം അയാളും അയാളുടെ കുടുംബത്തിലുള്ളവരും പട്ടിണിതന്നെ. അയാളുടെ സ്ഥിതി അത്രമാത്രം മോശമായിരുന്നു. അതിനാൽ തന്റെ പുത്രനായ കൊച്ചുണ്ണിയെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും മറ്റും അയാൾക്കു കഴിഞ്ഞില്ല.

കൊച്ചുണ്ണി ഏകദേശം പത്തു വയസ്സുവരെ വളരെ കഷ്ടപ്പെട്ട് ഒരു വിധം സ്വഗൃഹത്തിൽത്തന്നെ താമസിച്ചു. അതിന്റെ ശേ‌ഷം അവൻ വിശപ്പ് സഹിക്കാൻ പാടില്ലാതെയായിട്ട് വീട്ടിൽനിന്നു പുറപ്പെട്ട് അടുത്ത പ്രദേശമായ ഏവൂർ എന്ന സ്ഥലത്തു ചെന്നുചേർന്നു. അവൻ അവിടെ ക്ഷേത്രത്തിനു സമീപത്തുണ്ടായിരുന്ന ഒരു പരദേശബ്രാഹ്മണന്റെ മഠത്തിൽച്ചെന്ന് ആ ബ്രാഹ്മണന്റെ അടുക്കൽ താനൊരു മുഹമ്മദീയ ബാലനാണെന്നും ദാരിദ്ര്യദുഃഖം നിമിത്തം ഇറങ്ങിപ്പുറപ്പെട്ടതാണെന്നും മറ്റും പറഞ്ഞുകേൾപ്പിക്കയും തനിക്കു വിശപ്പു ദുസ്സഹമായിത്തീർന്നിരിക്കുന്നതിനാൽ വല്ലതും തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ദയാലുവായ ആ ബ്രാഹ്മണൻ കൊച്ചുണ്ണിയുടെ ദീനവചനങ്ങളെ കേട്ടും പാരവശ്യം കണ്ടും മനസ്സലിയുകയാൽ വാർത്ത കഞ്ഞിയിൽ കുറെ വറ്റും ഉപ്പും ഇട്ട് അവനു വയറു നിറയുന്നതുവരെ കൊടുത്തു. ആ വാർത്ത കഞ്ഞി നമ്മുടെ കൊച്ചുണ്ണിക്ക് അപ്പോൾ പഞ്ചാമൃതത്തെക്കാൾ മാധുര്യമുള്ളതായിത്തോന്നിയെന്നു പറയണമെന്നില്ലല്ലോ.

കഞ്ഞികുടികഴിഞ്ഞതിന്റെശേ‌ഷം ആ ബ്രാഹ്മണൻ കൊച്ചുണ്ണിയോട്, "ആഹാരത്തിന്നുള്ള വക കിട്ടിയാൽ നിനക്ക് ഇവിടെയെങ്ങും താമസിക്കാമോ?" എന്നു ചോദിച്ചു. കൊച്ചുണ്ണി സന്തോ‌ഷത്തോടുകൂടി അങ്ങനെയാകാമെന്നു സമ്മതിച്ചു. ഉടനെ ആ ബ്രാഹ്മണൻ അവിടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ 'വലിയവീട്ടിൽപ്പീടിക' എന്നു പ്രസിദ്ധമായിട്ടുണ്ടായിരുന്ന പീടികയിൽ കൊണ്ടുചെന്ന്' ഇവനൊരു പാവപ്പെട്ട മേത്തക്കൊച്ചനാണ്. ഇവന് ആഹാരത്തിനു വല്ലതും കൊടുത്താൽ ഇവിടെ താമസിച്ചുകൊള്ളും' എന്നു പറഞ്ഞ് അവനെ ഏൽപ്പിച്ചു. പീടികക്കാർ അങ്ങനെ സമ്മതിച്ച് അവനെ അവിടെ താമസിപ്പിക്കുകയും ചെയ്തു.

കൊച്ചുണ്ണിക്ക് ആദ്യം അവിടെ നിശ്ചയിച്ച വേല സമാനങ്ങളെടുത്തു കൊടുക്കുകയായിരുന്നു. അത് അവൻ വളരെ ജാഗ്രതയോടും ശരിയായും ചെയ്യുകയാൽ മുതലാളിക്കു വളരെ സന്തോ‌ഷം തോന്നുകയും കൊച്ചുണ്ണിക്ക് ഭക്ഷണം, വസ്ത്രധാരണം മുതലായവയ്ക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ശരിയായി കൊടുത്തു വരി ചിപ്പം കെട്ടുക മുതലായ ചില ജോലികൾകൂടി കൊച്ചുണ്ണിയെ ചുമതലപ്പെടുത്തി. കാലക്രമേണ സാമാനങ്ങൾ അളന്നും തൂക്കിയും കൊടുക്കുക, വാങ്ങുക മുതലായി പീടികയിലുള്ള സകല ജോലികൾക്കും ചുമതലക്കാരൻ കൊച്ചുണ്ണിയായിത്തീർന്നു. കൊച്ചുണ്ണിക്കു സകലപ്രവൃത്തികൾക്കും പ്രത്യേകമൊരു വാസനയും സ്വച്ഛതയും അതിയായ ജാഗ്രതയുമുണ്ടായിരുന്നതിനാൽ മുതലാളിക്ക് അവനിലുള്ള സന്തോ‌ഷവും വിശ്വാസവും അളവില്ലാതെ വർദ്ധിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ മുതലാളി കച്ചവടസാമാനങ്ങൾ വാങ്ങിക്കൊണ്ടുവരാനായി ആലപ്പുഴക്കു പോയി. കൊച്ചുണ്ണിയെയും കൊണ്ടുപോയിരുന്നു. അവിടെച്ചെന്നു സാമാനങ്ങളെല്ലാം വഞ്ചിയിലാക്കി ഇങ്ങോട്ടു പുറപ്പെട്ടു. മദ്ധ്യേമാർഗം അതികലശലായി ഒരു കോളും പിശറും തുടങ്ങി. ഓളം വലിയ മലപോലെ ഉയർന്ന് ഇളകിമറിഞ്ഞുതുടങ്ങി. വഞ്ചിയിൽ വെള്ളം അടിച്ചുകേറിത്തുടങ്ങി. വഞ്ചി മുങ്ങുമെന്നു തീർച്ചയാക്കി വഞ്ചിക്കാരൻ "അയ്യോ! ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല. കഴുക്കോൽ കുത്തീട്ടു വഞ്ചി നേരെ നിൽക്കുന്നില്ല. ഇതാ ഓളപ്പാത്തിയിലായിരിക്കുന്നു. ദൈവം തന്നെ രക്ഷിക്കട്ടെ" എന്നും മറ്റും പറഞ്ഞു നിലവിളികൂട്ടിത്തുടങ്ങി. "സാമാനങ്ങൾ പോകുന്നതുപോകട്ടെ. നമ്മുടെ ജീവനും പോകുമല്ലോ" എന്നു പറഞ്ഞു മുതലാളിയും നിലവിളിച്ചുതുടങ്ങി. അപ്പോൾ കൊച്ചുണ്ണി "നിങ്ങൾ വ്യസനിക്കാതെയും കലശൽകൂട്ടാതെയുമിരിക്കാമെങ്കിൽ വഞ്ചി ഞാൻ കരയ്ക്കടുപ്പിക്കാം. ചുമ്മായിരിക്കണം, നമുക്കു പടച്ചവനുണ്ട്" എന്നു പറഞ്ഞു. ധൈര്യസമേതം വഞ്ചിയുടെ അമരത്തു ചെന്നു കഴുക്കോലെടുത്ത് ഊന്നിത്തുടങ്ങി. യാതൊരാപത്തും അപകടവും കൂടാതെ അവൻ വഞ്ചി കടവിലടുപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി ഇതിനുമുമ്പു കഴുക്കോൽ കുത്തി പരിചയമുണ്ടായിരുന്നില്ല. അവനു സകല വേലകൾക്കും പ്രകൃത്യാതന്നെ ഒരു വശതയുണ്ടായിരുന്നു. ഈ സംഗതി നടന്നതിന്റെ ശേ‌ഷം സാമാനങ്ങൾ കൊണ്ടുവരുന്നതിന് ആലപ്പുഴയ്ക്കും കൊച്ചിക്കും പോകുമ്പോൾ മുതലാളിയുടെ വഞ്ചിക്കാരനായിരുന്നതും കൊച്ചുണ്ണിതന്നെയായിരുന്നു. ഇങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുണ്ണിക്കു നിത്യവൃത്തിക്കു മാത്രം കൊടുത്താൽ പോരെന്നു തോന്നുകയാൽ മുതലാളി ചെലവുകഴിച്ചു പ്രതിമാസം ഒരു ചെറിയ സംഖ്യ അവനു ശമ്പളമായിട്ടും കൊടുത്തു തുടങ്ങി. ശമ്പളം വാങ്ങിയാൽ അവൻ വീട്ടിൽ കൊണ്ടുപോയി അവന്റെ മാതാപിതാക്കന്മാരുടെ കയ്യിൽ കൊടുക്കുകയല്ലാതെ സ്വകാര്യമായി സമ്പാദിച്ചിരുന്നില്ല.

ഇങ്ങനെയിരുന്ന കാലത്ത് ഒരു തങ്ങൾ കായമകുളത്തു വന്നു താമസിച്ചു ചില മുഹമ്മദീയരെ ആയുധാഭ്യാസവും കായികാഭ്യാസവും മറ്റും പരിശീലിപ്പിക്കുന്നതായി കൊച്ചുണ്ണി കേട്ടു. എന്നാൽ തനിക്കും ചിലതൊക്കെ പഠിക്കണമെന്നു നിശ്ചയിച്ച് കൊച്ചുണ്ണി ഒരു ദിവസം വൈകുന്നേരം പീടികയിലെ ജോലികളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം കായംകുളത്തു ചെന്നു തങ്ങളെ കണ്ടു തന്നെകൂടി വല്ലതുമൊക്കെ പഠിപ്പിച്ചാൽ കൊള്ളാമെന്നു പറഞ്ഞു. അതു കേട്ടു തങ്ങൾ, 'നിന്നെ ഒന്നും പഠിപ്പിക്കാൻ പാടില്ല. ഒന്നും പഠിപ്പിക്കാഞ്ഞിട്ടുതന്നെ നിന്റെ പിതാവു വലിയ അക്രമിയായിരിക്കുന്നു. കാലസ്ഥിതികൊണ്ട് നീ അവനെക്കാൾ അക്രമിയായിത്തീരാനാണ് എളുപ്പം. നിന്നെ അഭ്യാസങ്ങൾകൂടി ശീലിപ്പിച്ചാൽ നീ ലോകം മുടിക്കും. അതിനു കാരണഭൂതനാകാൻ എനിക്കു മനസ്സില്ല. എന്റെ ശി‌ഷ്യൻമാർ പരോപദ്രവികളായിത്തീരുന്നത് എനിക്കും സങ്കടമാണ്. അതിനായിട്ടല്ല ഞാൻ എന്റെ ശി‌ഷ്യരെ അഭ്യസിപ്പിക്കുന്നത്. ശത്രുക്കളിൽനിന്നുണ്ടാകുന്ന ആപത്തുകൾ തങ്ങൾക്കു പറ്റാതെ തടുത്തുകൊള്ളുന്നതിനായിട്ടു മാത്രമാണ് പഠിപ്പിക്കുന്നത്. അതിനാൽ നിന്നെ ഞാൻ അഭ്യസിപ്പിക്കുകയില്ല' എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും കുണ്ഠിതത്തോടുകൂടി കൊച്ചുണ്ണി മടങ്ങി വന്നു. എങ്കിലും അവൻ ഇച്ഛാഭംഗത്തോടുകൂടി ആ ഉദ്യമം വേണ്ടെന്നുവച്ചില്ല. രാത്രികാലങ്ങളിലായിരുന്നു തങ്ങൾ തന്റെ ശി‌ഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അതു കൊച്ചുണ്ണിക്കു നല്ല തരമായീർന്നു. അവൻ പീടികയിലെ ജോലികളെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവായി ആരുമറിയാതെ കായംകുളത്തു ചെന്നു തങ്ങളുടെ കളരിക്കു സമീപം ഒരു സ്ഥലത്തിരുന്ന് അഭ്യാസങ്ങളെല്ലാം കണ്ടു പഠിക്കയും നേരം വെളുക്കുന്നതിനുമുമ്പ് പീടികയിലെത്തുകയും ചെയ്തുംകൊണ്ടിരുന്നു. അതിബുദ്ധിശാലിയായ അവൻ അങ്ങനെ മിക്ക വിദ്യകളും ആരും പഠിപ്പിക്കാതെ കണ്ടുതന്നെ വശമാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കൊച്ചുണ്ണി ഒളിച്ചിരുന്ന് അഭ്യാസങ്ങൾ കണ്ടു പഠിക്കുന്നത് ഒരാൾ കണ്ടെത്തുകയും വിവരം ഉപായത്തിൽ തങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ഉടൻ തങ്ങൾ ശി‌ഷ്യൻമാരിൽ ചിലരെ വിട്ടു കൊച്ചുണ്ണിയെ വിളിപ്പിച്ചു കളരിയിൽ വരുത്തി. തങ്ങളുടെ ശി‌ഷ്യൻമാർ വന്നു വിളിച്ചിട്ട് ഒട്ടും മടിക്കാതെ കൊച്ചുണ്ണി കളരിയിൽ ചെന്നു. തങ്ങൾ അവനോട് 'നീ എന്തെല്ലാം പഠിച്ചു?' എന്നു ചോദിച്ചു. 'ഇവിടെ പഠിച്ചതെല്ലാം ഞാനും പഠിച്ചു' എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു. അതുകേട്ടു തങ്ങൾ അവനെ ഒന്നു പരീക്ഷിച്ചു. അപ്പോൾ തങ്ങളുടെ സ്വന്തം ശി‌ഷ്യരെക്കാൾ അഭ്യാസവി‌ഷയത്തിൽ കൊച്ചുണ്ണി യോഗ്യനായിത്തീർന്നിരിക്കുന്നതായിക്കണ്ടു. ഇതിങ്കൽ തങ്ങൾക്ക് അസൂയയല്ല, വളരെ സന്തോ‌ഷമാണ് തോന്നിയത്. ഇത്രയും ബുദ്ധിമാനായിരിക്കുന്ന ഇവനെ ശരിയായി അഭ്യസിപ്പിക്കുകതന്നെ വേണം എന്നു നിശ്ചയിച്ച് തങ്ങൾ, പതിവായി കളരിയിൽ വന്ന് അഭ്യസിച്ചുകൊള്ളുന്നതിനു കൊച്ചുണ്ണിക്ക് അനുവാദം കൊടുത്തു. പിറ്റേദിവസംമുതൽ പതിവായി കൊച്ചുണ്ണി രാത്രിതോറും കളരിയിൽ ഹാജരായി അഭ്യസിച്ചുതുടങ്ങുകയും ചെയ്തു. അവൻ തങ്ങളുടെ അടുക്കൽനിന്ന് അക്കാലത്തു നടപ്പുണ്ടായിരുന്ന വെട്ട്, തട മുതലായ ആയുധാഭ്യാസങ്ങളും ഓട്ടം, ചാട്ടം, മറിച്ചൽ, തിരിച്ചൽ മുതലായ കായികാഭ്യാസങ്ങളുമെല്ലാം ശീലമാക്കി. ആകപ്പാടെ കുറച്ചു ദിവസത്തെ അഭ്യാസംകൊണ്ടു കൊച്ചുണ്ണി ഒരൊന്നാന്തരം അഭ്യാസിയായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. കൊച്ചുണ്ണിയുടെ അനിതരസാധാരണമായ ബുദ്ധിസാമർഥ്യംകൊണ്ട് തങ്ങൾക്കു വളരെ സന്തോ‌ഷം തോന്നി. ആ തങ്ങൾക്ക് ഈ വക അഭ്യാസങ്ങൾ മാത്രമല്ല ശീലമുണ്ടായിരുന്നത്. അയാൾ കൺകെട്ട്, ആൾമാറാട്ടം മുതലായ ജാലവിദ്യകളും ഗ്രഹിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും അധികം പ്രയോഗിക്കുകയും ശി‌ഷ്യരെ പഠിപ്പിക്കുകയും പതിവില്ലായിരുന്നു. കൊച്ചുണ്ണിയുടെ പേരിൽ അത്യധികമായി സന്തോ‌ഷവും വാത്സല്യവും തോന്നുകയാൽ തങ്ങൾ ആ വക വിദ്യകളും കൊച്ചുണ്ണിക്കു ഗൂഢമായി ഉപദേശിച്ചുകൊടുത്തു. ഇവയെല്ലാം ഗ്രഹിച്ചതിന്റെശേ‌ഷം കൊച്ചുണ്ണി യഥാശക്തി ഗുരുദക്ഷിണയും കൊടുത്തു. പീടികയിലെ കണക്കെഴുത്തുകാരുടേയും മറ്റും സഹായവും സഹവാസവും മുതലാളിയുടെ ആനുകൂല്യവും നിമിത്തം കൊച്ചുണ്ണി ഒരു വിധം തമിഴും മലയാളവും എഴുതാനും വായിക്കാനും ശീലമാക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം സന്ധ്യയ്ക്കു മുമ്പായി ഏവൂർ ക്ഷേത്രത്തിലെ ശാന്തിക്കാരൻ മൂന്നു തുലാം ശർക്കരയ്ക്ക് അത്യാവശ്യമാകയാൽ പണവും പാത്രവും കൊടുത്ത് ഒരാളെ പീടിയിൽ അയച്ചു. പീടിയിലുണ്ടായിരുന്ന ശർക്കര മുഴുവനും അവസാനിച്ചിരുന്നു. എങ്കിലും മുതലാളിയുടെ വീട്ടിൽ ശർക്കര ധാരാളം ശേഖരിച്ചിട്ടുണ്ടായിരുന്നു. വീട് പീടികയുടെ സമീപത്തു തന്നെ ആയിരുന്നു. അതിനാൽ വീട്ടിൽച്ചെന്നു കുറെ ശർക്കര എടുത്തുകൊണ്ടുവരുവാനായി മുതലാളി കൊച്ചുണ്ണിയെ വീട്ടിലേക്ക് അയച്ചു. കൊച്ചുണ്ണി വീട്ടിൽ ചെന്ന സമയം അവിടെയുള്ളവരെല്ലാം പടിപ്പുര അടച്ചു സാക്ഷയിട്ടു കുളിക്കാൻ പോയിരിക്കുകയായിരുന്നു. വീട്ടിനു ചുറ്റും വലിയ മതിൽക്കെട്ടുമുണ്ടായിരുന്നു. കൊച്ചുണ്ണി രണ്ടുമൂന്നു വിളിച്ചിട്ടും ആരും മിണ്ടായ്കയാൽ അവൻ പാത്രവുംകൊണ്ടു പുറകുമറിഞ്ഞു മതിൽക്കെട്ടിനകത്തു കടക്കുകയും വീട്ടിന്റെ ഇറയത്തു ചാറയിൽ നിറച്ചിട്ടിരുന്നതിൽനിന്ന് ആവശ്യപ്പെട്ട ശർക്കര പാത്രത്തിലാക്കി തലയിൽവെച്ചുകൊണ്ടു മുമ്പു മറിഞ്ഞു മതിൽക്കെട്ടിനു പുറത്തിറകയും പീടികയിൽ ചെന്നു മൂന്നുതുലാം ശർക്കര തൂക്കിക്കൊടുക്കുകയും ശേ‌ഷമുണ്ടായിരുന്നതു പീടികയിലെ ചാറയിലാക്കി അടച്ചു വയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം ആരോ പറഞ്ഞ് കൊച്ചുണ്ണി കാണിച്ച ഈ വിദ്യയും അവൻ കായംകുളത്തു പോയി അഭ്യാസങ്ങൾ പഠിച്ചുവെന്നുള്ള വിവരവും മുതലാളി അറിഞ്ഞു. അതുവരെ കൊച്ചുണ്ണി രാത്രി കാലങ്ങളിൽ കായംകുളത്തുപോയി അഭ്യസിച്ച സംഗതി മുതലാളി അറിഞ്ഞിരുന്നില്ല. ഈ സംഗതികളെല്ലാം മനസ്സിലാക്കിയതിന്റെശേ‌ഷം മുതലാളി കൊച്ചുണ്ണിയെ അടുക്കൽ വിളിച്ചു വീട്ടിൽനിന്നു ശർക്കര എടുത്തുകൊണ്ടു വന്നത് ഏതുപ്രകാരമായിരുന്നു എന്നും തങ്ങളുടെ അടുക്കൽ പോയി അഭ്യാസങ്ങൾ പഠിക്കുകയുണ്ടായോ എന്നും മറ്റും ചോദിച്ചു. കൊച്ചുണ്ണി ഒന്നും മറച്ചുവയ്ക്കാതെ എല്ലാം സത്യമായി, ഉണ്ടായതുപോലെ സമ്മതിച്ചു പറഞ്ഞു. ഉടനെ മുതലാളി, നീ എനിക്ക് വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഒരുകാലത്തും മറക്കുകയില്ല. നിന്റെ പേരിൽ എനിക്കു വളരെ സന്തോ‌ഷവും വിശ്വാസവുമുണ്ട്. എങ്കിലും നീ ഇവിടെ താമസിക്കണമെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെ പറയുന്നതു കൊണ്ട് നിനക്കു മനസ്താപവും എന്റെ പേരിൽ വിരോധവുമുണ്ടാകരുത്. എന്നും നീ എന്റെ ബന്ധുവായിത്തന്നെ ഇരിക്കണം. ഞാൻ ആവശ്യപ്പെടുന്ന സഹായങ്ങൾ എന്നും എനിക്കു നീ ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻനിനക്കും ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻ നിനക്കും എന്നും ചെയ്തുതരുന്നതാണ് എന്നു പറഞ്ഞ് അന്നുവരെ കണക്കു തീർത്ത് അവനു കൊടുപ്പാനുണ്ടായിരുന്ന ശമ്പളവും ആയിരംപണം സമ്മാനമായിട്ടും കൊടുത്ത് അവന്റെ വീട്ടിലേക്കയച്ചു. അങ്ങനെ കൊച്ചുണ്ണി വലിയവീട്ടിൽ പീടികയിൽ നിന്നു പിരിഞ്ഞുപോകയും ചെയ്തു. അന്നു കൊച്ചുണ്ണിക്ക് ഇരുപരുവയസ്സു പ്രായമായിരുന്നു. അതിനാൽ അവൻ പീടികയിൽ ജോലിയായി താമസിച്ചു തുടങ്ങിയിട്ട് ഏകദേശം പത്തു കൊല്ലത്തോളമായിരുന്നുവെന്നു വിശേ‌ഷിചു പറയണമെന്നില്ലല്ലോ.

കൊച്ചുണ്ണി സ്വഗൃഹത്തിൽ താമസമാക്കിയതിന്റെശേ‌ഷം അധികം താമസിയാതെ കല്യാണം കഴിച്ച് ഭാര്യയെ തന്റെ വീട്ടിൽ കൊണ്ടുവന്നു. ആയിടയ്ക്കു തന്നെ അവന്റെ മാതാപിതാക്കൻമാർ കാലഗതിയെ പ്രാപിച്ചു പോയി. ഭാര്യയ്ക്കു വളരെ ചെറുപ്പമായിരിക്കകൊണ്ടു കൊച്ചുണ്ണി തന്റെ ഭാര്യയുടെ മാതാവിനെക്കൂടി സ്വഗൃഹത്തിൽ കൊണ്ടു വന്നു പാർപ്പിച്ചു.

കൊച്ചുണ്ണിക്കു പിതൃസമ്പാദ്യമായിട്ടോ സ്വന്തസമ്പാദ്യമായിട്ടോ യാതൊരു മുതലുമില്ലാത്തതിനാൽ പിന്നെയും കാലക്ഷേപത്തിനു വളരെ ഞെരുക്കം തന്നെയായിരുന്നു. അതിനാലവൻ തന്റെ സതീർഥ്യരായ ചില മുഹമ്മദീയരെക്കൂടെ കൂട്ടുപിടിച്ചുകൊണ്ട് ചില അക്രമപ്രവ്യത്തികൾ തുടങ്ങി. അന്യരാജ്യങ്ങളിൽ ചെന്നു സഹായവിലക്കു വ്യാജചരക്കുകൾ വാങ്ങി ഇവിടെ (കായംകുളത്തു) കൊണ്ടുവന്നു വിറ്റു ലാഭമെടുക്കുകയാണ് കൊച്ചുണ്ണിയുടെ അക്രമപ്രവ്യത്തികളിൽ ആദ്യം പ്രധാനമായിട്ടുള്ളത്. പിന്നീട് ചിലരുടെ ഭവനങ്ങൾ ഭേദിച്ച് അകത്തുകടന്നു സർവവും കൊള്ളയിടുക, വഴിപോക്കരുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുക മുതലായവയും തുടങ്ങി. എന്നാൽ പാവപ്പെട്ടവരെയും മര്യാദക്കാരെയും ധർമ്മിഷ്ഠന്മാരെയും മറ്റും കൊച്ചുണ്ണി ഒരിക്കലും ഉപദ്രവിക്കാറില്ലായിരുന്നു. വലിയ ധനവാന്മാരും പച്ചവെള്ളം പോലും ആർക്കും കൊടുക്കാത്തവരുമായ ദുഷ്ടന്മാരുടെ ഭവനങ്ങളിൽ മാത്രമേ അവൻ കയറി കൊള്ളയിടാറുള്ളൂ. കൊച്ചുണ്ണിക്ക് ഒരിക്കൽ എന്തെങ്കിലും കൊടുത്താൽ പിന്നെ അവരെ അവൻ ഒരിക്കലും ഉപദ്രവിക്കാറില്ല. അവന് ഉപജീവനത്തിനു നിവ്യത്തിയില്ലാതാകുമ്പോൾ വലിയ ധനവാൻമാരായിട്ടുള്ളവരുടെ അടുക്കൽ ചെന്നു തനിക്കു ഇത്ര രൂപവേണം, അല്ലെങ്കിൽ ഇത്ര പറ നെല്ലുവേണമെന്നു പറയും. ഉടനെ കൊടുത്തയച്ചാൽ പിന്നെ യാതൊരു ഉപദ്രവവുമില്ല. ഒരു സമയം മടക്കിക്കൊടുക്കുന്നതിനും അവനു വിരോധമില്ല. വാങ്ങിയ സംഖ്യയും പലിശയും കുറച്ചുകൂടെ വേണമെങ്കിൽ അതും അവൻ കൊടുത്തേക്കും. ചോദിച്ചിട്ടു കൊടുത്തില്ലെങ്കിൽ ആ കൊടുക്കാത്തവരുടെ സർവസ്വവും നാലു ദിവസത്തിനകം കൊച്ചുണ്ണി കൊള്ളയടിച്ചുകൊണ്ടുപോകുമെന്നുള്ളതു നിശ്ചയമായിരുന്നു. കൊച്ചുണ്ണി ഇങ്ങനെ കൊള്ളചെയ്തെടുക്കുന്ന മുതലുകളെല്ലാം അവനും കൂട്ടുകാരുംകൂടി അനുഭവിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവന്റെ വീതത്തീന്നു കിട്ടുന്നതുകൊണ്ട് അവൻ ധാരാളമായി ധർമ്മവും ചെയ്തിരുന്നു. കൊച്ചുണ്ണി ഈവക മുതലുകൾ സമ്പാദിക്കാറില്ല. അന്നത്തേടം സുഖമായി കഴിഞ്ഞുകൂടണമെന്നു മാത്രമേ അവനു വിചാമുണ്ടായിരുന്നുള്ളൂ.

സ്വദേശികളായ പാവപ്പെട്ടവരെ അവൻ ധാരാളമായി സഹായിച്ചുകൊണ്ടിരുന്നു. കൊച്ചുണ്ണിയുടെ കൂട്ടുകാരെല്ലാം ആദ്യം കേവലം നിർധനൻമാരായിരുന്നു. അവന്റെ സഹകരണം നിമിത്തം അവരെല്ലാം ക്രമേണ വലിയ ധനികന്മാരായിത്തീർന്നു. കൊച്ചുണ്ണിക്കു മാത്രം അധികം സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അവന്റെ ആശ്രിതന്മാരും സ്വദേശികളുമായിരുന്ന അനേകം പാവപ്പെട്ടവരും കൊച്ചുണ്ണിയുടെ സഹായം നിമിത്തം സമ്പന്നന്മാരായിതീർന്നിട്ടുണ്ട്. ഇന്ന ജാതിക്കാരെ അല്ലെങ്കിൽ ഇന്ന മതക്കാരെ മാത്രമേ സഹായിക്കയുള്ളൂ എന്നുള്ള നിർബന്ധം കൊച്ചുണ്ണിക്കുണ്ടായിരുന്നില്ല. ബ്രാഹ്മണനായാലും ശൂദ്രനായാലും സ്വജാതിയായാലും ക്രസ്ത്യാനിയായാലും, അവനെ ആശ്രയിച്ചാൽ തന്നാൽ കഴിയുന്ന സഹായം അവൻ ചെയ്തുകൊടുത്തിരുന്നു. ആകപ്പാടെ നോക്കിയാൽ കൊച്ചുണ്ണിമൂലം അക്കാലത്തു സമ്പന്നന്മാരായിതീർന്നിട്ടുള്ള ദരിദ്രർക്കും നിർധനന്മാരായിത്തീർന്നിട്ടുള്ള ധനികർക്കും സംഖ്യയില്ല.

സ്ത്രീവി‌ഷയമായിട്ടുള്ള ദുർനടപ്പും കൊച്ചുണ്ണിക്കു സാമാന്യ ത്തിലധികമുണ്ടായിരുന്നു. കൊച്ചുണ്ണി നിമിത്തം പല ജാതിയിലുള്ള കുലടകൾക്കും വളരെ സമ്പാദ്യമുണ്ടായിട്ടുണ്ട്. ഒരു ശൂദ്രസ്ത്രീയെ അവൻ ഏകദേശം ഭാര്യയായിതന്നെ വച്ചിരുന്നു. അത് എങ്ങനെയോ അവന്റെ ഭാര്യയുടെ തള്ള അറിഞ്ഞു വശമാവുകയും ഭാര്യയോടു പറയുകയും വീട്ടിൽ വളരെ ശണ്ഠകളും വഴക്കുമൊക്കെ ഉണ്ടാക്കിത്തിർക്കുകയും ചെയ്തു. എങ്കിലും കൊച്ചുണ്ണിക്ക് ആ ശൂദ്രസ്ത്രീയെ ഉപേക്ഷിക്കുന്നതിനു മനസ്സുവന്നില്ല. ഒരു ദിവസം ആ വ്യദ്ധ (ഭാര്യയുടെ തള്ള) കൊച്ചുണ്ണിയോടു നേരിട്ടുതന്നെ ആ ശൂദ്രസ്ത്രീയുമായുള്ള സംസർഗ്ഗം മതിയാക്കണമെന്നു പറഞ്ഞു. അതു കൊച്ചുണ്ണിക്ക് ഒട്ടും രസമായില്ല. അതിനെക്കുറിച്ച് അവർ തമ്മിൽ വളരെ വാഗ്വാദമുണ്ടായി. വഴക്കുമുറുകി വന്നപ്പോൾ കൊച്ചുണ്ണിക്കു ദേ‌ഷ്യം വരികയും അവൻ ഒരു കുറുവടികൊണ്ട് വ്യദ്ധയുടെ തലയ്ക്ക് ഒരടി കൊടുക്കുകയും വ്യദ്ധ പെട്ടെന്നു മറിഞ്ഞു വീണു മരിച്ചു. ഈ കഥ ആരെയുമറിയിക്കാതെ കൊച്ചുണ്ണി അന്നുരാത്രിയിൽതന്നെ ആ വ്യദ്ധയുടെ മ്യതശരീരം ഒരു പായിൽ പൊതിഞ്ഞുകെട്ടി വലിയ കല്ലുവെച്ചു കായങ്കുളം കായലിൽ താഴ്ത്തിക്കളഞ്ഞു. എങ്കിലും ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എങ്ങനെയോ സംഗതി പുറത്തൊക്കെ കുറേശ്ശേ സംസാരമായി. അങ്ങനെ അങ്ങു പറഞ്ഞ് ഇങ്ങു പറഞ്ഞ് വർത്തമാനം കാർത്തികപള്ളി തഹസീൽദാരുടെ ചെവിയിലുമെത്തി. ഉടനെ തഹശീൽദാർ (അക്കാലത്തു മജിസ്ട്രട്ടെന്നു പറയാറില്ല) കൊച്ചുണ്ണിയെ പിടിച്ചേൽപ്പിക്കുന്നതിനു പോലീസുകാർക്കു ഉത്തരവുകൊടുത്തു. എങ്കിലും അവനെ പിടിക്കുന്നതിന് അത്രയെളുപ്പത്തിൽ ആർക്കും കഴിഞ്ഞില്ല. കൊച്ചുണ്ണി വലിയ അഭ്യാസിയായിരുന്നതിനാൽ ഒരു പത്തുപന്ത്രണ്ടുപേര വിചാരിച്ചാലും മറ്റും അവനെ പിടിക്കാൻ കഴിയുകയില്ല. സദാ അവന്റെ കയ്യിൽ കഠാരിയുടെ ആക്യതിയിൽ ഒരായുധമുണ്ടായിരിക്കും. അവന്റെ കൂടെ വലിയ അഭ്യാസികളും അക്രമികളുമായ പല കൂട്ടുകാരും എപ്പോഴുമുണ്ടായിരിക്കും. അവനെ പിടിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഈ സംഗതി നടന്നതിന്റെ ശേ‌ഷം പോലീസുകാരുടെ അന്വേ‌ഷണം തുടങ്ങിയപ്പോൾ മുതൽ കൊച്ചുണ്ണി ഒളിച്ചും വളരെ കരുതലോടുകൂടിയുമാണ് നടന്നിരുന്നത്. അതിനാൽ അവനെ നേരെ കാണുന്നതിനുതന്നെ അത്ര എളുപ്പമല്ലായിരുന്നു. ഒരുസമയം കണ്ടാൽത്തന്നെയും പ്രാണഭയം നിമിത്തം അവനെ ആരും പിടിക്കയുമില്ലല്ലോ. കൊച്ചുണ്ണി ഒളിച്ചുനടക്കുകയായിരുന്നു എങ്കിലും സ്വദേശം വിട്ട് എങ്ങും പോയില്ല. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര ഈ മൂന്നു താലൂക്കുകളിലായിട്ട് അവൻ കഴിച്ചുകൂട്ടി. പിടിച്ചുപറി, മോ‌ഷണം മുതലായവ അക്കാലത്തും അവൻ യഥാപൂർവം നടത്തിക്കൊണ്ടുതന്നെ ഇരുന്നു.

കൊച്ചുണ്ണിയുടെ അക്രമങ്ങൾ ദിവസംപ്രതി വർദ്ധിക്കുകയും കായങ്കുളം കൊച്ചുണ്ണി എന്നുള്ള പ്രസിദ്ധി രാജ്യമൊട്ടുക്കു പരക്കുകയും, അപ്പോഴേക്കും അവനെ ഏതുവിധവും പിടിക്കണമെന്നുള്ള നി‌ഷ്കർ‌ഷ ഗവൺമേണ്ടിന്നു കൂടി വരികയും ചെയ്തു. ഒടുക്കം 1025-ആമാണ്ട് ദിവാൻജി കാർത്തികപ്പള്ളിത്തഹസീൽദാരുടെ പേർക്കു നേരിട്ട് ഒരുത്തരവയച്ചു. അതിൽ ഒരു വാരത്തിനകം കൊച്ചുണ്ണിയെ പിടിപ്പിച്ചു ഠാണാ വിലാക്കാത്തപക്ഷം തഹശീൽദാരെ ഉദ്യേഗത്തിൽനിന്നും സ്ഥിരമായി മാറ്റുന്നതാന്നെന്നു തീർച്ചയായി പ്രസ്താവിച്ചിരുന്നു. ഈ ഉത്തരവു കണ്ടപ്പോൾ തഹശീൽദാർക്ക് വളരെ വിചാരവും വ്യസനവുമുണ്ടാക്കിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. ബുദ്ധിമാനായ തഹശീൽദാർ കൊച്ചുണ്ണിയുടെ ഗൂഢസഞ്ചാരം ഏതെല്ലാം ദിക്കുകളിലാണെന്നും മറ്റും രഹസ്യമായി നടത്തിയ അന്വേ‌ഷണത്തിൽ അവനു മേൽപ്പറഞ്ഞ ശൂദ്രസ്ത്രീയുമായി അടുപ്പമുണ്ടെന്നും മിക്ക ദിവസവും രാത്രി കാലങ്ങളിൽ അവൻ അവളുടെ വീട്ടിൽ വരുമെന്നും വേറെ ഒരു ശൂദ്രനും അവളുമായി സംസർഗ്ഗമുണ്ടെന്നും അയാൾക്ക് ആന്തരത്തിൽ കൊച്ചുണ്ണിയോടു രസമില്ലെന്നും മനസ്സിലായി. തഹസീൽദാർ ആ ശൂദ്രൻ മുഖാന്തരം ആരുമറിയാതെ ആ സ്ത്രീയെ വരുത്തി. അവളോട് "നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കണമെന്നു ഞാൻ വിചാരിക്കുന്നു. നീ അതു സമ്മതിക്കുന്നപക്ഷം അധികം താമസിയാതെ സംബന്ധം നടത്തണമെന്നാണ് ഞാൻ ‍വിചാരിക്കുന്നത്. പക്ഷേ അങ്ങനെയായാൽ കൊച്ചുണ്ണിയുമായുള്ള അടുപ്പം വേണ്ടെന്നു വെക്കേണ്ടതായി വരും. അതും മുൻകൂട്ടി പറഞ്ഞേക്കാം" എന്നു പറഞ്ഞു. ഇതുകേട്ട് ആ പുംശ്ചലി ഒരു മേത്തനുമായുള്ള അടുപ്പത്തേക്കാൾ നല്ലത് ഒരു തഹസീൽദാരുടെ ഭാര്യയായിരിക്കുന്നതാണല്ലോ എന്നു വിചാരിച്ചു. "അവിടുത്തെ ഇഷ്ടംപോലെയൊക്കെ ചെയ്യുന്നത് എനിക്കു സമ്മതമാണ്. അതിനുവേണ്ടി ഞാനെന്തെല്ലാം വേണമെങ്കിലും ചെയ്യാം" എന്നു പറഞ്ഞു. "എന്നാൽ ഇന്നു രാത്രിയിൽ അവൻ വരുമ്പോൾ നീ ഈ മരുന്നിട്ടു കുറേ പാൽ കാച്ചി അവനു കൊടുക്കണം" എന്നു പറഞ്ഞു തഹശീൽദാർ ഒരു മരുന്നു അവളുടെ കൈയ്യിൽ കൊടുത്തു. അടുത്ത ദിവസം തന്നെ സംബന്ധം നടത്തിക്കളയാമെന്നും അതിലേക്കു വേണ്ടുന്നതൊക്കെ വട്ടംകൂട്ടുന്നതിനു തൽക്കാലം ഇതിരിക്കട്ടെ എന്നു പറഞ്ഞു തഹശീൽദാർ അമ്പതു രൂപയും കൊടുത്തു. അവൾ അതെല്ലാം വാങ്ങി സന്തോ‌ഷത്തോടുകൂടി വിട്ടിലേക്കു വന്ന വഴിതന്നെ ആരുമറിയാതെ പോവുകയും ചെയ്തു.

ഏകദേശം പാതിരായായപ്പോൾ കൊച്ചുണ്ണി ഏകാകിയായി ആ ശുദ്രസ്ത്രീയുടെ വിട്ടിലെത്തി. അവൻ കയ്യും തേച്ചുകഴുകി ശയന ഗ്യഹത്തിൽ പ്രവേശിച്ചയുടനെ അവൾ തഹശീൽദാർ പറഞ്ഞിരുന്നതു പോലെ മരുന്നിട്ടു കാച്ചിപാൽ കൊണ്ടു ചെന്നു കൊടുത്തു. കൊച്ചുണ്ണിക്കു മുമ്പേതന്നെ അവൾ പാൽ കാച്ചികൊടുക്കുക പതിവുണ്ടായിരുന്നതിനാൽ അവൻ യാതൊരു സംശയവും കൂടാതെ പാലെടുത്തു കുടിക്കുകയും മാത്രനേരം കഴിഞ്ഞപ്പോൾ ബോധരഹിതനായി വിഴുകയും ചെയ്തു. അപ്പോഴേക്കും തഹസീൽദാർ മുൻകൂട്ടി ചട്ടംകെട്ടിയിരുന്നതുപൊലെ ചില സഹായികളോടുകൂടി പോലീസുകാർ അവിടെ എത്തുകയും കൊച്ചുണ്ണിയെ ബന്ധിച്ചു കാർത്തികപ്പള്ളി ഠാണാവിലേക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. ആ സമയം കൊച്ചുണ്ണിക്കു തീരെ ബോധമില്ലായിരുന്നു. അവൻ ശവംപോലെ കിടക്കുകയായിരുന്നു. പോലീസുകാർ കൊച്ചുണ്ണിയെ ഠാണാവിലാക്കി കൈയ്ക്കും കാലിനും വിലങ്ങുവെയ്ക്കുകയും അപ്പോൾതന്നെ വിവരം തഹശീൽദാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു.

കൊച്ചുണ്ണിയെ ഭാര്യയുടെ തള്ളയെ അപായപ്പെടുത്തിയത് 1015-ആമാണ്ട് ആയിരുന്നു. അക്കാലം മുതൽ പത്തു കൊല്ലം അവൻ ഒളിച്ചുനടക്കുകയായിരുന്നു. അതിനിടയ്ക്ക് അവനെ പിടിക്കുന്നതിന് ആരു വിചാരിച്ചിട്ടും കഴിഞ്ഞില്ല. ഒടുക്കം 25-ആമാണ്ട് അവനെ പിടിച്ചതു മേല്പറഞ്ഞപ്രകാരം ചതിച്ചാണ്. കൊച്ചുണ്ണി സ്വബോധത്തോടുകൂടിയിരിക്കുകയാണെങ്കിൽ അന്നും അവനെ ആരും പിടിക്കുകയില്ലായിരുന്നു. കുലടകളെ വിശ്വസിച്ചാലുണ്ടാകുന്ന ഫലമിങ്ങനെയാണെന്ന് എല്ലാരും അറിഞ്ഞിരിക്കേണ്ടതാണ്.

തഹശീൽദാർ ആ രാത്രിയിൽതന്നെ കൊച്ചുണ്ണിയെ പിടിച്ചു കാർത്തികപ്പള്ളി ഠാണാവിലാക്കിയിരുന്നു എന്നുള്ള വിവരത്തിന് അടിയന്തിരത്തിൽ ഹജൂർക്ക് എഴിതിയയച്ചു. അവനെ ഉടനെ ഠാണാപ്പാറാവുവഴി വേണ്ടുന്ന കരുതലോടും ബന്തവസ്സോടുംകൂടി തിരുവനന്ത പുരത്തേക്കയയ്ക്കാൻ അടിയന്തിരത്തിൽത്തന്നെ ഉത്തരവു വരികയും ചെയ്തു.

കൊച്ചുണ്ണിക്ക് അവനെ പിടിച്ചു ഠാണാവിലാക്കിയതിന്റെ പിറ്റേ ദിവസം നേരം വെളുത്തപ്പോഴേക്കും ബോധം വീണു. അപ്പോഴാണ് താൻ ബന്ധനത്തിലകപ്പെട്ടിരിക്കുകയാണെന്ന് അവനറിഞ്ഞത്. ഇത് ആ കുലടയുടെ വിശ്വാസവഞ്ചനയാൽ പറ്റിയതാണെന്ന് അവൻ അപ്പോൾ തന്നെ മനസ്സുകൊണ്ടാലോചിച്ചു നിശ്ചയിക്കുകയും ചെയ്തു. അന്നു രാത്രിയാകുന്നതുവരെ അവൻ ഠാണാവിൽത്തന്നെ കിടന്നു. ഏകദേശം പത്തു നാഴിക രാത്രിയായപ്പോൾ വിലങ്ങുകളും പൊട്ടിച്ചു കൊച്ചുണ്ണി ഠാണാവിൽ നിന്നു വെളിയിൽ ചാടി ഓടിക്കളഞ്ഞു. അവന്റെ കൈയ്യിൽ സദാ ഉണ്ടായിരിക്കാറുള്ള ആയുധം ആ ശൂദ്രസ്ത്രീയുടെ വീട്ടിലുണ്ടെങ്കിൽ എടുക്കാമെന്നു വിചാരിച്ച് അവൻ നേരെ അങ്ങോട്ടുതന്നെ നടന്നു. അവിടെ ചെന്നപ്പോൾ അവളും അവളുടെ ഇഷ്ടനായ ശൂദ്രയുവാവും കൂടി അത്താഴം കഴിഞ്ഞു. സ്വൈവരസല്ലാപവും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുരയുടെ വാതിൽ ചാരിയിരുന്നെങ്കിലും സാക്ഷയിട്ടിട്ടുണ്ടായിരുന്നില്ല. അകത്തു വിളക്കുമുണ്ടായിരുന്നു. കൊച്ചുണ്ണി ഒട്ടും സംശയിക്കാതെ വാതിൽ തുറന്ന് അകത്തേക്കു കടന്നു. ആ സമയം കൊച്ചുണ്ണി അവിടെച്ചെല്ലുമെന്ന് അവൾ ലേശം പോലും വിചാരിച്ചിരുന്നില്ല. ഒരുക്കലും തിരിച്ചു വരാനിടയാകാതെ അവനെ തൂക്കിക്കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുമെന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ ഇരിക്കെ പെട്ടെന്നു കൊച്ചുണ്ണിയെ കണ്ടപ്പോൾ അവരുടെ മനസ്സിലുണ്ടായ വികാരങ്ങൾ ഏതെല്ലാം പ്രകാരമായിരിക്കുമെന്നു വായനക്കാർ അവരുടെ മനോധർമംപോലെ ഊഹിച്ചുകൊള്ളുകയല്ലാതെ പറഞ്ഞറിയിക്കുന്ന കാര്യം പ്രയാസംതന്നെ. കൊച്ചുണ്ണിയെ കണ്ട മാത്രയിൽ രണ്ടുപേരും പെട്ടെന്നെണീറ്റ് ഒരു സംഭ്രമത്തോടും വിറയലോടുംകൂടി മറയുടെ ഒരരികിലേക്കു മാറിനിന്നു. കൊച്ചുണ്ണി മുറിക്കകത്തു കടന്നിട്ട് ആദ്യം കണ്ടതു കട്ടിലിന്റെ താഴെ കിടന്നിരുന്നതായ സ്വന്തം ആയുധം പെട്ടെന്നു കയ്യിലെടുത്തു, കൊച്ചുണ്ണി ആയുധമെടുത്ത് ഒന്നു വീശുകയും ആ പുശ്ചലിയുടെയും അവളുടെ ഇഷ്ടനായ ശൂദ്രൻേയയും തല താഴെ വീഴുകയും ഒരുമിച്ചുകഴിഞ്ഞു. കൊച്ചുണ്ണി അപ്പോൾ പുറത്തിറങ്ങിപ്പോവുകയും ചെയ്തു.

അവൻ പോയ വഴിക്കുതന്നെ ഒരു കുളത്തിൽ ഇറങ്ങി കുളിയും കഴിച്ചു സ്വഗ്യഹത്തിലെത്തി. അപ്പോൾ അവന്റെ ഭാര്യ ഭർത്താവിനെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി ഠാണാവിലാക്കിയെന്നു കേട്ടു വി‌ഷാദിച്ച് അന്നു ജലപാനം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. കൊച്ചുണ്ണി പുറത്തുചെന്നു വാതിലിൽ മുട്ടി പതുക്കെ വിളിച്ചു. വിളിച്ചതെല്ലാം അവൾ കേട്ടു എങ്കിലും അത് ഇന്നാരാണെന്നു നിശ്ചയം വരായ്കയാൽ അവൾ വാതിൽ തുറന്നില്ല. പിന്നെ കൊച്ചുണ്ണി സ്വല്പം ഉറക്കെ വിളിക്കുകയും "സംശയിക്കേണ്ട ഞാൻതന്നെയാണ്. വാതിൽ തുറക്ക്" എന്നു സ്പഷ്ടമായി പറയുകയും ചെയ്യുകയാൽ അവൾക്ക് ആൾ ഇന്നാരാണെന്നു മനസ്സിലാവുകയും വിളക്കുകൊളുത്തിക്കൊണ്ടുവന്നു വാതിൽ തുറക്കുകയും ചെയ്തു. പിന്നെ അവൾ വേഗം അരി വെച്ചു. രണ്ടുപേരും അത്താഴമുണ്ടു. കൊച്ചുണ്ണിക്കു പറ്റിയ അബദ്ധം അവനും ഭാര്യയ്ക്കുണ്ടായ വി‌ഷാദവും മറ്റും അവളും പരസ്പരം പറഞ്ഞു. പുംശ്ചലിമാരുടെ ദുഷ്ടതയെക്കുറിച്ചും തന്റെ ഭാര്യയുടെ മനോ ഗുണത്തെയും സ്നേഹത്തേയും കുറിച്ചും കൊച്ചുണ്ണിക്ക് അന്നു കണ്ടും കേട്ടും അനുഭവിച്ചും നല്ലപോലെ അറിയാനിടയായി. അന്നുമുതൽ അവൻ അന്യസ്ത്രീസംസർഗ്ഗമെന്നുള്ള ദു‌ഷ്പ്രവ്യത്തി വേണ്ടെന്നു വയ്ക്കുകയും ചെയ്തു. പിന്നെ എന്നും കൊച്ചുണ്ണി ഏകപത്നീവ്രതത്തോടുകൂടിത്തന്നെയാണ് ഇരുന്നിട്ടുള്ളത്.

കൊച്ചുണ്ണി തടവുചാടിപ്പോയതിന്റെ പിറ്റേദിവസം കാർത്തികപ്പള്ളി താലൂക്കിൽ മുഴുവനും അടുത്ത പ്രദേശങ്ങളിലും ഒരു വലിയ ഭൂകമ്പം തന്നെയായിരുന്നു. നേരം വെളുത്തപ്പോൾ കൊച്ചുണ്ണിയെ കാണായ്കയാൽ ഠാണാമുതൽപ്പേരും ശിപായിമാരുമെല്ലാം അണ്ടികളഞ്ഞ അണ്ണാനെപ്പോലെ വി‌ഷണ്ണന്മാരായി തീർന്നു. ഉടനെ വിവരം തഹശീൽദാരെ അറിയിച്ചു. തഹശീൽദാർ കോപംകൊണ്ടും വ്യസനംകൊണ്ടും പരവശനായിത്തീർന്നു. അപ്പോഴേക്കും കീരിക്കാട്ട് ഒരു സ്ത്രീയെയും ഒരു പുരു‌ഷനെയും വെട്ടിക്കൊന്നിരിക്കുന്നു എന്നുള്ള വർത്തമാനവും തഹശീൽദാർ കേട്ടു. അദ്ദേഹം ആകപ്പാടെ പരിഭ്രമിച്ചുവശായി. എന്താണു വേണ്ടത്, എങ്ങോട്ടാണ് പോകേണ്ടത് എന്നിങ്ങനെയുള്ള വിചാരംകൊണ്ടു സംഭ്രാന്തചിത്തനായ തഹശീൽദാർ കൊച്ചുണ്ണിയെ അന്വേ‌ഷിച്ചു പിടിക്കുന്നതിനായി പോലീസുകാരെ വീണ്ടും നിയോഗിച്ചു. പോലീസുകാർ വളരെ ആളുകളെ സഹായത്തിനുകൂട്ടിക്കൊണ്ടു നാലുവഴിക്കും ഓട്ടവും അന്വേ‌ഷണവും തുടങ്ങി. തഹശീൽദാരും ഗുമസ്തനും ചില ശേവുകക്കാരും ഒട്ടുവളരെ ആളുകളുമായി കീരിക്കാട്ടേക്കും പോയി. സ്ഥലത്തു ചെന്നു ശവങ്ങൾ കണ്ടു യാദാസ്തുമെഴുതുകയും അവ മറവുചെയ്യുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. മരിച്ചത് കൊച്ചുണ്ണിയെ പിടിക്കാൻ സഹായിച്ചവരാണെന്ന് അറിഞ്ഞപ്പോൾത്തന്നെ അവരെ കൊന്നതു കൊച്ചുണ്ണിതന്നെയാണെന്നും തഹശീൽദാർ തിർച്ചപ്പെടുത്തി. ചിലരുടെ അഭിപ്രായം കൊച്ചുണ്ണിയല്ല ഈ ക്യത്യം നടത്തിയതെന്നും അവന്റെ കൂട്ടുകാരായിരിക്കണമെന്നുമായിരുന്നു. അപ്രകാരംതന്നെ കൊച്ചുണ്ണി തടവുചാടിയത് അവന്റെ സാമർത്ഥ്യംകൊണ്ടുമാത്രമായിരിക്കയില്ലെന്നും അവൻ ഠാണാക്കാരെ സ്വാധീനപ്പെടുത്തി അവരുടെ അറിവോടുകൂടിയായിരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഓരോരുത്തർ ഓരോന്നു പറഞ്ഞുതുടങ്ങി എന്നല്ലാതെ ഒന്നിനും മതിയായ ലക്ഷ്യമൊന്നുമില്ല. സകലദിക്കിലും സകല ജനങ്ങളുടെ ഇടയിലും കൊച്ചുണ്ണിയെന്നും തടവുചാടിയെന്നും ഇരട്ടക്കൊലപാതകമെന്നും മറ്റുമുള്ള സംസാരമില്ലാതെ കേൾപ്പാനില്ല. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്ലാമൊട്ടു ശമിച്ചുതുടങ്ങി. പോലീസുകാരും മറ്റും കഴിയുന്ന അന്വേ‌ഷണമെല്ലാം നടത്തീട്ടും കൊച്ചുണ്ണിയുടെ പൊടിപോലും കാൺമാൻ കഴിഞ്ഞില്ല. അതിനിടയ്ക്ക് അവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നും ഒരു സംസാരം ചിലർ പറഞ്ഞുതുടങ്ങി. പക്ഷേ, കൊച്ചുണ്ണിയും കൂട്ടുകാരുംകൂടി ദിവസം പ്രതി ഓരോ അക്രമങ്ങളും കൊള്ളകളും വീണ്ടും നടത്തിക്കൊണ്ടിരുന്ന തിനാൽ അവൻ എങ്ങും പോയിട്ടില്ലെന്നുതന്നെയായിരുന്നു മിക്കവരുടെയും വിശ്വാസം. വാസ്തവം അങ്ങനെതന്നെയായിരുന്നു.

കൊച്ചുണ്ണിയുടെ അക്രമങ്ങളും കൊള്ളകളും വീണ്ടും നാൾക്കുനാൾ വർദ്ധിച്ചു വരികയാൽ അവനെ പിടിച്ചേൽപ്പിക്കുന്നതിന് മേലാവിൽനിന്ന് ഉത്തരവുകൾ ദിവസംപ്രതി വന്നുകൊണ്ടിരുന്നു. പോലീസുകാരുടെ അന്വേ‌ഷണവും മുറയ്ക്കു നടന്നുകൊണ്ടുതന്നെയിരുന്നു. എന്തെല്ലാമായിട്ടും അവനെ പിടികൂടാൻ കഴിഞ്ഞില്ല. അവന്റെയും കൂട്ടുകാരുടെയും ഉപദ്രവങ്ങൾകൊണ്ടു യാത്രക്കാർക്കു കരവഴിക്കും വള്ളംവഴിക്കും സഞ്ചരിക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. കൊച്ചുണ്ണിയും കൂട്ടുകാരും എപ്പോൾ എവിടെ ഉണ്ടായിരിക്കുമെന്ന് ആർക്കും നിശ്ചയമില്ല. ചില ദിവസങ്ങളിൽ ചില ഓടിവള്ളങ്ങളിൽ കയറി അവർ കായലിൽ സഞ്ചരിക്കുകയായിരിക്കും. അത് എന്നെല്ലാമെന്നും എപ്പോളെല്ലാമെന്നും ആർക്കും നിശ്ചയിക്കാൻ പാടില്ലായിരുന്നു. എന്നാൽ മിക്കപ്പോഴും അവരുടെ ഉപദ്രവം രാത്രികാലങ്ങളിലായിരുന്നു.

കൊച്ചുണ്ണിക്കു കൂട്ടുകാർ പലരുമുണ്ടായിരുന്നു. എന്നാൽ അവരിൽ പ്രധാനന്മാർ കോപ്പാറപ്പറമ്പിൽ മമ്മത്, കടുവാച്ചേരി വാവ, കോട്ടപ്പുറത്തു ബാപ്പുകുഞ്ഞ്, പക്കോലത്തു നൂറാമ്മത്, വലിയകുളങ്ങര കുഞ്ഞുമരയ്ക്കാർ, വാര്യവീട്ടുവടക്കേടത്തു കൊച്ചുപിള്ള എന്നിവരായിരുന്നു. ഇവരെല്ലാം വലിയ അഭ്യാസികളും അക്രമികളും ശക്തന്മാരുമായിരുന്നു. എന്നാൽ കോപ്പാറപ്പറമ്പിൽ മമ്മത് സാധുക്കളെയും ഉപദ്രവിക്കുന്നവനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമായിരുന്നു. സാധുപീഡനം കൊച്ചുണ്ണിക്കു വലിയ വിരോധമായിരുന്നു. അതിനാൽ മമ്മതിനെ അവർ ഇടക്കാലത്ത് ഉപേക്ഷിച്ചുകളഞ്ഞു. കൊച്ചുണ്ണി പലദിവസങ്ങളിൽ സ്വഗ്യഹത്തിൽ പോകാറുണ്ടെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ ആ ഒളിച്ചു നടന്ന കാലത്തിനിടക്കു മൂന്നുപുത്രൻമാരും ഒരു പുത്രിയും ജനിച്ചു എന്നുള്ളതും വ്യക്ത മായിരിക്കുന്നു.

ഇങ്ങനെ കൊച്ചുണ്ണി 1015-ആമാണ്ടുവരെയും അതിന്റെ ശേ‌ഷം 1033-ആമാണ്ടുവരെയും ആകെ 18 വർ‌ഷം പിടികിട്ടേണ്ടും പുള്ളിയായി ഒളിച്ചുനടന്നും അക്രമപ്രവർത്തികൾകൊണ്ടുതന്നെ ഉപജീവനം കഴിച്ചും കാലക്ഷേപം ചെയ്തുവന്നു. 1033-ആമാണ്ടു മകരമാസത്തിൽ സർ ടി. മാധവരായരവർകൾ തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ടു. അതോടുകൂടി കൊച്ചുണ്ണിക്കു ഗ്രഹപ്പിഴയും ആരംഭിച്ചു. മാധവരായർ ദിവാൻജിയായതിന്റെശേ‌ഷം രാജ്യക്ഷേമത്തിനായി അനേകം പരി‌ഷ്കാരങ്ങൾ ചെയ്യണമെന്നു നിശ്ചയിച്ച കൂട്ടത്തിൽ പ്രധാനമായ ഒരു കാര്യം കൊച്ചുണ്ണി മുതലായവരുടെ അക്രമവും തന്നിമിത്തം ജനങ്ങൾക്കുള്ള ഉപദ്രവവും നിറുത്തണമെന്നള്ളതായിരുന്നു. അദ്ദേഹം അതിനു വേണ്ടുന്ന ശ്രമങ്ങളും ചട്ടംകെട്ടുകളും മുറയ്ക്കു തുടങ്ങി. ചങ്ങനാശ്ശരിയിൽച്ചേർന്ന വാഴപ്പള്ളിയിൽ പാപ്പാടിയിൽ കുഞ്ഞുപണിക്കർ കാർത്തികപ്പള്ളിയിൽ തഹശീൽദാരായി നിയമിക്കപ്പെടുകയും ആ തഹശിൽദാരുടെ പേർക്കു ദിവാൻജി കൊച്ചുണ്ണിയെ പിടിച്ചയയ്ക്കുന്നതിനു പ്രത്യേകം ഉത്തരവയച്ചു ചട്ടംകെട്ടുകയും ചെയ്തു കുഞ്ഞുപണിക്കർ തഹശീൽദാർ നല്ല സമർഥനും ബുദ്ധിമാനും കാര്യശേ‌ഷിയുമുള്ളവനുമായിരുന്നു. എങ്കിലും അദ്ദേഹം പലവിധ ശ്രമങ്ങൾ ചെയ്തിട്ടും കൊച്ചുണ്ണിയെ പിടികിട്ടിയില്ല. ഒടുക്കം അദ്ദേഹം അവന്റെ കൂട്ടുകാരിൽ ചിലരെ സ്വാധീനപ്പെടുത്താതെ ഈ കാര്യം ഒരിക്കലും സാധിക്കയില്ലെന്നു തീർച്ചപ്പെടുത്തി. പിന്നെ അതിനായി ചില അന്വേ‌ഷണങ്ങളും ശ്രമങ്ങളും തുടങ്ങി. ആ അന്വേ‌ഷണത്തിൽ കോപ്പാറപ്പറമ്പിൽ മമ്മത് എന്നവനെ കൊച്ചുണ്ണി ഉപേക്ഷിച്ചുകളയുകയാൽ അവന് കൊച്ചുണ്ണിയോടു നല്ല രസമില്ലാതെ ഇരിക്കുകയാണെന്ന് അറിവു കിട്ടി; ഉടനെ മമ്മതിന് ഒരാളെ അയച്ച് അവനെ ഉപായത്തിൽ തഹസീൽദാർ തന്റെ അടുക്കൽ വരുത്തുകയും അവനെ സമ്മാനാദികൾ കൊണ്ടു സ്വാധീനപ്പെടുത്തുകയും അവൻ മുഖാന്തരം കൊച്ചുണ്ണിയുടെ മറ്റുള്ള കൂട്ടാകാരെക്കൂടി വശീകരിക്കുകയും കൊച്ചുണ്ണിയെ അകപ്പെടുത്താനുള്ള കശൗലങ്ങളെല്ലാം പറഞ്ഞു നിശ്ചയിക്കുകയും ചെയ്തു.

ഒരു ദിവസം വൈകുന്നേരം കൊച്ചുണ്ണിയുടെ ഇഷ്ടനും പ്രധാനകൂട്ടുകാരിൽ ഒരാളുമായ വാര്യത്തു വടക്കേടത്തു കൊച്ചുപിള്ള എന്നയാൾ അയാളുടെ ഭാര്യാഗൃഹമായ അമ്പിയൽ വീട്ടിൽ കൊച്ചുണ്ണിയെ വിളിച്ചുകൊണ്ടുപോയി ചില ലഹരിയുള്ള പദാർത്ഥങ്ങളും മറ്റു കൊടുത്ത് അവനെ ബോധരഹിതനാക്കിത്തീർത്തു. കൊച്ചുണ്ണി തലപൊക്കാൻ പാടില്ലാതെ മയങ്ങി ഒരു കട്ടിലിൽ കിടപ്പായി. ആ സമയം മമ്മത്, നൂറമ്മത്, ബാപ്പുകുഞ്ഞ്, കുഞ്ഞുമരയ്ക്കാർ, വാവാ, കൊച്ചുപിള്ള മുതലായവരും കൂടി വലിയ കയറുകളിട്ടു കൊച്ചുണ്ണിയെ കട്ടിലിലോടുകൂടി വരിഞ്ഞുകെട്ടി. കെട്ടു മുറുകിതുടങ്ങിയപ്പോൾ കൊച്ചുണ്ണി കണ്ണു തുറന്നു നോക്കുകയും, കൊച്ചുപിള്ളകുഞ്ഞേ! നീയാണോ എന്നെ ചതിച്ചത്? അപ്പന്റെ മുഖത്തു ചിരവടിക്കുന്ന മാതിരി നിനക്കുണ്ടെന്നു ഞാൻവിചാരിച്ചിരുന്നില്ല. എന്നെ ചതിച്ചവർക്കും എന്റെ അനുഭവം വരരുതാത്തതല്ല. എന്തുചെയ്യാം! എനിക്കു തല പൊങ്ങുന്നില്ല. എന്നു പറയുകയും ആ കിടന്നകിടപ്പിൽ അവന്റെ കൈയ്യിലിരുന്ന ‘കത്താൾ’ എന്ന ആയുധംകൊണ്ട് ചിലരെയൊക്കെ വെട്ടുകയും കുത്തുകയും വലിയ മുറിവുകളേൽപിക്കുകയും ചെയ്തു. അപ്പോഴെക്കും കൈ പൊക്കാൻ പാടില്ലാത്തവിധം കെട്ടു മുറുകുകയും കൊച്ചുപിള്ള മുതൽപേർ ആയുധം തട്ടിയെടുത്തു മാറ്റുകയും ചെയ്തു. പിന്നെ പോലീസുകാരും അവരുടെ കൂടെയുണ്ടായിരുന്നവരും മറ്റുംകൂടി കൊച്ചുണ്ണിയെ കട്ടിലോടുകൂടിയെടുത്തു കാർത്തികപ്പള്ളിയിൽ ഠാണാവിൽകൊണ്ടുപോയി ആക്കി. പിറ്റേദിവസം രാവിലെ തഹശീൽദാരദ്ദേഹം ഠാണാവിൽ ചെന്നു കൊച്ചുണ്ണിക്കു വിലങ്ങു വയ്പിക്കുകയും അനേകം കുന്തക്കാർ, വാളൂരിപ്പിടിച്ച പോലീസുകാർ മുതലായി അനേക മാളുകളെക്കൂട്ടി അവനെ ഠാണാപ്പാറാവുവഴി തിരുവനന്തപുരത്തേക്ക് അയയ്ക്കുകയും ചെയ്തു. കൊച്ചുണ്ണിയെ തിരുവനന്തപുരത്ത് കൊണ്ടു ചെന്നിരിക്കുന്നതായി അറിഞ്ഞയുടനെ ദിവാൻജി അവനെ കച്ചേരിയിൽ വരുത്തിക്കാണുകയും പന്തിരു ഠാണാ[1]വിലാക്കി പ്രത്യേകം സൂക്ഷിക്കുന്നതിന് ഉത്തരവുകൊടുക്കുകയും അവന്റെ പേരിലുണ്ടായിരുന്ന കേസ്സുകളെല്ലാം മുറയ്ക്കു വിസ്തരിച്ചു വിധി കല്പിക്കുന്നതിനു വേണ്ടുന്ന ഏർപ്പാടുകളെല്ലാം ചെയ്യുകയും ചെയ്തു.

കൊച്ചുണ്ണിയെ പിടിച്ചു ബന്ധനത്തിലാക്കുന്നതിനു സഹായിക്കുകയും ശ്രമിക്കുകയും ചെയ്തവരിൽ പ്രധാനൻമാർ കൊച്ചുപിള്ള, കൊച്ചുകുഞ്ഞ്, മമ്മത്, എന്നിവരായിരുന്നു. അവരിൽ കീരിക്കാട്ടു പ്രവ്യത്തിയിൽ കണക്കു തകഴിയിൽക്കാരൻ കൊച്ചുകുഞ്ഞുപിള്ളക്കു കൃ‌ഷ്ണപുരം പാർവത്യവും കൊച്ചുപിള്ളയ്ക്കു പത്തിയൂർ പാർവത്യവും മമ്മതിന് ഇടവാ മുതൽപ്പേരുവേലയും തഹശീൽദാരദ്ദേഹം ശുപാർശ ചെയ്തു കൊടുപ്പിച്ചു. എങ്കിലും അവരും കൊച്ചുണ്ണിയുടെ കൂട്ടുകാരും അവനെ ബന്ധിക്കാൻ കൂടിയവരുമായ കടുവാച്ചേരി വാവ, കോട്ടപ്പുറത്തു ബാപ്പുകുഞ്ഞ്, ചക്കോലത്തു നൂറൂമ്മത്, വലിയകുളങ്ങര കുഞ്ഞുമരക്കാർ എന്നിവരും താമസിയാതെ ഓരോ കേസ്സുകളിലകപ്പെട്ടു. 14 വർ‌ഷം വീതം കഠിന തടവിനു വിധിക്കപ്പെട്ട് പന്തിരുഠാണാവിൽ കൊച്ചുണ്ണിയുടെ അടുക്കൽ തന്നെ ചെന്നുചേർന്നു. അവരെ കണ്ടപ്പോൾ സന്തോ‌ഷത്തോടുകൂടി കൊച്ചുണ്ണി "എന്താ കൂട്ടരെ! ഞാൻപറഞ്ഞതുപോലെ പറ്റി, ഇല്ലേ" എന്നു ചോദിച്ചു. അപ്പോൾ അവർക്കെല്ലാം എത്ര മാത്രം പശ്ചാത്താപമുണ്ടായി എന്നു പറയാൻ പ്രയാസം. കൊച്ചുണ്ണി തന്റെ പേരിലുള്ള കേസ്സുകൾ വിസ്തരിച്ചുതീരുന്നതിനുമുമ്പ് ഠാണാവിൽ കിടന്നുതന്നെ 1034-ആമാണ്ടു കന്നിമാത്തിൽ തന്റെ 41-ആമത്തെ വയസ്സിൽ ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. കൊച്ചുണ്ണിയെ പിടികൂടി തിരുവനന്തപുരത്തേക്കയച്ചത് 33-ആമാണ്ടു മിഥുനമാസത്തിലായിരുന്നു. അവന് ആകെ 91 ദിവസം മാത്രമേ തടവിൽ കിടന്നു കഷ്ടപ്പെടേണ്ടിവന്നുള്ളൂ.

കൊച്ചുണ്ണി കാഴ്ചയിൽ നല്ല സുന്ദരനും ആജാനുബാഹുവും വെളുത്തു ചുവന്ന നിറത്തോടു കൂടിയ കോമളനുമായിരുന്നു. അവന്റെ വിരിഞ്ഞ നെഞ്ചും ഒതുങ്ങിയ അരയും വട്ടമുഖവും നീണ്ടകണ്ണുകളും വളഞ്ഞിരുണ്ട പുരികങ്ങളും എന്നുവേണ്ട, സകല അവയവങ്ങളും അന്ത്യന്ത മനോഹരങ്ങളായിരുന്നു. അവന്റെ സംഭാഷണം വളരെ ശാന്തവും മധുരവുമായിരുന്നു. കൊച്ചുണ്ണി ആകെ രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയുമല്ലാതെ കൊന്നിട്ടില്ല. അവന്റെ കൂട്ടുകാരായിരുന്ന മമ്മതു മുതലായവരുടെ അക്രമങ്ങൾ വിചാരിച്ചാൽ കൊച്ചുണ്ണി വളരെ മര്യാദക്കാരനായിരുന്നു എന്നു തന്നെ പറയാം.

കൊച്ചുണ്ണിക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയുമാണുണ്ടായിരുന്നതെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവരിൽ പ്രഥമപുത്രൻ ഒരു ശിക്ഷയിലകപ്പെട്ടു ജയിലിൽക്കിടന്നു തന്നെ മരിച്ചു. രണ്ടാമത്തെ പുത്രനും ഒരു ശിക്ഷയിലകപ്പെട്ടു ജയിലിലാക്കപ്പെട്ടുവെങ്കിലും അവൻ തടവു ചാടി പൊയ്ക്കളഞ്ഞു. അവനിപ്പോൾ ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കിൽ തന്നെ എവിടെയാന് എന്നൊന്നും രൂപമില്ല. മൂന്നാമത്തെ പുത്രൻ ഇപ്പോൾ കച്ചവടംചെയ്ത് ഓച്ചിറയും, പുത്രി എരുവയിൽ ഭർത്തൃഗൃഹത്തിലും താമസിച്ചുവരുന്നു. ഇത്രയുമൊക്കെയാണ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥാസംക്ഷേപം. ഇനി കൊച്ചുണ്ണിയുടെ ഓരോ അക്രമ പ്രവൃത്തികളും അത്ഭുതകർമങ്ങളും പിന്നാലെ വിവരിക്കാം.

കൊച്ചുണ്ണി ആൾമാറാട്ടം, കൺകെട്ട് മുതലായ ജാലവിദ്യകളും അഭ്യസിച്ചിട്ടുണ്ടെന്ന് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ അവൻ അവയൊന്നും സാധാരണ ഉപയോഗിക്കാറില്ല. നിവൃത്തിയില്ലാതെവരുന്ന അവസരങ്ങളിലേ അവ പ്രയോഗിക്കാവൂ എന്നാണ് അവന്റെ ഗുരുനാഥനായ തങ്ങൾ അവനോടു പറഞ്ഞിരുന്നത്. എങ്കിലും കൊച്ചുണ്ണി ഒരു വിദ്യ ഒരിക്കലൊന്നു പ്രയോഗിച്ചു നോക്കി. കൊച്ചുണ്ണിയുടെ സ്വദേശമായ കീരിക്കാട്ട് ഏറ്റവും ധനവാനായ ഒരു നായരുണ്ടായിരുന്നു. കുടുബകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തിയിരുന്നത് അയാൾ തന്നെയായിരുന്നുവെങ്കിലും അയാളുടെ സ്ഥിരതാമസം ഭാര്യാഗൃഹത്തിലായിലുന്നു. അയാൾ ഭാര്യയ്ക്കു പുതുതായി ഒരു വീടു പണിയിച്ചുകൊടുത്തു. അത് അകമേ നിരയും പുറമേ ഭിത്തിയുമായി വളരെ ഉറപ്പോടും ബലത്തോടുംകൂടിയാണ് പണിയിച്ചത്. ആ പുരപണി നടന്നുകൊണ്ടിരുന്നപ്പോൾ അയാളുടെ ഒരു സ്നേഹിതൻ പുരപണി കാണായായിട്ട് അവിടെ ചെന്നു. പണികളെല്ലാം നോക്കിയിട്ട് ആ മനു‌ഷ്യൻ, പുരയ്ക്കു ഭിത്തിയോ നിരയോ ഏതെങ്കിലും ഒന്നു പോരേ? രണ്ടുംകൂടി ഇതെന്തിനാണ്? എന്നു ചോദിച്ചു. അപ്പോൾ നായർ "പണ്ടൊക്കെ അതുമതിയായിരുന്നു. ഇതു കൊച്ചുണ്ണിയുടെ കാലമായതുകൊണ്ട് അതു പോരാ. ഭിത്തിയോ നിരയോ ഒന്നു മാത്രമായിതുന്നാൽ അവൻ കുത്തിപ്പൊളിച്ച് അകത്തു കടക്കും രണ്ടുംകൂടി പൊളിച്ച് അകത്തുകടക്കാൻ അത്രയെളുപ്പമല്ലല്ലോ" എന്നു പറഞ്ഞു. "അതു ശരിതന്നെ" എന്നു മറ്റേയാൾ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ഇവർ തമ്മിൽ പറഞ്ഞ ഈ വർത്തമാനം എങ്ങനെയോ കൊച്ചുണ്ണി അറിഞ്ഞു. എങ്കിലും തൽക്കാലം അവനൊന്നിനും പോയില്ല.

പുരപണിയും വാസ്തുബലിയും ഗ്യഹപ്രവേശവുമെല്ലാം കഴിഞ്ഞു ഭാര്യാപുത്രാദികളോടുകൂടി നായർ പുത്തൻപുരയിൽ താമസവുമായി. നായർ നല്ല കാര്യസ്ഥനും കണിശക്കാരനുമായിരുന്നു. പൊന്നു പണയം കിട്ടാതെ അയാൾ ആർക്കും ഒരു കൊച്ചു കാശുപോലും കടം കൊടുക്കുക പതിവില്ല. പലരും പണയം വെച്ച് അയാളോടു പണം വാങ്ങാറുണ്ടായിരുന്നു. ഒരിക്കൽ അവിടെ അടുക്കൽത്തന്നെയുള്ള ഒരാൾക്ക് ഒരായിരം രൂപയ്ക്ക് ഒരത്യാവശ്യം നേരിടുകയാൽ ഏകദേശം രണ്ടായിരം രൂപ വിലയ്ക്കുള്ള പൊൻപണ്ടങ്ങൾ ഇയാളുടെ അടുക്കൽ പണയംവെച്ചു രൂപ വാങ്ങി കൊണ്ടുപോയി. ആ വിവരവും എങ്ങനെയോ കൊച്ചുണ്ണി അറിഞ്ഞു.

അങ്ങനെയിരിക്കുമ്പോൾ കൊച്ചുണ്ണിക്കും ചെലവിനൊന്നുമില്ലാതെ ഒരിക്കൽ വലിയ ഞെരുക്കമായിത്തിർന്നു. ഏതെങ്കിലും ഈ നായരുടെ അടുക്കൽപോയി ചോദിക്കാം എന്നു വിചാരിച്ച് അവൻ അയാളുടെ അടുക്കൽചെന്ന്, എനിക്ക് ഒരു നൂറു രൂപയ്ക്ക് ഒരത്യാവശ്യം നേരിട്ടിരിക്കുന്നു. ഇവിടെയുണ്ടെങ്കിൽ കിട്ടിയാൽക്കൊള്ളാം എന്നു പറഞ്ഞു.

നായർ: അത്യാവശ്യം, ചെലവിനൊന്നുമില്ല, അതു തന്നെ അല്ലേ? ആട്ടേ, രൂപ ഞാൻതരാം. എന്നാലതു കൊച്ചുണ്ണിയെ പേടിച്ചിട്ടാണെന്നു വിചാരിക്കരുത്. കൊച്ചുണ്ണിയുടെ അക്രമമൊന്നും ഇവിടെ പറ്റുകയില്ല. അതു കരുതിത്തന്നെയാണ് ഞാൻപുര പണിയിച്ചിരിക്കുന്നത്.

കൊച്ചുണ്ണി: അതു ഞാൻ പുരപ്പണിക്കാലത്തുതന്നെ അറിഞ്ഞു. ഭയപ്പെടുത്തി പണം വാങ്ങുക എനിക്കു പതിവില്ല. മര്യാദക്കു ചോദിക്കും കിട്ടിയെങ്കിൽ വാങ്ങും ഇല്ലെങ്കിൽ പിന്നെ വേറെ വഴി നോക്കും. അങ്ങനെയാണ് പതിവ്.

നായർ: ശരിതന്നെ. അതെനിക്കറിയാം. എങ്കിലും വെറുതേ ഇവിടെ വന്ന് വിഢ്ഢിത്തം കളിക്കേണ്ട എന്നു വിചാരിച്ചു പറഞ്ഞു എന്നേയുള്ളൂ.

ഇങ്ങനെ പറഞ്ഞ് നായർ നൂറു രൂപയും എണ്ണിക്കൊടുത്തു. കൊച്ചുണ്ണി വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. നായർ പണം കൊടുത്തതുകൊണ്ട് കൊച്ചുണ്ണിക്കു വലിയ സംശയമായിത്തീർന്നു. "ഇനി ഇയാളെ ഉപദ്രവിക്കുന്നതു ക ഷ്ടവും നമ്മുടെ പതിവിനു വിപരിതവുമാണ്. എങ്കിലും ഇയാളുടെ ഊറ്റത്തിനു ഇയ്യാളെ ഒന്നു പറ്റിക്കാതെയിരിക്കുന്നതു ശരിയല്ല. ആട്ടെ, തരം വരും. അപ്പോൾ നോക്കാം" എന്നിങ്ങനെ വിചാരിച്ചു കൊച്ചുണ്ണി ആ നായരെ കളിപ്പിക്കുന്നതിനു തരംനോക്കിക്കൊണ്ടിരുന്നു.

അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം സന്ധ്യാസമയത്ത് നായർ എണ്ണതേച്ചു കുളിക്കാനായിട്ടു വിട്ടിൽനിന്ന് ഇറങ്ങിപ്പോയി. അയാളുടെ ഭാര്യ അടുക്കളയിലേക്കും പോയി. മാത്ര കഴിഞ്ഞപ്പോൾ ഭർത്താവു മുറ്റത്തു വന്നു നിന്നു വിളിക്കുന്നതായി ആ സ്ത്രീക്കു തോന്നി. അവർ പുറത്തേക്കു വന്നപ്പോൾ അവർക്കു തോന്നിയതുപോലെ തന്നെ കാണുകയും ചെയ്യുകയാൽ "കുളിക്കാൻ പോയിട്ട് കുളിക്കാതെ പോന്നതെന്താണ്?" എന്നു ചോദിച്ചു. മുറ്റത്തുനിന്നയാൾ, "ഇന്നാൾ നമ്മുടെ ക്യ‌ഷ്ണപിള്ള ചില പണ്ടങ്ങൾ ഇവിടെ പണയംവെച്ച് ആയിരം രൂപ പാങ്ങിക്കൊണ്ടുപോയില്ലേ? അതു പലിശയോടുകൂടി കൊണ്ടുവന്നിരിക്കുന്നു. ആ പണയമെടുത്തുകൊടുക്കണം. എന്റെ കൈയ്യൻമേലൊക്കെ എണ്ണയാണല്ലൊ, അതുകൊണ്ട് താക്കോലെടുത്തു പെട്ടിതുറന്ന് ആ പണ്ടങ്ങൾ എടുത്ത് ഇങ്ങോട്ടു തരികയും, ഈ പണം പെട്ടിയിൽവെച്ചു പൂട്ടി താക്കോൽ പതിവുള്ള സ്ഥലത്തുതന്നെ വെച്ചേക്കുകയും വേണം" എന്നു പറഞ്ഞ് ഒരു വലിയ ജാളിക[2] ഇറയത്തു വെച്ചു. ആ സ്ത്രീ അയാൾ പറഞ്ഞതുപോലെ ഒക്കെ ചെയ്തു. അയാൾ പണ്ടങ്ങളുമെടുത്തു പുറത്തേക്കിറങ്ങിപ്പോയി. സ്ത്രീ വീണ്ടും അടുക്കളയിലേക്കും പോയി.

അതിന്റെ ശേ‌ഷം പത്തുപതിനഞ്ചുദിവസം കഴിഞ്ഞപ്പോൾ പണയംവെച്ചു പണംവാങ്ങിക്കൊണ്ടുപോയ ക്യ‌ഷ്ണപിള്ള പണവും പലിശയും കൊണ്ടുവന്നു. ആ ധനികനായ നായർ മുതലും പലിശയുമെല്ലാം കണക്കുപറഞ്ഞ് എണ്ണിവാങ്ങിയതിന്റെ ശേ‌ഷം പണയപ്പണ്ടങ്ങളെടുത്തു കൊടുക്കാനായി താക്കോലെടുത്തു പെട്ടിതുറന്നു. അപ്പോൾ അതിൽ ഒരു വലിയ "ജാളിക" ഇരിക്കുന്നതായി കണ്ടു. അയാൾ വളരെ അത്ഭുതപ്പെട്ടു. താനറിയാതെ ഈ "ജാളിക" പൂട്ടിവെച്ചിരുന്ന പെട്ടിയിൽ വന്നതെങ്ങനെയെന്നു സംശയിച്ച് അയാൾ ഭാര്യയെ വിളിച്ചു ചോദിച്ചു.

ഭാര്യ: അല്ലേ! അതു നിങ്ങൾ തന്നെ കൊണ്ടുവന്നു തന്ന് എന്നെക്കൊണ്ടു പെട്ടിയിൽ വെയ്പിച്ചതല്ലേ? എന്താ ഈയിടെ ഇത്രവലിയ മറവി?

നായർ: ഞാനിങ്ങനെ ഒരു ജാളിക കൊണ്ടുവന്നു തന്നുവോ? അത്ഭുതം തന്നെ. ഇതെന്നായിരുന്നു?

ഭാര്യ: ഇന്നേക്കു പത്തോ പതിനഞ്ചോ ദിവസമായിരിക്കും. അതിലധികമായിട്ടില്ല. ഇന്നാളൊരുദിവസം സന്ധ്യയ്ക്ക് എണ്ണതേച്ചു കൊണ്ടു കുളിക്കാൻ പോയില്ലേ? അന്നാണ്.

നായർ: അന്നെന്നല്ല, ഒരിക്കലും ഇങ്ങനെ ഒരു ജാളിക ഞാൻ നിന്റെ കയ്യിൽകൊണ്ടുവന്നു തരികയുണ്ടായില്ല.

ഭാര്യ: ഇങ്ങനെ പറഞ്ഞാൽ വി‌ഷമമാണ്. കുളിക്കാനായി ഇറങ്ങിപ്പോയിട്ടു മാത്ര കഴിഞ്ഞപ്പോൾ നിങ്ങൾ തിരിയെ വന്നു മുറ്റത്തു നിന്നുകൊണ്ട് എന്നെ വിളിക്കുകയും ഞാൻ പുറത്തേക്കു വന്നപ്പോൾ ക്യ‌ഷ്ണപിള്ള പണവും പലിശയും കൊണ്ടുവന്നിരിക്കുന്നുവെന്നും നിങ്ങളുടെ കയ്യിന്മേലൊക്കെ എണ്ണയുള്ളതുകൊണ്ടു ഞാൻ താക്കോലെടുത്തു പെട്ടിതുറന്നു പണയപ്പണ്ടങ്ങളെല്ലാമെടുത്തു തരികയും ഈ ജാളികയെടുത്തു പെട്ടിയിൽ വെച്ചുപൂട്ടി താക്കോൽ പതിവുസ്ഥലത്തു വെയ്ക്കുകയും ചെയ്യണമെന്ന് നിങ്ങളെന്നോടു പറയുകയും ജാളിക ഇറയത്തു വെച്ചുതരികയും ചെയ്തത് ഈ ദിവസത്തിനിടയ്ക്കു നിങ്ങൾ മറന്നു പോയോ? എന്നാൽ അത്ഭുതം തന്നെ.

നായർ: ഭ്രാന്തു പറയുന്ന നിന്നോട് എന്തു പറയുന്നു? ആട്ടേ, എന്നിട്ടു നീയാ പണ്ടങ്ങളൊക്കെ എന്തു ചെയ്തു?

ഭാര്യ: ഞാനെടുത്തു നിങ്ങളുടെ കയ്യിൽ കൊണ്ടുവന്നു തന്നു.

നായർ: അയ്യോ! ഇങ്ങനെ ഭോ‌ഷ്ക് പറയരുത്. പെണ്ണുങ്ങൾ ധാരാളം പൊളി പറയുന്നവരാണ്. എന്നാൽ ഇങ്ങനെ ആരും പറഞ്ഞുകേട്ടിട്ടില്ല. നീയും ഇതിനുമുമ്പ് എന്നോടിങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോൾ നിന്റെ ബുദ്ധിക്ക് എന്തോ സ്വല്പം -സ്വല്പമല്ല, വളരെ- വല്ലായ്മ സംഭവിച്ചിട്ടുണ്ട്. അതാണിങ്ങനെ പറയുന്നത്.

ഭാര്യ: എന്റെ ബുദ്ധിക്ക് ഒരു വല്ലാമയും വന്നിട്ടില്ല. വാസ്തവം പറഞ്ഞാൽ പറയുന്നോരുടെ ബുദ്ധിക്കുതന്നെയാണ് ഇപ്പോൾ ഏതാണ്ട് വല്ലായ്മ പറ്റിയിരിക്കുന്നത്.

ഇങ്ങനെ ഇവർ തമ്മിൽ ഏതാനും വാഗ്വാദം കഴിഞ്ഞതിന്റെ ശേ‌ഷം നായർ ജാളികയഴിച്ചു കുടഞ്ഞിട്ടു. ഹാ! കഷ്ടം! അതിലുണ്ടായിരുന്നതു മുഴുവനും കരിങ്കൽച്ചില്ലി. അയ്യോ! എന്നൊരു നിലവിളിയോടുകൂടി നായർ മൂർച്ഛിച്ചുനിലത്തു പതിച്ചു. നായരുടെ പാരവശ്യം കണ്ടു ഭാര്യയും ബോധംകെട്ടുവീണു. നായരെ ക്യ‌ഷ്ണപിള്ളയും ഭാര്യയെ സമീപത്തു നിന്നിരുന്ന ദാസിയും താങ്ങിപ്പിടിച്ചു രണ്ടുപേരുടേയും മുഖത്തു കുറേശ്ശേ വെള്ളം തളിച്ചിട്ടു വിശറിയെടുത്തു വിശിത്തുടങ്ങി. മാത്രനേരം കഴിഞ്ഞപ്പോൾ നായർ കണ്ണുതുറന്ന് എണീറ്റിരുന്നു. അയാൾ ധൈര്യത്തെ അവലംബിച്ചുകൊണ്ട് "ആട്ടെ ക്യ‌ഷ്ണപിള്ളേ! പറ്റിയതൊക്കെ പറ്റി. പോയതൊക്കെ പോകട്ടേ. ഇനി നമ്മുടെ ഏർപ്പാടു തീർക്കാനെന്താണ് വേണ്ടതെന്നു പറയൂ" എന്നു പറഞ്ഞു.

കൃഷ്ണപിള്ള: ഞാനെന്തു പറയുന്നു? എല്ലാം നിങ്ങൾതന്നെ നിശ്ചയിച്ചാൽ മതി.

നായർ: നിങ്ങളുടെ പണ്ടങ്ങൾ കൈമോശം വന്നുപോയി. ഇനി നിങ്ങൾക്കു പകരം പണ്ടങ്ങൾ പണിയിച്ചു തരികയോ വില തരികയോ ചെയ്യാം. അതല്ലാതെ നിവ്യത്തിയില്ലല്ലോ. അതിലേതാണു വേണ്ടതെന്നു പറയൂ.

കൃഷ്ണപിള്ള: എനിക്കു പണ്ടമാണെങ്കിൽ എന്റെ പണ്ടങ്ങൾതന്നെ കിട്ടണം. അല്ലെങ്കിൽ വില മതി. പകരം പണിയിച്ചു തരണമെന്നില്ല.

നായർ: ആട്ടെ വില എന്തുവരും?

കൃഷ്ണപിള്ള: അതു നമ്മൾ അന്നുതന്നെ തീർച്ചപ്പെടുത്തീട്ടുണ്ടല്ലോ. രണ്ടായിരം രൂപ വിലയ്ക്കുണ്ടെന്നു നിങ്ങൾ തന്നെയല്ലേ അന്നു സമ്മതിച്ചു പറഞ്ഞത്. എനിക്ക് അതു കിട്ടിയാൽ മതി. ഞാൻ മര്യാദക്കേടൊന്നും പറയുകയില്ല.

നായർ: ശരി. രണ്ടായിരം രൂപ തന്നേക്കാം. എന്നാൽ തൽക്കാലം മുഴുവനും തരുന്നതിന് ഇവിടെ പണം ഇല്ലാതെയിരിക്കുന്നു. നിങ്ങൾ കൊണ്ടുവന്നു തന്നതിൽ നിന്ന് ആയിരം രൂപ രൊക്കം തന്നേക്കാം. ആയിരം രൂപയ്ക്കു തൽക്കാലം ഞാനൊരു പ്രമാണം എഴുതിത്തരാം.

കൃഷ്ണപിള്ള: ധാരാളം മതി. പ്രമാണം തന്നെ വേണമെന്നില്ല. നിങ്ങൾ തന്നേക്കാമെന്നു വാക്കു പറഞ്ഞാലും മതി.

നായർ: അതു പോരാ. മനു‌ഷ്യാവസ്ഥയ്ക്കു പ്രമാണമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പണമേർപ്പാടാണെങ്കിൽ ലൗകികവും ദാക്ഷിണ്യവും ആവശ്യമില്ല. എന്നു പറഞ്ഞ് നായർ ആയിരം രൂപ റൊക്കം എണ്ണിക്കൊടുക്കുകയും ഒരോലയെടുത്തു[1] വാർന്നു മുറിച്ചു ആയിരം രൂപയ്ക്ക് ഒരു പ്രമാണമെഴുതികൊടുക്കുകയും ചെയ്തിട്ടു “കൃഷ്ണപിള്ളേ! ഈ ആയിരം രൂപ മുപ്പതു ദിവസത്തിനകം തന്നു ഞാനീ പ്രമാണം മടക്കി വാങ്ങിക്കൊള്ളാം. എന്നാൽ നിങ്ങൾ ഈ സംഗതി ആരോടും പറഞ്ഞു പോകരുത്. പണം പോകുന്നതിലല്ലാ, വല്ലവരുമൊക്കെ പരിഹസിക്കുന്നതു കേൾക്കുന്ന കാര്യമാണ് സങ്കടം” എന്നു പറഞ്ഞു.

കൃഷ്ണപിള്ള: ഞാൻപറഞ്ഞിട്ട് ഈ സംഗതി പുറത്തുപോവുകയില്ല. നിശ്ചയം തന്നെ എന്നു പറഞ്ഞു ക്യ‌ഷ്ണപിള്ള പണവും പ്രമാണവുമെടുത്ത് പുറത്തിറങ്ങിപ്പോയി.

ഇത്രയും കഴിഞ്ഞപ്പോഴേക്കും നായരുടെ ഭാര്യയ്ക്കും ബോധം വീണു. അവരും എണീറ്റു പൂമുഖത്തു നായരുടെ അടുക്കൽ വന്നു. വി‌ഷാദിച്ചു വിചാരമഗ്നനായി ഒന്നും മിണ്ടാതെയിരുന്നിരുന്ന നായരെ കണ്ടിട്ടു ഭാര്യ വ്യസനിച്ചുകൊണ്ട് ഓരോന്നും പറഞ്ഞുതുടങ്ങി. ആ സമയം നമ്മുടെ കൊച്ചുണ്ണി അവിടെക്കേറിച്ചെന്ന് ഈ ഭാര്യാഭർത്താക്കൻമാരെ കണ്ടിട്ട് "ഇന്നെന്താ രണ്ടുപേരും ഒരുത്സാഹമില്ലാതെ വലിയ വിചാരത്തിൽ മുഴുകിയവരെപ്പോലെയായിരിക്കുന്നത്" എന്നു ചോദിച്ചു. ഉടനെ ഭാര്യ അവിടെയുണ്ടായിരുന്ന സംഗതികളെല്ലാം കൊച്ചുണ്ണിയെ പറഞ്ഞു കേൾപ്പിച്ചു. അതു നായർക്ക് ഒട്ടും രസിച്ചില്ല. സംഗതി ആരെയും അറിയിക്കാതെ കഴിക്കണമെന്നായിരുന്നുവല്ലോ അയാളുടെ വിചാരം. അതു ഭാര്യ മരനസ്സിലാക്കിയില്ല. പറഞ്ഞുതുടങ്ങിയപ്പോൾ നായർ രണ്ടുമൂന്നു പ്രാവശ്യം ചില ആംഗ്യങ്ങൾകൊണ്ടു വിലക്കി. അതൊന്നും ആ സ്ത്രീ കണ്ടുമില്ല. വർത്തമാനങ്ങളൊക്കെ കേട്ടുകഴിഞ്ഞപ്പോൾ കൊച്ചുണ്ണി നായരുടെ നേരെ നോക്കിയിട്ട് "അയ്യോ കഷ്ടം! ഇതു വലിയ കുറച്ചിലായിപ്പോയി. പുര എങ്ങനെ പണിയിച്ചാലും കൊണ്ടുപോകുന്നവൻ കൊണ്ടുപോകതന്നെ ചെയ്യുമെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം. കൊച്ചുണ്ണിക്കു വല്ലതും വേണമെങ്കിൽ പുര കുത്തിപ്പൊളിച്ച് അകത്തു കടന്നിട്ടു വേണമെന്നില്ല. കൊച്ചുണ്ണി പുറത്തു നിന്നാലും വേണമെങ്കിൽ അകത്തുള്ളതു പുറത്തു വരും. ഇതാ ക്യ‌ഷ്ണപിള്ളയുടെ പണ്ടങ്ങൾ. എല്ലാം ഇല്ലേ എന്നു നോക്കിക്കൊള്ളണം. കൊണ്ടുചെന്നു കൊടുത്ത് ഉടനെ നിങ്ങളുടെ രൂപയും പ്രമാണവും മടക്കിവാങ്ങിക്കൊണ്ടുപോരണം. എനിക്കിതിലൊന്നും വേണ്ട. ഇനിയെങ്കിലും നിങ്ങൾ പറഞ്ഞിട്ടുള്ളതു പോലെ ഊറ്റം പറയാതിരുന്നാൽ മതി” എന്നു പറഞ്ഞു പണ്ടങ്ങളെല്ലാം നായരുടെ മുമ്പിൽ വച്ചിട്ടു കൊച്ചുണ്ണി ഇറങ്ങിപ്പോവുകയും ചെയ്തു. പണ്ടങ്ങൾ കിട്ടിയതുകൊണ്ടു നായർക്കു വളരെ സന്തോ‌ഷമുണ്ടായി. എങ്കിലും അയാളുടെ മുഖം ആ സമയം പുളിശ്ശേരി കുടിച്ചതുപോലെ ഇരുന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ. ഭാര്യയുടെ മനസ്സിൽ അത്ഭുതമോ ലജ്ജയോ അധികമുണ്ടായതെന്നു തീർച്ച പറവാൻ പ്രയാസം. കൊച്ചുണ്ണി ആൾമാറാട്ട വിദ്യയിലും അദ്വിതീയനായിരുന്നുവെന്നുള്ളത് ഈ കഥകൊണ്ടു സ്പ ഷ്ടമാകുന്നുണ്ടല്ലോ. ഈ സംഗതി പ്രസിദ്ധമായപ്പോൾ നാട്ടുകാരുടെയിടയിൽ കൊച്ചുണ്ണിയെക്കുറിച്ചുണ്ടായിരുന്ന ഭയവും ബഹുമാനവും ശതഗുണീഭവിച്ചു.

ഇനി കൊച്ചുണ്ണിയുടെ തൽക്കാലോചിത കർത്തവ്യജ്ഞാനത്തിനു ദൃഷ്ടാന്തമായിട്ട് ഒരു സംഗതി പറയാം.

ഒരിക്കൽ കൊച്ചുണ്ണി ചെലവിനൊന്നുമില്ലാതെ ബുദ്ധിമുട്ടുകയാൽ കായംകുളത്തു ധനവാനായ ഒരു നായരുടെ അടുക്കൽ ചെന്നു നൂറു പറ നെല്ലുകിട്ടിയാൽ കൊള്ളാമെന്നു പറഞ്ഞു. നായർ 'പണം കൊണ്ടു വന്നിട്ടുണ്ടോ' എന്നു ചോദിച്ചു. 'പണം തൽക്കാലം കൈവശമില്ല' എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു.

നായർ: ഇവിടെ നെല്ലുള്ളതു വിൽക്കാനാണ് ഇട്ടിരിക്കുന്നത്. വെറുതെ വല്ലവർക്കും വാരിക്കൊടുക്കാനല്ല. പണമോ അതില്ലെങ്കിൽ പണയമോ കൊണ്ടുവന്നാൽ നെല്ലുതരാം. അല്ലാതെ നിവ്യത്തിയില്ല.

കൊച്ചുണ്ണി: തീർച്ചതന്നെയോ?

നായർ: തീർച്ചതന്നെ! യാതൊരു സംശയവുമില്ല.

ഇതു കേട്ടു കൊച്ചുണ്ണി ഇറങ്ങിപ്പോയി. നാലഞ്ചുദിവസം കഴിഞ്ഞതിനുശേ‌ഷം കൊച്ചുണ്ണി ഒരു ദിവസം രാത്രിയിൽ തന്റെ കൂട്ടുകാരിൽ ചിലരോടുകൂടി നായരുടെ വീട്ടിലെത്തി. നായർക്കു രണ്ടു സഹോദരിമാരുണ്ടായിരുന്നവരെ രണ്ടുപേർ സംബന്ധം ചെയ്തുകൊണ്ടു പോയിരുന്നതിനാൽ അയാൾ ഭാര്യയെയും മക്കളെയുംകൂടി വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയായിരുന്നു. അത് ഉ‌ഷ്ണകാലം വളരെ കലശലായിട്ടുള്ള മേടമാസം കാലമായിരുന്നതിനാൽ രാത്രികാലങ്ങളിൽ നായരും ഭാര്യയും പുറത്തു പൂമുഖത്താണ് പതിവായി കിടന്നുവന്നിരുന്നത്. കൊച്ചുണ്ണിക്കു നെല്ലു കൊടുക്കാതെയിരുന്നതിനാൽ അവൻ മു‌ഷിഞ്ഞാണ് പോയിരിക്കുന്നതെന്നും അവൻ എന്നെങ്കിലും കൊള്ളയ്ക്കു വരാതിരിക്കയില്ലെന്നുമുള്ള വിചാരം നായർക്കു നല്ലപോലെയുണ്ടായിരുന്ന തിനാൽ അത്താഴം കഴിഞ്ഞാൽ ഭാര്യയുടെയും കുട്ടികളുടെയും ആഭരണ ങ്ങളെല്ലാം അഴിച്ചുവാങ്ങി അറയ്ക്കകത്തു പെട്ടിയിൽവച്ചു പൂട്ടുകയും അപ്രകാരംതന്നെ പുരയുടെ സകല വാതിലും അടച്ചു പൂട്ടുകയും ചെയ്തിട്ടാണ് അയാൾ കിടന്നുറങ്ങുക പതിവ്. പടിപ്പുരച്ചാവടിയിലും മാടത്തിലും മറ്റുമായി അയാൾ അഞ്ചെട്ടുപേരെ കാവൽ കിടത്തുകയും പതിവായിരുന്നു. കൊച്ചുണ്ണിയും കൂട്ടരും അവിടെ ചെന്നതായ രാത്രിയിലും അയാൾ അങ്ങനെയെല്ലാം ചെയ്തിരുന്നു.

കൊച്ചുണ്ണി കൊള്ളയ്ക്കായി എവിടെച്ചെന്നാലും പുരയ്ക്കകത്തു കടക്കുക പതിവില്ല. കൂട്ടുകാരെ അകത്തു കടത്തീട്ടു പുറത്തു നിൽക്കുകയാണ് പതിവ്. ആ പതിവിൻപ്രാകാരമാണ് ഇവിടെയും ചെയ്തത്. പുരയുടെ പുറകുവശത്തുള്ള ഭിത്തി കുത്തിപ്പൊളിച്ച് കൂട്ടുകാർ അകത്തു കടന്നു കള്ളത്താക്കോലിട്ട് അറ തുറന്ന് പൊൻപണ്ടങ്ങളും പവനും രൂപയും ചക്രവുമെല്ലാം എടുത്തുതുടങ്ങി. കൊച്ചുണ്ണി ആയുധപാണികളായിട്ടു പുറത്തു നിൽക്കുകയും ചെയ്തു. അകത്തുകടന്നവർ ഓരോന്നു തപ്പിയെടുത്തു നടന്നപ്പോൾ അടുക്കിവച്ചിരുന്ന ഓട്ടുപാത്രങ്ങളിൻമേൽ അവരിലൊരാളുടെ കാൽമുട്ടുകയാൽ എല്ലാംകൂടി ഉരുണ്ടുവീണു വലിയ ശബ്ദമുണ്ടായി. അതുകേട്ടു നായരുണർന്നു. അപ്പോഴേക്കും കാവർക്കാരുമെല്ലാം അവിടെ ഓടിയെത്തി. ഉടനെ വിളക്കും ചൂട്ടുകളുമെല്ലാം കൊളുത്തി. അപ്പോൾ കൊച്ചുണ്ണി സ്വൽപം ദൂരെ മാറിനിന്നു. നായർ താക്കോലെടുത്തു പുര തുറന്നു. പുര തുറക്കുന്നതു കേട്ടു നായരുടെ ഭാര്യയുണർന്നു. എല്ലാവരുംകൂടി പുരയ്ക്കകത്തേക്കു കടന്നു. കാര്യം പറ്റി, കൂട്ടുകാരെ പിടികൂടുമെന്നുതന്നെ കൊച്ചുണ്ണി തീർച്ചപ്പെടുത്തി. പുര തുറക്കുന്ന ശബ്ദം കേട്ട് കൂട്ടുകാർ പുരയുടെ ഒരു മൂലയിൽ പതുങ്ങി യൊതുങ്ങിയിരുന്നതിനാൽ നായരക്കും മറ്റും പെട്ടെന്നവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എല്ലാവരും പുരയ്ക്കകത്തായി എന്നറിഞ്ഞപ്പോൾ കൊച്ചുണ്ണി പെട്ടെന്നോടിച്ചെന്ന് പൂമുഖത്തു കിടന്നുറങ്ങിയിരുന്ന രണ്ടു കുട്ടികളെയെടുത്ത് ആ പുരയിടത്തോടടുത്ത് കിഴക്കുവശത്തുണ്ടായിരുന്ന വയലിലേക്കെറിഞ്ഞു. കുട്ടികൾ അവിടെകിടന്നു നിലവിളികൂട്ടി. നായരും ഭാര്യയും അതുകേട്ട് 'അയ്യോ! കുഞ്ഞുങ്ങൾ' എന്നു പറഞ്ഞു നിലവിളിച്ചുകൊണ്ടു പാടത്തേക്കോടി. വിളക്കുമായി ഭ്യത്യൻമാരും പിന്നാലെ എത്തി. സർവസ്വവും പോയാലും കുട്ടികളുടെ ജീവൻ കിട്ടിയാൽ മതിയെന്നുള്ള വിചാരമേ അവർക്കപ്പോഴിണ്ടായിരുന്നുള്ളൂ. ആ തരത്തിനു കൊച്ചുണ്ണി കൂട്ടുകാരെ വിളിച്ചുകൊണ്ടു പമ്പകടന്നു. കുട്ടികളെ എടുത്തുകൊണ്ടുവന്നു നോക്കിയപ്പോൾ അവർക്കു വലിയ തരക്കേടൊന്നും പറ്റിയിരുന്നില്ല. പിന്നെ എല്ലാവരും കൂടി പുരയ്ക്കകമെല്ലാം പരിശോധന കഴിച്ചു. കള്ളൻമാരെ അവിടെയെങ്ങും കണ്ടില്ല. മുതൽകാര്യങ്ങൾ തിട്ടം വരുത്തി നോക്കിയപ്പോൾ പണ്ടങ്ങളും പണവുമുൾപ്പെടെ പന്തീരായിരം രൂപയുടെ വക കൊണ്ടുപോയിട്ടുണ്ടെന്നറിഞ്ഞു. കൊച്ചുണ്ണി അപ്പോൾ ആ വിദ്യ പ്രയോഗിച്ചില്ലെങ്കിൽ കൂട്ടുകാരെല്ലാം അകപ്പെട്ടുപോകുമായിരുന്നു വെന്നുള്ളതു തീർച്ചയാണല്ലോ.

1027-ആമാണ്ടു മുറജപക്കാലത്തു തിരുനാവായ വാദ്ധ്യാൻനമ്പൂതിരി അവർകൾക്ക് അദ്ദേഹത്തിന്റെ അച്ഛന്റെ ശ്രാദ്ധമൂട്ടുന്നതിനു സ്വഗൃഹത്തിൽ പോകേണ്ടതായി വരികയാൽ വിവരം മഹാരാജാവുതിരുമനസ്സിലെ സന്നിധിയിൽ അറിയിച്ചുകൊണ്ടു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു. ഒരു ദിവസം അത്താഴം കഴിഞ്ഞു ബോട്ടുകയറി ജലമാർഗമായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. പിറ്റെദിവസം രാവിലെ വർക്കല എത്തി കുളിയും തേവാരവും ഊണും കഴിച്ച് ഉടനെ പുറപ്പെട്ടു. വൈകുന്നേരം കൊല്ലത്തെത്തി. കൊല്ലത്തുനിന്ന് അത്താഴം കഴിഞ്ഞു പുറപ്പെടാൻ ഭാവിച്ചപ്പോൾ ബോട്ടുകാർ "ഇനി ഇന്നു പോകാൻ നിവൃത്തിയില്ല. കായംകുളം കായലിൽകൂടി വേണം പോകാൻ. അവിടം രാത്രി സമയം സഞ്ചരിക്കാൻ കൊള്ളാവുന്ന സ്ഥലമല്ല. കായംകുളം കൊച്ചുണ്ണിയും കൂട്ടുകാരും രാത്രികാലങ്ങളിൽ ആ കായലിൽ ഉണ്ടായിരിക്കുന്നതു പതിവാണ്. അവരുടെ കയ്യിലകപ്പെടുന്നവരുടെ പ്രാണനും പണവും അപഹരിക്കാതെ അവർ വിട്ടയയ്ക്കുക പതിവില്ല. അതിനാൽ രാവിലെ പുറപ്പെടുകയാണ് നല്ലത്" എന്നു പറഞ്ഞു. അതു കേട്ടു വാദ്ധ്യാൻനമ്പൂതിരി "കൊച്ചുണ്ണിയും ഒരു മനു‌ഷ്യൻതന്നെയാണല്ലോ. അവൻ ഉപദ്രവിക്കാതെയിരിക്കാൻ എന്തെങ്കിലും നിവ്യത്തിയുണ്ടാകും ഇപ്പോൾതന്നെ പുറപ്പെടാതെയിരിക്കാൻ എന്തെങ്കിലും നിവ്യത്തിയില്ല. നാളെ രാവിലെ അമ്പലപ്പുഴ എത്തണം" എന്നു പറഞ്ഞു. എന്നാൽ കല്പനപോലെ. തിരുമനസ്സിലെ ജിവനേക്കാൾ വലിയതല്ല അടിയങ്ങളുടെ ജീവൻ. ആപത്തു വല്ലതുമുണ്ടായെങ്കിൽ അടിയങ്ങളുടെ പേരിൽ തിരുവുള്ളക്കേടുണ്ടാകരുത് എന്നേ ഉള്ളൂ. എന്നാൽ നിങ്ങളെന്താ അതു മുൻകൂട്ടി പറയാത്തത്?"എന്നു കല്പിച്ചു ചോദിക്കാൻ ഇടയാകരുതെന്നു വിചാരിച്ചാണ് അടിയങ്ങൾ ഉള്ള പരമാർത്ഥം അറിയിച്ചത്" എന്നു പറഞ്ഞു ബോട്ടുകാരെല്ലാം തയ്യാറായി. ഉടനെ വാദ്ധ്യാൻ നമ്പൂതിരി അവർകൾ ബോട്ടിൽ കയറുകയും ബോട്ടുകാർ ബോട്ടു നീക്കുകയും ചെയ്തു. നേരം വെളുക്കാൻ ഏകദേശം പത്തു നാഴിക ഉള്ളപ്പോൾ ബോട്ടു കായംകുളംകായലിന്റെ മധ്യത്തിലെത്തി. അപ്പോൾ കുറച്ചുദൂരെനിന്നു വളരെ ഗരൗവത്തോടും ഗാംഭീര്യത്തോടും. "ബോട്ടുകാരാര്? ബോട്ടവിടെ നിലക്കട്ടെ" എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. ഉടനെ വാദ്ധ്യാൻനമ്പൂതിരി ബോട്ടു നിറുത്താൻ പറയുകയും ബോട്ടുകാർ ബോട്ടു നിറുത്തുകയും 'അയ്യോ തിരുമേനി! കാര്യം തെറ്റി. നാമെല്ലാമകപ്പെട്ടു' എന്നു പറയുകയും ചെയ്തു. വാദ്ധ്യാൻ നമ്പൂതിരി അവർകൾ ചങ്ങലവട്ട (ഒരു മാതിരി വിളക്ക്) എടുത്തു മുമ്പിൽവച്ച് (അതു കെടുത്തീട്ടില്ലായിരുന്നു) ബോട്ടിന്റെ വാതിലുകളെല്ലാം തുറന്നിട്ട് യാതൊരു കൂസലും കൂടാതെ അവിടെയിരുന്നു. ബോട്ടുകാരും വാദ്ധ്യാൻനമ്പൂതിരി അവർകളുടെ പരിവാരങ്ങളുമെല്ലാം പ്രാണഭീതിയോടുകൂടി കിടുകിടാ വിറച്ചുകൊണ്ടു ശ്വാസം പോലും നേരെ വിടാതെ നിലയുമായി. മാത്രയ്ക്കിടയിൽ എട്ടു തണ്ടുവെച്ചതായ ഒരോടിവള്ളം ബോട്ടിന്റെ ഒരു വശത്തായി വന്നടുത്തു. ഉടനെ വാദ്ധ്യാൻനമ്പൂതിരി. 'വഞ്ചിയിലാരാണ്? കൊച്ചുണ്ണിയല്ലേ? ബോട്ടിലേക്കു കടക്കാം' എന്നു പറഞ്ഞു ഇതുകേട്ടപ്പോൾ കൊച്ചുണ്ണിക്ക് അല്പമൊരു ശങ്ക ജനിച്ചു. 'ഇത്ര ധൈര്യത്തോടുകൂടി ഇപ്രകാരം പറയുന്ന ഈ ഗംഭീരമാനസൻ ആരായിരിക്കും? ആരെങ്കിലുമാകട്ടെ. ഈ വാക്കുകേട്ട് ഭയപ്പെട്ട് ഒന്നു പരീക്ഷിച്ചു നോക്കാതെ പിൻമാറിപോകുന്നതു ഭീരുത്വവും ഭോ‌ഷത്വവുമാണല്ലോ' എന്നു വിചാരിച്ച്, 'ഞാൻകൊച്ചുണ്ണിതന്നെ, കായംകുളം കൊച്ചുണ്ണി' എന്നു പറഞ്ഞുകൊണ്ട് ബോട്ടിലേക്കു കയറി. ഉടനെ വാദ്ധ്യാൻ നമ്പൂതിരി “അവിടെയിരിക്കാം. കായംകുളം കൊച്ചുണ്ണിയെന്നു കേട്ടുതുടങ്ങീട്ടു വളരെക്കാലമായി. ഒന്നു കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹിച്ചു തുടങ്ങീട്ടു വളരെ നാളായി. ഇപ്പോൾ മാത്രമേ അതു സാധിച്ചുളളൂ. ഭാഗ്യം തന്നെ. വളരെ സന്തോ‌ഷമായി. ഈ സമയത്ത് ഇതിലേ പോയാൽ കൊച്ചുണ്ണിയെ കാണാൻ തരമാകുമെന്നു ബോട്ടുകാർ പറഞ്ഞു. അതാണ് ഈ അസമയത്തുതന്നെ പുറപ്പെട്ടത് ഞാൻ തിരുനാവായ വാദ്ധ്യാനാണ്. മുറജപം സംബന്ധിച്ചു തിരുവനന്തപുരത്തു പോയിരുന്നു. മറ്റന്നാൾ അച്ഛന്റെ ശ്രാദ്ധമാണ്. അതിനു വടക്കുള്ള ഇല്ലത്തെത്താൻ സമയമില്ലാത്തതുകൊണ്ടു കോട്ടയത്തിനു സമീപം കുടമാളൂർ എന്ന ദേശത്തു നമുക്കുള്ള ഇല്ലത്തു ചെന്നു ശ്രാദ്ധം കഴിച്ചു പോരാമെന്നു വിചാരിച്ചു പുറപ്പെട്ടിരിക്കുകയാണ്. ശ്രാദ്ധം കഴിഞ്ഞാൽ അന്നുതന്നെ ഇങ്ങോട്ടുമുണ്ടാകും. ലക്ഷദ്ദീപത്തിനുമുമ്പായി ഇനിയും തിരുവനന്തപുരത്തെത്തണം. ഉടനെ മടങ്ങിവരണമല്ലോ എന്നു വിചാരിച്ചു സാമാനങ്ങൾ അധികമൊന്നു കൊണ്ടുപോന്നില്ല. പണവും ചുരുക്കമാണ്. എങ്കിലും കുറച്ചു കാണും. ഉള്ളതൊക്കെ എടുക്കാം. ഇതാ പെട്ടിയുടെ താക്കോൽ" എന്നു പറഞ്ഞു താക്കോൽ കൊച്ചുണ്ണിയുടെ മുമ്പിലേക്കു വച്ചു. കൊച്ചുണ്ണി വളരെ വിനയത്തോടുകൂടി താണുതൊഴുതുകൊണ്ട് "അടിയൻ ഇപ്രകാരമുള്ള മഹാബ്രാഹ്മണരുടെ അടുക്കൽ ഇരിക്കാൻ തക്ക യോഗ്യതയുള്ളവനല്ല. ഇങ്ങനെയുള്ളവരെ ഉപദ്രവിക്കുകയോ അവരുടെ മുതൽ അപഹരിക്കുകയോ ചെയ്യാറുമില്ല. യാതൊരുത്തർക്കും മനസ്സറിഞ്ഞു യാതൊന്നും കൊടുക്കാത്ത ധനവാൻമാരായ ദുഷ്ടൻമാരെ മാത്രമെ അടിയൻ ഉപദ്രവിക്കാറുള്ളൂ. ഇപ്പോൾ അടിയൻ ആളറിയാതെ അടുത്തു വരികയും ബോട്ടിൽക്കയറുകയും എഴുന്നള്ളത്തിനു ഇത്രയും താമസം വരുത്തുകയും ചെയ്തുപോയതിനെക്കുറിച്ചു തിരുവുള്ളക്കേടുണ്ടാകരുതെന്നും ഈ തെറ്റിനെ കൃപാപൂർവ്വം ക്ഷമിക്കണമെന്നും അപേക്ഷിക്കുന്നു. ഇതിനെക്കുറിച്ച് അടിയന് അപാരമായ പശ്ചാത്താപമുണ്ട്. എങ്കിലും കഴിഞ്ഞകാര്യത്തെപ്പറ്റി ഇനി അധികം വിചാരിക്കുകയും പറയുകയും ചെയ്തതുകൊണ്ടുപ്രയോജനമൊന്നുമില്ലല്ലോ. അതിനാൽ അടിയനു വിട കൊള്ളാൻ കല്പിച്ചനുവാദം തരണമെന്ന് അപേക്ഷിക്കുന്നു. ഈവിധം ഇവിടെ വെച്ചെങ്കിലും ത്യപ്പാദം കണ്ടു വന്ദിക്കാനിടയായതു വലിയ ഭാഗ്യം തന്നെ" എന്നു പറഞ്ഞു വീണ്ടും വന്ദിച്ചു. അപ്പോൾ വാദ്ധ്യാൻനമ്പൂതിരി "ഒന്നും വേണമെന്നില്ലെങ്കിൽ പോകാം, എങ്കിലും അധികം താമസിക്കാൻ തരമില്ല. ഇനിയും താമസിയാതെ തമ്മിൽ കാണാൻ ഈശ്വരൻ സംഗതി വരുത്തട്ടെ. കൊച്ചുണ്ണിയെ ഞാൻഇപ്പോൾ ആദ്യമായി കാണുകയാണല്ലോ ഉണ്ടായത്. അതിനാൽ ഒന്നും തരാതെയയയ്ക്കുന്നതു ലൗകികത്തിനു പോരാത്തതാണ്. അതുകൊണ്ട് ഇപ്പോൾ ഇതിരിക്കട്ടെ" എന്നു പറഞ്ഞു നാലു പാവുമുണ്ടെടുത്തു കൊച്ചുണ്ണിയുടെ കയ്യിൽകൊടുത്തു. കൊച്ചുണ്ണി സവിനയം അതു തൊഴുതു വാങ്ങീട്ട് അടിയന്റെ കൂട്ടുകാരിൽ ചിലർ വേറെ തോണികളിൽ കയറി ഈ കായലിൽതന്നെ സഞ്ചരിക്കുന്നുണ്ട്. ഇവിടെനിന്നും വടക്കോട്ടു ചെല്ലുമ്പോൾ ഒരുസമയം അവരിൽ വല്ലവരും വന്നു പിടികൂടിയേക്കും. അവർ അത്ര വകതിരിവുള്ളവരല്ലാത്തതിനാൽ പക്ഷേ, വല്ല ഉപദ്രവവും ചെയ്തുവെന്നുവരാം. അങ്ങനെ വരാതിരിക്കാനും അടിയനെക്കുറിച്ചുള്ള ഓർമ എന്നും തിരുമനസ്സിലുണ്ടായിരിക്കാനുമായി ഇതു ത്യക്കയ്യിൽ കിടക്കട്ടെ. ഇതു കാണിച്ചു വിവരം പറഞ്ഞാൽ അടിയന്റെ കൂട്ടുകാരെല്ലാം ഒരു ഉപദ്രവവും ചെയ്യാതെ മടങ്ങിപ്പൊയ്ക്കൊള്ളും എന്നു പറഞ്ഞ് കൊച്ചുണ്ണി തന്റെ കൈവിരലിൽ കിടന്നിരുന്ന ഒരു മോതിരം ഊരിയെടുത്തു വാദ്ധ്യാൻനമ്പൂതിരിയുടെ കയ്യിൽകൊടുത്തു. രത്നഖചിതമായ ആ മോതിരത്തിന് ആയിരംരൂപയിൽ കുറയാതെ വില കാണുമെന്നാണ് കേട്ടിട്ടുള്ളത്.

ഇങ്ങനെ കൊച്ചുണ്ണിയും വാദ്ധ്യാൻനമ്പൂതിരിയും തമ്മിൽ സസ്സന്തോ‌ഷം പിരിയുകയും ബോട്ടു വിട്ടു കുറച്ചു വടക്കോട്ടു ചെന്നപ്പോൾ രണ്ടുമൂന്നു സ്ഥലത്തുവെച്ചു കൊച്ചുണ്ണിയുടെ കൂട്ടുകാരായ ചില തോണിക്കാർ അടുത്തുചെല്ലുകയും ബോട്ടിൽകയറി അക്രമങ്ങൾക്കായിട്ടു ഭാവിക്കുകയും ചെയ്തുവെങ്കിലും വാദ്ധ്യാൻനമ്പൂതിരി കൊച്ചുണ്ണി കൊടുത്ത മോതിരം കാണിച്ചു വിവരം പറയുകയാൽ യാതൊരുപദ്രവവും ചെയ്യാതെ എല്ലാവരും മടങ്ങിപ്പോവുകയും വാദ്ധ്യാൻനമ്പൂതിരി ആപത്തൊന്നുകൂടാതെ കുടമാളൂരെത്തുകയും ചെയ്തു ആ മോതിരമുണ്ടായിരുന്നതുകൊണ്ടും വാദ്ധ്യാൻനമ്പൂതിരിക്കു തെക്കൻയാത്രയിൽ അതിൽപിന്നെ യാതൊരിക്കലും കൊച്ചുണ്ണി മുതൽപേരിൽനിന്നു യാതൊരുപദ്രവവും ഉണ്ടായിട്ടില്ലെന്നും അദ്ദേ‌ഷം അത് ആജീവനാന്തം സബഹുമാനം തന്റെ കൈവിരലിൽ ധരിച്ചിരുന്നുവെന്നും ആ മോതിരം ഇപ്പോഴും വാദ്ധ്യാൻ മനക്കലെ ഈടുവെപ്പിലിരുപ്പുണ്ടെന്നുമാണ് കേൾവി. ഈ കഥകൊണ്ടു കൊച്ചുണ്ണിയുടെ സ്വഭാവഗുണം സ്പഷ്ടമാകുന്നുണ്ടല്ലോ.

കൊച്ചുണ്ണിയും അവന്റെ കൂട്ടുകാരും വലിയ അഭ്യാസികളായിരുന്നു വെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയിരുന്ന അവരെല്ലാം അഭ്യാസികളായ ഒരു മൂസ്സാമ്പൂരിയോടു തോറ്റുപോയി എന്നുള്ള അത്ഭുത സംഗതിയാണ് ഇനി പ്രസ്താവിക്കാൻ ഭാവിക്കുന്നത്. വാദ്ധ്യാൻനമ്പൂതിരി അവർകൾ വീണ്ടും തിരുവനന്തപുരത്ത് എത്തിയതിന്റെശേ‌ഷം ഒരു ദിവസം നമ്പൂതിരിമാരുടെ സദസ്സിൽവെച്ച് "കായംകുളം കൊച്ചുണ്ണിയെപ്പോലെ കാഴ്ചയിലും കാര്യത്തിലും യോഗ്യനായിട്ടുള്ള ഒരു മുഹമ്മദീയനെ ഞാൻകണ്ടിട്ടില്ല. കണ്ടാൽ നല്ല സുമുഖൻ, സംഭാ‌ഷണം അതിമധുരം, ഒരൊന്നാന്തരം അഭ്യാസി. മര്യാദകൊണ്ടല്ലാതെ ബലംകൊണ്ടോ അഭ്യാസംകൊണ്ടോ അവനെ ജയിക്കാൻ ആരു വിചാരിച്ചാലും സാധിക്കുകയില്ല" എന്നും മറ്റും പ്രസ്താവിക്കയുണ്ടായി. ഇതുകേട്ടു കോഴിക്കോട്ടുകാരനും ഏറ്റവും വയോവ്യദ്ധനുമായ ഒരു നമ്പൂതിരി "എന്നാൽ കൊച്ചുണ്ണിയെ ഒന്നു കാണണമല്ലോ. മടക്കം കായംകുളം വഴിക്കുതന്നെ ആയിക്കളയാം" എന്നു പറയുകയും മുറജപം കഴിഞ്ഞ് അദ്ദേഹം അങ്ങനെതന്നെ പുറപ്പെടുകയും ചെയ്തു.

ഒരു ദിവസം സന്ധ്യക്കു മുമ്പായി മൂസാമ്പൂരി തോണിക്കു കരുനാഗപ്പള്ളിയിൽ പടനായർകുളങ്ങര എന്ന സ്ഥലത്തു വന്നിറങ്ങി. അവിടെ കുളിച്ചു സന്ധ്യാവന്ദനാദികളും അത്താഴവും കഴിച്ച് അപ്പോൾതന്നെ അവിടെനിന്നു കരവഴിക്ക് വടക്കോട്ടു പുറപ്പെട്ടു. രാത്രി ഏകദേശം പത്തുപതിനൊന്നു മണിയായപ്പോൾ അദ്ദേഹം പുത്തൻതെരുവ് എന്ന സ്ഥലത്തെത്തി. അപ്പോൾ ഏകാകിയായിപ്പോകുന്ന അദ്ദേഹത്തെ മദ്ധേമാർഗ്ഗം ചില കച്ചവടക്കാർ കണ്ടു. "ഹേ! അങ്ങ് ഈ അസമയത്ത് എങ്ങോട്ടാണ് പോകുന്നത്?" എന്നു ചോദിച്ചു. "ഞാൻകുറച്ചു വടക്കോളം പോവുകയാണ്" എന്നു മൂസ്സാനമ്പൂതിരി മറുപടി പറഞ്ഞു.

കച്ചവടക്കാർ: "അങ്ങു തനിച്ച് ഈ സമയത്തു പോകരുത്. പോയാൽ ആപത്തുണ്ടാകും. ഇവിടെനിന്നു കുറച്ചു വടക്കോട്ട് ചെല്ലുമ്പോൾ വവൗക്കാട് എന്ന സ്ഥലമായി. രാത്രികാലങ്ങളിൽ അവിടെ കായംകുളം കൊച്ചുണ്ണി മുതലായവരുടെ സഞ്ചാരമുണ്ടായിരിക്കുന്നതു സാധാരണമാണ്. അവരിലാരെങ്കിലും കണ്ടാൽ അങ്ങയുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുമെന്നു മാത്രമല്ല ഒരു സമയം ബ്രഹ്മഹത്യാ ചെയ്യുന്നതിനും അവർ മടിക്കുന്നവരല്ല. അതിനാൽ ഇവിടെയെങ്ങാനും താമസിച്ചു നാളെ രാവിലെ പോയാൽ മതി. കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് അങ്ങും കേട്ടിരിക്കുമല്ലോ."

മൂസ്സാമ്പൂരി: "കേട്ടിട്ടുണ്ട്. എങ്കിലും അവനെക്കുറിച്ചു ഭയമില്ല. എനിക്കു പട്ടികളെക്കുറിച്ചു മാത്രമേ ഭയമുള്ളൂ. അതിനാൽ നിങ്ങൾ ഒരു വടി തരാമെങ്കിൽ വലിയ ഉപകാരമായിരിക്കും."

കച്ചവടക്കാർ: "ഈ പാതിരാത്രിക്കു വടിയുണ്ടാക്കാൻ ഞങ്ങളെവിടെപ്പോകുന്നു? അതൊന്നും വേണ്ട ഇന്നത്തെ ഇവിടെ താമസിച്ചിട്ടു പോവുകയാണ് നല്ലത്. പിന്നെ മനസ്സുപോലെ."

മൂസ്സാമ്പൂരി: (ഒരു കച്ചവടക്കാരന്റെ കയ്യിൽ ഒരു വെള്ളിക്കോലിരിക്കുന്നത് കണ്ടിട്ട്) "വടിയില്ലെങ്കിൽ തൽക്കാലാവശ്യത്തിലോക്കായി ആ വെള്ളിക്കോൽ ഇങ്ങോട്ടു തന്നാലും മതി."

വെള്ളിക്കോലു കൊടുക്കുന്ന കാര്യത്തിൽ കച്ചവടക്കാരൻ സ്വൽപ്പം ചില തർക്കങ്ങളെല്ലാം പറഞ്ഞുവെങ്കിലും ആ വ്യദ്ധബ്രാഹ്മണന്റെ നിർബന്ധം നിമിത്തം ഒടുക്കം അയാളതു കൊടുത്തു. മൂസ്സാമ്പൂരി വെള്ളിക്കോലുമായി പിന്നെയും നേരെ വടക്കോട്ടു നടന്നു. ഏകദേശം ഒരു നാഴിക വടക്കോട്ടുനടന്നപ്പോൾ വവൗക്കാട് എന്ന സ്ഥലത്തെത്തി. ഈ സ്ഥലം കരുനാഗപ്പള്ളിക്കും കായംകുളത്തിന്നും മദ്ധ്യേ ഉള്ളതും കൊച്ചുണ്ണി മുതലായവരുടെ സങ്കേതവും ഏറ്റവും വിജനമായിട്ടുള്ളതുമാണ്. മൂസ്സാമ്പൂരി അവിടെ വന്നപ്പോൾ നല്ല ത്രിശാലമുട്ടൻമാരായിട്ടുള്ള നാലുപേർ ആ വഴിയിൽ ഇരിക്കുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം യാതൊരു കൂസലും കൂടാതെ അവരുടെ അടുക്കൽകൂടി കടന്നു വടക്കോട്ടു നടന്നു. അവിടെ ഇരുന്നിരുന്നത് മമ്മത് മുതലായവരായിരുന്നു. ഒരു കൂസലും കൂടാതെ നമ്പൂതിരി കടന്നു പോയതുകണ്ടിട്ട് മമ്മത് "ഹേ! ആ കടന്നുപോയതാരാണ്? ഇവിടെ വരണം ചോദിക്കട്ടെ" എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: "അങ്ങോട്ടുവരാൻ എനിക്കു മനസ്സില്ല. ആവശ്യവുമില്ല. എന്നെക്കണ്ടിട്ടു വല്ലതുമാവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടു വരണം. ഞാൻ ഇവിടെയിരുന്നു മുറുക്കാൻ ഭാവിക്കുകയാണ്."

മമ്മത്: "ഹാ! ഇയാൾ കുറെ കേമനാണല്ലോ. അത്ര ധിക്കാരിയെങ്കിൽ ഇയാളെ വിട്ടയയ്ക്കാൻ പാടില്ല. ഈ സമയത്ത് ഒരു കൂസൽ കൂടാതെ ഇതിലേ കടന്നു പൊയ്ക്കളയാമെന്നു വിചാരിച്ചതുതന്നെ ഇയ്യാളുടെ അഹമ്മകൊണ്ടല്ലേ? അതൊന്നു തീർത്തുവിടണം."

മൂസ്സാമ്പൂരി: അതു നിങ്ങൾ വിചാരിച്ചാൽ സാധിക്കുമെന്നു തോന്നിന്നില്ല. ഇതു ധർമരാജ്യമാണ്. ഇവിടെ അസമയം നോക്കാനൊന്നുമില്ല. രാത്രിയിലും പകലും ഒരുപോലെ സഞ്ചരിക്കാം. വഴിയിൽവെച്ച് ആരെങ്കിലും വിളിച്ചാൽ അവരുടെയൊക്കെ അടുക്കൽ ചെന്നുകൊള്ളാമെന്നു മഹാരാജാവിന്റെ കൽപനയുമില്ല. എന്നെ ആരും വിട്ടയച്ചിട്ടുവേണ്ട എനിക്കുപോകാൻ. എന്നെ ഇപ്പൊ ആരും പിടിച്ചുബന്ധിച്ചിട്ടും മറ്റുമില്ലല്ലോ. എന്നെ അങ്ങനെയാരും ചെയ്യുകയുമില്ല. ഞാൻ ഒരുത്തമബ്രാഹ്മണനാണ്. മുറജപം കഴിഞ്ഞു ദക്ഷിണയും വാങ്ങി വരുകയാണ്. എന്റെ ഭാണ്ഡത്തിൽ കുറച്ചു പണവുമുണ്ട്. ഇതു തട്ടിയെടുത്തുകളയാമെന്നുണ്ടെങ്കിൽ വരുവിൻ."

നമ്പൂതിരിയുടെ ഈ ധിക്കാരവാക്കുകൾ കേട്ടപ്പോൾ മമ്മതിനും കൂട്ടർക്കും വളരെ അത്ഭുതം തോന്നുകയും കോപം ദുസ്സഹമായിത്തീരുകയും ചെയ്തു. അവർ നാലുപേരും എണീറ്റ് കുറുവടി മുതലായ ആയുധങ്ങളുമായി മൂസ്സാമ്പൂരിയുടെ അടുക്കലേക്കു ചെന്നു. അവർ അടുത്തുവരുന്നതുകണ്ട് മൂസ്സാമ്പൂരി വെള്ളിക്കോലു കയ്യിലെടുത്തുകൊണ്ട് എണിറ്റുനിന്നു. അവർ അടുത്തു ചെന്നപ്പോൾ മൂസ്സാമ്പൂരി നല്ല സ്ഥാനം നോക്കി വെള്ളിക്കോൽകൊണ്ട് നാലുപേർക്കും ഓരോ കൊട്ടുകൊടുത്തു. ആ കൊട്ടുകൊണ്ട മാത്രയിൽ മമ്മതും കൂട്ടരും നിശ്ചഷ്ടേരായി നിലത്തു പതിച്ചു. മുറുക്കു കഴിഞ്ഞു ഭാണ്ടവും കെട്ടിയെടുത്തു മൂസ്സാമ്പൂരി വടക്കോട്ടുതന്നെ നടന്നു തുടങ്ങി.

അങ്ങനെ കുറച്ചു വടക്കോട്ടുചെന്നപ്പോൾ ആജാനുബാഹുവും അതിസുന്ദരനുമായ ഒരാൾ വഴിയിൽ നിൽക്കുന്നതു കണ്ടു എങ്കിലും നമ്പൂരി കൂസൽ കൂടാതെ ആ മനു‌ഷ്യന്റെ അടുക്കൽകൂടി കടന്നുപോയി. കൊച്ചുണ്ണിയുടെ ആകൃതിയെക്കുറിച്ചു മൂസ്സാമ്പൂരി മുനപേതന്നെ കേട്ടിരുന്നതിനാൽ വഴിയിൽ നിന്നിരുന്ന ആ മനു‌ഷ്യൻ കൊച്ചുണ്ണിയാണെന്ന് അദ്ദേഹം കണ്ടപ്പോൾതന്നെ മനസ്സിലാക്കി. അവൻ എന്താണ് ഭാവമെന്നറിയട്ടെ എന്നു വിചാരിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്.

കൊച്ചുണ്ണി: ഹേ! എവിടെപ്പോകുന്നു? അവിടെ നിൽക്കണം.

മൂസ്സാമ്പൂരി: നിൽക്കാൻ മനസ്സില്ലെങ്കിലോ?

കൊച്ചുണ്ണി: എന്നാൽ പിടിച്ചുനിർത്തും.

മൂസ്സാമ്പൂരി: "അതുവ്വോ? എന്നാൽ കാണട്ടെ" എന്നു പറഞ്ഞ് അദ്ദേഹം നടന്നു തുടങ്ങി. ആ വ്യദ്ധബ്രാഹ്മണനെ ഉപദ്രവിക്കണമെന്നോ അദ്ദേഹത്തിന്റെ കയ്യിൽനിന്നു വല്ലതു അപഹരിക്കണമെന്നോ വിചാരിച്ചിട്ടല്ല കൊച്ചുണ്ണി അദ്ദേഹത്തോട് നിൽക്കാൻ പറഞ്ഞത് എങ്കിലും അദ്ദേഹത്തിന്റെ ധിക്കാരം കണ്ടപ്പോൾ ഇയ്യാളെ ഒരു നല്ലപാഠം പഠിപ്പിച്ചുതന്നെ വിടണം എന്നവൻ നിശ്ചയിച്ചു. കൊച്ചുണ്ണി പിന്നാലെ ഓടിച്ചെന്നു നമ്പൂതിരിയുടെ ഭാണ്ഡത്തിനു കടന്നുപിടിച്ചു. നമ്പൂതിരി തിരിഞ്ഞുനിന്നു വെള്ളിക്കോലുകൊണ്ട് കൊച്ചുണ്ണിയെ ഒന്നടിച്ചു. ആ അടി തന്റെ ദേഹത്തിൽ കൊള്ളാതെ കൊച്ചുണ്ണി വെള്ളിക്കോലിന്റെ തലയ്ക്കു കടന്നുപിടിച്ചു. നമ്പൂതിരി വെള്ളിക്കോലിന്റെ മറ്റേ തലയ്ക്കു പിടിച്ചുകൊണ്ട് ആ നിന്ന നിലയിൽ വലത്തൂട് ഒന്നു തിരിഞ്ഞു. അതോടുകൂടി വെള്ളിക്കോലിൻമേൽ കൊച്ചുണ്ണി പിടിച്ചവിടി വല്ലാതെ മുറുകുകയും, ആ പിടി അവനു വിടാൻ വയ്യാതെയായിതീരുകയും ചെയ്തു. നമ്പൂരി അതൊന്നുമറിയാത്ത ഭാവത്തിൽ വെള്ളിക്കോലിന്റെ മറ്റേത്തല കക്ഷത്തിൽ വെച്ചുകൊണ്ടു നടന്നുതുടങ്ങി. ചില കുരുടൻമാർ വഴികാട്ടികളുടെ വടിയുടെ അറ്റത്തുപിടിച്ചുകൊണ്ടു നടക്കുന്നതുപോലെ വെള്ളിക്കോലിന്റെ അറ്റത്തു പിടിച്ചുകൊണ്ട് കൊച്ചുണ്ണിയും നമ്പൂരിയുടെ പിന്നാലെ നടന്നു. അങ്ങനെ കുറച്ചുകഴിഞ്ഞപ്പോൾ കൊച്ചുണ്ണിയുടെ ഞരമ്പുകളെല്ലാം പിടച്ചുതുടങ്ങി. സന്ധിബന്ധങ്ങളെല്ലാം മുറിഞ്ഞു പോയതുപോലെ അവനു തോന്നി. കൊച്ചുണ്ണിയുടെ സർവാംഗവും കുളിച്ചതുപോലെ വിയർത്തു. ദേഹം കിടുകിടാ വിറച്ചുതുടങ്ങി. അവനു നടക്കാൻ വയ്യാതെയായി. വീണുപോകുമെന്നു തോന്നിത്തിടങ്ങി. ആകപ്പാടെ കൊച്ചുണ്ണി ഏറ്റവും പരവശനും വി‌ഷണ്ണനുമായിത്തീർന്നു. അവൻ പഠിച്ച പണികളെല്ലാം നോക്കീട്ടും വെള്ളിക്കോലിന്മേൽ നിന്നു പിടിവിടാൻ കഴിഞ്ഞില്ല. അവന്റെ വിരലുകൾ നിവരാത്തവിധം അക്കയ്യ് ആകപ്പാടെ സ്തംഭിച്ചുപോയി. ഒരു നിവ്യത്തിയുമില്ലെന്നായപ്പോൾ കൊച്ചുണ്ണി പാരവശ്യത്തോടു കൂടി, "പൊന്നു തിരുമേനീ! അടിയനെ രക്ഷിക്കണേ! ദയയുണ്ടായി അടിയനെ വിട്ടയയ്ക്കണേ" എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: നീ ആരാണ്? എനിക്കു മനസ്സിലായില്ലല്ലോ നിനക്കു പോകരുതോ?

കൊച്ചുണ്ണി: അടിയൻ കായംകുളത്തുകാരൻ ഒരു മുഹമ്മദീയനാണ്. അടിയന്റെ പേരു കൊച്ചുണ്ണി എന്നാണ്. അടിയൻ ആളറിയാതെ തിരുമേനിയുടെ ഭാണ്ഡത്തിന്മേലും ഈ വെള്ളിക്കൊലിന്മേലും കടന്നു പിടിച്ചുപോയി. അടിയന്റെ ഈ അവിവേകത്തെ അവിടുന്നു ക്യപാപൂർവ്വം ക്ഷമിച്ച് അടിയനെ വിട്ടയയ്ക്കണം.

മൂസ്സാമ്പൂരി: ഓഹോ! നീയാണോ സാക്ഷാൽ കായംകുളം കൊച്ചുണ്ണി? നീ വലിയ അഭ്യാസിയാണെന്നു കെട്ടിട്ടുണ്ടല്ലോ?ഇപ്പോൾ നിന്റെ അഭ്യാസമൊക്കെ എവിടെപ്പോയി?

കൊച്ചുണ്ണി: പൊന്നുതിരുമേനീ! അടിയന് വേദന സഹിക്കാൻ വയ്യാതെയായിരിക്കുന്നു. ഇനിയും അവിടേക്കു ദയയുണ്ടാകാത്തപക്ഷം അടിയന്റെ ജീവനിപ്പോൾ പോകും.

മൂസ്സാമ്പൂരി: ആട്ടെ, ഇനി മേലാൽ മലയാളബ്രാഹ്മണരെ ഉപദ്രവിക്കുകയും അവരുടെ മുതൽ അപഹരിക്കുകയും ചെയ്കയില്ലെന്നു സത്യം ചെയ്താൽ നിന്നെ ഇപ്പോൾ വിട്ടേക്കാം.

കൊച്ചുണ്ണി: സത്തുക്കളായ ബ്രാഹ്മണരെ അടിയൻ ഉപദ്രവിക്കാറില്ല. ഇനി ഒരിക്കലും ഉപദ്രവിക്കയില്ല. പടച്ചവനാണ് സത്യം.

കൊച്ചുണ്ണിയുടെ ദീനവാക്കുകൾ കേൾക്കുകയും പാരവശ്യം കാണുകയും ചെയ്തു മനസ്സലിയുകയാൽ മൂസ്സാമ്പൂരി മുമ്പു തിരിഞ്ഞതിനെതിരായി ഇടത്തൂട്ട് ഒന്നു തിരിഞ്ഞു. ഉടനെ കൊച്ചുണ്ണി വെള്ളിക്കോലിന്മേലെ പിടിവിടുകയും അവന്റെ പാരവശ്യമെല്ലാം തീർന്നു യഥാപൂർവ്വം അവൻ സ്വസ്ഥനായി ഭവിക്കുകയും ചെയ്തു. കൊച്ചുണ്ണി ജനിച്ചതിൽപ്പിന്നെ അവനിങ്ങനെ ഒരകപ്പാടു പറ്റീട്ടില്ല. അവൻ വളരെ ലജ്ജയോടും ബഹുമാനത്തോടും കൂടി മൂസ്സാമ്പൂരിയെ താണു തൊഴുതുകൊണ്ട് "ഇനി അടിയനു പോകാനനുവാദമുണ്ടാകണം" എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: "നിന്റെ കൂട്ടുകാരാണെന്നു തോന്നുന്നു, നാം തമ്മിൽ കാണുന്നതിനു കുറച്ചുമുമ്പേ എന്നെ ഉപദ്രവിക്കാനായി വന്നു. അവരെ ഒക്കെ ഓരോ കൊട്ടു കൊട്ടി ഞാൻ വഴിയിലിട്ടിട്ടുണ്ട്. നേരത്തോടു നേരം കഴിയുന്നതിനുമുമ്പു മറുവശം കൊട്ടി അവരെ എണീപ്പിച്ചു വിടാത്തപക്ഷം പിന്നെ അവർ ഒരിക്കലും എണീക്കയില്ല. എന്നാൽ ഇനി അതിനായി പുറകോട്ടുപോകുന്ന കാര്യം പ്രയാസവുമാണ് അതിനാൽ നീ തന്നെ അവരെ മറുപുറം കൊട്ടി എണീപ്പിച്ചു വിടണം. ഞാൻ ഈ വെള്ളിക്കോലു പുത്തൻ തെരുവിലുള്ള ഒരു കച്ചവടക്കാരനോടു മേടിച്ചതാണ്. ഇതു നീ തന്നെ ഇതിന്റെ ഉടമസ്ഥനു കൊടുക്കുകയും വേണം" എന്നു പറഞ്ഞു മറുവശം കൊട്ടുക എന്ന വിദ്യ കൊച്ചുണ്ണിക്ക് ഉപദേശിച്ചുകൊടുത്ത് വെള്ളിക്കോലും കൊടുത്ത് വെള്ളിക്കോലും കൊടുത്തയച്ചിട്ടു മൂസ്സാമ്പൂരി വടക്കോട്ടു പോവുകയും ചെയ്തു. മൂസ്സാമ്പൂരിയോടു തോറ്റുവെങ്കിൽ മറുപുറം കൊട്ടുക എന്നൊരു വിദ്യകൂടി ഗ്രഹിക്കാനിടയായതുകൊണ്ടു കൊച്ചുണ്ണിക്ക് ഈ സംഗതിയിൽ സന്താപത്തിലധികം സന്തോ‌ഷമാണുണ്ടായത്. അവൻ മടങ്ങിപ്പോയി വഴിയിൽ മൂർച്ഛിച്ചു കിടന്നിരുന്ന മമ്മത് മുതലായവരെ മറുപുറം കൊട്ടി എണീപ്പിച്ചു വിടുകയും വെള്ളിക്കോൽ അതിന്റെ ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു. അതിൽപിന്നെ കൊച്ചുണ്ണി ഒരിക്കലും മലയാളബ്രാഹ്മണരെ ഉപദ്രവിച്ചിട്ടില്ലെന്നു മാത്രമല്ല അവരെക്കുറിച്ച് അവനു വളരെ ഭക്തിയുമുണ്ടായിരുന്നു.

ഒരിക്കൽ പരദേശത്തുനിന്ന് ഒരു ബ്രാഹ്മണൻ ഏവൂർ അദ്ദേഹത്തിന്റെ അമ്മാവന്റെ മഠത്തിൽ വരാനായി പുറപ്പെട്ടു. ഒരു ദിവസം സന്ധ്യയായപ്പോൾ അദ്ദേഹം ഓച്ചിറ എന്ന സ്ഥലത്തു വന്നുചേർന്നു. അദ്ദേഹത്തിന്റെ കൈവശം പത്തഞ്ഞൂറു രൂപാ വിലക്കുള്ള ചില ആഭരണങ്ങളും കുറെ പണവുമുണ്ടായിരുന്നു. അവ അന്നു രാത്രി അദ്ദേഹത്തിന്റെ അമ്മാവന്റെ മഠത്തിൽ നിശ്ചയിച്ചിരുന്ന ഒരു വിവാഹാടിയന്തിരത്തിൽ ഉപയോഗിക്കാനുള്ളവയായിരുന്നു. അവ അവിടെ കൊണ്ടുചെന്നില്ലെങ്കിൽ അന്നു വിവാഹം നടക്കുകയില്ലെന്നുള്ളതു തീർച്ചയുമായിരുന്നു. കായംകുളം കൊച്ചുണ്ണി മുതലായവരെക്കുറിച്ച് അദ്ദേഹം ധാരാളം കേട്ടറിഞ്ഞിട്ടുമുണ്ടായിരുന്നു. അതിനാൽ രാത്രി സമയം പണ്ടങ്ങളും പണവുംകൊണ്ട് കായംകുളം കടന്ന് ഏവൂർക്ക് പോകാൻ അദ്ദേഹത്തിനു വളരെ ഭയമുണ്ടായിരുന്നു. വഴിക്കു കൊച്ചുണ്ണിയോ കൂട്ടരോ കണ്ടാൽ യാതൊന്നും കൊടുത്തയയ്ക്കുകയില്ലെന്ന് അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു. പോകാതെയിരിക്കാൻ നിവ്യത്തിയുമില്ല. ആകപ്പാടെ ബ്രാഹ്മണൻ കുഴങ്ങിവശായി. ഏവൂരു മുതലായ സ്ഥലങ്ങളിൽ അദ്ദേഹത്തിനു പരിചയക്കാർ ധാരാളമുണ്ടായിരുന്നു. അവരിൽ വല്ലവരെയും വഴിക്കു കണ്ടെങ്കിൽ ഒരുമിച്ചു പോകാമല്ലോ. ഏതെങ്കിലും പോകുകതന്നെ എന്നു നിശ്ചയിച്ച് അദ്ദേഹം പണ്ടങ്ങളെല്ലാം ഭാണ്ഡത്തിൽ വച്ചു മുറുക്കിക്കെട്ടി തോളത്തിട്ടുകൊണ്ടു നേരെ വടക്കോട്ടു നടന്നു തുടങ്ങി. കുറച്ചു വടക്കോട്ടു ചെന്നപ്പോൾ വഴിയിൽ ഒരാൾ നിൽക്കുന്നതു കണ്ടു. അപ്പോൾ നേരം മയങ്ങിത്തുടങ്ങി, അത്രയുള്ളൂ. വലിയ ഇരുട്ടായികഴിഞ്ഞില്ല. ബ്രാഹ്മണൻ ആ മനു‌ഷ്യനോട് ഒന്നും മിണ്ടാതെ അയാളുടെ അടുക്കൽകൂടി കടന്നുപോയി. അദ്ദേഹം വളരെ ബദ്ധപ്പെട്ട് നടക്കുകയായിരുന്നു. അപ്പോൾ ആ മനു‌ഷ്യൻ, "ഹേ സ്വാമി! അങ്ങ് എവിടെപ്പോവുകയാണ്? അവിടെ നില്ക്കണം. ഒരു കാര്യം പറയട്ടെ" എന്നു പറഞ്ഞുകൊണ്ട് അടുത്തുചെന്നു.

ബ്രാഹ്മണൻ: ഞാൻ ഏവൂരോളം പോകയാണ്. എനിക്ക് പോകാൻ ധൃതിയായിരിക്കുന്നു. ഒരത്യാവശ്യമായിട്ട് പോകുകയാണ്. സംസാരിച്ചു നിൽക്കാൻ നിവ്യത്തിയില്ല.

മറ്റേയാൾ: അങ്ങ് ഇപ്പോൾ പോകുന്നതു ശരിയല്ല. ഇന്ന് ഇവിടെങ്ങാനും കേറികിടന്നു നാളെ രാവിലെ പോയാൽ മതി.

ബ്രാഹ്മണൻ: അതിനു നിവ്യത്തിയില്ല. എനിക്ക് ഇന്നുതന്നെ പോകേണ്ടിയിരിക്കുന്നു. അത്യാവശ്യമാണ്.

മറ്റേയാൾ: കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് അങ്ങ് കേട്ടിട്ടില്ലായിരിക്കും അല്ലേ? അങ്ങയുടെ ഭാണ്ഡത്തിലെന്താണ്?

ബ്രാഹ്മണൻ: ഭാണ്ഡത്തിൽ സാരമായിട്ടൊന്നുമില്ല രണ്ടുമൂന്നു മുണ്ടുകൾ മാത്രമേയുള്ളൂ.

മറ്റേയാൾ: അതല്ല, ഭാണ്ഡത്തിനു കുറെ ഭാരമുള്ളതുപോലെ തോന്നുന്നുവല്ലോ. ഏതായാലും ഈ സമയത്ത് അങ്ങ് തനിച്ചു പോകുന്നതു ശരിയല്ല.

ബ്രാഹ്മണൻ: അതു ശരിതന്നെ. എന്തുചെയ്യും? എനിക്കും ഈ വിചാരമില്ലായ്കയില്ല. കൊച്ചുണ്ണിയെക്കുറിച്ച് ഞാൻ നല്ലപോലെ കേട്ടിട്ടുണ്ട്. എന്റെ മനസ്സിൽ ഭയവും ധാരാളമുണ്ട്. എങ്കിലും പോകാതെയിരിക്കാൻ നിവ്യത്തിയില്ല. കൂട്ടുകാരാരുമില്ലാഞ്ഞിട്ടാണ് ഞാൻ തനിച്ചു പോകുന്നത്. ആപത്തിനൊന്നുമിടയാകാതെ എന്നെ ഏവൂർ കൊണ്ടു ചെന്നുവിടാൻ ഈ ദിക്കിൽ വല്ലവരെയും കിട്ടിയെങ്കിൽ അവർക്ക് എന്തുവേണമെങ്കിലും കൊടുക്കാമെന്നുണ്ട്.

മറ്റെയാൾ: അങ്ങേക്ക് ഏവൂരെവിടെയാണ് പോകേണ്ടത്?

ബ്രാഹ്മണൻ: ക്ഷേത്രത്തിന്റെ കിഴക്കേനടയിലൊരു മഠത്തിൽ.

മറ്റേയാൾ: ആ മഠത്തിലൊരു മൂത്തണ്ണാവിയുണ്ടല്ലോ. അദ്ദേഹം അങ്ങയുടെ ആരാണ്?

ബ്രാ‌ഷമണൻ: എന്റെ അമ്മാവനാണ്. അദ്ദേഹത്തെ നിങ്ങൾ അറിയുമോ?

മറ്റേയാൾ: അറിയും. അദ്ദേഹം ഒരു നല്ല മനു‌ഷ്യനാണ്. എന്റെ പേരിൽ അദ്ദേഹത്തിനു വളരെ വാത്സല്യമുണ്ട്.

ബ്രാഹ്മണൻ: എന്നാൽ നിങ്ങൾക്ക് എന്റെ പേരിലും വാത്സല്യം തോന്നേണ്ടതാണല്ലോ എനിക്ക് ഇവിടെയെങ്ങും പരിചയമില്ല. നിങ്ങൾക്ക് ഈ ദിക്കിൽ പരിചയമുണ്ടെങ്കിൽ എന്റെ കൂടെ ഒരാളെ ചട്ടംകെട്ടി അയച്ചുതന്നാൽ വലിയ ഉപകാരമായിരിക്കും കൂടെപ്പോരുന്ന ആൾക്ക് ഞാൻ വല്ലതും കൊടുക്കുകയും ചെയ്യാം.

മറ്റേയാൾ: എന്തുകൊടുക്കാം?

ബ്രാഹ്മണൻ: നാലു ചക്രം കൊടുക്കാം.

മറ്റേയാൾ: നാലുചക്രമോ? അതിന് ഇവിടങ്ങളിലാരുമുണ്ടാവുകയില്ല. ഇതാ ഇപ്പോൾതന്നെ നല്ലയിരുട്ടായിരിക്കുന്നു. ഈ സമയത്ത് അഞ്ചാറു നാഴിക അങ്ങയുടെ കൂടെപ്പോരുന്നയാൾക്കു നാലു ചക്രമോ? നല്ലശിക്ഷയായി! സഹായത്തിനാരും കൂടാതെ അങ്ങു തനിച്ചു പോയാൽ അങ്ങയുടെ ഭാണ്ഡവും പ്രാണനും പോകും. അതു വിചാരിക്കാത്തതെന്താണ്? അഞ്ചു രൂപ തരാമെങ്കിൽ ഞാൻ തന്നെ പോരാം. വേറെ ആരെയും അന്വേ‌ഷിക്കേണ്ട.

ഇങ്ങനെ അവൻ തമ്മിൽ പറഞ്ഞുകൊണ്ട് നിന്നതിനിടയ്ക്ക് നേരം സന്ധ്യകഴിഞ്ഞു നല്ല ഇരുട്ടുമായി. ആകപ്പാടെ അലോചിച്ച് ഒടുക്കം മൂന്നു രൂപ കൊടുക്കാമെന്നു ബ്രാഹ്മണൻ പറയുകയും മറ്റേയാൾ അത് ഒരു വിധം സമ്മതിക്കുകയും ചെയ്തു. പിന്നെ രണ്ടുപേരും കൂടി നടന്നു തുടങ്ങി. വഴിക്കു ബ്രാഹ്മണൻ കൊച്ചുണ്ണിയെ വളരെ ശകാരിക്കുകയും ശപിക്കുകയുമൊക്കെ ചെയ്തു. മറ്റേയാൾ എല്ലാം മൂളിക്കേട്ടു ശരിവച്ചു. അങ്ങനെ രണ്ടുപേരും കൂടി ഏവൂർ ക്ഷേത്രിത്തിന്റെ കിഴക്കേനടയിൽ മേൽപ്പറഞ്ഞ ബ്രാഹ്മണന്റെ പടിക്കലെത്തി. അപ്പോൾ ആ കൂട്ടുകാരൻ, ഇനി പേടിക്കാനൊന്നുമില്ലല്ലോ. ഇതാണല്ലോ മഠം. എനിക്കു തരാമെന്നു പറഞ്ഞതു തന്നേക്കണം. എനിക്കു പോകാൻ ധ്യതിയായി’ എന്നു പറഞ്ഞു.

ബ്രാ‌ഷമണൻ: അകത്തേക്കു വരാമല്ലോ. രൂപ ഭാണ്ഡത്തിലാണ്. ഭാണ്ഡമഴിച്ചെടുക്കണം. മഠത്തിന്റെ ഇറയത്തു ചെന്നിരുന്ന് ഭാണ്ഡമഴിച്ചെടുത്തു തരാം.

മറ്റേയാൾ: ഞാനകത്തേക്കു വരുന്നില്ല. ഇവിടെ നിൽക്കാം അങ്ങു പോയി ഭാണ്ഡമഴിച്ചെടുത്തു കൊണ്ടുവന്നു തന്നാൽ മതി.

‘എന്നാലങ്ങനെയാകട്ടെ’ എന്നു പറഞ്ഞു ബ്രാഹ്മണൻ അകത്തേക്കു പോയി. മഠത്തിന്റെ മുറ്റത്തു ചെന്നിരുന്ന് അമ്മാമനെ വിളിച്ചു. മൂത്തണ്ണാവി ഉടനെ ഒരു വിളക്കുംകൊണ്ടു വാതിൽ തുറന്നു പുറത്തു വന്നു.

മൂത്തണ്ണാവി: നിന്നെക്കാണാഞ്ഞു ഞാൻ വളരെ വ്യസനിച്ചിരിക്കുകയായിരുന്നു. നേരം സന്ധ്യ കഴിയുന്നതുവരെ നോക്കിക്കൊണ്ടിരുന്നു. സന്ധ്യകഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ കൊച്ചുണ്ണിയുടെ കയ്യിൽ അകപ്പെട്ടുപോയി എന്നുതന്നെ തീർച്ചയാക്കി. ഏതെങ്കിലും നേരം വെളുത്തിട്ട് അന്വേ‌ഷിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഈശ്വരകാരുണ്യം കൊണ്ട് ആപത്തൊന്നുമുണ്ടായില്ലല്ലോ.

ബ്രാഹ്മണൻ: ഇല്ല, കായംകുളത്തിനു സമീപത്തായപ്പോഴേക്കും നേരം സന്ധ്യമയങ്ങിത്തുടങ്ങി. പിന്നെ അവിടെനിന്ന് ഒരു കൂട്ടുകാരനെക്കൂടി വിളിച്ചുകൊണ്ടാണ് ഞാൻ പോന്നത്. അവന് മൂന്നു രൂപ കൊടുക്കാമെന്നാണ് പടഞ്ഞിട്ടുള്ളത്. അതു കൊടുക്കണം. അവൻ പടിക്കൽ നിൽക്കുന്നു.

മൂത്തണ്ണാവി: "അതിനായിട്ടു ഭാണ്ഡമഴിക്കണമെന്നില്ല, അവനു രൂപ ഞാൻ കൊടുത്തുകൊള്ളാം. നീ വഴി നടന്നു ക്ഷീണിച്ചല്ലേ വന്നിരിക്കുന്നത്. വേഗം കുളിച്ച് അത്താഴം കഴിക്കാൻ നോക്കൂ. ഭാണ്ഡം അവിടെയിരിക്കട്ടെ ഞാനെടുത്തു അകത്തുവെച്ചുകൊള്ളാം."

എന്നു പറഞ്ഞു മൂത്തണ്ണാവി തന്റെ ഭാഗിനേയനെ കുളിക്കാനയയ്ക്കുകയും ഭാണ്ഡമെടുത്ത് അകത്തു കൊണ്ടുപോയി വെയ്ക്കുകയും ചെയ്തിട്ട് മൂന്നു രൂപയെടുത്ത് വിളക്കുമായി പടിക്കു പുറത്തു ചെന്നു. അപ്പോൾ മറ്റേ ബ്രാഹ്മണന്റെ കൂടെ വന്നയാൾ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആ മനു‌ഷ്യൻ മൂത്തണ്ണാവിയെകണ്ടയുടനെ കാൽക്കൽ വീണു നമസ്കരിച്ചു. ഇതെന്തൊരു വിദ്യയാണെന്നറിയാതെ മൂത്തണ്ണാവി ആ മനു‌ഷ്യന്റെ മുഖത്തു വിളക്കടുപ്പിച്ചുപിടിച്ചു സൂക്ഷിച്ചു നോക്കി.

മൂത്തണ്ണാവി: ഓഹോ! കൊച്ചുണ്ണിയല്ലേ ഇത്! നീയാണോ കൊച്ചു സ്വാമിയെ ഇവിടെ കൊണ്ടുവന്നു വിട്ടത്?

കൊച്ചുണ്ണി: അതേ.

മൂത്തണ്ണാവി: വളരെ സന്തോ‌ഷമായി. നീ ഈച്ചെയ്ത ഉപകാരത്തിനു മൂന്നല്ല. മുന്നൂറു രൂപ തന്നാലും മതിയാവുകയില്ല. നീ കാണാനിടയാകാതെ അവൻ ആ മമ്മതിന്റെ കയ്യിലോ മറ്റോ അകപ്പെട്ടിരുന്നുവെങ്കിൽ അവന്റെ കഥ കഴിഞ്ഞുപോകുമായിരുന്നല്ലോ. അതിനൊന്നും ഇടയാകാഞ്ഞതു ഭാഗ്യംതന്നെ. ഇതാ മൂന്നു രൂപ. ഇതു മതിയോ? പോരെങ്കിൽ എത്ര വേണമെങ്കിലും തരാം.

കൊച്ചുണ്ണി: എനിക്കൊന്നും വേണ്ട, ഞാനൊന്നും മേടിക്കാൻ വിചാരിച്ചിരുന്നുമില്ല. അദ്ദേഹം ഇവിടെ വരികയാണെന്നും സ്വാമിയുടെ അനന്തരവനാണെന്നും പറഞ്ഞതു വാസ്തവം തന്നെയോ, അദ്ദേഹം ഒരാൾക്കെന്തെങ്കിലും കൊടുക്കാമെന്നുപറഞ്ഞാൽ കൊടുക്കുന്നയാളോ, ഒടുക്കം കാര്യം കഴിയുമ്പോൾ കളിപ്പിക്കുന്ന മനു‌ഷ്യനോ എന്നും മറ്റുമറിയാനായിമാത്രം ഞാനിവിടെ നിന്നതാണ്. അല്ലാതെ ഒന്നും വേണമെന്നു വിചാരിച്ചല്ല. എനിക്കു വേണമെങ്കിൽ ആ ഭാണ്ഡം മുഴുവനും മേടിക്കാമായിരുന്നല്ലോ. എനിക്കിതിന് ഒരു ചില്ലികാശുപോലും വേണ്ട. സ്വാമി അന്നുതന്ന ആ വാർത്തകഞ്ഞിയുടെ സ്വാദു ഞാനിന്നും മറന്നിട്ടില്ല. ഞാൻ ചത്താലും അതു മറക്കുകയില്ല. എനിക്ക് സ്വാമിയുടെ അനുഗ്രഹം മാത്രം മതി. എന്നു പറഞ്ഞ് പോവുകയും ചെയ്തു. ആ മൂന്നു രൂപയും അയാൾ മേടിച്ചില്ല. ആ മനു‌ഷ്യൻ നമ്മുടെ കൊച്ചുണ്ണിയായിരുന്നുവെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കൊച്ചുണ്ണി ഒരു കൃതജ്ഞതയുള്ള ആളായിരുന്നുവെന്നുള്ളതിന് ഈ കഥ ഒരുന്നാന്തരം ദൃഷ്ടാന്തവുമാണല്ലോ.

ഇനി കൊച്ചുണ്ണിയുടെ സത്യസന്ധതയ്ക്കു ദൃഷ്ടാന്തമായി ഒരു സംഗതി പറയാം.

കൊച്ചുണ്ണിയുടെ കാലത്തു കാർത്തികപ്പള്ളിത്തെരുവിനു സമീപം സിറിയൻ ക്രിസ്ത്യൻ സമൂഹത്തിലുൾപ്പെട്ട ഒരു മാപ്പിള താമസിച്ചിരുന്നു. അയാൾ കാലക്ഷേപത്തിന് ഒരു ഗതിയും ഇല്ലാത്തവനായിരുന്നു. വല്ലവരോടുമൊക്കെ വില പിന്നീടുകൊടുക്കാമെന്നു പറഞ്ഞു നാളികേരം വാങ്ങി വെട്ടി കൊപ്രയാക്കി, ആലപ്പുഴെ കൊണ്ടുചെന്ന് വിറ്റു കൊടുത്തു തീർത്തിട്ടു കിട്ടുന്ന ലാഭംകൊണ്ടാണ് അയാൾ അഹോവ്യത്തി കഴിച്ചു വന്നത്. അയാൾ ദേഹണ്ഡിച്ചു കൊടുത്തിട്ടു കഴിയേണ്ടവരായി അയാളുടെ ഭാര്യയും നാലഞ്ചുകുട്ടികളും അയാളുടെ തള്ളയുമായിരുന്നതിനാൽ അയാൾക്കു കടമായി നാളികേരം കൊടുക്കുന്നതിനു സമീപസ്ഥർക്കു മടിയുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോൾ അയാൾ നാലഞ്ചുപേരോട് ആയിരവും അഞ്ഞൂറും വീതം നാളികേരം കടമായി തൂക്കിക്കൊടുത്തു പണവും വാങ്ങിക്കൊണ്ടു മടങ്ങിപ്പോന്നു. കൊപ്ര കയറ്റിക്കൊണ്ടുപോയത് തൃക്കുന്നപ്പുഴെനിന്ന് ഒരാളോട് കൂലിക്കു വാങ്ങിയ വഞ്ചിയിലായിരുന്നു. അതിനാൽ അയാൾ തൃക്കുന്നപ്പുഴെ വന്നു വഞ്ചി ഉടമസ്ഥനെ ഏൽപ്പിച്ചിട്ട് അവിടെ നിന്നു കരയ്ക്കു കാർത്തികപ്പള്ളിക്കു പുറപ്പെട്ടു. അപ്പോൾ നേരം ഏകദേശം ഇരുട്ടായിരുന്നു. ത്യക്കുന്നപ്പുഴെനിന്നും കാർത്തികപ്പള്ളിക്ക് രണ്ടു നാഴികയിലധികം ദൂരമില്ലായിരുന്നതുകൊണ്ടും ആ ദിക്കിലൊക്കെ അയാൾക്ക് നല്ല പോലെ പരിചയമുണ്ടായിരുന്നതിനാലും കൊച്ചുണ്ണി മുതലായവരുടെ സഞ്ചാരം ദേശത്തു സാധാരണമല്ലാതെയിരുന്നതിനാലും വല്ലതുമാപത്തുണ്ടായേക്കുമെന്നുള്ള വിചാരം അയാൾക്ക് അധികമുണ്ടായിരുന്നില്ല. എങ്കിലും കൊച്ചുണ്ണിയും കൂട്ടുകാരും ചിലപ്പോൾ അവിടങ്ങളിലും സഞ്ചരിക്കാറുണ്ടായിരുന്നതുകൊണ്ട് കുറച്ചൊരു ഭയം ഇല്ലാതിരുന്നുമില്ല. ഏങ്കിലും ആ സാധുമനു‌ഷ്യൻ കൊപ്ര വിറ്റു കിട്ടിയ ഇരുനൂറ്റിച്ചില്വാനം രൂപയും മടിയിൽ വെച്ചുകൊണ്ട് തനിച്ചാണ് പുറപ്പെട്ടതെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.

മാപ്പിള ഏകദേശം പകുതി വഴിയായപ്പോൾ,കൊച്ചുണ്ണി വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. രാത്രിയായിരുന്നതിനാൽ ദൂരെവച്ചു കാണുന്നതിനും ആളറിയുന്നതിനും കഴിഞ്ഞില്ല. അല്ലെങ്കിൽ ആ മാപ്പിള ദൂരെവെച്ചുതന്നെ വഴിമാറിപ്പോകുമായിരുന്നു. ഗ്രഹപ്പിഴയുടെ ശക്തികൊണ്ടോ എന്തോ അതിനൊന്നുമിടയായില്ല. അവർ പരസ്പരം പരിചിതന്മാരായിരുന്നതിനാലും നിലാവിന്റെ വെളിച്ചം കുറേശ്ശെഉണ്ടായിരുന്നതു കൊണ്ടും അടുത്തുകൂടിയപ്പോൾ രണ്ടുപേരും തമ്മിൽത്തമ്മിലാളറിഞ്ഞു. അപ്പോൾ ആ മാപ്പിളയ്ക്കുണ്ടായ ഭയവും വ്യസനവും എത്രമാത്രമെന്നു പറയാൻ പ്രയാസം.

കൊച്ചുണ്ണി: താനിപ്പോൾ എവിടെപ്പോയിവരുന്നു?

മാപ്പിള: ഞാൻ ആലപ്പുഴയോളം പോയി പരികയാണ്.

കൊച്ചുണ്ണി: കൊപ്ര കൊടുക്കാനാണോ?

മാപ്പിള: അതെ.

കൊച്ചുണ്ണി: എന്നാൽ തന്റെ കയ്യിൽ പണം കാണുമല്ലേ. എത്ര രൂപയുണ്ട്? മടിശ്ശീല കാണട്ടെ.

ഇതുകേട്ട് മാപ്പിള ഒന്നും മിണ്ടാതെ വി‌ഷണ്ണനായി നിന്നു.

കൊച്ചുണ്ണി: ഒട്ടും മടിക്കേണ്ട തന്നേക്കു, അതാണു നല്ലത്. അല്ലെങ്കിൽ അറിയാമല്ലൊ. കൊച്ചുണ്ണിയുടെ സ്വഭാവം താൻ മനസ്സിലാക്കിയിട്ടുള്ളതല്ലെ?

മാപ്പിള വേഗം മടിശ്ശീലയെടുത്തു കൊച്ചുണ്ണിയുടെ കയ്യിൽ കൊടുത്തിട്ട് ഇരുനൂറ്റിയമ്പതുണ്ട് എന്നു പറഞ്ഞു. "എത്രയെങ്കിലുമാകട്ടെ" എന്നു പറഞ്ഞ് കൊച്ചുണ്ണി മടിശ്ശിലയുംകൊണ്ട് പോവുകയും ചെയ്തു.

കഷ്ടം! സാധുവായ ആ മാപ്പിളയുടെ പിന്നത്തെ സ്ഥിതി എന്തു പറയുന്നു. പണമോ പോയി, ഉപജീവനവും മുട്ടിയല്ലോ. നാളികേരം കടം വാങ്ങിയവർക്കു കൊടുക്കാനുള്ളതു കൊടുക്കാതെയിരുന്നാൽ പിന്നെയയാളെ വിശ്വസിച്ചു വല്ലവരും വല്ലതും കൊടുക്കുമോ? കടം കിട്ടാതെയായാൽ ഉപജീവനത്തിനു വേറെ മാർഗ്ഗവുമില്ലല്ലൊ. ഇതെല്ലാം വിചാരിച്ചു മാപ്പിള ജീവച്ഛവമായിട്ടു നടന്ന് ഒരുവിധം അയാളുടെ വിട്ടിലെത്തി. വിവരമെല്ലാം ഭാര്യയോടു പറഞ്ഞു. രണ്ടുപേരും കൂടി വളരെ നേരമിരുന്നു പലതും പറഞ്ഞു വി‌ഷാദിച്ചു. ഒടുക്കം അയാളുടെ ഭാര്യ, പണം പോയതുപോട്ടെ, നിങ്ങളുടെ ജീവൻ പോയില്ലല്ലോ. അതുതന്നെ ഭാഗ്യം. നമുക്കൊരുതുണ്ടു പുരയിടമുള്ളതു നാളെത്തന്നെ ആർക്കെങ്കിലും പണയമെഴുതി പണം വാങ്ങി കടംവാങ്ങിയേടത്തു കൊടുക്കാനുള്ളതു കൊടുത്തു തീർക്കണം. അല്ലെങ്കിൽ നേരില്ലാത്തവനെന്നു പേരുകിട്ടുമെന്നു മാത്രമല്ല, നമ്മുടെ ഉപജീവനവും മുട്ടുമല്ലോ. പണയമെഴുതി വാങ്ങുന്ന കടം ദൈവകൃപകൊണ്ട് ഒരുകാലത്ത് തീർക്കാൻ സംഗതിയുണ്ടെങ്കിൽ തീർക്കാം. വല്ലവിധവും പലിശ കൊടുത്തുകൊണ്ടിരുന്നാൽ നേരുകേടു കൂടാതെ കഴിക്കാമല്ലൊ. ഏതെങ്കിലും അത്താഴം കഴിച്ചു നമുക്കു കിടക്കാം. നേരം വളരെയധികമായി എന്നു പറഞ്ഞു. വ്യസനംകൊണ്ട് മാപ്പിളയ്ക്ക് അത്താഴം വേണമെന്നു തോന്നിയില്ല. ഭാര്യയുടെ നിർബന്ധം നിമിത്തം അയാൾ അത്താഴം കഴിച്ചുവെന്നു വരുത്തി പോയികിടക്കുകയും ചെയ്തു. വിചാരം നിമിത്തം അയാൾക്കു നേരെ ഉറക്കവും വന്നില്ല. ഓരോ മനോരാജ്യവും വിചാരിച്ചുതന്നെ ഒരുവിധം നേരം വെളുപ്പിച്ചുവെന്നേ പറയാനുള്ളൂ. പിറ്റേദിവസംതന്നെ മാപ്പിള തന്റെ പുരയിടം പണയമെഴുതി ആവശ്യമുള്ള പണം വാങ്ങി കടമെല്ലാം വീട്ടി. വിണ്ടും നാളികേരം കടമായിത്തന്നെ വാങ്ങി കൊപ്രാവെട്ടും ആരംഭിച്ചു.

അങ്ങനെ പത്തു പതിനഞ്ചു ദിവസം കഴിഞ്ഞ് ഒരു ദിവസം സന്ധ്യാസമയം മാപ്പിള വീട്ടിന്റെ ഇറയത്തു ചില മനോരാജ്യങ്ങൾ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ പടി കയറി വരുന്നതുകണ്ടു. നേരം ഇരുട്ടിത്തുടങ്ങിയതിനാൽ അതാരാണെന്ന് ആദ്യം അയാൾക്ക് മനസ്സിലായില്ല. ആ മനു‌ഷ്യൻ അടുത്തു ചെന്നപ്പോൾ കൊച്ചുണ്ണിയാണെന്നു മനസ്സിലായി. മാപ്പിള മനസ്സറിയാതെ ‘അയ്യോ!’ എന്നൊരു നിലവിളിയോടുകൂടി പരിഭ്രമിച്ചു പെട്ടെന്നെണീറ്റു.

കൊച്ചുണ്ണി: ‘ഹേ! ഒട്ടും പരിഭ്രമിക്കേണ്ട. ഞാൻതന്നെ ഉപദ്രവിക്കാനായിട്ടു വന്നതല്ല. തന്നോട് ഇന്നാളൊരു ദിവസം വാങ്ങിയ പണം തരാനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. പാവപ്പെട്ടവനായ തന്റെ പണം അപഹരിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല. അന്നെനിക്കു കുറച്ചു പണത്തിന് ആവശ്യമുണ്ടായിരുന്നു. വേറെ മാർഗമൊന്നുമുണ്ടാകാഞ്ഞതിനാൽ തന്നോട് വാങ്ങിക്കൊണ്ടു പോയതാണ്. ഇന്നലെ എനിക്കു കുറച്ചു പണം കിട്ടി. ഇനി തന്റെ പണം തരാതെയിരിക്കുന്നതു ശരിയല്ലല്ലോ, എന്നു വിചാരിച്ചു കൊണ്ടുവന്നതാണ്. ഇതാ തന്റെ മടിശ്ശീലയും പണവും. അതിൽ സ്വൽപം കൂടുതലുണ്ടായിരിക്കും. അതു താനന്നു ചെയ്ത ഉപകാരത്തിനു പ്രതിഫലമായിരിക്കട്ടെ’ എന്നു പറഞ്ഞു മടിശ്ശീല മാപ്പിളയുടെ മുൻപിൽ വെച്ചിട്ടു കൊച്ചുണ്ണി അപ്പോൾത്തന്നെ ഇറങ്ങിപ്പോവുകയും ചെയ്തു. മാപ്പിള മടിശ്ശീലയെടുത്തഴിച്ച് എണ്ണിനോക്കിയപ്പോൾ അഞ്ഞൂറു രൂപയുണ്ടായിരുന്നു. അപ്പോൾ മാപ്പിളയ്ക്കുണ്ടായ സന്തോ‌ഷം, കൊച്ചുണ്ണി പണംവാങ്ങിക്കൊണ്ടു പോയപ്പോഴുണ്ടായ സന്താപത്തിലിരട്ടിയിലധികമായിരുന്നു. പിന്നെ അയാൾ ആ അഞ്ഞുറു രൂപയ്ക്കും കൂടി നാളികേരം വാങ്ങി കൊപ്ര വെട്ടി കച്ചവടം ചെയ്തു. അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോൾ പുരയിടത്തിൻമേൽ സ്ഥാപിച്ചും അല്ലാതെയുമുണ്ടായിരുന്ന സകല കടങ്ങളും തീർന്ന് ആയിരത്തിച്ചില്വാനംരൂപ മാപ്പിളയ്ക്കു സ്വന്തമായിട്ടുതന്നെ കൈവശമുണ്ടായി. പിന്നെ അയാൾ അതുകൊണ്ടു മുറയ്ക്കു കൊപ്രകച്ചവടം ചെയ്തുകൊണ്ടിരുന്നു. എന്തിനു വളരെപ്പറയുന്നു, കുറച്ചുകാലം കൊണ്ട് ആ മാപ്പിള കാലക്ഷേപത്തിന് ഒട്ടും ഞെരുക്കമില്ലാത്ത ഒരു നിലയിലായി. ഇതിന്റെ കാരണഭൂതൻ സത്യസന്ധനായ കൊച്ചുണ്ണിയാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇങ്ങനെ അനേകമഗതികൾ കൊച്ചുണ്ണിയുടെ സഹായംകൊണ്ടു സമ്പന്നന്മാരായിത്തീർന്നിട്ടുണ്ട്. കൊച്ചുണ്ണി നിമിത്തം ദാരിദ്ര്യം തീർന്നവരായ പല കുടുംബക്കാർ കായംകുളം, കാർത്തികപ്പള്ളി, കീരിക്കാട്, മുതുകുളം മുതലായ സ്ഥലങ്ങളിൽ ഇപ്പോഴും നല്ല സ്ഥിതിയിൽത്തന്നെ ഇരിക്കുന്നുമുണ്ട്. അവർക്ക് കൊച്ചുണ്ണിയെക്കുറിച്ചുള്ള നന്ദി, ഇന്നും അവരുടെ മനസ്സിൽനിന്നു മാഞ്ഞുപോയിട്ടുമില്ല.

കുറിപ്പുകൾ

തിരുത്തുക

1.^ സെൻട്രൽ ജയിൽ

2.^ പണസഞ്ചി

3.^ അന്ന് ഓലയിലാണ് എഴുതുക