ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പള്ളിപ്പുറത്തുകാവ്


ഭഗവതീക്ഷേത്രം തിരുവിതാംകൂർ സംസ്ഥാനത്തു കോട്ടയം താലൂക്കിൽ കോടിമതദേശത്തും ഇവിടെ പ്രതി‌ഷ്ഠിക്കപ്പെട്ടിരിക്കുന്ന മൂർത്തി സാക്ഷാൽ ഭദ്രകാളിയുമാണ്.

ഭവനത്തിൽനിന്ന് ഒരാൾ കൊല്ലവർ‌ഷം നാലാം ശതകത്തിൽ ശ്രീപോർക്കലിയിൽ പോയി ഭക്തിപൂർവ്വം ഭഗവതിയെസ്സേവിച്ചു. അങ്ങനെ രണ്ടുമൂന്നു കൊല്ലം കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം രാത്രിയിൽ അദ്ദേഹം കണ്ണടച്ചു ദേവിയെ ധ്യാനിച്ചുകൊണ്ടിരുന്ന സമയം ആരോ അടുക്കൽച്ചെന്ന്, 'നിന്റെ ഭക്തിവിശ്വാസാദികൾ കൊണ്ടും സേവ കൊണ്ടും ഞാൻ ഏറ്റവും സന്തുഷ്ടയായിത്തീർന്നിരിക്കുന്നു. നീയിനി ഇവിടെ താമസിക്കണമെന്നില്ല. നിന്റെ മുമ്പിലിരിക്കുന്ന നാന്ദകം വാൾ എടുത്തു കൊണ്ടുപൊയ്ക്കൊൾക. ഈ വാൾ വെച്ച് എന്നെ ധ്യാനിച്ചു പതിവായി പൂജിച്ചുകൊണ്ടാൽ നിന്റെ സകലാഭീഷ്ടങ്ങളും സിദ്ധിക്കും' എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഒരു നാന്ദകം വാൾ തന്റെ മുമ്പിൽ ഇരിക്കുന്നതായി അദ്ദേഹം കണ്ടു. അതിനാൽ താൻ കേട്ടതു ഭഗവതിയുടെ കൽപനയാണെന്നും ഈ വാൾ തന്റെ മുമ്പിൽ കൊണ്ടു വന്നുവെച്ചത് ഭഗവതി തന്നെയാണെന്നും വിശ്വസിച്ച് അദ്ദേഹം ആ വാളുമെടുത്തുകൊണ്ട് അവിടെനിന്നു മടങ്ങി സ്വദേശത്തേയ്ക്കു പുറപ്പെട്ടു.

ആ ദേവീഭക്തൻ ഏതാനും ദിവസങ്ങൾകൊണ്ട് സ്വദേശത്തിനു സമീപം കുമരനല്ലൂർ ക്ഷേത്രസന്നിധിയിലെത്തുകയും തനിക്കു ശ്രീപോർക്കലിയിൽനിന്നു കിട്ടിയ വാൾ വെച്ചു പൂജിക്കുന്നതിനു സകൗര്യമുള്ളതായ ഒരു സ്ഥലം തന്നാൽ കൊള്ളാമെന്ന് അവിടെ ദേവസ്വാധികാരികളും ഊരൺമയോഗക്കാരുമായ മഹാബ്രാഹ്മണരോട് അപേക്ഷിക്കുകയും ചെയ്തു.

അക്കാലത്തു കുമാരനല്ലൂർ കാർത്ത്യായനീക്ഷേത്രത്തിൽ കൊല്ലം തോറും ഇരുപത്തെട്ടു ദിവസത്തെ ഉത്സവമുണ്ടായിരുന്നു. തുലാമാസത്തിൽ രോഹിണിനാൾ കൊടിയേറ്റും വൃശ്ചികമാസത്തിൽ രോഹിണിനാൾ ആറാട്ടുമായിരുന്നു പതിവ്. കൊടിയേറിയാൽ ഉത്സവാവസാനം വരെ എല്ലാ ദിവസവും കാലത്തുകാലത്ത് ആറാട്ടും പതിവുണ്ടായിരുന്നു. ആ ആറാട്ട് ഓരോ ദിവസം ഓരോ ദേശത്തായിരുന്നു പതിവ്. ആ കൂട്ടത്തിൽ ഒരു ദിവസത്തെ ആറാട്ടു കോടിമതയാണ് നടത്തിയിരുന്നത്. ആ ദേശത്തു കുമാരനല്ലൂർ ദേവസ്വം വകയായി ഒരു ചെറിയ കൊട്ടാരവുമുണ്ടായിരുന്നു. ഭഗവതിയെ ആറാട്ടിനായി കോടിമതെ എഴുന്നള്ളിച്ചാൽ 'കോടൂരാർ' എന്നു പറഞ്ഞുവരുന്ന നദിയിൽ ആറാട്ടുകഴിച്ചു തിരിച്ചെഴുന്നള്ളിക്കുന്ന സമയം മേൽപറഞ്ഞ കൊട്ടാരത്തിൽ ഇറക്കിയെഴുന്നള്ളിച്ച് ഒരു പൂജ നടത്താറുണ്ടെന്നല്ലാതെ ആ കൊട്ടാരം കൊണ്ടു ദേവസ്വത്തിലേയ്ക്ക് വലിയ ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ നാന്ദകം വാൾ ആ കൊട്ടാരത്തിൽ കൊണ്ടുചെന്നുവെച്ചു പൂജിച്ചു കൊള്ളുന്നതിന് ഊരാണ്മ യോഗക്കാർ അനുവദിക്കുകയും ആ ഭക്തൻ അപ്രകാരം ചെയ്തുതുടങ്ങുകയും ചെയ്തു. അപ്പോൽ അദ്ദേഹത്തിന്റെ താമസവും ആ കൊട്ടാരത്തിൽ ത്തന്നെ ആയിയെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ദേവീഭക്തനായ അദ്ദേഹം വലിയ മാന്ത്രികനായിരുന്നു. അതിനാൽ അദ്ദേഹം കോടിമതക്കൊട്ടാരത്തിൽ താമസമായതിന്റെ ശേ‌ഷം ചില ബാധോപദ്രവക്കാരും മറ്റും അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുകയും അദ്ദേഹം ഭസ്മം ജപിചുകൊടുത്ത് ഉപദ്രവങ്ങളെല്ലാം മാറ്റുകയും ചെയ്തുതുടങ്ങി. ഉന്മാദം, അപസ്മാരം മുതലായവ പോലും മാറ്റുന്നതിന് അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം ഭസ്മം ജപിച്ചിടുകയോ അദ്ദേഹം ജപിച്ചു കൊടുക്കുന്ന ഭസ്മം തൊടുകയോ ചെയ്താൽ സകല ദുഷ്ടബാധകളും തൽക്ഷണം ഒഴിയുമായിരുന്നു. അതിനാൽ ബാധോപദ്രവക്കാരും ഭ്രാന്തന്മാരും മറ്റുമായ അസംഖ്യമാളുകൾ ദിവസം തോറും അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൊണ്ടിരുന്നു. അങ്ങനെ വരുന്നവരെല്ലാം യഥാശക്തി പണവും മറ്റും അദ്ദേഹത്തിന്റെ മുമ്പിൽ വെച്ചു വന്ദിക്കുകയും പതിവായിരുന്നു. എന്നാൽ അദ്ദേഹം അതൊന്നും എടുക്കാറില്ല. ഭക്തികൊണ്ടു വിരക്തനായിത്തീർന്നിരുന്ന അദ്ദേഹത്തിനു പണം എന്തിനാണ്? അദ്ദേഹത്തിനു ഭക്ഷണം തന്നെ ഒരു നേരമേ ഉണ്ടായിരുന്നുള്ളു. കാലത്തെ കുളിയും നിത്യകർമ്മാനു‌ഷ്ഠാനങ്ങളും കഴിഞ്ഞാൽ നാഴിയരി വെച്ചു ഭഗവതീപൂജയ്ക്കു നിവേദ്യം കഴിക്കും. പൂജ കഴിഞ്ഞാൽ ആ നാഴിയരിയുടെ ചോറു ഭക്ഷിക്കും. പിന്നെ ജലപാനം പോലും കഴിക്കുകയുമില്ല. അങ്ങനെയാണ് അദ്ദേഹം ദിവസവൃത്തി കഴിച്ചിരുന്നത്. അദ്ദേഹത്തിനു പൂജയ്ക്കാവശ്യമുള്ള നാഴിയരിയും കുറെ പൂവും കൊണ്ടുചെന്നു കൊടുക്കുന്നവർക്ക് അദ്ദേഹത്തിന്റെ മുൻപിൽ കാഴ്ചയായും ദക്ഷിണയായും വരുന്ന പണമെല്ലാം എടുത്തുകൊണ്ടു പോകാം. അതിനാൽ ദിവസം പ്രതി അദ്ദേഹത്തിനു വേണ്ടുന്ന അരിയും പൂവും കൊണ്ടുചെന്നു കൊടുക്കുന്നതിനു പലരും സന്നദ്ധരായിരുന്നു. നാഴിയരിയും കുറെ പൂവും കൊണ്ടുചെന്നു കൊടുത്താൽ പത്തും നൂറും ചിലദിവസങ്ങളിൽ ആയിരവും പണം വീതം കിട്ടുമെന്നു വന്നാൽ അതിലേയ്ക്ക് ആളുകൾ സന്നദ്ധരാകുന്നത് ഒരത്ഭുതമല്ലല്ലോ.

ഇങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ വർത്തമാനം അദ്ദേഹത്തിന്റെ കുടുംബക്കാർ അറിയുകയും അവിടെനിന്ന് (അമയന്നൂരുണ്ടായിരുന്ന ഗൃഹത്തിൽനിന്ന്) ചില പുരു‌ഷന്മാർ കോട്ടയത്തെത്തി അദ്ദേഹത്തോടുകൂടി താമസിക്കുകയും അദ്ദേഹത്തിനു പൂജയ്ക്കു വേണ്ടുന്ന അരിയും പൂവും ശേഖരിച്ചു കൊടുക്കുകയും അദ്ദേഹത്തിന്റെ മുമ്പിൽ ദിവസം പ്രതി വന്നുകൊണ്ടിരുന്ന പണമെടുത്ത് കുടുംബത്തിലേയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു തുടങ്ങി. ആ കുടുംബക്കാർക്ക് അന്നു നിത്യവൃത്തിക്കു വളരെ ഞെരുക്കമായിരുന്നു. സ്വകുലവിദ്യയായിരുന്ന 'തീയാട്ട്' (ഭദ്രകാളീപ്രസാദത്തിനായി നടത്തുന്ന ഒരു വഴിപാട്) എന്ന അടിയന്തിരം വല്ലവരും ആവശ്യപ്പെട്ടാൽ പോയിക്കഴിച്ച് അതിനുകിട്ടുന്ന ആദായം കൊണ്ടാണ് ആ കുടുംബക്കാർ ഉപജീവനം കഴിച്ചുപോന്നിരുന്നത്. അവർക്ക് ഈ ആദായം കൂടി ഉണ്ടായപ്പോൾ ദിവസവൃത്തിക്ക് ഒട്ടും ഞെരുക്കമില്ലാതെയായിത്തീർന്നു.

ഇങ്ങനെ ഏതാനും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ആ ഭഗവതീഭക്തൻ പ്രായാധിക്യം നിമിത്തം ഏറ്റവും പരവശനായിത്തീരുകയാൽ തന്റെ ജ്യേ‌ഷ്ഠഭ്രാതൃപുത്രന്മാരിൽ മൂത്തയാളെ അടുക്കൽ വിളിച്ചിരുത്തി ചില മന്ത്രങ്ങളും ഭഗവതിയെ സേവിക്കാനുള്ള മുറകളും പൂജാക്രമങ്ങളും ഉപദേശിക്കുകയും തന്റെ കൈവശമുണ്ടായിരുന്ന മന്ത്രവാദഗ്രന്ഥങ്ങൾ കൈയ്യിൽ കൊടുക്കുകയും ചെതിട്ട്, 'മന്ത്രവാദികൾ പഠിച്ചും അറിഞ്ഞും ഇരിക്കേണ്ടതെല്ലാം ഈ ഗ്രന്ഥങ്ങളിലുണ്ട്. ഭഗവതിയെ ഭക്തിപൂർവ്വം സേവിച്ചുകൊണ്ടിരുന്നാൽ ഈ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുവയെല്ലാം ചെയ്താൽ ശരിയായി ഫലിക്കും. ദേവിയെക്കുറിച്ചുള്ള ഭക്തിയം സേവയും കുറഞ്ഞാൽ ഫലവും അതിനനുസരണമായിരിക്കും. അതിനാൽ ഭഗവതിയെ ഞാനിപ്പോൾ സേവിച്ചു വരുന്നതു പോലെ നീയും സേവിച്ചുകൊണ്ടിരിക്കുകയും അവസാന കാലത്തു നീയും ഞാനിപ്പോൾ ചെയ്തതുപോലെ അന്നു കുടുംബത്തിൽ മൂത്തയാൾക്കു വേണ്ടതെല്ലാം ഉപദേശിച്ചുകൊടുക്കുകയും ചെയ്യണം. അങ്ങനെ പാരമ്പര്യമുറയ്ക്ക് എല്ലാവരും ചെയ്തുകൊള്ളട്ടെ. ഗ്രന്ഥങ്ങളിൽ ചില കഠിനപ്രവർത്തികൾ ചെയ്യുന്നതിനും പറഞ്ഞിട്ടുണ്ട്. അവയൊന്നും ചെയ്യാതെയിരിക്കുകയാണ് നല്ലത്. പെട്ടെന്ന് ഫലസിദ്ധിയും ധനലക്ഷിയുമുണ്ടാകുന്നതിന് ദു‌ഷ്കർമ്മങ്ങളാണ് അധികം ഉപയോഗപ്പെടുന്നതെന്ന് ഒരു പക്ഷമുണ്ട്. എങ്കിലും അതു നല്ലതല്ല. ദേവിയെ വേണ്ടതുപോലെ സേവിച്ചുകൊണ്ടാൽ ഏതു കർമ്മത്തിനും ഫലസിദ്ധിയും ധനലാഭവുമുണ്ടാകും. എങ്കിലും ധനമധികം സമ്പാദിക്കുന്നതും നല്ലതല്ല. ധനം ക്രമത്തിലധികം വർദ്ധിച്ചാൽ ദേവിയെക്കുറിച്ചുള്ള ഭക്തിയും ദേവിയിങ്കലുള്ള പ്രതിപത്തിയും കുറഞ്ഞു പോകും. അതിനാൽ ധനകാംക്ഷ കൂടാതെ ഭഗവതിയെ ഭക്തിപൂർവ്വം സേവിച്ചു കൊണ്ടിരുന്നാൽ മതി. എന്നാൽ വേണ്ടതെല്ലാം ഭക്തവത്സലയായ ദേവി ഉണ്ടാക്കിത്തരും. തന്റെ ഭക്തന്മാർ കഷ്ടപ്പെടരുതെന്നുള്ള വിചാരം കരുണാനിധിയായ ദേവിക്ക് ഉണ്ടാകാതെയിരിക്കില്ല. എന്റെ അവസാന കാലം അടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഞാൻപറയാനുള്ളതെല്ലാം പറഞ്ഞുതീർക്കുന്നത്. നിനക്കു ദേവീപ്രസാദം മൂലം സർവ്വവിധമംഗളങ്ങളും ഭവിക്കട്ടെ' എന്നു പറഞ്ഞ് അദ്ദേഹം തന്റെ കൈകൾ ആ സഹോദരപുത്രന്റെ ശിരസ്സിൽവെച്ച് അനിഗ്രഹിക്കുകയും അനന്തരം അധികനാൾ കഴിയുന്നതിനുമുമ്പു തന്നെ അനായാസേന ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദേവീഭക്തൻ ഒരു വിരക്തനും നിത്യ ബ്രഹ്മചാരിയുമായിരുന്നുവെന്നും അദ്ദേഹം മരിച്ചപ്പോൾ പ്രായം നൂറ്റേഴു വയസ്സായിരുന്നുവെന്നുമാണ് കേട്ടിട്ടുള്ളത്.

ശ്രീപോർക്കലിയിൽപ്പോയി ഭഗവതിയെസ്സേവിച്ചു കൊണ്ടുവന്ന ആളോളം തന്നെ ഭക്തിയും വിശ്വാസവും ദേവീസേവയിലുള്ള പ്രതിപത്തിയും ആ സ്ഥനത്തു പിന്നെ വന്നയാൾക്ക് ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അദ്ദേഹം മുൻപിരുന്ന ആളെപ്പോലെ ബ്രഹ്മചാരിയുമല്ലായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചു ഭാര്യാപുത്രാദികളോടുകൂടി താമസിച്ചിരുന്ന ആളായിരുന്നു. അദ്ദേഹം ദേവിയെ പൂജിക്കുകയും സേവിക്കുകയും ചെയ്തു കൊണ്ടു കോട്ടയത്തുതന്നെ സ്ഥിരതാമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യാപുത്രാദികളും അവിടെ വന്നു ചേർന്നു. പിന്നെ അവരെല്ലാവരും ആ കൊട്ടാരത്തിൽത്തന്നെ താമസമായി. അത് ഭഗവതിക്ക് ഒട്ടും ഹിതമായില്ല. അതിനാൽ ആ കുടുംബക്കാർക്ക് ചില ഉപദ്രവങ്ങൾ നേരിട്ടു തുടങ്ങി. എന്നു മാത്രമല്ല, ദേവിയുടെ സേവകനായിരുന്ന ഗൃഹനായകൻ രാത്രി കാലങ്ങളിൽ കിടന്നുറങ്ങുന്ന സമയം, ആരോ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, 'ഞാനിരിക്കുന്ന സ്ഥലത്തു കുടുംബസഹിതം താമസിച്ചുകൂടാ. അതിനാൽ നിന്റെ ഭാര്യയേയും മറ്റും ഇവിടെനിന്നു മാറ്റിത്താമസിപ്പിക്കണം. അല്ലെങ്കിൽ എന്നെ ഇവിടെനിന്നു മാറ്റി കുടിയിരുത്തണം' എന്നു പറയുകയും ഭയപ്പെടുത്തുകയും പതിവായിത്തീർന്നു. ഇങ്ങനെ തന്റെ അടുക്കൽ വന്നു പതിവായിപ്പറയുന്നതു ഭഗവതി തന്നെയാണെന്നും കുടുംബത്തിൽ ഉപദ്രവങ്ങളുണ്ടാവുന്നതു ഭഗവതിയുടെ വിരോധം കൊണ്ടാണെന്നും അദ്ദേഹത്തിനു തോന്നി. എങ്കിലും തീർച്ചപ്പെടുത്താനായി അദ്ദേഹം ഒരു നല്ല പ്രശ്നക്കാരനെക്കൊണ്ടു പ്രശ്നം വെയ്പിച്ചു നോക്കിക്കുകകൂടി ചെയ്തു. അപ്പോൾ അദ്ദേഹം വിചാരിച്ചതു പോലെത്തന്നെ പ്രശ്നക്കാരനും വിധിച്ചു. അതിനാൽ ഒരു ക്ഷേത്രം പണിയിച്ച് ഭഗവതിയെ മാറ്റി കുടിയിരുത്തണമെന്ന് അദ്ദേഹം തീർച്ചപ്പെടു ത്തുകയും അതിനായി ശ്രമിച്ചുതുടങ്ങുകയും ചെയ്തു.

ഇപ്പോൾ പള്ളിപ്പുറത്തുകാവുക്ഷേത്രമിരിക്കുന്ന സ്ഥലവും അന്നു കുമാരനല്ലൂർ ദേവസ്വം വകയായിരുന്നു. ആ സ്ഥലം അദ്ദേഹം ക്ഷേത്രം പണിയിക്കുന്നതിനായി ഊരാൺമയോഗക്കാരോട് എഴുതിവാങ്ങി. പിന്നെ അദ്ദേഹം തന്റെ ആഗ്രഹവും ആവശ്യവും വയസ്ക്കര പോറ്റിയുടെ അടുക്കൽ അറിയിച്ചു. ഇപ്പോൾ വയസ്ക്കര മൂസ്സ് എന്നു പറഞ്ഞുവരുന്ന വരുടെ ഇല്ലത്തുള്ളവരെ അക്കാലത്ത് വയസ്ക്കര പോറ്റി എന്നാണ് പറഞ്ഞുവന്നിരുന്നത്. വയസ്ക്കര പോറ്റി അന്നു നാടുവാഴ്ചയുണ്ടായിരുന്ന തെക്കുംകൂർ രാജാവിന്റെ വൈദ്യനായിരുന്നു. കോടിമത, തിരുനക്കര എന്നീ ദേശങ്ങളിന്മേലുള്ള ആധിപത്യവും തെക്കുംകൂർ രാജാവ് വയസ്ക്കര പോറ്റിക്കു വിട്ടുകൊടുത്തിരുന്നു. മേൽപറഞ്ഞ ദേശങ്ങളിലെ ജനങ്ങളെ രാജാവു വയസ്ക്കര പോറ്റിക്കു മരുന്നുകൾ പറിച്ചുകൊണ്ടുചെന്നു കൊടുക്കുന്നതിനും മറ്റുമായി ആജ്ഞാകാരന്മാരാക്കി നിയമിക്കുകയും ചെയ്തിരുന്നു. ഈ ദേശങ്ങളിന്മേൽ അന്നു സർക്കാരിലേക്കു സിവിൽ ക്രിമിനൽ അധികാരങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളു. നികുതി പിരിച്ചെടുക്കുന്നതിനും മറ്റുമുള്ള അധികാരങ്ങളെല്ലാം വയസ്ക്കര പോറ്റിക്കായിരുന്നു. അതിനാൽ ഈ ദേശത്ത് ഏതു കാര്യം നടത്തുന്നതിനും വയസ്ക്കര പോറ്റിക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. പ്രത്യുത, അദ്ദേഹത്തിന്റെ അനുവാദവും സമ്മതവും കൂടാതെ ഈ ദേശത്ത് യാതൊരു കാര്യവും നടക്കുകയുമില്ലായിരുന്നു. ഇതെല്ലാം കൊണ്ടുമാണ് ദേവീസേവകനായ ആ ഉണ്ണി തന്റെ ആഗ്രഹം വയസ്ക്കര പോറ്റിയുടെ അടുക്കൽ അറിയിച്ചത്. അദ്ദേഹം വയസ്ക്കര പോറ്റിയുടെ അനുവാദവും ആനുകൂല്യവും സകലവിധ സഹായങ്ങളും ദേശക്കാരുടെ സഹകരണവും നിമിത്തം നി‌ഷ്പ്രയാസം അചിരേണ ക്ഷേത്രം പണികഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടിനെ വരുത്തി അദ്ദേഹ ത്തിനെക്കൊണ്ട് ഒരു സുമുഹൂർത്തത്തിൽ ഭഗവതിയെ അവിടെ കുടിയിരുത്തിച്ചു കലശം മുതലായവ നടത്തിക്കുകയും വയസ്ക്കര പോറ്റി മുതലായവരുടെ സമ്മതപ്രകാരം ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാട് ആ ക്ഷേത്രത്തിന് 'പള്ളിപ്പുറത്തുകാവ്' എന്നു പേരിടുകയും ചെയ്തു. ഇപ്രകാരമാണ് പള്ളിപ്പുറത്തുകാവിന്റെ ഉത്ഭവം.

ക്ഷേത്രം പണിയിച്ചു ഭഗവതിയെ അവിടെ കുടിയിരുത്തി ക്കഴിഞ്ഞപ്പോൾ അക്കാലം വരെ ദേവിയെ പൂജിച്ചുകൊണ്ടിരുന്നയാൾക്കു മേലാൽ ഈ ദേവിയെ പൂജിക്കുന്നതിനു താനായാൽ മതിയാവുകയില്ലെന്നു തോന്നുകയാൽ അന്നുമുതൽ ക്ഷേത്രത്തിൽ ശാന്തിക്കു ബ്രാഹ്മണരെ നിയമിച്ചു നടത്തിത്തുടങ്ങുകയും അദ്ദേഹം ഭക്തിപൂർവ്വം ഭഗവതിയെ സേവിച്ചുകൊണ്ടു കുടുംബസഹിതം കൊട്ടാരത്തിൽത്തന്നെ സ്ഥിരതാമസമാക്കുകയും അമയന്നൂരുണ്ടായിരുന്ന പൂർവ്വഗൃഹം ഉപേക്ഷിക്കുകയും ചെയ്യുകയാൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വംശ്യന്മാർക്കും 'കൊട്ടാരത്തിലുണ്ണി' എന്നുള്ള പേരുതന്നെ സ്ഥിരപ്പെട്ടു. (ഇത്രയും പറഞ്ഞതുകൊണ്ടും എന്റെ പേരു കൊണ്ടും ഇതെഴുതുന്ന ഞാനും അദ്ദേഹത്തിന്റെ വംശപരമ്പരയിലുൾപ്പെട്ട ആളാണെന്നുള്ള പരമാർത്ഥം വായനക്കാർ ഊഹിച്ചുകൊള്ളുമെന്നു വിശ്വസിക്കുന്നു. പക്ഷേ ഞാനിതു പറഞ്ഞാൽ, 'തെക്കേ സമുദ്രത്തിൽ സേതു ബന്ധിച്ചതു നമ്മുടെ ശ്രീരാമനമ്മാവനാണ്' എന്നൊരു ക്ഷത്രിയരാജാവും 'ഏഴു സമുദ്രങ്ങളും കുടിച്ചുവറ്റിച്ചതു നമ്മുടെ അഗസ്ത്യമുത്തച്ഛനാണ് എന്നൊരു നമ്പൂരിയും പറഞ്ഞതുപോലെ വായനക്കാർക്കും തോന്നുമായിരിക്കാം. അതിനാൽ അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.) കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവം കാലക്രമേണ വൃശ്ചികമാസത്തിൽ രോഹിണി ആറാട്ടാകുവാൻ തക്കവണ്ണം പത്തുദിവസം മാത്രമായിത്തീരുകയും കോടിമതയ്ക്കുള്ള എഴുന്നള്ളിപ്പും കൊട്ടാരത്തിലുള്ള ഇറക്കിപ്പൂജയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുകയാൽ കൊട്ടാരത്തിലെ ഇവരുടെ താമസം ക്ഷേത്രകാര്യത്തിനു പ്രതിബന്ധമായി തീർന്നുമില്ല. ഇനി പള്ളിപ്പുറത്തുകാവിൽ ഭഗവതിയുടെ മാഹാത്മ്യത്തെക്കുറിച്ചുകൂടി സ്വൽപം പറയാം.

ഒരിക്കൽ ചെങ്ങന്നൂർക്കാരൻ ഒരു കരിങ്കൽപ്പണിക്കാരനു ഭ്രാന്തു തുടങ്ങി. അതിനു പലരെക്കൊണ്ടും പല മന്ത്രവാദങ്ങളും ചികിത്സകളും ചെയ്യിച്ചിട്ടും പല ക്ഷേത്രങ്ങളിൽ കൊണ്ടുപോയി ഭജനമിരുത്തീട്ടും യാതൊരു ഭേദവുമുണ്ടായില്ല. ഒടുക്കം അവനെ അവന്റെ സഹോദരന്മാർ ഏറ്റുമാനൂർ ക്ഷേത്രസന്നിധിയിൽ കൊണ്ടുപോയി ഭജനമിരുത്തി. അവിടെ നാൽപത്തൊന്നു ദിവസം ഭജനമിരുന്നപ്പോഴേയ്ക്കും ക്ഷേത്രത്തിന്റെ മതിൽക്കകത്തുകടന്നാൽ ഭ്രാന്തില്ല; മതിൽക്കു പുറത്തിറങ്ങിയാൽ ഭ്രാന്തു തുടങ്ങും എന്നുള്ള സ്ഥിതിയായി. അതിനാൽ വീണ്ടും അവിടെ ഒരു കൊല്ലം കൂടി അവനെ ഭജനമിരുത്തി. അതുകൊണ്ടും വിശേ‌ഷമൊന്നുമു ണ്ടായില്ല. അതിനാൽ അവന്റെ സഹോദരന്മാർ നൈരാശ്യത്തോടുകൂടി അവനെ സ്വദേശത്തേക്കുതന്നെ കൊണ്ടുപോകാനായി പുറപ്പെട്ടു. ഏറ്റുമാനൂർ മതിൽക്കു പുറത്തിറങ്ങിയപ്പോൾ ആ ഭ്രാന്തൻ ഉടുത്തിരുന്ന മുണ്ടഴിച്ചു തലയിൽക്കെട്ടിക്കൊണ്ടു ചാടുകയും തുള്ളുകയും മറ്റും തുടങ്ങി. ആരുപറഞ്ഞാലും അവൻ ഒന്നും അനുസരിക്കുകയില്ല. തെക്കോട്ടു നടക്കാൻ പറഞ്ഞാലവൻ വടക്കോട്ടു നടക്കും. ആരെങ്കിലും ദേ‌ഷ്യപ്പെട്ടു പറഞ്ഞാൽ അവരെ അവനടിക്കും. അതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരും മറ്റും കൂടി പിടിച്ചുകെട്ടി വടിയും തടിയുമായി അടുത്തുകൂടി ഉന്തിയും തള്ളിയുമാണ് തെക്കോട്ടു കൊണ്ടു പുറപ്പെട്ടത്. അങ്ങനെ അവർ ഒരുവിധം കോട്ടയത്തെത്തി. അക്കാലത്തും കോട്ടയത്തു നിന്നു തെക്കോട്ടുള്ള നാട്ടുവഴി പള്ളിപ്പുറത്തുകാവിന്റെ കിഴക്കെ നടയിൽക്കൂടിയായിരുന്നു. അവർ നടയ്ക്കു നേരെയായപ്പോൾ ആ ഭ്രാന്തൻ അടുക്കലിരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെയിരുന്നാൽ എന്റെ അമ്മ എന്നെ സുഖപ്പെടുത്തിവിടും. ഞാനിവിടെ ഇരുന്നുകൊള്ളാം. എന്റെ കൂടെ നിങ്ങളാരും വേണമെന്നില്ല. നിങ്ങളെന്നെ തല്ലിയാലും കൊന്നാലും എന്റെ സുഖക്കേടു മാറിയല്ലാതെ ഞാൻഇവിടെനിന്നു വരികയില്ല' എന്നു പറഞ്ഞ് നടയ്ക്കുനേരെ ഇരിപ്പായി. അപ്പോൾ അവിടെ ദേശക്കാരും വഴിയാത്രക്കാരുമായി അനേകം ജനങ്ങളും വന്നുകൂടി. അവരിൽ ചിലർ 'എന്നാൽ ഇവൻ ഇവിടെ കുറച്ചുദിവസം താമസിക്കട്ടെ. ഭഗവതിയുടെ കൃപ കൊണ്ട് ഇവന്റെ സുഖക്കേടു ഭേദമായി എന്നും വരാമല്ലോ' എന്നും, മറ്റുചിലർ 'ഏറ്റുമാനൂർ ഭജനമിരുന്നിട്ടും മാറാത്ത ഭ്രാന്താണോ ഇവിടെയിരുന്നാൽ മാറുന്നത്? ഇനിയെങ്ങും ഇവനെ താമസിപ്പിക്കേണ്ട. കഴിയുന്നതും വേഗത്തിൽ ഇവനെ സ്വദേശത്തേയ്ക്കു കൊണ്ടുപോവുകയാണ് വേണ്ടത്' എന്നും, അപ്പോൾ വേറെ ചിലർ 'അങ്ങനെ തീർച്ചയാക്കണ്ട. ഭഗവതിയുടെ മാഹാത്മ്യം അചിന്ത്യമാണ്. അതിനാൽ കുറച്ചു ദിവസം ഇവനിവിടെ താമസിക്കട്ടെ. ഇവന്റെ ഹിതവുമങ്ങനെയാണല്ലോ' എന്നും പറഞ്ഞ് അവർ തമ്മിൽ വാദമായി. ആ സമയം കാവിൽ വെളിച്ചപ്പാടുതുള്ളി 'അവനെ കെട്ടഴിച്ചുവിടണം. അവൻ എങ്ങും പൊയ്ക്കളയുകയും ആരെയും ഉപദ്രവിക്കുകയും ചെയ്യുകയില്ല. അവനെ ഞാൻസൂക്ഷിക്കുകയും സുഖപ്പെടുത്തി അയയ്ക്കുകയും ചെയ്തു കൊള്ളാം. അവൻ എന്റെ അടുക്കൽ നാൽപത്തൊന്നു ദിവസമിരിക്കട്ടെ' എന്നു കൽപിചു. അതുകേട്ട് അവന്റെ സഹോദരന്മാർ അവനെ അഴിച്ചുവിട്ടു. ഉടനെ ആ ഭ്രാന്തൻ, 'ഞാനൊന്നു കുളിച്ചുവരട്ടെ' എന്നു പറഞ്ഞു തെക്കോട്ടു നടന്നു തുടങ്ങി. വെളിച്ചപ്പാടിന്റെ കൽപ്പനയിൽ എല്ലാവർക്കും വിശ്വാസമുണ്ടായിരുന്നെങ്കിലും ഭ്രന്തന്റെ കാര്യത്തിൽ ആർക്കും വിശ്വാസമില്ലായിരുന്നതിനാൽ ചിലർ അവന്റെ പിന്നാലെ പോയി. അവൻ നേരെ കൊടൂരാറ്റിൽച്ചെന്നു കുളിച്ചു തിരിയെ കാവിലെത്തി നടയ്ക്കു നേരേ നിന്നു ഭഗവതിയെ തൊഴുതിട്ടു ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചുതുടങ്ങി. അപ്പോഴും തുള്ളിക്കൊണ്ടുതന്നെ നിന്നിരുന്ന വെളിച്ചപ്പാട് അവിടെ കൂടിയിരുന്ന ജനങ്ങളോടായി 'ഇവൻ കരിങ്കൽപ്പണി യിൽ അതിവിദഗ്ദ്ധനും ബിംബപ്രമാണം മുതലായവ അറിയാവുന്നവനുമാണ്. ഇവൻ സുഖമായി ജീവിച്ചിരുന്നാൽ ഇവന്റെ കൂട്ടുപണിക്കാർക്കു യശസ്സും ധനലാഭവും കുറഞ്ഞുപോകുമെന്നു വിചാരിച്ച് അസൂയാലുക്കളായ കൂട്ടുകാർ ഇവനു കൈവി‌ഷം കൊടുത്തു ഭ്രാന്തുപിടിപ്പിച്ചതാണ്. നെയപ്പത്തിലാണ് ഇവനു കൈവി‌ഷം കൊടുത്തിട്ടുള്ളത്. അത് എന്റെ ലോകർക്ക് ഇപ്പോൾ ഞാൻബോദ്ധ്യം വരുത്തിത്തരാം. ബിംബത്തിനഭികം കഴിച്ച തീർത്ഥത്തിൽ മഞ്ഞപ്രസാദം കലക്കി ഇവനു കൊടുക്കട്ടെ' എന്നു കൽപ്പിചു. ഉടനെ ചിലർ ഒരു പാത്രത്തിൽ ശാന്തിക്കാരനോടു തീർത്ഥവും പ്രസാദവും മേടിച്ചു കലക്കി ഭ്രാന്തനു കൊടുക്കുകയും അവൻ അതെടുത്ത് ഒട്ടും മടിക്കാതെ സന്തോ‌ഷത്തോടുകൂടി സേവിക്കുകയും ചെയ്തു. പിന്നെ ഏകദേശം ഒരു നാഴിക കഴിഞ്ഞപ്പോൾ അവൻ 'മനം മറിയുന്നു' എന്നും പറഞ്ഞ് മതിൽക്കു പുറത്തേയ്ക്കു പോവുകയും ഉടനെ ഒന്നു ശർദ്ദിച്ചതിൽ നെയ്യപ്പത്തിന്റെ ക‌ഷണങ്ങൾ കണ്ട് എല്ലാവരും ഏറ്റവും വിസ്മയിക്കുകയും ആ കല്ലൻ 'ആവൂ! ഇപ്പോൾ എന്റെ തലയ്ക്കു വെളിവു വീണു' എന്നു പറയുകയും ചെയ്തു. ഭഗവതിയുടെ നടയിൽ വന്നപ്പോൾ ത്തന്നെ അവന്റെ ഭ്രാന്തു മിക്കവാറും മാറി. കൈവി‌ഷം ശർദ്ദിച്ചുപോവുക കൂടി ചെയ്തപ്പോൾ അവനു പൂർണ്ണസുഖം സിദ്ധിച്ചു. എങ്കിലും അവൻ നാൽപത്തൊന്നു ദിവസം തികച്ചും ഭക്തിപൂർവ്വം ഭജിക്കുകയും ഭജനം കാലം കൂടിയതിന്റെ ശേ‌ഷം സ്വസ്ഥചിത്തനായി സസന്തോ‌ഷം സ്വദേശ ത്തേയ്ക്കു മടങ്ങിപ്പോവുകയും ചെയ്തു.

അവൻ സ്വദേശത്തെത്തിയതിന്റെ ശേ‌ഷം മുപ്പത്തിയാറേകാലംഗുലം നീളത്തിലും അതിനു ചേർന്ന വീതിയിലും ഘനത്തിലും ഒരു വിഗ്രഹം പണിയാൻ മതിയാകത്തക്കവണ്ണം ഒരു കൃ‌ഷ്ണശില കീറിയെടുത്തു വഞ്ചിയിൽ കയറ്റിക്കൊണ്ടു വീണ്ടും കോട്ടയത്തെത്തി. ആ ശിലയെടുപ്പിച്ചു പള്ളിപ്പുറത്തുകാവു നടയിൽ കൊണ്ടുപോയി ഇടുവിച്ചിട്ട് അതുകൊണ്ടു ഭദ്രകാളിയുടെ ഒരു ബിംബം പണിതു കുറതീർത്തു. ആ ബിംബം അവൻ വഴിപാടായി നടയ്ക്കുവെച്ചു ദേവിയെ വന്ദിച്ചിട്ടു വീണ്ടും സ്വദേശത്തേയ്ക്കു പോവുകയും ചെയ്തു. ആ വിഗ്രഹം കാഴ്ചയിൽ ഏറ്റവും ഭയങ്കരവും അതിന്റെ പണികളെല്ലാം അത്യന്തം മനോഹരങ്ങളും വിചിത്രതരങ്ങളുമാണ്. ആ കലൻ ഒരു കൊല്ലം കൊണ്ടാണ് അതു പണി തീർത്തത്. അത് അവന്റെ വഴിപാടായിട്ടായിരുന്നതിനാൽ അതിലേക്ക് യാതൊരു പ്രതിഫലവും അവൻ ആഗ്രഹിക്കുകയും അവന് ആരും യാതൊന്നും കൊടുക്കുകയുമുണ്ടായിട്ടില്ല. ഈ ബിംബം കണ്ടിട്ടുള്ളവരെല്ലാം ഭദ്രകാളിയുടെ ഇപ്രകാരമുള്ള ഒരു ശിലാവിഗ്രഹം മറ്റൊരു സ്ഥലത്തുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്.

'ശൂലാഗ്രപ്രോതദൈത്യപ്രവരപരിലസ
ച്ചാരുദോർദ്ദണ്ഡയുഗ്മാം
ഖഡ്ഗം, ഖേടം, കപാലം, ഗുണസൃണിഭുജഗാൻ
ദോർഭിരനൈ്യദ്ദധാനാം
ഭക്താഭീഷ്ടപ്രദാത്രീം ഖലജനഭയദാം
ഘോരദംഷ്ട്രാം ത്രിണേത്രാം
വേതാളീകണ്ഠസംസ്ഥാം പുരമൗനെസുതാം
ഭാവയേ ഭദ്രകാളീം'

എന്നുള്ള ധ്യാനശോകപ്രകാരം എട്ടു തൃക്കൈകളോടുകൂടിയും അവയിൽ രണ്ടു തൃക്കൈകൾകൊണ്ട് ദാരുകാസുരനെ ശൂലത്തിന്മേൽ കുത്തിക്കോർത്ത് ഉയർത്തിപ്പിടിച്ചുകൊണ്ടും വേതാളത്തിന്റെ കഴുത്തിൽ ഇരിക്കുന്നതായിട്ടുമാണ് ആ ദേവീവിഗ്രഹം അവൻ പണിതീർത്തത്. ആ കല്ലൻ ഈ ബിംബമുണ്ടാക്കി നടയ്ക്കുവെച്ചകാലത്ത് അവിടെ യുണ്ടായിരുന്നത് ഓടുകൊണ്ടുവാർത്ത ഒരു കണ്ണാടിബിംബമായിരുന്നു. ശ്രീപോർക്കലിയിൽനിന്നു കൊണ്ടുവന്നുവെച്ചു പൂജിച്ചിരുന്ന നാന്ദകം വാൾ കാലപ്പഴക്കം കൊണ്ട് തുരുമ്പുപിടിച്ചു മിക്കവാറും ദ്രവിച്ചു പോയിരുന്നതിനാൽ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടു ഭഗവതിയെ ആ വാളിന്മേൽ നിന്ന് ആവാഹിച്ച് ഈ കണ്ണാടിബിംബത്തിങ്കലാക്കിയാണ് കുടിയിരുത്തിയിരുന്നത്.

ആ കല്ലൻ ബിംബം പണിക്കുറതീർത്തു നടയ്ക്കുവെച്ചിട്ടു പോയ തിന്റെ ശേ‌ഷം അന്നു കുടുംബത്തിൽ മൂപ്പായിരുന്ന കൊട്ടാരത്തിലുണ്ണി ഈ വിവരം വയസ്ക്കര പോറ്റിയുടെ അടുക്കൽ അറിയിക്കുകയും പോറ്റി ദേശക്കാരെക്കൂടി വരുത്തിയാലോചിച്ചു, നവീകരണക്രിയകളോടുകൂടി ബിംബപ്രതി‌ഷ്ഠയും അഷ്ടബന്ധത്തോടുകൂടി ദ്രവ്യകലശവും ക്ഷേത്ര മര്യാദപ്രകാരം പരിവാരപ്രതി‌ഷ്ഠകളും നടത്തണമെന്നു നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടുന്ന പണം ദേശക്കാരിൽ നിന്നും മറ്റുമായി പിരിച്ചു ശേഖരിക്കുകയും പ്രതി‌ഷ്ഠയ്ക്കു നല്ലതായ ഒരു മുഹൂർത്തം നിശ്ചയി ക്കുകയും ചെയ്തു. തന്ത്രിയായ ഭദ്രകാളിമറ്റപ്പള്ളി നമ്പൂതിരിപ്പാടു മുതലായവരെയും ബിംബം പണിത കല്ലനേയും എഴുത്തുകളോടുകൂടി ആളുകളെ അയച്ചു മുൻകൂട്ടി വരുത്തി, ബിംബപരിഗ്രഹം, ജലാധിവാസം മുതലായവയോടുകൂടി ക്രിയകളും ആരംഭിച്ചു. നിശ്ചിതമുഹൂർത്തത്തിൽ ത്തന്നെ ബിംബപ്രതി‌ഷ്ഠയും മറ്റു ക്രിയകളുമെല്ലാം യഥാവിധി നിർവ്വിഘ്നം നടന്നു. തെക്കുംകൂർ രാജാവിന്റെ ആനുകൂല്യവും വയസ്ക്കര പോറ്റിയുടെ സഹായവും ദേശക്കാരുടെ സഹകരണവും വേണ്ടതുപോലെ ഉണ്ടായിരുന്നതിനാൽ ആ ക്രിയകൾ നടത്തിക്കുന്നതിനു കൊട്ടാരത്തിലുണ്ണിക്കു വലിയ പ്രയാസമൊന്നുമുണ്ടായില്ല. ഈ പ്രതി‌ഷ്ഠയും കലശവും നടന്നത് മേടമാസം പത്താം തീയതിയായിരുന്നു. അതിനാൽ ആ ദിവസത്തെ ആണ്ടുതോറും ആ ക്ഷേത്രത്തിൽ ഒരു വിശേ‌ഷദിവസമായി കൊണ്ടാടണമെന്ന് അന്നുതന്നെ എല്ലാവരും കൂടി നിശ്ചയിക്കുകയും ചെയ്തു. അതിനാൽ അപ്രകാരം ഇപ്പോഴും ആചരിച്ചുവരുന്നുണ്ട്. അന്നു പ്രതി‌ഷ്ഠിച്ച ബിംബം തന്നെയാണ് ഇപ്പോഴും അവിടെയുള്ളത്.

ഏറ്റുമാനൂർ ദേവന്റെ സന്നിധിയിൽ ഭജനമിരുന്നിട്ടു പോലും ഭേദമാകാത്ത ഭ്രാന്തു നി‌ഷ്പ്രയാസം ഭേദപ്പെടുത്തിയ പള്ളിപ്പുറത്തു കാവിൽ ഭഗവതിയുടെ ശക്തിയും മാഹാത്മ്യവും ഒട്ടും ചില്ലറയല്ലെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. അവിടെ ബിംബപ്രതി‌ഷ്ഠ കഴിയുന്നതിനു മുമ്പ് കോടിമതക്കാരുടെ ദേശപരദേവത ഒരു ശാസ്താവായിരുന്നു. ആ ശാസ്താവിനെ കോടിമതശ്ശാസ്താവെന്നാണു പറഞ്ഞുവന്നിരുന്നത്. ഈ ഭഗവതിയുടെ ചൈതന്യം വർദ്ധിച്ചതിനോടുകൂടി ആ ശാസ്താവിന്റെ കാര്യം എലാവരുടെയും മനസ്സിൽ വിസ്മൃതപ്രായമായിത്തീർന്നു. ഇപ്പോൾ ആ ശാസ്താവിനെ ആരും ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നില്ല.

പള്ളിപ്പുറത്തുകാവിൽ ഭഗവതിയുടെ മാഹാത്മ്യത്തെക്കുറിച്ച് ഇനിയും വളരെപ്പറയാനുണ്ട്. അവയെല്ലാം ഈ ലേഖനം കൊണ്ടു പറഞ്ഞുതീർക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാൽ സ്വൽപം ചിലതു കൂടിപ്പറഞ്ഞിട്ട് ഈ ഉപന്യാസം സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.

മുൻകാലങ്ങളിൽ കോടിമതയോടു ചേർന്ന അടുത്ത പ്രദേശമായ തിരുനക്കരെ കേരളപുരത്തു ബ്രഹ്മസ്വം മഠത്തിൽ തിരുനാവായ വാദ്ധ്യാൻ നമ്പൂരിമാർ വന്നു താമസിച്ച് ഓണന്തുരുത്ത്, കുമാരനല്ലൂർ, കിടങ്ങൂർ, കാടമുറി മുതലായ ഗ്രാമങ്ങളിലെ ബ്രാഹ്മണകുമാരന്മാരെ വേദാദ്ധ്യയനം ചെയ്യിച്ചിരുന്നു. അങ്ങനെ ഒരിക്കൽ വന്ന് താമസിച്ചിരുന്ന ജ്യേ‌ഷ്ഠാനുജന്മാരായിരുന്ന വാദ്ധ്യാൻ നമ്പൂതിരിമാരിൽ അനുജനു വസൂരിദീനമുണ്ടായി. ദീനമിന്നതാണെന്നു തീർച്ചയായപ്പോൾതന്നെ ദീനക്കാരനെ രക്ഷിക്കുന്നതിനു രണ്ടു പട്ടന്മാരെ ബ്രഹ്മസ്വം മഠത്തിലാക്കീട്ട് ജ്യേ‌ഷ്ഠനായ വാദ്ധ്യാൻ നമ്പൂരിയും ശി‌ഷ്യരായ ബ്രാഹ്മണകുമാരന്മാരും അടുത്തുള്ള ശ്രീകൃ‌ഷ്ണ സ്വാമിക്ഷേത്രത്തിലേക്കു മാറിത്താമസിച്ചു. ദീനക്കാരനെ രക്ഷിക്കുന്നതിനു നിയമിക്കപ്പെട്ടിരുന്ന പട്ടന്മാർ ദീനവർത്തമാനം ദിവസം തോറും കാലത്തും വൈകുന്നേരവും അമ്പലത്തിൽച്ചെന്നു പറയണമെന്നു വലിയ വാദ്ധ്യാൻ നമ്പൂരി പ്രത്യേകം ചട്ടം കെട്ടിയിരുന്നതിനാൽ ആ പട്ടന്മാർ അപ്രകാരം തന്നെ പതിവായി ചെയ്തുകൊണ്ടിരുന്നു. ദീനം ഏറ്റവും കടുത്ത വകയായിരുന്നതിനാൽ കുളിപ്പിക്കുന്ന കാര്യം അസാദ്ധ്യമെന്നായിരുന്നു പട്ടന്മാരുടെ അഭിപ്രായം. അവർ അതു സ്പഷ്ടമായിട്ടല്ലെങ്കിലും ചില വാക്കുകൾകൊണ്ടും ഭാവം കൊണ്ടും മറ്റും വലിയ വാദ്ധ്യാൻ നമ്പൂരിയുടെ അടുക്കൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മേൽ കണ്ടതിന്റെ എട്ടാം ദിവസം അഞ്ചുനാഴികപ്പകലെ അനുജൻ വാദ്ധ്യാൻ നമ്പൂരി മരിച്ചു. ഉടനെ പട്ടന്മാർ പുറത്തിറങ്ങി ദീനക്കാരൻ കിടന്നിരുന്ന മുറിയുടെ (അകത്തിന്റെ) വാതിൽ അടച്ചുകെട്ടീട്ട് അമ്പലത്തിന്റെ മതിൽക്കു വെളിയിൽ ചെന്നുനിന്നു കൊണ്ടു വലിയ വാദ്ധ്യാൻ നമ്പൂരിയെ വിളിച്ചു മതിൽക്കു പുറത്തുവരുത്തി വിവരം പറഞ്ഞു. അദ്ദേഹം അതുകേട്ടിട്ട് ഒന്നും മിണ്ടാതെ നേരെ തെക്കോട്ടു നടന്നു പള്ളിപ്പുറത്തു കാവിലെത്തി.

അദ്ദേഹം മതിൽക്കകത്തേക്കു കടക്കാൻ ഭാവിച്ചപ്പോൾ അവിടെ നിന്നിരുന്നവരിൽ ചിലർ 'അവിടേയ്ക്ക് അനുജൻ മരിച്ച അശുദ്ധിയല്ലേ? മതിൽക്കകത്തു കടക്കാമോ?' എന്നു ചോദിച്ചു. അതിനു മറുപടിയായി അദ്ദേഹം 'ഭഗവതിയുടെ സാന്നിദ്ധ്യം ഇവിടെയുണ്ടെങ്കിൽ എന്റെ അനുജൻ വസൂരിദീനമായിട്ട് മരിക്കയില്ല. അതിവിടെയില്ലെങ്കിൽ അശുദ്ധിയിൽ ഇവിടെ കയറിയാലൊന്നുമില്ല' എന്നു പറഞ്ഞിട്ടു കുളത്തിലിറങ്ങി കാലും മുഖവും കഴുകിക്കൊണ്ട് അമ്പലത്തിൽ കടന്നു മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നു.

പള്ളിപ്പുറത്തുകാവിൽ ഭഗവതിയുടെ സങ്കേതത്തിനകത്ത് എവിടെയെങ്കിലും വസൂരിദീനമുണ്ടായി മരിച്ചാൽ ശവമടക്കുക രാത്രിയിലല്ലാതെ പാടില്ല. അതിനു വിളക്ക്, പന്തം മുതലായവയുടെ വെളിച്ചം ഉപയോഗിക്കാനും പാടില്ല. തെങ്ങോലച്ചൂട്ടിന്റെ വെളിച്ചം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ദേഹത്തു കുരു വന്നതിന്റെ മരിക്കുന്ന സമയം വിളക്കിരിക്കുന്നുണ്ടായാൽത്തന്നെയും മരിച്ചയുടനെ അതു കെടുത്തിക്കൊള്ളണം. ചൂട്ടുകെട്ടി പള്ളിപ്പുറത്തു കാവിൽ നടയിൽ കൊണ്ടുചെന്നു ശ്രീകോവിലിനകത്തുനിന്ന് ഒരു തിരി കൊളുത്തിവാങ്ങി, ചൂട്ടുകത്തിച്ചുകൊണ്ടുപോയി അതിന്റെ വെളിച്ചം കൊണ്ടുവേണം ശവമടക്കാൻ. ചൂട്ട് എത്രവേണമെങ്കിലും മാറിമാറി കൊളുത്തുന്നതിനു വിരോധമില്ല. ഇപ്രകാരമൊക്കെയാണ് ദേവിയുടെ കൽപ്പന. അതിനാൽ വാദ്ധ്യാൻ നമ്പൂരിയുടെ ശവമടക്കുന്നതിനു ചൂട്ടുകൊളുത്തി കൊണ്ടുപോകുന്നതിനായി പട്ടന്മാർ വലിയ ചൂട്ടുകളുമായി സന്ധ്യയ്ക്കു മുമ്പ് നടയിലെത്തി. അതിനു മുമ്പുതന്നെ ശാന്തിക്കാരൻ കുളിച്ചുവന്നു നടതുറന്നു വിളക്കുവെച്ചിരുന്നു. എങ്കിലും അത്താഴപ്പൂജ കഴിയാതെ ചൂട്ടുകൊളുത്തുന്നതിനു തിരികൊളുത്തിക്കൊടുക്കാറില്ലാത്തതിനാൽ പട്ടന്മാർ അവിടെത്തന്നെ നിന്നിരുന്നു. ആ സമയം വെളിച്ചപ്പാട് തുള്ളി അമ്പലത്തിനകത്തു ചെന്നു പട്ടും ചിലമ്പും അരമണിയും എടുത്തു ധരിച്ച് വാളും ശൂലവും കൈയിലെടുത്തുകൊണ്ടു പുറത്തേയ്ക്കു പോന്നു. അപ്പോഴും വലിയ വാദ്ധ്യാൻ നമ്പൂരി ജപിച്ചുകൊണ്ടു മണ്ഡപത്തിൽത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. വെളിച്ചപ്പാട് അദ്ദേഹത്തിന്റെ നേരേ നോക്കുകയോ മിണ്ടുകയോ യാതൊന്നും ചെയ്തില്ല. പുറത്തുവന്ന് ഒരു പിടി ഭസ്മം വാരിയെടുത്ത് അവിടെ നിന്നിരുന്ന പട്ടന്മാരിൽ ഒരാളുടെ കൈയിൽക്കൊടുത്തിട്ട് 'ഇതു കൊണ്ടുപോയി രോഗിയുടെ ദേഹത്തിലിട്ട് വിവരം ഉടനെ വന്നു പറയണം' എന്നു കൽപിചു. പട്ടർ ഭസ്മം വാങ്ങിക്കൊണ്ട് ഓടി ബ്രഹ്മസ്വം മഠത്തിലെത്തി ഭസ്മം രോഗിയുടെ ദേഹത്തിലിട്ടു. മരിച്ചുകിടന്നിരുന്നയാൾ അപ്പോൾ കണ്ണുതുറന്നു. പട്ടർ ക്ഷണത്തിൽ തിരിയെ നടയിലെത്തി ആ വിവരം പറഞ്ഞു. വെളിച്ചപ്പാടു പിന്നെയും ഭസ്മം കൊടുത്തിട്ട് 'ഇതും കൊണ്ടുപോയി ഇടുക' എന്നു കൽപിചു. പട്ടർ പിന്നെയും ഭസ്മം കൊണ്ടുചെന്നിട്ടപ്പോൾ രോഗി കൈയും കാലുമൊക്കെ കുറേശ്ശെ ഇളക്കിത്തുടങ്ങി. പട്ടർ പെട്ടെന്ന് ആ വിവരവും നടയിലെത്തിപ്പറഞ്ഞു. വെളിച്ചപ്പാടു മൂന്നാമതും ഭസ്മം കൊടുത്തിട്ട് 'ഇതും കൊണ്ടുപോയി രോഗിയുടെ മേലാസകലമിടുക. ഒരാൾ കൂടെപ്പോകണം. കഞ്ഞി വേണമെന്നു പറഞ്ഞാൽ കൊടുക്കണം. വിവരം ഉടനെ ഇവിടെ വന്നു പറയുകയും വേണം' എന്നു കൽപിച്ചു. ആ പ്രാവശ്യം ഭസ്മം കൊണ്ടുപോയ പട്ടരുടെ കൂടെ വേറൊരു പട്ടരും പോയി. ആ പ്രാവശ്യം ഭസ്മമിട്ടപ്പോൾ ദീനക്കാരൻ എണീറ്റിരിക്കുകയും കഞ്ഞി വേണമെന്നു പറയുകയും ചെയ്തു. കാലത്തു വച്ച കഞ്ഞി അടുപ്പത്തുതന്നെ കിടപ്പുണ്ടായിരുന്നതിനാൽ ഒരു പട്ടർ ക്ഷണത്തിൽ കഞ്ഞി കൊണ്ടുചെന്നു കൊടുത്തു. രണ്ടുമൂന്നു ദിവസമായിട്ടു വെള്ളം കുടിക്കുകപോലും ചെയ്യാതെ കിടന്നിരുന്ന വാദ്ധ്യാൻ നമ്പൂരി അപ്പോൾ ഇരുനാഴിയരിയുടെ കഞ്ഞി കുടിച്ചു. ആ വിവരം ഒരു പട്ടർ ഓടിച്ചെന്നു വെളിച്ചപ്പാടിന്റെ അടുക്കൽ അറിയിച്ചു. അതുകേട്ടു മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരുന്ന വലിയ വാദ്ധ്യാൻ നമ്പൂരിയും കിഴക്കേനടയിൽച്ചെന്നു. അദ്ദേഹവും അവിടെ കൂടിയിരുന്ന സകല ജനങ്ങളും ഈ വർത്തമാനം കേട്ട് ഏറ്റവും സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഉടനെ വെളിച്ചപ്പാട് വലിയ വാദ്ധ്യാൻ നമ്പൂരിയുടെ നേരെ തിരിഞ്ഞുനിന്നിട്ട്, 'എന്നെ പരീക്ഷിക്കുന്നുവോ? ഇതു വലിയ സാഹസ മായിപ്പോയി. എങ്കിലും ഇതു ഞാൻക്ഷമിച്ചിരിക്കുന്നു. ഇനി മേലാൽ എന്റെ നടയിൽ ആരും ഇപ്രകാരം പ്രവർത്തിചു പോകരുത്' എന്നു കൽപിച്ചു. അപ്പോൾ വാദ്ധ്യാൻ നമ്പൂരി 'എന്റെ സങ്കടം കൊണ്ട്, ഇങ്ങനെ ചെയ്തതാണ്. അവിടുന്ന് എന്റെ സാഹസത്തെ ക്ഷമിച്ചു രക്ഷിക്കണം' എന്നു പറഞ്ഞു. ഉടനെ വെളിച്ചപ്പാട്, 'ആട്ടെ, ഞാൻക്ഷമിച്ചിരിക്കുന്നു. രോഗിയെ അടുത്ത വെള്ളിയാഴ്ച കുളിപ്പിച്ചു ഞായറാഴ്ച എന്റെ നടയിൽ കൊണ്ടുവരാം' എന്നു കൽപ്പിക്കുകയും അപ്പോൾ തന്നെ കലിയടങ്ങുകയും കൽപനകേട്ടു സന്തോ‌ഷിച്ച് എലാവരും ദേവിയെ വന്ദിചുകൊണ്ട് പിരിഞ്ഞുപോവുകയും ചെയ്തു.

പിറ്റേദിവസമായപ്പോഴേയ്ക്കും ചെറിയ വാദ്ധ്യാൻ നമ്പൂരിയുടെ ദേഹത്തിലെങ്ങും കുരുക്കളെന്നല്ല, കുരുക്കൾ വന്ന പാടുപോലും കാൺമാനുണ്ടായിരുന്നില്ല. അദ്ദേഹം കഞ്ഞിയും ചോറും ധാരാളമായി കഴിച്ചുതുടങ്ങുകയും ക്രമേണ അദ്ദേഹത്തിന്റെ ക്ഷീണം മാറിത്തുടങ്ങുകയും ചെയ്തു. വെളിച്ചപ്പാടു കൽപിചതുപോലെ അദ്ദേഹത്തെ വെള്ളിയാഴ്ച കുളിപ്പിച്ച് ഞായറാഴ്ച കാവിൽ കൊണ്ടുപോയി തൊഴീച്ചു. വലിയ വാദ്ധ്യാൻ നമ്പൂരി അന്നു പള്ളിപ്പുറത്തുകാവിൽ ഭഗവതിക്കു ചതുശ്ശതം മുതലായി അനേകം വഴിപാടുകൾ കഴിക്കുകയും പട്ട്, പണം, താലി മുതലായവ അനുജനെക്കൊണ്ടു നടയ്ക്കു വെപ്പിക്കുകയും ചെയ്തു. ഉടനെ വെളിച്ചപ്പാട് തുള്ളി വലിയ വാദ്ധ്യാൻ നമ്പൂരിയോട്, 'എന്താ സന്തോ‌ഷമായില്ലേ? ഇത്രയുമൊക്കെയല്ലാതെ ഞാൻ വിചാരിച്ചാൽ സാധിക്കുകയില്ല. ഇനി എന്റെ അടുക്കൽ സങ്കടമൊന്നും പറയേണ്ട. പറഞ്ഞാലും ഫലമൊന്നും ഉണ്ടാവുകയുമില്ല' എന്നു കൽപ്പിക്കുകയും പെട്ടെന്ന് കലിയടങ്ങുകയും ചെയ്തു. ഈ കൽപന കേട്ടപ്പോൾ 'ഇതെന്താണ് ഇങ്ങനെ കൽപിച്ചത്?' എന്നൊരു സംശയം എല്ലാവർക്കു മുണ്ടായി. എന്നു മാത്രവുമല്ല, ആരെങ്കിലും കുളിച്ചു തൊഴാൻ വരുന്ന സമയം വെളിച്ചപ്പാടു തുള്ളിയാൽ തൊഴാൻ വരുന്നവർക്കു ഭസ്മം കൊടുക്കുക പതിവുണ്ട്, ആ പതിവു പോലെ വാദ്ധ്യാൻ നമ്പൂരിക്കു കൊടുത്തുമില്ല. ആകപ്പാടെ നല്ല ശുഭമല്ലെന്ന് അവിടെക്കൂടിയിരുന്നവർക്കെല്ലാവർക്കും തോന്നി. എങ്കിലും ആരും ആരോടും ഒന്നും പറഞ്ഞില്ല.

ചെറിയ വാദ്ധ്യാൻ നമ്പൂരിക്കു വലിയ ക്ഷീണമില്ലായിരുന്നതിനാൽ തൊഴാൻ വന്നതു നടന്നാണ്. തിരിയെപ്പോയതും അങ്ങനെതന്നെയായി രുന്നു. അദ്ദേഹം ബ്രഹ്മസ്വം മഠത്തിൽ ചെന്നു കയറിയ ഉടനേ 'എനിക്ക് എന്തോ വല്ലാതെ ഒരു ക്ഷീണം വരുന്നു' എന്നു പറഞ്ഞ് പെട്ടെന്ന് അവിടെക്കിടന്നു. ഉടനെ മരിക്കുകയും ചെയ്തു.

പള്ളിപ്പുറത്തുകാവിൽ താലപ്പൊലിയും തീയാട്ടും എന്ന വഴിപാടു വളരെ പ്രധാനമാണ്. ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി ആ വഴിപാട് പലരും പ്രാർത്ഥിക്കുകയും നടത്തുകയും ചെയ്യാറുണ്ട്. അത് അവരവരുടെ ശക്തിക്കു തക്കവണ്ണം ചിലർ വളരെ കേമമായും മറ്റു ചിലർ ചുരുക്കമായും നടത്തും. ചുരുക്കമായിട്ടുള്ളതിനു താലപ്പൊലിക്കു പള്ളിപ്പുറത്തുകാവിൽനിന്നെഴുന്നള്ളിച്ചാൽ അവിടെത്തന്നെ മതിൽക്കു പുറത്തു താലം നിരത്തി അവിടെ നിന്നു മതിൽക്കകത്തെഴുന്നള്ളിച്ചു മൂന്നു പ്രദക്ഷിണം കഴിഞ്ഞ് അകത്തെഴുന്നള്ളിക്കും. കേമമായിട്ടുള്ളതിനു പള്ളിപ്പുറത്തുകാവിൽനിന്ന് എഴുന്നള്ളിച്ച് തിരുനക്കര ക്ഷേത്രത്തിൽ കൊണ്ടു പോയി അവിടെ ആനക്കൊട്ടിലിൽ താലം നിരത്തി കൊളുത്തി എടുത്ത് അവിടത്തെ അത്താഴശ്ശീവേലിയോടുകൂടി മൂന്നു പ്രദക്ഷിണം കഴിഞ്ഞു തിരിയേ എഴുന്നള്ളിച്ചു പള്ളിപ്പുറത്തു കാവിൽ വന്നിട്ട് അവിടെയും മൂന്നു പ്രദക്ഷിണം കഴിഞ്ഞിട്ടാണ് അകത്തെഴുന്നള്ളിക്കുന്നത്. തിരുനക്കരയ്ക്ക് എഴുന്നള്ളിച്ചു പോകുന്ന സമയങ്ങളിൽ വെളിച്ചപ്പാട് തുള്ളി എഴുന്നള്ളത്തിനോടുകൂടി പോവുക പതിവാണ്. വെളിച്ചപ്പാട് തുള്ളിപ്പോകുമ്പോൾ അരമണിയും ചിലമ്പും വാളും ശൂലവും ധരിച്ചിരിക്കും. ഒരിക്കൽ ഒരു താലപ്പൊലിക്കു തിരുനക്കരയ്ക്ക് എഴുന്നള്ളിച്ചു പോയപ്പോൾ പതിവുപോലെ തുള്ളിക്കൊണ്ട് വെളിച്ചപ്പാടും പോയിരുന്നു. ആ സമയം വഴിയിൽ നിന്നിരുന്ന ഒരു മുഹമ്മദീയൻ വെളിച്ചപ്പാടിന്റെ കൈയിൽ വളഞ്ഞ (നാന്ദകം) വാൾ ഇരിക്കുന്നതുകണ്ടിട്ട് പരിഹാസമായി "ഈ അരിവാളുകൊണ്ട് എവിടെപ്പോകുന്നു? കൊയാൻ പോകുകയാണോ?" എന്നു ചോദിച്ചു. അതുകേട്ട് വെളിച്ചപ്പാട് തിരിഞ്ഞുനിന്ന്, "ഇപ്പോൾ കൊയ്യാനല്ല. എങ്കിലും എന്റെ വിത്തു ഞാൻനാളെ വിതച്ചു തുടങ്ങും. ക്രമേണ കൊയ്യുകയും ചെയ്യും. ഞാൻകൊയ്താൽ കുറ്റി പോലും കാണുകയില്ല" എന്നു പറഞ്ഞിട്ടു പോയി. അന്നു രാത്രിയിൽ തന്നെ ആ മുഹമ്മദീയനു പനി തുടങ്ങി. പിറ്റേ ദിവസമായപ്പോഴേക്കും അവന്റെ ദേഹമാസകലം വസൂരിക്കുരു പുറപ്പെട്ടു. എട്ടാം ദിവസം അവൻ മരിച്ചു. അപ്പോഴേക്കും അവന്റെ ഭാര്യയ്ക്കും അവർക്കുണ്ടായിരുന്ന അഞ്ചു മക്കൾക്കും ദീനം തുടങ്ങി. മേൽക്കണ്ടതിന്റെ എട്ടാം ദിവസം അവരെല്ലാ വരും മരിച്ചു. അങ്ങനെ ആ കുടുംബം മുഴുവനും നശിച്ചു. അക്കാലംമുതൽ പള്ളിപ്പുറത്തുകാവിൽ ഭഗവതിയെക്കുറിച്ചു ഹിന്ദുക്കളല്ലാത്തവർക്കും ഭയവും ഭക്തിയും വിശ്വാസവുമുണ്ടായിത്തുടങ്ങി. അതിന് ഇക്കാലത്തും കുറവു വന്നിട്ടില്ല. ഇവിടെ മുഹമ്മദീയരും ക്രിസ്ത്യാനികളും ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി ഇപ്പോഴും പല വഴിപാടുകൾ പ്രാർത്ഥിക്കുകയും കഴിക്കുകയും ചെയ്യുന്നുണ്ട്. അവർ നേരിട്ടല്ലെന്നേ ഉള്ളു. അന്യന്മാരുടെ പക്കൽ ഗൂഢമമായി പണംകൊടുത്തു ചട്ടംകെട്ടിയാണ് അവർ വഴിപാടുകൾ നടത്തുന്നത്.

പള്ളിപ്പുറത്തു കാവിൽ മുൻകാലങ്ങളിൽ മുമ്മൂന്നു കൊല്ലം കൂടുമ്പോൾ ദേശകുരുതി എന്നൊരടിയന്തിരം നടത്തുക പതിവായിരുന്നു. ദേശകുരുതി എന്നാൽ ദേശത്തിന്റെ വടക്കേ നാലതിർത്തിയിലും നടത്തുന്ന കുരുതിയാണ്. എന്നാൽ ഇതിനു ക്ഷേത്രത്തിന്റെ വടക്കേ നടയിലും കുരുതിവേണം. അവിടെയും അതിർത്തി സ്ഥലങ്ങളിലും കുരുതിക്ക് ഒട്ടുവളരെ ആടുകളെയും കോഴികളെയും വെട്ടുകയും പതിവുണ്ട്. അവയെല്ലാം വെട്ടുന്നത് വെളിച്ചപ്പാടാണ് പതിവ്. ഈ അടിയന്തിരം മുടങ്ങാതെ നടത്തിയില്ലെങ്കിൽ ദേശത്തു വസൂരി, വി‌ഷൂചിക മുതലായ സാംക്രമിക രോഗങ്ങളുണ്ടാകുമെന്നാണു വിശ്വാസം.

ഒരിക്കൽ നാലഞ്ചുകൊല്ലക്കാലം പള്ളിപ്പുറത്തുകാവിൽ വെളിച്ചപ്പാടില്ലാതെയിരുന്നു. ആടും കോഴിയും വെട്ടുന്നതിന് വെളിച്ചപ്പാടില്ലാതെയെങ്ങനെയാണ് ദേശകുരുതി നടത്തുന്നത്? അതിനാൽ കുറച്ചുകാലത്തേക്കു ദേശകുരുതി ഉണ്ടായില്ല. "ദേശകുരുതി നടത്തണമെങ്കിൽ വെളിച്ചപ്പാടുണ്ടാകണം. ഭഗവതിയുടെ തിരുവുള്ളമുണ്ടായാൽ വെളിച്ചപ്പാടുണ്ടാകുമല്ലോ?" എന്നായിരുന്നു ദേശക്കാരുടെയും മറ്റും അഭിപ്രായം.അങ്ങനെയിരുന്നപ്പോൾ ഈ ദേശത്ത് അങ്ങുമിങ്ങുമായി കുറേശ്ശേ വസൂരിയുടെ ആരംഭം കണ്ടുതുടങ്ങി. അപ്പോൾ ജനങ്ങൾക്കു ആകപ്പാടെ ഭീതി മുഴുത്തു. എല്ലാവരും പള്ളിപ്പുറത്തുകാവിൽ മുട്ടുപാടായി കൂടി. രണ്ടുമൂന്നു ദിവസം മുട്ടുപാടിരുന്നിട്ടും വെളിച്ചപ്പാടുണ്ടായില്ല. പിന്നെ ജനങ്ങൾ ഒരു പ്രശ്നക്കാരനെ വരുത്തി നടയിൽവെച്ചു പ്രശ്നം വെപ്പിച്ചു നോക്കിച്ചു. അപ്പോൾ പ്രശ്നക്കാരൻ ദേശകുരുതി കഴിക്കാഞ്ഞിട്ടു ഭഗവതി കോപിച്ചാണ് ഇരിക്കുന്നതെന്നും എങ്കിലും ഉടനെ വെളിച്ചപ്പാടുണ്ടാകുമെന്നും വിധിച്ചു. ഇത് ഒരു ദിവസം ഉച്ചതിരിഞ്ഞ സമയത്തായിരുന്നു. പകലേ ഏകദേശം അഞ്ചുമണിയായപ്പോൾ ഒരു നായർ കുളിച്ചു നടയിൽ വന്നു തുള്ളിത്തുടങ്ങി. അപ്പോൾ അവിടെ വയസ്കരപ്പോറ്റി, കൊട്ടാരത്തിലുണ്ണി, മുതലായവരും, ദേശക്കാരുമൊക്കെ കൂടിയിരുന്നു. തുള്ളിയ നായരും ദേശക്കാരിലൊരാൾ തന്നെയായിരുന്നു. എങ്കിലും അയാളുടെ സ്ഥിരതാമസം മിക്കവാറും കൊടുങ്ങല്ലൂരായിരുന്നു. ഇയാൾ കൊട്ടയത്ത് ഇല്ലവും കൊടുങ്ങല്ലൂർ ശാന്തിയുമായിരുന്നു പെരിങ്ങര നമ്പൂരിയുടെ ഒരു ഭൃതനായിരുന്നതിനാലാണ് കൊടുങ്ങല്ലൂർ പോയി താമസിച്ചിരുന്നത്. അയാൾ നമ്പൂരിയുടെ ആജ്ഞാകാരനായിട്ടാണ് കൊടുങ്ങല്ലൂർ താമസിച്ചിരുന്നതെങ്കിലും ഭക്തിപൂർവ്വം അവിടെ ഭഗവതിയെ ഭജിക്കുകയും ചെയ്തിരുന്നു. അയാൾ അതിനടുത്ത കാലത്തെങ്ങും കോട്ടയത്തു വരാറില്ലായിരുന്നതുകൊണ്ട് അയാൾക്കു കോട്ടയത്തെ, വിശേ‌ഷിച്ച് ഈ ദേശത്തെ, വർത്തമാനമൊന്നും അറിഞ്ഞുകൂടായിരുന്നു. അയാൾ കൊടുങ്ങല്ലൂർനിന്നു വന്ന വഴിതന്നെയാണ് കുളിച്ചു കാവിൽ വന്നു തുള്ളിത്തുടങ്ങിയത്. ഉടനെ വെളിച്ചപ്പാടുണ്ടാകുമെന്നു പ്രശ്നക്കാരൻ പറയുകയും ചെയ്തിരുന്നുവല്ലോ. വയസ്കരപ്പോറ്റി അയാൾക്കു ആയുധം (വാളും ചിലമ്പും മറ്റും) കൊടുത്തില്ല. വെളിച്ചപ്പാടിനുള്ള ആയുധങ്ങളും മറ്റും വെച്ചുസൂക്ഷിക്കുന്നതു കൊട്ടാരത്തിൽ ഉണ്ണിയും പുതിയ വെളിച്ചപ്പാടുണ്ടാകുന്ന കാലങ്ങളിൽ ആദ്യമായി ആയുധം കൊടുക്കേണ്ടതു വയസ്കര പോറ്റിയുമാണ്. ഇയാൾ തുള്ളുന്നതു ഭഗവതിയുടെ അധിവാസമുണ്ടായിട്ടാണെങ്കിൽ അതിന് എന്തെങ്കിലും ഒരു ദൃഷ്ടാന്തം കാണിക്കണമെന്നായിരുന്നു അവരുടെ രണ്ടുപേരുടെയും നിർബന്ധം. തുള്ളിക്കൊണ്ടുനിന്ന ആൾക്കു അതു മനസ്സിലാവുകയാൽ അയാൾ അമ്പലത്തിൽ കിടന്നിരുന്ന ഒരു പട്ടെടുത്തു പുതച്ചു കൊണ്ടു കിഴക്കേ നടയിൽച്ചെന്നു ജനങ്ങളോടായിട്ട് "എന്താണ് എന്റെ ലോകർ വന്നിരിക്കുന്നത്. എന്താണു സങ്കടം" എന്നു ചോദിച്ചു. അപ്പോൾ കരക്കാരനായിട്ടുള്ള കുറ്റിക്കാട്ടു കുറുപ്പ് "സങ്കടമെന്താണെന്നു കൽപിച്ചു ചോദിക്കാനൊന്നുമില്ലല്ലോ. എല്ലാം ദേവിക്കറിയാമല്ലോ?" എന്നു മറുപടി പറഞ്ഞു. അപ്പോൾ തുള്ളിക്കൊണ്ടു നിന്നയാൾ "എനിക്കറിയാം ഇവിടെ പതിവുള്ള അടിയന്തിരം മുട്ടിച്ചതിനാലാ ഈ അനർത്ഥമുണ്ടായിരിക്കുന്നത്. എല്ലാം ഞാൻക്ഷമിക്കും. എന്റെ പരിവാരങ്ങൾ അങ്ങനെ ക്ഷമിക്കുകയില്ല. അവർക്കു പതിവുള്ളതു കൊടുക്കാതെയിരുന്നാൽ അവർ ഉപദ്രവിക്കും. ഞാൻവിലക്കീട്ടാണ് ഇതുവരെ അവർ അടങ്ങിപ്പാർത്തത്. ഇനിയെങ്കിലും പതിവുള്ളതു കൊടുക്കാതെയിരുന്നാൽ അവർ ഇതിലധികം അനർത്ഥമുണ്ടാക്കിത്തീർക്കും. പിന്നെ ഞാൻ പിടിച്ചാൽ നിൽക്കാതെയും വന്നേക്കും. ഇപ്പോൾ എനിക്കും നല്ല സുഖമില്ലാതെയാണിരിക്കുന്നത്. ഇതാ നോക്കുവിൻ" എന്നു പറഞ്ഞ്, അയാൾ പുതച്ചിരുന്ന പട്ടെടുത്തു മാറ്റി. അപ്പോൾ അയാളുടെ ദേഹത്തിലാസകലം മഞ്ചാടിക്കുരുവിന്റെ മുഴുപ്പിലുള്ള വസൂരിക്കുരു മുളച്ചിരിക്കുന്നതായി കണ്ടു. അതുകണ്ട് എല്ലാവരും ഭയപ്പെട്ട് "അയ്യോ! ദേവീ! ഇതൊന്നും അടിയങ്ങൾക്കു കാണണമെന്നില്ല. അടിയങ്ങൾക്കു ഭയമാകുന്നു" എന്നു പറഞ്ഞു. അപ്പോൾ തുള്ളിക്കൊണ്ടു നിന്നയാൾ, "എന്റെ ലോകർ ഒട്ടും ഭയപ്പെടേണ്ട. എന്റെ ഉടയതിനും (വെളിച്ചപ്പാടു തുള്ളുമ്പോൾ വയസ്ക്കരപ്പോറ്റിയെ ഉടയത് എന്നാണ് പറയുക പതിവ്) ഉണ്ണിക്കും വിശ്വാസം വാരാനായിട്ടു മാത്രം ഞാനിതു കാണിച്ചതാണ്" എന്നു പറഞ്ഞു. അതു കേട്ട് വയ്സ്ക്കരപ്പോറ്റി, "ഞങ്ങൾക്കു ഒട്ടും വിശ്വാസമില്ലായ്കയില്ല. ജനസമ്മതത്തിനുവേണ്ടി വല്ലതും ദൃഷ്ടാന്തം കണ്ടാൽ കൊള്ളാമെന്നു വിചാരിച്ചുവെന്നേയുള്ളു. അതിന് ഇത്ര കഠിനമായിട്ടൊന്നും വേണമെന്നുണ്ടായിരുന്നില്ല" എന്നു പറഞ്ഞു. ഉടനെ ആ തുള്ളിക്കോണ്ടു നിന്നയാൾ വീണ്ടും പട്ടെടുത്ത് പുതച്ചുകൊണ്ട് സോപാനത്തിങ്കൽച്ചെന്നു സ്വൽപം നേരം നിന്നിട്ട് പട്ടുമാറ്റിക്കൊണ്ട് പിന്നെയും കിഴക്കേ നടയിൽ ഇറങ്ങിച്ചെന്നു. അപ്പോൾ അയാളുടെ ദേഹത്തെങ്ങും ഒരു കുരുപോലും കാൺമാനുണ്ടായിരുന്നില്ല. അതിനാൽ എല്ലാവരും വിസ്മയിക്കുകയും അയാളുടെ തുള്ളലിനെ പൂർണ്ണമായി വിശ്വസിക്കുകയും വയസ്ക്കരപ്പോറ്റി ആയുധങ്ങളെടുത്ത് അയാളുടെ കൈയിൽ കൊടുക്കുകയും അങ്ങനെ അയാൾ പള്ളിപ്പുറത്തു കാവിലെ വെളിച്ചപ്പാടായിത്തീരുകയും ചെയ്തു. അഞ്ചുമണിക്കു പള്ളിപ്പുറത്തു കാവിലെത്തി തുള്ളിത്തുടങ്ങിയ അയാളെ അന്നു നാലു മണിവരെ കൊടുങ്ങല്ലൂർ കണ്ടിരുന്നുവെന്നും പലരും വിശേ‌ഷിചു പെരിങ്ങര നമ്പൂരിയും പറഞ്ഞു പിന്നീട് അറിയാനിടയായപ്പോൾ ജനങ്ങളുടെ വിശ്വാസവും വിസ്മയവും ശതഗുണീഭവിച്ചു. ആ വെളിചപ്പാടിന്റെ കൽപന പ്രകാരം ജനങ്ങൾ പണം വീതിചെടുത്ത് ഉടനെ ദേശകുരുതി നടത്തുകയും ആരംഭിച്ചിരുന്ന വസൂരിദീനം കലശലാകാതെ ക്രമേണ ശമിച്ച് എല്ലാവർക്കും സുഖമാവുകയും ചെയ്തു. ആ വെളിച്ചപ്പാടിന്റെ കൽപനയെ ദേവിയുടെ കൽപനയായിട്ടുതന്നെ എല്ലാവരും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അതിനെ വകവയ്ക്കാതിരുന്നിട്ടുള്ളവർക്കു ഉടനുടൻ ഫലം സിദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഒരിക്കൽ ഒരു കോർട്ടു വിധിപ്രകാരം സത്യം ചെയ്യുന്നതിനായി ഒരിടിയൻ (കടിതൻകുടുമ്മിക്കാരൻ) പള്ളിപ്പുറത്തുകാവിന്റെ നടയിൽ ഹാജരായി. സത്യം കേൾക്കാനുള്ള എതിർ കക്ഷിയും കോടതിയിലെ ഉദ്യോഗസ്ഥനും മറ്റനേകം ജനങ്ങളും വന്നുകൂടി. പൂജകഴിഞ്ഞ് സത്യം ചെയ്യാനുള്ള സമയമായപ്പോൾ വെളിച്ചപ്പാടുതുള്ളി ഇടിയന്റെ നേരെ നോക്കി, "നീയെന്റെ നടയിൽ കള്ളസത്യം ചെയ്​വാൻ വന്നിരിക്കുന്നുവോ? സത്യം ചെയ്യരുത്. കള്ളസത്യം ചെയ്താൽ നിനക്ക് അതിന്റെ ഫലം ഉടനെ ഉണ്ടാകും" എന്നു കൽപിചു. ആ ഇടിയൻ അതു വക വെയ്ക്കാതെ സത്യം ചെയ്തു. ഇതൊരു മീനമാസത്തിലായിരുന്നു. അക്കാലത്ത് ഈ ദിക്കിൽ മഴ പെയ്യാറില്ലെന്നല്ല, മഴയുടെ ലക്ഷണം പോലുമുണ്ടായിരുന്നില്ല. അതിനാൽ അടുത്ത ദിവസം ആ ഇടിയന്റെ ഭാര്യ പുഴുങ്ങിയ നെല്ല ഉണങ്ങാനായി അവരുടെ മുറ്റത്ത് ഒരു പായിൽ ചിക്കിയിരുന്നു. ഉച്ചയായപ്പോൾ പെട്ടെന്ന് ഒരു മഴക്കാറുണ്ടാവുകയും ഉടനെ മഴ ചാറിത്തുടങ്ങുകയും ചെയ്തു. നെല്ലു നനഞ്ഞുപോകുമല്ലോ എന്നു വിചാരിച്ച് ഇടിയന്റെ ഭാര്യ നെല്ലു വാരാനായി ഒരു വട്ടിയുമെടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി. ആ സ്ത്രീക്ക് അപ്പോൾ ഗർഭം പൂർണമായിരുന്നതിനാൽ പെട്ടെന്ന് ഒന്നും ചെയ്വാൻ ശേ‌ഷിയില്ലായിരുന്നു. അതിനാൽ ഭാര്യയെ സഹായിക്കാനായി ഭർത്താവും പിന്നാലെ ചെന്നു. ആ സമയം പെട്ടെന്ന് ഒരിടിവെട്ടുകയും അതേറ്റു രണ്ടുപേരും തൽക്ഷണം മരിക്കുകയും ചെയ്തു. ഇതു കഴിഞ്ഞതിൽപ്പിന്നെ വളരെക്കാലത്തേക്ക് പരമാർത്ഥമായിട്ടുള്ള സംഗതിക്കുപോലും പള്ളിപ്പുറത്തുകാവിൽ സത്യം ചെയ്യാമെന്ന് ആരും സമ്മതിച്ചിരുന്നില്ല. ഇയ്യിടെ സത്യം ചെയ്യാനായി കുറേശ്ശെ ആളുകൾ ഈ നടയിൽ വന്നു തുടങ്ങീട്ടുണ്ട്. എങ്കിലും സത്യം ചെയ്യാതെ പോകുന്നവരാണ് അധികവും. കള്ളസത്യം ചെയുന്നവർക്കു അതിന്റെ ഫലം ഇപ്പോഴും പെട്ടെന്നു കാണുന്നുമുണ്ട്.

പള്ളിപുറത്തു കാവിൽ ഭജനമിരുന്നാൽ ഒഴിയാത്ത ബാധയില്ലെന്നാണു ജനങ്ങളുടെ വിശ്വാസം. അതിനാൽ ഇപ്പോഴും അനേകം ബാധോപദ്രവക്കാർ ഇവിടെ ഭജനമിരുന്നു ബാധ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു സുഖപ്പെട്ട് പോകുന്നുണ്ട്.

കോട്ടയത്തു സി.എം.എസ്സ്. ഹൈസ്ക്കുളും കോളേജും മറ്റുമുണ്ടാകുന്നതിനു മുൻപ് സുറിയാനി സെമിനാരിയിൽ (പഴയ സെമിനാരിയിൽ) ഒരു പാഠശാല സ്ഥാപിച്ചു വിദ്യാഭ്യാസം നടത്തിവന്നിരുന്നു. അവിടെ കിള്ളിക്കുറിശ്ശിമംഗലത്തുകാരൻ ഒരു നമ്പ്യാർ കുറച്ചുകാലം മലയാളമുൻ‌ഷിയായിരുന്നു.

അദ്ദേഹം ഒരിക്കൽ പള്ളിക്കൂടമടച്ചിരുന്നപ്പോൾ സ്വദേശത്തുപോയിട്ട് മടങ്ങിവരും വഴി ഒരു സ്ഥലത്തു നല്ല മരത്തണലും ചതുരാകാരമായിട്ടുള്ള ഒരു കരിങ്കല്ലും കണ്ട് ആ കല്ലിന്മേൽ കയറിയിരുന്ന് ഒന്നു മുറുക്കി. വഴിനടന്നുള്ള ക്ഷീണം കൊണ്ട് കുറചുനേരം അവിടെ ഇരുന്നു. അപ്പോൾ അദ്ദേഹത്തിനു മൂത്രമൊഴിക്കണമെന്നു തോന്നുകയാൽ ആ കല്ലിന്മേൽതന്നെ തിരിഞ്ഞിരുന്നു മൂത്രമൊഴിച്ചു. അപ്പോൾ ആ വഴിയെ വന്ന ഒരു വഴിപ്പോക്കൻ ഇതു കണ്ടിട്ട് "ഓ! ആ കല്ലിന്മേലിരുന്നു മൂത്രമൊഴിച്ചുവോ? ഇത് ഇച്ചക്കനെ തൂക്കിക്കൊന്ന സ്ഥലമാണ്. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ കല്ല് ഇവിടെ ഇട്ടിരിക്കുന്നത്" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ നമ്പ്യാരു വല്ലാതെയൊന്നു പേടിച്ചു. മലബാറിൽ 'ഇച്ചക്കൻ' എന്നു പ്രസിദ്ധനും വലിയ അക്രമിയുമായിട്ടു ഒരു ഈഴവനുണ്ടായിരുന്നുവെന്നും അവൻ അനേകം കവർചകളും കൊലപാതകങ്ങളും ചെയ്തിട്ടുള്ളവനായിരുന്നുവെന്നും ഒടുക്കം ഒരു കൊലപാതകക്കൂറ്റത്തിന് അവനെ ബ്രിട്ടീ‌ഷ് ഗവർമേണ്ടിന്റെ വിധിപ്രകാരം തൂക്കിക്കൊല്ലുകയാണ് ചെയ്തതെന്നും മറ്റുമുള്ള കഥകളെല്ലാം നമ്പ്യാർ മുൻപേതന്നെ കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇച്ചക്കൻ എന്നു കേട്ടപ്പോൾ നമ്പ്യാർ വല്ലാതെ പേടിചത്. എന്നാൽ അവനെ തൂക്കിക്കൊന്ന സ്ഥലം ഇതാണെന്നു നമ്പ്യാർ അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം ആ കല്ലിന്മേൽ ഇരിക്കുകയെന്നല്ല, ആ വഴിയേ നടക്കുകപോലും ചെയ്യുമായിരുന്നില്ല. ആ നമ്പ്യാർക്കു ഇച്ചക്കനെക്കുറിച്ച് അത്രമാത്രം ഭയമുണ്ടായിരുന്നു. ഏതെങ്കിലും പേടിച്ചതിനോടുകൂടി ഇച്ചക്കൻ നമ്പ്യാരെ ബാധിച്ചു കഴിഞ്ഞു. അതിനാൽ അദ്ദേഹം അവിടെനിന്ന് നല്ല തന്റേടമില്ലാത്ത വിധത്തിലാണ് കോട്ടയത്തേക്കു പോന്നത്. എങ്കിലും അദ്ദേഹം കോട്ടയത്തു വന്നെത്തി.

കോട്ടയത്ത് ആ നമ്പ്യാർ താമസിച്ചിരുന്നത് പള്ളിപ്പുറത്തു കാവിനടു ത്തുള്ള വില്വട്ടത്തു നമ്പ്യാരുടെ ഭവനത്തിലായിരുന്നു. അവിടെച്ചെന്നെത്തിയപ്പോൾ മുതൽ നമ്പ്യാർ തുള്ളാനും ചാടാനും തുടങ്ങി. നമ്പ്യാരുടെ തുള്ളൽ ഏറ്റവും ഭയങ്കരമായിരുന്നു. അദ്ദേഹം തുള്ളിത്തുടങ്ങിയാൽ ആ ദിക്കിലെങ്ങും മനു‌ഷ്യരാരും നിൽക്കുകയില്ല. രണ്ടുപേരു പിടിച്ചാൽ ഇളകാത്ത വലിയ കരിങ്കല്ലും മറ്റും നി‌ഷ്പ്രയാസം ഒറ്റക്കയ്യിലെടുത്തു തലയ്ക്കുമുകളിൽ പൊക്കിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം തുള്ളുക പതിവ്. നമ്പ്യാർക്കു തുള്ളൽ വരുന്നത് ഇന്ന സമയത്താണെന്ന് ഒരു നിശ്ചയവുമില്ല. ചില ദിവസങ്ങളിൽ പള്ളിക്കൂടത്തിൽച്ചെന്നു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തിലായിരിക്കും തുള്ളൽ വരുന്നത്. എങ്കിലും തുള്ളൽ വരുന്നതിനു സ്വൽപം മുൻകൂട്ടി അതു വരാറായിരിക്കുന്നുവെന്ന നമ്പ്യാർക്കു അറിയാമായിരുന്നു. അതിനാൽ അദ്ദേഹം എവിടെയിരിക്കുമ്പോളായാലും തുള്ളൽ വരാറായിയെന്നു തോന്നിയാൽ ഉടനെ എണീറ്റ് വാസസ്ഥല ത്തേക്കു പോവുക പതിവായിരുന്നു. ഇതു നിമിത്തം അദ്ദേഹത്തിനു പള്ളിക്കൂടത്തിലെ ജോലി ശരിയായി നടത്താൻ നിവൃത്തിയില്ലാതെയും ക്രമേണ അദ്ദേഹത്തിനു വളരെ ക്ഷീണമായും തീർന്നു. ഇങ്ങനെ കുറച്ചു ദിവസംകഴിഞ്ഞതിന്റെ ശേ‌ഷം അദ്ദേഹം പള്ളിപ്പുറത്തുകാവിൽ ഭജനം തുടങ്ങി. ഭജനം പന്ത്രണ്ടു ദിവസമായപ്പോൾ വെളിച്ചപ്പാടു തുള്ളി. ഉടനെ നമ്പ്യാരും തുള്ളി. അപ്പോൾ വെളിച്ചപ്പാട് ഒരുപിടി ഭസ്മം വാരി നമ്പ്യാരുടെ ദേഹത്തിന്മേലിട്ട്, "നീയീ ദേഹവും ദേശവും വിട്ട്

എവിടെയെങ്കിലും പൊയ്ക്കൊള്ളണം. പോയില്ലെങ്കിൽ നിന്ന് ഞാനിവിടെനിന്ന് അയയ്ക്കും. സ്വയമേവ പൊയ്ക്കൊള്ളുകയാണ് നല്ലത്" എന്നു പറഞ്ഞു. അപ്പോൾ നമ്പ്യാർ (ഇച്ചക്കൻ), "ഞാനീ ദേഹത്തുനിന്നും മാറിക്കൊള്ളാം. എങ്കിലും ഈ ദേശംവിട്ട് പോകുന്ന കാര്യം സങ്കടമാണ്. ഞാൻആരേയും ഉപദ്രവിക്കാതെ ഇവിടെ എന്റെ അമ്മയുടെ അടുക്കൽ ഇരുന്നുകൊള്ളാം. അങ്ങനെ അനുവദിക്കണമെന്നു ഞാൻഅപേക്ഷി ക്കുന്നു" എന്നു പറഞ്ഞു. വെളിച്ചപ്പാട് അതു സമ്മതിക്കുകയും കാവിന്റെ കിഴക്കേ നടയിൽ മതിൽക്കുപുറത്തായി ഒരു തറയും ചിത്രകൂടവും പണിയിച്ച് ഇച്ചക്കനെ കുടിയിരുത്തിക്കണമെന്നും അതിനുവേണ്ടിവരുന്ന ചെലവു നമ്പ്യാർതന്നെ വഹിക്കണമെന്നും കൽപിക്കുകയും ചെയ്തിട്ട് കലിയടങ്ങി. ഉടനെ നമ്പ്യാരുടെ തുള്ളലും മാറി. പിന്നെ നമ്പ്യാർ തന്നെ വേണ്ടുന്ന പണം ചെലവുചെയ്ത് വെളിച്ചപ്പാട് നിശ്ചയിച്ചു കൽപിച്ചിരുന്ന സ്ഥലത്ത് ചിത്രകൂടം പണിയിച്ച് ഇച്ചക്കനെ കുടിയിരുത്തിക്കുകയും നമ്പ്യാർക്കുണ്ടായിരുന്ന ഉപദ്രവം മാറി അദ്ദേഹം സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.

അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം അമ്പലത്തിന്റെ തിരുമുറ്റം അടിച്ചുവാരിയ സ്ത്രീ കണ്ണിന്റെ കാഴ്ചക്കുറവു നിമിത്തം ആ ചപ്പും ചവറുമെല്ലാം വാരി ഇച്ചക്കനെ കുടിയിരുത്തിയിരുന്ന ചിത്രകൂടത്തിന്റെ മുകളിൽ കൊണ്ടുചെന്നിട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നമ്പ്യാർ തുള്ളി കാവിൽച്ചെന്നു നടയ്ക്കുനേരെ നിന്നുകൊണ്ട് ഭഗവതിയെ ശകാരിച്ചുതുടങ്ങി "എന്റെ തലയിൽ അടിച്ചുവാരി കൊണ്ടുവന്നിട്ടില്ലെ? മുൻപൊരിക്കലും എന്നെ ഇങ്ങനെ ആരും അപമാനിച്ചിട്ടില്ല. ഇനി ഞാനിവിടെ ഇരിക്കുകയില്ല. ഞാൻ കുടിയിരിക്കുന്ന മനു‌ഷ്യന്റെ ദേഹവും ഞാൻകൊണ്ടുപോകും" എന്നും മറ്റും പറഞ്ഞുകൊണ്ടാണ് ഭഗവതിയെ ശകാരിച്ചത്. ശകാരവാക്കുകളെല്ലാം കേവലം അസഭ്യങ്ങളായിരുന്നതിനാൽ അവ ഇവിടെ പറയുന്നില്ല. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോൾ വെളിച്ചപ്പാടും തുള്ളി. പിന്നെ അവർ രണ്ടുപേരും കൂടി കുറച്ചുനേരം വാദപ്രതിവാദങ്ങളുണ്ടായി. ഒടുക്കം ഒരു കുരുതി കൊടുത്തു ബഹുമാനിച്ചു പറഞ്ഞയയ്ക്കമെങ്കിൽ നമ്പ്യാരുടെ ദേഹത്തുനിന്നും ഈ ദേശത്തിൽനിന്നും മാറിപ്പൊയ്ക്കൊള്ളാമെന്ന് ഇച്ചക്കനും അങ്ങനെ ചെയ്യാമെന്ന് വെളിച്ചപ്പാടു സമ്മതിക്കുകയും അങ്ങനെ രണ്ടുപേരുടെയും അന്നത്തെ തുള്ളലവസാനിക്കുകയും ചെയ്തു.

പിന്നെ കുരുതിക്കുള്ള ദിവസവും സ്ഥലവും നിശ്ചയിച്ച് അതിന് വേണ്ടുന്ന ഉപകരണങ്ങളെല്ലാം ശേഖരിച്ചു. അതിനും വേണ്ടുന്ന ചെലവെല്ലാം നമ്പ്യാർതന്നെ ചെയ്തു. കുരുതിക്കു നിശ്ചയിച്ച ദിവസം ഒരു വെള്ളിയാഴ്ചയും സ്ഥലം കാവിന്റെ വടക്കെ നടയിൽ മതിൽക്കകത്തുള്ള കുരുതിക്കളത്തിനു നേരെ വടക്ക് വില്വട്ടത്തു നമ്പ്യാരുടെ വക പുരയിടവുമായിരുന്നു. പള്ളിപ്പുറത്തു കാവിൽ ഭഗവതിയുടെ അധീനത യിലുള്ള കുരുതികളെല്ലാം പൂജിക്കുകയും തർപ്പിക്കുകയും ചെയ്വാനുള്ള അധികാരം കൊട്ടാരത്തിലുണ്ണിക്കുള്ളതാകയാൽ ഈ കുരുതിയും കഴിച്ചത് അന്ന് കൊട്ടാരത്തിൽ കുടുംബത്തിൽ മൂപ്പായിരുന്ന ആളായിരുന്നു. കുരുതി പൂജ കഴിഞ്ഞു തർപ്പിക്കാറായപ്പോഴേക്കും നമ്പ്യാരും വെളിച്ചപ്പാടും തുള്ളി. കുരുതി പന്ത്രണ്ടു പാത്രമായിരുന്നു. അതിൽ പതിനൊന്നു പാത്രം തർപ്പിച്ച് ഒരു പാത്രം തർപ്പിക്കാതെവെചിരുന്നു. പൂജ കഴിഞ്ഞപ്പോൾ തുള്ളിക്കൊണ്ടു നിന്നിരുന്ന നമ്പ്യാർ തർപ്പിക്കാതെ വെച്ചിരുന്ന ആ ഒരു പാത്രം കുരുതി മുഴുവനും പാത്രത്തോടെ എടുത്തു കുടിച്ചു. അത് ഏകദേശം പതിനഞ്ച് ഇടങ്ങഴിയോളം ഉണ്ടായിരുന്നു. അതു മുഴുവനും കുടിച്ചു കഴിഞ്ഞപ്പോൾ നമ്പ്യാർ (ഇച്ചക്കൻ) "സന്തോ‌ഷമായി. ഇനി ഞാൻ പോകുന്നു"എന്നു പറഞ്ഞു. ഉടനെ വെളിചപ്പാടിന്റെ കൽപനപ്രകാരം പൊന്നും വിളക്കും പിടിച്ച് സത്യംചെയ്ത് ഇചക്കൻ ഒഴിഞ്ഞുപോകുകയും നമ്പ്യാർ നിന്ന നിലയിൽ അവിടെ വീഴുകയും ഒരു നാഴിക കഴിഞ്ഞപ്പോൾ ബോധം വീഴുകയാൽ നമ്പ്യാർ എണീറ്റു കുരുതി ദക്ഷിണ കഴിക്കുകയും അപ്പോഴേക്കും വെളിച്ചപ്പാട് കാവിൽച്ചെന്നു കലിയടങ്ങുകയും അവിടെ കൂടിയിരുന്നവരെല്ലാം പിരിഞ്ഞുപോവുകയും ചെയ്തു. അപ്പോൾ നേരം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ആ സമയം കുരുതി കഴിച്ച സ്ഥലത്തിന്റെ മേൽഭാഗത്തുനിന്ന് നേരെ വടക്കോട്ട് വാണം കൊളുത്തിവിട്ടാലെന്നപോലെ വലിയ ഇരപ്പോടുകൂടി ഒരു വെളിചം ആകാശമാർഗേണ പോകുന്നത് പലരും കാണുകയും കണ്ടവരെല്ലാം അത് ഇച്ചക്കന്റെ പോക്കാണെന്നു പറയുകയും ചെയ്തുവത്ര. ഇതു കൂടാതെ ഇച്ചക്കന്റെ പോക്കിൽ ഒരു വിശേ‌ഷത കൂടിയുണ്ടായി. ഇച്ചക്കനെ നമ്പ്യാരുടെ ദേഹത്തുനിന്നു മാറ്റി ഒഴിച്ചുവിട്ട അന്നു രാത്രിയിൽ ഏകദേശം പന്ത്രണ്ടുമണി കഴിഞ്ഞ സമയം കോട്ടയത്തുനിന്നു രണ്ടുനാഴിക വടക്ക് 'നൊട്ടാശ്ശേരി' ദേശത്തുകാരനായ ഒരുണ്യാതിരി എവിടെയോ പോയി ശരീരശുദ്ധം മാറിക്കൊണ്ട് സ്വഗൃഹത്തിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ നാട്ടുവഴിയിൽക്കൂടി വലിയ കരിമ്പനയുടെ വലിപ്പത്തിൽ ഒരു സ്വരൂപം തെക്കുനിന്നു വടക്കോട്ടു വരുന്നതായി കണ്ടു. അതുകണ്ട് അയാൾ ഭയപ്പെട്ട് നാട്ടുവഴി വിട്ട് ഓടിത്തുടങ്ങി. അപ്പോൾ അയാൾ കണ്ടതായ സ്വരൂപം അതിവേഗത്തിൽ അയാളുടെ പിന്നാലെ അടുത്തു ചെന്നു പുറത്ത് ഒന്നടിച്ചതായി അയാൾക്കു തോന്നി. ഉടനെ ബോധംകെട്ട് അയാൾ അവിടെത്തന്നെ വീണു. നേരം വെളുത്തപ്പോൾ അയാൾ ബോധരഹിതനായി വഴിയിൽ കിടക്കുന്നുവെന്നു കേട്ട് അയാളുടെ ശേ‌ഷക്കാരിൽച്ചിലർ വന്ന് അയാളെ ഒരു കട്ടിലിലാക്കിയെടുത്തു സ്വഗൃഹത്തിൽ കൊണ്ടുപോയി. ഉടനെ അയാൾ മരിക്കുകയും ചെയ്തു. അയാളെ ഇച്ചക്കൻ അടിച്ചുകൊന്നതാണെന്നു ജനങ്ങൾ തീർച്ചപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്തു. ഇച്ചക്കനെ സംബന്ധിച്ചുള്ള ഈ കഥ കോട്ടയത്തും അടുത്ത പ്രദേശങ്ങളിലുമുള്ള ജനങ്ങൾ പ്രസംഗവശാൽ ഇപ്പോഴും ചിലപ്പോൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഇത് വളരെക്കാലം മുമ്പുണ്ടായ സംഗതിയാണെങ്കിലും ഇച്ചക്കനെക്കുറിച്ചുള്ള ഭയം ഈ ദിക്കുകാരുടെ മനസ്സിൽ നിന്നും ഇപ്പോഴും നിശ്ശേ‌ഷം വിട്ടുപോയിട്ടില്ല. എന്നു മാത്രമല്ല, ചില മുട്ടാളന്മാരെക്കുറിച്ചു പറയുമ്പോൾ "അവൻ വലിയ ഇചക്കനാണ്" എന്ന് ജനങ്ങൾ ഇപ്പോഴും പറഞ്ഞുപോരുന്നുമുണ്ട്. എങ്കിലും ഇച്ചക്കനെ ഇവിടെനിന്നും ഒഴിച്ചുവിട്ടതിൽപ്പിന്നെ അവന്റെ ഉപദ്രവം ഈ ദേശത്തും അടുത്ത പ്രദേശങ്ങളിലും ഉണ്ടായിട്ടില്ല.

ഇങ്ങനെ അറുകൊല, അപസ്മാരം മുതലായ വലിയ ബാധകൾ ഇവിടെ ഭജനമിരുന്നിട്ടു തുള്ളി സത്യംചെയ്ത് ഒഴിഞ്ഞുപോയിട്ടുണ്ട്. ഇപ്പോഴും പോകുന്നുമുണ്ട്. പണ്ടൊരിക്കൽ വയസ്ക്കരപ്പോറ്റിയുടെ കുടുംബത്തെ നശിപ്പിക്കാനായി ശത്രുക്കളുടെ അപേക്ഷപ്രകാരം കടമറ്റത്തു കത്തനാർ ഏഴു കാരണമൂർത്തികളെ അയച്ചിരുന്നു. വയസ്ക്കരയില്ലത്ത് ആ മൂർത്തികളുടെ ഉപദ്രവങ്ങൾ ദുസ്സഹങ്ങളായിത്തീരുകയാൽ ആ ബാധകളെ ഒഴിച്ചു കുടുംബരക്ഷ ചെയ്യണമെന്നു പോറ്റി പള്ളിപ്പുരത്തു കാവിൽ ഭഗവതിയുടെ അടുക്കൽ പ്രാർത്ഥിച്ചു. അതിനാൽ വെളിച്ചപ്പാടു തുള്ളി കൽപ്പിച്ചതനു സരിച്ച് കൊട്ടാരത്തിലുണ്ണി ഏഴു മൂർത്തികൾക്കും ഓരോ പാത്രം കരുതി കൊടുത്ത് ഒഴിച്ചുവിട്ടു. അപ്പോൾ ഇല്ലത്തുണ്ടായിരുന്ന ഉപദ്രവങ്ങൾ നീങ്ങി അവിടെ സുഖമാവുകയും ഇതിലേക്കു വയസ്ക്കരപ്പോറ്റി ഒരു പുരയിടം ഭഗവതിസ്വത്തിലേക്ക് വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് ഇവിടെ (കൊട്ടാരത്തിൽ)ഒരു ഗ്രന്ഥവരി കാണുന്നുണ്ട്. അതു താഴെപ്പകർത്തുന്നു.

"വയസ്കരപ്പോറ്റിയുടെ ഇല്ലത്തെ സംഹരിപ്പാനായിക്കൊണ്ടു പോറ്റിയുടെ ശത്രുക്കളുടെ ആവശ്യപ്രകാരം കടമറ്റത്തു കത്തനാർ ഏഴു കാപ്പിരികളെ അയച്ചിരുന്നു. ആ കാപ്പിരികളെ ഭഗവതിയുടെ വെളിച്ചപ്പാടു തുള്ളി നിന്നുകൊണ്ടു പുതുക്കുളത്തിന്റെ വടക്കേക്കരയിൽവെച്ചു കൊട്ടാരത്തിലുണ്ണിയെക്കൊണ്ട് ഏഴുപാത്രം കുരുതി കൊടുപ്പിച്ച് ഒഴിച്ചുവിട്ടു. ഇതിലേക്കു മേപ്പടി പോറ്റി ഭഗവതിക്കു വെച്ചൊഴിഞ്ഞാകെ പാറക്കുളത്തിൽപുരയിടം മുറി ഒന്ന്".

ഇതു മറ്റനേകം സംഗതികൾ പറയുന്ന ഗ്രന്ഥവരിയിൽ ഇടയ്ക്കൊരു ഭാഗത്തു കാണുന്നതാണ്. പള്ളിപ്പുറത്തു കാവു ദേവസ്വംവക വസ്തു ക്കളിൽ മിക്കവയും ഇങ്ങനെ ഓരോ കാരണവശാൽ ഓരോരുത്തർ ഓരോ കാലങ്ങളിൽ വെച്ചൊഴിഞ്ഞു കൊടുത്തിട്ടുള്ളവായാണെന്നാണ് കാണുന്നത്.

ഇപ്രകാരം ശക്തിയും ചൈതന്യവും മാഹത്മ്യവുമുള്ള ഭഗവതിയുടെ ബിംബത്തിന്മേൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങൾ ഒരിക്കൽ ഒരു തസ്കരൻ തട്ടിക്കൊണ്ടു പോവുകയുണ്ടായിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. എങ്കിലും സംഗതി വാസ്തവത്തിൽ ഉണ്ടായതു തന്നെയാണ്. ഒരിക്കൽ (ഏകദേശം ഒരു നൂറുകൊല്ലം മുമ്പ്) ഒരു ദിവസം അത്താഴപ്പുജ കഴിഞ്ഞു ശ്രീകോവിലും അമ്പലവും പൂട്ടിയിരുന്നിട്ടും പിറ്റേദിവസം നേരം വെളുത്തപ്പോൾ എല്ലാം തുറന്നു കിടക്കുന്നതായി കാണപ്പെട്ടു. ശാന്തിക്കാരൻ കുളിച്ചുവന്നു ശ്രീകോവില കത്തു കടന്നു നോക്കിയപ്പോൾ ബിംബത്തിന്മേൽ തലേദിവസം ചാർത്തി യിരുന്ന തിരുവാഭരണങ്ങളിൽ ഒന്നുപോലും കാൺമാനില്ലായിരുന്നു. ഉടനെ പശുദ്ദാനവും പുണ്യാഹവും കഴിച്ചു പൂജ നടത്തുകയും വിവരം വയസ്ക്കരെയും സ്ഥലം തഹശീൽ മജിസ്ട്രട്ടിനെയും അറിയിക്കുകയും ചെയ്തു. സർക്കാരാളുകളും ക്ഷേത്രാധികാരികളും പലവിധത്തിലുള്ള അന്വേ‌ഷണങ്ങൾ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. പിന്നെ ഇതിനെ ക്കുറിച്ചു കൽപന കേൾക്കണെമെന്നു നിശ്ചയിച്ചു വയസ്ക്കര മൂസ്സ്, കൊട്ടാരത്തിലുണ്ണി, കരക്കാരു മുതലായവരെല്ലം നടയിൽ കൂടി. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെളിച്ചപ്പാടു തുള്ളി. എങ്കിലും വെളിച്ചപ്പാടിനു തുള്ളുന്ന സമയം പതിവായി കാണാറുള്ള ഉന്മേ‌ഷവും ശക്തിയും അന്നുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, അയാൾക്കു ഒന്നും സംസാരിക്കാനും വയ്യായിരുന്നു. ഊമന്മാരെപ്പോലെ വല്ലാത്ത ഒരു മാതിരി ശബ്ദം പുറപ്പെടുവിക്കുക മാത്രം ചെയ്തു. എന്തോ ഏതാണ്ടൊക്കെ കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് ഉടനെ കലിയടങ്ങുകയും ചെയ്തു.

ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ദേവിയുടെ ബിംബം സദാ വിയർത്തൊലിച്ചു തുടങ്ങി. പിന്നെ ഒരു പ്രശ്നക്കാരനെ വരുത്തി നടയിൽവെച്ചു പ്രശ്നംവെപ്പിച്ചു നോക്കി. അപ്പോൾ പ്രശ്നക്കാരൻ, "മോ‌ഷണം നടത്തിയ ആൾ ഒരു വലിയ ആഭിചാരക്കാരനാണ്. അയാൾ ആദ്യംതന്നെ ബിംബം ശുദ്ധം മാറ്റുകയും ആഭിചാരവൃത്തികൾ കൊണ്ടു ദേവിയുടെ ശക്തിയും ചൈതന്യവും കുറയ്ക്കുകയും ചെയ്തിട്ടാണ് മോ‌ഷണം നടത്തിയത്. ദേവിയുടെ നാവ് അയാൾ ബന്ധിച്ചിരിക്കുന്നു. അതുകൊണ്ടാണ് വെളിച്ചപ്പാടു തുള്ളീട്ടു സംസാരിക്കൻ വയ്യാതെയിരുന്നത്. ബിംബം വിയർക്കുന്നത് ആഭിചാരശക്തികൊണ്ടാണ്. ഇതിലേക്ക് ശുദ്ധികലശവും പള്ളിപ്പേർപ്പു പള്ളിപ്പാന മുതലായ പ്രതിവിധികളും ചെയ്താൽ ദോ‌ഷങ്ങളൊക്കെ നീങ്ങി ഭഗവതിയുടെ ശക്തി പൂർവ്വസ്ഥി തിയിലാവും. പിന്നെ മോ‌ഷണം ദേവിതന്നെ തെളിയിച്ചുതരും" എന്നു വിധിച്ചു. അധികം താമസിയാതെതന്നെ പ്രശ്നവിധിപ്രകാരം വേണ്ടതെല്ലാം നടത്തുകയും അവയെല്ലാം കഴിഞ്ഞപ്പോൾ വെളിച്ചപ്പാടു തുള്ളുകയും ചെയ്തു. അന്നത്തെ തുള്ളൽ അതിഭയങ്കരമായിരുന്നു. ദേവിക്കു ശക്തിയും ഊർജസ്വലതയും പണ്ടത്തേതിലധികം വർദ്ധിച്ചിട്ടുണ്ടെന്ന് ആ തുള്ളൽ കണ്ടാൽത്തന്നെ അറിയാമായിരുന്നു. വെളിച്ചപ്പാടു തുള്ളീട്ട് കൽപ്പിച്ചത് "എന്റെ ഉടയതും ഉണ്ണിയും ലോകരും ഒട്ടും വ്യസനിക്കേണ്ട. എന്റെ മാലിന്യമെല്ലാം തീർന്നിരിക്കുന്നു. എന്റെ മുതൽ കൊണ്ടുപോയവനെ ഞാനെന്റെ നടയിൽ വരുത്തിത്തന്നുകൊള്ളാം. ഏഴുദിവസത്തിനകം അവൻ ഇവിടെ വരും. അവന്റെ ഇടതുകൈയ്ക്ക് ആറുവിരലും മാറത്ത് മറുവുമുണ്ടായിരിക്കും. അതു സൂക്ഷിച്ചുനോക്കികൊണ്ട് അവനെപ്പിടികൂടിയാൽ പോയതെല്ലാം കിട്ടും" എന്നായിരുന്നു. അന്നുമുതൽ അപ്രകാരമുള്ള ആൾ വരുന്നുണ്ടോ എന്നു സൂക്ഷിച്ചുനോക്കിക്കൊണ്ട് അഞ്ചുമാറും ആളുകൾവിതാം സദാ നടയിൽ കാത്തുനിന്നു. കൽപനയുണ്ടായതിന്റെ അഞ്ചാംദിവസം കാലത്ത് ഏഴുമണി സമയത്തു മേൽപ്പറഞ്ഞ ലക്ഷണങ്ങളോടുകൂടി ഒരാൾ നാട്ടുവഴിയിൽക്കൂടി വടക്കുനിന്നു തെക്കോട്ടുപോകുന്നതിനായി കിഴക്കേ നടയിലെത്തി. അഞ്ചെട്ടാളുകൾ അവനെപ്പിടിച്ചു നല്ലപോലെ മർദ്ദിച്ചപ്പോൾ സംഗതികളെല്ലാം അവൻ ഏറ്റു പറഞ്ഞു. തിരുവാഭരണങ്ങൾ എടുത്തുകൊണ്ട് അമ്പലത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ അവിടെയൊക്കെ ആരോ ചിലർ നിൽക്കുന്നതായി തോന്നുകയാൽ അവയെല്ലാം ഒരു പട്ടിൽപ്പൊതിഞ്ഞ് കിഴക്കേ നടയിലുള്ള കുളത്തിലിട്ടിട്ടാണു താൻ പോയതെന്നുകൂടി അവൻ പറയുകയാൽ അവനെക്കൊണ്ടുതന്നെ അതും എടുപ്പിച്ചുകൊണ്ട്, അവനെ ഉടനെ മജിസ്ട്രട്ടു കച്ചേരിയിൽ ഹാജരാക്കിക്കൊണ്ടു ഹർജി കൊടുത്തു. മജിസ്ട്രട്ട് അവന് ആറുമാസത്തെ കഠിനതടവു ശിക്ഷ വിധിച്ചു തിരുവനന്തപുരത്തേക്കു ഠാണപ്പാറാവു വഴി അയച്ചു. എങ്കിലും ഭഗവതിയുടെ കൃപകൊണ്ട് അവന് അധികം ദിവസം ശിക്ഷ അനുഭവിക്കേണ്ടതായി വന്നില്ല. അവൻ തിരുവനന്തപുരത്ത് ചെന്നിട്ട് ഒരുമാസം തികയുന്നതിനു മുമ്പുതന്നെ വസുരിദീനം പിടിപെട്ടു ജയിലിൽക്കിടന്നു മരിച്ചു. ഭഗവതിയുടെ തിരുവാഭരണങ്ങൾ കള്ളനു ശിക്ഷവിധിച്ച ദിവസം തന്നെ മടക്കിക്കിട്ടുകയും ചെയ്തു.

പള്ളുപ്പുറത്തുകാവിൽ ഭഗവതിയെക്കുറിച്ച് ഇനിയും ഇങ്ങനെ പല സംഗതികൾ പറയാനുണ്ട്. എങ്കിലും ലേഖനദൈർഘ്യം അതിക്രമിച്ചു പോകുമെന്നു വിചാരിച്ച് ഇപ്പോൾ വിരമിക്കുന്നു.