ഐതിഹ്യമാല/കായംകുളത്തു രാജാവിന്റെ ശ്രീചക്രം

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കായംകുളത്തു രാജാവിന്റെ ശ്രീചക്രം


കായംകുളം രാജ്യം പിടിച്ചടക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകുടി രാമയ്യൻ ദളവ തിരുവിതാംകൂർ (മാർത്താണ്ഡവർമ്മ) മഹാരാജാവിന്റെ ചാരത്വം സ്വീകരിച്ചു കൊണ്ട് ഒരിക്കൽ വേ‌ഷം മാറി കായംകുളത്തു ചെന്നു ചേർന്നു. ഗൂഢമായി അവിടുത്തെ സ്ഥിതിഗതികൾ അന്വേ‌ഷിച്ചപ്പോൾ രാജ്യവും വംശവും നശിക്കത്തക്കവണ്ണമുള്ള ചില ദുർന്നടപ്പുകൾ രാജാവിനുള്ളതായി ദളവയ്ക്ക് അറിവു കിട്ടി. എങ്കിലും അവിടെ ഐശ്വര്യം ഉപര്യുപരി വർദ്ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നതായിക്കണ്ട് അതിന്റെ കാരണമെന്താണെന്ന് അദ്ദേഹം വിണ്ടും അന്വേ‌ഷിച്ചു. അപ്പോൾ ആ രാജാവിന്റെ തേവാരപ്പുരയിൽ ഒരു ശ്രീചക്രം ഇരിക്കുന്നുണ്ടെന്നും അതു സർവ്വലക്ഷണങ്ങളും ഒത്തതാണെന്നും അതിന്റെ പൂജ പ്രതിദിനം അവിടെ ശരിയായി നടന്നുവരുന്നുണ്ടെന്നും അതവിടെ ഇരിക്കുന്ന കാലത്ത് ആ രാജ്യത്തിനും രാജവംശത്തിനും ഐശ്വര്യാഭിവൃദ്ധിയല്ലാതെ നാശം ഒരിക്കലും ഉണ്ടാകുന്നതല്ലെന്നും അദ്ദേഹത്തിനു മനസ്സിലാവുകയും ഏതു വിധവും ഈ ശ്രീചക്രം തട്ടിയെടുത്തു കൊണ്ടുപോകണമെന്ന് അദ്ദേഹം തീർച്ചയാക്കുകയും ചെയ്തൂ.

അനന്തരം ദളവ ഒരു ഭ്രാന്തന്റെ വേ‌ഷം ധരിച്ചു തേവാരപ്പുരയുടെ അടുക്കൽ ചെന്നുകൂടി. വല്ലതുമൊക്കെ അസംബന്ധങ്ങൾ പുലമ്പിക്കൊണ്ടിരിക്കുമെന്നലതെ അദ്ദേഹം അവിടെ ഉപദ്രവമൊന്നും ചെയ്തിരുന്നില്ല. എന്നുമാത്രമല്ല, അതിരാവിലെ കുളിച്ചു ഭസ്മക്കുറിയിട്ടു പൂക്കളൊരുക്കിക്കൊടുക്കുക, പൂജാപാത്രങ്ങൾ തേച്ചു മുക്കിക്കൊടുക്കുക മുതലായ ചില ഉപകാരങ്ങൾ ചെയ്തും പോന്നു. ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പൊൾ "ഈ സാധുമനു‌ഷ്യനു ഭ്രാന്തുണ്ടെങ്കിലും ഈയാൾ ഉപദ്രവിയല്ല" എന്നൊരു വിശ്വാസം അവിടെ എല്ലാവർക്കുമുണ്ടായിത്തിർന്നു.

പൂജക്കാർ രാവിലെ കുളിച്ചുവന്നു നിർമ്മാല്യം (തലേദിവസംപൂജിച്ച പൂവ്) വാരി പുറത്തിട്ടാലുടനെ ഈ ഭ്രാന്തൻ അതെല്ലാം വാരി ഒരു വട്ടിയിലാക്കി തലയിൽ വച്ചുകൊണ്ടു കോട്ടവാതിൽക്കൽച്ചെന്ന് അവിടെ കാവൽ നിൽക്കുന്ന പട്ടാളക്കരോട് "ഇതാ ശ്രീചക്രം ഞാൻകൊണ്ടുപോകുന്നു; വേണമെങ്കിൽ പിടിച്ചുകൊൾവിൻ. അല്ലെങ്കിൽ ഞാൻ കൊണ്ടുപോകും" എന്നു പറയും. അപ്രകാരം രാജാവിരിക്കുന്ന മാളികയുടെ ചുവട്ടിലൂം ചെന്നു നിന്ന് "ഇതാ ശ്രീ ചക്രം ഞാൻ കൊണ്ടുപോകുന്നു; ഇവിടുത്തെ ചോറു തിന്നുന്ന പട്ടാളക്കാർ നന്ദിയില്ലാത്തവരാണ്; അവരോടു ഞാൻവിവരം പറഞ്ഞിട്ട് അവർ എന്നെ പിടിച്ചില്ല. അവിടുന്നും മനൗമവലംബിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ശ്രിചക്രം പോകും; ഇവിടം നശിക്കുകയും ചെയ്യും. പിന്നെ വിചാരിച്ചാൽ ഫലമൊന്നുമുണ്ടാവുകയില്ല" എന്നു വിളിച്ചുപറയും. ഇതുകേട്ടു പട്ടാളക്കാരും രാജാവിന്റെ ആൾക്കാരും രണ്ടു മൂന്നു ദിവസം ഭ്രാന്തന്റെ വട്ടി പരിശോധിച്ചു. അതിൽ പൂക്കളല്ലാതെ ഒന്നും കണ്ടില്ല. പിന്നെ അയാൾ വിളിച്ചുപറഞ്ഞാൽ, ഓഹോ, കൊണ്ടു പൊയ്ക്കൊള്ളൂ. ഇവിടെ ആർക്കും ശ്രീചക്രം വേണ്ടാ" എന്ന് എല്ലാവരും പറയുക പതിവായി. ഇങ്ങനെ ഏകദേശം ആറു മാസത്തോളം കാലം പതിവായി ചെയ്തതിന്റെ ശേ‌ഷം ഒരു ദിവസം തേവാരപ്പുരയിൽ പൂജക്കാരനില്ലാതിരുന്ന തരം നോക്കി രാമയ്യൻ ദളവ ശ്രീചക്രമെടുത്തു വട്ടിയിലാക്കി അതിന്റെ മീതെ പൂക്കളും വാരിയിട്ടു തലയിൽവച്ചു പതിവുപോലെ കോട്ടവാതിൽക്കലെത്തി പട്ടാളക്കരെ വിളിച്ച് "ഇതാ ശ്രീചക്രം ഞാൻകൊണ്ട് പോകുന്നു; ഇത്രനാളും പറഞ്ഞതുപോലെയല്ല; ഇന്നു സത്യമായിട്ടു ശ്രീ ചക്രം എന്റെ വട്ടിയിലുണ്ട്" എന്നു പറഞ്ഞു. എങ്കിലും ഇയ്യാൾ പതിവുപോലെ ഭ്രാന്തു പറയുകയാണെന്നു വിചാരിച്ചു പട്ടാളക്കാർ ചിരിച്ചുകൊണ്ട് "എന്നാൽ കൊണ്ടു പൊയ്ക്കൊള്ളു" എന്നു പറഞ്ഞതല്ലാതെ രാമയ്യനെ പിടിക്കുന്നതിനോ വട്ടി പരിശോധിക്കുന്നതിനോ ചെന്നില്ല. രാമയ്യൻ പിന്നെ രാജാവിരിക്കുന്ന മാളികയുടെ ചുവട്ടിലും ചെന്നു നിന്നു പതിവുപോലെ വിളിച്ചു പറഞ്ഞു. അതുകേട്ടിട്ടു രാജാവും ചിരിച്ചുകൊണ്ടിരുന്നതേയുള്ളു. ഉടനെ രാമയ്യൻ നേരെ തെക്കോട്ടു വച്ചടിച്ചു. കുറച്ചു സമയം അഴിഞ്ഞു പൂജക്കാരൻ തേവാരപ്പുരയിൽ ചെന്ന സമയം അവിടെ ശ്രീചക്രം കാണായ്കയാൽ പരിഭ്രമിച്ചു വിവരം ഗാട്ടുനിന്നിരുന്ന പാട്ടാളക്കാരെ അറിയിച്ചു.

അപ്പോഴേക്കും അവിടെ വലിയ ബഹളമായി. സംഗതി രാജാവുവരെ എല്ലാവരുമറിഞ്ഞു. ഭ്രാന്തനെ അന്വേ‌ഷിച്ചു പിടിക്കുന്നതിനായി രാജഭടന്മാർ നാലുദിക്കിലേക്കും ഓട്ടം തുടങ്ങി. ഭ്രാന്തൻ വേ‌ഷം മാറി പമ്പ കടന്നിരുന്നതിനാൽ ഭടന്മാരെല്ലാം ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. ഭ്രാന്തനെ എങ്ങും കാണ്മാനില്ലെന്നു രാജസന്നിധിയിലറിയിച്ചു. ആ ശ്രീചക്രം പോയതിനാൽ രാജാവിനും രാജ്യവാസികൾക്കും വളരെ മനസ്താപമുണ്ടായി. അവിടെ പിന്നെയും പലവിധത്തിൽ അതിനെപ്പറ്റി അന്വേ‌ഷണങ്ങൾ നടത്തി; ഒരു തുമ്പുമുണ്ടായില്ല.അധികം താമസിയാതെ കായംകുളം രാജ്യം തിരുവിതാംകൂറിൽ ചേരുകയും ചെയ്തു. ആ ശ്രീചക്രം ഇപ്പോഴും തിരുവനന്തപുരത്തു തേവാരപ്പുരയിൽ ഇരിക്കുന്നുണ്ടെന്നാണു കേൾവി.