കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 ദേവകീനന്ദനനാശ്രിതനായ് ശ്രുത
2 ദേവനായ്നിന്നുള്ളൊരാരണനേ
3 മൈഥിലനാകുന്ന മന്നവന്തന്നെയും
4 ശൈഥില്യം കൈവിട്ടു കാണ്മതിന്നും
5 പൂജ്യന്മാരായുള്ള മാമുനിമാരുമായ്
6 രാജ്യത്തിലാമ്മാറു ചെന്നനേരം
7 പ്രാർത്ഥിച്ചുപോരുന്ന മേദിനീദേവനും
8 മൈത്രിയെപ്പൂണ്ടുള്ള മൈഥിലനും
9 പാരാതെചെന്നവമ്പാവനമായുള്ള
10 പാദങ്ങൾ കൂപ്പിനിന്നായവണ്ണം

11 ആതിഥ്യംതന്നെയുമാചരിച്ചീടുവാൻ
12 യാചിച്ചുനിന്നു ക്ഷണിച്ചു പോന്നാർ.
13 മൈഥിലന്തൻറെയും ഭൂസുരന്തൻറെയും
14 മൈത്രിയെപ്പാരാതെ പൂരിപ്പാനായ്
15 ഗേഹങ്ങൾ രണ്ടിലുമൊക്കവേ പൂകിനാൻ
16 ദേഹങ്ങൾ രണ്ടാക്കിക്കൊണ്ടു മെല്ലെ.
17 തിണ്ണമക്കണ്ണനെ നണ്ണിനിന്നെപ്പൊഴും
18 പുണ്യവാനായുള്ള മന്നവന്താൻ
19 മാമുനിമാരെയും മാധവന്തന്നെയും
20 മാനിച്ചുനിന്നു ഭൂജിപ്പിച്ചുടൻ

21 തല്പത്തിൽ ചേർത്തു വിളങ്ങിനിന്നീടുന്ന
22 പത്മവിലോചനമ്പാദങ്ങളേ
23 ചന്തമായ് ചെന്നു തലോടിനിന്നീടിനാൻ
24 ചെന്താരിൽമാതുതാനെന്നപോലെ.
25 മന്ദിരംപൂകിന മാമുനിമാരെയും
26 നന്ദജന്തന്നെയും മന്ദിയാതെ
27 ആഗമിച്ചമ്പിനോടാദരിത്തീടിനാൻ
28 ആരണന്താനുമങ്ങായവണ്ണം.
29 ഭക്തിയെക്കണ്ടു തെളിഞ്ഞുനിന്നീടുന്നൊ
30 രുത്തമശ്ലോകന്താനാരണന്നായ്

31 മുക്തിയെത്തന്നെയും നല്കിനിന്നീടിനാൻ
32 ഭക്തിയെപ്പൂണ്ടവർക്കെന്നു ഞായം.
33 കൈതവം കൈവിട്ട മൈഥിലഭൂപനും
34 കൈവല്യം നല്കിനാനവ്വണ്ണമേ.
35 പെട്ടെന്നു പോന്നു തൻ ദ്വാരകതന്നിൽ നി
36 ന്നിഷ്ടമായ് മേവിനാൻ പിന്നെ നേരേ.
37 വീരനായുള്ളൊരു ദാനവനുണ്ടായാൻ
38 പാരിടമെല്ലാമേ വെല്ലുവോനായ്
39 നാമത്തെക്കൊണ്ടു വൃകാസുരനായുള്ളോൻ
40 താതനെക്കൊണ്ടവൻ ശാകുനേയൻ.

41 നൽവരം നല്കുവാൻ നല്ലതിന്നാരെന്നു
42 നണ്ണിനിന്നങ്ങവൻ പോകുംനേരം
43 നാരദൻ വന്നതു ദൂരവേ കണ്ടപ്പോൾ
44 പാരാതെ ചാരത്തു ചെന്നു ചൊന്നാൻ:
45 "നേരോടേ നൽവരം നല്കുവാൻ നല്ലതി
46 ന്നാരെന്നു ചൊല്ലേണ"മെന്നിങ്ങനെ.
47 എന്നതു കേട്ടൊരു നാരദൻ ചൊല്ലിനാൻ:
48 "ചന്ദ്രക്കലാധര"നെന്നിങ്ങനെ.
49 നൽവരം നല്കിനാലന്നടേതന്നെ നീ
50 നിർണ്ണയം കണ്ടുകൊൾകെന്നും ചൊന്നാൻ.

51 എന്നതു കേട്ടവനന്നടേ പോയങ്ങു
52 ചന്ദ്രക്കലാധരന്തന്നെ നണ്ണി
53 ഉൽക്കടമായിട്ടു സേവിച്ചു മേവിനാൻ
54 ദുഷ്ക്കരമായുള്ളൊരാശയാലേ.
55 എന്നതുകൊണ്ടുമച്ചന്ദ്രക്കലാധരൻ
56 മുന്നൽ വരാഞ്ഞതു കാരണമായ്
57 കണ്ഠത്തെക്കണ്ടിച്ചുകൊണ്ടവൻ ചെഞ്ചെമ്മേ
58 കുണ്ഡത്തിലോമിപ്പാനോങ്ങുംനേരം
59 വേഗത്തിൽ ചെന്നു വിലക്കിനിന്നീടിനാൻ
60 നാഗത്തെപ്പൂണുന്ന നാഥനപ്പോൾ.

61 ഇച്ഛയായുള്ളതു ചൊല്ലു നീയെന്നവൻ
62 മെച്ചമേ ചൊന്നതെക്കേട്ടു ചൊന്നാൻ:
63 "മൂർക്ക്വനായ് ചെന്നങ്ങു യാവനൊരുത്തൻറെ
64 മൂർദ്ധാവുതന്നെത്തൊടുന്നിതീ ഞാൻ
65 അപ്പൊഴേതന്നെ മരിച്ചവൻ വീഴേണം
66 മൽപ്രിയമാകുന്നതിന്നിതത്രെ."
67 ദാനവനിങ്ങനെ ചൊന്നതു കേട്ടപ്പോൾ
68 ദീനനായ് നിന്നു നുറുങ്ങുനേരം
69 അങ്ങനെയാകെന്നു ചൊല്ലിനിന്നീടിനാൻ
70 അംഗജവൈരിയായുള്ള ദേവൻ.

71 എന്നതു കേട്ടൊരു ദാനവന്താനതു
72 നിർണ്ണയിച്ചീടുവാനെന്നനേരം
73 പാർവ്വതീകാമുകന്തന്നുടെ മൗലിയിൽ
74 പാണിയെച്ചേർപ്പാനായ് പാഞ്ഞണഞ്ഞാൻ.
75 പാഴനേ വന്നതു കണ്ടൊരു നേരത്തു
76 പാഞ്ഞുതുടങ്ങിനാൻ പാരമപ്പോൾ
77 എന്തിനി നല്ലതെന്നന്തരാ ചിന്തിച്ചി
78 ട്ടന്തകവൈരിയായുള്ളവന്താൻ
79 പാരാതെ പിന്നാലെ പാഞ്ഞുനിന്നീടിനാൻ
80 പാരമപ്പാഴനും പാരിലെങ്ങും.

81 മുക്കണ്ണമ്പിന്നെയും പാഞ്ഞുനിന്നീടിനാൻ
82 മുപ്പുരം വേവിച്ച കണ്ണുമായി.
83 മന്നിടമെല്ലാമേ പാഞ്ഞുമുടിഞ്ഞപ്പോൾ
84 വിണ്ണിലും പൂകിനാന്തിണ്ണമേറ്റം.
85 ചാർത്തിനിന്നീടുന്ന ശാർദ്ദൂലചർമ്മവും
86 ദോഃസ്ഥലംകൊണ്ടങ്ങു താങ്ങിത്താങ്ങി.
87 വേഗത്തെപ്പൂണ്ടു വിറച്ചുനിന്നീടുന്ന
88 നാഗങ്ങളൊന്നൊന്നേ വീഴവീഴെ,
89 മുത്താരമായിട്ടു ബദ്ധങ്ങളായുള്ളൊ
90 രത്തികൾതന്മാറിൽ ചാടിച്ചാടി.

91 ഉന്മിഷൽക്കാന്തിയാം വെണ്മഴുതന്നുടെ
92 വെണ്മതാനെങ്ങുമേ പൊങ്ങപ്പൊങ്ങെ
93 ചേണുറ്റു മേവുമപ്പാണിയിൽ ചേർന്നുള്ളൊ
94 രേണത്തിമ്പോതവും തുള്ളെത്തുള്ളെ.
95 കുണ്ഡലനാഗങ്ങൾ ശൂൽകൃതിയേല്ക്കയാൽ
96 കണ്ണിലെച്ചെങ്കനൽ കത്തെക്കത്തെ.
97 സ്വർലോകസിന്ധുതങ്കല്ലോലം പൊങ്ങീട്ടു
98 വെള്ളങ്ങളെങ്ങുമേ തൂകെത്തൂകെ,
99 ഭൂതലംതന്നിൽ പതിച്ചുനിന്നീടുമ
100 ന്നൂതനത്തിങ്കളേ വാരിവാരി,

101 പേടിച്ചു കേഴുന്ന വാമത്തോടമ്പോടു
102 പേടിക്കവേണ്ടായെന്നോതിയോതി.
103 വാനിലുമെങ്ങുമേ പാഞ്ഞുനിന്നീടിനാൻ
104 ദാനവമ്പിന്നാലെ ചെല്കയാലേ.
105 വാനവരാർക്കുമദ്ദാനവന്തന്നുടെ
106 വാരണം ചെയ്വതിന്നായില്ലപ്പോൾ.
107 മൂക്കിന്മേൽ കൈവച്ചു നോക്കിനിന്നീടിനാർ
108 മൂക്ക്വരെക്കാണുമ്പോഴെന്നു ഞായം.
109 പിന്നെയും പോയമ്പാഞ്ഞുപാഞ്ഞിങ്ങനെ
110 പിന്തിരിഞ്ഞെപ്പോഴും നോക്കി നോക്കി

111 വൈകല്യം വാരാതെ വൈകുണ്ഠലോകത്തു
112 വൈകാതെ ചെന്നങ്ങു നിന്നനേരം
113 ശംഭുവിനുണ്ടായ സങ്കടം കണ്ടിട്ടു
114 സംഭ്രമിച്ചീടിനോരംബുജാക്ഷൻ
115 മാണിയായ് ചെന്നുടൻ ദാനവന്തന്നോടു
116 മാനിച്ചുനിന്നു പറഞ്ഞാനപ്പോൾ:
117 "എങ്ങുനിന്നിങ്ങനെ വന്നു ചൊല്ലിന്നിപ്പോൾ
118 മംഗലമായ്വന്നു കണ്ടതേറ്റം.
119 നല്ല വൃകാസുരനെന്നതങ്ങെല്ലാരും
120 ചൊല്ലിനിന്നീടുന്നു നിന്നെയല്ലീ?

121 ഉത്തമനെന്നതു മുന്നമേ കേൾപ്പുണ്ടു
122 സത്തുക്കളെല്ലാരും ചൊല്ലിച്ചൊല്ലി.
123 ഇങ്ങനെനിന്നുള്ള സജ്ജനംതന്നുടെ
124 സംഗമമെന്നുമേ വന്നുകൂടാ.
125 കണ്ടാവൂ ഞാനെന്നു ചിന്തിച്ച നേരത്തു
126 കണ്ടതിന്നേറ്റവും വേണ്ടുവോന്നേ.
127 ഗേഹത്തിൽ പോന്നു വിരുന്നൂണുമുണ്ടിനി
128 സ്നേഹിക്കവേണമിന്നമ്മിലിപ്പോൾ.
129 ഓടിവന്നീടുവാൻ കാരണം ചൊല്ലു നീ
130 വാടിനിന്നീടുന്നു മേനിയെല്ലാം.

131 നൽവരം തന്നതിന്നുണ്മയെക്കാണ്മതി
132 നിന്നിവമ്പിന്നാലെയെന്നോ ചൊല്ലീ?
133 ഇഷ്ടമായ്നിന്നുള്ള നൽവരം കൊൾവാനി
134 പ്പൊട്ടനായ് വന്നുതോയിന്നിനക്കും.
135 ഊഷത്വന്തന്നുടെ ദൂരത്തെ നിന്നോർക്കും.
136 ഊഷത്വം വന്നീടുമെന്നേയുള്ളു.
137 ദക്ഷനായുള്ളൊരു ദക്ഷൻറെ ശാപത്താൽ
138 ദക്ഷനല്ലിന്നിവനൊന്നിനുംതാൻ
139 കൂട്ടരായുള്ളതു കൂളികളല്ലൊ വൻ
140 കാട്ടാനത്തോലല്ലോ ചേല ചെമ്മെ.

141 പാതിരാനേരത്തു പ്രേതത്തിൻകാട്ടിൽനി
142 ന്നാടുന്ന നാടകമാർക്കറിയാം?
143 സ്നാനമെന്നുള്ളതും ശൗചമെന്നുള്ളതും
144 താനറിഞ്ഞീടുവോനല്ലയെന്നും.
145 ഇങ്ങനെ പോരുന്ന നീചന്മാരെങ്ങനെ
146 നൽവരം നല്കിനിന്നീടുന്നു ചൊൽ?
147 കശ്മലരായോരിലെങ്ങനെ നിന്നുടെ
148 വിശ്വാസമിങ്ങനെ വന്നുതിപ്പോൾ?
149 ആരുടെ ചൊല്ലിനെക്കാരണമാക്കി നീ
150 കാരിയമല്ലാത വേലചെയ്തു?

151 നാരദൻചൊല്ലാലെയെന്നതോ ചൊന്നതു
152 നാരദൻ വഞ്ചിച്ചതെങ്കിലിപ്പോൾ.
153 നൽവരം തന്നതിന്നുണ്മയെന്നുണ്ടോ ചൊൽ
154 നിന്മനംതന്നിലിന്നുല്ലസിച്ചു.
155 നിർണ്ണയിച്ചീടുവാനിച്ഛയുണ്ടെങ്കിലോ
156 നിന്തലതന്നെയും തൊട്ടുകാ നീ.
157 പൊയ് പറഞ്ഞീടിന നീചനെപ്പിന്നെ നാം
158 പൊയ്തുനിന്നീടുവാൻ പോകവേണം."
159 മാണിയായിങ്ങനെ ചൊല്ലിനിന്നീടുമ്പോൾ
160 മാനിയായ്മേവുമദ്ദാനവന്താൻ

161 ശങ്കയും കൈവെടിഞ്ഞങ്ങവന്മുമ്പിലേ
162 തങ്കരം മൗലിയിൽ ചേർത്തു നിന്നാൻ
163 പക്ഷമറ്റീടുമപ്പർവതംപോലെ വ
164 ന്നക്ഷണം വീണതേ കണ്ടു പിന്നെ.
165 പൂച്ചൊരിഞ്ഞീടിനാർ വാനിലേ ലോകരും
166 പൂജ്യനായുള്ളവന്മെയ്യിലപ്പോൾ;
167 സംഭ്രമം പൂണ്ടൊരു ശംഭുതൻ വാമവും
168 കംപവും കൈവെടിഞ്ഞൊന്നു വീർത്തു.
169 ആശ്രിതന്മാരെനിന്നാശ്വസിപ്പിച്ചെഴും
170 ശാശ്വതന്മാരായൊരീശ്വരന്മാർ.

171 സ്പഷ്ടമായോതിനിന്നിഷ്ടമായുള്ളതും
172 തുഷ്ടരായ്മേവിനിന്നൊട്ടുനേരം
173 എങ്കിലോ പോകനാമെന്നതും പൊന്നുടൻ
174 ഭംഗിയിൽത്തങ്ങിനാർ മന്ദിരത്തിൽ.