കൃഷ്ണഗാഥ/ഒന്നാം ഭാഗം/കാളിയമർദ്ദനം

(കാളിയമർദ്ദനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 ബാലകന്മാരുമായ് കന്നുമേച്ചിങ്ങനെ
2 നാലഞ്ചുമാസം കഴിഞ്ഞകാലം
3 ഗോവിന്ദരാമന്മാർ ഗോക്കളെ മേച്ചങ്ങു
4 മേവിത്തുടങ്ങിനാർ മെല്ലെ മെല്ലെ.
5 ഭൂമിക്കുഭൂഷണമായി വിളങ്ങുന്നൊ
6 രോമനച്ചേവടി രണ്ടുകൊണ്ടും
7 കാനനംതന്നിലെക്കല്ലിനുo മുള്ളിനുo
8 ആനന്ദമേറ്റം വളർത്തിനിന്നാർ.
9 ബാലകന്മാരുടെ യാചനം തന്നാലെ
10 താലവനന്തന്നിൽ ചെന്നു പിന്നെ

11 രാസഭനായ് വന്ന ധേനുകനായൊരു
12 വാസവവൈരിയെക്കൊന്നുടനെ
13 താലഫലങ്ങളെബ്ബാലകന്മാർക്കുമ
14 മ്മാലോകരെല്ലാർക്കുമായ്ക്കൊടുത്താർ.
15 കാലി തെളിക്കുന്ന ബാലകന്മാരുമായ്
16 ആലയംതന്നിലകത്തുപുക്കു
17 വല്ലവിമാരുടെ കണ്ണിനുമുള്ളിനും
18 ഉല്ലാസം നല്കിനാരല്ലൽ നീക്കി.
19 കാലികൾ മേപ്പാനക്കാനനം പൂകിന
20 ബാലകന്മാരെല്ലാമന്നൊരു നാൾ

21 ആതപമേറ്റുള്ള താപംകൊണ്ടേറ്റവും
22 ദാഹിച്ചു ചെന്നു നൽ കാളിന്ദിയിൽ
23 കാളിയനായൊരു കാളഭുജുംഗത്തിൻ
24 ക്ഷ്വേളമിയന്നൊരു വെള്ളംതന്നെ
25 കോരിക്കുടിച്ചു, തദ്ദാഹത്തെത്തീർത്തുടൻ
26 തീരത്തു ചെന്നങ്ങുനിന്നനേരം
27 ക്ഷ്വേളത്തിൽ വേഗത്താൽ വീണുതുടങ്ങിനാർ
28 കാലികളും പിന്നെയവ്വണ്ണമേ
29 കാർമുകിൽ വർണ്ണന്താൻ കാലിതെളിച്ചു നൽ
30 കാനനകാന്തിയെക്കണ്ടു കണ്ട്

31 മെല്ലവേ വന്നിങ്ങു നിന്നൊരു നേരത്തു
32 വല്ലവബാലികന്മാരെക്കണ്ടാൻ,
33 ജീവനും കൂടാതെ കേവലം ഭൂമിയിൽ
34 പാവകൾ വീണു കിടക്കുംപോലെ.
35 കണ്ടൊരു നേരത്തു കൊണ്ടൽനേവർണ്ണൻതാൻ
36 ഇണ്ടലായ് നിന്നു നുറുങ്ങു നേരം
37 വാമമായുള്ളൊരു ലോചനംകൊണ്ടു തൻ
38 ബാലകന്മാരെക്കുളുർക്ക നോക്കി
39 പീയൂഷം കൊണ്ടു തളിച്ചു തളിച്ചു നി
40 ന്നായാസം പോക്കിനാൻ മെല്ലെ മെല്ലെ.

41 ബാലകന്മാരുമക്കാലിക്കുലങ്ങളും
42 ആലസ്യം നീക്കിയെഴുന്നനേരം
43 കാർമുകിൽവർണ്ണന്താനുള്ളിലേ ചിന്തിച്ചാൻ:
44 "കാളിയന്തന്നെ ഞാനിന്നുതന്നെ
45 കാളിന്ദിതന്നിൽനിന്നാട്ടിക്കളയായ്കിൽ
46 നാളെയുമിങ്ങനെ വന്നുകൂടും."
47 എന്നങ്ങു നണ്ണിനിന്നന്നേരംതന്നെയ
48 ന്നിന്നൊരു നീലക്കടമ്പുതന്മേൽ
49 പാഞ്ഞുകരേറിനാൻ പാവനമായുള്ള
50 പാദങ്ങൾകൊണ്ടു ചവിട്ടിച്ചെമ്മെ,

51 പാരിച്ചു ചാടിനാൻ ചാരത്തെ വാരിയിൽ
52 വേരറ്റ മേരുക്കുന്നെന്നപോലെ.
53 കാമിനിമാരോടുകൂടിക്കളിക്കുന്ന
54 കാളിയൻതാനും തൻ പൈതങ്ങളും
55 പെട്ടെന്നു ഞെട്ടിനാരെന്തെന്നു ചിന്തിച്ചു
56 വട്ടത്തിൽനിന്നങ്ങുഴന്നാർ പിന്നെ.
57 ഘോരനായുള്ളൊരു കാളിയന്നേരം
58 പാരിച്ച കോപത്തെപ്പൂണ്ടു ചൊന്നാൻ:
59 "ആരിന്നു വന്നതെന്നാലയംതന്നിലേ
60 ധീരനായ് കേവലം ചാവതിന്നായ്"

61 ഇങ്ങനെ ചൊല്ലിത്തൻ മസ്തകമെല്ലാമേ
62 പൊങ്ങിച്ചുനിന്നങ്ങുയർന്നനേരം
63 ശ്വാസങ്ങളേറ്റു തികന്നു തുടങ്ങിതേ
64 ചാരത്തുനിന്നുള്ള വെള്ളമെല്ലാം
65 വാരിതൻ മീതേ നികന്നവൻ നോക്കുമ്പോൾ
66 ദൂരവേ കാണായി കണ്ണന്തന്നെ
67 മേളമെഴുന്നോരു മേചകവാരിയിൽ
68 നീളവേ നീന്തുന്നതെ,ന്നനേരം
69 തിങ്കളെക്കണ്ടൊരു രാഹുവെപ്പോലെ താൻ
70 ശങ്ക കളഞ്ഞങ്ങടുത്തുപിന്നെ

71 അല്ലിത്താർമാതുതൻ മല്ലക്കരംകൊണ്ടു
72 മെല്ലെത്തലോടുന്ന പാദങ്ങളിൽ
73 പാരിച്ചു ദംശിച്ചാൻഅങ്ങനെയല്ലൊ താൻ
74 പാപികളായോർക്കു തോന്നി ഞായം.
75 എന്നതിന്നേതുമേ പീഡയെക്കാണാഞ്ഞു
76 മുന്നേതിലേറ്റം കതിർത്തുപിന്നെ
77 മർമ്മങ്ങൾതോറും കടിച്ചുതുടങ്ങിനാൻ
78 നിർമ്മലനായൊരു പൈതൽതന്നെ.
79 ഇത്തരമോരോരോ യുദ്ധങ്ങൾ ചെയ്തിട്ടു
80 മസ്തകം കൊണ്ടങ്ങടിച്ചു ചെമ്മേ.

81 വറ്റാത കാന്തി കലർന്നൊരു കണ്ണനെ
82 തെറ്റെന്നു ചുറ്റിനാൻ മുറ്റ മുറ്റെ.
83 കാളിയൻതന്നോടു നേരിട്ടു കാർവർണ്ണൻ
84 കാളിന്ദിതന്നിൽ കളിക്കുന്നേരം
85 നിച്ചലും ചെല്ലുന്നനേരത്തു ചെല്ലാഞ്ഞി
86 ട്ടച്ഛനുമമ്മയുമോർത്തുനിന്നാർ:
87 "എന്മകനെന്തുപോൽ വാരാഞ്ഞു തോഴീ! ചൊൽ
88 ഇന്ന ലയിന്നേരം വന്നാനല്ലോ.
89 കാലികൾ കാണാഞ്ഞു കാട്ടിൽ നടക്കുമ്പോൾ
90 കാൽതന്നിൽ മുള്ളു തറച്ചില്ലല്ലീ.

91 കായ്കളെക്കൊള്ളുവാൻ പാഴ്മരമേറീട്ടു
92 കാനനംതന്നിലേ വീണാനോതാൻ.
93 ചാലത്തടുത്തു തെളിക്കുന്ന നേരത്തു
94 കാലികൾ കുത്തിക്കുതിർന്നില്ലല്ലീ,
95 കാനനം തന്നിലേ നൽവഴി കാണാഞ്ഞു
96 ദീനനായ് നിന്നങ്ങുഴന്നാനോ താൻ.
97 സഞ്ചരിച്ചീടുമ്പോൾ വൻപുലിതന്നാലേ
98 വഞ്ചിതനായാനോ ചൊല്ലു തോഴീ!
99 പിള്ളരുമായിപ്പിടിച്ചു കളിക്കുമ്പോൾ
100 അല്ലലായ് വീണു കിടന്നാനോ താൻ.

101 ചോറെല്ലാമാറിച്ചമഞ്ഞുതുടങ്ങുന്നു
102 നീറുന്നൂതുള്ളവും പിന്നെപ്പിന്നെ
103 മക്കളെപ്പെറ്റുള്ളോരമ്മമാരാർക്കുമേ
104 ഉൾക്കാമ്പിൽ വേദനയെന്നിയില്ലേ.
105 പോരായിപ്പണ്ടു കഴിഞ്ഞൊരു ജന്മത്തിൽ
106 വൈരംകലർന്നുള്ള ലോകരെല്ലാം
107 മക്കളായ് വന്നു പിറന്നു ചമഞ്ഞിട്ടു
108 ദുഖമിയറ്റുന്നൂതെന്നു തോന്നും;
109 വായ്പോടു നിന്നൊരു കണ്ണനെ നണ്ണി ഞാൻ
110 രാപ്പകൽ വേകുമാറായിതല്ലോ.

111 കാലിക്കഴുത്തിലെ നന്മണിയൊച്ചയും
112 ചാരത്തു കേൾക്കായിതില്ലേയൊന്നും
113 പൂതനതന്നുടെ തോഴിമാരാരേലും
114 ചേതന പോക്കിക്കളഞ്ഞാരോ താൻ.
115 കാളിന്ദിതന്നിൽ കളിക്കുന്ന നേരത്തു
116 കാളിയൻ ചെന്നു കടിച്ചാനോതാൻ"
117 എന്നങ്ങു ചൊല്ലുമ്പോഴംബരംതന്നിൽനി
118 "ന്നങ്ങനെ"യെന്നൊരു വാക്കുണ്ടായി.
119 എന്നതു കേട്ടുടനെല്ലാരും നോക്കുമ്പേൾ
120 ദുർനിമിത്തങ്ങളും കാണായ്‌വന്നു.

121 അച്ഛനുമമ്മയും മറ്റുള്ള ലോകരും
122 തെറ്റെന്നു ചാടിനാർ കാടുനോക്കി
123 കാർവർണ്ണന്തന്നുടെ കാൽച്ചുവടാരാഞ്ഞു
124 കാനനംതന്നൂടെ പാഞ്ഞു പാഞ്ഞു
125 കാളിന്ദിതന്നുടെ തീരത്തു ചെല്ലുമ്പോൾ
126 കാണായി കേഴുന്ന ബാലന്മാരെ.
127 "എന്മകനെങ്ങോനെ"ന്നിങ്ങനെ ചോദിച്ചാൾ
128 അമ്മതാൻ പൈതങ്ങളെല്ലാരോടും
129 എന്നതുകേട്ടുള്ള ബാലന്മാരാരുമേ
130 ഏതുമേ മിണ്ടുവാൻ വല്ലീലപ്പോൾ.

131 കേവലം കേണുതുടങ്ങിനാർ പിന്നെയും
132 ആവതോ മറ്റേതുമില്ലയല്ലോ
133 നീളെ വിളിക്കുന്നോരച്ഛനുമമ്മയും
134 കാളിന്ദിതന്നിലേ നോക്കുന്നേരം
135 കാളിയൻതന്നാലെ കെട്ടുപെട്ടുള്ളൊരു
136 കാർവർണ്ണന്തന്നെയും കാണായപ്പോൾ.
137 മണ്ടിനാരന്നേരം വെള്ളത്തിൽ തുള്ളുവാൻ
138 ഇണ്ടൽകൊണ്ടുള്ളിലേ മൂടുകയാൽ
139 പേടിയേ വേർവിട്ട രോഹിണീനന്ദനൻ
140 ഓടിച്ചെന്നങ്ങു തടുത്താനപ്പോൾ

141 കേടുറ്റുനിന്നൊരു നന്മൊഴികൊണ്ടവർ
142 പേടിയുമൊട്ടു തളർത്തുനിന്നാൻ
143 കാളിയന്തന്നോടുകൂടിക്കളിക്കുന്ന
144 കാർവർണ്ണൻ തിണ്ണമെഴുന്നുപിന്നെ
145 മസ്തകംതന്നിൽ ചവിട്ടിനിന്നന്നേരം
146 നൃത്തംതുടങ്ങിനാൻ മെല്ലെ മെല്ലെ.
147 വാനവരെല്ലാരും മാനിപ്പാനായിട്ടു
148 മാനത്തു വന്നു നിറഞ്ഞാരപ്പോൾ.
149 വാദ്യങ്ങളെല്ലാമങ്ങൊക്ക മുഴങ്ങിച്ചി
150 ട്ടാദ്യനായുള്ളോനെ വാഴ്ത്തിനിന്നാർ.

151 കാർവർണ്ണൻതന്നുടെ കോമളപാദങ്ങൾ
152 കാളിയന്മേനിയിലേല്ക്കുന്നേരം
153 വമ്പുറ്റുനിന്നൊരു വങ്കുന്നു വന്നിട്ടു
154 തങ്കലേ വീഴുന്നൂതെന്നു തോന്നി.
155 വീരനായുള്ളോരു കാളിയൻവായീന്നു
156 ചോര ചൊരിഞ്ഞുതുടങ്ങീതപ്പോൾ.
157 ക്ഷീണനായ് നിന്നങ്ങു കേണു തുടങ്ങിനാൻ
158 പ്രാണങ്ങൾ പോവോളമായിക്കൂടി.
159 വേദങ്ങളുള്ളിലെക്കാതലായ് നിന്നുള്ള
160 പാദങ്ങൾ തങ്കലങ്ങേല്ക്കയാലെ

161 ദുർമ്മദം പോയങ്ങു നിർമ്മലനായ് വന്നാൻ
162 കല്മഷം നീങ്ങിനാലെന്നു ഞായം.
163 ആരിതെന്നിങ്ങനെ പാരാതെ ചിന്തിച്ചു
164 നാരായണൻതാനെന്നുള്ളിൽ നണ്ണി
165 പാദങ്ങൾ കുമ്പിട്ടു "പാലിച്ചുകൊള്ളേണം
166 വേദത്തിൻ കാതലേ!" എന്നുചൊന്നാൻ
167 കാളിയൻതന്നുടെ കാമിനിമാരെല്ലാം
168 ബാലകന്മാരെയും കൊണ്ടുവന്നു
169 കേശവൻതന്നുടെ പാദങ്ങൾ കുമ്പിട്ടു
170 കേണുതുടങ്ങിനാർ വീണു ചെമ്മേ.

171 എന്നതു കണ്ടൊരു കാർവർണ്ണൻ ചൊല്ലിനാൻ:
172 "ഇന്നിലം കൈവിട്ടുപോകണം നീ."
173 കാളിയന്താനുമാക്കാർവർണ്ണൻതന്നോടു
174 ലാളിച്ചുചൊല്ലിനാനെന്നനേരം:
175 "എങ്ങളെക്കാണുമ്പോൾ കൊന്നുടനന്നേരം
176 തിന്നുമുടിക്കുമേ വൈനതേയൻ
177 എന്നുള്ള പേടികൊണ്ടിന്നിലംതന്നിലേ
178 എങ്ങൾവസിക്കുന്നു തമ്പുരാനെ.
179 സൗരഭിയായൊരു മാമുനിതന്നുടെ
180 ശാപംകൊണ്ടിങ്ങവൻ വാരായിന്നും."

181 കാളിയനിങ്ങനെ ചൊന്നതു കേട്ടൊരു
182 കാർമുകിൽവർണ്ണനും ചൊന്നാനപ്പോൾ:
183 "എന്നുടെ പാദംകൊണ്ടങ്കിതനാം നിന്നെ
184 വന്നിനിത്തീണ്ടുമോ വൈനതേയൻ?
185 വൈരിയായുള്ളൊരു വൈനതേയന്തന്നെ
186 വൈകാതെ ചെന്നിന്നു കണ്ടാലും നീ."
187 എന്നതു കേട്ടൊരു പന്നഗവീരന്താൻ
188 നന്ദകുമാരനെക്കുമ്പിട്ടുടൻ
189 ഉത്തമമായുള്ള രത്നങ്ങളെക്കൊണ്ടും
190 മുത്തുകളെക്കൊണ്ടും പൂജിച്ചപ്പോൾ,

191 മുഗ്ദ്ധവിലോചനൻതന്നെയും തന്നുടെ
192 മസ്തകംതന്നിലെടുത്തു മെല്ലെ
193 ദൂരത്തുനിന്നൊരു തീരത്തു ചേർത്തിട്ടു
194 നേരത്തേ പോയാനക്കാളിയന്താൻ.
195 കണ്ണുനീർ വീഴ്ത്തിനോരച്ഛനുമമ്മയും
196 കണ്ണനേ വന്നതു കണ്ടനേരം
197 കണ്ണുനീർ പിന്നെയും തൂകിത്തുടങ്ങിനാർ
198 കണ്ണനെക്കണ്ടുള്ള സന്തോഷത്താൽ.
199 ഓടിയണഞ്ഞവൻ പൂമേനി തന്നുടെ
200 കേടറ്റ മേനിയിൽ ചേർത്തു ചെമ്മേ

201 പൂണ്ടുതുടങ്ങിനാർ പിന്നെയും പിന്നെയും
202 നീണ്ടുള്ള വീർപ്പുകളാണ്ടു മേന്മേൽ.
203 പല്ലവംപോലെ പതുത്തൊരു പൂമേനി
204 വല്ലവിമാരെല്ലാം പൂണ്ടുപിന്നെ
205 അല്ലലേ നീക്കിനാർ തിങ്കളെപ്പൂണ്ടുപൂ
206 ണ്ടല്ലിനെ രാത്രികൾ നീക്കുമ്പോലെ.
207 ഒക്കവേ ചെന്നു തൻ ചങ്ങാതിമാരെല്ലാം
208 തിക്കു തുടങ്ങിനാർ പൂണ്ടുപൂണ്ടു.
209 കന്നുകിടാക്കളും നന്ദതനൂജനെ
210 ചുംബിച്ചുനിന്നു തുടങ്ങീതെല്ലാം.

211 വാരിയിൽനിന്നങ്ങു വന്നോരു കാർവർണ്ണൻ
212 തീരത്തുനിന്നു വിളങ്ങുന്നേരം
213 വാരുറ്റുനിന്നൊരു സാഗരവാരിയിൽ
214 നേരേ പോയ് ചാടിനാൻ സൂര്യനപ്പോൾ
215 കാളിന്ദീതന്നുടെ നീരെല്ലാം പൊങ്ങീട്ടു
216 നീളപ്പരന്നു ചമഞ്ഞപോലെ
217 പാരിച്ചുനിന്നൊരു കൂരിരുട്ടന്നേരം
218 പാരിടമെങ്ങും പരന്നുകൂടീ.
219 പക്ഷികൾ കൂട്ടിലടങ്ങിതായന്നേരം
220 ദുഷ്ടമൃഗങ്ങൾ നടത്തംകൊണ്ടു,

221 ഗോകുലനാരിമാർ കേഴാതെനിന്നപ്പോൾ
222 കോകങ്ങൾ കേണുതുടങ്ങി ചെമ്മെ.
223 കൂമ്പിത്തുടങ്ങീതു ലോകർക്കു കണ്ണെല്ലാം
224 ആമ്പലുമെങ്ങും വിരിഞ്ഞുകൂടി.
225 നാരിമാർ നന്മുഖം നന്നായ് വിരിഞ്ഞപ്പോൾ
226 വാരിജം കൂമ്പിത്തുടങ്ങീതെങ്ങും.
227 മുത്തുകൾ പൂണ്ടൊരു കാർവർണ്ണൻമെയ്തന്നോ
228 ടൊത്തങ്ങു നില്പാനായെന്നപോലെ
229 താരങ്ങളായൊരു ഹാരങ്ങൾ പൂണ്ടിട്ടു
230 പാരം വിളങ്ങി വിയത്തുമപ്പോൾ.

231 രാത്രിയെക്കണ്ടൊരു ഗോപാലന്മാരെല്ലാം
232 യാത്രയ്ക്കു കാലമല്ലെന്നു ചൊല്ലി
233 കാളിന്ദിതന്നുടെ ചാരത്തുനിന്നൊരു
234 കാനനന്തന്നിലിരുന്നെല്ലാരും
235 പാഥോജലോചനന്താനുമായോരോരോ
236 ഗാഥകളോതിനിന്നൊട്ടുനേരം.
237 ഭദ്രമന്മാരായുള്ള ഗോപന്മാരെല്ലാരും
238 നിദ്രയെപ്പൂണ്ടു കിടന്നനേരം
239 മുറ്റെപ്പിടിച്ചൊരു കാട്ടുതീ കാണായി
240 ചുറ്റെ വരുന്നതു പറ്റപ്പറ്റി.

241 ബോധത്തെപ്പൂണ്ടുള്ള ഗോപന്മാരെല്ലാരും
242 ഭീതന്മാരായ് നിന്നു ചൊന്നാരപ്പോൾ:
243 "കണ്ണാ! നീ കാണയ്യോ! കാട്ടുതീ വന്നതു
244 വെണ്ണീറായ്പോയിതു നാമെല്ലാരും."
245 ഇച്ചൊന്ന വാക്കിനെക്കേട്ടൊരു നേരത്തു
246 വിശ്വങ്ങളുള്ളിൽ ധരിച്ചവൻതാൻ
247 ചാരത്തു വന്നൊരു പാവകന്തന്നെയും
248 നേരേ മിഴുങ്ങിനാൻ വെണ്ണപോലെ;
249 "ആച്ചിമാരന്നന്നു കാഴ്ചയായ് നൽകുന്ന
250 കാച്ച്യ പാൽ വെണ്ണ പചിപ്പിപ്പാനായ്

251 ജാഠരനായുള്ള പാവകനേതുമേ
252 പാടവം പോരാ തനിക്കുതന്നെ
253 ഇന്നിവൻ കൂടിത്തുണച്ചു കൊടുക്കേണം"
254 എന്നങ്ങു നണ്ണിനാനെന്നപോലെ
255 ആപത്തു പോയുള്ള ഗോപന്മാരെല്ലാരും
256 ആബദ്ധമോദന്മാരായിപ്പിന്നെ
257 കാലം പുലർന്നുതുടങ്ങുന്നനേരത്തു
258 കാർവർണ്ണനോടു കലർന്നു ചെമ്മേ
259 ലീലകളോരോന്നേ ചാലപ്പറഞ്ഞുത
260 ന്നാലേയം പൂകിനാർ കാലിയുമായ്.