കൃഷ്ണഗാഥ/രണ്ടാം ഭാഗം/സാല്വവധം
1 കാരണനായൊരു വാരിജലോചനൻ
2 ദ്വാരകനോക്കി വരുന്നനേരം
3 കോപിച്ചുനിന്നൊരു സാല്വനെന്നിങ്ങനെ
4 പേർപെറ്റു നിന്നൊരു മന്നവന്താൻ
5 പോർക്കായിച്ചെന്നിട്ടു യാദവന്മാരിൽത്ത
6 ന്നൂക്കിനെക്കാട്ടിനാൻ മേല്ക്കുമേലേ.
7 വൈരസ്യം പൂണ്ടൊരു വൈദർഭിനന്ദനൻ
8 വൈകാതെ ചെന്നു പിണഞ്ഞനേരം
9 വൈകല്യം വാരാതെ വൈരിയും താനുമായ്
10 വൈദഗ്ദ്ധ്യം കാട്ടുന്ന നേരത്തപ്പോൾ
11 ചേണുറ്റു നിന്നൊരു ചേദിപന്തന്നുടെ
12 ചേതന പോക്കിന മാധവന്താൻ
13 പെട്ടെന്നു ചെന്നങ്ങു രുഷ്ടനായ് നിന്നൊരു
14 ദുഷ്ടനും താനും പിണങ്ങിപ്പിന്നെ
15 മായകൾകൊണ്ടെങ്ങും തൂകിനിന്നേറ്റവും
16 മാനിയായ്മേവുമമ്മന്നവൻറെ
17 മാറിടംതന്നിലേ സായകംമുമ്പായു
18 ള്ളായുധമേല്പിച്ചങ്ങായവണ്ണം
19 വാനിൽ നിന്നീടുന്ന മാനിനിമാരുടെ
20 വാർകൊങ്ക പുൽകുമാറാക്കിവച്ചാൻ.
21 മന്ദനായ് നിന്നൊരു മന്നവന്തന്നുടെ
22 ബന്ധുവായുള്ളൊരു ദന്തവക്ത്രൻ
23 കോപിച്ചു ചെന്നു പിണങ്ങിനിന്നീടിനാൻ
24 വേപിച്ചുനിന്നൊരു മെയ്യുമായി.
25 മണ്ടിവരുന്നൊരു വൈരിയെക്കാണ്കയാൽ
26 ഇണ്ടലെക്കൈവിട്ടു കൊണ്ടൽവർണ്ണൻ
27 ചണ്ഡമായുള്ള ചക്രമെടുത്തവൻ
28 കണ്ഠത്തെക്കണ്ടിച്ചു തുണ്ടിച്ചപ്പോൾ
29 ചേദിപൻ പോയൊരു നൽവഴിതന്നൂടെ
30 ചൊവ്വോടെ പോകുമാറാക്കിവച്ചാൻ.
31 വേദനപൂണ്ടു പിണങ്ങിനിന്നീടുന്ന
32 സോദരന്തന്നെയും കൊന്നു പിന്നെ
33 വാഴ്ത്തിനിന്നീടുന്ന വാനവർ കാണവേ
34 വാട്ടമകന്നു തൻ കോട്ട പുക്കാൻ.