ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പിലാമന്തോൾ മൂസ്സ്


പിലമന്തോൾ മൂസ്സിന്റെ ഇല്ലം ബ്രിട്ടീ‌ഷുമലബാറിൽ വള്ളുവനാടു താലൂക്കിൽ പിലമന്തോൾ അംശത്തിൽ പിലാമന്തോൾ ദേശത്താണ്. ഈ ഇല്ലക്കാർ പണ്ടു സാമുരിരിപ്പാടു തമ്പുരാന്റെ ഇഷ്ടന്മാരും പ്രത്യേക വൈദ്യന്മാരും വൈദ്യവി‌ഷയത്തിൽ അതിവിദഗ്ദ്ധന്മാരും സുപ്രസിദ്ധന്മാരുമായിരുന്നു. ആ സ്ഥിതിക്കു ഇപ്പോഴും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.

പണ്ടൊരിക്കൽ (അന്നു നാടുവാണിരുന്ന) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേക്ക് അതികഠിനമായ ഒരു ശീലായ്മ (വയറ്റിൽ വേദന) ഉണ്ടാവുകയും തിരുവിതാംകൂറിലും കൊച്ചിയിലും മറ്റുമുള്ള പ്രസിദ്ധന്മാരായ സകല വൈദ്യന്മാരും പഠിച്ച പണി എല്ലാം നോക്കീട്ടും അതു ഭേദമാകാതെയിരിക്കുകയും ചെയ്യുകയാൽ ഒടുക്കം പിലാമന്തോൾ മൂസ്സിനെ വരുത്തണമെന്നു നിശ്ചയിച്ചു അങ്ങോട്ടാളയച്ചു. മുമ്പുണ്ടായിരുന്ന പിലമന്തോൾ മൂസ്സന്മാരെക്കുറിച്ചുള്ള കേൾവി നിമിത്തമാണ് അങ്ങോട്ടാളയച്ചത്. എന്നാൽ അക്കാലത്ത് അവിടെ പ്രായപൂർത്തി വന്നവരോ വൈദ്യവിദ്യ അഭ്യസിച്ചവരോ ആയ പുരു‌ഷന്മാർ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഏകദേശം പതിന്നാലു വയസ്സുമാത്രം പ്രായമായ ഒരു ഉണ്ണിമൂസ്സു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഉപനയനവും സമാവർത്തനവും കഴിഞ്ഞിരുന്നുവെങ്കിലും വൈദ്യവി‌ഷയകമായി യാതൊന്നും അവിടുന്നു പഠിച്ചിരുന്നില്ല. മഹാരാജാവു തിരുമനസ്സിലെ ആളുകൾ ചെന്നു വിവരം പറഞ്ഞപ്പോൾ അവിടുന്ന് അത്യന്തം വി‌ഷണ്ണനായിത്തീർന്നു. "എന്റെ പൂർവന്മാർ മഹായോഗ്യന്മാരും വലിയ വൈദ്യന്മാരും വൈദ്യവി‌ഷയമായി പല അത്ഭുതകർമ്മങ്ങൾ ചെയ്തിട്ടുള്ളവരും പ്രസിദ്ധന്മാരുമായിരുന്നതിനാലാണല്ലോ മഹാരാജാവു കല്പിച്ച് ഇവിടെ ആളയയ്ക്കാനിടയായത്. കഷ്ടം! ഈശ്വരാ! ഞാനിങ്ങനെയായിപ്പോയല്ലോ. എന്റെ അച്ഛൻ എനിക്കു ബാല്യമായിരുന്നപ്പോൾതന്നെ മരിച്ചുപോയതിനാലാണല്ലോ എനിക്ക് ഒന്നും പഠിക്കാനിടയാകാഞ്ഞത്. തിരുവിതാംകൂറിൽ പോയി മഹാരാജാവിന്റെ സുഖക്കേടു ഭേദമാക്കിയെങ്കിൽ എനിക്കു വളരെ ശ്രയസ്സും യശസ്സും ബഹുമതിയും ലഭിക്കുമായിരുന്നു. ഒന്നും പഠിച്ചിട്ടില്ലാത്ത ഞാൻ വിചാരിച്ചാൽ അതു സാധ്യമല്ലല്ലോ. ഈശ്വരാ! ഇപ്പോൾ ഞാൻഇവിടെ എന്താണ് ചെയ്യേണ്ടത്? എനിക്കൊന്നു അറിഞ്ഞുകൂടെന്നു പറഞ്ഞാൽ ഈ കുടുംബത്തേക്കുകൂടി കുറിച്ചിലായിത്തീരുമല്ലോ" എന്നിങ്ങനെ വിചാരിച്ച് അവിടുന്ന് ഏറ്റവും വി‌ഷാദത്തോടുകൂടി അകത്തു ചെന്നു തന്റെ അമ്മയെ വിളിച്ചു വിവരമെല്ലാം പറഞ്ഞു. അപ്പോൾ ആ അന്തർ ́നം, "ഉണ്ണി ഒട്ടും വി‌ഷാദിക്കേണ്ടാ, നമ്മുടെ പരദൈവമായ പരമേശ്വരനെ ഭക്തിപൂർവം പന്ത്രണ്ടു ദിവസം ഭജിക്കുക. അദ്ദേഹം എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരും. ഭജനം കഴിഞ്ഞിട്ടു ചെല്ലാമെന്നു പറഞ്ഞു മഹാരാജാവിന്റെ ആളുകളെ അയയ്ക്കുക" എന്നു പറഞ്ഞു. അപ്രകാരംതന്നെ ഉണ്ണിമൂസ്സ് പുറത്തുവന്നു മഹാരാജാവിന്റെ ആളുകളോട്,"എനിക്ക് ഇപ്പോൾ അമ്പലത്തിൽ ഭജനമാണ്. അതിനി പന്ത്രണ്ടു ദിവസംകൂടിയുണ്ട്. അതു കഴിഞ്ഞല്ലാതെ വരാൻ എനിക്കു നിവൃത്തിയില്ല. നിങ്ങൾ പോയി ഭജനം കഴിയുമ്പോഴേക്കും വരുക. പിന്നെ നമുക്ക് ഒരുമിച്ചു പോകാം" എന്നു പറഞ്ഞു. അതു കേട്ടു രാജപുരു‌ഷന്മാർ, "പന്ത്രണ്ടു ദിവസം കഴിഞ്ഞാൽ മതിയല്ലോ. അത്രയും ദിവസംകൊണ്ട് പോയിവരാൻ സാധിക്കയില്ല. സ്വല്പം താമസിച്ചാലും ഒരുമിച്ചു കൊണ്ടു ചെല്ലണമെന്നാണ് കല്പന. അതിനാൽ ഭജനം കഴിയുന്നതുവരെ ഞങ്ങൾ ഇവിടെ താമസിചുകൊള്ളാം" എന്നു പറഞ്ഞു. "എന്നാൽ അങ്ങനെതന്നെ" എന്നു ഉണ്ണിമൂസ്സും സമ്മതിക്കുകയും അവിടുന്നു അന്നുതന്നെ ഭജനം ആരംഭിക്കുകയും ചെയ്തു. ഭജനം അത്യന്തം ഭക്തിയോടും വലിയ നി‌ഷ്ഠയോടുംകൂടിയായിരുന്നു. ഭജനം തുടങ്ങിയതിന്റെ പതിനൊന്നാം ദിവസം രാത്രിയിൽ ഉണ്ണിമൂസ്സ് അമ്പലത്തിൽക്കിടന്നുറങ്ങിയ സമയം ഒരു വൃദ്ധബ്രാഹ്മണൻ തന്റെ അടുക്കൽ വന്ന് "ഹേ! അങ്ങ് ഒട്ടും വ്യസനിക്കേണ്ടാ. അങ്ങു തിരുവിതാംകൂറിൽച്ചെന്ന്, ഇതാ, ഈ മരുന്നു മൂന്നു നേരം കാഞ്ഞവെള്ളത്തിൽ കലക്കി മഹാരാജാവിനു കൊടുക്കണം. ഇതുകൊണ്ടു നല്ല സുഖമാകും. മഹാരാജാവ് എന്തെങ്കിലും തന്നാൽ ഒന്നും വാങ്ങരുത്. "എനിക്ക് ഇതൊന്നും വേണ്ടാ" എന്നു പറയണം. അപ്പോൾ "പിന്നെ എന്താണ് വേണ്ടത്?" എന്നു മഹാരാജവു ചോദിക്കും. ഉടനെ അങ്ങ് "താമ്രപർണ്ണീനദിയിൽ ധന്വന്തരിയുടെ വിഗ്രഹം കിടക്കുന്നുണ്ട്. അത് അവിടെനിന്ന് എടുപ്പിച്ച് എന്റെ പരദേവതയായ ശിവന്റെ ഇടത്തുവശത്ത് ആ അമ്പലത്തിൽത്തന്നെ പ്രതി‌ഷ്ഠ കഴിപ്പിച്ചുതരണം. ഇതാണ് എനിക്ക് വേണ്ടത്. ബിംബം മുങ്ങിയെടുക്കാനുള്ള ആളുകൾ താമ്രാപർണ്ണീതീരത്തു ചെല്ലുമ്പോൾ, അതു കിടക്കുന്ന സ്ഥലം കാണിച്ചുകൊടുക്കുന്നതിനും പ്രതി‌ഷ്ഠ കഴിക്കുന്നതിനുമുള്ള ആൾ അവിടെ വരും. ആൾ പറയുന്ന സ്ഥലത്തുനിന്നു ബിംബമെടുപ്പിച്ച് ആ ആളെക്കൊണ്ടു പ്രതി‌ഷ്ഠ കഴിപ്പിചാൽ മതി" എന്നു പറയണം. "ഇത് എങ്ങനെ അറിഞ്ഞു?" എന്നു മഹാരാജവു ചോദിച്ചാൽ ഈ പരമാർത്ഥമൊന്നും പറയരുത്. "ഞാൻഇങ്ങനെ കേട്ടിട്ടുണ്ട്" എന്നു മാത്രമേ പറയാവൂ. മഹാരാജാവു ബിംബം എടുപ്പിച്ചു പ്രതി‌ഷ്ഠ കഴിപ്പിചാൽപ്പിന്നെ ഇപ്പോൾ ശിവനെ എന്നപോലെതന്നെ ധന്വന്തരിയെയും പരദേവതയായി വിചാരിച്ചു സേവിച്ചു കൊള്ളണം. പൂജാനിവേദ്യാദികൾ രണ്ടു സ്ഥലത്തും യാതൊരു വ്യത്യാസവും കൂടാതെ ഭക്തിപൂർവ്വം ഒരുപോലെ നടത്തിച്ചുകൊള്ളണം. എന്നാൽ നിങ്ങൾക്കു ഐശ്വര്യവും വൈദ്യത്തിൽ പ്രസിദ്ധിയും പൂർവ്വാധികം വർദ്ധിക്കും" എന്നു പറഞ്ഞു മൂന്നു ഗുളിക തന്റെ കയ്യിൽ വച്ചതായി ഉണ്ണി മൂസ്സിനു തോന്നി. ഉടനെ ഉണർന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും മൂന്നു ഗുളിക തന്റെ കൈയ്യിൽ ഇരിക്കുന്നതായി കണ്ട് ഉണ്ണിമൂസ്സു വളരെ വിസ്മയിക്കുകയും വൃദ്ധബ്രാഹ്മണന്റെ വേ‌ഷത്തിൽ തന്റെ അടുക്കൽ വന്ന് ഇപ്രകാരം പറയുകയും മരുന്നു തരുകയും ചെയ്തത് തന്റെ പരദേവതയായ ശ്രീപരമേശ്വരൻതന്നെയാണെന്നു വിശ്വസിക്കുകയും ചെയ്തു.

പന്ത്രണ്ടു ദിവസംകഴിഞ്ഞു പതിമൂന്നാം ദിവസം യഥാവിധി ഭജനം കാലംകൂടുകയും ഇല്ലത്തു ചെന്ന് അമ്മയെ വിളിച്ചു വിവരമെല്ലാം ധരിപ്പിക്കുകയും പാദത്തിങ്കൽ വീണു നമസ്ക്കരിച്ചു യാത്ര പറഞ്ഞ് അനുഗ്രഹവും അനുവാദവും വാങ്ങിയതിന്റെ ശേ‌ഷം ഉണ്ണിമൂസ്സു മഹാരാജാവിന്റെ ആളുകളോടുകൂടി തിരുവിതാംകൂറിലേക്ക് പുറപ്പെടുകയും യഥാകാലം രാജധാനിയിലെത്തി മഹാരാജാവിനെ കാണുകയും തന്റെ കൈവശമുണ്ടായിരുന്ന ഗുളിക മൂന്നും മൂന്നു നേരമായി മഹാരാജാവിനെ സേവിപ്പിക്കുകയും ചെയ്തു.

ആ ഗുളിക സേവിച്ചതോടുകൂടി തിരുമനസ്സിലേക്കു വയറ്റിൽ വേദന നിശ്ശേ‌ഷം വിട്ടുമാറി. അവിടുന്നു പരിപൂർണ്ണസുഖത്തെ പ്രാപിച്ചു. അതിനാൽ അവിടുന്നു സന്തോ‌ഷിച്ച് ഉണ്ണിമൂസ്സിനു വിലപിടിച്ച അനേകം സമ്മാനങ്ങൾ കൽപ്പിച്ചു കൊടുത്തു. ഉണ്ണിമൂസ്സ്, "എനിക്ക് ഇതൊന്നും ആവശ്യമില്ല" എന്നു പറഞ്ഞ് ഉപേക്ഷിച്ചതല്ലാതെ അവയിലൊന്നും സ്വീകരിച്ചില്ല. "പിന്നെ മൂസ്സിന് എന്താണ് വേണ്ടതെ"ന്ന് കൽപ്പിച്ചു ചോദിച്ചപ്പോൾ ഉണ്ണിമൂസ്സു തന്നോട് ഉറക്കത്തിൽ വൃദ്ധബ്രാഹ്മണൻ പറഞ്ഞതുപോലെയൊക്കെ പറയുകയും അപ്രകാരമെല്ലാം ചെയ്യുന്നതിനു വേണ്ടുന്ന പണവുംകൊടുത്തു തക്കതായ ആളുകളെ കൽപ്പിച്ചയയ്ക്കുകയും ചെയ്തു.

മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപ്പിച്ചയച്ച ആളുകൾ താമ്രപർണ്ണീ തീരത്തെത്തി, ഏതു ഭാഗത്താണ് മുങ്ങിത്തപ്പേണ്ടതെന്നു സംശയിച്ചുകൊണ്ടുനിന്നപ്പോൾ എവിടെനിന്നോ അവിടെ ഒരു സന്യാസി ചെന്നുചേർന്നു. അപ്പോൾ ഒരു കൃ‌ഷ്ണപ്പരുന്തു നദിയുടെ മേൽഭാഗത്തു വട്ടത്തിൽ പറന്നുകൊണ്ടിരിക്കുകയും ചെയ്തു. ആ സന്യാസി രാജപുരു‌ഷന്മാരോടു "നിങ്ങൾ എന്താണ് സംശയിച്ചു നിൽക്കുന്നത്? ആ പരുന്തു പറക്കുന്നതിന്റെ നേരെ താഴെ മുങ്ങി നോക്കിയാൽ ബിംബം കിട്ടും" എന്നു പറഞ്ഞു. മഹാരാജാവിന്റെ ആളുകൾ അവിടെ മുങ്ങിത്തപ്പുകയും ധന്വന്തരിയുടെ ഒരു ശിലാവിഗ്രഹം കണ്ടുകിട്ടുകയും ചെയ്തു. ബിംബമെടുത്തു കരയ്ക്കു കൊണ്ടുവന്നപ്പോൾ ആ സന്യാസി, "നിങ്ങൾ ഈ ബിംബം കൊണ്ടുപോയി പ്രതി‌ഷ്ഠയ്ക്കു വേണ്ടതൊക്കെ തയ്യാറാക്കുവിൻ. പ്രതി‌ഷ്ഠയ്ക്കുള്ള മുഹൂർത്തമാകുമ്പോൾ ഞാനവിടെ വന്നു പ്രതി‌ഷ്ഠ നടത്തിക്കൊള്ളാം"എന്നു പറഞ്ഞിട്ട് അവിടെനിന്നു പോവുകയും ചെയ്തു. ആ സന്യാസി എവിടെനിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോയതെന്നും ആർക്കും നിശ്ചയമില്ല.

മഹാരാജവിന്റെ ആളുകൾ ബിംബവുംകൊണ്ടു പിലാമന്തോൾ എത്തി, ബിംബം അവിടെ പുഴയിൽ ജലാധിവാസം ചെയ്യിക്കുകയും മൂസ്സിന്റെ പരദേവതയായ ശിവന്റെ അമ്പലത്തിൽത്തന്നെ മുമ്പുണ്ടായിരുന്ന ശ്രീകോവിലിന്റെ ഇടത്തുവശത്തായി ഒരു ശ്രീകോവിൽകൂടി പണിയിക്കുകയും പ്രതി‌ഷ്ഠയ്ക്ക് ഒരു ശുഭമുഹൂർത്തം നിശ്ചയിക്കുകയും മുഹൂർത്ത സമയമായപ്പോൾ മേൽപ്പറഞ്ഞ സന്യാസി അവിടെ എത്തുകയും ബിംബമെടുത്തുകൊണ്ടുവരാൻ ആജ്ഞാപിക്കുകയും ചെയ്തു. ഉടനെ രണ്ടു ബ്രാഹ്മണശ്ര‌ഷ്ഠന്മാർ പോയി ബിംബമെടുക്കാൻ നോക്കിയിട്ടു സാധിക്കായ്കയാൽ പിന്നെ നാലഞ്ചുപേർകൂടി പോയി. എന്നിട്ടു സാധിച്ചില്ല. കിം ബഹുനാ? അസംഖ്യം ബാഅണന്മാർകൂടി ശ്രമിച്ചിട്ടും ആ ബിംബം കിടന്ന സ്ഥലത്തുനിന്ന് ഇളക്കിയെടുക്കാൻപോലും കഴിഞ്ഞില്ല. ആരു വിചാരിച്ചാലും ബിംബം അവിടെനിന്ന് ഇളക്കിയെടുക്കാൻ സാധിക്കയില്ലെന്നു തീർച്ചയായപ്പോൾ ആ സന്യാസി ഒരു ജലപാത്രവുമെടുത്തുകൊണ്ട് ആ സ്ഥലത്തേക്കു ചെല്ലുകയും ഒരു കൈകൊണ്ടു നി‌ഷ്പ്രയാസം ആ ബിംബം പുഴയിൽനിന്ന് എടുക്കുകയും മറ്റേക്കയ്യിലുണ്ടായിരുന്ന ജലപാത്രത്തിൽ വെള്ളം മുക്കിയെടുക്കുകയും ചെയ്തുകൊണ്ട് അമ്പലത്തിലെത്തി. മുഹൂർത്തസമയത്തുതന്നെ ബിംബം പ്രതി‌ഷ്ഠിക്കുകയും ജലപാത്രത്തിലുണ്ടായിരുന്ന വെള്ളംകൊണ്ട് ബിംബത്തിന് അഭി‌ഷേകം കഴിക്കുകയും ചെയ്തു. അന്നുമുതൽ പിലമന്തോൾ മൂസ്സന്മാർക്കു ശിവനും ധന്വന്തരിയും പരദേവതമാരായിത്തീർന്നു. അവർ ഇന്നും ആ രണ്ടു ദേവന്മാരെയും ഒരുപോലെ സേവിക്കുകയും ആചരിക്കുകയും ചെയ്തുവരുന്നു. അവിടെ രണ്ടു ദേവന്മാർക്കും നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയെല്ലാം ഇന്നും ഒരുപോലെ തന്നെയാണ് നടത്തിവരുന്നത്. ആരെങ്കിലും അവിടെ വഴിപാടു കഴിക്കുകയാണെങ്കിലും രണ്ടു ദേവന്മാർക്കും ഒരുപോലെ വേണം. ഒരു കദളിപ്പഴം നിവേദിക്കുകയാണെങ്കിൽ അതു നടുവേ മുറിച്ചു രണ്ടിടത്തു ഒരുപോലെ നിവേദിക്കണം. ഇങ്ങനെയെല്ലാം ഇപ്പോഴും നടന്നുവരുന്നു.

തിരുവിതാംകൂർ മഹാരാജാവിന്റെ സുഖക്കേടു ഭേദമാക്കിയ ഉണ്ണിമൂസ്സ് ധന്വന്തരിയുടെ പ്രതി‌ഷ്ഠ കഴിഞ്ഞതിന്റെ ശേ‌ഷം ആ ദേവനെയും പൂർവ്വപരദേവതയായ ശിവനെയും ഭക്തിപൂർവ്വം വളരെ സേവിക്കുകയും അ‌ഷ്ഠവൈദ്യന്മാരിലൊരാളായ ആലത്തൂർനമ്പിയുടെ അടുക്കൽ യഥാക്രമം വൈദ്യശാസ്ത്രം പഠിക്കുകയും വൈദ്യവി‌ഷയത്തിൽ അവിടുന്ന് അതിസമർത്ഥനും വിശ്വവിശ്രുതനുമായിത്തീരുകയും അനന്തരം തന്റെ ഗുരുനാഥന്റെ പുത്രിയായ ഒരു കന്യകയെ യഥാക്രമം വിവാഹം കഴിക്കുകയും അതിൽ അവിടേക്കു ധാരാളം പുത്രസന്താനങ്ങളുണ്ടാവുകയും ആ സന്താനപരമ്പര ക്രമേണ വർദ്ധിക്കുകയും അവരെല്ലാവരും അവരുടെ പരദേവതമാരെ യഥാക്രമം സേവിക്കുകയാൽ വൈദ്യവി‌ഷയത്തിൽ പൂർവന്മാരെ അതിശയിചു പ്രസിദ്ധന്മാരായിത്തീരുകയും ചെയ്തു.

ധന്വന്തരിയെ പ്രതി‌ഷ്ഠിച്ച സന്യാസി പ്രതി‌ഷ്ഠാനന്തരം എങ്ങോട്ടും പോയില്ല. തപസ്സുചെയ്തുകൊണ്ട് ആ അമ്പലത്തിൽത്തന്നെ വളരെക്കാലമിരിക്കുകയും ഒടുക്കം അവിടെവച്ചുതന്നെ സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. സന്യാസിയുടെ മൃതശരീരം ആ അമ്പലത്തിൽത്തന്നെ രണ്ടു ശ്രീകോവിലുകളുടെയും മദ്ധ്യത്തിലായി ഭൂമിദാനം ചെയ്യ(സംസ്കരിക്ക)പ്പെടുകയും ആ സ്ഥലത്ത് ഒരു തറകെട്ടിച്ചു തുളസി നടുകയും ചെയ്തു. ആ തുളസിത്തറയും തുളസിയും ഇപ്പോഴും അവിടെ കാൺമാനുണ്ട്.

ധന്വന്തരിയുടെ പ്രതി‌ഷ്ഠയും സന്യാസിയുടെ സ്വർഗ്ഗാരോഹണവും മറ്റും കഴിഞ്ഞിട്ടു വളരെ തലമുറകൾക്കുശേ‌ഷം പിലാമന്തോൾ മൂസ്സിന്റെ ഇല്ലത്ത് ഒരു കാലത്ത് ഓരോരുത്തരായി കാലധർമ്മത്തെ പ്രാപിക്കുകയും ഒടുക്കം ഒരു കന്യക മാത്രം ശേ‌ഷിക്കുകയും ചെയ്തു. അക്കാലത്തു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന്റെ പുറത്ത് ഏറ്റവും വലിയതായ ഒരു പ്രമേഹകുരു ഉണ്ടാവുകയും അതിനു ചികിത്സിക്കുന്നതിനു പിലമന്തോൾ ഇല്ലത്തു മൂസ്സന്മാരാരും ഇല്ലാതെയിരിക്കുകയും ചെയ്കയാൽ അവിടുത്തെ പ്രധാന ശി‌ഷ്യന്മാരിലൊരാളും പിലമന്തോൾക്കു സമീപം "കുലുക്കലൂർ" എന്ന ദേശത്തുകാരനും "വടക്കുംകര" എന്ന് ഇല്ലപ്പേരുമായ ഒരു നമ്പൂതിരിയെക്കൊണ്ടു ചികിത്സിപ്പിച്ചു. ശസ്ത്രക്രിയ ചെയ്യാതെ സുഖപ്പെടുത്താൻ പ്രയാസമാണെന്നു തോന്നുകയാൽ നമ്പൂരി കുരു കീറുകയും ചികിത്സിച്ചു ദീനം ഭേദമാക്കുകയും ചെയ്തു. ശസ്ത്രക്രിയ ചെയ്യുകയാൽ ആ നമ്പൂരിയുടെ ശ്രാദ്ധാദികൾ ശേ‌ഷമുള്ള നമ്പൂതിരിമാർ നടത്തിക്കൊടുക്കാതിരിക്കുകയും അദ്ദേഹത്തിനു സ്വന്തം ഇല്ലത്തുതന്നെ താമസിക്കാൻ പാടില്ലെന്നായിത്തീരുകയും ചെയ്തു. അതിനാൽ ആ വിവരം നമ്പൂരി സാമൂതിരിപ്പാടുതമ്പുരാന്റെ അടുക്കൽ അറിയിക്കുകയും തമ്പുരാൻ ആ നമ്പൂതിരിയെക്കൊണ്ട് പിലാമന്തോളില്ലത്തുണ്ടായിരുന്ന കന്യകയെ വിവാഹം കഴിപ്പിക്കുകയും സർവ്വസ്വദാനമായി അവിടെ ദത്തു കയറ്റി താമസിപ്പിക്കുകയും ആ നമ്പൂതിരിക്കായി വളരെ വസ്തുവഹകൾ കല്പിച്ചു കൊടുക്കുകയും ചെയ്തു. പിലാമന്തോൾ മൂസ്സിന്റെ ഇല്ലത്തേക്ക് ഇപ്പോൾ ഉള്ള വസ്തുക്കളിൽ മിക്കവയും സാമൂതിരിപ്പാടു തമ്പുരാൻ ഇപ്രകാരം കല്പിച്ചു കൊടുത്തിട്ടുള്ളവയും ആ ഇല്ലത്തുള്ളവർ വടക്കുംകര നമ്പൂരിയുടെ സന്താനപരമ്പരയിലുൾപ്പെട്ടവരുമാണ്. ഇപ്പോൾ ഈ ഇല്ലത്ത് ഒരു മൂസ്സും അവിടുത്തെ അമ്മയും അവിടുന്നു വിവാഹം കഴിച്ചിട്ടുള്ള അന്തർജ്ജനവും രണ്ടു പുരു‌ഷസന്താനങ്ങളും ഒരു സ്ത്രീ സന്താനവും മാത്രമേ ഉള്ളു. ആ പുരാതന കുടുംബം സകലൈശ്വര്യങ്ങളോടുംകൂടി എന്നെന്നും വർദ്ധിച്ചിരിക്കുവാൻ സ്വർവ്വേശ്വരൻ കടാക്ഷിക്കുമാറാകട്ടെ.