ഐതിഹ്യമാല/വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും


ണ്ട് പന്ത്രണ്ടു കൊല്ലം കഴിയുമ്പോൾ തിരുനാവായ മണൽപ്പുറത്തു വച്ചു ഒരു മാമാങ്കം നടത്തുകയും അതിനു സകല നാട്ടു രാജാക്കന്മാരും അവിടെ ചെന്നു കൂടുകയും ചെയ്തിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകം നക്ഷത്രം സംബന്ധിച്ചാണ് ഈ അടിയന്തിരം നടത്തിവരുന്നത്. അതിനാൽ ഇതിനു "മാഘമകം" എന്നു നാമം സിദ്ധിച്ചു. അതു ലോപിച്ചു മഹാമകം എന്നും മാമകം എന്നും ഒടുക്കം മാമാങ്കമെന്നുമായിത്തീർന്നു. ഒരിക്കൽ മാമാങ്കത്തിൽ സംബന്ധിക്കാനായിപ്പോയ തെക്കുംകൂർ വലിയ രാജാവിനു മദ്ധ്യേമാർഗ്ഗം ഒരു പരു(കുരു)വിന്റെ ഉപദ്രവം കലശലായിത്തീർന്നു.

രാജാധാനിയിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിനു ഈ പരുവിന്റെ അസഹ്യത കുറേശ്ശെ ഉണ്ടായിരുന്നു. എങ്കിലും അതു സാരമില്ല എന്നും അടിയന്തിരത്തിനു പോകാതെയി രിക്കാൻ നിവൃത്തിയില്ലല്ലോ എന്നു വിചാരിച്ചാണ് അദ്ദേഹം പോയത്. പരു എന്നു പറഞ്ഞാൽ അതു കേവലം നിസ്സാരമായ ഒരു പരുവല്ലായിരുന്നു. പ്രമേഹക്കുരുവെന്നും ആയിരക്കണ്ണി എന്നും മറ്റും പറയുന്ന വലിയ വക പരുവായിരുന്നു. ഒന്നു രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞപ്പോഴേക്കും പരു മുതുകത്ത് ഒരു ചങ്ങഴി കമഴ്ത്തിയിടത്തോളം വലുതാവുകയും വേദന സഹിക്കാൻ വയ്യാതെയായിത്തീരുകയും ചെയ്തു. അങ്ങനെ പോയി ഒരുവിധം ആലത്തൂർ നമ്പിയുടെ ഇല്ലത്തു ചെന്നു ചേർന്നു. എന്നുമാത്രമല്ല, അന്നത്തെ നമ്പി സുപ്രസിദ്ധനായ നല്ല വൈദ്യനും ആയിരുന്നു. ആഗതനായ അതിഥി തെക്കുംകൂർ വലിയ രാജാവാണെന്നറിഞ്ഞപ്പോൾ നമ്പി വളരെ ആദരവോടുകൂടി അദ്ദേഹത്തെ സൽക്കരിച്ചിരുത്തുകയും സബഹുമാനം കുശലപ്രശ്നം ചെയുകയും ചെയ്തതിന്റെ ശേ‌ഷം ആഗമനപ്രയോജനം എന്തെന്നു ചോദിക്കുകയും ചെയ്തു. അപ്പോൾ രാജാവ്, താൻ മാമാങ്കത്തിൽ സംബന്ധിക്കാനായിട്ടാണ് പുറപ്പെട്ടതെന്നും മധ്യേമാർഗം പിടകവ്യാധി ബാധിതനായിത്തീർന്നുവെന്നും വേദന ദുസ്സഹമായിരിക്കുന്നുവെന്നും അതിനാൽ ഉടനെ ദീനം ഭേദമാക്കി തിരുനാവായ്ക്ക് അയയ്ക്കണമെന്നും പറഞ്ഞു. നമ്പി പരുവിന്റെ സ്ഥിതി നോക്കിയതിന്റെ ശേ‌ഷം "ഇതു ഭേദമായിട്ടു മാമാങ്കത്തിനു പോവുകയെന്നുള്ളത് അസാദ്ധ്യമാണ്. ഒരു മാസം ഇവിടെ താമസിക്കാമെന്നുണ്ടെങ്കിൽ ഞാൻ ദീനം ഭേദമാക്കി അയയ്ക്കാം. അതിൽക്കുറഞ്ഞ കാലംകൊണ്ട് എന്നാൽ അതു സാധ്യമല" എന്നു പറഞ്ഞു. നമ്പിയെക്കാൾ യോഗ്യനായ ഒരു വൈദ്യൻ ഭൂലോകത്തിലില്ലെന്നു അക്കാലത്തു പ്രസിദ്ധമായിരുന്നതിനാൽ അദ്ദേഹം പറഞ്ഞതിനെ രാജാവു സമ്മതിച്ചു. നമ്പി രാജാവിനു താമസിക്കുവാൻ തന്റെ പത്തായപ്പുരമാളിക ഒഴിഞ്ഞുകൊടുക്കുകയും മുറയ്ക്ക് ചികിത്സ ആരംഭിക്കുകയും ചെയ്തു.

അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴേക്കും പരു നല്ലപോലെ പഴുത്തു. പിന്നെ, അതൊന്നു കീറണമെന്നു നമ്പി നിശ്ചയിച്ചു. ചെറുപ്പത്തിൽ ശസ്ത്രക്രിയയ്ക്ക് അതി സമർത്ഥനായിരുന്നുവെങ്കിലും പ്രായാധിക്യംനിമിത്തം കൈയ്ക്ക് ഒരു വിറയൽ ബാധിച്ചിരിന്നതിനാൽ അക്കാലത്തു നമ്പിക്ക് അത് ഏറ്റവും ദുസ്സാധ്യമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്മാർ അപ്പോൾ കേവലം കുട്ടികളുമായിരുന്നു. അതിനാൽ നമ്പി തന്റെ കൂടെ പഠിച്ചു താമസിച്ചിരുന്ന പ്രധാന ശി‌ഷ്യനായ വരിക്കുമാശ്ശേരി നമ്പൂരിപ്പാടിനോട് "എന്താ നമ്പൂരിക്ക് ഈ കുരുവൊന്നു കീറുക വയ്യേ?' എന്നു ചോദിച്ചു . നമ്പൂരിപ്പാടു ശാസ്ത്രപരിജ്ഞാനംകൊണ്ടും ചികിത്സകൾ ചെയ്തുള്ള പരിചയംകൊണ്ടും പഴക്കംകൊണ്ടും കൈപ്പുണ്യംകൊണ്ടും നല്ല വൈദ്യനെന്നുള്ള ഒരു പേരു സമ്പാദിച്ചിരുനു. എങ്കിലും അദ്ദേഹം അതുവരെ ശസ്ത്രക്രിയയൊന്നും ചെയ്തിരുന്നില്ല. എന്നുവരുകിലും ബുദ്ധിമാനും സമർത്ഥനുമായ അദ്ദേഹത്തിന് ഇത് ദു‌ഷ്ക്കരമായിത്തോന്നിയില്ല. "ഗുരുനാഥൻ അടുക്കലിരുന്ന് അനുഗ്രഹപൂർവം പറഞ്ഞു തന്നാൽ ഞാനിതു ചെയാം" എന്ന് അദ്ദേഹം മറുപടി പറയുകയും അപ്രകാരം തന്നെ നമ്പിയുടെ സാന്നിധ്യത്തോടുകൂടി പരു കീറുകയും നമ്പി പിന്നെയും യഥാവിധി ചികിത്സകൾ ചെയുകയും ആകെ മൂന്നുമാസം കൊണ്ട് രാജാവു പൂർണ്ണസുഖത്തെ പ്രാപിക്കുകയും ചെയ്തു. ഈ കാലത്തിനിടയ്ക്കു മാമാങ്കം കഴിഞ്ഞു പോവുകയാൽ രാജാവു നമ്പിക്കും നമ്പൂരിപ്പാട്ടിലേക്കും പലവിധ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ചിട്ടു സ്വരാജ്യത്തിലേക്കു മടങ്ങി. അന്നു തെക്കുംകൂർ രാജാക്കന്മരുടെ രാജധാനി ഇപ്പോൾ തിരുവിതാംകൂറിലുൾപ്പെട്ടിരിക്കുന്ന "തളി" എന്ന സ്ഥലത്തായിരുന്നു. തെക്കുംകൂർ രാജാവു സ്വദേശത്തേക്കു മടങ്ങിയതിന്റെ ശേ‌ഷം ഏതാനും ദിവസം കഴിഞ്ഞപ്പോൾ വാരിക്കുമാശ്ശേരി നമ്പൂരിപ്പാട്ടിലേക്ക് അച്ഛന്റെ ശ്രാദ്ധമായി. അതു സഹോദരന്മാരോടുകൂടി വേണ്ടതാകയാൽ നമ്പിയോട് അനുവാദം വാങ്ങിക്കൊണ്ട് അദ്ദേഹം ഇല്ലത്തേക്കു പോയി. അദ്ദേഹം ഇല്ലത്തു ചെന്നപ്പോൾ അദ്ദേഹത്തിന്റെ ജ്യേ‌ഷ്ഠൻ അദ്ദേഹത്തോട് "താൻ ശസ്ത്രക്രിയ ചെയ്തതു കൊണ്ട് തന്നോടുകൂടി ഞാനും അനുജന്മാരും ശ്രാദ്ധമൂട്ടാൻ പാടില്ലെന്നും തന്നോടുകൂടി ഞങ്ങൾ ബലി നടത്തുകയാണെങ്കിൽ ശ്രാദ്ധത്തിന് ആരും വരികയില്ലെന്നും നമ്മുടെ സ്വജനങ്ങൾ പറഞ്ഞിരിക്കുന്നു. അവർ അപ്രകാരം പറഞ്ഞതു ന്യായവുമാണല്ലോ. ബ്രാഹ്മണരിൽ അഷ്ടവൈദ്യന്മാർക്കല്ലാതെ ശസ്ത്രക്രിയ വിധിച്ചിട്ടുണ്ടോ? അതിനാൽ താനങ്ങനെ ചെയ്തതു തെറ്റുതന്നെയാണെന്നാണ് വാദ്ധ്യാന്മാർ, വൈദികന്മാർ മുതലായവരുടെയും അഭിപ്രായം. ഞാനവരോടു ചോദിക്കുകയും ചെയ്തു. ഒരുമിച്ചു ശ്രാദ്ധമൂട്ടാമെന്നു ആരും പറഞ്ഞില" എന്നു പറഞ്ഞു. അതുകേട്ടു വൈദ്യൻ നമ്പൂരിപ്പാട് "അങ്ങനെയാണ് അവരൊക്കെ പറയുന്നതെങ്കിൽ ഒരുമിച്ചു ശ്രാദ്ധമൂട്ടണമെന്നില്ല. ഞാൻ ഇപ്പോൾ തന്നെ ഗുരുനാഥന്റെ ഇല്ലത്തേക്കു പോകുന്നു" എന്നു പറഞ്ഞ് അപ്പോൾ തന്നെ അവിടെനിന്ന് ഇറങ്ങിപ്പോവുകയും നമ്പിയുടെ അടുക്കലെത്തി വിവരമെല്ലാം പറയുകയും ചെയ്തു. ഇതു കേട്ടപ്പോൾ താൻ നിമിത്തം തന്റെ പ്രിയശി‌ഷ്യന് ഇപ്രകാരം ഒരു സ്വജനശാസ്യത്തിന് ഇടയായല്ലോ എന്നു വിചാരിച്ചു ശി‌ഷ്യവത്സലനായ നമ്പിക്കു വലരെ കുണ്ഠിതമുണ്ടായി. എങ്കിലും അദ്ദേഹം അതു പുറത്തു കാണിക്കാതെ ധൈര്യസമേതം "ഇതുകൊണ്ടു നമ്പൂരി ഒട്ടും വി‌ഷാദിക്കേണ്ട: നമ്പൂരി ഇവിടെ താമസിച്ചു കൊള്ളു. ഞാൻ പറഞ്ഞതു കേട്ടതു കൊണ്ടു നമ്പൂരിക്കു മേലാൽ ശ്രയസ്സല്ലാതെ ദോ‌ഷം വരികയില്ല. ഗുരുത്വമുള്ളവർക്കു ദോ‌ഷം വരണമെങ്കിൽ ഈശ്വരൻ ഇല്ലെന്നു വരണം. നമ്പൂരിയുടെ ഇല്ലം ഇതു തന്നെ എന്നു വിചാരിച്ചുകൊള്ളു. ഈ കുടുംബമുള്ള കാലത്ത് നമ്പൂരിക്ക് ഇവിടെ യാതൊരു സ്വാതന്ത്യ്രക്കുറവും വരികയില്ല" എന്നു പറഞ്ഞു. "ഗുരുനാഥൻ പറഞ്ഞതു പോലെയൊക്കെത്തന്നെയാണ് എന്റെ വിശ്വാസവും" എന്നു നമ്പൂരിപ്പാടും പറഞ്ഞു. അന്നുമുതൽ അദ്ദേഹം ആ ഇലത്തെ ഒരാളെപ്പോലെ അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ശ്രാദ്ധദിവസം നമ്പി ഒരു നമ്പൂരിയെ വരുത്തി ശ്രാദ്ധം നടത്തിച്ചു കൊടുക്കുകയും ചെയ്തു.

അനന്തരം അധികം താമസിയാതെ നമ്പി നമ്പൂരിപ്പാട്ടിലേക്കു പറ്റിയ ദുർഘടസംഗതിയും അദ്ദേഹം നമ്പിയുടെ ഇല്ലത്തുതന്നെ താമസിച്ചു വരുന്ന വിവരവും കാണിച്ച് ഒരെഴുത്തെഴുതി ഒരു ദൂതന്റെ പക്കൽ കൊടുത്തു തെക്കുംകൂർ വലിയ രാജാവിന്റെ അടുക്കലയച്ചു. നമ്പിയുടെ എഴുത്തു ദൂതൻ കൊണ്ടു ചെന്നു രാജാവിനു കൊടുത്തത് ഒരു നല്ല അവസരത്തിലായിരുന്നു. അക്കാലത്തു വയസ്ക്കരയില്ലത്തു പുരു‌ഷന്മാരാരുമില്ലാതെയായിത്തീരുകയും ഒരു കന്യകമാത്രം ശേ‌ഷിക്കുകയും ചെയ്കയാൽ ആ കന്യകയെ സർവ്വസ്വദാനമായി വിവാഹം കഴിപ്പിച്ചു ദത്തുകയറ്റുവാൻ ആരെയാണ് വേണ്ടതെന്നു രാജാവു വേണ്ടത്തക്ക ആളുകളുമായി ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് നമ്പിയുടെ ഭൃത്യൻ എഴുത്തു കൊണ്ടു ചെന്നു രാജാവിനു കൊടുത്തത്. എഴുത്തു വായിച്ചു കേട്ടപ്പോൾ ഇതൊരു ശുഭലക്ഷണമാണെന്നും ഈ നമ്പൂരി പ്പാട്ടിലെക്കൊണ്ടുതന്നെ ആ കന്യകയെ വിവാഹം കഴിപ്പിച്ച് വയസ്കരയില്ലത്തു ദത്തുകയറ്റണമെന്നും രാജാവിനും അവിടെകൂടിയിരുന്ന ഇതര ജനങ്ങൾക്കും തോന്നുകയും ആ വിവരത്തിനു രാജാവ് ഒരെഴുത്തെഴുതി നമ്പിയുടെ അടുക്കലേക്ക് ആ ഭൃത്യന്റെ പക്കൽതന്നെ കൊടുത്തയയ്ക്കുകയും ചെയ്തു. രാജാവിന്റെ എഴുത്തു കണ്ടപ്പൊൾ നമ്പിക്ക് അപരിമിതമായ സന്തോ‌ഷമുണ്ടായി എന്നുള്ളത് വിശേ‌ഷിച്ച് പറയണമെന്നില്ലല്ലോ. നമ്പി ആ എഴുത്തു നമ്പൂരിപാട്ടിലേക്കു കാണിക്കുകയും പോകാൻ മനസ്സുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. അതിനു നമ്പൂരിപ്പാട്, "ഗുരുനാഥൻ പറഞ്ഞാൽ എവിടെ പോകുന്നതിനും എനിക്കു സമ്മതമാണ്. വിശേ‌ഷിച്ച്, ധാരാളം വസ്തുവകകളും പ്രശസ്തിയും വൈദ്യപാരമ്പര്യമുള്ള വയസ്ക്കരയില്ലത്തിന്റെ ഉടമസ്ഥനും തെക്കൂകൂർ രാജാവിന്റെ പ്രിയ വൈദ്യനുമായിത്തീരുന്ന കാര്യത്തിൽ എനിക്കു വളരെ സന്തോ‌ഷമുണ്ട്. എങ്കിലും ചമ്രവട്ടത്തെ തിങ്കൾഭജനം മുടക്കുന്ന കാര്യത്തിൽ എനിക്കു വളരെ മനസ്താപവുമുണ്ട്. അതു ഞാൻ വളരെക്കാലമായി നിർവിഘ്നം നടത്തിപ്പോരുന്നതാണലോ" എന്നാണു മറുപടി പറഞ്ഞത്. "ആലോചിച്ച് ഇഷ്ടംപോലെ ചെയ്യുക. എനിക്കു നിർബന്ധമില്ല. നമ്പൂരിക്കു മേലാൽ ശ്രയസ്കരമായിരിക്കുന്നതു രാജവിന്റെ ഹിതാനുവർത്തിയായി കോട്ടയത്തു പോയി താമസിക്കുന്നാതായിരിക്കും. അതുകൊണ്ടു പറഞ്ഞു എന്നേ ഉള്ളു" എന്നു നമ്പിയും പറഞ്ഞു. നമ്പൂരിപ്പാട്ടിലെ ഹൃദയം ആകെപ്പാടെ അത്യന്തം സംശയഗ്രസ്തമായിത്തീർന്നു. പോയാൽക്കൊള്ളാമെന്നുള്ള ആഗ്രഹം അതികലശലായി വർദ്ധിച്ചു. മാസത്തിലൊരിക്കൽ ചമ്രവട്ടത്തു പോയി ദർശനം കഴിക്കുകയെന്നുള്ള പതിവു മുട്ടിക്കുക എന്നുള്ള കാര്യം അത്യന്തം വ്യസനകരമായിത്തീർന്നു. നമ്പിയുടെ ഇല്ലത്തെ താമസം എന്നും സുഖമായിരിക്കാൻ തരമില്ലല്ലോ. ഗുരുനാഥന്റെ കാലം കഴിഞ്ഞാൽപ്പിന്നെ ശേ‌ഷമുള്ളവർക്കു നമ്പൂരിപ്പാട്ടിലെ പേരിൽ അത്രയും സ്നേഹവും വാത്സല്യവുമുണ്ടാകുമോ? "അപ്പോൾ കടിച്ചതുമില്ല, പിടിച്ചതുമില്ല" എന്ന സ്ഥിതിയിലായിത്തീരും. അതിൽ ഭേദം ദൈവഗത്യാ ലഭിച്ച ഭാഗ്യത്തെ ഉപേക്ഷിക്കാതെയിരിക്കയാണല്ലോ. ആകെപ്പാടെ നമ്പൂരിപ്പാട്ടീന്ന് ഏറ്റവും കുഴങ്ങിവശായി. ഉടനെ അദ്ദേഹം ചമ്രവട്ടത്തേക്ക് പോയി. അവിടെച്ചെന്നു കുളിച്ചുതൊഴുത് "എല്ലാം വേണ്ടതുപോലെ ആക്കിത്തരണം" എന്നു സ്വാമിസന്നിധിയിൽ ഭക്തിപൂർവ്വം പ്രാർത്ഥിച്ചു. അന്നു നമ്പൂരിപ്പാട്ടീന്ന് അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയപ്പോൾ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് "ഹേ! അങ്ങ് ഒട്ടു വ്യസനിക്കേണ്ട. തെക്കോട്ടു പൊയ്ക്കൊള്ളൂ. അങ്ങേക്ക് എന്നെ ക്കാണുന്നതിനു ഞാൻ അവിടെ വന്നു കൊള്ളാം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ അദ്ദേഹമുണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടുമില്ല. എങ്കിലും ഭക്തവൽസലനായ ചമ്രവട്ടത്തു ശാസ്താവുതന്നെയാണ് തന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞതെന്നു നമ്പൂരിപ്പാടു ദൃടന്മമായി വിശ്വസിക്കുകയും പിറ്റേ ദിവസം രാവിലെ ഈ വിവരം നമ്പിയോടു പറയുകയും ചെയ്തു. അപ്പോൾ നമ്പിക്കും വളരെ സന്തോ‌ഷമായി.

അടുത്ത ദിവസം തന്നെ നമ്പി നമ്പൂരിപ്പാടോടുകൂടി കോട്ടയത്തേക്കു പുറപ്പെടുകയും യഥാകാലം തെക്കുംകൂർ രാജാവിന്റെ അടുക്കലെത്തി സംഗതികളെല്ലാം ധരിപ്പിക്കുകയും ചെയ്തു. അനന്തരം അധികം താമസിയാതെ ഒരു മുഹൂർത്തത്തിൽ വയസ്ക്കരയില്ലത്തെ കന്യകയെ നമ്പൂരിപ്പാട്ടിലെക്കൊണ്ടു വേളി കഴിപ്പിച്ച് അദ്ദേഹത്തെ അവിടെ ദത്തു കയറ്റി. രാജാവുകൂടി ചെന്നിരുന്നാണ് ഈ അടിയന്തിരം നടത്തിയത്. പിന്നെ ആ അടിയന്തിരം വളരെ കേമമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഈ അടിയന്തിരം സംബന്ധിച്ച് ഏഴു ദിവസം കെങ്കേമമായ സദ്യയും സംഘക്കളി മുതലായ ആഘോ‌ഷങ്ങളുമുണ്ടായിരുന്നു. അത്രയും ദിവസം രാജാവും അവിടെത്തന്നെ എഴുന്നള്ളിത്താമസിക്കുകയും ചെയ്തു.

അതിനിടയ്ക്ക് ഒരു ദിവസം സദ്യയ്ക്ക് കറിക്കുവെട്ടു തുടങ്ങിയപ്പോൾ ചേന സ്വൽപം പോരാതെ വന്നു. അന്നു വയസ്ക്കരയില്ലത്തിനു തെക്കുവശത്ത് (ഇപ്പോൾ അമ്പലമിരിക്കുന്ന സ്ഥലത്ത്) ഇല്ലത്തെ വാലിയക്കാരാൻ ധാരാളമായി ചേന കൃ‌ഷി ചെയ്തിരുന്നതിനാൽ അവിടെനിന്നു രണ്ടുമൂന്നു ചേനകൂടി പറിച്ചു കൊണ്ടു വരുവാനായി ഒരു ഭൃത്യൻ ഒരു തൂമ്പയുമെടുത്തുംകൊണ്ട് ഓടിപ്പോയി. അവൻ ചേന പറിക്കാനായി ഒരു ചേനയുടെ ചുവട്ടിൽ ഒന്നു വെട്ടിയപ്പോൾ അവിടെനിന്നു രക്തം പ്രവഹിച്ചുതുടങ്ങി. രക്തപ്രവാഹം കണ്ടു ഭയപ്പെട്ട് ആ ഭൃത്യൻ ഓടിച്ചെന്നു വിവരം കറിക്കുവെട്ടുകാരെ അറിയിച്ചു. അപ്പോഴേക്കും ഈ വർത്തമാനം അവിടെയൊക്കെപ്പരന്നു. ഉടനെ രാജാവും ആലത്തൂർ നമ്പി മുതലായവരും ആ സ്ഥലത്തെത്തി മണ്ണു മാറ്റിച്ചു നോക്കിയപ്പോൾ അവിടെ ശിവലിംഗംപോലെ ഒരു ശിലാബിംബം മുളച്ചിരിക്കുന്നതായി കണ്ടു. വരിക്കുമാശ്ശേരിനമ്പൂരിപ്പാട്ടിലേക്കു ചമ്രവട്ട ത്തയ്യപ്പന്റെ ദർശനമുണ്ടായിട്ടുള്ള വിവരം മുൻപേതന്നെ എല്ലാവരുമറിഞ്ഞി രുന്നതിനാൽ ഇതു ചമ്രവട്ടത്തയ്യപ്പൻ ഇളകൊണ്ടിരിക്കുന്നതാണെന്നു സർവ്വജനങ്ങളും തീർച്ചപ്പെടുത്തുകയും പ്രശ്നക്കാർ അപ്രകാരംതന്നെ വിധിക്കുകയും ചെയ്തു. ആ വിഗ്രഹം കാണപ്പെട്ട് ഉടനെ ഒരു നമ്പൂരിയെക്കൊണ്ടു പൂജ നടത്തിച്ചു. അപ്പോൾ നിവേദ്യത്തിന് ഉപയോഗിച്ചത് അവിടത്തെ അന്തർനമുണ്ടാക്കിയ വൽസൻ (അട) ആണ്. അതിനാൽ വയസ്ക്കരശാസ്താവിനു വൽസൻവഴിപാടു പ്രധാനമായിത്തീർന്നു. പിന്നീട് അവിടെ ക്ഷേത്രംപണി മുതലായവ നടത്തുകയും വയസ്ക്കര ശാസ്താവെന്നുള്ള പ്രസിദ്ധി ലോകത്തിൽ പരക്കുകയും ആ ശാസ്താവു വയസ്ക്കരയില്ലത്തെ കുടുംബപരദേവതയായിത്തീരുകയും ചെയ്തു. രോഗശമനത്തിനായും മറ്റും ഇപ്പോൾ അവിടെ പലരും വൽസൻവഴിപാടു നടത്തിവരുന്നുണ്ട്. ഇപ്രകാരമാണ് വയസ്ക്കരശാസ്താവിന്റെ ആഗമം. വയസ്ക്കരക്കുടുംബക്കാരെ മുൻക്കാലങ്ങളിൽ "പോറ്റി" എന്നാണ് പറഞ്ഞുവന്നിരുന്നത്. വരിക്കുമാശ്ശേരിനമ്പൂരിപ്പാട് അവിടെ ദത്തുകയറുകയും അദ്ദേഹത്തിന്റെ സന്താനപരമ്പരാജാതന്മാർ അവിടെ കുടുംബനാഥന്മാരായിത്തീരുകയും ചെയ്തിട്ടും ആ പേരിനു മാറ്റം വന്നില്ല. പിന്നീടു കൊല്ലം 995ം മാണ്ടായപ്പോഴേക്കും അവിടെ ആ പരമ്പരയും അവസാനിച്ചു യഥാപൂർവം ഒരു കന്യക ശേ‌ഷിച്ചു. ആ കന്യകയെ പാമന്തോൾ മൂസ്സ് സർവ്വസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തുകയറി. അക്കാലം മുതൽക്കാണ് ആ കുടുംബക്കാർക്കു 'മൂസ്സ്' എന്നുള്ള പേരു സിദ്ധിക്കുകയും പ്രസിദ്ധമായിത്തീരുകയും ചെയ്തത്. ഇപ്പോഴും വയസ്ക്കരക്കുടുംബത്തിലുള്ളത് ആ പ്ലാമന്തോൾ മൂസ്സിന്റെ സന്താനപരമ്പരാ ജാതന്മാരാണ് അതായത്, ആ പ്ലാമന്തോൾ മൂസ്സിന്റെ പത്രന്റെ പുത്രന്മാരും തത്പുത്രന്മാരും.