ഐതിഹ്യമാല/നാലേക്കാട്ടു പിള്ളമാർ
←ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും | ഐതിഹ്യമാല രചന: നാലേക്കാട്ടു പിള്ളമാർ |
കായംകുളം കൊച്ചുണ്ണി→ |
നാലേക്കാട്ടു കുടുംബക്കാർ ഒന്നാംതരം ശൈവപ്പിള്ളമാരാണ്. ഇവരുടെ പൂർവകുടുംബം പാണ്ടിയിൽ "നാങ്കുനേരി"ക്കു സമീപം "വിജയനാരായണപുരം" എന്ന സ്ഥലത്തായിരുന്നു. എന്നാലിപ്പോൾ അത് തിരുവിതാംകൂറിൽ തിരുവല്ലായ്ക്കു സമീപം "കുട്ടമ്പേരൂർ" എന്ന ദേശത്താണ്. ആ കുടുംബക്കാർ പലതുകൊണ്ടും യോഗ്യന്മാരായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. അവർ സത്യവാന്മാരും പഠിപ്പും കാര്യശേഷിയുമുള്ളവരും കണക്കുവിഷയത്തിൽ അതിസമർഥന്മാരുമായിരുന്നു. ആ കുടുംബം വളരെ നാളായിട്ടു തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ പ്രത്യേക കരുണയ്ക്കു പാത്രീഭവിച്ചുകൊണ്ടാണ് വർത്തിക്കുന്നത്. ഇപ്രകാരം ശ്രഷ്ഠവും പ്രസിദ്ധവുമായ ആ കുടുംബത്തിൽ മുൻപുണ്ടായിരുന്ന മൂന്നു മഹാന്മാരെപ്പറ്റിയാണ് ഇവിടെ പറയാൻ ഭാവിക്കുന്നത്.
1. യോഗീശ്വരൻ
യോഗീശ്വരന്റെ ജനനം കൊല്ലം 719-ആമാണ്ടു വിജയനാരായണപുരം എന്ന സ്ഥലത്തുതന്നെയായിരുന്നു. അദ്ദേഹം സാമാന്യവിദ്യാഭ്യാസാനന്തരം യോഗശാസ്ത്രം പരീക്ഷിച്ചും ക്രമേണ ഒരു മഹായോഗിയായിത്തീർന്നു. അതിനിടയ്ക്ക് അദ്ദേഹം രണ്ടു വിവാഹം ചെയ്യുകയും ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു.
ആ യോഗി ഒരിക്കൽ തിരുവനന്തപുരത്തു വരികയും മഹാരാജാവിനെ മുഖം കാണിക്കുകയും അവിടുന്നു യോഗിയെ യഥായോഗ്യം സൽക്കരിക്കുകയും പ്രത്യേകം സ്ഥലം കല്പിച്ചു കൊടുത്തു താമസിപ്പിക്കുകയും ചെയ്തു. മുഖംകാണിച്ച സമയം പ്രസംഗവശാൽ "യോഗിക്കു ഭക്ഷണമെന്താണ് പതിവ്" എന്നുകൂടി കല്പിച്ചു ചോദിച്ചു. "പാലും പഴവും മാത്രമേ പതിവുള്ളൂ" എന്നു യോഗി തിരുമനസ്സറിയിക്കുകയും യോഗി താമസിക്കുന്ന സ്ഥലത്ത് ആവശ്യമുള്ള പാലും പഴവും കൊണ്ടുചെന്നു കൊടുക്കുന്നതിനു കല്പിച്ചു ചട്ടം കെട്ടുകയും ചെയ്തു. കല്പനപ്രകാരം ഒരാൾ മൂന്നിടങ്ങഴി പാലും മുപ്പതു പഴവും യോഗി താമസിച്ചിരുന്ന സ്ഥലത്തു കൊണ്ടുചെന്നു കൊടുത്തു. ഒരാൾക്ക് ഇത്രയും പാലും പഴവും വേണ്ടിവരികയില്ലെന്നും എങ്കിലും ധാരാളം കൊടുക്കണമെന്നുമാണല്ലോ കല്പന,അതുകൊണ്ട് ഇത്രയും ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് ആ മനുഷ്യൻ ഇത്രയും പാലും പഴവും കൊണ്ടുചെന്നത്. അതുകണ്ട് യോഗി "എത്ര പാലുണ്ട്?" എന്നു ചോദിച്ചു . അതു കൊണ്ടുചെന്ന ആൾ "മൂന്നിടങ്ങഴിയുണ്ട്" എന്നു പറഞ്ഞു. അതു കേട്ട് യോഗി "മൂന്നിടങ്ങഴി പാൽ എന്റെ ആസനത്തിലൊഴിക്കാൻ തികയുകയില്ലല്ലോ" എന്നു പുച്ഛരസത്തോടൂകൂടി പറഞ്ഞു. മറ്റേയാൾ അതിനുത്തരമായി ഒന്നും മിണ്ടാതെ പോവുകയും ചെയ്തു.
മേല്പറഞ്ഞ പ്രകാരം യോഗി പറഞ്ഞ വിവരം എങ്ങനെയോ മഹാരാജാവു കല്പിച്ചറിഞ്ഞു. പിറ്റേദിവസവും യോഗി കൊട്ടാരത്തിൽ ചെല്ലണമെന്നു കല്പിച്ചിരുന്നതിനാൽ യോഗി ചെല്ലുന്നതിനു മുമ്പായി മുപ്പതു പറ പാലും മൂവായിരം പഴവും കല്പിച്ചു കൊട്ടാരത്തിൽ വരുത്തി വച്ചു. യോഗി ചെന്നു മുഖം കാണിച്ചപ്പോൾ "ആസനത്തിൽകൂടി പാൽ കുടിക്കാറുണ്ടോ?" എന്നു കല്പിച്ചു ചോദിച്ചു. യോഗി അതിനു മറുപടിയായി "ആവശ്യപ്പെട്ടാൽ അതുമാവാം" എന്നു കല്പിക്കുകയും ഒരു വലിയ വാർപ്പിനകത്തു മുപ്പതു പറ പാലും അതിനടുക്കൽ മൂവായിരം പഴവും അവിടെ ഹാജരാക്കിച്ചു കൊടുക്കുകയും ചെയ്തു. ഉടനെ യോഗി ആ വാർപ്പിലിറങ്ങിയിരുന്നു കൈ നീട്ടി. യോഗിയുടെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ പഴം തൊലി കളഞ്ഞു കയ്യിൽ കൊടുത്തുകൊണ്ടിരുന്നു. യോഗി അതുവാങ്ങി ഭക്ഷിച്ചുതുടങ്ങുകയും ചെയ്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ആ പഴം മുഴുവനും തിന്നുതീർന്നു. അപ്പോഴേക്കും പാലും മുഴുവൻ യോഗിയുടെ അകത്തായി. അതുകണ്ട് മഹാരാജാവ് ഏറ്റവും വിസ്മയത്തോടുകൂടി "ഇദ്ദേഹം കേവലം ഒരു യോഗിയല്ല; ഒരു യോഗീശ്വരൻ തന്നെയാണ്" എന്നു കല്പിച്ചു. അന്നുമുതൽ അദ്ദേഹത്തെ എല്ലാവരും യോഗീശ്വരൻ എന്നു പറഞ്ഞു തുടങ്ങുകയും ചെയ്തു.
യോഗീശ്വരൻ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്തു പ്രതിദിനം രാവിലെ കരമനയാറ്റിൽപ്പോയി കുളിക്കുകയും കുടൽ പുറത്തിറക്കി കഴുകി ശുദ്ധീകരിക്കുകയും മെതിയടിയിട്ടുകൊണ്ടു വെള്ളത്തിന്റെ മീതെ നടക്കുകയും മറ്റും ചെയ്തിരുന്നതായി കേൾവിയുണ്ട്. എല്ലാം കൊണ്ടും അദ്ദേഹം ദിവ്യനായ ഒരു യോഗീശ്വരനായിരുന്നുവെന്നുള്ളതിനു സംശയമില്ല.
യോഗീശ്വരൻ ശുചീന്ദ്രത്തും മരുത്വാൻ മലയിലുമായി വളരെക്കാലം താമസിച്ചിട്ടുണ്ട്. അങ്ങനെ പല സ്ഥലങ്ങളിൽ സഞ്ചരിച്ചും പലതും കണ്ടും കേട്ടും അനുഭവിച്ചും മനസ്സിനു നല്ല തൃപ്തി വരികയാൽ ഒടുക്കം അദ്ദേഹം കേവലം വിരക്തനായിത്തീർന്നു. യോഗീശ്വരനായിരുന്ന അദ്ദേഹത്തിനു രോഗപീഡയോ വർഷതാപാദികളിൽ ദുസ്സഹത്വമോ ഉണ്ടായിരുന്നില്ലെന്നുള്ളതു പറയണമെന്നില്ലല്ലോ. എങ്കിലും ഭൂലോകവാസത്തിൽ തൃപ്തി വരികയാൽ ഒടുക്കം ദേഹത്തെ ഉപേക്ഷിച്ചുകളയാമെന്നു നിശ്ചയിച്ചു. ഇപ്രകാരമുള്ള യോഗീശ്വരന്മാർക്കു മരണം സ്വായത്തമാണല്ലോ. അവർക്ക് എത്രകാലം വേണമെങ്കിലും ജീവിച്ചിരിക്കുന്നതിനും യാതൊരു പ്രയാസവുമില്ല.
കേരളഭൂമി പരശുരാമനാൽ ബ്രാഹ്മണർക്കായിക്കൊണ്ടു ദാനം ചെയ്യപ്പെട്ടിട്ടുള്ളതാകയാൽ അവിടെവെച്ചുള്ള ദേഹവിയോഗം വിഹിതമല്ലെന്നു നിശ്ചയിച്ച് അദ്ദേഹം പാണ്ടിയിൽ "കരിങ്കുളം" എന്ന സ്ഥലത്തേക്ക് പോയി. അവിടെവെച്ച് അദ്ദേഹം 936-ആമാണ്ടു തുലാമാസത്തിൽ 217-ആമത്തെ വയസ്സിൽ ഒരു ദിവസം പതിവുപോലെ ശിവപൂജ കഴിക്കുകയും അതിന്റെ അവസാനത്തിൽ സമാധിയിലിരുന്നുകൊണ്ട് ആത്മാവിനെ പരമാത്മാവിങ്കൽ ലയിപ്പിക്കുകയും ചെയ്തു.
യോഗീശ്വരൻ കരിങ്കുളത്തു സമാധിയിലിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ വംശജർ ഒരമ്പലം പണിയിച്ച് അദ്ദേഹത്തിന്റെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും അവിടെ വിളക്കുവെപ്പ്, പൂജ മുതലായവ നടത്തുന്നതിനു വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. നാലേക്കാട്ടു കുടുംബക്കാർ ഇപ്പോഴും ചില സമയങ്ങളിൽ അവിടെപ്പോവുകയും പൂജാദികൾ നടത്തി വന്ദിച്ചുപോരുകയും ചെയ്തുവരുന്നുണ്ട്.
2. യോഗീശ്വരൻ രാമൻപിള്ള
സാക്ഷാൽ യോഗീശ്വരന്റെ പ്രഥമഭാര്യയിൽ അദ്ദേഹത്തിനുണ്ടായ പ്രഥമപുത്രനെ "യോഗീശ്വരൻ രാമൻപിള്ള" എന്നാണ് സാധാരണയായി പറഞ്ഞു വന്നിരുന്നത്. ചിലർ അദ്ദേഹത്തിനെ "വരരാമയോഗി" എന്നും പറഞ്ഞുവന്നിരുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലവും വിജയനാരായണ പുരംതന്നെയായിരുന്നു. അദ്ദേഹം ജനിച്ചതു കൊല്ലം 900)മാണ്ടായിരുന്നു.
യോഗീശ്വരൻ രാമൻപിള്ള ഒരു തമിഴ് പണ്ഡിതനും തമിഴു കവിയുമായിരുന്നു. അദ്ദേഹം തമിഴിൽ അനേകം കൃതികളുണ്ടാക്കീട്ടുണ്ട്. അവയെല്ലാം എഴുതീട്ടുള്ള താളിയോലഗ്രന്ഥങ്ങൾ നാലേക്കാട്ടുഗൃഹത്തിൽ ഇപ്പോഴുമിരിക്കുന്നുണ്ട്.
യോഗീശ്വരൻ രാമൻപിള്ള അദ്ദേഹത്തിന്റെ അച്ഛനോടുകൂടി ചെറുപ്പത്തിൽത്തന്നെ കേരളത്തിൽ വന്നുചേർന്നു. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ പരിചയവും മഹാരാജാവു തിരുമനസ്സിലെ കാരുണ്യവും സിദ്ധിക്കാനിടയായതുകൊണ്ട് അദ്ദേഹത്തിനു ചെറുപ്പത്തിൽത്തന്നെ സർക്കാർ ജീവനം ലഭിക്കുന്നതിനും സംഗതിയായി. അദ്ദേഹത്തിനു ആദ്യം ലഭിച്ചതു മാവേലിക്കര, തിരുവല്ലാ മുതലായ സ്ഥലങ്ങളിൽ ദേവസ്വം കണക്കെഴുത്താണ്. അതിൽനിന്നു കയറ്റം കിട്ടിക്കിട്ടി ഒടുക്കം അദ്ദേഹത്തിനു വലിയ മേലെഴുത്തുദ്യോഗം ലഭിച്ചു.
യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയായിരുന്ന കാലത്തു കുട്ടമ്പേരൂർ നാലേക്കാട്ടു നായർ അന്യം നിൽക്കുകയും ആ നായരുടെ സകലസ്വത്തുക്കളും ഇദ്ദേഹത്തിനു ഇനാമായി കല്പിച്ചു കൊടുക്കുകയും ചെയ്തു. പിന്നെ യോഗീശ്വരൻ രാമൻപിള്ള ആ നായരുടെ വീടിരുന്ന സ്ഥലത്ത് പുതുതായി ഒരു ഭവനം പണിയിക്കുകയും സ്വദേശമായ വിജയനാരായണപുരത്തുനിന്ന് "ഉമയാൾ പാർവതി" എന്നൊരു സ്വജാതിസ്ത്രീയെ വിവാഹം ചെയ്ത് അവിടെ കൊണ്ടുവരികയും ചെയ്തു. ഇപ്രകാരമാണ് അവർക്ക് മലയാളത്തിൽ ഒരു കുടുംബമുണ്ടാവുകയും അവർ നാലേക്കാട്ടുപിള്ളമാരായിത്തീരുകയും ചെയ്തത്.
വിവാഹം ചെയ്തതിന്റെ ശേഷം വളരെക്കാലത്തേക്കു യോഗീശ്വരൻ രാമൻപിള്ളയ്ക്കു സന്താനങ്ങളുണ്ടാകാതെയിരുന്നു. ഭാര്യയ്ക്കു കൂടെക്കൂടെ ഗർഭമുണ്ടാവുകയും അതു നാലുമഞ്ചും മാസമാകുമ്പോൾ അലസിപ്പോവുകയുമാണ് ചെയ്തിരുന്നത്. അതിന്നായി ചില ചികിത്സകൾ ചെയ്തിട്ടും ഒരു ഫലവും കാണായ്കയാൽ അതിന്റെ കാരണമറിയുന്നതിനായി യോഗീശ്വരൻ രാമൻപിള്ള പാഴൂർ പടിപ്പുരയിൽ പോയി പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും ആ സ്ത്രീയുടെ ദേഹത്തിൽ ഒരു ഗന്ധർവൻ ബാധിച്ചിട്ടുണ്ടെന്നും ആ ഗന്ധർവന്റെ ഉപദ്രവം നിമിത്തമാണ് ഗർഭമലസിപ്പോകുന്നതെന്നും, ആ ഗന്ധർവനെ ഒഴിച്ചാലല്ലാതെ സന്താനമുണ്ടാവുകയില്ലെന്നും പ്രശ്നവിധിയുണ്ടാവുകയും ചെയ്തു. അതിനാൽ അദ്ദേഹം ചില മന്ത്രവാദികളെ വരുത്തി മന്ത്രവാദങ്ങൾ ചെയ്യിച്ചു. ആരു വിചാരിച്ചിട്ടും ആ ഗന്ധർവനെ ഒഴിക്കാൻ കഴിഞ്ഞില്ല. അക്കാലത്തു ചെങ്ങന്നൂർ "തേവലശ്ശേരിത്താൻ" എന്നൊരു വലിയ മന്ത്രവാദിയുണ്ടായിരുന്നു. ഒടുക്കം യോഗീശ്വരൻ രാമൻപിള്ള ആ മന്ത്രവാദി വരുന്നതിനാളയച്ചു. "രണ്ടുദിവസം കഴിഞ്ഞ് വരാ"മെന്നു തേവലശ്ശേരിത്താൻ മറുപടി പറഞ്ഞയയ്ക്കുകയും ചെയ്തു.
പറഞ്ഞിരുന്ന ദിവസം വെളുപ്പാൻകാലത്തു തേവലശ്ശേരിത്താൻ ചെങ്ങന്നൂരു നിന്നു പുറപ്പെട്ടു. കുട്ടമ്പേരൂർ സമീപമായപ്പോൾ നേരം വെളുത്തു. അന്നുരാവിലെ കുളിയും ചില ജപങ്ങളുമൊക്കെ പതിവുണ്ടായിരുന്നതിനാൽ വഴിക്കു കണ്ടതായ ഒരമ്പലക്കുളത്തിലിറങ്ങി അദ്ദേഹം കുളിക്കുകയും അപ്പോഴേക്കും കുറേശ്ശെ ഇളവെയിലും വന്നുതുടങ്ങുകയാൽ രണ്ടാംമുണ്ടു കൌപീനമായി ഉടുത്തുകൊണ്ടു കൌപീനവും ഒന്നാം മുണ്ടും നനച്ചു പിഴിഞ്ഞു കുളപ്പുരയുടെ മുകളിൽ വിരിച്ചിട്ട് അദ്ദേഹം കുളപ്പുരയിലിരുന്ന് ജപം തുടങ്ങുകയും ചെയ്തു. ആ സ്ഥലത്ത് ഒരു വലിയ കാവുംകൂട്ടവും അവിടെ അസംഖ്യം കുരങ്ങന്മാരുമു ണ്ടായിരുന്നു. മന്ത്രവാദി കണ്ണുമടച്ചു മൂക്കും പിടിച്ചു ജപിച്ചുകൊണ്ടിരുന്ന സമയം ഒരു വാനരനിറങ്ങി വന്ന് അദ്ദേഹത്തിന്റെ കൌപീനമെടുത്തു കൊണ്ടുപോയി. ജപം കഴിഞ്ഞു യാത്രയായി നോക്കിയപ്പോൾ കൌപീനം ഇട്ടിരുന്ന സ്ഥലത്തു കണ്ടില്ല. അതൊരു വാനരനെടുത്തുകൊണ്ടു ഒരു വലിയ മരത്തിന്റെ അഗ്രഭാഗത്തു ചെന്നിരിക്കുന്നതായി കണ്ടു. "എടാ! ദ്രോഹികളെ, നിങ്ങളെന്നെപ്പറ്റിച്ചുവോ? എന്നാൽ ഞാൻ നിങ്ങളെയും ഒന്നു പറ്റിക്കാതെ വിടുകയില്ല" എന്നു പറഞ്ഞിട്ട് താൻ ഒരു മന്ത്രം ജപിച്ച് ആ വാനരത്താന്മാരെയെല്ലം മനസ്സുകൊണ്ട് ആകർഷിച്ചുകൊണ്ട് മുണ്ടുമെടുത്തു യാത്രയായി. ആകർഷണശക്തികൊണ്ടു വാനരത്താന്മാരെല്ലാം തന്റെ പിന്നാലെ കൂടി. അതിൽ ഒരു വാനരത്താന്റെ കയ്യിൽ ആ കൌപീനവുമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം നാലേക്കാട്ടിലെത്തി. അദ്ദേഹത്തെ കണ്ടയുടനെ യോഗീശ്വരൻ രാമൻപിള്ള ആസനസൽക്കാരം ചെയ്തിരുത്തി കുശലപ്രശ്നം ചെയ്തു. അപ്പോഴേക്ക്കും വാനരത്താന്മാരെക്കൊണ്ടു നാലേക്കാട്ടുമുറ്റം നിറഞ്ഞു. അതു കണ്ടിട്ട് യോഗീശ്വരൻ രാമൻപിള്ള "ഇതെന്തൊരു വിദ്യയാണ്? ഈ കുരങ്ങന്മാരെയൊക്കെകൂടെക്കൊണ്ടു വന്നിരിക്കുന്നതെന്തിനാണ്?" എന്നു ചോദിച്ചു. അതിനു മറുപടിയായി താൻ "ഈ കള്ളന്മാർ നമ്മുടെ കൌപീനം മോഷ്ടിച്ചു. അതിനാൽ അവരെ ഞാൻ ബന്ധിച്ചു കൊണ്ടുപോരികയാണു ചെയ്തത്. എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കിയതിന് അവരും കുറച്ചു ബുദ്ധിമുട്ടട്ടെ" എന്നു പറഞ്ഞു. അപ്പോൾ വലിയ മേലെഴുത്തുപിള്ള "ഐഃ സാധുക്കൾ; അവരെ വിട്ടയച്ചേക്കണം" എന്നു പറഞ്ഞു. ഉടനെ താൻ ഒരു മന്ത്രം ജപിച്ചു മനസ്സുകൊണ്ട് ഉച്ചാടനം ചെയ്തിട്ട്, "ആ കൌപീനം അവിടെ ഇട്ടീട്ടു പോകുവിൻ" എന്നു പറഞ്ഞു. അപ്രകാരം ആ കുരങ്ങന്മാരെല്ലാം പോവുകയും ചെയ്തു.
ഇതു കണ്ട് യോഗീശ്വരൻ രാമൻപിള്ള വളരെ വിസ്മയിക്കുകയും തേവലശ്ശേരിത്താൻ ഒട്ടും ചില്ലറക്കാരനല്ലെന്നു തീർച്ചപ്പെടുത്തുകയും ചെയ്തുവെങ്കിലും ഒന്നുകൂടി പരീക്ഷിക്കണമെന്നു നിശ്ചയിച്ചുകൊണ്ട്, "നിങ്ങൾ, ഇവിടെ വരുന്നതിനു ഞാൻ ആവശ്യപ്പെട്ടതിന്റെ കാരണം മനസ്സിലായിക്കാണുമല്ലോ. ഞാനനേകം മന്ത്രവാദികളെയും വൈദ്യന്മാരെയും ഇവിടെ വരുത്തുകയും അവർ പഠിച്ചതെല്ലാം പ്രയോഗിച്ചുനോക്കുകയും ചെയ്തു. അതുകൊണ്ട് എനിക്കു ഒട്ടുവളരെ പണം ചെലവായതല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല. ഇനി നിങ്ങളെക്കൊണ്ടുകൂടി കഴിയുന്നതൊക്കെ ചെയ്യിച്ചുനോക്കുകയും അതുകൊണ്ടും ഫലം ഉണ്ടാകാത്തപക്ഷം ഈ ശ്രമവും ആഗ്രഹവും വേണ്ടെന്നു വയ്ക്കുകയും ചെയ്യണമെന്നാണ് ഞാൻ വിചാരിക്കുന്നത്. എനിക്ക് വയസ്സ് ഏകദേശം അറുപതോളമായിരിക്കുന്നു. ഇനിയും സന്തതി ഉണ്ടാകാത്തപക്ഷം പിന്നെ അതിനെക്കുറിച്ച് ആഗ്രഹിക്കണമെന്നില്ലല്ലോ. ഈ പുരാതനവംശം എന്റെ കാലത്തു നശിച്ചു എന്നു വരാതെയിരിക്കാനായി ഒരു പുത്രസന്താനമെങ്കിലുമുണ്ടായാൽക്കൊള്ളാമെന്നേ എനിക്കാഗ്രഹമുള്ളൂ. മരിച്ചാൽ ശേഷക്രിയ (ഇത്രയും പറഞ്ഞപ്പോഴേക്കും യോഗീശ്വരൻ രാമൻപിള്ളയുടെ കണ്ണു രണ്ടും നിറഞ്ഞ് അശ്രുക്കൾ ധാരയായി ഒഴുകിത്തുടങ്ങി. അദ്ദേഹത്തിനു വാക്കുകൾ പുറപ്പെടാതെയുമായി. ഗംഭീരമാനസനും ധൈര്യശാലിയുമായിരുന്ന അദ്ദേഹത്തിന്റെ പാരവശ്യം കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം കരഞ്ഞുപോയി. മന്ത്രവാദിയുടെ കണ്ണിലും വെള്ളം നിറഞ്ഞു. അദ്ദേഹം ഒരു വിധം മനസ്സിനെ സമാധാനപ്പെടുത്തി ഉറപ്പിച്ചുകൊണ്ട് പിന്നെയും പറഞ്ഞു തുടങ്ങി) ചെയ്‌വാൻ ആരുമില്ലാതെയിരിക്കുന്നതു കഷ്ടമാണല്ലോ. "അപുത്രസ്യ കുതോ മുക്തി?" എന്നാണല്ലോ മഹദ്വചനം. അതിനാൽ എന്റെ ആഗ്രഹസിദ്ധിക്കായി നിങ്ങൾ വേണ്ടുന്നതിനെ മനസ്സിരുത്തി ചെയ്യണം. ഈ ഗന്ധർവൻ ഒഴിഞ്ഞുപോയാൽ സന്താനമുണ്ടാകുമെന്നാണ് പ്രശ്നവശാൽ കണ്ടിരിക്കുന്നത്. അതിനാൽ അതിനായിട്ടാണ് നിങ്ങൾ പ്രധാനമായി നോക്കേണ്ടത്. എനിക്ക് എന്റെ അനുഭവംകൊണ്ട് മന്ത്രവാദികളെക്കുറിച്ച് ആകപ്പാടെ വിശ്വാസം വളരെ കുറവായിരിക്കുന്നു. എന്നാൽ നിങ്ങളെക്കുറിച്ച് അങ്ങനെ തോന്നുന്നില്ല. നിങ്ങൾ വിചാരിച്ചാൽ ഈ ഗന്ധർവനെ ഒഴിച്ചുവിടാൻ കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം. എങ്കിലും എന്റെ മനസ്സിനു കുറച്ചുകൂടി ഉറപ്പുവരാനായി നിങ്ങൾ ആദ്യമേ ഒരു കാര്യം ചെയ്യണം. എന്തെന്നാൽ (ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇതാ ഈ തൊഴുത്തിന്റെ (കന്നുകാലിക്കൂടിന്റെ) പുറത്തു പടർന്നു കിടക്കുന്ന മത്തവള്ളി ആകർഷിച്ചു താഴെയിറക്കുകയും ഉച്ചാടനം ചെയ്തു പൂർവസ്ഥിതിയിലാക്കുകയും ചെയ്യണം. പിന്നെ നമ്മുടെ പ്രകൃതകാര്യത്തിനു വട്ടംകൂട്ടേണ്ടതെന്തെല്ലാമെന്നു പറഞ്ഞാൽ എല്ലാം ഞാൻ തയ്യാറാക്കിച്ചു തരുകയും ചെയ്യാം" എന്നു പറഞ്ഞു. അതു കേട്ടു തേവലശ്ശേരിത്താൻ "ഗുരുകടാക്ഷവും പരദേവതമാരുടെ കാരുണ്യവും കൊണ്ട് ഈ ഗന്ധർവന്റെ ഉപദ്രവം ഒഴിക്കാമെന്നുതന്നെയാണ് എന്റെ വിശ്വാസം. നിങ്ങളുടെ കുടുംബം അത്ര സുകൃതം ക്ഷയിച്ചതല്ലെന്നാണ് കേൾവികൊണ്ട് ഞാൻ അറിഞ്ഞിട്ടുള്ളത്. അതുകൊണ്ടും അവിടുത്തെ ഭാഗ്യംകൊണ്ടും അവിടേക്കു സന്തതിയുണ്ടാകുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ പേരിൽ അവിടേക്കു വിശ്വാസം ഉണ്ടാകുന്നതിനായി അവിടുന്നു ആവശ്യപ്പെട്ട പ്രകാരം ഇപ്പോൾത്തന്നെ കാണിച്ചു ബോധ്യപ്പെടുത്താം. പിന്നെ ഗന്ധർവനെ ഒഴിവാക്കുന്നതിനു വിശേഷി ച്ചൊന്നും വട്ടം കൂട്ടേണ്ടതായിട്ടില്ല. അസ്തമിച്ച് ഏഴര നാഴിക രാത്രിയാകുന്നതുവരെ ക്ഷമിക്കുക മാത്രം ചെയ്താൽ മതി. പിന്നെ വേണ്ടതൊക്കെ അപ്പോൾ ഞാൻപറയാം" എന്നു പറയുകയും തൊഴുത്തിന്റെ മുകളിൽ നിറച്ചു കായും പൂവുമായി പടർന്നുകിടന്നിരുന്ന മത്തവള്ളിയെ ഒരു മന്ത്രം ജപിച്ചു മനസ്സുകോണ്ട് ആകർഷിച്ചു താഴെയിറക്കുകയും ചെയ്തു. അതുകണ്ട്, അത്ഭുതപരവശനായ യോഗീശ്വരൻ രാമൻപിള്ള "ഇപ്രകാരം ചെയ്യണമെന്നു ഞാൻപറഞ്ഞത് അവിടുത്തെ പേരിൽ എനിക്ക് അവിശ്വാസമുണ്ടായിട്ടല്ല. ഈ അത്ഭുതകർമം കാണാനുള്ള ആഗ്രഹംകൊണ്ടും ഈവക വിദ്യകൾ കാണിക്കുന്നതിനു ശക്തന്മാരായ മാന്ത്രികന്മാർ ഇപ്പോഴും ചുരുക്കമാകയാലും പറഞ്ഞുപോയി എന്നേയുള്ളൂ" എന്നു പറഞ്ഞു. താൻ മറ്റൊരു മന്ത്രം ജപിച്ചു മനസ്സുകൊണ്ടുതന്നെ ഉച്ചാടനം ചെയ്ത് പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. ആ മത്തവള്ളിയെല്ലാം തലപൊക്കി, ഇഴഞ്ഞുകയറി, യഥാപൂർവം തൊഴുത്തിന്റെ മുകളിൽ പടർന്നുകിടപ്പായതു കണ്ടപ്പോൾ യോഗീശ്വരൻ രാമൻപിള്ളയുടെ മനസ്സിൽ വിസ്മയം ശതഗുണീഭവിച്ചുവെന്നുള്ളതു പറയണമെന്നില്ലല്ലോ.
അന്ന് അസ്തമിച്ച് ഏഴര നാഴിക കഴിഞ്ഞപ്പോൾ തേവലശ്ശേരിത്താൻ മന്ത്രവാദമാരംഭിച്ചു. അദ്ദേഹം ഭസ്മംകൊണ്ട് ഷൾക്കോണമായി ഒരു ചക്രം വരച്ച്, അതിൽ ഉമയാൾ പാർവതിയമ്മയെ ഇരുത്തി ഭസ്മം ജപിച്ച് അവരുടെ ദേഹത്തിലിട്ടുകൊണ്ടിരുന്നു. അപ്പോൾ താൻ, "ഈ ദേഹത്തിന്മേൽ ആരാണ് വന്നിരിക്കുന്നത്? എന്തിനായിട്ടാണ് ഇവിടെ വന്നുകൂടിയിരിക്കുന്നത്? കൂടാൻ കാരണമെന്താണ്? എന്നുള്ളതെല്ലാം പറയണം" എന്നു പറഞ്ഞു. ഉടനെ സ്ത്രീ ഗന്ധർവന്റെ നിലയിൽ താഴെ വരുന്ന പ്രകാരം പറഞ്ഞുതുടങ്ങി: ഞാനാരാണെന്നുള്ളത് പ്രശ്നവശാൽ നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. ഞാനീ സ്ത്രീയുടെ സൌന്ദര്യം കണ്ടു ബാധിച്ചിട്ടുള്ളതാണ്. ഈ സ്ത്രീയെ ഉപദ്രവിക്കണമെന്നുള്ള വിചാരം എനിക്കു ലവലേശംപോലുമില്ല. ഞാൻ യാതൊരുപദ്രവവും ചെയ്യുന്നുമില്ല. എന്നാൽ ഈ സ്ത്രീ ഭർതൃസഹവാസം ചെയ്യുന്നത് എനിക്ക് ഒട്ടും സന്തോഷകരമല്ലെന്നല്ല, മഹാവിരോധവുമാണ്. അതിനാൽ ഈ പുരുഷനിൽനിന്നു സന്താനമുണ്ടാകുന്നതിനു ഞാൻ സമ്മതിക്കുകയുമില്ല. വേറെ യാതൊരുപദ്രവവും ഞാൻചെയ്യുന്നില്ല. ചെയ്കയുമില്ല. ഈ സ്ത്രീയുടെ ദേഹത്തിൽനിന്ന് ഒഴിഞ്ഞുപോകുന്ന കാര്യം എനിക്കു വളരെ സങ്കടമായിട്ടുള്ളതാണ്. അതിനാൽ ആ ഒരു കാര്യം മാത്രം എന്നോടു നിർബന്ധിക്കരുത്"
താൻ: ഇല്ല, അങ്ങനെ നിർബന്ധമില്ല. ഈ ദേഹത്തിനുപദ്രവമൊന്നു മുണ്ടാക്കരുത്. ഇവിടെ സന്തതിയുണ്ടാവുകയും വേണം. അത്രമാത്രമേ ആഗ്രഹമുള്ളൂ.
സ്ത്രീ: ഞാനീ ദേഹത്തിലുള്ള കാലം സന്തതിയുണ്ടാവുക അസാദ്ധ്യംതന്നെയാണ്.
താൻ: എന്നാൽ ഒഴിഞ്ഞുപോവുകതന്നെ വേണം.
സ്ത്രീ: അതു സങ്കടമാണ്.
താൻ: പോകാതിരിക്കുന്നതു ഞങ്ങൾക്കും സങ്കടമാണ്.
സ്ത്രീ: എന്തുചെയ്യാം! അതു നിങ്ങൾ അനുഭവിക്കുകതന്നെ വേണം. എന്തായാലും ഞാനൊഴിഞ്ഞുപോവുകയില്ല.
താൻ: പോയില്ലെങ്കിൽ ഞാൺ അയയ്ക്കും. അതുകൂടാതെ ഒഴിഞ്ഞുപൊയ്ക്കൊള്ളുന്നതാണു നല്ലത്.
സ്ത്രീ: എന്നെ ഒഴിച്ചുവിടാമെന്നോ? അതസാദ്ധ്യമാണ്. അങ്ങുതന്നെ ഒഴിഞ്ഞുപൊയ്ക്കൊൾകയാണ് നല്ലത്. എന്നാൽ ഉള്ള മാനം കളയാതെയിരിക്കാം. ഇതുവരെ എന്നെ ഒഴിവാക്കാൻ വന്നവരെപ്പോലെയല്ല അങ്ങെന്നെനിക്കറിയാം. അതുകൊണ്ടാണ് ഞാൻ പറയുന്നത്. മുമ്പു വന്നവരെല്ലാം വിചാരിച്ചിട്ട് എന്നെക്കൊണ്ട് മിണ്ടിക്കാൻ പോലും കഴിഞ്ഞില്ല. അങ്ങു കുറച്ചു പഠിത്തമുള്ളയാളും മാന്യനുമാണ്. എന്നെ ഉപദ്രവിക്കാൻ തുടങ്ങുകയാണെങ്കിൽ ഞാനങ്ങെ അവമാനിച്ചയയ്ക്കും.
ഇത്രയും പറഞ്ഞ് ആ സ്ത്രീ അവിടെനിന്നെണീറ്റു. ഉടനെ താൻ മുൻകൂട്ടി കരുതി അടുക്കൽ വച്ചിരുന്ന കയറെടുത്തുപിടിച്ച് ഒരു മന്ത്രം ജപിച്ച് ഒരു കെട്ടുകെട്ടി. ഉടനെ ആ സ്ത്രീ "അയ്യോ!" എന്നു പറഞ്ഞു കൈ രണ്ടും കൂട്ടി പിടിച്ചു കെട്ടിയിട്ടവിധം ചേർത്തുവച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. സ്ത്രീ എണീറ്റതു മന്ത്രവാദിയുടെ ചെകിട്ടത്ത് അടിക്കാനായിരുന്നു. അതു മനസ്സിലാക്കിയിട്ട് അദ്ദേഹം മന്ത്രം ജപിച്ചു ബന്ധിച്ചതിനാലാണ് സ്ത്രീ അവിടെയിരുന്നത്. ബന്ധനം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കു കയ്യും കാലും ഇളക്കാനും ഇരുന്ന സ്ഥലത്തുനിന്ന് മാറിയിരിക്കാൻപോലും വയ്യാതായിട്ട്, "അങ്ങു സാമാന്യക്കാരനല്ലെന്നു ഞാൻ സമ്മതിക്കുന്നു. ഞാനങ്ങയോടു മത്സരിക്കണമെന്നു വിചാരിക്കുന്നില്ല. എന്നെ ബഹുമാനപൂർവം അയയ്ക്കണമെന്നു മാത്രം ഞാനപേക്ഷിക്കുന്നു. അങ്ങനെ അയയ്ക്കുകയാണെങ്കിൽ സസന്തോഷം പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു.
താൻ: എങ്ങനെ വേണമെങ്കിലും അവിടുത്തെ ഇഷ്ടംപോലെ ബഹുമാനിച്ചയയ്ക്കാൻ ഇവിടെ തയ്യാറാണ്. അവിടുത്തെ ഉപദ്രവിക്കണമെന്ന് ഇവിടെ ആർക്കും വിചാരമില്ല. പോകുന്നതിനു എന്തെല്ലാമാണ് വേണ്ടത്?
സ്ത്രീ: അതു ഞാൻപറയണോ? അങ്ങേയ്ക്കറിയാമല്ലോ. അധികമൊന്നും വേണ്ട. സാധാരണനടപ്പുപോലെ മതി.
താൻ: ചുരുക്കത്തിലായാലും ഇന്നിനി തരമില്ലല്ലോ. അതിനാൽ ഒരവധി നിശ്ചയിച്ചു പറയണം.
സ്ത്രീ: പോവുക എന്നു തീർച്ചപ്പെടുത്തിയ സ്ഥിതിക്ക് എനിക്കിനി അധികം താമസിക്കാൻ പാടില്ല. നാളെത്തന്നെ എന്നെ അയയ്ക്കണം.
താൻ: അങ്ങനെതന്നെ.
സ്ത്രീ: എന്നാൾ ഇപ്പോൾ മാറി നിൽക്കട്ടെ.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആ സ്ത്രീ അവിടെത്തന്നെ കിടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വെള്ളം കുടിക്കണമെന്നു പറയുകയും വെള്ളം കുടിച്ചതിന്റെ ശേഷം അവിടെനിന്ന് എണീറ്റ് പോവുകയും ചെയ്തു. പിന്നെ സുഖക്കേടൊന്നുമുണ്ടായിരുന്നില്ല.
പിറ്റേ ദിവസം വൈകുന്നേരമായപ്പോഴേക്കും അവിടെ തെക്കേത്തളമെല്ലാം അടിച്ചു തളിച്ചു മെഴുകി ശുദ്ധമാക്കുകയും കെട്ടി വിതാനിച്ച് അലങ്കരിക്കുകയും ഒരു പൂജയ്ക്കു വേണ്ടുന്നവയെല്ലാമൊരുക്കുകയും ചൂട, സാമ്പ്രാണി, അഷ്ടഗന്ധം, കളഭം, കസ്തൂരി മുതലായ സുഗന്ധവർഗങ്ങളും മാലകളും പനിനീർ മുതലായവയും തയ്യാറാക്കി വെയ്ക്കുകയും ചെയ്തു. ഏകദേശം ഏഴര നാഴിക രാത്രിയായപ്പോൾ തേവലശ്ശേരിത്താൻ കുളിച്ചു ശുദ്ധമായി വന്നു. അദ്ദേഹം അവിടെ പത്മമിട്ടു വിളക്കുവച്ച് ഗന്ധർവന് ഒരു പൂജ കഴിച്ചു. പാൽപ്പായസം, അപ്പം, അട, അവിൽ, മലർ, പഴം, ഇളന്നീർ മുതലായവയായിരുന്നു നിവേദ്യസാധനങ്ങൾ. പൂജ കഴിഞ്ഞ ഉടനെ തലേദിവസത്തെപ്പോലെ ഭസ്മംകൊണ്ടു ഷൾകോണമായി ഒരു ചക്രം വരച്ച് ഉമയാൽ പാർവതിയമ്മയെ അതിലിരുത്തി. അന്നു ഭസ്മം ജപിച്ചിടുകയും മറ്റും ചെയ്തില്ല. തേവലശ്ശേരിത്താൻ കുറച്ചു ചന്ദനവും പൂവും കയ്യിലെടുത്ത് ആ പൂജ കഴിച്ച സ്ഥലത്തുനിന്നു ഗന്ധർവനെ ആവാഹിച്ച് ആ സ്ത്രീയുടെ ശിരസ്സിലേക്കിട്ടു. ഉടനെ അവർ തുള്ളിത്തുടങ്ങി. തുള്ളുകയെന്നാൽ ഓടുകയും ചാടുകയുമൊന്നുമല്ല. ആദ്യം ദേഹം ആകപ്പാടെ ഒന്നു വിറയ്ക്കും. പിന്നെ ഒരു പ്രൌഢനായ ഒരു പുരുഷനെപ്പോലെ കാലിന്മേൽ കാൽകേറ്റിയിരുന്ന് സംസാരിച്ചുതുടങ്ങും. അല്ലാതെ വിശേഷമൊന്നും ഇല്ല. തുള്ളിത്തുടങ്ങിയ ഉടനെ കളഭം, പുഷ്പമാല്യങ്ങൾ മുതലായവയെല്ലാമെടുത്തു തേവലശ്ശേരിത്താൻ ആ സ്ത്രീയുടെ അടുക്കൽ വെച്ചു. ഉടനെ ആ സ്ത്രീ "എന്നെ ഇന്നലെ കെട്ടിയ കെട്ട് ഇതുവരെ അഴിച്ചില്ലല്ലോ. പിന്നെ നിങ്ങളുടെ ഈ സൽക്കാരത്തെ ഞാനെങ്ങനെ സ്വീകരിക്കും?" എന്നു ചോദിച്ചു. അതു കേട്ടു താൻ "അക്കാര്യം ഞാൻ തീരെ അന്ധാളിച്ചുപോയി. എന്റെ ഈ തെറ്റിനെ അവിടുന്നു കൃപാപൂർവം ക്ഷമിക്കണം" എന്നു പറഞ്ഞിട്ട് ഒരു മന്ത്രം ജപിച്ച് ആ ബന്ധമഴിച്ചു. ഉടനെ ആ സ്ത്രീ ആ കളഭമെടുത്ത് ദേഹത്തിലെല്ലാം പൂശുകയും മാലകളും പൂക്കളുമെടുത്തു ചൂടുകയും ചെയ്തു. അപ്പോഴേക്കും തേവലശ്ശേരിത്താൻ കർപ്പൂരം കത്തിക്കുകയും അഷ്ടഗന്ധം മുതലായവ ധൂപിക്കുകയും ചെയ്ത് ആ സ്ഥലം സുഗന്ധസമ്പൂർണമാക്കിത്തീർത്തു. ഉടനെ ആ സ്ത്രീ പറഞ്ഞുതുടങ്ങി:
വളരെ സന്തോഷമായി. ഞാൻഇപ്പോൾത്തന്നെ യാത്രയായിരിക്കുന്നു. ഇനി ഒരു കാലത്തും ഈ സ്ത്രീയെയെന്നല്ല, ഈ കുടുംബത്തിലാരെയും തന്നെ ഞാൻ ബാധിക്കുന്നതല്ല, സത്യം. എന്നാൽ ഇത്രയും കാലം ഞാൻ ഈ സ്ത്രീയുടെ ദേഹത്തെയും ഈ കുടുംബക്കാരെയും ആശ്രയിച്ചു താമസിച്ചിരുന്ന സ്ഥിതിക്ക് ഇവർക്കൊരു സഹായവും ചെയ്യാതെ പോകുന്നതു യുക്തമല്ലല്ലോ. അതിനാൽ സന്തോഷസമേതം അനുഗ്രഹിച്ചിരിക്കുന്നു. അടുത്ത ആണ്ടിൽ ഈ മാസത്തിൽ ഈ തീയതിയിൽത്തന്നെ ഈ സ്ത്രീ പ്രസവിച്ച് ഒരു പുരുഷ സന്താനമുണ്ടാകും. ആ പുരുഷൻ പ്രസിദ്ധനും യോഗ്യനുമായിത്തീരുകയും ചെയ്യും. എന്നു മാത്രമല്ല, ഈ കുടുംബത്തിൽ കേവലം മൂഢന്മാരും അയോഗ്യന്മാരുമായി ആരും ഒരു കാലത്തുമുണ്ടാവില്ല. ഇനിയൊരു മൂന്നു തലമുറ കഴിയുന്നതുവരെയുള്ളവർക്കു പ്രത്യേക യോഗ്യതകളുമുണ്ടായിരിക്കുകയും ചെയ്യും. എന്റെ ഈ അനുഗ്രഹത്തിനു യാതൊരു വ്യത്യാസവും വരുന്നതല്ല. എന്നാൽ എന്നെ ഇപ്രകാരം ഇവിടെനിന്ന് ഇറക്കി വിടുന്നതിനാൽ എക്കാലത്തും ഈ കുടുംബത്തിൽ പുരുഷസന്താനം കുറവായിരിക്കുകയും ചെയ്യും."
ഇപ്രകാരം പറഞ്ഞ് ആ ഗന്ധർവൻ ഒഴിഞ്ഞുപോവുകയും ഉമയാൾ പാർവതിയമ്മ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയദ്ദേഹത്തിനുണ്ടായ സന്തോഷവും വിസ്മയവും തേവലശ്ശേരിത്താന്റെ പേരിലുണ്ടായ വിശ്വാസ ബഹുമാനങ്ങളും സീമാതീതങ്ങളായിരുന്നുവെന്നതു പറയേണ്ടതില്ലല്ലോ. ആ മാന്ത്രിക ശ്രഷ്ഠനെ അദ്ദേഹം സൽക്കാരവചനങ്ങൾകൊണ്ടും പലവിധ സമ്മാനങ്ങൾകൊണ്ടും മറ്റും സന്തോഷിപ്പിച്ചയച്ചു. ഗന്ധർവൻ പറഞ്ഞതുപോലെ അധികം താമസിയാതെ ഉമയാൾ പാർവതിയമ്മ ഗർഭം ധരിക്കുകയും അടുത്തയാണ്ടിൽ ആ ദിവസം തന്നെ ആ സ്ത്രീ പ്രസവിച്ച് ഒരു പുരുഷപ്രജ ഉണ്ടാവുകയും ചെയ്തു.
ഇപ്രകാരം യോഗീശ്വരൻ രാമൻപിള്ളയ്ക്ക് ഉമയാൾ പാർവതിയമ്മയിലുണ്ടായ ഏകപുത്രനാണ് "ബാലരാമൻ പിള്ള സമ്പ്രതിപ്പിള്ള" എന്നു പ്രസിദ്ധനായിത്തീർന്നത്. ബാലരാമൻപിള്ള ജനിച്ചത് 960-ആമാണ്ട് കുട്ടമ്പേരൂർ നാലേക്കാട്ടു കുടുംബത്തിൽത്തന്നെയാണ്. പുത്രനുണ്ടായ ഉടനെ യോഗീശ്വരൻ രാമൻപിള്ള തിരുമനസ്സറിയിക്കുന്നതിനു തിരുവനന്തപുരത്തേക്ക് എഴുതിയയച്ചു. അന്നു നാടുവാണിരുന്നത് 973-ആമാണ്ടു നാടു നീങ്ങിയ സാക്ഷാൽ രാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നുവെന്നത് പറയണമെന്നില്ലല്ലോ. ആ തിരുമനസ്സിലേക്ക് ഈ വലിയ മേലെഴുത്തുപിള്ളയുടെ പേരിൽ വലിയ കാരുണ്യവും സന്തോഷവും വിശ്വാസവുമുണ്ടായിരുന്നു. തിരുമനസ്സിലേക്കു രാജ്യഭരണവിഷയത്തിൽ പ്രധാനസഹായികളായിരുന്നിട്ടുള്ളതു കേശവ(ദാസ്)പിള്ള ദിവാൻജിയും ഈ വലിയ മേലെഴുത്തുപിള്ളയുമാണ്. വലിയ മേലെഴുത്തുപിള്ളയ്ക്ക് പുത്രനുണ്ടായി എന്നു കേട്ടപ്പോൾ തിരുമനസ്സിലേക്കുണ്ടായ സന്തോഷം എത്രമാത്രമെന്നു പറയാൻ പ്രയാസം. ഈ കുട്ടിയെ കാണുന്നതിനു തിരുമനസ്സിലേക്കു വളരെ ധൃതിയായിരിക്കുന്നുവെന്നുള്ള വിവരത്തിനു യോഗീശ്വരൻ രാമൻപിള്ളയ്ക്കു തിരുവനന്തപുരത്തുനിന്ന് ഒരു സ്വകാര്യക്കത്തു കിട്ടുകയാൽ അദ്ദേഹം ഭാര്യയുടെ പ്രസവരക്ഷാദികൾ കഴിഞ്ഞയുടനെ പുത്രനെ ഭാര്യാസമേതം വള്ളത്തിൽ കയറ്റി തിരുവനന്തപുരത്തുകൊണ്ടുചെന്ന സമയം ആശ്രിതവത്സലനും കരുണാനിധിയുമായ ആ തിരുമേനി ആ കുട്ടിയെ തൃക്കൈയിൽ വാങ്ങി തിരുമടിയിൽ വെച്ചുകൊണ്ട്, "നാമും നമ്മുടെ വലിയ മേലെഴുത്തുപിള്ളയും രാമനാമാക്കളാണല്ലോ. അപ്രകാരംതന്നെ വലിയ മേലെഴുത്തുപിള്ളയുടെ പുത്രനു നമ്മുടെ അനന്തരവന്റെ പേരുമായിരിക്കട്ടെ" എന്ന് അരുളിച്ചെയ്തിട്ട് ആ കുട്ടിക്ക് "ബാലരാമൻ" എന്നു കല്പിച്ചു പേരു വിളിച്ചു. അന്ന് ഇളയമുറസ്ഥാനം വഹിച്ചിരുന്നത് ബാലരാമവർമ മഹാരാജാവായിരുന്നുവല്ലോ. ഈ സംഗതി വിചാരിച്ചാൽ ആ ബാലരാമൻപിള്ളയോളം ഭാഗ്യമുണ്ടായിട്ട് ആ വംശത്തിൽ മറ്റാരുമുണ്ടായിട്ടില്ലെന്നുതന്നെ പറയാം. കുലശേഖരപ്പെരുമാളുടെ തിരുമടിയിൽക്കയറിയിരിക്കുന്നതിനും അവിടുന്നു തന്നെ കല്പിച്ചു പേരു വിളിക്കുന്നതിനും മറ്റാർക്കും സംഗതിയായിട്ടില്ലല്ലോ.
986-ആമാണ്ട് ബാലരാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങിയ ശേഷം യോഗീശ്വരൻ രാമൻപിള്ള പ്രായാധിക്യം നിമിത്തം തിരുവനന്തപുരം വിട്ട് കുട്ടമ്പേരൂർ സ്വഗൃഹത്തിൽത്തന്നെ വന്നു താമസിച്ചു. എങ്കിലും വലിയ മേലെഴുത്തുദ്യോഗത്തിൽനിന്ന് അദ്ദേഹം മാറുകയോ അദ്ദേഹത്തെ ആരെങ്കിലും മാറ്റുകയോ ചെയ്തില്ല. ആജീവനാന്തം അദ്ദേഹം ആ ഉദ്യോഗത്തിൽത്തന്നെയാണിരുന്നത്. ബാലരാമവർമ മഹാരാജാവിന്റെ കാലാനന്തരം രാജ്യം ഭരിച്ചിരുന്ന ശ്രീലക്ഷ്മീമഹാരാജ്ഞി, ശ്രീപാർവതീമഹാരാജ്ഞി എന്നിവർക്കും യോഗീശ്വരൻ രാമൻപിള്ളയുടെ പേരിൽ വളരെ കരുണയുണ്ടായിരുന്നു. അതിനാൽ ആ മഹാരാജ്ഞിമാർ വലിയ മേലെഴുത്തുപിള്ളയുടെ ജോലികളെല്ലാം അദ്ദേഹം തന്റെ പ്രതിനിധിയായി നിയമിച്ച "ചാങ്ങയിൽ ശങ്കരനാരായണപിള്ള" എന്ന ആളെക്കൊണ്ടു നോക്കിക്കയും ശമ്പളം മുഴുവനും മുറയ്ക്കു ഇദ്ദേഹത്തിനുതന്നെ വീട്ടിൽ അയച്ചുകൊടുക്കു ന്നതിനു ചട്ടംകെട്ടി നടത്തിക്കുകയുമാണ് ചെയ്തിരുന്നത്.
യോഗീശ്വരൻ രാമൻപിള്ള 996-ആമാണ്ട് ചിങ്ങമാസത്തിൽ 96-ആമത്തെ വയസ്സിൽ യശശ്ശരീരനായി ഭവിച്ചു. അദ്ദേഹത്തെ ഇപ്പോഴും ആ കുടുംബക്കാർ അവിടെവെച്ച് ആചരിച്ചുവരുന്നുമുണ്ട്.
3. ബാലരാമൻപിള്ള
ഇദ്ദേഹം ഒരു വലിയ സംസ്കൃതപണ്ഡിതനും കവിയും ജ്യോത്സ്യനും മന്ത്രവാദിയും വൈദ്യനുമായിരുന്നു. ഇദ്ദേഹത്തിനു രായസം, സാമ്പ്രതി മുതലായ സർക്കാരുദ്യോഗമുണ്ടായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് അറിവും ഓർമയുമുള്ളവർ ഇപ്പോഴും പലരുമുള്ളതിനാൽ ഈ മഹാനെപ്പറ്റി അധികം വിസ്തരിക്കുന്നില്ല.
ബാലരാമൻപിള്ള ചരമഗതിയെ പ്രാപിച്ചതു 90-ആമത്തെ വയസ്സിൽ 1050-ആമാണ്ടിലാണ്. ഇപ്പോൾ നാലേക്കാട്ടു കുടുംബത്തിലുള്ള ശങ്കരനാരായണപിള്ള അവർകൾ മേല്പറഞ്ഞ മഹാന്റെ സന്താനപരമ്പരയിലുൾപ്പെട്ട ആളാണെന്നുകൂടി പറഞ്ഞുകൊണ്ട് ഈ ഉപന്യാസത്തെ ഇവിടെ സമാപിപ്പിച്ചുകൊള്ളുന്നു.